Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ നല്‍കുകയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍

പി. മുജീബുര്‍റഹ്മാന്‍ /അഭിമുഖം

രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായാണ് കേരളത്തെ പൊതുവില്‍ വിലയിരുത്താറുള്ളത്. ഒറ്റ നോട്ടത്തില്‍ അത് ശരിയാണ് താനും. എന്നാല്‍ ദാരിദ്ര്യത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. രോഗബാധിതരായ, താമസിക്കാന്‍ വീടില്ലാത്ത അവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ശ്രദ്ധേയമായ ചുവട് വെപ്പുകള്‍ നടത്തുകയാണ്.  കേരള സാമൂഹിക സേവന ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിരിക്കുമിത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവയില്‍ ഏറെ ശ്രദ്ധേയമാണ് 'പീപ്പിള്‍സ് ഹോം' പദ്ധതി. ഏഴര ലക്ഷം ഭൂരഹിതരും മൂന്നര ലക്ഷം ഭവനരഹിതരുമുള്ള കേരളത്തിന് ആശ്വാസവും മാതൃകയുമാവുകയാണ് പീപ്പിള്‍സ് ഹോം. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിക്കുന്നു. 

സന്നദ്ധ സംഘടനകള്‍ക്ക്  ഒരു കുറവുമില്ലാത്ത കേരളത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രസക്തിയെന്താണ്? ഈ സംരംഭത്തിന്റെ ലക്ഷ്യമെന്താണ്?

സാമൂഹിക സേവന സംരംഭങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത സംസ്ഥാനമാണ് കേരളമെന്നത് വളരെ ശരിയാണ്. എന്‍.ജി.ഒകളും സന്നദ്ധ സംഘടനകളും സേവന പ്രവര്‍ത്തനങ്ങളില്‍ അവരവരുടെ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട്. CSR (Corporate Social Responsibility) ഏര്‍പ്പെടുത്തിയ ശേഷം വലിയ സംരംഭകരും ബിസിനസ് സ്ഥാപനങ്ങളും സ്വന്തമായ ചാരിറ്റി യൂണിറ്റുകള്‍ ആരംഭിക്കുകയും  അവരവര്‍ക്ക് താല്‍പര്യമുള്ള മേഖലയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നല്ലതും പ്രോത്സാഹജനകവുമാണ്.

എന്നാല്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ സേവന സംരംഭമാണ്. സേവന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര  എത്തിച്ചേരാത്ത മലയോര തീരദേശ മേഖലകളടക്കം ഉള്‍പ്പെടുത്തി വിശാലമായ സേവന ഭൂപടം നിര്‍മിച്ചാണ്  പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുന്നോട്ട് പോകുന്നത്. സാമ്പത്തികമായി സുസ്ഥിതിയുള്ള പ്രദേശങ്ങളില്‍  സേവന സംരംഭങ്ങള്‍ ഏറ്റെടുക്കുന്ന  യുവാക്കളെ ഇന്ന് ധാരാളമായി കാണാം. അതിന്റെ പരിസരത്തുള്ളവര്‍ മാത്രമായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍. എന്നാല്‍ കേരളത്തിലെ പകുതിയിലധികം പിന്നാക്ക പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സേവന സംരംഭങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. അത്തരം പിന്നാക്ക പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാന്‍ ഈ മാപ്പിങ്ങിലൂടെ പീപ്പിള്‍സ് ഫൗണ്ടേഷന് സാധിക്കുന്നു. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കാന്‍ കഴിയും വിധം പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ മത്സര പ്രവണത കൂടിവരികയാണല്ലോ. ഇതിന്റെ ആത്യന്തിക ഫലമെന്തായിരിക്കും?

