Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

അനാഥ മയ്യിത്തുകള്‍

പി.കെ റഹീം

ഓര്‍മ-4

കൂര്‍ക്കഞ്ചേരിയില്‍ ഒരു പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയി. ഇരുവരും മുസ്‌ലിം കുടുംബങ്ങളിലുള്ളവരാണ്. ഞങ്ങള്‍ രണ്ട് വീട്ടുകാരെയും സമീപിച്ചു. രണ്ടും മുസ്‌ലിമാണെന്നിരിക്കെ വിവാഹത്തിന് വലിയ തടസ്സമുണ്ടായില്ല. പെണ്‍കുട്ടിയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകാനും അധികം വൈകാതെ വിവാഹം നടത്താനും തീരുമാനിച്ചു. യുവാവിന്റെ വീട്ടില്‍ പോയപ്പോഴാണ് പ്രശ്‌നം. ഉമ്മ അവന്റെ ഉപ്പയുടെ കാതില്‍ മന്ത്രിച്ചു: ''അവന്റെ സുന്നത്ത് കഴിഞ്ഞിട്ടില്ല.'' ചേലാകര്‍മം ഉടനെ നടത്തണം! അപ്പോഴാണ് മറ്റൊരു പ്രശ്‌നം. അവന്റെ മൂത്ത സഹോദരന്റെ ചേലാകര്‍മവും നടന്നിട്ടില്ല. രണ്ട് പേരെയും അടുത്ത ദിവസം വടക്കാഞ്ചേരിയിലുള്ള സലീം ഡോക്ടറുടെ ക്ലിനിക്കില്‍ കൊണ്ടുപോയി ചേലാകര്‍മം നടത്തി. കെ.എസ് കൊച്ചുമുഹമ്മദ്, എ.ബി ഇസ്മയില്‍, കെ.ഐ സുലൈമാന്‍ എന്നിവരായിരുന്നു അതിന് നേതൃത്വം കൊടുത്തത്. 

വിവാഹത്തിനും ചേലാകര്‍മത്തിനും മഹല്ല് കമ്മിറ്റിയുടെ അനുവാദം ആവശ്യമായിരുന്നു. അതുവരെ ഉള്ള കുടിശ്ശിക തീര്‍ത്താലേ അനുവാദം ലഭിക്കൂ. 'മൗലൂദി'ന്റെ അകമ്പടിയും പുരോഹിത സാന്നിധ്യവും കഴിവനുസരിച്ചുള്ള സദ്യയുമെല്ലാമായാണ് ചേലാകര്‍മം നടത്തിയത്. പ്രദേശത്ത് ഒട്ടേറെ പേര്‍ ചേലാകര്‍മം ചെയ്യാത്തവരുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കെ.കെ അബ്ബാസ്, കെ.വി ഹംസ, കെ.എം ഹംസ, ടി.എ അബു എന്നിവര്‍ തൃശൂര്‍ പരിസരത്തുമുള്ള ആളുകളുടെ ലിസ്റ്റ് തയാറാക്കി. ഓരോ വെക്കേഷനിലും ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് വരെ പേരുടെ ചേലാകര്‍മം സ്‌ക്വാഡ് മുഖേന നടത്തി. ഞങ്ങള്‍ വളണ്ടിയര്‍മാര്‍ വീട്ടില്‍ ചെന്ന് നടത്തിക്കൊടുക്കുകയായിരുന്നു. വാടാനപ്പള്ളിയിലുള്ള അബ്ദുല്ലക്കുട്ടി ഇക്കാര്യത്തില്‍ പ്രഗത്ഭനായിരുന്നു. ഒരു വീട്ടില്‍  മാത്രം വീട്ടുകാരുടെ സമാധാനത്തിന് ഡോ. സുഗതിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചേലാകര്‍മം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇതിന് ഇഞ്ചക്ഷനോ, സ്റ്റിച്ചോ ആവശ്യമില്ലെന്ന് ഡോ. സുഗത്തിന് ബോധ്യപ്പെട്ടു. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വെക്കേഷനുകളില്‍ മുപ്പത് പേര്‍ വീതമെങ്കിലും  രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ക്യാമ്പ് സ്വഭാവത്തില്‍ അല്ലാത്തതിനാല്‍ ധനികരും ദരിദ്രരും ഒരുപോലെ പങ്കാളികളായി. കുട്ടികള്‍ മാത്രമല്ല ഇരുപത്തഞ്ച് വയസ്സുവരെയുള്ള യുവാക്കള്‍ വരെ ചേലാകര്‍മത്തിന് വിധേയരായി. വടക്കാഞ്ചേരി, മുളങ്കുന്നത്ത്ക്കാവ് മേഖലയിലുള്ള ലപ്രസി കോളനികളില്‍ വരെ ചേലാകര്‍മ സ്‌ക്വാഡ് നടന്നു. 

