Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

സംരക്ഷിക്കപ്പെടേണ്ട അഞ്ച് കാര്യങ്ങള്‍

അശ്‌റഫ് കീഴുപറമ്പ്‌

'മനുഷ്യാവശ്യങ്ങളുടെ ശ്രേണി' (Hierarchy of Needs) എന്ന പ്രയോഗം ഇരുപതാം നൂറ്റാണ്ടിലെ മനശ്ശാസ്ത്രജ്ഞനും ചിന്തകനുമായ അബ്രഹാം മാസ്‌ലോയുടേതാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, ആവശ്യങ്ങള്‍ പലതരത്തിലുള്ളതാണ്. ചിലത് മനുഷ്യന്റെ ജൈവിക നിലനില്‍പുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങളായിരിക്കും. സുരക്ഷ, സ്‌നേഹം, അഭിമാനം തുടങ്ങി മനസ്സുമായും വികാരങ്ങളുമായും ബന്ധപ്പെട്ട ആവശ്യങ്ങളും അത്യാവശ്യങ്ങളും വേറെയും. പക്ഷേ, ഇവയെല്ലാം ഒരേ പ്രാധാന്യത്തോടെയല്ല കൈകാര്യം ചെയ്യപ്പെടുക. ശ്രേണീബദ്ധമായി അവയെ വിവിധ തലങ്ങളില്‍ (Levels of Necessities) നിര്‍ത്തി, ഓരോന്നിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, മുന്‍ഗണനാ ക്രമം ദീക്ഷിച്ച് സമീപിക്കുമ്പോള്‍ മാത്രമേ സന്തുലിതവും സുബദ്ധവുമായ ലക്ഷ്യസാക്ഷാത്കാരം സാധ്യമാവൂ. ഇത് എത്രയോ കാലമായി ഫിഖ്ഹില്‍, പ്രത്യേകിച്ച് നാം ചര്‍ച്ച ചെയ്തുവരുന്ന ഫിഖ്ഹുല്‍ മഖാസ്വിദില്‍ കൃത്യമായി ദീക്ഷിച്ചുവരുന്ന കാര്യമാണ്.

വ്യത്യാസങ്ങള്‍ മനസ്സിലാക്കുക എന്നതാണ് വിഷയത്തിന്റെ മര്‍മം. മുസ്‌ലിം ലോകത്തെ മതവൈജ്ഞാനിക വേദികളില്‍ പലപ്പോഴും ഈ വ്യത്യാസങ്ങള്‍ മാഞ്ഞുപോകുന്നതും മുന്‍ഗണനകള്‍ തകിടം മറിയുന്നതും കാണാം. ഡോ. യൂസുഫുല്‍ ഖറദാവി പറയുന്ന ഉദാഹരണം താടി വളര്‍ത്തലിനെക്കുറിച്ചാണ്.1

താടിവളര്‍ത്തലിനെക്കുറിച്ച് ഇസ്‌ലാമിലെ വിധിയെന്താണ്? നിര്‍ബന്ധം, സുന്നത്ത്, അഭികാമ്യം? ചില വൈജ്ഞാനിക വൃത്തങ്ങളിലെ ചര്‍ച്ച കേട്ടാല്‍, താടി വളര്‍ത്തല്‍ മാത്രമല്ല, അത് നിശ്ചിത നീളത്തില്‍തന്നെ വളര്‍ത്തല്‍ നിര്‍ബന്ധമാണെന്ന് തോന്നിപ്പോകും. ഇതുസംബന്ധമായി വന്ന മൂന്ന് ഹദീസുകള്‍ വിശകലനം ചെയ്തുകൊണ്ട് ഖറദാവി എത്തിച്ചേരുന്ന നിഗമനം ഇതാണ്: അധര്‍മികളായ അവിശ്വാസികളുമായി ഭിന്നത പുലര്‍ത്തുക എന്നതാണ് ഇതു സംബന്ധമായി വന്ന പ്രവാചക നിര്‍ദേശങ്ങളുടെയെല്ലാം പൊരുള്‍. അവരുമായി സാമ്യമുണ്ടാകാതിരിക്കാനാണ് മീശ വെട്ടാനും താടി നീട്ടാനും ഉപദേശിച്ചത്. ഇവിടെ പറയുന്നത് കാഴ്ചയിലെ വ്യത്യാസത്തെക്കുറിച്ചാണെങ്കിലും, ആ വ്യത്യാസം ആദ്യം ഉണ്ടാവേണ്ടത് വിശ്വാസിയുടെ പെരുമാറ്റത്തിലും സ്വഭാവ കര്‍മങ്ങളിലുമാണ്. അതിന്റെ ഒരു ബാഹ്യപ്രകടനം മാത്രമായി താടിയിലും മീശയിലുമുള്ള വ്യത്യാസത്തെ കാണണം. സമുന്നത ധാര്‍മിക ഗുണങ്ങള്‍ ആര്‍ജിച്ചതിന്റെ ഒരു അടയാളം എന്ന നിലക്ക്. അപ്പോഴിത് നിര്‍ബന്ധത്തിന്റെയോ അനിവാര്യതയുടെയോ ഗണത്തിലല്ല, 'അനുപൂരകം' (തഹ്‌സീനിയ്യാത്ത്/കമാലിയ്യാത്ത്) എന്ന ഗണത്തിലാണ് വരിക. മുന്‍ഗണനകളും വ്യത്യാസങ്ങളും തലതിരിച്ചിടുന്ന പ്രവണത ശക്തമായതിനെത്തുടര്‍ന്ന്, വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വൈജ്ഞാനിക ശാഖ (ഫിഖ്ഹുല്‍ ഫുറൂഖ്) തന്നെ ഇടക്കാലത്ത് വളര്‍ന്നുവന്നിട്ടുണ്ട്.

