Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ജീവിതവും പ്രബോധനവും

കെ.ടി ഹുസൈന്‍

മുസ്‌ലിം ജീവിതത്തെ സാംസ്‌കാരികമായും ധാര്‍മികമായും അഗാധമായി സ്വാധീനിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). ഇമാം ഗസ്സാലിയെയും ഇബ്‌നു തൈമിയയെയും പോലുള്ള പരിഷ്‌കര്‍ത്താക്കളുടെ നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചത് വൈജ്ഞാനിക, ദാര്‍ശനിക രംഗത്താണെങ്കില്‍ ജീലാനിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത് മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക, ധാര്‍മിക മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ ജീലാനി മരണപ്പെട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം ഇന്നും ലോകത്തുടനീളമുള്ള മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്നു എന്ന് മാത്രമല്ല, അദ്ദേഹം അടിത്തറ പാകിയതോ അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ടതോ ആയ ഖാദിരിയ്യ എന്ന സ്വൂഫി സരണി വഴി ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി കടന്ന് വരുകയും ചെയ്തിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും, കേരളമടക്കമുള്ള ഇന്ത്യയുടെ തെക്കന്‍ തീരപ്രദേശങ്ങളിലുമെല്ലാം മിഷനറി സ്വഭാവത്തില്‍ തന്നെ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ച ഹദ്‌റമി സാദാത്തുക്കള്‍ ഖാദിരി സരണിയിലുള്ളവരായിരുന്നു. കേരളത്തില്‍ സാമൂഹിക വൈജ്ഞാനിക നവോത്ഥാനത്തിന് അടിത്തറയിട്ട ആദ്യ കാല മഖ്ദൂമുകള്‍ക്കും ഖാദിരിയ്യാ സരണിയുമായി ബന്ധമുണ്ടായിരുന്നു.  

അതേസമയം അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ വ്യക്തിത്വവും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെട്ട ത്വരീഖത്തും പില്‍ക്കാലത്ത് വമ്പിച്ച തോതില്‍ സ്ഥാപനവല്‍കൃതമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും നിമിത്തമായി എന്നതും ഒരു വസ്തുതയാണ്. തൗഹീദിന്റെ അടിത്തറയുറപ്പിക്കാന്‍ തന്റെ ജീവിതകാലമത്രയും ചെലവഴിച്ച ഇബ്‌റാഹീം പ്രവാചകന്‍ പോലും പില്‍ക്കാലത്ത് വിഗ്രഹവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സ്ഥാപനവല്‍കൃത അന്ധവിശ്വാസത്തിന് ജീലാനിയുടെ വ്യക്തിത്വം നിമിത്തമായതില്‍ യാതൊരല്‍ഭുതവുമില്ല. എന്നാല്‍ ജീലാനിയുടെ വ്യക്തിത്വവും പ്രവര്‍ത്തനവും ശരിയായ രീതിയില്‍ പഠിക്കുന്നതിലും വിലയിരുത്തുന്നതിലും അന്ധവിശ്വാസം ഹൈജാക്ക് ചെയ്ത അദ്ദേഹത്തിന്റെ വ്യക്തിത്വം തടസ്സമായിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ ജീവചരിത്രമെന്ന പേരില്‍ അറബിയില്‍ വിരചിതമായ പലതും കെട്ടുകഥകളും ഭാവനകളും കുത്തി നിറച്ച് ജീലാനിയെ അതിമാനുഷനോ ഇതിഹാസപുരുഷനോ ആക്കുന്നവയാണ്. കേരളക്കാരനായ ഖാദി മുഹമ്മദ് തന്റെ പ്രശസ്ത കാവ്യമായ മുഹ്‌യിദ്ദീന്‍ മാല രചിച്ചത് ഇത്തരം കെട്ടുകഥകളാല്‍ സമ്പന്നമായ ഗ്രന്ഥങ്ങളെ അവലംബമാക്കിയാണെന്ന് അതിന്റെ ആമുഖത്തില്‍ തന്നെ സൂചനയുണ്ട്. അതിനാല്‍ ജീലാനിയുടെ പ്രവര്‍ത്തനം ശരിയാംവണ്ണം മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റേ ഉല്‍ബോധനങ്ങളുടെയും സാരോപദേശങ്ങളുടെയും സമാഹാരമായ ഫുതൂഹുല്‍ ഗൈബ്, അല്‍ഫത്ഹുര്‍റബ്ബാനി തുടങ്ങിയ ഗ്രന്ഥങ്ങളും, ഇബ്‌നു കഥീര്‍, ഇബ്‌നു ഖല്ലിഖാന്‍ തുടങ്ങിയ പൗരാണികരും അബുല്‍ ഹസന്‍ അലി നദ്‌വിയെ പോലുള്ള ആധുനികരുമായ  ചരിത്രകാരന്മാര്‍  അദ്ദേഹത്തെ കുറിച്ച് കോറിയിട്ട വളരെ ചുരുങ്ങിയ വിവരണങ്ങളെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ. 

ജീലാനിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ സ്വഭാവം മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് സാമാന്യധാരണയെങ്കിലും ആവശ്യമാണ്. കാരണം ഒരു പരിഷ്‌കര്‍ത്താവിനെ രൂപപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണയിക്കുന്നതും അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളാണെന്നത് ഏതൊരു പരിഷ്‌കര്‍ത്താവിനും ബാധകമായ സാമാന്യതത്ത്വമാണ്.  ഖിലാഫത്തുര്‍റാശിദക്ക് ശേഷമുള്ള മുസ്‌ലിം സാമ്രാട്ടുകളുടെ സ്വേഛാധിപത്യ വാഴ്ച ഇസ്‌ലാമിക സമൂഹത്തിന്റെ ധാര്‍മികതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയിരുന്നു. പണവും പ്രതാപവും മാത്രം ലക്ഷ്യമായ ഒരു മധ്യവര്‍ഗത്തിന്റെ ഉദയമായിരുന്നു അതിലേറ്റവും പ്രധാനം. ഏതൊരു നാഗരികതയിലും മധ്യവര്‍ഗമായിരിക്കുമല്ലോ സമൂഹത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്തുകയും നിര്‍ണയിക്കുകയും ചെയ്യുന്നത്. ഇസ്‌ലാമിക നാഗരികതയിലും അതങ്ങനെത്തെന്നെയായിരുന്നു. താന്താങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥം പരസ്പരം പ്രീണിപ്പിക്കുന്ന നിലപാടാണ് ഭരണവര്‍ഗവും അവരുടെ ഒത്താശക്കാരായ മധ്യവര്‍ഗവും പുലര്‍ത്തിയിരുന്നത്. ഈ പ്രീണനത്തിന്റെ വഴിയില്‍ പൊതു ഖജനാവ് വ്യാപകമായി ധൂര്‍ത്തടിക്കപ്പെട്ടു. മധ്യവര്‍ഗത്തിന്റെ പൊങ്ങച്ച നാട്യങ്ങളും സുഖലോലുപതയും പൊതുജനത്തെയും സ്വാധീനിക്കാതിരിക്കുകയില്ലല്ലോ. മധ്യവര്‍ഗം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ തിന്മ കടിഞ്ഞാണില്ലാത്ത  ഉപഭോഗാസക്തിയാണ്. ഇത് എന്തുചെയ്തും പണമുണ്ടാക്കാനുള്ള ത്വര പൊതു ജനങ്ങളില്‍ സ്യഷ്ടിക്കുമെന്ന് മാത്രമല്ല, ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താനുള്ള മല്‍സരത്തില്‍ പുറംതള്ളപ്പെടുമ്പോള്‍ സ്വാഭാവികമായ നിരാശ പൊതുജനത്തില്‍ പടരുകയും ചെയ്യും. അത്തരമൊരു സമൂഹത്തില്‍ ത്യാഗം, സഹാനുഭൂതി, ക്ഷമ, ഉള്ളത് കൊണ്ട് തൃപ്തിപ്പെടല്‍ തുടങ്ങിയ ഉദാത്ത ഗുണങ്ങള്‍ മൃതപ്രായമാവുകയും സ്വാര്‍ത്ഥത മാത്രം സര്‍വരംഗങ്ങളും കൈയടക്കുകയും ചെയ്യും. മുസ്‌ലികളായതിനാല്‍ ദൈവവിശ്വാസവും പരലോകചിന്തയും ഒരാദര്‍ശമെന്ന നിലയില്‍ സമൂഹത്തില്‍ നിലനില്‍ക്കുമെങ്കിലും പ്രായോഗിക ജീവിതത്തില്‍ അതിന് വലിയ സ്ഥാനമൊന്നും ഉണ്ടാവുകയില്ല. ശൈഖ് ജീലാനി ജീവിച്ച കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു ചിത്രമായിരുന്നു ഇത്.