കോളനി സന്ദര്‍ശനം ലപ്രസി ബാധിച്ച കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വഴിതുറന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം ലഭിക്കാനും അവരെ സ്‌കൂളുകളിലയക്കാനും പ്രയാസമായിരുന്നു. അതിനാല്‍ അവരെ ഹോസ്റ്റലുകളില്‍ ചേര്‍ത്ത് വിദ്യാഭ്യാസം നല്‍കാനും സംവിധാനങ്ങള്‍ ചെയ്തു. തദടിസ്ഥാനത്തില്‍ കൊരട്ടിയിലും പെരുമ്പിലാവ് അന്‍സാറിലും വാടാനപ്പള്ളി ഹോസ്റ്റലുകളിലും കുട്ടികളെ ചേര്‍ത്തു പഠിപ്പിച്ചു. ആ കുട്ടികള്‍ക്ക് പെരുമ്പിലാവ് അന്‍സാറില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനും പ്രഫഷനല്‍ കോഴ്‌സിനും ചേരാനുള്ള അവസരങ്ങള്‍ തുറന്നുകിട്ടി. 

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മഹല്ലില്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് 1970 കളില്‍ കൂര്‍ക്കഞ്ചേരിയില്‍ ഞാന്‍ താമസമാക്കിയതോടെയാണ്. മുന്നൂറോളം മുസ്‌ലിം വീടുകള്‍ അന്ന് കൂര്‍ക്കഞ്ചേരിയിലുണ്ടായിരുന്നു. ഒരു മദ്‌റസ മാത്രം. ജമാഅത്ത് നമസ്‌കാരവും മദ്‌റസയില്‍ തന്നെ. ജുമുഅയോ, കൃത്യമായ നമസ്‌കാരമോ ഉണ്ടായിരുന്നില്ല. അവിടെയുള്ള കാരണവന്മാര്‍ ഒരു യോഗം വിളിച്ച്കൂട്ടി. പള്ളിയുടെ ആവശ്യകതയും ഒരു നല്ല മദ്‌റസ കെട്ടിടത്തിന്റെ അനിവാര്യതയും ഞാനവരെ ബോധ്യപ്പെടുത്തി. പുതിയൊരു കമ്മിറ്റിക്ക് രൂപം നല്‍കി. വി.കെ അടിമു പ്രസിഡന്റും ഞാന്‍ സെക്രട്ടറിയും. 1971 ല്‍ പള്ളി നിര്‍മാണം പൂര്‍ത്തിയായി. അടുത്ത വര്‍ഷം മദ്‌റസയും പണിതു. നാട്ടിലെ എല്ലാവരും സാമ്പത്തികമായി സഹായിച്ചിരുന്നു. കൊക്കാലെ മുസ്‌ലിം ജമാഅത്തിനു കീഴിലായിരുന്ന കൂര്‍ക്കഞ്ചേരി പള്ളി, ജുമുഅ നടക്കുന്ന സ്വതന്ത്ര മഹല്ലായിരുന്നില്ല. അതിനാല്‍ സ്വതന്ത്ര മഹല്ലായിത്തീരുന്നതിനും ജുമുഅ ആരംഭിക്കുന്നതിനും കൊക്കാലെ ജമാഅത്തിന് അപേക്ഷ നല്‍കി. പക്ഷെ മറുപടി ലഭിച്ചില്ല. അതിനാല്‍ അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ജുമുഅ ആരംഭിക്കാനും സ്വതന്ത്ര മഹല്ല് ആകാനും തീരുമാനിച്ചു. ജുമുഅ ആരംഭിക്കാനുള്ള പ്രമേയം ഐകകണ്‌ഠ്യേന അംഗീകരിച്ചു. അങ്ങനെ കൂര്‍ക്കഞ്ചേരി സ്വതന്ത്ര മഹല്ലായി തീര്‍ന്നു. ഇപ്പോള്‍ മഹല്ലില്‍ 800-ഓളം കുടുംബങ്ങളുണ്ട്. 

