Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

കെ.എം അബ്ദുര്‍റഹീം പ്രതിഭാധനനായ കര്‍മയോഗി

പി.കെ ജമാല്‍

ഈയിടെ അന്തരിച്ച കെ.എം അബ്ദുര്‍റഹീമിനെ ശിഷ്യനും സഹപ്രവര്‍ത്തകനുമായ ലേഖകന്‍ ഓര്‍ക്കുന്നു.

ബാല്യകാലം മുതല്‍ക്കേ കെ.എം അബ്ദുര്‍റഹീം സാഹിബുമായി സ്ഥാപിതമായ ബന്ധം നാട്ടിലും കുവൈത്തിലുമായി വളരുകയും വികസിക്കുകയുമായിരുന്നു. അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട ബന്ധത്തിന്റെ ഓര്‍മകള്‍ അദ്ദേഹത്തിന്റെ വിയോഗമുളവാക്കിയ ദുഃഖത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിന്റെ ചെപ്പില്‍ നിന്നു പുറത്തെടുക്കുന്ന യത്‌നം ശ്രമകരമാണെങ്കിലും ഒട്ടും അസാധ്യമായി തോന്നുന്നില്ല. ജീവിതത്തിലെ ഓരോ നിശ്വാസത്തിലും നിറസാന്നിധ്യമായിരുന്ന ആ വ്യക്തിത്വത്തെക്കുറിച്ചുള്ള ഓരോ ഓര്‍മയും എന്റെ തന്നെ ജീവിതത്തിന്റെ ഭാഗമാണല്ലോ. 

1958 ല്‍ ചേന്ദംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജില്‍ ഇംഗ്ലീഷ് സാമൂഹിക ശാസ്ത്ര അധ്യാപകനായിരുന്ന റഹീം സാഹിബ് വേങ്ങേരിയിലെ ഒരു കൊച്ചു ബാലനെ, മദ്‌റസാ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കേണ്ട പ്രസംഗം എഴുതി തയാറാക്കി പഠിപ്പിക്കാന്‍ വന്നു. ''കരഞ്ഞ് കൊണ്ട് ജനിക്കുന്ന, കണ്ണീരൊഴുക്കി മരിക്കുന്ന'' മനുഷ്യനില്‍ ആരംഭിക്കുന്ന ആ പ്രസംഗം പിന്നീട് ആ ബാലന്റെ പ്രഭാഷണ ജീവിതത്തിന് അനുഗൃഹീതമായ തുടക്കമായി. ശാന്തപുരം ഇസ്‌ലാമിയ കോളേജിലേക്ക് പടര്‍ന്ന ആ ബന്ധം അനന്തരം ചൈതന്യധന്യമായ ഗുരുശിഷ്യ ബന്ധത്തിന്റെ വിതാനത്തിലേക്കുയര്‍ന്നപ്പോള്‍ ഓര്‍ത്തുവെക്കാനും ഓമനിക്കാനും നിറക്കൂട്ടുള്ള അനുഭവങ്ങള്‍ നിരവധിയായി. പിന്നെയും ആ ബന്ധം കടല്‍കടന്നു കുവൈത്തിലേക്ക് കുടിയേറിയപ്പോള്‍ നിര്‍വൃതിദായകമായ ആത്മലയത്തിന്റെ മധുരമനോഹര സ്മരണകള്‍ സമ്മാനിക്കുന്ന സംവത്സരങ്ങളായി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കുവൈത്തിലെ പ്രവാസജീവിതത്തില്‍ റഹീം സാഹിബുമായി പങ്കിട്ട സഹവാസത്തിന്റെ ഓര്‍മകളാണ് ഏറെ. 