വിശ്വാസത്തിന്റെ ചൈതന്യത്തെയും പരലോക ബോധത്തെയും ഉദ്ദീപിപ്പിച്ച്  ഭൗതികാസക്തിയെയും തൃഷ്ണകളെയും നിരുല്‍സാഹപ്പെടുത്തുകയും ലക്ഷ്യത്തെ ദൈവ പ്രീതിയിലും പരലോക മോക്ഷത്തിലും കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു പ്രബോധന സംസ്‌കരണ പദ്ധതിയായിരുന്നു ആ കാലഘട്ടത്തിലെ ഇസ്‌ലാമികമായ പ്രധാന ആവശ്യം. നമുക്കതിനെ ഇസ്‌ലാമിക നവോത്ഥാനമെന്നും വ്യവഹരിക്കാവുന്നതാണ്. ഓരോ കാലഘട്ടത്തിലെയും ഇസ്‌ലാമികമായ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്ന ചിന്താപരവും കര്‍മപരവുമായ പദ്ധതികളാണല്ലോ ഇസ്‌ലാമിക നവോത്ഥാനമായി വ്യവഹരിക്കപ്പെടാറുള്ളത്. ഭരണാധികാരികളില്‍ കൊള്ളരുതാത്തവര്‍ ഉണ്ടായിരുന്നുവെങ്കിലും ഇസ്‌ലാമിക സാമൂഹിക ക്രമം നിലനിന്നിരുന്ന സാഹചര്യത്തില്‍ അത്തരം പ്രവര്‍ത്തനം തന്നെയാണ് ഇസ്‌ലാമിക നവോത്ഥാനമെന്ന കാര്യത്തില്‍ സംശയമില്ല. ഏതായിരുന്നാലും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി താന്‍ ജീവിച്ച കാലഘട്ടത്തില്‍ ഇത്തരമൊരു പ്രബോധന സംസ്‌കരണ പദ്ധതി ഏറ്റെടുത്ത് വിജയിപ്പിച്ച മഹാനായ പരിഷ്‌കര്‍ത്താവായിരുന്നു. തന്റെ ദൗത്യത്തില്‍ അദ്ദേഹം അഭൂതപൂര്‍വമായ വിജയം നേടിയെന്നതിന്റെ തെളിവാണ്-പില്‍ക്കാലത്ത് തന്റെ വ്യക്തിത്വം അതിഭാവുകത്വങ്ങളാല്‍ വലയം ചെയ്യപ്പെട്ടുവെങ്കിലും-ഇന്നും ഇസ്‌ലാമിക ലോകത്ത് ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുന്നവരില്‍ ഒരാളായി ജീലാനി മാറിയത്.  വിശിഷ്ടമായ ഏതെങ്കിലും ഗ്രന്ഥത്തിലൂടെ സ്മരിക്കപ്പെടുന്നതിനേക്കാള്‍ പ്രാധാന്യമുണ്ട്  ഒരു സമൂഹത്തിന്റെ ജനകീയ സംസ്‌കാരത്തിന്റെ ഭാഗമായി ഒരാള്‍ അനുസ്മരിക്കപ്പെടുന്നതിന്. അബ്ദുല്‍ ഖാദിര്‍ ജീലാനി ഇന്ന് ഇസ്‌ലാമിക സമൂഹത്തിന്റെ ജനകീയ സംസ്‌കാരത്തിന്റെ ഭാഗമായ ഒരു മഹാനാണ്. കള്‍ട്ടാവുകയെന്നതും ഇത്തരം മഹാന്മാര്‍ക്ക് വിധിച്ചിട്ടുള്ളതാണ്.

ഇമാം ഗസ്സാലി ജീവിച്ച ഹിജ്‌റ അഞ്ചാം നൂറ്റാണ്ട് തന്നെയാണ് ശൈഖ് ജീലാനിയുടെയും പ്രവര്‍ത്തന കാലം. എന്നാല്‍ ഗസ്സാലിയുടെ പ്രവര്‍ത്തന മണ്ഡലം അധ്യാപനം, സംവാദം,ഗ്രന്ഥരചന എന്നിവയായിരുന്നു. പൊതുജന സമ്പര്‍ക്കമുള്ള ഒരു പ്രബോധകനായിരുന്നില്ല അദ്ദേഹം. എന്നാല്‍ ജീലാനി അധ്യാപനം, ഗ്രന്ഥരചന, ഫത്‌വ എന്നീ  മേഖലകളിലും വ്യാപരിച്ചിരുന്നുവെങ്കിലും പൊതുജനസമ്പര്‍ക്കമുള്ള പ്രബോധകനായിരുന്നു. സ്വാഭാവികമായും പ്രഭാഷണം തന്നെയായിരുന്നു അതിനുള്ള ഏറ്റവും വലിയ മാധ്യമം.

