Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

''ഉമ്മയുടെ പ്രാര്‍ഥനയാണ് എന്റെ ജീവിതം തകര്‍ത്തത് ''

ഡോ. ജാസിമുല്‍ മുത്വവ്വ

വിചിത്രമായ പല അനുഭവ കഥകളും അയവിറക്കാനുണ്ട് എനിക്ക്. അതിലൊന്ന് ഒരു യുവാവിന്റേതാണ്. ഗദ്ഗദകണ്ഠനായി അയാള്‍ തന്റെ കദനകഥ പറഞ്ഞുതുടങ്ങി: ''എന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവുമെല്ലാം തകര്‍ന്ന മട്ടാണ്. ആദ്യത്തെ വിവാഹം പരാജയമായിരുന്നു. രണ്ടാമതൊന്ന് പരീക്ഷിക്കാമെന്ന് തോന്നി. അതും പരാജയം. മക്കള്‍ ആദരിക്കുന്നില്ല. വില കല്‍പ്പിക്കുന്നില്ല. കച്ചവടം പൊളിഞ്ഞ പോലെ കുടുംബ ജീവിതവും താറുമാറായി. കടന്നു ചെല്ലുന്ന ഇടങ്ങളിലെല്ലാം പരാജയം എന്നെ വിഴുങ്ങാന്‍ വാ പിളര്‍ന്നിരിക്കുന്നു.'' 

കാരണം തിരക്കിയ എന്റെ സംസാരത്തില്‍ ഇടപെട്ടുകൊണ്ടയാള്‍ തുടര്‍ന്നു: ''ഞാന്‍ ചുരുക്കി പറയാം. എന്റെ പരാജയത്തിനും തകര്‍ച്ചക്കും കാരണം എന്റെ ഉമ്മയെ വെറുപ്പിച്ചതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ ഞാന്‍ ധിക്കരിച്ചു. അനാദരിച്ചു. ചിലപ്പോള്‍ അടിക്കുക പോലും ചെയ്തു. ഉമ്മയെക്കാള്‍ എന്റെ ഭാര്യക്കാണ് ഞാന്‍ മുന്‍ഗണന നല്‍കിയത്. ഉമ്മയുടെ അടുത്ത് ചെല്ലുമ്പോഴെല്ലാം അടക്കിപ്പിടിച്ച സ്വരത്തില്‍ അവര്‍ എനിക്കെതിരെ പ്രാര്‍ഥിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.'' 

തൊണ്ടയിടറി അയാള്‍ പറഞ്ഞവസാനിപ്പിച്ചു: ''എന്റെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമെല്ലാം ഇതാണ് കാരണമെന്ന് എനിക്ക് തോന്നുന്നു.'' 

ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ പറയുന്നത് ശരിയാണ്. മാതാപിതാക്കളെ വെറുപ്പിക്കുകയെന്നത് ഈലോകത്ത് തന്നെ ശിക്ഷക്ക് ഹേതുവാകുന്ന പാപമാണ്. എനിക്ക് നിങ്ങളോട് നിര്‍ദേശിക്കാനുള്ളത് ഒന്നുമാത്രമാണ്. നിങ്ങള്‍ നേരെ ചെന്ന് ഉമ്മയോട് മാപ്പിരക്കുക. ക്ഷമ ചോദിക്കുക. അവരുടെ ശിരസ്സില്‍ ചുംബിക്കുക.''

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാള്‍: ''അതിന് അവര്‍ മരിച്ചുപോയി. എന്നെ കൂടുതല്‍ ദുഃഖാകുലനാക്കുന്നത് അവരുടെ മയ്യിത്ത് നമസ്‌കാരത്തില്‍ പോലും പങ്കുകൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല എന്നതാണ്.'' 