ഇസ്‌ലാമിക തത്ത്വങ്ങളും കര്‍മങ്ങളും ആരാധനാനുഷ്ഠാനങ്ങളുമെല്ലാം ഒരേ ശരീഅത്തിന്റെ ഭാഗമാണെങ്കിലും ഒരേ പ്രാധാന്യമല്ല അവക്കുള്ളത്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് പോലുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ തമ്മില്‍ തന്നെ വ്യത്യാസമുണ്ട്. എല്ലാ പ്രവാചകന്മാരും അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത അതിശ്രേഷ്ഠ വ്യക്തിത്വങ്ങളാണെങ്കിലും അവര്‍ തമ്മില്‍ പദവിയില്‍ വ്യത്യാസമുണ്ടെന്ന് ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ (അല്‍ബഖറ 253, അല്‍അഹ്ഖാഫ് 35). ഈ അടിസ്ഥാനത്തില്‍ ശരീഅത്തിന്റെ സമുന്നത താല്‍പര്യങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട് മുന്‍കാലക്കാരും പില്‍ക്കാലക്കാരുമായ പണ്ഡിതന്മാര്‍. ദറൂരിയ്യാത്ത് (അത്യാവശ്യങ്ങള്‍), ഹാജിയ്യാത്ത് (ആവശ്യങ്ങള്‍), തഹ്‌സീനിയ്യാത്ത് (അലങ്കാരം/ പരിപൂരകം) എന്നിങ്ങനെ.

ഇതില്‍ ആദ്യം പറഞ്ഞ ദറൂരിയ്യാത്ത് (അത്യാവശ്യങ്ങള്‍) ആണ് പരമപ്രധാനം എന്ന് പറയേണ്ടതില്ലല്ലോ. ശരീഅത്തിലെ 'അത്യാവശ്യങ്ങള്‍' അഞ്ചാണെന്ന് ഇമാം ഗസാലി എഴുതുന്നു: ''ഇസ്‌ലാമിക നിയമാവിഷ്‌കാരത്തിന്റെ ലക്ഷ്യമെന്തോ അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനെ സംബന്ധിച്ചാവുമ്പോള്‍ ആ ലക്ഷ്യം അഞ്ചാണ്. അവരുടെ മതവിശ്വാസ(ദീന്‍)ത്തെയും ജീവനെ(നഫ്‌സ്)യും ബുദ്ധി(അഖ്ല്‍)യെയും വംശ

(നസ്ല്‍)ത്തെയും ധന(മാല്‍)ത്തെയും സംരക്ഷിക്കുക. ഈ അഞ്ച് അടിസ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടതൊക്കെ 'താല്‍പര്യ'(മസ്വ്‌ലഹ)ത്തിന്റെ ഇനത്തില്‍പെടും. ഈ അടിസ്ഥാനങ്ങള്‍ക്ക് ക്ഷതമേല്‍പിക്കുന്നതൊക്കെ തിന്മ(മഫ്‌സദ)യും ആ തിന്മയെ ചെറുക്കല്‍ 'മസ്വ്‌ലഹ'യുമാണ്.''2

