ഏതു തരം രോഗമുള്ളവര്‍ക്കാണ് നോമ്പില്‍ ഇളവ്?
രോഗികള്‍ക്ക് നോമ്പൊഴിവാക്കാന്‍ ഇളവുണ്ടല്ലോ. ഏതു തരം രോഗമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം?
നോമ്പൊഴിവാക്കാന്‍ ഇളവുള്ളത് കഠിനമായ രോഗമുള്ളവര്‍ക്കാണ്. കഠിനമായ രോഗമെന്നതുകൊണ്ടുദ്ദേശിച്ചത് ഇവയാണ്:
1. നോമ്പനുഷ്ഠിക്കുക വഴി രോഗം മൂര്‍ഛിക്കുക
2. നോമ്പനുഷ്ഠിച്ചാല്‍ ശമനം വൈകുക
3. ഇതു രണ്ടുമില്ലെങ്കിലും നോമ്പനുഷ്ഠിക്കുക വഴി കഠിനമായ പ്രയാസമുണ്ടാവുക.
4. നോമ്പെടുക്കുക വഴി രോഗം പിടിപെടുക.
(ഉദാഹരണത്തിന് ആരോഗ്യപരമായ കാരണങ്ങളാല്‍ വയറ് ഒഴിഞ്ഞിരിക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുക.)
ഇതേക്കുറിച്ച് ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''നോമ്പ് ഒഴിവാക്കല്‍ അനുവദനീയമാകുന്ന വിഷയത്തില്‍, നോമ്പനുഷ്ഠിക്കുക വഴി രോഗിയായി പോകുമെന്ന് ആശങ്കയുള്ളവന്‍ തന്റെ രോഗം വര്‍ധിച്ചേക്കുമോ എന്ന് ഭയപ്പെടുന്ന രോഗിയുടെ അതേ നിലയിലായാണ്'' (അല്‍ മുഗ്‌നി: 4403).
ഇമാം നവവി പറയുന്നു: ''കാര്യമായ പ്രയാസമൊന്നുമില്ലാത്ത രോഗങ്ങള്‍ കാരണം നോമ്പ് ഒഴിവാക്കാവതല്ല എന്നത് നമുക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്'' (ശറഹുല്‍ മുഹദ്ദബ് 6-261).
റമദാനില്‍ നോമ്പെടുക്കാനോ, പിന്നീടത് നോറ്റുവീട്ടാനോ കഴിയാത്തവര്‍ ഫിദ്‌യ നല്‍കണമെന്നാണല്ലോ വിധി. എന്താണ് ഫിദ്‌യ കൊണ്ടുദ്ദേശ്യം? എത്രയാണ് നല്‍കേണ്ടത്?
നോമ്പെടുക്കാന്‍ കഴിയാത്ത, പിന്നീട് നോറ്റുവീട്ടാന്‍ നിര്‍വാഹമില്ലാത്ത ആളുകള്‍ ഒഴിവാക്കുന്ന ഓരോ നോമ്പിനും പകരമായി ഫിദ്‌യ നല്‍കണമെന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്.
ഒരഗതിയുടെ ആഹാരം എന്ന് പറയുകയല്ലാതെ അതിന്റെ തോതോ അളവോ ഇനമോ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതില്‍ സ്വഹാബിമാര്‍ മുതലിങ്ങോട്ട് ഭിന്ന വീക്ഷണങ്ങള്‍ കാണാം.
ഇങ്ങനെ നല്‍കുന്ന ഭക്ഷണം എന്തായിരിക്കണമെന്നോ, എത്രയായിരിക്കണമെന്നോ വ്യക്തമായ പ്രമാണങ്ങളൊന്നും ഇല്ല. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ പല അഭിപ്രായങ്ങളും കാണാം. ഒരു സ്വാഅ് (2,200 ഗ്രാം), അര സ്വാഅ് (1,100 ഗ്രാം), ഒരു മുദ്ദ് (രണ്ടു കൈകളും ചേര്‍ത്ത് പിടിച്ചാല്‍ കൊള്ളുന്ന അളവ് അഥവാ 543 ഗ്രാം) എന്നിങ്ങനെ.
