Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

വെടിമരുന്നിന്റെ മണമുള്ള ഒരു ദേശത്തിന്റെ കഥ

മെഹദ് മഖ്ബൂല്‍

റൂസലേമിലേക്ക് യാത്ര പോകുന്ന പ്രണയ ജോഡികളുടെ കഥ പറയുന്ന 'ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍' എന്ന ഏലിയ സുലൈമാന്റെ സിനിമ ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഫലസ്ത്വീന്‍ എന്നൊരു രാജ്യം തന്നെയില്ലെന്ന് പറഞ്ഞാണത്രെ ഈ ചിത്രം അക്കാലത്ത് അവാര്‍ഡില്‍നിന്നും തഴഞ്ഞത്!

ഇല്ലാത്ത രാജ്യമാണ് ഫലസ്ത്വീന്‍! ഇല്ലാത്ത ജനതയാണ് ഇങ്ങനെ കൊന്നു തീരുന്നത്! വേണ്ടുവോളം ദുരിതങ്ങളുണ്ട് ഇല്ലാത്ത ഭൂമിയില്‍ ഉണ്ടുറങ്ങുന്ന അവര്‍ക്ക്. പി.കെ പാ

റക്കടവിന്റെ 'ഇടിമിന്നലുകളുടെ പ്രണയം' എന്ന നോവല്‍ ഫലസ്ത്വീന്റെ, ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്റെ കഥ പറയുന്നു. 

ഒലീവ് തോട്ടങ്ങള്‍, കുന്നുകള്‍, മജ്ബൂസിന്റെ നിറഞ്ഞ പാത്രങ്ങള്‍, ഊദിന്റെ സുഗന്ധം, ആഹ്ലാദം പാടുന്നവര്‍... 

ഉമ്മ പറഞ്ഞു കൊടുക്കുന്ന കഥകളിലൂടെയാണ് ശാഖാവി എന്ന പന്ത്രണ്ടു വയസ്സുകാരന്റെ ഉള്ളില്‍ ഫലസ്ത്വീന്‍ രാജ്യം പുനര്‍ജനിക്കുന്നത്. നനവുള്ള ആ ഓര്‍മകളില്‍ മുഴുകാന്‍ അവന് പക്ഷേ പറ്റുന്നില്ല. വെടിയൊച്ചയാണ് ചുറ്റും മുഴങ്ങുന്നത്... കാറ്റിലൂടെ വരുന്നു കരിഞ്ഞ ജഡങ്ങളുടെ മണം.. മാറത്തടിച്ച് കരയുന്ന ഉമ്മമാര്‍, ചിതറിയ കളിപ്പാട്ടങ്ങള്‍... 

ജീന്‍സിന്റെ പോക്കറ്റില്‍നിന്നവന്‍ കല്ലെടുക്കുന്നു...

മഴയുടെ ചാട്ടവാറടിക്കും സൂര്യന്റെ തീച്ചൂടിനും കീഴിലിരുന്ന് കല്ലുകള്‍ കഥ പറയുന്ന നാടിനെ പറ്റിയെഴുതുന്നു പാറക്കടവ്. 

ഗസ്സയില്‍ തീബോംബുകള്‍ വര്‍ഷിക്കുകയാണ്. ആശുപത്രി കെട്ടിടങ്ങളും സ്‌കൂളുകളുമൊന്നും ഇസ്രയേല്‍ ഒഴിവാക്കുന്നില്ല. കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നു. വര്‍ണ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കരിഞ്ഞുണങ്ങി മൃതദേഹങ്ങള്‍ക്കൊപ്പം. എല്ലാ നീതികേടുകളുടെയും കനത്ത ഇരുളുകള്‍ക്കപ്പുറം പ്രകാശത്തിന്റെ ഏതോ ചില നക്ഷത്രങ്ങള്‍ കാണും. പ്രത്യാശ കെടാതെ ഫലസ്ത്വീനീ ഉമ്മമാര്‍...

'ഈ മൃഗീയമായ ആക്രമണങ്ങളില്‍ ഗസ്സ മരിക്കുകില്ലേ..' അലാമിയ ചോദിക്കുന്നു. 