* * *

വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിശുദ്ധിയും സ്വഭാവ മഹിമയും കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ സംസാരത്തിലും സമ്പര്‍ക്കത്തിലും ഉണ്ടായിരുന്നു സവിശേഷമായ ഒരു ഔന്നത്യം. സ്‌നേഹസാന്ദ്രമായ ഓരോ വാക്കിലും ആത്മാര്‍ഥതയുടെ തിളക്കവും ഗുണകാംക്ഷയുടെ ഹൃദ്യതയും ഉണ്ടായിരിക്കും. അക്ഷര സ്ഫുടതയോടെയുള്ള ആ സംസാരത്തിന്റെ ഈണവും താളവും, മഴ തോര്‍ന്നിട്ടും മരം പെയ്യുന്ന അനുഭവമായി മനസ്സില്‍ തങ്ങി നില്‍ക്കും. ഇടപെടുന്ന ആരിലും ആദരവുളവാക്കുന്ന ആ വ്യക്തിത്വത്തിന്റെ വിശദാംശങ്ങളാണ് ഓരോ ഓര്‍മയുടെയും ചുരുളില്‍. 

* * *

സദ്ദാം കുവൈത്തില്‍ അധിനിവേശം നടത്തുമ്പോള്‍ അദ്ദേഹം കുവൈത്തിലാണ്. പി.പി അബ്ദുര്‍റഹ്മാനും (പെരിങ്ങാടി) വി.എം ശരീഫുമാണ് താമസസ്ഥലത്തെ കൂട്ടുകാര്‍. തന്റെ പരിചിത വൃത്തത്തിലുള്ള കുവൈത്തി കുടുംബങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട് അവര്‍ക്കാവശ്യമായ സഹായമെത്തിക്കുന്നതിലായിരുന്നു റഹീം സാഹിബിന്റെ ശ്രദ്ധ. സബാഹ് ഹോസ്പിറ്റലില്‍ മൃതശരീരങ്ങള്‍ സംസ്‌കരിക്കാനാവശ്യമായ കഫന്‍ പുടവകളില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നറിഞ്ഞ അദ്ദേഹം തലശ്ശേരിക്കാരായ തന്റെ വ്യാപാരി സുഹൃത്തുക്കളെ സമീപിച്ച് അവരുടെ കടകള്‍ തുറപ്പിച്ച് തുണി സംഘടിപ്പിച്ചു നല്‍കി. ക്ലേശങ്ങള്‍ ഏറെ സഹിച്ച് ജോര്‍ദാന്‍ മരുഭൂമി താണ്ടി നാട്ടിലെത്തിയ റഹീം സാഹിബ്, ''സദ്ദാം: ശരിയും തെറ്റും'' എന്ന ശീര്‍ഷകത്തില്‍ മാധ്യമം ദിനപ്പത്രം നടത്തിയ ചര്‍ച്ചയില്‍ ഇടപെട്ട് ആദ്യലേഖനം പ്രസിദ്ധീകരിച്ചു. സദ്ദാമും ബുഷും പരാജയപ്പെടണം എന്നതായിരുന്നു റഹീം സാഹിബിന്റെ കാഴ്ചപ്പാട്. അധിനിവേശം നടത്തിയ സദ്ദാം പരാജയപ്പെട്ടു കുവൈത്തില്‍ നിന്ന് പിന്‍മാറുന്നതോടൊപ്പം, അതിന്റെ പേരില്‍ ആ രാജ്യത്ത് സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവും സൈനികവുമായ മേല്‍കോയ്മ സ്ഥാപിക്കുന്നതില്‍ അമേരിക്കയും പരാജയപ്പെടണം എന്ന സുബദ്ധമായ കാഴ്ചപ്പാടാണ് ലേഖനത്തില്‍ പ്രകടിപ്പിച്ചത്. കുവൈത്ത് സ്വതന്ത്രയായി വീണ്ടും ആ രാജ്യത്ത് തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ ഇരുവരെയും വരവേല്‍ക്കാനുണ്ടായത് വിദേശ മന്ത്രാലയം മുഖേന, ഔഖാഫ് മന്ത്രാലയത്തിലെത്തിയ പ്രസ്തുത ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. 'അമേരിക്ക പരാജയപ്പെടണ'മെന്ന പരാമര്‍ശം കുവൈത്തിന്റെ താല്‍പര്യത്തിനെതിരാണ് എന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ച 'തല്‍പര കക്ഷികള്‍'  അന്തരീക്ഷം വിഷലിപ്തമാക്കി നിര്‍ത്തുന്നതില്‍ തെല്ലിട വിജയിച്ചെങ്കിലും ആ ലേഖനത്തിന്റെ സത്യസന്ധമായ അറബി പരിഭാഷ അധികൃതര്‍ക്ക് നല്‍കി കാഴ്ചപ്പാട് വിശദീകരിച്ചുകൊടുത്തപ്പോള്‍ 'വിവേകപൂര്‍വമായ ഈ നിലപാടുതന്നെയാണല്ലോ ഞങ്ങളുടേതും' എന്ന് അധികൃതര്‍ പ്രതികരിച്ചതോടെ തെറ്റിദ്ധാരണയുടെ കാര്‍മേഘം നീങ്ങി. അന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ ഇടനാഴിയില്‍ വെച്ച് കെട്ടിപ്പിടിച്ച് സന്തോഷാശ്രു പൊഴിച്ച അതേ റഹീം സാഹിബ് തന്നെയായിരുന്നു തെറ്റിദ്ധാരണയുടെ കാര്‍മേഘം ഇരുള്‍പരത്തിയ കറുത്ത ദിനങ്ങളിലൊന്നില്‍ എന്നെ കെട്ടിപ്പിടിച്ച് ദുഃഖം പങ്കിട്ടതും. ഇഷ്ടജനങ്ങള്‍ പോലും ശത്രുതയോടെയും സംശയത്തോടെയും ഞങ്ങളെ അഭിമുഖീകരിച്ചത് വേദനയുളവാക്കിയെങ്കിലും 'എല്ലാം കലങ്ങിത്തെളിയും' എന്ന റഹീം സാഹിബിന്റെ ശുഭ്രപ്രതീക്ഷ അസ്ഥാനത്തായില്ല. 'നമുക്ക് ക്ഷമിക്കാം, കാത്തിരിക്കാം' എന്നത് മാത്രമായിരുന്നു അന്നേരങ്ങളിലെ മന്ത്രം. തെറ്റിദ്ധാരണകള്‍ നീങ്ങിയതോടെ ബന്ധങ്ങള്‍ പൂര്‍വാധികം സുദൃഢമായതിന് കാലം സാക്ഷി. 