ഇത് പറഞ്ഞപ്പോഴാണ് മനോഹരമായ മറ്റൊരു കഥ എനിക്കോര്‍മ വരുന്നത്. ഒരു സാധാരണ വ്യക്തി. അയാളുടെ കഴിവും സിദ്ധിയുമെല്ലാം സാധാരണ നിലവാരത്തില്‍ ഉള്ളത്. വിദ്യാഭ്യാസവും ഏറെയൊന്നുമില്ല. പക്ഷെ അയാള്‍ മഹാഭാഗ്യവാനാണ്. കൈവെച്ച രംഗത്തെല്ലാം വിജയം. അനുഗൃഹീതന്‍. ജോലിയില്‍ മികവ് പുലര്‍ത്തിയ അയാള്‍ക്ക് ഉദ്യോഗക്കയറ്റം. സാമ്പത്തിക ഭദ്രതയുടെ നിഴലാട്ടം അയാളുടെ മുഖത്ത് പ്രകടമായിരുന്നു. ഞാന്‍ ഒരിക്കല്‍ അയാളോട് ചോദിച്ചു: ''നിങ്ങളുടെ തൊഴില്‍ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഉള്ള ഈ വിജയത്തിന്റെ രഹസ്യം എന്താണ്?'' 

അയാള്‍: ''അത് എന്റെ ഉമ്മയുടെ പ്രാര്‍ഥനയുടെ ഫലമാണ്. ഞാന്‍ എന്റെ ഉമ്മയുടെ ശിരസ്സില്‍ മുത്തമിടാന്‍ മുഖം കുനിക്കുമ്പോഴെല്ലാം എന്റെ ഉമ്മ പ്രാര്‍ഥിക്കുന്നത് കേള്‍ക്കാം: 'അല്ലാഹുവേ! എന്റെ മോന്റെ ശിരസ്സ് എന്നും ഉയര്‍ന്ന് നില്‍ക്കേണമേ!' എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ കഴിഞ്ഞുകൂടുന്നത് ഈ പ്രാര്‍ഥനയുടെയും ആശീര്‍വാദത്തിന്റെയും തണലിലാണ്.'' 

ഇത് തന്നെയാണ് ലോകത്തെ ഏറ്റവും സമ്പന്നനായ ഒരു വ്യക്തിയും എന്നോട് പറഞ്ഞത്: ''എന്റെ മാതാപിതാക്കളുടെ തൃപ്തിയും പൊരുത്തവും അവരുടെ പ്രാര്‍ഥനയുമാണ് എന്റെ വിജയ രഹസ്യം.'' 