ഒരു വ്യക്തിക്ക് സ്വന്തം നിലയില്‍ നിര്‍വഹിക്കാന്‍ കഴിയുന്നതും ഒരു ഗ്രൂപ്പിനോ  സംഘടനക്കോ മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതുമായ സേവനപ്രവത്തനങ്ങളുണ്ട്. വലിയ രീതിയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും സേവന കൂട്ടായ്മകള്‍ അനിവാര്യമാണ്. മത്സര സ്വഭാവത്തിലാണെങ്കിലും അത്തരത്തിലുള്ള ഓരോ സേവന സംരംഭവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. 

ഒരു സംരംഭം വിജയിച്ചാല്‍ ആ പ്രദേശത്ത് തന്നെ അതേ പദ്ധതി ഇതര സംഘടനകളും മൈലേജിന് വേണ്ടി ആവര്‍ത്തിക്കുന്ന പ്രവണതകളുണ്ട്. വ്യക്തികളുടെയും സംഘടനകളുടെയും ഇമേജ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി സേവന പ്രവര്‍ത്തനങ്ങള്‍ മാറുമ്പോള്‍ സേവന പ്രവര്‍ത്തനങ്ങള്‍ ആഭാസമായി തീരാറുണ്ട്. ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ എടുത്തു കാണിക്കുന്ന പ്രവണതയും കൂടിവരികയാണ്. കേരളത്തിലെ വിവിധ സംഘടനകള്‍ ഒരേ സ്ഥലത്തുതന്നെ വിവിധ പേരില്‍ ഒരേ ഗുണഭോക്താക്കള്‍ക്ക് സേവനം ചെയ്യുന്ന രീതിയും ഉണ്ട്. ഇത് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സേവന സംരംഭങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന വ്യക്തികള്‍ ഇത് ചൂണ്ടിക്കാണിക്കാറുണ്ട്.

എന്നാല്‍ കേരളത്തിലെ സാമൂഹിക സേവന മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി, വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ വിഭവങ്ങള്‍ ചെലവഴിക്കുന്നു എന്നതാണ്. സേവന പ്രവര്‍ത്തനങ്ങളുടെ റിസല്‍ട്ടിനെക്കുറിച്ച് കൃത്യമായ പഠനവും വാര്‍ഷിക റിപ്പോര്‍ട്ടുകളും പൊതുസമൂഹത്തിന് ലഭ്യമാവണം.

പല സേവന സംരംഭങ്ങളും കഴിവിനതീതമായ ലക്ഷ്യങ്ങള്‍ക്കായി ആസൂത്രണം നടത്തുകയും അവ പൂര്‍ത്തിയാക്കാനാവാതെ പരാജയപ്പെടുകയും ചെയ്യുന്നു. ചിലത് കേവല സ്ഥാപനങ്ങളായി ഒതുങ്ങുന്നു. ഇത് സാമൂഹിക സേവന പ്രവര്‍ത്തനങ്ങളെ ഏത് രീതിയിലാണ് സ്വാധീനിക്കുക?

ഒരു പ്രദേശത്തിന്റെയോ ജനവിഭാഗത്തിന്റെയോ പ്രശ്ങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതിനുള്ള സ്ട്രാറ്റജി രൂപപ്പെടുത്തുന്നതില്‍ നാം ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. മുസ്‌ലിം സമുദായത്തിനകത്ത് ഓരോ സംഘടനയും അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അതിനകത്തെ വിഷയങ്ങള്‍ പെട്ടെന്ന് തന്നെ ചര്‍ച്ചയാവുകയും അത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യാറുണ്ട്. സമൂഹത്തിന്റെ ഏതൊരു ആവശ്യത്തിനും അകമഴിഞ്ഞ് ചെലവഴിക്കുക എന്നത് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വ്യതിരിക്തമായ നന്മയുമാണ്. എന്നാല്‍ അതിനെ കൃത്യമായ ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് സാമൂഹിക പുരോഗതി ലക്ഷ്യമാക്കി വിനിയോഗിക്കാന്‍ ഇനിയും സാധ്യമായിട്ടില്ല. അത് പോലെ, സര്‍ക്കാര്‍ മേഖലയിലെയും പൊതുമേഖലയിലെയും പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് നേടിക്കൊടുക്കുന്നതില്‍ നാം ഇനിയും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല.