പക്ഷേ ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണെന്നല്ലാതെ ഖുര്‍ആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും ഒരാള്‍ക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്‍കണം. അത് ഭക്ഷണമായോ, ലഭിക്കുന്നവര്‍ക്ക് സൗകര്യം അതിന്റെ വിലയാണെങ്കില്‍ വിലയായോ നല്‍കിയാല്‍ മതിയാകും. കാലദേശങ്ങള്‍ക്കനുസരിച്ച് തോത് വ്യത്യസ്തമായിരിക്കും. കേരളത്തില്‍ ഇന്ന് നൂറ് രൂപ കണക്കാക്കിയാല്‍ രണ്ടര കിലോ ധാന്യം വാങ്ങാനുള്ള കാശായി. ഹോട്ടലില്‍ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള്‍ ഒരു മാസത്തെ റമദാന് 3000 രൂപ കൊടുക്കാം. ഉത്തരേന്ത്യയില്‍ പട്ടിണി കിടക്കുന്ന ധാരാളമാളുകളുണ്ട്. ഒരു നേരത്തെ ആഹാരത്തിന് കൊതിക്കുന്നവര്‍. അവര്‍ക്ക് ശരിയാംവണ്ണം അത് എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ള സ്ഥിതിക്ക് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഫിദ്‌യയുടെ വിവക്ഷ പറഞ്ഞ കൂട്ടത്തില്‍, നോമ്പുതുറക്കാനും അത്താഴത്തിനുമുള്ള ഭക്ഷണം എന്ന് കൂടി പറഞ്ഞിരിക്കെ വിശേഷിച്ചും. ഒരു ദിവസം അഗതിയായ ഒരാള്‍ക്ക് അത്താഴത്തിനും നോമ്പുതുറക്കാനും ഉതകുന്ന തരത്തില്‍ ഭക്ഷണമോ ഭക്ഷണം വാങ്ങിച്ചു കഴിക്കാനുള്ള തുകയോ ഏതാണോ അവര്‍ക്ക് ഗുണകരം അതു ചെയ്തു കൊടുക്കുന്നതാണ് ഉത്തമം.
എന്റെ മകള്‍ ഒമ്പതാം വയസ്സില്‍ തന്നെ ഋതുമതിയായി. നാലാം ക്ലാസില്‍ പഠിക്കുന്ന അവള്‍ക്ക് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണോ? ഒഴിവാക്കുന്ന നോമ്പുകള്‍ ഖദാ വീട്ടല്‍ നിര്‍ബന്ധമാണോ?
ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ആണായാലും പെണ്ണായാലും നോമ്പനുഷ്ഠിച്ച് ശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ തന്നെ മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ധാരാളം കുട്ടികള്‍ മുതിര്‍ന്നവരെ അതിശയിപ്പിക്കുമാറ് റമദാന്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നത് കാണാറുണ്ട്. തന്റെ ക്ലാസിലെ ഭൂരിഭാഗം കൂട്ടുകാരും നോമ്പനുഷ്ഠിക്കാതെ തിന്നും കുടിച്ചും കളിച്ചു രസിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം കുട്ടികള്‍ പ്രകടിപ്പിക്കുന്ന ഇഛാശക്തി അപാരം തന്നെ. ഇതു മഹത്തായ ഒരു തര്‍ബിയത്താണ്. പ്രായം കൊണ്ട് നോമ്പ് ഇനിയും നിര്‍ബന്ധമായിട്ടില്ലാത്ത കുട്ടികളുടെ കാര്യമാണീ പറഞ്ഞത്. അപ്പോള്‍ പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ?
പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തി എന്നതിന് ഇസ്‌ലാമിക ശരീഅത്ത് നിശ്ചയിച്ച അടയാളമാണ് ആര്‍ത്തവമുണ്ടാവുക എന്നത്. അതില്‍ ഏറ്റവും കുറഞ്ഞ പ്രായമാണ് ഒമ്പത് വയസ്സ്.