* * *

'ഇസ്‌ലാം പ്രസന്റേഷന്‍ കമ്മിറ്റി' എന്ന ആശയം ശൈഖ് നാദിര്‍ നൂരിയുടെ സ്വപ്നമായിരുന്ന 1988. എഴുപതുകളുടെ തുടക്കത്തില്‍ കുവൈത്ത് സിറ്റിയിലെ മദ്‌റസത്തുല്‍ ഇര്‍ശാദിലും (ഇപ്പോള്‍ മുസന്ന കോംപ്ലക്‌സ്) തുടര്‍ന്ന് സുര്‍റയിലെ മദ്‌റസത്തുന്നജാത്തിലും വെള്ളിയാഴ്ചകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് 'ഫ്രൈഡേ ഇസ്‌ലാമിക് സ്‌കൂള്‍' പ്രവര്‍ത്തിച്ചു വന്നു. അത് കൈവരിച്ച വിജയത്തില്‍ നിന്നാണ് ഐ.പി.സി എന്ന ആശയത്തിന്റെ ഉദയം. ആ ക്ലാസുകള്‍ മുഖേന കൊറിയക്കാരും ചൈനക്കാരുമായ നൂറുക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച അനുഭവവും കൂടി ആയപ്പോള്‍, അതിന്റെ നീള്‍ച്ച എന്നവിധത്തില്‍ ആശയത്തിന്നംഗീകാരം കിട്ടി. ഔഖാഫ് മുന്‍മന്ത്രിമാരായ യൂസുഫ് ജാസിമുല്‍ ഹിജ്ജി, അഹ്മദുല്‍ ജാസിര്‍, ജംഇയ്യത്തുന്നജാത്ത് ഡയറക്ടര്‍ ഫൈസല്‍ മഖ്ഹവി, ജംഇയ്യത്തു അബ്ദുല്ല നൂറി അല്‍ഖൈരിയ്യ ഡയറക്ടറും ഔഖാഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ഡയറക്ടറുമായ ശൈഖ് നാദിര്‍ നൂരി, കുവൈത്ത് യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരായ ഡോ. അബൂബക്കര്‍ സയ്യിദ്, ഡോ. അബ്ദുല്‍ വാരിസ് സഈദ്, ഫിഖ്ഹ് എന്‍സൈക്ലോപീഡിയ ചീഫ് എഡിറ്റര്‍ ശൈഖ് സഅദുല്‍ മര്‍സഫി, ബൈത്തുസകാത്ത് പ്രൊജക്ട് ഡയറക്ടര്‍ ഡോ. സ്വലാഹുര്‍റാഷിദ്, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രതിനിധാനം ചെയ്ത് അബ്ദുര്‍റഹീം സാഹിബും ഈയുള്ളവനും ഐ.പി.സിയുടെ സ്ഥാപകാംഗങ്ങളായി. ആഴ്ചതോറും നടന്നുപോന്ന ഫോളോഅപ് മീറ്റിംഗില്‍ സജീവമായി സംബന്ധിച്ച റഹീം സാഹിബിന്ന്, ദശാബ്ദങ്ങളിലൂടെ അത് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് കുവൈത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ആസ്ഥാന മന്ദിരങ്ങളുള്ള സ്ഥാപനമായി രൂപാന്തരം പ്രാപിച്ച സന്തോഷകരമായ ദൃശ്യത്തിന് സാക്ഷിയാവാന്‍ സാധിച്ചു. ഐ.പി.സിക്കാവശ്യമായ ഫണ്ട്‌സമാഹരണത്തെക്കുറിച്ചാലോചന നടന്ന കമ്മിറ്റി യോഗത്തിന്റെ പിറ്റേദിവസം തന്റെ സംഭാവന കുവൈത്ത് ഫിനാന്‍സ് ഹൗസിലുള്ള ഐ.പി.സി അക്കൗണ്ടില്‍ നിക്ഷേപിച്ച ആദ്യത്തെ വ്യക്തി റഹീം സാഹിബായിരുന്നു. ഐ.പി.സിയുമായുള്ള ഊഷ്മളബന്ധം കുവൈത്തിലുള്ള കാലമത്രയും സജീവമായി നിലനിര്‍ത്തി. ഐ.പി.സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ സ്ഥാപകാംഗങ്ങളായ അബ്ദുര്‍റഹ്മാന്‍ മൂസയും ജമാല്‍ മുഹമ്മദ് ഹുസൈനും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 

* * *

ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ കുവൈത്തില്‍ സ്ഥാപിതമായ എണ്‍പതുകളുടെ ആദ്യപാദം മുതല്‍ ആ സ്ഥാപനവുമായി നിരന്തരബന്ധം കാത്തുസൂക്ഷിച്ചു. ഐ.ഐ.സി.ഒയുടെ ചെയര്‍മാനും ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ശൈഖ് യൂസുഫ് ജാസിമുല്‍ ഹിജ്ജി റഹീം സാഹിബിന്റെ അഭിപ്രായങ്ങള്‍ക്കും സാക്ഷ്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി. അബ്ദുര്‍റഹ്മാന്‍ കന്തൂരി, അബ്ദുല്ലാ ഹൈദര്‍, വലീദ് മുഗാരി, അബ്ദുല്‍ ഖാദിര്‍ ദാഹിഅല്‍ അജില്‍ തുടങ്ങിയവര്‍ തങ്ങളില്‍ ഒരുവനായി റഹീം സാഹിബിനെ കണ്ടത് ബൈതുസകാത്ത് മുഖേനയുള്ള സഹായ സഹകരണങ്ങള്‍ക്ക് ആക്കംകൂട്ടി. ബൈത്തുസകാത്ത് പ്രൊജക്ടുകള്‍ സുലഭമായി കിട്ടുന്നതില്‍ അദ്ദേഹത്തിന്റെ നിരന്തരബന്ധം മുഖ്യപങ്ക് വഹിച്ചു. 

കുവൈത്തിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഇയുമായി രൂപവല്‍ക്കരണ കാലം മുതല്‍ ബന്ധം സ്ഥാപിച്ചു. എഴുപതുകളുടെ തുടക്കത്തിലേ കുവൈത്തില്‍ കുടിയേറിയ അദ്ദേഹത്തിന് പ്രസ്ഥാനത്തിന്റെ നേതാക്കളുമായും പ്രവര്‍ത്തകരുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. 

