രോഹിത് വെമുല ഇന്ത്യന്‍ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നു
രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല എന്ന പട്ടം കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചാര്‍ത്തി നല്‍കിയ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരായ ജാതിവിവേചനം. ''എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം.''-ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പിലെ ഈ വാക്കുകള്‍ ദലിത് സമൂഹം അനുഭവിക്കുന്ന കടുത്ത അപമാനത്തിന്റെയും, തിരസ്‌കാരത്തിന്റെയും കൃത്യപ്പെടുത്തിയ ചിത്രമാണ്.
ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള സാക്ഷരരായ ആദ്യ തലമുറയാണ് അധ്വാനിച്ചുപഠിച്ച് സ്വയം വഴി വെട്ടിത്തെളിച്ച് കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തുന്നത്. മിക്കവരും പട്ടിണി കിടന്നു പഠിച്ചവര്‍, പലരുടെയും അഛനമ്മമാര്‍ക്ക് സ്വന്തം വിലാസം പോലും അറിയില്ല. അക്കാദമിക രംഗത്ത് ദലിത് വിദ്യാര്‍ഥികളെ തളര്‍ത്തുന്നതിലൂടെ നക്ഷത്രങ്ങളെപ്പോലെ ഉദിച്ചുയരുമായിരുന്ന വലിയൊരു ജനവിഭാഗത്തെയാണ് ഇരുട്ടിലേക്ക് തള്ളിവിടുന്നതെന്നോര്‍ക്കണം. മിക്കവാറും സര്‍വകലാശാല പഠനവിഭാഗങ്ങളില്‍ ദലിത് പിന്നാക്ക സമുദായക്കാരായ അധ്യാപകരുടെ എണ്ണം വളരെ കുറവാണ്. സഹാനുഭൂതിയുള്ള അധ്യാപകരുണ്ടെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിവരെ മറികടക്കാമായിരുന്നു. ശാസ്ത്ര വകുപ്പുകളില്‍ മിക്കതിലും മേല്‍ജാതിക്കാരായ കടുംപിടിത്തക്കാരുടെ ഭരണമാണ്. മിക്കവരും ദലിത്-പിന്നാക്ക സംവരണത്തിനെതിര്. ആ വിദ്വേഷം മുഴുവന്‍ അത്തരം വിദ്യാര്‍ഥികളോട് തീര്‍ക്കുകയാണ്; നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ദലിത് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് തടയുക, ഡോക്ടറല്‍ തീസിസ് സമര്‍പ്പിക്കാന്‍ അവസരം നല്‍കാതിരിക്കുക, തീസിസ് ഡ്രാഫ്റ്റ് പരിശോധിക്കാതെ മാറ്റിവെക്കുക, രണ്ടും മൂന്നും വര്‍ഷത്തിന് ശേഷം തീസിസ് ശരിയല്ലെന്ന് പറഞ്ഞ് തള്ളുക, ഗൈഡിനെ അനുവദിക്കാതിരിക്കുക, ഫെലോഷിപ് തടയുക, ഇന്റേണല്‍സിന് മാര്‍ക്ക് കുറച്ചിടുക, രാഷ്ട്രീയ ബോധമുള്ളവരെ ഒറ്റപ്പെടുത്തുക തുടങ്ങി വിവേചനത്തിന്റെ വ്യത്യസ്ത രീതികളാണ് സര്‍വകലാശാലയുടെ ഉത്തരവാദപ്പെട്ടവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ''ഈ കത്ത് വായിക്കുന്നവര്‍ എന്റെ ഏഴ് മാസത്തെ സ്‌കോളര്‍ഷിപ്പ് തുകയായ 1.75 ലക്ഷം രൂപ കുടുംബത്തിന് വാങ്ങിക്കൊടുക്കണം'' എന്ന രോഹിതിന്റെ ആത്മഹത്യക്കുറിപ്പിലെ വാചകം, ഒരു സര്‍വകലാശാല ഭരണകൂടം കാണിക്കുന്ന വിവേചനത്തിന്റെ ആഴം മനസ്സിലാക്കിതരുന്നുണ്ട്.
ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് കരുതിപ്പോരുന്ന ജാതിഭ്രാന്തും സാമൂഹിക ബഹിഷ്‌കരണവുമൊക്കെ രാജ്യത്തെ പ്രശസ്ത സര്‍വകലാശാലകളില്‍ പോലും നിഴല്‍പരത്തുന്നു. ജാതിവ്യവസ്ഥ ഒരു ദലിത് വിദ്യാര്‍ഥിയുടെ ജീവനെടുക്കുന്നതിലേക്ക്‌വരെ എത്തിയെങ്കില്‍, ഭരണകൂടത്തിന് കേവലം ചില നടപടികളിലൊതുക്കി കൈകഴുകാനാവില്ലെന്ന് തീര്‍ച്ച. എത്ര തന്നെ പരിഷ്‌കൃതമായാലും, ഡിജിറ്റല്‍ മേഖലയിലേക്ക് വളര്‍ന്നാലും, ദലിത് ന്യൂനപക്ഷ സമൂഹങ്ങള്‍ ഇപ്പോഴും അരക്ഷിതാവസ്ഥയില്‍ തുടരുന്നുവെങ്കില്‍ രാജ്യത്തിന് ഇതിനകം കൈവന്ന നേട്ടങ്ങള്‍ക്കെല്ലാം പിന്നെന്തു മഹിമ?
ചേലാകര്‍മം ശാസ്ത്രവിരുദ്ധമോ?
'ചേലാകര്‍മം-ക്രൂര സുന്നത്ത്' എന്ന ശീര്‍ഷകത്തില്‍ എന്‍.എ ഹമീദും, 'അഗ്രചര്‍മ ഛേദനം-ഒരു വൈദ്യശാസ്ത്ര വീക്ഷണം' എന്ന ശീര്‍ഷകത്തില്‍ ഡോ. സി. വിശ്വനാഥനും യുക്തിയുഗം മാസിക(2015 ആഗസ്റ്റ്)യില്‍ എഴുതിയ ലേഖനങ്ങളിലെ വാദഗതികളെക്കുറിച്ച പ്രതികരണമാണിത്.
അഗ്രചര്‍മ ഛേദനം (ചേലാകര്‍മം) മതപരമായി നിഷിദ്ധവും ദൈവ നിന്ദയുമാണെന്നാണ് ഹമീദിന്റെ 'കണ്ടെത്തല്‍'. ചേലാകര്‍മം ലൈംഗിക ബന്ധത്തെ ബാധിക്കുമെന്ന 'ശാസ്ത്രീയ' വാദമുയര്‍ത്തുകയാണ് ഡോ. വിശ്വനാഥന്‍. നിസ്സഹായരായ കുട്ടികളെ ആയുഷ്‌കാല ലൈംഗിക വികലാംഗരാക്കുന്ന കൊടിയ പാതകമാണിതെന്നും ഈ യുക്തിവാദി ഡോക്ടര്‍ തട്ടിവിടുന്നു! വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഈ കാലത്ത് അതിലളിതമായി നടത്താവുന്ന അഗ്രചര്‍മ ഛേദനം ഭീകര പീഡനമാണത്രെ!
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ജന സമൂഹങ്ങളില്‍ നടന്നുപോരുന്ന ഒന്നാണ് ചേലാകര്‍മം. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇത് മതാചാരമെന്ന നിലയിലാണ് അനുഷ്ഠിക്കുന്നത്. ''നിങ്ങളില്‍ പുരുഷ പ്രജയൊക്കെയും എട്ട് ദിവസം പ്രായമാകുമ്പോള്‍ പരിഛേദന ഏല്‍പിക്കണം''(ഉല്‍പത്തി 17:12). സെന്‍ട്രല്‍ അമേരിക്ക, ആമസോണ്‍, ആസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ ആദിവാസികളും അബ്‌സീനിയയിലെ ക്രിസ്ത്യാനികളും ഇതനുഷ്ഠിച്ചുവരുന്നു. അമേരിക്കയില്‍ 1980-ലെ കണക്കനുസരിച്ച്, പിറന്നു വീഴുന്ന ആണ്‍ കുട്ടികളില്‍ 64.7 ശതമാനം പേരെയും, നവ ജാത ഘട്ടത്തില്‍ തന്നെ അഗ്രചര്‍മ ഛേദനത്തിന് വിധേയമാക്കി പോന്നു. അറേബ്യയില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചേലാകര്‍മം സാര്‍വത്രികമായിരുന്നു. ഇമാം ഇബ്‌നു തൈമിയയുടെ ശിഷ്യനായ ഇബ്‌നു ഖയ്യിമുല്‍ ജൗസിയ രചിച്ച ഗ്രന്ഥത്തില്‍ ചേലാ കര്‍മം ഇബ്‌റാഹീം നബിയുടെയും അദ്ദേഹത്തിനു ശേഷം വന്ന പ്രവാചകന്മാരുടെയും ചര്യയാണെന്ന് പറയുന്നുണ്ട്. അറബികള്‍ സംഭാഷണ വേളയില്‍ എതിരാളിയെ 'അഗ്‌ലഫ്' (ചേലാകര്‍മം ചെയ്യാത്തവന്‍) എന്ന് വിളിച്ചു പരിഹസിക്കുമായിരുന്നുവത്രെ.