ഈ അഞ്ച് അടിസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ നാട് അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്നും ഇമാം ഗസാലി മുന്നറിയിപ്പ് നല്‍കുന്നു. ഡോ. അബ്ദുല്‍ കരീം സൈദാന്‍ നമ്മുടെ കാലത്തിന്റെ ഭാഷയില്‍ ഈ 'പഞ്ചസ്തംഭങ്ങളെ'3 ഇങ്ങനെ നിര്‍വചിക്കുന്നു: ''ജനജീവിതം ഏതൊന്നില്‍ നിലകൊള്ളുന്നുവോ അതാണ് അടിസ്ഥാന താല്‍പര്യങ്ങള്‍. അവയില്‍ വിള്ളല്‍ വീണാല്‍ ജീവിതഗതി തകരാറിലാവുകയും ജനം കുഴപ്പത്തിലാവുകയും അരാജകത്വം പടരുകയും ചെയ്യും. അതുകാരണം ഇഹലോകത്ത് നിര്‍ഭാഗ്യം അവരെ പിടികൂടുന്നു; പരലോകത്ത് നരകശിക്ഷയും.''4

മതം, ജീവന്‍, ബുദ്ധി, വംശം, ധനം എന്നിവയാണല്ലോ സംരക്ഷിക്കപ്പെടേണ്ട അടിസ്ഥാന കാര്യങ്ങളായി എണ്ണിയത്. സംരക്ഷിക്കപ്പെടേണ്ട മര്‍മപ്രധാനമായ അഞ്ച് ഇവയാണെന്ന് ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടുണ്ടോ? ആദ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ടോ എന്ന് നോക്കാം. '' ഓ നബീ, സത്യവിശ്വാസികളായ സ്ത്രീകള്‍ തങ്ങള്‍ അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും സ്വന്തം സന്താനങ്ങളെ കൊല്ലുകയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജം കെട്ടിച്ചമക്കുകയില്ലെന്നും യാതൊരു സല്‍ക്കാര്യത്തിലും താങ്കളെ ധിക്കരിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്ത് താങ്കളെ സമീപിച്ചാല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക'' (അല്‍ മുംതഹിന 12). ഈ സൂക്തം സൂക്ഷ്മ വായന നടത്തിയാല്‍ മേല്‍പറഞ്ഞ അഞ്ച് തത്ത്വങ്ങള്‍ തെളിഞ്ഞുവരും:

'അല്ലാഹുവില്‍ പങ്കുചേര്‍ക്കാതിരിക്കുക' = ദീനിന്റെ സംരക്ഷണം

'മോഷ്ടിക്കാതിരിക്കുക'  = ധനത്തിന്റെ സംരക്ഷണം

'വ്യഭിചരിക്കാതിരിക്കുക' = വംശത്തിന്റെ സംരക്ഷണം

'സന്താനങ്ങളെ കൊല്ലാതിരിക്കുക' = ജീവന്റെ സംരക്ഷണം 

ബുദ്ധിയുടെ/മനസ്സിന്റെ സംരക്ഷണം മാത്രമാണ് മേല്‍ സൂക്തത്തില്‍ വ്യക്തമായി പരാമര്‍ശിക്കാതിരുന്നത്. ജീവന്റെ സംരക്ഷണത്തിന്റെ ഭാഗമാണല്ലോ ബുദ്ധിയുടെ സംരക്ഷണവും. വ്യംഗ്യമായി ആ ആശയവും മേല്‍ സൂക്തം ഉള്‍ക്കൊള്ളുന്നുണ്ട് എന്നര്‍ഥം. സ്ത്രീകള്‍ പ്രവാചകനുമായി കരാര്‍ ചെയ്യുന്നതിനെക്കുറിച്ചാണ് ഈ സൂക്തം. പുരുഷന്മാരുമായുള്ള കരാര്‍ നേരത്തേ നടന്നിട്ടുണ്ട്; ഒന്നാം അഖബ ഉടമ്പടിയില്‍ വെച്ച്. അവരോട് പ്രവാചകന്‍ പറഞ്ഞതും ഖുര്‍ആനില്‍ പറഞ്ഞ അതേ കാര്യം തന്നെ: ''അല്ലാഹുവില്‍ പങ്കുചേര്‍ക്കില്ലെന്നും മോഷ്ടിക്കില്ലെന്നും വ്യഭിചരിക്കില്ലെന്നും മക്കളെ കൊല്ലില്ലെന്നും കള്ളം കെട്ടിച്ചമക്കില്ലെന്നും നന്മയില്‍ ധിക്കരിക്കില്ലെന്നും... എന്നോട് നിങ്ങള്‍ പ്രതിജ്ഞ ചെയ്യുക.''5  വേറൊരു നബിവചനം ഇങ്ങനെ: ''തന്റെ ധനം സംരക്ഷിക്കവെ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്, തന്റെ അഭിമാനം സംരക്ഷിക്കാന്‍ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്, തന്റെ ദീന്‍ സംരക്ഷിക്കവെ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണ്, തന്റെ കുടുംബത്തിനെ സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടവനും രക്തസാക്ഷിതന്നെ.''6 ഈ നബിവചനത്തില്‍ 'അഭിമാന സംരക്ഷണം' എന്ന പുതിയൊരു അടിസ്ഥാനം കൂടി എടുത്തു പറഞ്ഞിരിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ അടിസ്ഥാന തത്ത്വങ്ങളെ ആറാക്കി എണ്ണിയ പണ്ഡിതന്മാരും ഉണ്ട്. അല്‍ ഫുര്‍ഖാന്‍ അധ്യായത്തില്‍ 'മഹാ കാരുണികന്റെ ദാസന്മാരുടെ' സവിശേഷതകളായി പറഞ്ഞ കാര്യങ്ങളില്‍ (25:63-77) ഈ പഞ്ചതത്ത്വങ്ങള്‍ പല രീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 'നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയത് ഞാന്‍ പറഞ്ഞു കേള്‍പ്പിക്കാം' എന്നു തുടങ്ങുന്ന അല്‍അന്‍ആമിലെ 151-ാം സൂക്തത്തിലും അല്‍ ഇസ്രാഅ് 23 മുതല്‍ 35 വരെയുള്ള സൂക്തങ്ങളിലും ഇതേ ആശയം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. മേല്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ മക്കയില്‍ അവതരിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളാണല്ലോ മക്കീ അധ്യായങ്ങളിലെ പ്രതിപാദ്യം. ഇതേ കാര്യങ്ങള്‍ ചില്ലറ ശൈലീവ്യത്യാസങ്ങളോടെ ഖുര്‍ആനിലും ഹദീസിലും നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നത് ഏതൊരു സാധാരണ വായനക്കാരനും കണ്ടെത്താവുന്നതേയുള്ളൂ. ഈ തത്ത്വങ്ങളുടെ വിശദീകരണമായിട്ടാണ് മദനീ സൂക്തങ്ങളിലെ നിയമനിര്‍മാണങ്ങളെ കാണേണ്ടതെന്ന് ഇമാം ശാത്വിബി എഴുതിയിട്ടുണ്ട്.7

'ആവശ്യങ്ങള്‍'