നിങ്ങളുടെ മകള്‍ ഒമ്പതാം വയസ്സില്‍ ഋതുമതിയായിട്ടുണ്ടെങ്കില്‍ അവള്‍ക്ക് പ്രായപൂര്‍ത്തി എത്തിയതായി കണക്കാക്കപ്പെടും. അപ്പോള്‍ മുതല്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് നിര്‍ബന്ധമാകുന്ന മറ്റെല്ലാ ബാധ്യതകളും നിര്‍ബന്ധമായിത്തീര്‍ന്നു. അതിനാല്‍ അവളെ സംബന്ധിച്ചേടത്തോളം നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഒമ്പത് വയസ്സിനു മുമ്പ് ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടികള്‍ക്ക് അത് നിര്‍ബന്ധ ബാധ്യതയാകുന്നില്ല. കാരണം ഒമ്പതു വയസ്സിനു മുമ്പ് ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടികളുടേത് അപൂര്‍വവും അസാധാരണവുമാകയാല്‍ അതു പൊതു മാനദണ്ഡമാക്കാവതല്ല എന്നാണ് ഫുഖഹാഅ് വ്യക്തമാക്കുന്നത്.
നോമ്പായിക്കഴിഞ്ഞാല്‍ പകല്‍വേളകളില്‍ ചിലര്‍ തുപ്പിക്കൊണ്ട് നടക്കുന്നത് കാണാം. ഉമിനീര്‍ ഇറക്കുന്നത് വഴി നോമ്പു മുറിയുമോ? അതേ പോലെ തന്നെയാണോ കഫം വിഴുങ്ങുന്നതിന്റെയും വിധി? മദ്ഹബുകള്‍ ഇതേപ്പറ്റി എന്ത് പറയുന്നു?
ശരീഅത്തിന്റെ വിധികള്‍ മനുഷ്യര്‍ക്ക് ഞെരുക്കമുണ്ടാക്കാനുദ്ദേശിച്ചുള്ളവയല്ല, പ്രത്യുത അവര്‍ക്ക് എളുപ്പമാക്കലും ഞെരുക്കം ഇല്ലാതാക്കലും അതിന്റെ മൗലിക ലക്ഷ്യങ്ങളില്‍ പെട്ടതാണ്.
അല്ലാഹു പറയുന്നു: ''അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഇഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല.'' (അല്‍ബഖറ: 185). ''അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാന്‍ ഇഛിക്കുന്നു. എന്തെന്നാല്‍, മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.'' (അന്നിസാഅ്: 28). ''ദീനില്‍ നിങ്ങളുടെ മേല്‍ ഒരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല'' (അല്‍ഹജ്ജ്: 78).
അതിനാല്‍ സാധാരണ ഗതിയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍കൊണ്ട് നോമ്പ് മുറിയുകയില്ല. ഇത് പണ്ഡിതന്മാരും ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇമാം ഇബ്‌നു ഖുദാമ പറയുന്നു: ''ഉമിനീരിറക്കുന്നതു പോലെ സൂക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മുഖേന നോമ്പ് മുറിയുകയില്ല. അത് സൂക്ഷിക്കുക എന്നത് പ്രയാസമാണ്. വഴിയിലെ പൊടിപടലങ്ങള്‍, പത്തിരിപ്പൊടിയില്‍നിന്ന് ഉയരുന്നതിനോടൊക്കെയാണതിന് സാമ്യം. വായില്‍ ഊറിയ ഉമിനീര്‍ ബോധപൂര്‍വം ഒന്നിച്ചിറക്കിയാല്‍ പോലും നോമ്പു മുറിയുകയില്ല.'' (മുഗ്‌നി: 316).
ഇമാം മുതവല്ലിയും മറ്റും പറയുന്നതായി ഇമാം നവവി രേഖപ്പെടുത്തുന്നു: ''നോമ്പുകാരന്‍ വായ കൊപ്ലിച്ചാല്‍ വെള്ളം തുപ്പിക്കളയേണ്ടതാണ്. എന്നാല്‍ ശീലക്കഷ്ണമോ മറ്റോ ഉപയോഗിച്ച് വായ തുടച്ച് കളയണമെന്നില്ല. ഇതില്‍ അഭിപ്രായവ്യത്യാസമില്ല'' (ശറഹുല്‍ മുഹദ്ദബ്: 6327).
എന്നാല്‍ ഉമിനീരിനൊപ്പം മറ്റു വല്ല ഭക്ഷണപാനീയങ്ങളുടെയും അവശിഷ്ടം കലര്‍ന്നിട്ടുണ്ടെങ്കില്‍ തുപ്പിക്കളയുക തന്നെ വേണം. മധുരമുണ്ടോ, ഉപ്പുണ്ടോ എന്നൊക്കെ നോക്കിയാലെന്ന പോലെ. അത്തരം സന്ദര്‍ഭങ്ങളില്‍ ഉമിനീര്‍ ഇറക്കാവതല്ല.