* * *

സുന്നി വിഭാഗം സമാരാധ്യ നേതാവും മാര്‍ഗദര്‍ശകനുമായി കാണുന്ന കുവൈത്തിലെ മുന്‍ സ്റ്റേറ്റ് മിനിസ്റ്റര്‍ സയ്യിദ് യൂസുഫ് ഹാശിം രിഫാഇയുമായി കാത്തുസൂക്ഷിച്ച വ്യക്തിപരവും പ്രാസ്ഥാനികവുമായ ബന്ധം ഇടക്കിടെയുള്ള അദ്ദേഹത്തിന്റെ ദിഹനിയ്യ സന്ദര്‍ശനത്തിലൂടെയും, ജമാഅത്ത് നേതാക്കന്മാരുടെ സന്ദര്‍ശനവേളയില്‍ അവരെ കൂട്ടി കൊണ്ടുപോയി പരിചയപ്പെടുത്തുന്നതിലൂടെയും നിലനിര്‍ത്തിപ്പോന്നു. അദ്ദേഹത്തിന്റെ ജാമാതാവും കുവൈത്തിലെ ഇഖ്‌വാന്‍ ആഭിമുഖ്യമുള്ള ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റ് ജന. സെക്രട്ടറിയുമായ ഈസാ മാജിദ് ശാഹീനുമായും ഉറ്റ സുഹൃദ്ബന്ധമായിരുന്നു റഹീം സാഹിബിന്ന്. 

* * *

കുവൈത്തിലെ വ്യാപാര-വ്യവസായ പ്രമുഖനും ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഇ പ്രസിഡന്റുമായ അബ്ദുല്ലാ അലി അല്‍ മുത്വവ്വയുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഡിവിഷനില്‍ സെയില്‍സ് മാനായിട്ടായിരുന്നു കുവൈത്തില്‍ ചെന്ന ആദ്യ നാളുകളില്‍ അദ്ദേഹത്തെ കണ്ടത്. അലി അബ്ദുല്‍ വഹാബ  കമ്പനിയുടെ പച്ചനിറമുള്ള ഡലിവറി വാനായിരുന്നു ഒരുകാലഘട്ടത്തില്‍ കെ.ഐ.ജി പ്രവര്‍ത്തകര്‍ക്കുള്ള ഏകവാഹനം. കൂടാതെ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കെ.എം രിയാള് സാഹിബിന്റെ കാറും. സ്‌ക്വാഡ് പ്രവര്‍ത്തനവും സമ്പര്‍ക്ക പരിപാടികളും ഗവണ്‍മെന്റ്-ഗവണ്‍മെന്റേതര സ്ഥാപനങ്ങളില്‍ സന്ദര്‍ശനവും നേതാക്കന്മാരുടെ പര്യടന പരിപാടികളും ഫണ്ട് സമാഹരണവും എല്ലാം ഈ വാഹനങ്ങള്‍ ഉപയോഗിച്ചു തന്നെ. അബ്ദുല്ല അലി അല്‍ മുത്വവ്വ എന്ന അബൂബദ്‌റിന്ന് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു. സന്ദര്‍ശനവേളകളില്‍ അബൂബദ്ര്‍ തന്നെ ശാസിക്കുന്നതും തന്നോട് ആജ്ഞാപിക്കുന്നതുമെല്ലാം അഭിമാനബോധത്തോടെ ബഹുമതിയായി കണ്ട മനസ്സായിരുന്നു റഹീം സാഹിബിന്റേതെന്ന് പല സന്ദര്‍ഭങ്ങളിലും ഒന്നിച്ചുണ്ടായിരുന്ന ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വരുന്ന, പ്രസ്ഥാനത്തിന്നകത്തും പുറത്തുമുള്ള നേതാക്കന്മാരെയും പണ്ഡിതന്മാരെയും അബുബദ്‌റിന്റെ അടുത്തു കൂട്ടിപ്പോയി സംഭാവനകള്‍ എഴുതിക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല. ലിസ്റ്റില്‍ അബൂബദ്‌റിന്റെ പേരും ഒപ്പമുണ്ടെങ്കിലേ അത് നീങ്ങിത്തുടങ്ങുകയുള്ളൂ. അദ്ദേഹം എടുക്കുന്ന തുകയുടെ അനുപാതത്തിലാണ് തുടര്‍ന്നുള്ളവര്‍ എഴുതുക. അബൂബദ്‌റിന്റെത് ഒരു അംഗീകരവും സാക്ഷ്യപത്രവുമായി കുവൈത്തിലെ വ്യാപാരിസമൂഹം കരുതി. തനിക്കും പ്രതിഫലത്തില്‍ പങ്കുണ്ടാവുമല്ലോ എന്ന ചിന്തയാണ് ആ കാലുകളെ ചലിപ്പിച്ചത്. 

