Prabodhanm Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

ഐലാന്‍ കുര്‍ദുമാര്‍ സംഭവിക്കുന്നത്

പി.ടി. കുഞ്ഞാലി

ഭൂമിയില്‍ പ്രവാചക ദൗത്യത്തിന്റെ  നിയോഗലക്ഷ്യത്തെ പ്രപഞ്ചനാഥന്‍ തിരുവചനങ്ങളില്‍ നിരവധി തവണ വിശദീകരിക്കുന്നുണ്ട്. അത് മനുഷ്യനോടും പരിസ്ഥിതിയോടും ജീവിവര്‍ഗ്ഗത്തോടുമുള്ള വഴിയുന്ന കനിവും അന്‍പും തന്നെയാണ്. അല്ലാഹു സ്വന്തത്തില്‍ പ്രക്ഷേപിതമാക്കുന്നതു കരുണയും ന്യായനീതിയും. അവന്റെ അപാരമായ നീതിയും കരുണയും പ്രപഞ്ചത്തെ ആപാദം ചൂഴ്ന്നു നില്‍ക്കുന്നു. അല്ലാഹു തന്റേതായി സ്വയംവരിച്ച ഉദാരതയുടെയും സ്‌നേഹത്തിന്റെയുമായ ഒരു മഹാ പ്രപഞ്ചത്തെ ഈ ഇത്തിരിപ്പോരുന്ന കുഞ്ഞുഭൂമിയില്‍ മനുഷ്യപ്രയത്‌നത്തില്‍ പുനരാവിഷ്‌കരിക്കുക. അങ്ങനെ ഭൂമിയില്‍ നാം സത്യത്തിനും ഉദാരനീതിക്കും ബഹുസ്വരതക്കും കാവല്‍ നില്‍ക്കുക. പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ ശക്തിയില്‍  സാധിതമാകുന്നത് ഭൂമിയില്‍ മനുഷ്യര്‍  ഏറ്റുനടത്തുക. അതാണ് 'ഭൂമിയില്‍ നാം നമ്മുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പോകുന്നു' എന്ന് അവന്‍ മാലാഖമാരെ അറിയിച്ചതിന്റെ അന്തസ്സാരം. ഇത്തരമൊരു നീതിരാജ്യം സാക്ഷാത്കരിക്കാന്‍ പ്രാപ്തമായ ന്യായപ്രമാണങ്ങള്‍ അവന്‍ തന്നെ യഥോചിതം മനുഷ്യര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കാലദേശങ്ങളുടെ പരിണാമഗതിക്കനുരോധമായി കാരുണ്യവാന്‍മാരായ പ്രവാചക ജീവിതങ്ങളിലൂടെയാണിത് ഭൂമിയില്‍ നിറവേറ്റപ്പെട്ടത്. ഭൂമിയില്‍ മാനവജീവിതം അങ്കുരപ്പെട്ട ആദി ശുഭദിനം തൊട്ടേ അവന്റെ ദിവ്യ വചനങ്ങളുടെ ചിറകുകള്‍ വിരിച്ചുനിന്നത് ഈ നീതി ലോകത്തേക്കാണ്. അങ്ങനെ അവന്‍ പറഞ്ഞയച്ച നീതിമാന്‍മാരിലെ അവസാനത്തേയാണ് ഭൂമിയില്‍ മുഹമ്മദീയ  ദൗത്യം പ്രതിനിധീകരിക്കുന്നത്. ദീര്‍ഘമായ ഇരുപതിലേറെ വല്‍സരം കൊണ്ട് അല്ലാഹുവിന്റെ കാരുണ്യ സാന്ദ്രത ചരിത്രത്തിന്റെ ശുഭ്രവെളിച്ചത്തില്‍ ലോകം കണ്ടതാണ്. വിശ്വാസത്തില്‍ നിര്‍ബന്ധമേയില്ലെന്ന ഖുര്‍ആനിക ഉദാരത ശാഠ്യശാസനയായി അന്നും ഇന്നും നിലനില്‍ക്കുന്നു. ദീര്‍ഘമായ നിയോഗ ജീവിതത്തില്‍ പ്രവാചകന്‍ തന്റെ സമൂഹത്തില്‍ സന്നിവേശിപ്പിച്ച വിശ്വാസത്തിന്റെ ആവിഷ്‌കാരങ്ങള്‍ നിരീക്ഷിച്ചാല്‍ ഇത് കാണാവുന്നതേയുള്ളു. 