അതിനാല്‍ നോമ്പു നോറ്റവര്‍ ഇങ്ങനെ തുപ്പിക്കൊണ്ട് നടക്കേണ്ടതില്ല. പ്രവാചകനോ സ്വഹാബത്തോ സലഫുസ്സ്വാലിഹുകളോ അങ്ങനെ ചെയ്യാറുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല മറ്റുള്ളവര്‍ക്ക് അരോചകവുമാണത്.
കഫം തുപ്പിക്കളയുക തന്നെ വേണം. തൊണ്ടയുടെ അങ്ങേ അറ്റത്തുള്ള, വായക്കുള്ളില്‍ അല്ലാതെയുള്ള കഫം ഇറങ്ങിപ്പോയതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ കാര്‍ക്കിച്ചോ മൂക്കുവലിച്ചോ ഉണ്ടാകുന്ന കഫം ഇറക്കാന്‍ പാടില്ല. അത് തുപ്പിക്കളയുകയാണ് വേണ്ടത്. വിസര്‍ജ്യമെന്ന നിലക്ക് നോമ്പല്ലാത്തപ്പോഴും അത് തുപ്പിക്കളയേണ്ടതാണെന്ന് ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഇമാം നവവി രേഖപ്പെടുത്തിയത് കാണുക (ശറഹുല്‍ മുഹദ്ദബ്: 6-319).
എന്നാല്‍, ഉമിനീരുപോലെ തന്നെയാണിതിന്റെയും വിധിയെന്നും അതിറക്കിയതുകൊണ്ട് നോമ്പിനെ ബാധിക്കില്ലെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ഹനഫീ ഫിഖ്ഹ് ഗ്രന്ഥമായ (അല്‍ ബഹ്‌റുര്‍റാഇഖ്: 2-294) കാണുക. ആധുനിക സലഫീ പണ്ഡിതന്മാരും ഇതേ വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ട്.
ഞാനൊരു ഡ്രൈവറാണ്. ഉപജീവന മാര്‍ഗമായി ആ തൊഴിലാണ് എന്റെ ആകെ അവലംബം, മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ല. ജോലി സന്ദര്‍ഭങ്ങളില്‍ എനിക്ക് നോമ്പൊഴിവാക്കാന്‍ ഇളവുണ്ടോ?
ഡ്രൈവറായി ഉപജീവനം തേടുന്നവര്‍ റമദാനില്‍ ജോലിയില്‍നിന്ന് ലീവെടുക്കാന്‍ ശ്രമിക്കേണ്ടതാണ്. അതുപക്ഷേ എല്ലാവര്‍ക്കും പറ്റിക്കൊള്ളണമെന്നില്ല. ഏതായാലും യാത്ര എന്നു പറയാന്‍ മാത്രം ദൂരമുള്ള ഇടങ്ങളിലേക്ക് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മാത്രം അല്ലാഹു നല്‍കിയ ഇളവ് ബാധകമാവാതിരിക്കാന്‍ ന്യായമേതുമില്ല. മറ്റേതൊരു യാത്രക്കാരനെയും പോലെ അവര്‍ക്കും യാത്രക്കാരനെന്ന പരിഗണന വെച്ച് നോമ്പൊഴിവാക്കാവുന്നതാണ്. എന്നാല്‍ പിന്നീട് അവ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ''എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിനു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മ ചെയ്താല്‍ അതവന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം'' (അല്‍ ബഖറ: 184).