ഇമാം ഹസനുബ്‌നു അലിയുയുടെ വംശപരമ്പരയില്‍ വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ ഗൈലാനില്‍ ഹിജ്‌റ 470 ലായിരുന്നു ജീലാനിയുടെ ജനനം. ഗൈലാന്‍ തന്നെയാണ് ജീലാന്‍. അങ്ങനെയാണ് അദ്ദേഹം ജീലാനിയായത്. പതിനെട്ടാം വയസ്സില്‍ ജ്ഞാനം തേടി അദ്ദേഹം ബഗ്ദാദിലെത്തി. അപ്പോഴേക്കും തന്റെ സത്യാന്വേഷണ പരീക്ഷണത്തിന്റെ ഭാഗമായി ഗസ്സാലി ബഗ്ദാദ് വിട്ടിരുന്നു. അതിനാല്‍ ഒരേ കാലത്ത് ജീവിച്ചിട്ടും ആ രണ്ട് മഹാപ്രതിഭകള്‍ തമ്മില്‍ സന്ധിക്കുകയുണ്ടായില്ല. പിന്നീടെപ്പോഴെങ്കിലും സന്ധിച്ചതായും ചരിത്രം പറയുന്നില്ല. അബുല്‍ വഫാഅ്, ഇബ്‌നു ഉഖൈല്‍, മുഹമ്മദ്ബ്‌നു ഹസനുല്‍ ബാഖിലാനി, അബൂ സകരിയാ തബ്‌രീസ് തുടങ്ങിയവരില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ജീലാനി അവഗാഹം നേടി. ശൈഖ് അബുല്‍ ഖൈര്‍ ഹമ്മാദ്ബ്‌നു മുസ്‌ലിം അദിബാസ്, ഖാദി അബൂസഈദ് മുഖ്‌റമി തുടങ്ങിയവരുടെ ആത്മീയ ശിഷ്യത്വവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരേസമയം നല്ല അധ്യാപകനും മികച്ച വാഗ്മിയുമായിരുന്ന ജീലാനി തന്റെ ആത്മീയഗുരുവായിരുന്ന ഖാദി അബൂസഈദ് മുഖ്‌റമിയുടെ പാഠശാലയില്‍ തന്നെയാണ് അധ്യാപനവും പ്രഭാഷണവും നടത്തിയിരുന്നത്. അദ്ദേഹം ഈ ചുമതല ഏറ്റെടുത്ത് അധികം കഴിയുന്നതിന് മുമ്പ് തന്നെ മദ്‌റസയുടെ കെട്ടിടവും അങ്കണവും വലിയ തോതില്‍ വികസിപ്പിക്കേണ്ടി വന്നു. കാരണം ബഗ്ദാദിലെ ആബാലവൃദ്ധം ജനങ്ങളാണ് പ്രഭാഷണം ശ്രവിക്കാനായി അവിടേക്ക് ഒഴുകിയെത്തിയത്. അവരുടെ കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും രാജാക്കന്മാരും വരെ ഉണ്ടായിരുന്നു. തന്റെ ജീവിത കാലം മുഴുവന്‍ ബഗ്ദാദില്‍ കഴിച്ച് കൂട്ടിയ ശൈഖ് ജീലാനി അതിനിടയില്‍ അബ്ബാസി ഖലീഫമാരില്‍ അഞ്ച് പേര്‍ ഒന്നിന് പുറകെ ഒന്നായി സ്ഥാനാരോഹണം ചെയ്യുന്നതിന് സാക്ഷിയായി.  കേന്ദ്ര ഭരണം പറ്റെ ദുര്‍ബലമായതിനാല്‍ സല്‍ജൂഖികള്‍ അവരുമായി അധികാര വടംവലികളിലേര്‍പ്പെടുന്നതും തല്‍ഫലമായി മുസ്‌ലിം രക്തം നിര്‍ബാധം ഒഴുക്കപ്പെടുന്നതും അദ്ദേഹത്തിന് കാണേണ്ടിവന്നു. അധികാരത്തോടും സമ്പത്തിനോടുമുള്ള ദുരയാണ് ഈ വമ്പിച്ച രക്തച്ചൊരിച്ചിലിന്  അടിസ്ഥാന പ്രചോദനമെന്ന് ശൈഖ് വിലയിരുത്തി. അതിനാല്‍ ജനമനസ്സുകളില്‍നിന്ന് ഭൗതിക മോഹങ്ങള്‍ പറിച്ചെറിഞ്ഞ് പകരം അവിടെ പരലോകബോധവും ദൈവ പ്രീതിയും ഇലാഹി സ്‌നേഹവും നട്ടുപിടിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ പ്രഭാഷണം പ്രധാനമായും കേന്ദ്രീകരിച്ചത്. സുഖലോലുപതയും അധികാര പ്രമത്തതയും മുഖമുദ്രയായ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ നിന്നുള്ള സാധാരണ ജനങ്ങളുടെ വീണ്ടെടുപ്പിന് ഈ പ്രബോധനം അക്കാലത്ത് അനിവാര്യമായിരുന്നു. ഭരണകൂടത്തിന്റെയും അവര്‍ പ്രീണിപ്പിച്ച് നിര്‍ത്തിയ മധ്യവര്‍ഗത്തിന്റെയും അധികാരവും സമ്പത്തും വാരിക്കൂട്ടാനുള്ള വ്യഗ്രതയില്‍ ഇടം നഷ്ടപ്പെട്ട സാധാരണക്കാരെ ശൈഖിന്റെ പ്രബോധനം കൂടുതലായി ആകര്‍ഷിക്കുക സ്വാഭാവികമാണ്. കാരണം അദ്ദേഹത്തിന്റെ പരലോക കേന്ദ്രീകൃതമായ പ്രബോധനം അവരെ സംബന്ധിച്ചിടത്തോളം ഭൗതികമായ മല്‍സരത്തില്‍ പിന്തള്ളപെട്ട് പോയതുമൂലമുള്ള നിരാശയില്‍നിന്നുള്ള മോചനം കൂടിയായിരുന്നു. ശൈഖിന്റെ പ്രഭാഷണവും ഉപദേശവും കേള്‍ക്കാനെത്തുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ഖലീഫക്കും വരെ യാതൊരു പ്രത്യേക പരിഗണനയും അദ്ദേഹത്തിന്റെ  സദസ്സില്‍ ലഭിച്ചിരുന്നില്ല. എത്രത്തോളമെന്നാല്‍ ഖലീഫമാര്‍ ആരെങ്കിലും പ്രഭാഷണം കേള്‍ക്കാന്‍ വരുന്നുണ്ടെന്ന്  മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ അവര്‍ വന്ന് സദസ്സില്‍  ഇരിപ്പുറപ്പിച്ചിച്ചുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ശൈഖ് പ്രസംഗപീഠത്തിലേക്ക് വരുമായിരുന്നുള്ളൂ. അവര്‍ വരുമ്പോള്‍ എഴുന്നേറ്റുനില്‍ക്കേണ്ടിവരുന്നത് ഒഴിവാക്കാന്‍വേണ്ടിയായിരുന്നു ഇത്. ശൈഖിന്റെ മുമ്പില്‍ മേലാളന്മാരുടെ പണവും പ്രതാപവും ഇപ്രകാരം അപ്രസക്തമാകുന്ന കാഴ്ച സാധാരണക്കാരെ ആവേശഭരിതരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റുമെന്ന കാര്യം ഉറപ്പാണ്. അത് തന്നെയായിരുന്നു ശൈഖിന്റെ ലക്ഷ്യവും. അതേസമയം സദസ്സില്‍വരുന്ന പാവങ്ങളെ അദ്ദേഹം സേവിക്കുകയും സ്വന്തം കൈകൊണ്ട് പാകം ചെയ്ത ഭക്ഷണം അവരെ ഊട്ടുകയും ചെയ്തിരുന്നു. സിംഹാസനവും ചെങ്കോലും കൈയില്‍ വെക്കുന്നവര്‍ക്ക് യാതൊരു പ്രത്യേക പരിഗണനയും  നല്‍കാതെ പാവങ്ങളെ പരിഗണിക്കുന്ന ഇത്തരം സമീപനങ്ങളെ, പണത്തെയും പ്രതാപത്തെയും അപ്രസക്തമാക്കുന്നതിനായി സ്വൂഫികള്‍ പൊതുവേ സ്വീകരിച്ച് വന്നിരുന്ന ഒരു പരോക്ഷ രാഷ്ട്രീയ നിലപാടായി  വായിച്ചെടുക്കാവുന്നതാണ്. ഇന്ത്യയില്‍ നിസാമുദ്ദീന്‍ ഔലിയായെ പോലുള്ള സ്വൂഫികളുടെ ജീവിതത്തിലും ഇത് നമുക്ക് കാണാനാകും.