കേരളത്തിലെ ഒരു പ്രബല സമുദായമായ നായന്മാരുടെ ഇടയിലും ഇത് നടപ്പിലുണ്ടായിരുന്നു. 1949-ല്‍ തിരുവനന്തപുരം റെഡ്ഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോവില്‍ നിന്ന് പ്രസിദ്ധീകരിച്ചതും ശ്രീ കുറുപ്പും വീട്ടില്‍ കെ.എന്‍ ഗോപാല പിള്ള രചിച്ചതുമായ കേരള മഹാ ചരിത്രം രണ്ടാം ഭാഗത്തില്‍ 'നായന്മാരുടെ പൂര്‍വികാചാരങ്ങള്‍' എന്ന തലക്കെട്ടില്‍ ഇപ്രകാരം പറയുന്നു: ''ലോകത്ത് എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചുപോന്ന ഒരു ആചാരമാകുന്നു 'ലിംഗ ശസ്ത്രം'. പുരുഷ പ്രജകളുടെ ലിംഗാഗ്രത്തിലുള്ള ബാഹ്യ ചര്‍മം ഛേദിച്ചുകളയുന്ന ക്രിയയാകുന്നു ലിംഗ ശസ്ത്രം. കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതന കാലങ്ങളില്‍ ഈ ആചാരം നടപ്പുണ്ടായിരുന്നു. ദക്ഷിണ തിരുവിതാംകൂറില്‍ ചില പ്രദേശങ്ങളിലെ നായന്മാര്‍ ഒരു പാദശരവര്‍ഷം മുമ്പ് വരെ ഈ കര്‍മം നടന്നുവന്നു. ഇതിന് ചേലാകര്‍മം എന്നും പേരുണ്ട്. ആണ്‍കുട്ടിയെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭ കര്‍മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് ചേലാകര്‍മം എന്ന പേര്‍ സിദ്ധിച്ചു'' (പേജ് 54,55).
ഡോ. വിശ്വനാഥന്‍ 'ശാസ്ത്രവിരുദ്ധ'വും 'അനാരോഗ്യകര'വുമായി കാണുന്ന ചേലാകര്‍മം തല്‍വിഷയകമായി ശാസ്ത്രീയ പഠനം നടത്തിയ പ്രഗത്ഭ ഭിഷഗ്വരന്മാരുടെ വീക്ഷണത്തില്‍ ശാസ്ത്രീയവും, മാരക രോഗ പ്രതിരോധ മാര്‍ഗവുമത്രെ. ലിംഗാഗ്രത്തുള്ള ചര്‍മം വല്ലാതെ ഇടുങ്ങിയിരിക്കുമ്പോള്‍ അത് സംഭോഗത്തെ പ്രതികൂലമായി ബാധിക്കുകയും ചിലപ്പോള്‍ മൂത്രം ഒഴിഞ്ഞുപോവാതെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. മൂത്രം കെട്ടി നില്‍ക്കുന്നത് പലതരം രോഗ പകര്‍ച്ചകള്‍ക്കും കാരണമാകുമെന്നും ഇതിനുള്ള ഏക പ്രതിവിധി പരിഛേദനമാണന്നുമാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്ര വിദഗ്ധന്‍ പി.എം മാത്യു എഴുതുന്നു: ''ബാല്യപ്രായത്തില്‍ തന്നെ ചേലാകര്‍മം ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ലിംഗത്തിന് ബലക്ഷയമോ വൈകാരികാസ്വാദനത്തിന് ഭംഗമോ നേരിടുന്നതല്ല'' (ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, പേജ് 67,68).