തന്നെ വെട്ടാന്‍ വരുന്നവനോട് കരുണയോടെ പുഞ്ചിരിക്കുന്ന പ്രവാചകന്‍. സ്വന്തം ജന്മഗ്രാമത്തില്‍ നിന്നും പിറന്ന ഗോത്രത്തില്‍ നിന്നും നിര്‍ദ്ദയം തുരത്തിയോടിക്കപ്പെടുന്ന പ്രവാചകന്‍. പലായനത്തിന്റെ വേദനയിലും  പാതിരാവില്‍ സ്വന്തം ജന്മഭൂമിയെ പേര്‍ത്ത് കണ്ണുനിറയുന്ന പ്രവാചകന്‍. വിശ്വാസ വൈവിധ്യങ്ങളെ ആദരിക്കണമെന്നും  യുദ്ധമധ്യത്തില്‍ പോലും കുഞ്ഞുകുട്ടികളെയും മാതൃത്വങ്ങളെയും സമാദരിക്കണമെന്നും മറ്റു മതവിശ്വാസ ആസ്ഥാനങ്ങളെ സ്പര്‍ശിക്കാനേ പാടില്ലെന്നും ശഠിക്കുന്ന പ്രവാചകന്‍. പ്രതിരോധത്തിന് മാത്രമേ പോര്‍നിലങ്ങള്‍ അന്വേഷിക്കാവു എന്ന് ശാസിക്കുന്ന പ്രവാചകന്‍. അവിടെപ്പോലും കുടിജലം കലക്കരുതെന്നും മരങ്ങള്‍ മുറിക്കരുതെന്നും ശാസന വെയ്ക്കുന്നു. തന്നെയും സഖാക്കളെയും അരിഞ്ഞെറിയാന്‍ ആയുധവും അഹങ്കാരവും കൂര്‍പ്പിച്ചെത്തിയ ശത്രുനിരയില്‍  നിന്ന് തന്റെ അനുയായികള്‍ തടവിലാക്കിയ സൈനിക വ്യൂഹത്തെ അക്ഷരത്തിനു പകരം സ്വതന്ത്രരാക്കുന്ന പ്രവാചകന്‍. താന്‍ പടിയിറക്കപ്പെട്ട സ്വന്തം ജന്മഗ്രാമം തിരിച്ചു പിടിക്കാന്‍  ശാന്തിസൈന്യത്തെയുമായി പോകുന്ന പ്രവാചകന്‍. ആ ജീവിതത്തിന്റെ തുറസ്സില്‍ മനുഷ്യര്‍ മാത്രമല്ല ജീവിമണ്ഡലമാകെ അരുമയായി ആശ്ലേഷിച്ചുനിന്നു. ഈയൊരു മഹാനിയോഗമംഗീകരിക്കാന്‍ വിമുഖപ്പെട്ടവരെക്കൂടി  അദ്ദേഹം തന്റെ രാഷ്ട്രരാശിയില്‍ ചേര്‍ത്തുനിര്‍ത്തി. ഭൂമിയില്‍ അവരെ പുണര്‍ന്നു നിന്നു. അഭൗതികലോകത്തുള്ള അവരുടെ വിധി  അല്ലാഹുവിനു വിട്ടു. അത് തന്റെ മണ്ഡലമല്ലെന്നു തീര്‍ത്തു പറഞ്ഞു. അത് വിശ്വാസ കേന്ദ്രിത പദവിയുടെ  ഏകമാനത്തെ റദ്ദാക്കുന്ന ബഹുസ്വരതയുടെ ആഘോഷമായത് അപ്പോഴാണ്. ഇതാണ് പ്രവാചകന്‍. ഇതാണ് പ്രവാചകന്റെ ഇസ്‌ലാം. എന്നിട്ടും എന്തുകൊണ്ടാണ് ഇസ്‌ലാമിനെയും അന്ത്യപ്രവാചകനെയും ഇവ്വിധം അപരവല്‍ക്കരിക്കപ്പെടുകയും അപനിര്‍മിക്കപ്പെടുകയും ചെയ്യുന്നത്. ഈ പ്രചാരണത്തിനൊരു രാഷ്ട്രീയമുണ്ട്. ഈ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലാണ് അശ്‌റഫ് കീഴുപറമ്പിന്റെ എന്തുകൊണ്ട് ഐഎസ് ഇസ്‌ലാമികമല്ല എന്ന പുസ്തകം സൂക്ഷ്മ പാരായണം ആവശ്യപ്പെടുന്നത്. 