 ശുദ്ധ തൗഹീദിന്റെ പ്രബോധകന്‍

അഭൗതികമായ പലതരം സിദ്ധികളും അമാനുഷികമായ കഴിവുകളും പില്‍ക്കാലത്ത് ജീലാനിയില്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും കളങ്കമേശാത്ത തൗഹീദിന്റേ പ്രബോധകനായിരുന്നു അദ്ദേഹം. ''യാതൊരാള്‍ക്കും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സൃഷ്ടികളില്‍ ഒരാള്‍ക്കും കഴിയുകയില്ല.  ഏത് കാര്യവും മനുഷ്യനെക്കൊണ്ട് ചെയ്യിക്കുന്നത് അല്ലാഹുവാണ്. നിനക്ക് ഉപകാരമോ ഉപദ്രവമോ ആകുന്ന ഏതൊരു കാര്യത്തെ കുറിച്ചുമുള്ള മുന്നറിവ് അല്ലാഹുവിന് മാത്രമാണ്. അതിനെതിരായി ഒന്നും സംഭവിക്കുകയില്ല. ഏകദൈവ വിശ്വാസികളും സജ്ജനങ്ങളും ഇതര സൃഷ്ടികളുടെ മേല്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്.  സമ്പത്ത് അവര്‍ കൈവശം വെക്കുമെങ്കിലും അതവരുടെ ഹൃദയത്തെ സ്വാധീനിക്കുകയില്ല. ജനഹൃദയങ്ങളെ കീഴടക്കുന്ന യഥാര്‍ഥ രാജാക്കന്മാര്‍ അവരാണ്. ഹൃദയത്തെ അല്ലാഹു അല്ലാത്തവരില്‍ നിന്ന് ശുദ്ധീകരിച്ചവനാണ് ധീരന്‍. സൃഷ്ടികളില്‍ ഒന്നിനെയും അവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്തവിധം തൗഹീദിന്റെയും ശരീഅത്തിന്റെയും വാളുമായി നിലയുറപ്പിച്ച ധീരനാണവന്‍. ഹൃദയത്തെ മാറ്റിമറിക്കുന്നവനുമായി മാത്രമാണ് തന്റെ ഹൃദയം അവന്‍ ബന്ധിപ്പിച്ചിരിക്കുന്നത.് ശരീഅത്ത് അവന്റെ പ്രത്യക്ഷ ഭാഗത്തെ സംസ്‌കരിക്കുന്നു, തൗഹീദും ജ്ഞാനവും അന്തരംഗത്തെയും ശുദ്ധീകരിക്കുന്നു'' (അല്‍ഫത്ഹുര്‍റബ്ബാനി).

ശൈഖിന്റെ സാരോപദേശങ്ങളുടെ സമാഹാരമാണ് ഫത്ഹുര്‍റബ്ബാനി. അല്ലാഹുവിനെ കൂടാതെ അഭൗതിക വസ്തുക്കളെയും പ്രതിഭാസങ്ങളെയും ആരാധിക്കുന്നതിനെ മാത്രമല്ല അദ്ദേഹം തൗഹീദിന് വിരുദ്ധമായി കണ്ടിരുന്നത്. മറിച്ച് സൃഷ്ടികളെ നിരുപാധികം അനുസരിക്കുന്നതും  ശിര്‍ക്കായി അദ്ദേഹം വിലയിരുത്തിയതായി കാണാം. മിഥ്യയായ ആരാധനയെ വിശദീകരിച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: ''സ്വന്തം ശരീരം, ഇതര സൃഷ്ടിജാലങ്ങള്‍, ദീനാറുകള്‍, ദിര്‍ഹമുകള്‍, വ്യാപാര-വ്യവസായങ്ങള്‍, ഭരണാധികാരി എന്നിങ്ങനെ നീ അവലംബിക്കുന്ന എല്ലാ വസ്തുക്കളും നിന്റെ ആരാധ്യരാണ്. നീ ഭയപ്പെടുകയും പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്ന മുഴുവന്‍ വ്യക്തികളും നിന്റെ ആരാധ്യരാണ്'' (അല്‍ഫത്ഹുര്‍റബ്ബാനി).