സമാനമായ ചോദ്യത്തിന് ശൈഖ് ഇബ്‌നു ബാസ് നല്‍കിയ മറുപടി ഇങ്ങനെ വായിക്കാം: ''തങ്ങളുടെ ജീവിതം യാത്രയില്‍ കഴിച്ചുകൂട്ടുന്ന ഡ്രൈവര്‍മാര്‍ക്ക് നോമ്പൊഴിവാക്കുന്നതിന് വിരോധമില്ല. ആ യാത്ര തങ്ങളുടെ ജോലിയുടെ ഭാഗമാണെങ്കില്‍ കൂടി. ടാക്‌സിക്കാരനെപ്പോലെ സ്ഥിരമായി വാഹനവുമായി കഴിയുന്നവര്‍ മുമ്പു കാലത്ത് സ്ഥിരമായി ഒട്ടകവുമായി കഴിഞ്ഞു കൂടിയിരുന്നവരെപ്പോലെ തന്നെയാണ്. നിരന്തരം യാത്രയാണെങ്കില്‍കൂടി അവര്‍ക്ക് നോമ്പൊഴിവാക്കാവുന്നതാണ്. എന്നാല്‍ നാട്ടില്‍ തിരികെയെത്തുന്ന മുറക്ക് അവര്‍ നോമ്പെടുക്കേണ്ടതാണ്. തന്റെ യാത്രയിലും ഒരു നാട്ടില്‍നിന്ന് മറ്റൊരു നാട്ടിലേക്കുള്ള സഞ്ചാരത്തില്‍ അത് തന്റെ തൊഴിലിന്റെ ഭാഗമെന്ന നിലക്കാണെങ്കിലും ആ സമയത്ത് നോമ്പൊഴിവാക്കുകയും ചെയ്യാം'' (ഫതാവാ നൂറുന്‍ അലദ്ദര്‍ബ്: 3-1230).
ഇത്തരക്കാള്‍ അവധി ദിവസങ്ങളില്‍ നോമ്പെടുക്കുക തന്നെ വേണം. ബാക്കിയുള്ളവ സൗകര്യം പോലെ നോറ്റുവീട്ടുകയും ചെയ്യേണ്ടതാണ്.
നിയ്യത്തും അത്താഴവും
നോമ്പിന്റെ നിയ്യത്ത് ചൊല്ലിക്കൊടുക്കുന്നത് കാണാറുണ്ട്, അത് നാവു കൊണ്ട് ഉരുവിടുക നിര്‍ബന്ധമാണോ? എപ്പോഴാണ് അതിന്റെ സമയം? ഓരോ ദിവസത്തെ നോമ്പിനും വെവ്വേറെ നിയ്യത്ത് വേണ്ടതുണ്ടോ?
'നിയ്യത്ത്' എന്ന വാക്കിന് കരുതുക എന്നാണര്‍ഥം. കരുതല്‍ ഹൃദയം കൊണ്ടാണല്ലോ. എന്നു വെച്ചാല്‍ നിയ്യത്തിന്റെ ഇടം മനസ്സാണ്. ഹൃദയം കൊണ്ടാണ് നിയ്യത്ത് ചെയ്യേണ്ടത്. മനസ്സില്‍ കരുതാതെ അശ്രദ്ധമായി നാവുകൊണ്ടുച്ചരിച്ചാല്‍ അത് നിയ്യത്താവുകയില്ല. നാവുകൊണ്ടുച്ചരിക്കല്‍ നിയ്യത്തിന്റെ നിബന്ധനയല്ല, സുന്നത്തു മാത്രമാണ്. അതു പോലും ശാഫിഈ, ഹനഫീ വീക്ഷണമാണ് (നിഹായ: 1-496). നബിയോ സ്വഹാബത്തോ നിയ്യത്ത് ഉരുവിടാറുണ്ടായിരുന്നില്ല (സാദുല്‍ മആദ്: 1-194). ഹൃദയത്തെ സഹായിക്കാന്‍ വേണ്ടിയാണ് നാവുകൊണ്ടുച്ചരിക്കുന്നത്.
പിറ്റേന്ന് നോമ്പെടുക്കണമെന്നുദ്ദേശിച്ച് കിടക്കുന്നതും ആ ഉദ്ദേശ്യത്തോടെ അത്താഴത്തിനെഴുന്നേല്‍ക്കുന്നതുമെല്ലാം നിയ്യത്തായി പരിഗണിക്കപ്പെടും.
അത്താഴം കഴിക്കല്‍ നിര്‍ബന്ധമാണോ? അതിന് പ്രത്യേക സമയമുണ്ടോ? രാത്രി കിടക്കുമ്പോള്‍ തന്നെ ഭക്ഷണം കഴിച്ചാല്‍ അത്താഴമായി പരിഗണിക്കപ്പെടുമോ? സ്വുബ്ഹാകുമ്പോഴേക്ക് വിശക്കുന്ന വിധം അത്താഴം നേരത്തേ കഴിക്കണമെന്ന് പറയുന്നത് ശരിയാണോ?