അതിനാല്‍ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച കൃത്യവും വിശാലവുമായ കാഴ്ചപ്പാട് രൂപപ്പെടുത്തണം. സാമ്പത്തിക വിഭവങ്ങള്‍ മാത്രമല്ല സേവന പ്രവര്‍ത്തനങ്ങളുടെ അടിത്തറ. ഓരോ വ്യക്തിയുടെയും അറിവ്, സമയം, സാങ്കേതിക വിജ്ഞാനം, സൗഹൃദങ്ങള്‍, പരിശീലനം തുടങ്ങിയ വിവിധ കാര്യങ്ങള്‍ സമൂഹത്തിന്റെയും നാടിന്റെയും താല്‍പര്യത്തിനും ആവശ്യങ്ങള്‍ക്കുമനുസരിച്ച് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. അതിന് സേവന സംരംഭങ്ങളുടെ പ്രവര്‍ത്തന ശൈലിയില്‍ വലിയ മാറ്റങ്ങളുണ്ടാവണം. ഇന്ത്യയില്‍ ശരാശരി ഓരോ 430 ഇന്ത്യക്കാര്‍ക്കും ഒരു എന്‍.ജി.ഒ ഉണ്ട് എന്നാണ് കണക്ക്. എന്നാല്‍ അതില്‍ 10 ശതമാനത്തില്‍  താഴെ മാത്രമാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മിക്ക സേവന സംരംഭങ്ങള്‍ക്കും ആവേശത്തുടക്കത്തിനപ്പുറത്തേക്ക് ലക്ഷ്യ കേന്ദ്രീകൃതമായി വളരാന്‍ സാധിക്കുന്നില്ല. പലതും തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്. 

ഇത്തരമൊരു സാഹചര്യത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്റെ സാധ്യതയെന്താണ്?

ഇസ്‌ലാമിക പ്രസ്ഥാനത്തിനു കീഴിലെ മുഴുവന്‍ ജനസേവന പ്രവര്‍ത്തനങ്ങളുടെയും സംവിധാനങ്ങളുടെയും മദര്‍ എന്‍.ജി.ഒ എന്ന നിലയിലാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ രൂപീകരിച്ചിരിക്കുന്നത്. അതേസമയം, മുഴുവന്‍ മലയാളികള്‍ക്കും  വിശ്വാസയോഗ്യമായി സാമൂഹിക സേവനത്തിന് ആശ്രയിക്കാവുന്ന ഏജന്‍സിയായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിലകൊള്ളും. കേരളത്തിന്റെ പൊതു താല്‍പര്യങ്ങളെയും വികസനത്തെയും മുന്‍നിര്‍ത്തിയുള്ള പദ്ധതികളും ആശയങ്ങളുമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സമര്‍പ്പിക്കുന്നത്. സാമൂഹിക ആവശ്യങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ നിശ്ചയിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പരിശ്രമിക്കും. കേരളത്തിലെ ഗ്രാസ്‌റൂട്ട് തല സന്നദ്ധ സംഘടനകള്‍ക്ക് പുതിയ സാമൂഹിക പ്രവര്‍ത്തന മേഖലകളെ പരിചയപ്പെടുത്തുകയും സാമ്പത്തിക-മനുഷ്യവിഭവങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് അവയെ പരിശീലിപ്പിക്കുകയും ചെയ്യും. 

പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തന മേഖലകള്‍ എന്തൊക്കെയാണ്? 

സാമൂഹിക സേവന മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, ഗവേഷണം, അവലോകനം, മനുഷ്യവിഭവശേഷി ഒരുക്കല്‍, ഗൈഡന്‍സ്, കണ്‍ള്‍ട്ടന്‍സി, പബ്ലിക് റിലേഷന്‍, പരിശീലനം, സാമ്പത്തിക വിഭവശേഖരണം, പങ്കാളിത്ത പദ്ധതികള്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയവയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്ന പ്രവര്‍ത്തന മേഖലകള്‍. 

ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന സുപ്രധാന പദ്ധതികള്‍ എന്തൊക്കെയാണ്?

ഭവന നിര്‍മാണ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, മെഡിക്കല്‍ എയ്ഡ്, സ്വയംതൊഴില്‍ പദ്ധതി, ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍, പബ്ലിക് സര്‍വീസ് ഗൈഡന്‍സ് സെന്റര്‍, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്, കുടിവെള്ള പദ്ധതി, മൈക്രോ ഫിനാന്‍സ്, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കൗണ്‍സിലിംഗ് സെന്റര്‍, ബ്ലഡ് ഡോണേഴ്‌സ് ഫോറം, സോഷ്യല്‍ വര്‍ക്ക് ബുള്ളറ്റിന്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് ഡവലപ്‌മെന്റ ് പ്രോഗ്രാം, പാരപ്ലീജിയ റിഹാബിലിറ്റേഷന്‍, പെയിന്‍ ആന്റ് പാലിയേറ്റീവ്, എന്‍.ജി.ഒ ഡവലപ്‌മെന്റ് പ്രോഗ്രാം തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന സുപ്രധാന പദ്ധതികള്‍. ഇതില്‍ മിക്ക പദ്ധതികളും വ്യത്യസ്ഥ എന്‍.ജി.ഒകള്‍ മുഖേന മുമ്പേ നിര്‍വഹിച്ച് വരുന്നുണ്ട്. പദ്ധതികളിലെ പ്രഫഷണലിസവും വ്യാപനവുമാണ് ഫൗണ്ടേഷന്‍ മുഖ്യമായും ഊന്നുന്നത്. 

ഈ പ്രവര്‍ത്തന കാലയളവിലെ സുപ്രധാന പദ്ധതികള്‍ എന്തൊക്കയാണ്? 

ഭവന നിര്‍മാണ പദ്ധതി, മെഡിക്കല്‍ എയ്ഡ് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്, ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയാണ് ഈ പ്രവര്‍ത്തന കാലയളവിലെ സുപ്രധാന പദ്ധതികള്‍.

ഫൗണ്ടേഷന്റെ ഈ പ്രവര്‍ത്തന കാലയളവിലെ സുപ്രധാന പ്രവര്‍ത്തനമാണ് 'പീപ്പിള്‍സ് ഹോം' എന്ന ഭവന നിര്‍മാണ പദ്ധതി. മൂന്നു വര്‍ഷം കൊണ്ട് ചുരുങ്ങിയത് 1500 വീടുകളുടെ നിര്‍മാണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ സാമൂഹിക സേവന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഈ പദ്ധതി പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃകയായിരിക്കും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര പുരോഗതി ലക്ഷ്യമാക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്റ്റ്. സേവന മേഖലയിലെ വിഭവങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത പിന്നാക്ക പ്രദേശങ്ങളില്‍ വിനിയോഗിച്ച് നിശ്ചിതകാലം കൊണ്ട് പ്രദേശങ്ങളുടെ പുരോഗതി ഉറപ്പ് വരുത്തുന്ന പദ്ധതിയാണിത്. നിലവില്‍ വയനാട് ജില്ലയിലെ പൊഴുതന, കോഴിക്കോട് ജില്ലയിലെ വെള്ളയില്‍ എന്നീ പ്രദേശങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ  പ്രവര്‍ത്തന കാലയളവില്‍ 300 പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിക്കും. മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ലഹരികള്‍ക്കടിപ്പെട്ട വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് വിപുലമായ സൗകര്യങ്ങളോടെ ഒരു ഡി-അഡിക്ഷന്‍ ഹോസ്പിറ്റല്‍. കോഴിക്കോട്, എറണാകുളം, വയനാട് ജില്ലകളില്‍ ഇതുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിന്റെ  മാനസികാരോഗ്യ നിലവാരം കൂടുതല്‍ ചികിത്സ ആവശ്യമുള്ള മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ ആവശ്യങ്ങള്‍ വിലയിരുത്തി പുതിയ മേഖലകള്‍ കൂടി ഉള്‍പെടുത്തി കൗണ്‍സിലിംഗ് മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 'ആശ്വാസ്' എന്ന പേരില്‍  കേരളത്തില്‍ ബ്രാന്റഡ് കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും. രോഗചികിത്സാ രംഗത്തെ ചൂഷണ കേന്ദ്രീകൃതമായ അനുബന്ധ മേഖലകളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് മെഡിക്കല്‍ എയ്ഡ് സെന്റര്‍. മലപ്പുറം ജില്ലയിലെ തിരൂരിലാണ് ആദ്യത്തെ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ആരംഭിക്കുന്നത്. നട്ടെല്ലിനു ക്ഷതമേറ്റ് ശരീരം തളര്‍ന്നു കിടക്കുന്ന രോഗികളുടെ റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഫൗണ്ടേഷന്‍ സജീവമാണ്. അവര്‍ക്ക്  വേണ്ടി കൂടുതല്‍ മേഖലകളില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌കൊണ്ടിരിക്കുന്നു. 