സ്വൂഫി മുറകളും ശരീഅത്തും

മധ്യ വര്‍ഗത്തിന്റെ കടിഞ്ഞാണില്ലാത്ത ഉപഭോഗാസക്തിയെ വിമര്‍ശനവിധേയമാക്കിയിരുന്നുവെങ്കിലും ഭൗതിക നിരാസവും സന്യാസവും അദ്ദേഹം ശീലിക്കുകയോ ശിഷ്യന്മാരെ പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഭൗതിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടുന്നതിനെ നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്നില്ല. ഭൗതികതയുടെ അടിമയാകുംവിധം അതിനോട് അനുരാഗം പുലര്‍ത്തുന്നതിനെ മാത്രമാണ് ശൈഖ് വിമര്‍ശിച്ചത്. 'ദുന്‍യാവ് നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങള്‍ പരലോകത്തിന് വേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്' എന്ന ഹദീസ് വിശദീകരിച്ച് കൊണ്ട് ഒരു ക്ലാസില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''നിങ്ങള്‍ നില്‍ക്കുകയും ഭൗതിക വസ്തുക്കള്‍ ഇരിക്കുകയും ചെയ്യുന്നവിധം ഭൗതിക വസ്തുക്കളെ നിങ്ങള്‍ സമീപിക്കരുത്. കൊട്ടാര വാതില്‍ക്കല്‍ താലമേന്തി നില്‍ക്കുന്ന ദാസിയെപ്പോലെ അത് നില്‍ക്കുകയും നിങ്ങള്‍ രാജാവിനെപ്പോലെ ചമ്രം പടിഞ്ഞിരിക്കുകയും ചെയ്യുംവിധം അതിനെ സമീപിക്കുക. അല്ലാഹുവിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നവനെ ദുന്‍യാവ് സേവിക്കുന്നതാണ്. എന്നാല്‍ ദുന്‍യാവിന്റെ കവാടത്തില്‍ നില്‍ക്കുന്നവന് അല്ലാഹു മുഖം കൊടുക്കുകയില്ല.'' ദുന്‍യാവ് കൈയിലോ കീശയിലോ വെക്കാം. പക്ഷേ അതിനെ ഹൃദയത്തില്‍ വെക്കരുത് എന്നും അദ്ദേഹം ഉപദേശിക്കുന്നു (അല്‍ ഫത്ഹുര്‍റബ്ബാനി).

ജീലാനി സ്വൂഫി അനുഷ്ഠാന മുറകള്‍ സ്വയം പരിശീലിക്കുകയും ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ശരീഅത്ത് വിധികള്‍ പാലിക്കുന്നതില്‍ അദ്ദേഹം  കണിശത പുലര്‍ത്തിയിരുന്നു. ഈ രംഗത്തെ സ്വൂഫി വ്യതിയാനങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും  ചെയ്തിട്ടുണ്ട്. പല സ്വൂഫികളും ശരീഅത്ത് വിധികള്‍ നിരാകരിച്ച് പിശാചിന്റെ ദുര്‍ബോധനത്തില്‍ പെട്ട്‌പോയിട്ടുണ്ട്. എന്നാല്‍ അത്തരം ദുര്‍ബോധനങ്ങളില്‍ നിന്ന്  താന്‍ സുരക്ഷിതനാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. അദ്ദേഹം പറയുന്നു: ''ദൈവിക പരിധികള്‍/ശര്‍ഈ വിധികള്‍ ഏതെങ്കിലും ലംഘിക്കപ്പെട്ടാല്‍ നീ കുഴപ്പത്തില്‍ ചാടിയെന്ന് മനസ്സിലാക്കണം. അതിലൂടെ പിശാച് നിന്നെ കളിപ്പിക്കുകയാണ്. അങ്ങനെ വല്ലതും നിനക്ക് തേന്നിയാല്‍ ശരീഅത്തിലേക്ക് തന്നെ മടങ്ങിപ്പോവുക. കാരണം ശരീഅത്തിന്റെ പിന്തുണയില്ലാത്ത എല്ലാ ഹഖീഖത്തും മിഥ്യയാണ്''  (ഇബ്‌നുറജബ്-ത്വബഖാതുല്‍ഹനാബില).