അനാഥ മയ്യിത്ത് പരിപാലന സംഘം 

തൃശൂര്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന പി.എം അബ്ദുര്‍റഹ്മാന്‍ നേതൃത്വം കൊടുത്ത സംഘടനയാണ് 'ടൗണ്‍ ദാറുല്‍ ഇസ്‌ലാം സംഘം' എന്ന 'അനാഥ മയ്യിത്ത് പരിപാലന സംഘം'. ടൗണിലും പോലീസ് സ്റ്റേഷനിലും ഭ്രാന്താശുപത്രികളിലും ഉണ്ടാകുന്ന അജ്ഞാത മൃതദേഹങ്ങളും അനാഥ മയ്യിത്തുകളും ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് അന്നത്തെ ലീഗ് ജില്ലാ നേതാക്കളായ പി.എം.എയും പി.കെ ഹൈദ്രാസും, ഇബ്‌റാഹീം, കാസിം എന്നിവരും ചേര്‍ന്ന് മയ്യിത്ത് പരിപാലന സംഘത്തിന് രൂപം നല്‍കിയത്. അവര്‍ പല മയ്യിത്തുകളും കൈകാര്യം ചെയ്തിട്ടുണ്ട്. പ്രത്യേക രജിസ്റ്ററും അതിനായി സൂക്ഷിച്ചിരുന്നു. പി.എം.എ ഹോള്‍സെയില്‍ ഫ്രൂട്ട് വ്യാപാരി ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരും ഫ്രൂട്ട് റീട്ടെയില്‍ വ്യാപാരികളും സംഘത്തിന്റെ നടത്തിപ്പുകാരുമായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ മയ്യിത്തുകളെങ്കിലും ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ അവര്‍ തയാറായിരന്നു. ഏതെങ്കിലും അനാഥ മയ്യിത്ത് വന്നാല്‍ അതിന്റെ ചിലവിനു വേണ്ടി പി.എം.എ സ്വയം പണം എടുത്ത് കൊടുക്കുകയായിരുന്നു പതിവ്. പ്രത്യേക ഫണ്ടൊന്നും ഉണ്ടായിരുന്നില്ല. 

ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അനാഥ മയ്യിത്ത് പ്രശ്‌നം ഉണ്ടായപ്പോള്‍ പി.എം.എ, കാജാ സ്റ്റോറില്‍ വന്നു. എനിക്ക് ഇത് തുടരാന്‍ പ്രയാസമാണെന്നും ഇതിന്റെ ചുമതല നിങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ 'അനാഥ മയ്യിത്ത് പരിപാലനം' ജമാഅത്തെ ഇസ്‌ലാമി ഏറ്റെടുത്തു. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി അനാഥ മയ്യിത്ത് പരിപാലനം ജമാഅത്ത് പ്രവര്‍ത്തകരാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ ജമാഅത്തിന് പറയുവാനുണ്ട്. ചില സംഭവങ്ങളെങ്കിലും പറയാതിരിക്കാന്‍ വയ്യ.

ചാലിശ്ശേരിക്കാരന്‍ തടി വ്യാപാരി കുന്നംകുളം ടൗണില്‍ വെച്ച് ലോറി ഇടിച്ചു മരിച്ചു. മൃതശരീരം ഏറ്റെടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പോലീസ് മഹസ്സര്‍ തയാറാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്രത്തില്‍ റിപ്പോര്‍ട്ട് കൊടുത്തു. രണ്ടു ദിവസം കാത്തിട്ടും ആരും വന്നില്ല. ലാലൂരുള്ള പൊതുശ്മശാനത്തില്‍ മൃതശരീരം അടക്കം ചെയ്തു. മൂന്നാം ദിവസമാണ് ചാലിശ്ശേരിയില്‍ നിന്ന് കുടുംബക്കാര്‍ എത്തിയത്. അവര്‍ ഞങ്ങളുമായി ബന്ധപ്പെട്ടു. പോലീസ് മുഖേന നമ്മുടെ പ്രവര്‍ത്തകര്‍ ലാലൂരില്‍ നിന്ന് മൂന്ന് ദിവസം പഴക്കമുള്ള മൃതശരീരം പുറത്തെടുത്തു. കുളിപ്പിച്ച് വൃത്തിയാക്കി കഫന്‍ചെയ്തു. ചാലിശ്ശേരി പള്ളിയില്‍ അടക്കം ചെയ്തു. അബ്ബാസ്, കെ.വി ഹംസ, വീരാന്‍കുട്ടി എന്നിവരാണ് അന്ന് അതിന് നേതൃത്വം നല്‍കിയത്. 

