Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

ഇന്റര്‍നെറ്റ് യുഗത്തിലെ ഖുര്‍ആന്‍ താക്കീതുകള്‍

ഡോ. കെ.എ നവാസ്

മനുഷ്യകുലത്തിനു വേണ്ടി എക്കാലത്തേക്കുമായി അവതരിക്കപ്പെട്ടതാണ് ഖുര്‍ആന്‍ എന്നത് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നുണ്ട് ചില ഖുര്‍ആന്‍ വചനങ്ങള്‍. ഖുര്‍ആന്‍ അവതീര്‍ണമായ കാലത്തുനിന്ന് വളരെ ഭിന്നമായ അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. വിജ്ഞാന വിസ്‌ഫോടനം ഗോളാന്തര യാത്രകളിലേക്കും ജീവശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും മനുഷ്യനെ എത്തിച്ചിരിക്കുന്നു. എന്നിട്ടും ഖുര്‍ആന്‍ പുനര്‍വായനയും വരികള്‍ക്കിടയിലെ വായനയും നമുക്ക് പകരുന്നത് ഇന്നിന്റെ ഓരോ പ്രശ്‌നത്തിനും ഖുര്‍ആനില്‍ വഴിവെളിച്ചമുണ്ടെന്നതാണ്. വ്യക്തികള്‍, രാജ്യങ്ങള്‍, സംവിധാനങ്ങള്‍ എന്നിവയുടെ നാമങ്ങള്‍ പൊതുവെ ഖുര്‍ആന്‍ ഒഴിവാക്കുന്നത് കാലാതീതമായ അനുയോജ്യതക്കുവേണ്ടിയാവാം. വ്യക്തികളെ പേരെടുത്തു പരാമര്‍ശിക്കാതെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതുപോലെ കാലത്തിനനുസൃതമായി സൃഷ്ടിക്കപ്പെടുന്ന സംജ്ഞകളും ഖുര്‍ആനില്‍ ഉപയോഗിക്കുന്നില്ല. അതപ്രായോഗികവുമാണ്. ആഇശ (റ), അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം (റ), കഅ്ബ് (റ), മുറാറത് (റ) തുടങ്ങിയവരെ സൂചിപ്പിച്ചിടത്തെല്ലാം അവരുടെ പേരുകളൊഴിവാക്കിയിട്ടുണ്ടല്ലോ. അതുപോലെത്തന്നെ ഇന്റര്‍നെറ്റ്, വാട്ട്‌സ് ആപ്, ഫേസ്ബുക്ക് എന്നിങ്ങനെ ആഗോളപരിചിതങ്ങളായ പേരുകള്‍ ഖുര്‍ആനില്‍ കാണാനില്ലെങ്കിലും അവയെ കുറിച്ചാണ് പറയുന്നതെന്ന് തോന്നുമാറാണ് പല വചനങ്ങളുടെയും ആശയസമൃദ്ധി. 

ഖുര്‍ആന്റെ ആത്മാവിന് അനവധി ഭാവങ്ങളുണ്ട് അവയിലൊന്നാണ് താക്കീതിന്റെ സ്വരം. ഏതുതരത്തിലുള്ള സമൂഹ മാധ്യമങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് അല്ലാഹു താക്കീതു നല്‍കുന്നുണ്ട്. ഏതെല്ലാം രീതിയില്‍ തിന്മകള്‍ കടന്നുവരുന്നുവെന്നും അവയെ എങ്ങനെ പ്രതിരോധിക്കണമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ത്തമാനകാലത്ത് പ്രചുരപ്രചരം നേടിയ സോഷ്യല്‍ നെറ്റുവര്‍ക്കുകളെക്കുറിച്ചും വരാനിരിക്കുന്ന അതിനൂതന സങ്കേതങ്ങളിലധിഷ്ഠിതമായ വാര്‍ത്താപ്രചാരണ മാധ്യമങ്ങളെക്കുറിച്ചുപോലും അല്ലാഹു പറയാതെ പറയുന്നുണ്ട്. 