അബ്ദുല്‍ ഖാദിര്‍ ജീലാനി കേവലം ഉപദേശ പ്രസംഗകന്‍ മാത്രമായിരുന്നില്ല. നന്മ കല്‍പിക്കുക, തിന്മ വിലക്കുക എന്ന അടിസ്ഥാന ദീനി ബാധ്യതയേറ്റെടുത്തുകൊണ്ട് സന്ദര്‍ഭം ആവശ്യപ്പെടുമ്പോഴൊക്കെ ശക്തവും ധീരവുമായ  ഭരണകൂട വിമര്‍ശനവും അദ്ദേഹം നടത്തിയിരുന്നു. പള്ളി മിമ്പറുകളെയാണ് അതിന് അദ്ദേഹം ഉപയോഗിച്ചത്. ഇബ്‌നു കഥീര്‍ എഴുതുന്നു: ''ജീലാനി ഖലീഫമാരോടും സുല്‍ത്താന്മാരോടും  മന്ത്രിമാരോടും ജഡ്ജിമാരോടും  നന്മ കല്‍പിക്കുകയും തിന്മ തടയണമെന്ന് ഉല്‍ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും അക്രമിയെ ഗവര്‍ണറാക്കിയാല്‍ പള്ളി മിമ്പറുകളില്‍ വെച്ച് അതിനെ ചോദ്യം ചെയ്യുമായിരുന്നു. അക്കാര്യത്തില്‍ യാതൊരാക്ഷേപവും അദ്ദേഹം ഭയപ്പെട്ടിരുന്നില്ല'' (അല്‍ ബിദായ). മഹാ അക്രമിയായി പേരെടുത്ത അബുല്‍ വഫാ യഅ്‌നു സഈദിനെ അബ്ബാസി ഖലീഫ അല്‍മുക്തഫി ലി അംറില്ല ജഡ്ജിയാക്കിയപ്പോള്‍ മിമ്പറില്‍ നിന്ന് ഖലീഫയെ ചൂണ്ടി ഇപ്രകാരം പറഞ്ഞു: ''മഹാ അക്രമിയായ ഒരുത്തനെയാണ് താങ്കള്‍ ജഡ്ജിയാക്കിയിരിക്കുന്നത്. നാളെ അന്ത്യദിനത്തില്‍ സര്‍വലോക പരിപാലകനും കാരുണ്യവാന്മാരില്‍ ഏറ്റം കാരുണ്യവാനുമായ റബ്ബിന്റെ മുമ്പില്‍ ഇതിന് എന്ത് സമാധാനമാണ് നിങ്ങള്‍ക്കുണ്ടാകുക?'' ഉടന്‍ തന്നെ ഖലീഫ ജഡ്ജിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഉത്തരവിട്ടു (ഖലായിദുല്‍ ജവാഇര്‍, ഉദ്ധരണം താരീഖ് ദഅ്‌വ അസീമത്ത്). ഭരണകൂടത്തിന്റെ കൊള്ളരുതായ്മക്ക് ഓശാന പാടുന്ന പണ്ഡിതന്മാരെ അദ്ദേഹം ഇപ്രകാരം വിമര്‍ശിക്കുന്നു: ''വിജ്ഞാനത്തിലും കര്‍മത്തിലും വഞ്ചന കാട്ടുന്നവരേ, നിങ്ങള്‍ക്ക് അതുമായി എന്ത് ബന്ധം? അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കളാണ് നിങ്ങള്‍. പാണ്ഡിത്യവും ഭക്തിയും പ്രകടിപ്പിച്ച് സമ്പത്ത്  വാരിക്കൂട്ടുകയും  സുഖരസങ്ങള്‍ ആസ്വദിക്കുകയുമല്ലേ നിങ്ങള്‍? ഈ കാപട്യം നിങ്ങള്‍ എത്ര നാള്‍ തുടരും? അക്രമിയുടെ പാദസേവ നടത്തി എത്രനാള്‍ നിങ്ങള്‍ ഈ ഹറാം തീറ്റ തുടരും? നീ സേവിക്കുന്ന ഈ അക്രമിയുടെ ഭരണം അധികനാള്‍ തുടരുകയില്ലെന്നോര്‍ക്കുക. പടച്ചവന്റെ മുമ്പില്‍ നിന്റെ ഈ കപട നാടകത്തിനും ഹറാം തീറ്റക്കും മറുപടി പറയേണ്ടിവരിക തന്നെ ചെയ്യും'' (അല്‍ ഫത്ഹുര്‍റബ്ബാനി). 

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മതപരവും ധാര്‍മികവുമായ തകര്‍ച്ചയിലുള്ള അദ്ദേഹത്തിന്റെ അസ്വസ്ഥതയും, പരിഷ്‌കരണത്തിന് വേണ്ടി തുടിക്കുന്ന മനസ്സും അദ്ദേഹത്തിന്റെ ഒരു പ്രഭാഷണത്തില്‍ നിന്ന് ഇങ്ങനെ വായിച്ചെടുക്കാം: ''പ്രിയങ്കരനായ ദൈവദൂതന്‍ പടുത്തുയര്‍ത്തിയ ദീനിന്റെ ഭിത്തികള്‍ ഒന്നിന് പിറകേ ഒന്നായി വീണുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിത്തറകള്‍ പോലും ഇളകാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ ഭൂലോക വാസികളേ, നിങ്ങള്‍ ഒരുമിച്ച് വരിക. തകര്‍ന്നത് പുനര്‍നിര്‍മിക്കുക. ചരിഞ്ഞത് നേരെയാക്കുക. ഇത് ഒരാള്‍ക്ക് ഒറ്റക്ക് നിര്‍വഹിക്കാനാവില്ല. നിങ്ങള്‍ എല്ലാവരും വരൂ, നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം'' (അല്‍ ഫത്ഹുര്‍റബ്ബാനി).