ദേഷ്യം പിടിച്ച് മക്കള്‍ക്കെതിരില്‍ ഉമ്മമാര്‍ നടത്തുന്ന പ്രാര്‍ഥനാനുഭവങ്ങളില്‍ ചിലത് എനിക്ക് മറക്കാന്‍ പറ്റാത്തതായുണ്ട്. വിമാന യാത്രയില്‍ ഉണ്ടായ അനുഭവമാണൊന്ന്. അരികത്തുള്ള സീറ്റില്‍ ഒരു ഉമ്മയും കുഞ്ഞുമോളുമാണ് ഇരിക്കുന്നത്. നാല് വയസ്സ് പ്രായമായ ആ കുഞ്ഞിനെ അതികഠിനമായി ശകാരിക്കുകയും ഉച്ചത്തില്‍ ആ കുഞ്ഞിനെതിരില്‍ പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് ഉമ്മ. കുഞ്ഞ് വാവിട്ട് കരയുന്നുണ്ട്. അത്‌പോലെ ഉമ്മയുടെ സ്വരം ഉച്ചസ്ഥായിയില്‍ ഉയര്‍ന്നുപൊങ്ങുന്നുമുണ്ട്. ഞാന്‍ ശബ്ദം താഴ്ത്തി സ്വകാര്യമായി ആ ഉമ്മയെ നബി (സ)യുടെ ഒരു വചനം ഓര്‍മിപ്പിച്ചു. ''മൂന്ന് പ്രാര്‍ഥനകള്‍. അവയ്ക്ക് ഉത്തരം കിട്ടുക തന്നെ ചെയ്യും. അവ തള്ളപ്പെടുകയില്ല. മര്‍ദ്ദിതന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന, മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി നടത്തുന്ന പ്രാര്‍ഥന.'' നബി (സ)യുടെ ഉദ്‌ബോധനം വ്യക്തമാണ്. നാം മക്കളുടെ നന്മക്ക് വേണ്ടി പ്രാര്‍ഥിക്കണം. അവരുടെ നാശത്തിനല്ല. അതാണ് നബി (സ) പഠിപ്പിച്ചത്; ''നിങ്ങള്‍ നിങ്ങള്‍ക്കെതരില്‍ പ്രാര്‍ഥിക്കരുത്. മക്കള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരില്‍ പ്രാര്‍ഥിക്കരുത്. അല്ലാഹുവിനോട് നിങ്ങള്‍ നടത്തുന്ന പ്രാര്‍ഥന ഉത്തരം കിട്ടുന്ന മുഹൂര്‍ത്തവുമായി ഒത്തുവന്നാല്‍ അത് ഫലിച്ചത് തന്നെ.'' അപ്പോള്‍ മനോനിയന്ത്രണമാണ് പ്രധാനം. അതിനേക്കാള്‍ പ്രധാനം ഉരുവിടുന്ന വാക്കുകളുടെ നിയന്ത്രണമാണ്. മക്കള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുത്. അവരുടെ ജീവിതം തകര്‍ക്കാന്‍ അത് ഹേതുവാകും. അവരുടെ മുന്നോട്ടുള്ള ഗമനത്തിന് അത് തടസ്സമാവും. അല്ലെങ്കില്‍ ജീവിതം പരാജയത്തില്‍ കലാശിക്കും. 

മക്കള്‍ക്ക് വേണ്ടി നല്ല പ്രാര്‍ഥനകള്‍ നമുക്ക് സാധ്യമാണല്ലോ. നമുക്ക് ഇങ്ങനെ പ്രാര്‍ഥിക്കാം: ''അല്ലാഹുവേ, എന്റെ മക്കള്‍ക്ക് നീ നേര്‍വഴി കാട്ടേണമേ! അവരാല്‍ എനിക്ക് കണ്‍കുളിര്‍മ നല്‍കേണമേ! എല്ലാ വിപത്തില്‍ നിന്നും അവരെ നീ കാക്കേണമേ! അവരെ നന്നായി വളര്‍ത്താന്‍ എന്നെ നീ സഹായിക്കേണമേ! അവരുടെ അന്തസ്സുയര്‍ത്തേണമേ! അവരുടെ സ്വഭാവം നീ നന്നാക്കേണമേ! നല്ല ചങ്ങാത്തം അവര്‍ക്ക് നല്‍കേണമേ! ചീത്ത ചങ്ങാത്തത്തില്‍ നിന്ന് അവരെ നീ അകറ്റേണമേ! അവര്‍ക്ക് നീ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ ഉതവി നല്‍കേണമേ! മാതാപിതാക്കളായ ഞങ്ങള്‍ക്ക് സേവനവും ശുശ്രൂഷയും നല്‍കുന്ന മക്കളാക്കേണമേ അവരെ!'' 

മനോഹരമായ മറ്റൊരു പ്രാര്‍ഥന ഞാന്‍ കേട്ടത് ഓര്‍ക്കുന്നു: ''അല്ലാഹുവേ! എന്റെ മക്കള്‍ക്ക് നീ യൂസുഫ് നബിയുടെ സൗന്ദര്യവും ലുഖ്മാന്റെ വിജ്ഞാനവും അയ്യൂബിന്റെ ക്ഷമയും മുഹമ്മദ് നബിയുടെ സ്വഭാവവും നല്‍കേണമേ!'' 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