Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

ഐ.എസ് ഭീകരതയെ എങ്ങനെ ചെറുക്കാം?

ഐ.എസ് എന്നും ദാഇശ് എന്നും വിളിപ്പേരുള്ള ഭീകര സംഘത്തെ എങ്ങനെ നേരിടാം എന്നത് ആഗോളതലത്തില്‍ വലിയൊരു ചര്‍ച്ചാ വിഷയമാണ്. പുതു വര്‍ഷത്തിലും അവര്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന നിരവധി സ്‌ഫോടനങ്ങളുണ്ടായി. ജനങ്ങളുടെ സൈ്വരജീവിതത്തിന് ഐ.എസ് ഭീഷണിയായി തുടരുന്നു എന്നാണ് ഇത് നല്‍കുന്ന വ്യക്തമായ സൂചന. സൈനിക നടപടി കൊണ്ട് ഐ.എസ് പോലുള്ള ഭീകര സംഘങ്ങളെ ഉന്മൂലനം ചെയ്യാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും പരോക്ഷമായി സമ്മതിച്ചതാണ്. ഐ.എസിനെതിരായ സൈനിക നീക്കം കുറെ ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെച്ചുവെന്നല്ലാതെ കാര്യമായ നേട്ടമൊന്നുമുണ്ടാക്കിയില്ല. ഈയൊരു പശ്ചാത്തലത്തില്‍ ഐഎസിനെ നേരിടാനുള്ള പുതിയൊരു വഴി പറഞ്ഞുതരികയാണ് തുനീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ സമുന്നത നേതാക്കളിലൊരാളും ഇസ്‌ലാമിസ്റ്റ് ദാര്‍ശനികനുമായ റാശിദുല്‍ ഗനൂശി. തന്റെ തുനീഷ്യന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അഞ്ച് നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്.

ഒന്ന്, ഐ.എസിനെതിരെ ഒരു ആഗോള സ്ട്രാറ്റജി രൂപപ്പെടുത്തുന്നത് അബദ്ധമാണ്. ഓരോ നാട്ടിലെയും രാഷ്ട്രീയപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ മുതലെടുത്തുകൊണ്ടാണ് ഐ.എസ് റിക്രൂട്ടുകളെ സംഘടിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി കടുത്ത ഏകാധിപത്യം നിലനിന്ന തുനീഷ്യ, ഈജിപ്ത്, യമന്‍, ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഐ.എസിന് ഏറ്റവും കൂടുതല്‍ അനുയായികളെ ലഭിക്കുന്നത് എന്നോര്‍ക്കണം. ഈ ഓരോ രാഷ്ട്രത്തിലും വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഐ.എസിനെ നേരിടാന്‍ ഒരേ സ്ട്രാറ്റജി പോരാ; ദേശീയമായ വ്യത്യസ്ത സ്ട്രാറ്റജികള്‍ തന്നെ വേണം. രണ്ട്, ഐ.എസിനെതിരായ നീക്കം ചിലതിനെതിരെയുള്ള പോരാട്ടമായി ചുരുങ്ങിപ്പോകരുത്; ചിലത് നേടിയെടുക്കാന്‍ കൂടിയാവണമത്. ഐ.എസ് ഭീകരതക്കും ബശ്ശാര്‍ മോഡല്‍ സ്വേഛാധിപത്യത്തിനും ഒരു ബദല്‍ സമര്‍പ്പിക്കാന്‍ കൂടി കഴിയണമെന്നര്‍ഥം. വിവേചനവും അരക്ഷിതത്വവും ദാരിദ്ര്യവും അഴിമതിയും നിര്‍മാര്‍ജനം ചെയ്യുന്ന ഒരു ബദല്‍ രാഷ്ട്രീയ, സാമൂഹിക സംവിധാനം. ജനാധിപത്യത്തിന് വേണ്ടത്ര ഇടം അനുവദിക്കുന്നതിലൂടെ, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമേ ഈ ബദല്‍ സാധ്യമാവൂ. അങ്ങനെ വന്നാല്‍ ഇത്തരം ഭീകര പ്രസ്ഥാനങ്ങള്‍ താനേ കെട്ടടങ്ങിക്കൊള്ളും.