സംഘടിതമായ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയും അതിനായുള്ള ശൈഖിന്റെ ആഗ്രഹവുമാണ് ഈ പ്രഭാഷണത്തില്‍ തെളിയുന്നത്. ബൈഅത്തിലൂടെ അത് അദ്ദേഹം സാക്ഷാല്‍ക്കരിക്കുകയും ചെയ്തു. ചൈതന്യരഹിതമാണെങ്കിലും ഇസ്‌ലാമിക ഭരണകൂടം  നിലനില്‍ക്കെ സംഘടിതമായ ഇസ്‌ലാമിക പ്രവര്‍ത്തനത്തിനുള്ള ഒരേ ഒരു വഴിയായിരുന്നു ത്വരീഖത്തും ബൈഅത്തും. യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ ഖലീഫയാണ് ഈ ദൗത്യം നിര്‍വഹിക്കേണ്ടിയിരുന്നത്. പ്രവാചകനും ആദ്യത്തെ നാല് ഖലീഫമാരും ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. പക്ഷേ ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയതോടെ നന്മ കല്‍പിക്കുക, തിന്മ വിലക്കുക, ജനജീവിതത്തെ ഇസ്‌ലാമികമായി സംസ്‌ക്കരിക്കുക, തദ്വാരാ സത്യത്തിന് സാക്ഷികളാവുക തുടങ്ങിയ യഥാര്‍ഥ ഇസ്‌ലാമിക ദൗത്യം അഥവാ പ്രവാചക ദൗത്യം വിസ്മരിക്കപ്പെട്ടുപോയിരുന്നു. വിസ്മൃതമായ ഈ നബി ദൗത്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി ചെയ്തത്. അല്ലാഹുവിന്റെയും റസൂലിന്റെയും പാത മുറുകെപ്പിടിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയാണ് ബൈഅത്തിലൂടെ ശൈഖ് അനുയായികളില്‍ നിന്ന് വാങ്ങിയത്. ശൈഖിന് മുമ്പും സംസ്‌കരണത്തിന് ഈ വഴി സ്വീകരിച്ച മഹാന്മാരുണ്ടായിരുന്നു. എന്നാല്‍ ഒരു സംഘടിത പ്രസ്ഥാനം എന്ന് ആധുനികമായ അര്‍ഥത്തില്‍ വ്യവഹരിക്കാവുന്നവിധം ത്വരീഖത്തിനെ പുനരുജ്ജീവിപ്പിച്ചതും, അതിന് ചിട്ടയും വ്യവസ്ഥയും ഉണ്ടാക്കി തന്റെ  മരണശേഷവും നിലനില്‍ക്കുന്ന ഒരു സരണിയായി അതിനെ വികസിപ്പിച്ചതും ജീലാനിയാണ്. തന്റെ ജീവിത കാലത്ത് തന്നെ ആയിരക്കണക്കിന് ആളുകള്‍ ബൈഅത്ത് ചെയ്ത് ത്വരീഖത്തില്‍ ചേര്‍ന്നു. അതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ജൂതന്മാരും ക്രിസ്ത്യാനികളുമുണ്ടായിരുന്നു. കൈസാനി പറയുന്നു: ''ജൂതനോ ക്രിസ്ത്യാനിയോ ഇസ്‌ലാം സ്വീകരിക്കാത്തതോ, കുറ്റവാളിയോ കൊള്ളക്കാരനോ തൗബ ചെയ്യാത്തതോ, വിശ്വാസവ്യതിയാനം സംഭവിച്ചവന്‍ അതിന്റെ പേരില്‍ തൗബ ചെയ്യാത്തതോ ആയ, ഇമാമിന്റെ ഒരു സദസ്സ് പോലും കഴിഞ്ഞ് പോയിട്ടില്ല'' (താരീഖ് ദഅവത്ത് വ അസീമത്ത്).

തനിക്ക് ശേഷം തന്റെ പ്രബോധനവും സംസ്‌കരണ പ്രവര്‍ത്തനവും ഏറ്റെടുത്ത് നടത്താന്‍ പ്രാപ്തരും യോഗ്യരുമായ വലിയൊരു ശിഷ്യസംഘത്തെ വിട്ടേച്ചുകൊണ്ട് ജീലാനി ഹിജ്‌റ 561 ല്‍ തൊണ്ണൂറാമത്തെ വയസ്സില്‍ ഇഹലോകത്തോട് വിടവാങ്ങി. ശൈഖ് ജീലാനിയുടെ സരണിയില്‍ പില്‍ക്കാലത്ത് ഉയര്‍ന്നുവന്ന പ്രമുഖനായ പ്രബോധകനാണ് അവാരിഫുല്‍ മആരിഫ് എന്ന വിശ്രുത ഗ്രന്ഥത്തിന്റേ കര്‍ത്താവായ ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി. തസ്വവ്വുഫിനെ ബിദ്അത്തുകളില്‍ നിന്ന് ശുദ്ധീകരിച്ച് ഖുര്‍ആനിലും സുന്നത്തിലും ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച ഗ്രന്ഥമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