പാര്‍ക്കാന്‍ നിന്നിരുന്നവര്‍
നജ്മുദ്ദീന്‍ മന്ദലാംകുന്ന്
അനുസരണയുടെആദ്യ പര്യായം
അഴിഞ്ഞു കിട്ടിയത്
ഇവരില്‍ നിന്നാണ്
അധികാരത്തിന്റെ
പിരിമിഡ് മുനകളാല്‍
തുളകള്‍ വീഴ്ത്തിയത്
ഇവരെയാണ്
പണിയെടുത്തെന്റെ
നടുവൊടിഞ്ഞെന്ന
ഉമ്മാടെ നിലവിളികള്‍ക്ക്
ബാലവേല
ഹറാമല്ലാത്ത കാലത്ത്
ഉപ്പ കൊണ്ടുവരും
പാലക്കാട് നിന്ന്
തണുത്ത ചുമരിനോട്
കവിള് ചേര്‍ത്ത് കിടക്കും
പുറത്ത് മഴ തൂളുന്നുണ്ടെന്ന്
അടക്കി പിടിച്ച് പറയും
അസൂറ.
വിറക് പുരക്ക് ചായ്പ്പിലായ്
രണ്ടാം വീട് പണിതിടും
ശാന്ത.
കരിവള, കണ്ണാടി, കണ്‍മഷി
മേല് തേക്കാനൊരു
ചകിരിപ്പീഞ്ഞ.
ഒതുക്കിവെക്കലിന്റെ
താളത്തിലായിരിക്കും
അവളെപ്പൊഴും.
മൈലാഞ്ചി അരക്കണം
പൊട്ടക്ക പറിക്കണം
പൊതിയഴിയുന്ന
കടലാസ് തുണ്ടുകള്‍
പരതിപരതി വായിക്കണം
ഇത്രേയുള്ളൂ സുല്‍ത്താന.
വിരുന്നുകാരനായ്
എത്തുന്നകാലത്തെ
പരിചാരകരായിരുന്നു
ഇവരെല്ലാവരും
ഒരുനാള്‍
ഹോസ്റ്റലടച്ച്
വീട്ടില്‍ തിരിച്ചെത്തിയിട്ടും
നാല് മണിയുടെ
സ്‌കൂള്‍ നിശ്ശബ്ദത
ആരോടെന്നില്ലാതെ ഉമ്മ
പറഞ്ഞുകൊണ്ടേയിരിക്കുന്നു
വാല്യക്കാരികളെന്തിനാ?
എനിക്കെടുക്കാവുന്ന
പണികളേയുള്ളുവിടെ.
Comments