മൂന്ന്, പൗര സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഐ.എസിനെ ചെറുക്കാനാവില്ല. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം മത സ്വാതന്ത്ര്യം അതില്‍ പരമ പ്രധാനമാണ്. യഥാര്‍ഥ മത ശാസനകള്‍ പഠിക്കാന്‍ യുവാക്കള്‍ക്ക് അവസരമുണ്ടാകുമ്പോഴേ ഐ.എസിന്റെ ഇസ്‌ലാം ദുര്‍വ്യാഖ്യാനങ്ങളെ തുടച്ചുനീക്കാനാവൂ. പക്ഷേ, അറബ് ലോകത്ത് സംഭവിക്കുന്നത് നേരെ മറിച്ചാണ്. തുനീഷ്യയില്‍ മോഡറേറ്റ് ഇസ്‌ലാമിന്റെ പ്രതിനിധാനമായ സൈത്തൂന യൂനിവേഴ്‌സിറ്റിയും അതുപോലുള്ള വൈജ്ഞാനിക സ്ഥാപനങ്ങളും അധികാരികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. യഥാര്‍ഥ ഇസ്‌ലാമിനെ അറിയാന്‍ അവസരമില്ലാതാവുമ്പോള്‍ യുവാക്കള്‍ തീവ്രവാദത്തിലേക്ക് പോകും. യഥാര്‍ഥ ഇസ്‌ലാമിനെ പഠിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേ തീവ്രവാദത്തെ നേരിടാനാവൂ. 

നാല്, ജനാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളിലെ ജനജീവിതം മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം അകമഴിഞ്ഞ് സഹായിക്കണം. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മാത്രം മതിയാവുകയില്ല. സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ മെച്ചപ്പെടാതിരിക്കുകയും തൊഴിലില്ലായ്മ പെരുകുകയുമൊക്കെ ചെയ്താല്‍ ഭരണമാറ്റം കൊണ്ട് മാത്രം യുവാക്കളെ വഴിതെററുന്നതില്‍ നിന്ന് പിടിച്ചുനിര്‍ത്താനാവില്ല. വിപ്ലവത്തില്‍ വിശ്വാസമര്‍പ്പിച്ചവരുടെ പ്രതീക്ഷകള്‍ക്കൊത്ത് പുതിയ ഭരണകൂടത്തിന് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ നിരാശരായ വലിയൊരു വിഭാഗം പലതരം തീവ്രവാദങ്ങളിലേക്ക് തിരിച്ചുപോകും.

അഞ്ച്, പശ്ചിമേഷ്യയില്‍ ഐ.എസിനെ ചെറുക്കാന്‍ രൂപം കൊടുക്കുന്ന ഏത് സ്ട്രാറ്റജിയുടെയും കേന്ദ്ര സ്ഥാനത്ത് വരേണ്ടത് യുവാക്കളാണ്. കാരണം ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതും വിപ്ലവം കൊണ്ടുവന്നതുമെല്ലാം അവരാണ്. പശ്ചിമേഷ്യ-വടക്കനാഫ്രിക്ക മേഖലകളില്‍ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗം യുവാക്കളാണ്; ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ളതും ഇവരില്‍ തന്നെ. യുവാക്കളെയും അവരുടെ പ്രശ്‌നങ്ങളെയും മുഖ്യ അജണ്ടയായി എടുക്കാത്ത ഏത് നീക്കവും ഫലപ്രാപ്തിയിലെത്തുമെന്ന് കരുതാനാവില്ല.

ഗനൂശിയുടെ ഈ അഞ്ച് നിര്‍ദേശങ്ങള്‍ പശ്ചിമേഷ്യ പശ്ചാത്തലമാക്കിയുള്ളതാണ്. വിശദാംശങ്ങള്‍ ഓരോ നാട്ടിലെയും ഭരണകൂടവും രാഷ്ട്രീയ-സാംസ്‌കാരിക-മത കൂട്ടായ്മകളും ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യഥാര്‍ഥ ഇസ്‌ലാമിനെ അറിയാനുള്ള അവസരം ധാരാളമായി സൃഷ്ടിക്കുക എന്നതാണ് പ്രധാനം. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മറ്റു പിന്നാക്ക വിഭാഗങ്ങളോടൊപ്പം മുസ്‌ലിംകളും തഴയപ്പെടുന്നതും വിവേചനങ്ങള്‍ക്കിരയാവുന്നതും നിരപരാധികളായ ചെറുപ്പക്കാര്‍ ഭീകരക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നതുമൊക്കെ ചിലരെയെങ്കിലും തീവ്രവാദത്തിന്റെ വഴികളില്‍ കൊണ്ടെത്തിക്കുന്നുണ്ടാവാം. ഗനൂശി സൂചിപ്പിച്ചതുപോലെ, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഐ.എസ് പോലുള്ള ഭീകര സംഘങ്ങളെ ചെറുക്കാനുള്ള ഫലപ്രദമായ വഴി . 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