വിദ്യാഭ്യാസ മേഖലയിലെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

സമൂഹത്തിന് വിവിധ മേഖലകളിലേക്ക് മൂല്യബോധമുള്ള മനുഷ്യവിഭവങ്ങളെ സംഭാവന ചെയ്യുക  എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വര്‍ധിച്ച് വരുന്ന സാമൂഹിക ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍. മീഡിയ സ്റ്റഡി, മാനേജ്‌മെന്റ് സ്റ്റഡി, സോഷ്യല്‍ സയന്‍സ് സ്റ്റഡി, ലീഗല്‍ സ്റ്റഡി എന്നീ മേഖലകളിലെ റെഗുലര്‍ കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സിവില്‍ സര്‍വീസ്, UGC ( NET-JRF) പരീക്ഷ, ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വീസ്, ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ ലീഗല്‍ സര്‍വീസ് തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സര്‍വീസുകളിലേക്കും IIM , IIT, AISER, IIS, IIM,NIT, AIIMS, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കും എത്തിപ്പെടുന്നതിനുള്ള ഓറിയന്റേഷനും പ്രവേശന പരീക്ഷ പരിശീലനത്തിനും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പഠിക്കുന്ന ദരിദ്ര വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പിന്നാക്ക-ദരിദ്ര മേഖലകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്  വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ പഠനകിറ്റുകള്‍ നല്‍കുന്നു. 

ഈ പ്രവര്‍ത്തന കാലയളവിലെ സുപ്രധാന പ്രവര്‍ത്തനമാണല്ലോ 'പീപ്പിള്‍സ് ഹോം' പദ്ധതി. സര്‍ക്കാര്‍തലത്തിലും മറ്റും നിരവധി ഭവനനിര്‍മാാണ പദ്ധതികള്‍ നിലവിലിരിക്കെ ഈ പദ്ധതിയുടെ പ്രസക്തിയെന്താണ്? 

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭവനനിര്‍മാണ പദ്ധതികള്‍ വര്‍ഷങ്ങളായി നടന്നുവരികയും നിരവധി ഭവനരഹിതര്‍ക്ക് അതിലൂടെ ഭവനനിര്‍മാണത്തിന് സഹായം ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് ഭവനരഹിതരുടെയും ഭൂരഹിതരുടെയും ദുരിതങ്ങള്‍ വളരെ ഗുരുതരമായ സാമൂഹിക പ്രശ്മായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഏഴര ലക്ഷം ഭൂരഹിതരും മൂന്നര ലക്ഷം ഭവനരഹിതരുമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. നിലവിലെ സര്‍ക്കാര്‍ ഭവന പദ്ധതികള്‍ ആകെ ഗുണഭോക്താക്കളുടെ പത്ത് ശതമാനത്തിനു പോലും പര്യാപ്തമല്ല. മാത്രമല്ല, സര്‍ക്കാര്‍ പദ്ധതികള്‍ ഗുണഭോക്താക്കളുടെ ആവശ്യങ്ങളെ ഭാഗികമായേ പരിഗണിക്കുന്നുള്ളൂ. സര്‍ക്കാര്‍ പദ്ധതികളിലൂടെ ലഭിച്ച നിരവധി വീടുകള്‍ വര്‍ഷങ്ങളായി പണിപൂര്‍ത്തിയാകാതെ കിടക്കുകയാണ്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച പീപ്പിള്‍സ് ഹോം പദ്ധതി അതിനാല്‍ തന്നെ വലിയൊരു സാമൂഹികാവശ്യത്തിന്റെ നിര്‍വഹണമാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വിഭവങ്ങള്‍ കോര്‍ത്തിണക്കി പങ്കാളിത്ത സ്വഭാവത്തിലാവും അത് ആവിഷ്‌കരിക്കുക. 