പത്രമാധ്യങ്ങളെക്കുറിച്ചുള്ള താക്കീത്

പത്രമാധ്യമങ്ങള്‍ പത്രധര്‍മം മറക്കുന്നു എന്ന ആക്ഷേപമുണ്ട്. പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു (Paid News) എന്നതാണ് പുതിയ വിവാദം. രാഷ്ട്രീയ ചേരിതിരിവും പക്ഷപാതിത്വവും ഇന്നു പത്രങ്ങളില്‍ പ്രകടമാണ്. ചരിത്രം കണ്ടതില്‍ ഏറ്റവും വലിയ നരമേധം നടത്തിയ നാസികളുടെ ഏറ്റവും വലിയ സഹായി, ഹിറ്റ്‌ലറിന്റെ വലംകൈയായിരുന്ന ജോസഫ് ഗീബല്‍സ് എന്ന പ്രചാരണ മന്ത്രിയായിരുന്നു. തുടര്‍ച്ചയായി കള്ളം പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമെന്നും, പറയുമ്പോള്‍ ഏറ്റവും വലിയ കള്ളം തന്നെ പറയണമെന്നുമായിരുന്നു അയാളുടെ തത്വം. ഗീബല്‍സിയന്‍ തത്ത്വങ്ങള്‍ മുറുകെപ്പിടിക്കുന്ന പത്രമാധ്യമങ്ങള്‍ ഇന്നുമുണ്ട്. പല പത്രങ്ങള്‍ വായിച്ചാലേ ഏറക്കുറെ ശരിയായ വാര്‍ത്ത ലഭിക്കൂ എന്നതാണ് ഇന്നത്തെ സ്ഥിതി. അല്ലാഹു പറയുന്നു: ''വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്തിവെക്കാതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും.'' (അല്‍ഹുജുറാത്ത്: 6). പത്രവാര്‍ത്തകളെയാണ് അല്ലാഹു ഈ വചനത്തില്‍ പറയുന്നതെന്നു തോന്നും വരികള്‍ക്കിടയില്‍ വായിച്ചാല്‍. പെയ്ഡ് ന്യൂസിനെക്കുറിച്ചും കള്ളവാര്‍ത്തകളെക്കുറിച്ചും അന്നേ ഖുര്‍ആനില്‍ രേഖപ്പെടുത്തപ്പെട്ടുവെന്ന് വ്യക്തമാവും. വാര്‍ത്തകളെപ്പോലും സമൂഹ വാര്‍ത്താ മാധ്യമങ്ങള്‍ (Mass communication media) തട്ടിപ്പിനും ബ്ലാക്‌മെയിലിനും ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് വ്യക്തികളിലൂടെയോ മാധ്യമങ്ങളിലൂടെയോ വരുന്ന ഏതു വാര്‍ത്തയും അതേപടി വിശ്വസിക്കരുതെന്നും അതിന്റെ നിജസ്ഥിതി അറിയേണ്ടത് വിശ്വാസിയുടെ ഉത്തരവാദിത്വമാണെന്നുമാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. 

അന്യന്റെ സ്വകാര്യതകളിലേക്കെത്തിനോക്കി സ്‌തോഭജനകമായ വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പത്ര മുതലാളിമാര്‍ തീറ്റിപ്പോറ്റുന്ന പപ്പരാസ്സികളുണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. ഡയാന രാജകുമാരിയുടെ ജീവന്‍ തന്നെ കവരപ്പെട്ടത് ഇത്തരക്കാരില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. ഈ അടുത്തകാലത്ത് അത്തരം ഒരു വാര്‍ത്ത ചോര്‍ത്താനുള്ള ശ്രമമാണ് ഇന്ത്യക്കാരിയായ നഴ്‌സിന്റെ ആത്മഹത്യയില്‍ കലാശിച്ചത്. വില്യം രാജകുമാരന്റെ പത്‌നിയുടെ ഗര്‍ഭവിശേഷങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതില്‍ പങ്കുവഹിച്ചു എന്നത് വിവാദമായപ്പോഴാണ് നഴ്‌സ് ആത്മഹത്യ ചെയ്തത്. ഖുര്‍ആനില്‍ പറഞ്ഞതുപോലെ, ആ പത്രക്കാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടായിരിക്കണം. യുഗപ്രഭാവന്മാരായ വക്കം 