ഡോ. എ.കെ അബ്ദുല്ല എക്കാലവും ജമാഅത്തുമായി സഹകരിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹം കാറില്‍ ഞങ്ങളെ തേടിയെത്തി. കണ്ണൂര്‍ക്കാരനായ ഒരു യുവാവിന്റെ മൃതശരീരം  റെയില്‍പാളത്തുനിന്ന് കിട്ടിയിരുന്നു. ഡോക്ടറുമായി ബന്ധമുള്ള കുടുംബാംഗത്തിന്റേതായിരുന്നു മയ്യിത്ത്. അദ്ദേഹം എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു. ഫസ്റ്റ് ക്ലാസിലായിരുന്നു യാത്ര. ട്രെയിന്‍ കണ്ണൂരിലെത്തുമ്പോള്‍ അദ്ദേഹത്തെ കാത്തുനിന്നവര്‍ ബോഗിയില്‍ കയറിനോക്കി. ലഗേജ് മാത്രമാണ് ഉണ്ടായിരുന്നത്. അപ്പോഴേക്കും തൃശൂര്‍ സ്റ്റേഷനില്‍ നിന്നും മൃതശരീരം ആശുപത്രിയില്‍ എത്തിയിരുന്നു. തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയില്‍ നിന്നാണ് റെയില്‍ പാളത്തില്‍ മൃതശരീരം കിടന്നിരുന്നത്. ഡോറിനടുത്ത് നിന്ന് പുകവലിക്കുകയോ മറ്റോ ചെയ്തപ്പോള്‍ പെട്ടെന്ന് പുറത്തേക്ക് വീണതായിരിക്കാം. തല നിലത്തടിച്ച് മരണം സംഭവിച്ചതാകാം. മറ്റ് പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശരീരം ഭദ്രമായി കഫന്‍ ചെയ്തുകഴിഞ്ഞപ്പോഴേക്കും തെക്കുനിന്നും വടക്കുനിന്നുമുള്ള ധാരാളം വണ്ടികള്‍ എം.ഐ.ടി മസ്ജിദില്‍ എത്തിയിരുന്നു. അവര്‍ ജനാസ കൊണ്ടുപോകുന്നതിന് മുമ്പ് ഡോക്ടറോട് ചോദിച്ചു: ''സഹായിച്ചവര്‍ക്ക് എന്താണ് കൊടുക്കേണ്ടത്?'' 

ഡോക്ടര്‍ പറഞ്ഞു: ''അവര്‍ ഇവിടുത്തെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ്. ഇതുപോലെയുള്ള ഒരുപാട് പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. അതെല്ലാം സേവനമാണ്.'' 

മണ്ണാര്‍ക്കാട് സുന്നികളും മുജാഹിദുകളും തമ്മിലുള്ള സംവാദം. സ്റ്റേജ് കെട്ടി പരസ്പരം വെല്ലുവിളികള്‍ നടന്നു. ഒടുവില്‍ സംഘട്ടനമായി, ആളുകള്‍ ഓടി. ഇരുട്ടില്‍ ചിലര്‍ കിണറ്റില്‍ വീണു. കൂട്ടക്കരച്ചിലുകളും നിലവിളികളും ഉയര്‍ന്നു. കിണറ്റില്‍ വീണവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി. പുറത്തെടുത്തപ്പോഴേക്കും രണ്ടുപേര്‍ മരിച്ചിരുന്നു. ദീനീ സംവാദത്തിന്റെ അനന്തരഫലം! മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നു. ഞങ്ങള്‍ ഏതാനും പ്രവര്‍ത്തകര്‍ തൃശൂര്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തി. മോര്‍ച്ചറി വളപ്പില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഗേറ്റിനകത്ത് ഒരുകൂട്ടം, പുറത്ത് മറ്റൊരു കൂട്ടം. മരിച്ചത് ഒരു സുന്നിയും ഒരു മുജാഹിദും! രണ്ടുകൂട്ടരെയും ഒന്നിച്ചിരുത്തി, ഒരുമിച്ചുചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു കിട്ടുന്ന മൃതശരീരങ്ങള്‍ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും നാം ഒന്നിച്ച്  നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എം.ഐ.ടി മസ്ജിദില്‍ അതിന് സൗകര്യം ഉണ്ട്. കഫന്‍ പൊതിഞ്ഞ് കൊണ്ടുപോകുന്നതാണ് ഉത്തമമെന്ന് അവരെ ബോധ്യപ്പെടുത്തി. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് കൊണ്ടുപോകാനായിരുന്നു അവരുടെ പദ്ധതി. അവര്‍ക്കത് പുതിയ സംഭവമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹങ്ങള്‍ കിട്ടിയപ്പോഴാണ് അവര്‍ക്ക് കഫന്‍ ചെയ്തുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടത്. പിന്നീട് എല്ലാ കാര്യവും എല്ലാവരും ഒന്നിച്ചാണ് നിര്‍വഹിച്ചത്. രണ്ട് ജനാസയും ഒന്നിച്ച് വെച്ച് മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. ശേഷം രണ്ട് ആംബുലന്‍സുകളിലായി കൊണ്ടുപോയി. 