'അത്യാവശ്യമല്ലാത്തതും എന്നാല്‍ ദീനീതാല്‍പര്യസംരക്ഷണത്തിന് ആവശ്യമായതും' എന്നാണ് ഹാജിയ്യാത്തിനെ ഇമാം ഗസാലി നിര്‍വചിച്ചിരിക്കുന്നത്.8  ''ജനങ്ങളുടെ ദീനും ഉപജീവനവും ഏതൊന്നുകൊണ്ട് പൂര്‍ത്തിയാകാതിരിക്കുന്നുവോ ആ കാര്യങ്ങളാണ് 'ആവശ്യങ്ങള്‍' എന്ന ഇനത്തില്‍ വരിക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജനം പ്രയാസത്തില്‍ അകപ്പെടുകയും ചെയ്യും'' എന്ന് ഇമാം ഇബ്‌നു തൈമിയ്യ.9  അഞ്ച് അടിസ്ഥാന കാര്യങ്ങള്‍ സംരക്ഷിക്കാനും അങ്ങനെ ജനജീവിതം പ്രയാസങ്ങളില്‍നിന്ന് മുക്തമാകാനും സ്വീകരിക്കപ്പെടുന്ന എല്ലാ രീതികളും ഹാജിയ്യാത്തിന്റെ ഗണത്തില്‍പെടുത്താമെന്നാണ് ആധുനിക പണ്ഡിതനായ വഹബ സുഹൈലിയുടെ അഭിപ്രായം.10  ഹാജിയാത്ത് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വേണ്ടിവരും. വെള്ളം കിട്ടാതിരിക്കുമ്പോഴോ അത് ഉപയോഗിക്കുന്നത് ഹാനികരമായിരിക്കുമ്പോഴോ ഒരാള്‍ വുദൂവിന് പകരം ചെയ്യുന്ന തയ്യമ്മും, നില്‍ക്കാന്‍ കഴിയാതിരിക്കുമ്പോള്‍ ഇരുന്ന് നമസ്‌കരിക്കല്‍, പറ്റെ അവശനായ വൃദ്ധന്‍ റമദാനില്‍ നോമ്പ് ഒഴിവാക്കല്‍, ഹജ്ജില്‍ ജംറയില്‍ കല്ലേറ് നടത്താന്‍ ശേഷിയില്ലാത്തവര്‍ അക്കാര്യം മറ്റുള്ളവരെ ചുമതലപ്പെടുത്തല്‍, യാത്രയില്‍ നമസ്‌കാരം ജംഉം ഖസ്വ്‌റുമാക്കല്‍- ഇത്തരം കാര്യങ്ങളാണ് ആരാധനകളിലെ ഹാജിയ്യാത്ത്. നല്ല ഭക്ഷണം കഴിക്കുക, ഭദ്രമായ വീട് നിര്‍മിക്കുക, മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കുക ഇതുപോലുള്ള കാര്യങ്ങളാണ് നിത്യ ജീവിതത്തിലെ 'ആവശ്യങ്ങള്‍.' ജീവന്റെയും സ്വത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണത്തിന് ഇത്തരം കാര്യങ്ങള്‍ ആവശ്യമാണല്ലോ. പലതരം കച്ചവട രീതികളും ഇതേ ഗണത്തിലാണ് പെടുക. കച്ചവടം സകല മനുഷ്യരുടെയും ജീവിതായോധനത്തിന്റെ അനിവാര്യ ഉപാധിയല്ലാത്തതുകൊണ്ടാണ് അത് ഈ ഇനത്തില്‍ പെടുന്നത്. വിവാഹമോചനം പോലുള്ള കാര്യങ്ങള്‍ ചില ഘട്ടങ്ങളില്‍ മാത്രം ആവശ്യമായി വരുന്നതുകൊണ്ട് 'ആവശ്യങ്ങളിലാ'ണ് പെടുക.

 

'പരിപൂരകങ്ങള്‍'

തഹ്‌സീനിയ്യാത്തിന് അലങ്കാരങ്ങള്‍ എന്നും അര്‍ഥമുണ്ട്. അത്യാവശ്യങ്ങളോ ആവശ്യങ്ങളോ അല്ലാത്തത്. ആരാധനകള്‍ക്കും ഇടപാടുകള്‍ക്കും മൊഞ്ച് കൂട്ടുന്നത്. നേരത്തേ പറഞ്ഞ 'ആവശ്യങ്ങള്‍'ക്ക് തികവും പരിപൂര്‍ത്തിയും നല്‍കുന്നത് തഹ്‌സീനിയ്യാത്ത് ആണ്. ആ നിലക്ക് ഈ മൂന്ന് തലങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ഭംഗിയായും വെടിപ്പായും വസ്ത്രം ധരിക്കുന്നത് ഇതിന്റെ ഭാഗമാണ്. അങ്ങനെ ധരിച്ചില്ലെങ്കിലും അത് ദീനീതത്ത്വങ്ങള്‍ക്ക് എതിരാകുന്നില്ല. പക്ഷേ, അത്തരം ആളുകളുമായി സഹവസിക്കാന്‍ പൊതുവെ ജനം ഇഷ്ടപ്പെടില്ല. അത് ഇസ്‌ലാമിക പ്രബോധനത്തിനും തടസ്സമാവും. പ്രത്യക്ഷത്തില്‍ അലങ്കാരമായിത്തോന്നുന്നത്, ഈ അര്‍ഥത്തില്‍ കുറേക്കൂടി ഗൗരവത്തില്‍ കാണേണ്ട വിഷയമാണെന്ന് വരുന്നു. നല്ല വസ്ത്രങ്ങളണിഞ്ഞ് പള്ളിയില്‍ പോവുക, സുഗന്ധം പുരട്ടുക, അധികമധികം സുന്നത്ത് നമസ്‌കാരങ്ങളും നോമ്പുകളും ദാനധര്‍മങ്ങളും നിര്‍വഹിക്കുക തുടങ്ങിയവയാണ് ആരാധനകളിലെ തഹ്‌സീനിയ്യാത്ത്. പ്രസന്നതയും പ്രസാദാത്മകതയുമുള്ള പെരുമാറ്റം, കുറ്റവാളി ശിക്ഷാര്‍ഹനെങ്കിലും അയാള്‍ക്ക് മാപ്പ് കൊടുക്കുക തുടങ്ങി വിശ്വാസികളുടെ ജീവിതത്തെ പൊതു സമൂഹത്തിന് ആകര്‍ഷകമാക്കുന്ന എന്തും ഈ ഇനത്തില്‍ പെടുത്താം.