ഈ ദിവസങ്ങളില്‍ 17,000 വീടുകള്‍ അവര്‍ തകര്‍ത്തു. എല്ലാ മേല്‍ക്കൂരകളും തകര്‍ന്നാലും ആകാശം മേല്‍ക്കൂരയാക്കി നമ്മള്‍ പൊരുതുമെന്ന് ഫര്‍നാസ്. 'അലാമിയാ, ലോകം ഊഷ്മളവും മൃദുലവുമാകുന്ന ഒരു കാലം വരും. അന്ന് ഒലീവ് തോട്ടങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ ആഹ്ലാദ നൃത്തം ചെയ്യും.'

ജനവഴികളിലൂടെ അലാമിയ പുറത്തേക്ക് നോക്കി. ആളുകളുടെ കൈകളില്‍ ഫര്‍നാസിന്റെ മയ്യത്ത് കട്ടില്‍. കടലിലെ മീന്‍ പോലെ ആള്‍ക്കൂട്ടത്തിന് നടുവിലാണവന്‍. പെട്ടെന്നവന്‍ മയ്യത്ത് കട്ടിലില്‍നിന്ന് ചാടിയിറങ്ങുമെന്നും അവര്‍ക്ക് നേരെ വിജയത്തിന്റെ അടയാളമായി രണ്ടു വിരലുകള്‍ ഉയര്‍ത്തിക്കാണിക്കുമെന്നും അവള്‍ വിശ്വസിച്ചു. അവളപ്പോള്‍ ഏതോ കിനാവിന്റെ ചിറകിലായിരുന്നു. ഒഴുകിപ്പോകുന്ന മേഘങ്ങള്‍ക്കിടയില്‍നിന്ന് താഴെ ഭൂമിയിലേക്ക് നോക്കുമ്പോള്‍ പെട്ടെന്ന് കരിഞ്ഞുണങ്ങിയ ഒലീവുകള്‍ തളിര്‍ക്കുന്നു. ഖബ്‌റുകളില്‍നിന്ന് മീസാന്‍ കല്ലുകള്‍ പറന്നുപോവുകയും ആയിരക്കണക്കിന് ഫലസ്ത്വീനികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു. ഒരു കൊടുങ്കാറ്റിനെ ഇവിടെ നിന്നങ്ങ് പറഞ്ഞുവിട്ടിട്ടുണ്ടെന്ന് സ്വര്‍ഗത്തില്‍നിന്ന് ഫര്‍നാസ് വിളിച്ചുപറയുന്നു. 

'കൊടുങ്കാറ്റുകളുടെ മൂളിപ്പാട്ട്' അലാമിയ ഉരുവിട്ടു. കൊടുങ്കാറ്റിന്റെ നൃത്തത്തിന് ശക്തികൂടി. സൈനികരുടെ കൈകളില്‍നിന്ന് തോക്കുകള്‍ കാറ്റ് തട്ടിത്തെറിപ്പിച്ചു. സൈന്യത്തലവനെ തന്നെ കാറ്റെടുത്തു... അയാളുടെ കരച്ചില്‍ ആരും കേട്ടില്ല! 

മേല്‍പ്പുരയിലെ പ്രാവുകള്‍ മൃദുല പാദങ്ങളില്‍ കത്തുന്ന തീക്കൊള്ളികളുമായി എന്നെങ്കിലുമൊരിക്കല്‍ തിരിച്ചെത്തുന്ന കാലം കിനാവ് കാണുന്നുണ്ട് എം സുകുമാരന്‍ തന്റെ കഥയിലൊരിടത്ത്. തുരുമ്പിച്ചതെന്തോ നഷ്ടപ്പെട്ടവര്‍ക്ക് തിളങ്ങുന്നതെന്തോ കൈവരുന്ന കാലം. ഇടിമിന്നല്‍ നിറച്ച പേന കൊണ്ടെഴുതിയ പി.കെ പാറക്കടവിന്റെ ഈ നോവലും കൊതിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളാണ്. വെടിമരുന്നിന്റെ ഗന്ധമുള്ള ജീവിതങ്ങളെയാണ് നിങ്ങളീ നോവലില്‍ കണ്ടുമുട്ടുകയെന്ന് അനുബന്ധ പഠനത്തില്‍ വി.എ കബീര്‍. 

'ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ഫലസ്ത്വീന്റെ ഹൃദയം തൊടുന്നു; ചോര കിനിയുന്ന ഹൃദയം.' 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