കോഴിക്കോട് വലിയ ഖാദി ആയിരുന്ന സയ്യിദ്  ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്‌റാഹീം സുലൈമാന്‍ സേഠ്, സി.എന്‍. അഹ്മദ് മൗലവി, ടി.എം സാവാന്‍കുട്ടി, കെ.പി മുഹമ്മദ് മൗലവി, ഹുസൈന്‍ മടവൂര്‍, സി.ടി അബ്ദുര്‍റഹീം, എം.എന്‍ കാരശ്ശേരി, ഡോ. എം.കെ മുനീര്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ കുവൈത്തില്‍ വന്നപ്പോള്‍ സമുദായത്തിന്റെ വിശാല താല്‍പര്യം മുന്‍നിര്‍ത്തി അവരുമായി സഹകരിച്ചതും അവര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയതും സമുദായ ഐക്യം ലക്ഷ്യമിട്ട് അവരുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതും ഓര്‍ക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ റഹീം സാഹിബിന്റെ വലംകൈയായി വര്‍ത്തിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു-ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമാവണമെന്നും അന്യോന്യം ആദരവോടെയും അംഗീകാരത്തോടെയുമാവണം പരസ്പര ബന്ധങ്ങളെന്നും മുസ്‌ലിം ലീഗ് നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചകളില്‍ പ്രത്യേകം ഓര്‍മിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. 

* * *

കുവൈറ്റിലെ ഇരുപത് മലയാളി സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ (യു.എം.ഒ) സ്ഥാപക പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ട റഹീം സാഹിബ്, എഴുപതുകളില്‍ സജീവമായി പ്രവര്‍ത്തിച്ച കുവൈത്ത് മലയാളി സമാജത്തിന്റെയും പ്രഥമ പ്രസിഡന്റായിരുന്നു. സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പല പരിപാടികള്‍ക്കും തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് തന്നെ പല വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നുവെങ്കിലും, ഒരു ബഹുസ്വര സമൂഹത്തില്‍ കൈക്കൊള്ളേണ്ട നയ-നിലപാടുകളെക്കുറിച്ച ദീര്‍ഘദര്‍ശനം അവയ്ക്ക് നേതൃത്വം നല്‍കിയപ്പോഴും വിമര്‍ശനങ്ങളെ നേരിട്ടപ്പോഴും റഹീം സാഹിബില്‍ വായിച്ചെടുക്കാമായിരുന്നു. 

* * *

കെ.ഐ.ജിയുടെ പ്രസിഡന്റ്, ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ രണ്ട് ദശകം ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. സര്‍വജനസമ്മതനായ റഹീം സാഹിബിന്റെ വ്യക്തിത്വശോഭ തലങ്ങളിലേക്കും പരന്നൊഴുകി. ഇതര സംഘടനകളിലും മതസമൂഹങ്ങളിലും അദ്ദേഹത്തെ അതിരറ്റ് സ്‌നേഹിച്ചവര്‍ നിരവധിയാണ്. 

* * *

നാദിര്‍ നൂരി, ഫൈസല്‍ മഖ്‌നവി, ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്ത്, ഡോ. അബൂബക്കര്‍ സയ്യിദ്, ഡോ. ഹസ്സാന്‍ ഹത്ഹുത്, ഖുര്‍റം മുറാദ്, ഇഹ്‌സാന്‍ ശല്‍ബി, ഡോ. ഇസ്മാഈല്‍ ശത്തി, ഖുര്‍ശിദ് അഹ്മദ്, ഡോ. സുഗുലൂല്‍ നജ്ജാര്‍, അഹ്മദ് ദീദാത്ത് എന്നീ പ്രശസ്ത വ്യക്തികളുമായുള്ള അടുത്ത സൗഹൃദം അദ്ദേഹത്തന്റെ വീക്ഷണ വിശാലതയെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ശൈഖ് അഹ്മദുല്‍ ഖത്താന്‍ കുവൈത്തിലെ ഏത് പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചാലും മണിക്കൂറുകള്‍ക്ക് മുമ്പെ മുന്‍ നിരയില്‍ സ്ഥലം പിടിക്കുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്തി. 