തീവണ്ടി അപകടത്തില്‍ മരിച്ച ഒരു മൃതദേഹം വിട്ടുകിട്ടുന്നതിനും ഏതാനും ആളുകള്‍ ജമാഅത്ത് ഓഫീസില്‍ എത്തി. ഞങ്ങള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മൃതദേഹം കോണ്‍ക്രീറ്റ് ബെഞ്ചില്‍ കിടത്തിയിരിക്കുകയായിരുന്നു. റെയില്‍വേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അനുവാദത്തോടെ മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ. റെയില്‍വേ ഹെഡ് ഓഫീസ് എറണാകുളത്താണ്. ആറ് മണിക്ക് ശേഷം മൃതദേഹം വിട്ടുകൊടുക്കുകയില്ല. അതിനു മുമ്പ് പെര്‍മിഷന്‍ ലഭിക്കണം. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ തൃശൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലും സര്‍ക്കിള്‍ ഓഫീസിലും ബന്ധപ്പെട്ട് ശ്രമം തുടങ്ങി. റെയില്‍വേ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആപ്പിള്‍ഫോട്ടോ ലോഡ്ജിലാണ് താമസമെന്നറിഞ്ഞ് ഞങ്ങള്‍ ഓഫീസിലെത്തി. ഭാസ്‌കരന്‍ സാറായിരുന്നു സി.ഐ. അടിയന്തരാവസ്ഥ കാലത്ത് എന്നെയും എന്‍.എ മുഹമ്മദിനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടറായിരുന്നു അദ്ദേഹം. ഇപ്പോള്‍ റെയില്‍വേയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. അദ്ദേഹം മയ്യിത്ത് കൊണ്ടുപോകാന്‍ അനുവാദം തന്നു. ഞങ്ങളുടെ കൂടെവന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പോലീസ് ഓഫീസില്‍ നിന്നാണ് അദ്ദേഹം പെര്‍മിഷന്‍ എഴുതിത്തന്നത്. തലയറ്റ മൃതദേഹം ഞങ്ങള്‍ കുളിപ്പിച്ച് കഫന്‍ പൊതിഞ്ഞ് കൊടുത്തയക്കുകയായിരുന്നു. തല കൈയില്‍ പിടിക്കുകയും കെ.ഒ സുലൈമാന്‍ സാഹിബ് കുളിപ്പിക്കുകയും ചെയ്തു. ആ മുഖവും രംഗവും മറക്കാനാവുകയില്ല. 

ഇതുപോലെ ഒരുപാട് രംഗങ്ങളും അനുഭവങ്ങളും പകര്‍ത്താനുണ്ട്. എല്ലാം ഹൃദയത്തെ മദിക്കുന്ന കാര്യങ്ങള്‍. ഓര്‍ക്കുമ്പോള്‍ പ്രയാസമുണ്ടാക്കുന്ന സംഭവങ്ങള്‍. ഭ്രാന്താശുപത്രിയിലെ ആയിഷയുടെയും ഹമീദിന്റെയും മൃതദേഹങ്ങള്‍ ഒട്ടേറെ കഥകള്‍ പറയുന്നവയാണ്. 60 വര്‍ഷം ഭ്രാന്താശുപത്രിയില്‍ കഴിച്ചുകൂട്ടി ജീവിതം അവസാനിപ്പിച്ച വ്യക്തിയാണ് ഹമീദ്. ഭ്രാന്ത് മാറിയ സൈനബ എന്ന യുവതിയെ വീട്ടിലേക്ക് കൊണ്ടുപാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിട്ടും കൊണ്ടുപോകാനോ തിരിഞ്ഞ് നോക്കാന്‍ പോലുമോ സ്വന്തം മാതാപിതാക്കള്‍ തയാറായില്ല. അവര്‍ പറഞ്ഞ കാരണം നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ട്, അസുഖം മാറിയിട്ടും സൈനബ ഭ്രാന്താശുപത്രിയില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതയായി. അങ്ങനെ എത്രയെത്ര സൈനബമാര്‍!

(തുടരും) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