കുരിശുയുദ്ധ തുടര്‍ച്ചക്കാരുടെയും കുടിലതകള്‍ മേയുന്ന അറബികൊട്ടാരക്കെട്ടുകളുടെയും അശ്ലീലവേഴ്ചകളാണ് മനുഷ്യ വിരോധികളുടെ ഇത്തരം കൊടൂര സംഘങ്ങളെ രൂപപ്പെടുത്തുന്നതെന്നും, ഇതിന് അല്ലാഹുവിന്റെ ദീനുമായും പ്രവാചകന്റെ ജീവിതവുമായും ബന്ധമേതുമില്ലെന്നും പുസ്തകം കൃത്യമായി നമ്മോട് പറയുന്നു. ഇത് കേരളീയ പൊതുമണ്ഡലം  തിരിച്ചറിയുക തന്നെവേണം. അതിനു ഉചിതവിധമാണീ രചനാ കൗശലം.

പുസ്തകം ഉടനീളം നിവൃത്തിക്കുന്നത് എന്താണ് ഇസ്‌ലാം എന്ന് പറയാനല്ല; എന്തല്ല ഇസ്‌ലാം എന്നു പറയാനാണ്. ലോകരാഷ്ട്രീയ വേദികളില്‍ ഇന്ന് ചര്‍ച്ചയാകുന്നതത്രയും തീവ്രവാദങ്ങളെ പ്രതിയാണ്. തീര്‍ത്തും സമാധാനപരമായും സ്വയം നിര്‍ണ്ണയത്തിലും മാത്രം  ഉള്‍ക്കൊള്ളേണ്ട ഒരു ജീവിതസരണി സര്‍വ്വായുധിയുടെ ക്രൂരബലത്തില്‍ ജനപദങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്ന് പ്രമാണങ്ങള്‍ പറയുമ്പോഴും, തീവ്രവാദസംഘങ്ങള്‍ ഇത്തരം നിര്‍ണ്ണയങ്ങളില്‍ എങ്ങനെ എത്തിപ്പെടുന്നുവെന്നും, അതിലേക്ക് അത്തരക്കാരെ ഉന്തിയിടുവാന്‍ പ്രേരിപ്പിക്കുന്ന ലോകരാഷ്ട്രീയം കുരിശുയുദ്ധ പ്രചോദിതരായ പടിഞ്ഞാറന്‍ നാടുകളും ഇസ്രയേലും എങ്ങനെയാണ് നിര്‍മ്മിച്ചെടുക്കുന്നതെന്നും ഉസാമ ബിന്‍ലാദന്റെയും മുല്ലാ ഉമറിന്റെയും കര്‍മ പരിസരത്ത് നിന്ന് എഴുത്തുകാരന്‍ സ്‌തോഭത്തോടെ കണ്ടെത്തുന്നു. പടിഞ്ഞാറന്‍ രാഷ്ട്ര വ്യവഹാരത്തെ നിര്‍ണ്ണയിക്കുന്നത് വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമല്ല, അതില്‍ കുരിശുയുദ്ധ പ്രചോദനങ്ങള്‍ കൂടിയുണ്ടെന്ന് പുസ്തകം പറയുന്നു. ഈ രണ്ടു താല്‍പര്യങ്ങളും യഥോചിതം തരപ്പെടുത്താന്‍ അവര്‍ മുസ്‌ലിം ലോകത്തുനിന്ന് തന്നെ ചാവേറുകളെ കണ്ടെത്തുന്നു. അന്നത്തെ ആവശ്യങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തരക്കാരെ ഇവര്‍ ശത്രുപാളയത്തിലേക്ക് തള്ളുന്നു. അങ്ങനെ രൂപപ്പെടുന്ന ശാത്രവത്തിന് ഇവര്‍ സിദ്ധാന്തപരമായ ന്യായപ്രമാണങ്ങള്‍ കണ്ടെത്തുന്നു. ഇത് പടിഞ്ഞാറിന് കൂടുതല്‍ സൗകര്യമാകുന്നു. ഇസ്‌ലാം എന്നാല്‍ തീവ്രവാദമെന്നും അസഹിഷ്ണുതയെന്നും, ജിഹാദെന്നാല്‍ മാര്‍ഗ്ഗം കൂടലാണെന്നുമുള്ള സമവാക്യങ്ങള്‍ രൂപംകൊള്ളുന്നത് അങ്ങനെയാണ്. അതോടെ 'തീവ്രവാദ'വേട്ട എളുപ്പമാവും. അപ്പോള്‍ സാത്വികരായ ഇസ്‌ലാമിക നവോത്ഥാന നായകരിലേക്ക് പോലും തീവ്രവാദ വേട്ടയുടെ കുന്തവും വാളും കൂര്‍പ്പിച്ചു നിര്‍ത്താനും പടിഞ്ഞാറിനാവും. സയ്യിദ് മൗദൂദിയും ശഹീദ് ബന്നയും ശഹീദ് ഖുത്വ്ബും തുടങ്ങി യൂസുഫുല്‍ ഖറദാവി വരെ പടിഞ്ഞാറിന്റെ പ്രതിപ്പട്ടികകളില്‍  തുരന്നു കയറ്റപ്പെടുന്നത് ഇത്തരം സമര്‍ത്ഥമായ ചതിപ്രയോഗത്താലാണെന്നും ഈ പുസ്തകത്തിന്റെ ആദിപര്‍വ്വം വിശദമായി പറഞ്ഞുതരുന്നു.