* * *

കെ.ഐ.ജി സംഘടിപ്പിച്ച, ദീദാത്തിന്റെ പരിപാടി നടന്ന ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി ഓഡിറ്റോറിയത്തിലെ മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍, സ്വദേശികള്‍, വിദേശികള്‍ ഉള്‍ക്കൊണ്ട നിറഞ്ഞ സദസ്സില്‍ റഹീം സാഹിബ് ഇംഗ്ലീഷില്‍ നടത്തിയ ആമുഖ ഭാഷണം, 'ഇംഗ്ലീഷ് ഇത്രയും സുഭഗ ഭാഷയാണോ എന്ന് ഞങ്ങളെപ്പോലും അതിശയിപ്പിച്ചു' എന്ന് ബ്രിട്ടീഷുകാരനായ ഒരു ശ്രോതാവ് വിസ്മയം പൂണ്ടു. ഗരോഡിയെ സന്ദര്‍ശിക്കാനും ഇന്ത്യയിലേക്ക് ക്ഷണിക്കാനും ശിഷ്യന്‍ ടി.കെ ഇബ്‌റാഹീമിനോടൊപ്പം സ്വിറ്റ്‌സര്‍ലന്റില്‍ ചെന്ന റഹീംസാഹിബ് വഴിമധ്യേ ലിബിയയില്‍ തങ്ങി ഭരണനേതൃത്വത്തെയും പൊതുജനസമൂഹത്തെയും നേരിട്ടറിയാന്‍ സമയം കണ്ടെത്തി. 

* * *

ഓഫീസ് സ്റ്റേഷനറിയും പത്രമാധ്യമങ്ങളും ആയിരുന്നു റഹീം സാഹിബിന്റെ വ്യാപാര മേഖല. എണ്‍പതുകളുടെ തുടക്കം. വളരെ ലാഭകരമായ ഓഡിയോ കാസറ്റ് വില്‍പനയും കച്ചവടത്തിന്റെ ഭാഗമായി അദ്ദേഹം പാര്‍ട്ട്ണര്‍ ആയ ബുക്സ്റ്റാളില്‍ നടന്നുകൊണ്ടിരുന്നു. സംഗീതവും സിനിമാ ഗാനങ്ങളും കാസറ്റുകളുടെ ഉള്ളടക്കത്തിലുണ്ടെന്ന് ശ്രദ്ധയില്‍പെട്ട അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ്, കുവൈത്ത് പര്യടനം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു കുറിപ്പെഴുതി റഹീം സാഹിബിന് അയച്ചുകൊടുത്തു 'കാസറ്റ് വില്‍പന ജീവിതായോധനത്തിന് മാര്‍ഗമാക്കരുത്. അവ ഒഴിവാക്കുക' എന്ന സന്ദേശം കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ കാസറ്റുകള്‍ മക്തബത്തുല്‍ യഖ്ദയില്‍ നിന്ന് എടുത്തുമാറ്റി. അമീറിന്റെ നിര്‍ദേശം അക്ഷരംപ്രതി നടപ്പാക്കുന്നതില്‍ പാര്‍ട്ണര്‍മാരും റഹീം സാഹിബിനോടൊപ്പം നിന്നു. 