നേരത്തേ സൂചിപ്പിച്ചതുപോലെ, ഇത് വെള്ളം കടക്കാത്ത അറകളാക്കി തിരിച്ചുള്ള വിഭജനമല്ല. ഈ മൂന്ന് കാര്യങ്ങളും- അത്യാവശ്യങ്ങള്‍, ആവശ്യങ്ങള്‍, അലങ്കാരങ്ങള്‍- പരസ്പരം കവിഞ്ഞ് കടക്കുന്നു(Overlap)ണ്ട് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് അതുകൊണ്ടാണ്. സന്ദര്‍ഭമനുസരിച്ച് ഇവയുടെ സ്ഥാനങ്ങള്‍ക്ക് മാറ്റമുണ്ടാവും. ഇസ്‌ലാമിക പ്രബോധകന്റെ വീക്ഷണത്തില്‍ നോക്കുമ്പോള്‍ ഇവിടെ അലങ്കാരങ്ങളായി എണ്ണിയ പലതും ആവശ്യങ്ങളുടെ ഇനത്തിലേക്ക് കടന്നിട്ടുണ്ടാകും. 

(തുടരും)

കുറിപ്പുകള്‍

1. യൂസുഫുല്‍ ഖറദാവി- ദിറാസത്തുന്‍ ഫീ ഫിഖ്ഹി മഖാസ്വിദിശ്ശരീഅഃ, പേജ് 156

2. ഇമാം ഗസാലി- അല്‍ മുസ്തസ്വ്ഫാ 1/416,417

3. അദ്ദറൂറിയാത്തുല്‍ ഖംസ്, അല്‍കുല്ലിയ്യാത്തുല്‍ ഖംസ്, അല്‍ അര്‍കാനുല്‍ ഖംസഃ തുടങ്ങി വിവിധ പേരുകളില്‍ ഇതറിയപ്പെടുന്നു. ഇവയുടെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഈ അഞ്ച് അടിസ്ഥാനങ്ങള്‍ ഫിഖ്ഹുല്‍ മഖാസ്വിദിന്റെ മര്‍മം ആയതിനാല്‍ അതേക്കുറിച്ച ചര്‍ച്ച ഇനിയും വരും.

4. അബ്ദുല്‍ കരീം സൈദാന്‍: അല്‍ വജീസു ഫീ ഉസ്വൂലില്‍ ഫിഖ്ഹ്, പേജ് 376

5. ഉബാദത്തുബ്‌നു സ്വാമിത്തില്‍നിന്ന് ബുഖാരി ഉദ്ധരിച്ചത് (18)

6. അബൂദാവൂദ് (4772), തിര്‍മിദി (1418), അഹ്മദ് (1/190) ഹദീസ് സ്വഹീഹാണെന്ന് അല്‍ബാനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

7. ഹമ്മാദി അല്‍ അബീദി- അശ്ശാത്വിബി വ മഖാസ്വിദുശ്ശരീഅ, പേജ് 121

8. ഇമാം ഗസാലി- അല്‍ മുസ്തസ്വ്ഫാ 1/418

9. യൂസുഫ് അഹ്മദ് ബദവി-അല്‍ മഖാസ്വിദ് ഇന്‍ദ ഇബ്‌നി തൈമിയ്യ, പേജ് 489

10. വഹബ സുഹൈലി- മഖാസ്വിദുശ്ശരീഅ, പേജ് 25



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