''ലിംഗാര്‍ബുദം ജൂതന്മാരില്‍ ഇല്ല തന്നെ. കുറച്ചു വൈകി മാത്രം ചേലാകര്‍മം ചെയ്യുന്ന മുസ്‌ലിംകളിലും ഇത് അപൂര്‍വമാണ്.'' പ്രശസ്ത പാത്തോളിസ്റ്റായ വില്യം ബോയിഡിന്റേതാണ് ഈ വാക്കുകള്‍. ''ഇന്ത്യയില്‍ മതാചാര പ്രകാരം ചേലാകര്‍മം നടത്തിവരുന്ന മുസ്‌ലിംകളില്‍ ലിംഗാര്‍ബുദം വളരെ വിരളമാണ്. എന്നാല്‍ ചേലാകര്‍മം നടത്താത്ത ഹിന്ദുക്കളില്‍ ഇത് 10 ശതമാനവും.'' പറയുന്നത് മറ്റൊരു പാത്തോളജിസ്റ്റായ ആന്‍ഡേഴ്‌സന്‍. ഇസ്രയേലിലും ന്യൂയോര്‍ക്കിലുമുള്ള ജൂത സ്ത്രീകളില്‍ ഇതരരെ അപേക്ഷിച്ച് കാല്‍ഭാഗത്തിന് മാത്രമേ സ്ത്രീകളിലെ 'സെന്‍ര്‍വീമാല്‍ കാന്‍സര്‍' കണ്ടുവരുന്നുള്ളൂ. പുരുഷന്മാരുടെ ചേലാകര്‍മവും അതുവഴി ലിംഗം എപ്പോഴും ശുദ്ധമായിരിക്കുന്നതുമാണ് ഇതിന് കാരണം.
റഹ്മാന്‍ മധുരക്കുഴി
സാധ്യതകളെപ്പറ്റിയാണ് ആലോചിക്കേണ്ടത്
ശക്തമായ സംവേദനക്ഷമതയുള്ള, അതിദ്രുതം സമൂഹത്തെ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. സിനിമ ഹലാലോ ഹറാമോ എന്ന വാദവും മറുവാദവും സാമൂഹിക മാധ്യമങ്ങളില്‍ കൊഴുക്കുന്ന ഈ സാഹചര്യത്തില്‍ നല്ല സിനിമകളുടെ ആവശ്യകതയും അവയുടെ ഗുണാത്മക വശങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നത് നന്നായിരിക്കും. ഇന്നേറെ ജനകീയമായി തീര്‍ന്നിട്ടുള്ള വിനോദോപാധിയായ സിനിമയെ ആശയപ്രചാരണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. പടിഞ്ഞാറന്‍ ജനതക്ക് അന്യമായ ഇസ്‌ലാമിന്റെ മഹത്തായ സംസ്‌കാരത്തെ ആശയ ചോര്‍ച്ച കൂടാതെ അഭ്രപാളികളില്‍ പകര്‍ത്തിയ അതുല്യ വ്യക്തിത്വമായ മുസ്തഫാ അഖാദിന്റെ പ്രവര്‍ത്തന വഴികളില്‍ നമുക്കും മാതൃകയുണ്ട്.
ഇസ്‌ലാമിക സിനിമ എന്ന പുതിയ ശ്രേണിയുണ്ടാക്കാതെ നിലവിലെ ലോക സിനിമയില്‍ ഇസ്‌ലാമിക ചരിത്രത്തെയും ആശയങ്ങളെയും വിളക്കിച്ചേര്‍ത്ത അഖാദിന്റെ രീതി നമുക്കും പ്രാവര്‍ത്തികമാക്കാവുന്നതാണ്. മജീദി മജീദിയെപ്പോലുള്ള ഇറാനിയന്‍ സംവിധായകര്‍ പരിമിത സൗകര്യങ്ങളും പ്രതികൂലസാഹചര്യങ്ങള്‍ക്കുമിടയില്‍ നിന്ന് കുറഞ്ഞ ബജറ്റില്‍ ലോകോത്തര നിലവാരമുള്ള സിനിമകളുമായി ചലച്ചിത്രോല്‍സവങ്ങളിലെത്തുമ്പോള്‍ ആദരവോടെയും തെല്ലസൂയയോടെയുമാണ് നാം നോക്കിക്കാണുന്നത്.
പുതുമയുള്ളതും പ്രയോഗവല്‍ക്കരിക്കാനുതകുന്നതുമായ വിഷയങ്ങള്‍ അഭ്രപാളികളിലെത്തിക്കുക വഴി എന്തിനെയാണ് നാം പ്രതിനിധീകരിക്കുന്നതെന്നും, എന്തിനെയാണ് നിരാകരിക്കുന്നതെന്നും, പറയാതെ തന്നെ പ്രഖ്യാപിക്കാന്‍ നമുക്കാവും.
സുല്‍ഫത്ത് റാഫി
Comments