'പീപ്പിള്‍സ് ഹോം-കേരളത്തിന്റെ ജനകീയ ഭവന പദ്ധതി' എന്ന ഈ സംരംഭം വിധവകള്‍, അനാഥര്‍, മാരക രോഗങ്ങളുടെ ചികില്‍സക്കു വേണ്ടി വീടും കിടപ്പാടവുമടക്കം നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടം സംഭവിച്ച ദരിദ്രര്‍, കടക്കെണിയില്‍പെട്ട് വലയുന്നവര്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് വെറും കൈയോടെ മടങ്ങിയ ഹതഭാഗ്യര്‍ തുടങ്ങിയവര്‍ക്ക് അടിസ്ഥാന ജീവിതാവശ്യമെന്ന നിലയില്‍ വീട്  നിര്‍മിച്ച് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 550000 രൂപ ചെലവില്‍ പരമാവധി 500 സ്‌ക്വയര്‍ ഫീറ്റ് അളവുള്ള ഭവനങ്ങളാണ് നിര്‍മിക്കുക. ചേരി പ്രദേശങ്ങള്‍, ലക്ഷം വീട് കോളനികള്‍, തീരദേശങ്ങള്‍, മലയോര മേഖലകള്‍ തുടങ്ങിയ പിന്നാക്ക പ്രദേശങ്ങളിലെ ജനങ്ങളെ ഈ പദ്ധതിയില്‍ പ്രത്യേകം പരിഗണിക്കും. ഭൂമിയും വീടും, പൂര്‍ണമായ വീട് നിര്‍മാണം, ഭവന നിര്‍മാണ പൂര്‍ത്തീകരണം, പിന്നാക്ക കോളനികളുടെ നവീകരണം, ഭവന റിപ്പയര്‍, ടോയ്‌ലറ്റ് നിര്‍മാണം തുടങ്ങിയ നിരവധി പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പീപ്പിള്‍സ് ഹോം പദ്ധതി. ജാതി-മത പരിഗണനകള്‍ക്കതീതമായി മുഴുവന്‍ കേരളീയരെയും പരിഗണിക്കുന്ന പദ്ധതിയായിരിക്കും ഇത്.

വലിയ സാമ്പത്തിക-മനുഷ്യ വിഭവം ആവശ്യമായ പദ്ധതിയാണ് 'പീപ്പിള്‍സ് ഹോം' പദ്ധതി. ഈ പദ്ധതി നിര്‍വഹണത്തിന് സ്വീകരിച്ച രീതികള്‍ എന്തൊക്കെയാണ്?

ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ടാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. സാമൂഹിക സേവന രംഗത്ത് കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ ഏറ്റെടുത്ത ഓരോ പദ്ധതിയും വിജയിപ്പിച്ചത് ജനങ്ങളാണ്. വിശ്വാസ്യതയോടെ സാമൂഹിക സേവനം നിര്‍ഹിക്കുന്ന സംവിധാനമായി മാറുന്നു എന്നതാണ് ഞങ്ങളുടെ കരുത്ത്. പങ്കാളിത്ത പദ്ധതികളാണ് പീപ്പിള്‍സ് ഹോം പദ്ധതിയിലെ മുഖ്യഘടകം. സാമൂഹിക സേവന മേഖലയില്‍ സജീവമായ വ്യത്യസ്ത സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സംഘടിത സകാത്ത് സംരംഭങ്ങള്‍, പ്രാദേശിക സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പ്രവാസി സേവന കൂട്ടായ്മകള്‍  എന്നിവയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഓരോ പദ്ധതിയിലും ഗുണഭോക്താവിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തും. മറ്റ് സംവിധാനങ്ങളുമായി സഹകരിച്ചുള്ള പദ്ധതിയില്‍ ഒരു വീടിന്റെ നിര്‍മാണത്തിന് നിശ്ചിത തുക പീപ്പിള്‍സ് ഫൗണ്ടേഷനും നിശ്ചിത തുക പ്രാദേശിക സേവന സംരംഭവും വഹിക്കും. അതിന് പുറമേ യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, IRW സേവന വളണ്ടിയര്‍മാര്‍ എന്നിവരുടെ കായിക സേവനവും പദ്ധതിയില്‍ ഉറപ്പ് വരുത്തും. മുഴുവന്‍ കേരളീയരുടെയും സഹകരണം പ്രതീക്ഷിക്കുകയാണ്. വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ഒന്നോ അതിലധികമോ വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. സാമ്പത്തികമായി വലിയ പിന്‍ബലമുള്ളവര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്ക്  വരെ സാമൂഹിക സേവനത്തില്‍ പങ്കാളികളാകുന്നതിനുള്ള അവസരമാണ് ഫൗണ്ടേഷന്‍ ഒരുക്കുന്നത്. ഓരോ വ്യക്തിക്കും അവരവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഒരു വീടിന്റെ നിശ്ചിത എണ്ണം സ്‌ക്വയര്‍ ഫീറ്റ് സ്‌പോണ്‍സര്‍ ചെയ്യാം. ബിസിനസ് സംരംഭകരുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും സഹകരണവും ഇതിന് അനിവാര്യമായി വരും. ദേശീയ അന്തര്‍ ദേശീയ സന്നദ്ധ സംഘടനകളുടെ സഹകരണവും ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ നിര്‍ണായകമാണ്.

ജനങ്ങള്‍ ദാനമായും വഖ്ഫ് ആയും നല്‍കുുന്ന ഭൂമിയാണ് ഈ പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ നിരവധി വ്യക്തികളാണ് ഈ ആവശ്യാര്‍ഥം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി വഖ്ഫ് ആയി നല്‍കുന്നത്. ഒരു കാലത്ത് നിലച്ചു പോയിരുന്ന വഖ്ഫ് സംസ്‌കാരം വീണ്ടും ശക്തമായി തിരിച്ച് വരുന്നതിന്റെ  ശുഭലക്ഷണങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്. മിക്ക ജില്ലകളിലും ആളുകള്‍ ഈ ആവശ്യാര്‍ഥം ഭൂമി ദാനം ചെയ്യാന്‍ തയ്യാറായി വന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഒരു വ്യക്തി ഒരു ഏക്കര്‍ 12 സെന്റ് ഭൂമിയും 10 വീടുകള്‍ നിര്‍മിക്കുന്നതിന് 45 ലക്ഷം രൂപയുമാണ് വഖ്ഫ് ചെയ്തത്. കേരളത്തിലെ സമ്പന്നര്‍ ഇത് പോലെ വലിയ രീതിയില്‍ ഭൂമി വഖ്ഫ് ചെയ്യാന്‍ തയ്യാറായാല്‍ ഭൂരഹിതരും ഭവനരഹിതരുമായ നൂറുകണക്കിന് വ്യക്തികളുടെ കണ്ണീരൊപ്പാന്‍ കഴിയും. സാമൂഹിക സേവനത്തില്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അവരുടെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള പൊതുസേവന സംരംഭമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിലകൊള്ളും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