* * *

ഒരു കാലഘട്ടത്തില്‍ ജമാഅത്തിലെ 'തിങ്ക് ടാങ്ക്' എന്ന് വിശേഷിപ്പിക്കപ്പെട്ട റഹീം സാഹിബ് ശൂറാംഗമായിരുന്നു. 'പ്രബോധനം' പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായിരുന്ന 'ദ മെസ്സേജി'ന്റെ പ്രവര്‍ത്തനത്തില്‍ പത്രാധിപര്‍ വി.പി അബ്ദുല്ലാ സാഹിബിനെ സഹായിച്ചുപോന്ന റഹീംസാഹിബ്, കുവൈത്തില്‍ വന്നിട്ടും 'കുവൈത്ത് ടൈംസ്', 'അറബ് ടൈംസ്' എന്നീ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ ലേഖനങ്ങളും കുറിപ്പുകളും പ്രതികരണങ്ങളും എഴുതി പത്രപ്രവര്‍ത്തനത്തിലെ പാരമ്പര്യം കൈയൊഴിക്കാതെ നിലനിര്‍ത്തി. ഇംഗ്ലീഷ് ക്ലാസിക് കൃതികളുമായും മലയാളത്തിലെ പ്രശസ്തരുടെ ഗ്രന്ഥങ്ങളുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയ അദ്ദേഹം ഓരോ ലേഖനവും ഓരോ പ്രസംഗവും നിരൂപണം ചെയ്ത് നന്നാക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയത് കടപ്പാടുകളോടെ ഓര്‍ക്കുന്നു. 

* * *

വാരാന്ത യോഗങ്ങളിലെ പ്രധാന ആകര്‍ഷണം റഹീം സാഹിബ് നടത്തുന്ന ഉല്‍ബോധനമാണ്. സമകാലിക ഇംഗ്ലീഷ്-മലയാള പ്രസിദ്ധീകരണങ്ങളിലൂടെ തനിക്ക് ലഭിച്ച അറിവും വിവരങ്ങളും ലോക സംഭവങ്ങളെ കുറിച്ച തന്റെ നിരീക്ഷണങ്ങളും ചേര്‍ത്തുവെച്ച്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആസ്പദങ്ങളില്‍ കാലുറപ്പിച്ച് അദ്ദേഹം നടത്തുന്ന അവലോകനങ്ങളും ഉല്‍ബോധനങ്ങളും പ്രവര്‍ത്തകരില്‍ പുതിയ ഉള്‍ക്കാഴ്ചയുണ്ടാക്കി. അവരുടെ വീക്ഷണചക്രവാളം വികസിച്ചു. അതിന്റെ സദ്ഫലങ്ങള്‍ സമൂഹത്തില്‍ പ്രകടമായി. 

* * *

ജമാഅത്ത് നേതാക്കളായ സയ്യിദ് ഹാമിദ് ഹുസൈന്‍, സയ്യിദ് യൂസുഫ്, മുഹമ്മദ് യൂസുഫ് സാഹിബ് തുടങ്ങിയവരുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്താന്‍ നിയോഗിതനാവുന്നത് റഹീം സാഹിബായിരുന്നു. ഹൃദയഹാരിയായശബ്ദവും മനോഹരമായ ഭാഷയും ആ പ്രഭാഷണങ്ങള്‍ക്ക് ചാരുതയേകി. ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് കണ്ണീരിന്റെ നനവോടെ ഉറഞ്ഞൊഴുകുന്ന ആ പ്രതിപാദനശൈലി മനസ്സില്‍ നിന്ന് മായില്ല.

* * *

കേരളത്തിലും വിദേശത്തുമുള്ള നിരവധി പണ്ഡിതന്മാരുടെയും പ്രബോധന പ്രവര്‍ത്തകരുടെയും ഗുരുവര്യനാണദ്ദേഹം. ടി.കെ ഇബ്‌റാഹീം, വി.പി അഹ്മദ്കുട്ടി, എം.വി മുഹമ്മദ് സലീം, വി.കെ ഹംസ, ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല, അബ്ദുല്ലാ ഹസന്‍, ടി.കെ ഉബൈദ്, വി.എ കബീര്‍, ജമാല്‍ മലപ്പുറം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പണ്ഡിതന്മാരെയും ചിന്തകന്മാരെയും പ്രബോധകന്മാരെയും എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും വാര്‍ത്തെടുത്ത റഹീം സാഹിബിനെക്കുറിച്ചുള്ള ഓര്‍മകള്‍ തലമുറകളിലൂടെ നിത്യത കൈവരിക്കും, തീര്‍ച്ച.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