അത്താഴം കഴിക്കല്‍ പ്രബലമായ സുന്നത്താണ്. സഹൂര്‍ എന്നാണ് അറബിയില്‍ അത്താഴത്തിന് പറയുക. പുലര്‍ച്ച സമയത്ത് കഴിക്കുന്ന ഭക്ഷണമായതിനാലാണ് സഹൂര്‍ എന്ന് പറയുന്നത്. രാത്രി പകുതിയാകുന്നതോടെ അത്താഴ സമയം തുടങ്ങുന്നതാണ്. സ്വുബ്ഹിയായോ എന്ന സംശയത്തിനിടയില്ലാത്തവിധം പരമാവധി സ്വുബ്ഹിയോട് അടുപ്പിക്കാന്‍ വേണ്ടി അത്താഴം പിന്തിക്കലാണ് സുന്നത്ത്. സ്വുബ്ഹിയാകുമ്പോഴേക്ക് വിശക്കുന്നവിധം അത്താഴം നേരത്തേ കഴിക്കണമെന്ന ധാരണ ശരിയല്ല.
അത്താഴത്തിന്റെ സമയം:
സ്വുബ്ഹിന് തൊട്ടുമുമ്പ്, രാത്രിയുടെ അവസാനത്തിലാണ് അത്താഴത്തിന്റെ സമയം. സ്വുബ്ഹ് നമസ്‌കാരത്തിന് തൊട്ടു മുമ്പ് അത്താഴം കഴിക്കുന്നതാണ് സുന്നത്ത്.
സൈദുബ്‌നു സാബിത്വി(റ)ല്‍നിന്ന് നിവേദനം: ''നബി(സ)യോടൊപ്പം അവര്‍ അത്താഴം കഴിച്ചു. ശേഷം നമസ്‌കാരത്തിനു വേണ്ടി എഴുന്നേറ്റു. അനസ് (റ) പറയുന്നു: ഞാന്‍ (സൈദിനോട്) ചോദിച്ചു: 'അവക്കിടയില്‍ എത്ര സമയമുണ്ടായിരുന്നു?' അദ്ദേഹം പറഞ്ഞു: 'അമ്പതോ അറുപതോ ആയത്തുകള്‍ പാരായണം ചെയ്യാനുള്ള സമയം.'' (ബുഖാരി: 575,576, മുസ്‌ലിം: 1097).
അത്താഴം കഴിക്കുന്നതിന്റെ പുണ്യം:
നബി (സ) പറഞ്ഞു: ''നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതാകുന്നു അനുഗൃഹീതമായ പ്രഭാത ഭക്ഷണം.'' (നസാഈ: 2163). രാത്രി ഉറങ്ങാന്‍ കിടക്കും മുമ്പുതന്നെ കഴിക്കുന്നതിന് ആ പുണ്യം ലഭിക്കുകയില്ല.
നബി (സ) പറഞ്ഞു: ''അത്താഴം കഴിക്കല്‍ ബറകത്താണ്. അതിനാല്‍ നിങ്ങള്‍ അത് ഒഴിവാക്കരുത്. കുറച്ചു വെള്ളം കുടിച്ചിട്ടാണെങ്കിലും (അത്താഴം കഴിക്കുക). അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു.'' (അഹ്മദ്: 3/12, അല്‍ബാനി ഹസനാണെന്ന് രേഖപ്പെടുത്തിട്ടുണ്ട്).
റമദാന്റെ തുടക്കത്തില്‍ ആ നേരത്ത് ഭക്ഷണം കഴിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടാവില്ല; എന്നാലും ദീനിന്റെ നിര്‍ദേശമുള്ളതുകൊണ്ടുമാത്രം ആ നേരത്ത് ഭക്ഷിക്കുക. അതുപോലെ കാലത്തെഴുന്നേറ്റാല്‍ ഭക്ഷണപാനീയങ്ങള്‍ കഴിച്ച് ശീലിച്ചവര്‍ ദൈവ കല്‍പനയുള്ളത് കൊണ്ടുമാത്രം താല്‍പര്യമുണ്ടായിട്ടും കഴിക്കാതിരിക്കുക. ഇങ്ങനെ അല്ലാഹുവിനോട് സര്‍വാത്മനാ വിധേയത്വം പ്രകടിപ്പിക്കുന്നവര്‍ക്ക് വേണ്ടി മലക്കുകളടക്കം പ്രാര്‍ഥിക്കുന്നു. അതാണ് ഈ തിരുവരുളിന്റെ സാരം.
Comments