കണ്ണടച്ചിരുട്ടാക്കരുത്
ദീര്‍ഘകാലമായി പ്രബോധനം വായനക്കാരനാണ് ഞാന്‍. കാലത്തിനൊപ്പം സഞ്ചരിക്കുന്ന മനസ്സ് പ്രബോധനത്തിന് കൈവന്നിട്ടുണ്ട്. ആത്മീയ വിഷയങ്ങളോടൊപ്പം ഭൗതിക കാര്യങ്ങളും ഉള്ളടക്കത്തില്‍ ഉള്‍ക്കൊള്ളുന്ന പ്രബോധനത്തിന്റെ സമീപനം അമുസ്‌ലിംകള്‍ക്ക് കൂടി വായിക്കാന്‍ പ്രേരണ നല്‍കുന്നു.
2016 ഏപ്രില്‍ 8 ലക്കത്തില്‍ എഴുത്തുകാരന്‍ യു.കെ കുമാരനുമായി ശൈഖ് മുഹമ്മദ് കാരകുന്ന് നടത്തിയ സംഭാഷണമാണ് ഈ കുറിപ്പിനാധാരം.
ആവിഷ്‌കാര സ്വാതന്ത്ര്യം ആ സംഭാഷണത്തിന്റെ പ്രമേയമാണ്. യു.കെ കുമാരന്‍ രണ്ട് നിരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്: ഒന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വതന്ത്ര ചിന്തയില്ല, അടിസ്ഥാനപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്. എത്ര പ്രതിലോമപരമായ കാഴ്ചപ്പാടാണ് ഈ പ്രസ്താവനയിലൂടെ ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. എഴുത്തുകാരനെന്ന നിലയില്‍ യു.കെ ഏതു ചേരിയിലാണെന്ന് വായനക്കാര്‍ക്കറിയാം. കഥാകൃത്തിന്റെ രാഷ്ട്രീയ യജമാനന്മാര്‍ പോലും പ്രകടിപ്പിക്കാത്ത അഭിപ്രായമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധം തേടി കഥാകൃത്ത് സോവിയറ്റ് യൂനിയന്‍ വരെ പോകേണ്ടിയിരുന്നില്ല. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലല്ലേ 1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആ കരാള രാത്രികള്‍ മറക്കാനാവുമോ? എഞ്ചിനീയറിംഗ് വിദ്യാര്‍ഥി രാജനെ മറക്കാന്‍ പറ്റുമോ? പിതാവ് ഈച്ചരവാരിയര്‍ക്ക് സ്വന്തം മകന്റെ ശവം പോലും കാണാനായോ?
ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ താണ്ഡവത്തിനെതിരെ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ശക്തമായി പ്രതികരിക്കുന്നതില്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? എം.എം കല്‍ബുര്‍ഗി, ഗോവിന്ദ പന്‍സാരെ എന്നിവരുടെ കൊലപാതകം രാജ്യത്തിന് അപമാനകരമല്ലേ? ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിക്ക് സംഘ്പരിവാര്‍ ശക്തികളുടെ പീഡനത്തിന്റെ ഫലമായല്ലേ ആത്മഹത്യ ചെയ്യേണ്ടിവന്നത്?
അന്ധമായ കമ്യൂണിസ്റ്റ് വിരോധം മാറ്റിവെച്ച് നേരിന്റെ പക്ഷത്ത് നില്‍ക്കാനുള്ള മനസ്സാണ് സാഹിത്യകാരന്മാര്‍ക്കുണ്ടാവേണ്ടത്. കാലഘട്ടം അതാണാവശ്യപ്പെടുന്നത്.
Comments