തുടര്‍ന്ന് ചര്‍ച്ചക്കെടുക്കുന്നത് ഐ.എസിന്റെ വിശകലനമാണ്. ഇസ്‌ലാമിന്റെ ചേതോഹരമായ നിരവധി സാങ്കേതിക സംജ്ഞകളെ  അതിന്റെ ഉദ്ദേശ്യത്തില്‍ നിന്ന് പൊളിച്ചെടുത്ത് ഇസ്‌ലാമിനെതിരെ ഉപയോഗിക്കാന്‍ തീവ്രവാദ സംഘങ്ങള്‍ക്ക് കൂട്ടാവുന്നത് പ്രമാണപാഠത്തിലെ ജ്ഞാനമില്ലായ്മയാണെന്ന് എഴുത്തുകാരന്‍ നിരീക്ഷിക്കുന്നു. ഇത്തരക്കാരുടെ മതകീയ വ്യാഖ്യാനങ്ങള്‍ക്ക് ഇസ്‌ലാമോ അതിന്റെ പണ്ഡിതരോ ഉത്തരവാദികളല്ല എന്ന കൃത്യമായ തീര്‍പ്പില്‍ ഈ വായന നമ്മെ എത്തിക്കും. വിശ്വാസം നിര്‍ബന്ധിച്ചേല്‍പ്പിക്കേണ്ട ഒരു സാധ്യതയേയല്ല. 

പിന്നെ എങ്ങനെ ഇത്തരം ക്ഷുദ്രപ്രസ്ഥാനങ്ങള്‍ മുളപൊട്ടുന്നു എന്നതിന്റെ സാമൂഹിക ശാസ്ത്രപരമായ വിശകലനങ്ങളിലേക്ക് എഴുത്തുകാരന്‍ സഞ്ചരിച്ചു പോകുന്നുണ്ട്. ഇസ്‌ലാമിക ലോകത്തെ അവ്യവസ്ഥിതിയും വംശവാഴ്ചയും ഒരു കാരണമാണ്. മനുഷ്യാവകാശത്തിന്റെ  സര്‍വ്വജാലകങ്ങളും  കൊട്ടിയടച്ച് അവിടെ നടക്കുന്ന അധികാരവാഴ്ച സൃഷ്ടിക്കുന്ന  പ്രതിഷേധം ചിലപ്പോള്‍ സര്‍വ്വതിനോടും രോഷം കൊള്ളുന്ന നിറയൗവനങ്ങളെ സൃഷ്ടിച്ചേക്കാം. പടിഞ്ഞാറന്‍ കുടില വ്യാപാര തന്ത്രങ്ങള്‍ മുസ്‌ലിം നാടുകളില്‍ പ്രയോഗിക്കുന്ന അസംബന്ധ രാഷ്ട്രീയം ഇതില്‍ രാസത്വരകമായേക്കും. മറ്റൊന്ന് പ്രമാണപാഠങ്ങളില്‍ അജ്ഞരായവര്‍ സാഹസികരാവാന്‍  വെമ്പുമ്പോള്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ക്ക് സിദ്ധാന്തങ്ങളുടെ കവചം പണിയാന്‍  ബദ്ധപ്പെടുന്നു. ഇതെല്ലാം കൂടി പണിതൊരുക്കുന്ന പ്രതിലോമ പ്രവര്‍ത്തനമാണ്  ഐ.എസ് എന്ന വസ്തുതാപരമായ തീര്‍പ്പിലേക്കാണി പുസ്തകം നമ്മെ എത്തിക്കുക. ഇതാണ് ജനിച്ച നാടും സ്ഥാവരങ്ങളും എറിഞ്ഞ് പ്രാണനും കൊണ്ട് പലായകരാകാന്‍ മധ്യ പൗരസ്ത്യ നാടുകളിലെ സാധുജനതയെ നിര്‍ബന്ധിക്കുന്നത്. അങ്ങനെയാണ് ഐലാന്‍ കുര്‍ദുമാര്‍ ഉണ്ടാവുന്നത്.  ഇത് ഇസ്‌ലാമല്ല. ഇത് പ്രവാചക സരണിയുമല്ല. അല്ലാഹുവിന്റെ ദീന്‍ ഇങ്ങനെയല്ല. അത് സ്‌നേഹമാണ്, സുതാര്യതയാണ്, ബഹുസ്വരതയുടെ ആഘോഷമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