അബ്ദുല്‍ഖാദര്‍ മൗലവി, കെ.എം സീതിസാഹിബ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്നിവര്‍ തങ്ങളുടെ കീഴിലുണ്ടായിരുന്ന, യഥാക്രമം സ്വദേശാഭിമാനി, യൂനിറ്റി, ഐക്യം എന്നീ പത്രങ്ങളില്‍ പത്രധര്‍മത്തിന്റെ മഹനീയ മാതൃകകള്‍ കാണിച്ചു തന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 

ഇന്റര്‍നെറ്റിനെക്കുറിച്ച് താക്കീത്

ഇന്റര്‍നെറ്റിന്റെ ആഗമനവും പ്രചാരവും അതിന്റെ സെല്‍ഫോണ്‍ ബാന്ധവവും ഇന്ന് കടലാസ് രഹിത പത്രവാര്‍ത്തകളും ദൃശ്യ-ശ്രാവ്യ വിവരങ്ങളും അതിശീഘ്രം വ്യക്തികളിലേക്കെത്തിക്കുന്നു. ഇന്റര്‍നെറ്റടിസ്ഥാന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്ന പരദൂഷണങ്ങളും കിംവദന്തികളുമുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. മൊബൈല്‍ ഫോണും അതില്‍ ഇന്റര്‍നെറ്റ് കണക്ഷനും കൂടിയായപ്പോള്‍ പണ്ടത്തെ അടുക്കള പരദൂഷണങ്ങള്‍ ഇന്നു ഇ-പരദൂഷണങ്ങള്‍ (Electronic Defaming) ആയി മാറി. മുമ്പ് വ്യക്തികളുടെ സാന്നിധ്യം കൊണ്ടുമാത്രം നടക്കുമായിരുന്ന പരദൂഷണങ്ങളും കിംവദന്തികളും ഇന്ന് ലോകത്തിന്റെ ഏതുകോണില്‍ നിന്നും ചെയ്യാമെന്നായിരിക്കുന്നു. ഇതിനേക്കാളുപരി അത് അതിവേഗത്തില്‍ പ്രചരിക്കുകയും ഇന്റര്‍നെറ്റ് ഭണ്ഡാരത്തില്‍ സ്ഥിരമായി നിലനില്‍ക്കുകയും ചെയ്യുന്നു. പക്വതയും പാകതയുമെത്താത്ത കുട്ടികള്‍ അതില്‍ ഭാഗഭാക്കാകുക കൂടി ചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നു. 

മേല്‍പ്പറഞ്ഞ മാധ്യമങ്ങള്‍ അതീവ ഉപകാരപ്രദമാണെങ്കിലും അവയുടെ ദൂഷ്യവശങ്ങള്‍ ഭയാനകമാണ്. ഈ ദൂഷ്യവശങ്ങളെക്കുറിച്ചു ഖുര്‍ആന്‍ പറയുമ്പോള്‍ അവ ഇപ്പറഞ്ഞ മാധ്യമങ്ങളെക്കുറിച്ചു തന്നെയാണ് പറയുന്നതെന്നു നമുക്ക് തോന്നും.  ''സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷയുണ്ട്.'' (അന്നൂര്‍:19) 

സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് താക്കീത്

കേട്ടുകേള്‍വിയെ അപ്പാടെ വിശ്വസിച്ചാല്‍ വ്യക്തിക്കു മാത്രമല്ല സമൂഹത്തിനും ആപത്താണ്. സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന കിംവദന്തികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിന്റെ ആപത്തുകള്‍ അസമിലും മുസഫര്‍ നഗറിലും അരങ്ങേറിയ കൂട്ടക്കൊലകളില്‍ നാം കണ്ടതാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അശ്ലീലപ്രചാരണം ഒരു സാമൂഹിക വിപത്തായി പരിണമിച്ചിരിക്കുന്നു. എന്നാല്‍, അതിന്റെ സ്വീകര്‍ത്താവിന് അത്തരം കാര്യങ്ങള്‍ സ്വീകരിക്കാനോ തള്ളാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ ലൈക് എന്നൊരു സംവിധാനമുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ വാര്‍ത്ത ഇഷ്ടപ്പെട്ട് സ്വീകരിച്ചെന്നും ഇല്ലെങ്കില്‍ അതു തള്ളുന്നുവെന്നുമാണ് അര്‍ഥം. വിശ്വാസി അതു തള്ളുകതന്നെ വേണമെന്ന് അല്ലാഹു പറയുന്നു: ''പാഴ്‌മൊഴികള്‍ കേട്ടാല്‍ അവരതില്‍ നിന്ന് വിട്ടകലും'' (അല്‍ ഖസ്വസ്വ്: 55). 

ഖുര്‍ആനിലെ ഒരു വചനം ശ്രദ്ധിക്കുക: ''ജനങ്ങളില്‍ വ്യര്‍ഥഭാഷണം വിലക്കു വാങ്ങുന്ന ചിലരുണ്ട്.'' വ്യര്‍ഥഭാഷണം എന്നതിനു പകരം വിനോദവാര്‍ത്തകള്‍ എന്നും പരിഭാഷയുണ്ട്. ഏതായിരുന്നാലും ഇപ്പറഞ്ഞത് വാട്ട്‌സ്ആപ്പിനെക്കുറിച്ചാണെന്നു തോന്നിയാല്‍ തെറ്റില്ല. ഓരോ ഉപഭോക്താവും പണം ചെലവാക്കിയാണ് അനാവശ്യ ദൃശ്യ ശ്രാവ്യ വാര്‍ത്തകള്‍ മൊബൈല്‍ ഫോണിലൂടെ സ്വീകരിക്കുന്നത്. പരദൂഷണങ്ങളും കിംവദന്തികളും അപവാദ പ്രചാരണങ്ങളും കച്ചവടവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഒരോ പരദൂഷണവും കിംവദന്തിയും മെസേജുകളായി മൊബൈല്‍ ഫോണുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളില്‍ നിന്ന് കമ്പ്യൂട്ടറുകളിലേക്കും പായുമ്പോള്‍ അത് പണത്തിന്റെ രൂപത്തില്‍ ബഹുരാഷ്ട്ര കുത്തകകളുടെ കീശകള്‍ നിറയ്ക്കുകയാണ്. 

പരദൂഷണത്തെ അല്ലാഹുവും നബി തിരുമേനിയും കഠിനമായി നിരോധിച്ചിട്ടുണ്ട്. നാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കാന്‍ പ്രവാചകന്‍ പലവുരു സ്വഹാബികളോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു നാവിനു പകരമായി ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളാണെന്നു മാത്രം. പരദൂഷണത്തെ സഹോദരന്റെ ശവം ഭുജിക്കുന്നതിനോടുപമിച്ചത് അല്ലാഹു തന്നെയാണ് എന്നതില്‍ നിന്ന് പരദൂഷണം എത്ര നീചമാണെന്നു വ്യക്തം. വ്യക്തിഹത്യ, താറടിച്ചുകാണിക്കല്‍, കരിയര്‍ നശിപ്പിക്കുന്നതിനുള്ള ആസൂത്രിത ശ്രമം എന്നിങ്ങനെ അനവധി ഭാവങ്ങളില്‍ ഇവ പൊതുജനമധ്യേ കടന്നുവരുന്നുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