Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

'എന്നും തളരാതെ മുന്നോട്ട്'

മജീദ് കുട്ടമ്പൂര്‍

സ്രയേല്‍ അധിനിവേശത്തിനെതിരായ ഫലസ്ത്വീനികളുടെ പ്രതിരോധത്തിന്റെ കനല്‍വഴികളില്‍ തങ്ങളുടെ കലയും സര്‍ഗാവിഷ്‌കാരങ്ങളും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഈയിടെ കേരളത്തിലെത്തിയ ഫലസ്ത്വീന്‍ കലാകാരന്മാര്‍. കലയെ പ്രതിരോധത്തിന്റെ മാധ്യമമാക്കിയ ഫലസ്ത്വീന്‍ ഫ്രീഡം തിയേറ്റര്‍ പ്രവര്‍ത്തകരും ദല്‍ഹിയിലെ ജനനാട്യമഞ്ച് പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ കലാ പ്രകടനങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലയിലെയും കോഴിക്കോടിന്റെയും മനം നിറയ്ക്കുകയുണ്ടായി.
ഫലസ്ത്വീനിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പ് കേന്ദ്രീകരിച്ച് 2006-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫലസ്ത്വീന്‍ ഫ്രീഡം തിയേറ്റര്‍ ഇന്ന് ലോക പ്രശസ്ത കലാ സംഘമാണ്. ജന്മനാടിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കി നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച്, കലാ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പ്രതിരോധത്തിന്റെ പുതിയ ഭൂമിക തേടുകയാണ് തങ്ങളെന്ന് ഫ്രീഡം തിയേറ്റര്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. നാടക പ്രവര്‍ത്തനത്തിനു വേണ്ടി രൂപീകരിച്ച വിദ്യാലയം, ദൃശ്യകലകള്‍ക്കായുള്ള വേദി, സര്‍ഗാത്മക സാഹിത്യ ആവിഷ്‌കാരങ്ങള്‍ക്കായുള്ള പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയ തലങ്ങളിലാണ് 'ഫ്രീഡം തിയേറ്ററി'ന്റെ പ്രവര്‍ത്തനം. സയണിസ്റ്റുകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജൂലിയന്‍ മര്‍ഖമീസ് ആണ് ഫ്രീഡം തിയേറ്റര്‍ സ്ഥാപിച്ചത്.
ജൂലിയന്‍ മര്‍ഖമീസിനെപ്പോലെ ഫാഷിസ്റ്റുകളാല്‍ ഇന്ത്യയില്‍ കൊലചെയ്യപ്പെട്ട ഇടതുപക്ഷ ചിന്തകനും കലാ പ്രവര്‍ത്തകനുമായിരുന്ന സഫ്ദര്‍ ഹഷ്മി സ്ഥാപിച്ച ജനനാട്യമഞ്ചിലെ പ്രവര്‍ത്തകരും ഫ്രീഡം തിയേറ്റര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ പര്യടനം നടത്തുകയാണ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നാടകവും കലാ പ്രകടനങ്ങളും നടത്തുക എന്ന ഉദ്ദേശ്യത്തോടെ എത്തിയ ഫലസ്ത്വീന്‍ കലാകാരന്മാര്‍ക്കൊപ്പം ജനനാട്യമഞ്ചും ചേരുകയായിരുന്നു. ഇന്ത്യയും ഫലസ്ത്വീനും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധം ഊട്ടിയുറപ്പിക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയാണിത്. ഫലസ്ത്വീന്‍ വിമോചനം ലക്ഷ്യമിട്ട് ലോക ജനതയുടെ പിന്തുണ തേടുന്നതിനാണ് ഫ്രീഡം തിയേറ്റര്‍ പ്രവര്‍ത്തകര്‍ ലോകം ചുറ്റുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിനും നിയോ ലിബറല്‍ സാമ്പത്തികാധിനിവേശത്തിനുമെതിരെ കലാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജനനാട്യമഞ്ച് ഇപ്പോള്‍ സഫ്ദര്‍ ഹഷ്മിയുടെ പത്‌നി മാലശ്രീയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
തങ്ങളുടെ അഭിനയ ചാതുരി പുറത്തെടുത്ത് അറബിയും ഹിന്ദിയും കോര്‍ത്തിണക്കി അവതരിപ്പിച്ച 'ഹമീസ സമിത' എന്ന നാടകത്തിന് വേദിയായത് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളായിരുന്നു. ഹമീസ സമിത എന്നതിന്റെ അര്‍ഥം 'എന്നും തളരാതെ മുന്നോട്ട്' എന്നാണ്. ഇന്ത്യയുടെയും ഫലസ്ത്വീനിന്റെയും ചരിത്രവും മൂല്യങ്ങളും കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രൂപത്തിലാണ് നാടകം സംവിധാനിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളുടെയും ദൃഢബന്ധവും ചരിത്രവും മൂല്യങ്ങളും തങ്ങളുടെ നാടകത്തിലൂടെ വരച്ചിടുകയും യുദ്ധമെന്ന കെടുതിക്കെതിരെ പ്രതികരിക്കുകയുമാണ് ഈ നാടകം. വര്‍ത്തമാന ഇന്ത്യയും ഫലസ്ത്വീനും യഥാക്രമം സമാന സ്വഭാവത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഫാഷിസവും സയണിസവും തുറന്നുകാട്ടുന്ന ശക്തമായ ആവിഷ്‌കാരമായിരുന്നു ഇത്. ഫലസ്ത്വീന്‍ വിഷയത്തില്‍ ഇസ്രയേലിന് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ നിലപാടിനെയും അതിന് ബലിയാടാകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ഹാസ്യ രൂപേണ കലാകാരന്മാര്‍ വേദിയിലവതരിപ്പിച്ചപ്പോള്‍ നാടകാസ്വാദകര്‍ക്കത് ഏറെ ആവേശകരമായി.
ഫലസ്ത്വീനികളുടെ പോരാട്ട വീര്യത്തെ ഊതിക്കാച്ചുന്ന കവിതകളൂടെയും ഗാനങ്ങളുടെയും ആലാപനവുമുണ്ടായിരുന്നു. ഫലസ്ത്വീനിലെ കാര്‍ഷിക ജീവിതം പ്രതിഫലിപ്പിക്കുന്ന 'ഡബ്‌കെ' എന്ന നാടോടി നൃത്തത്തിന്റെ ദൃശ്യ ഗാനാവിഷ്‌കാരവും ഏറെ ഹൃദ്യമായിരുന്നു.
കോഴിക്കോട് പരിപാടി ആരംഭിച്ചത് ഫലസ്ത്വീന്‍ പോരാളികളുടെ ഹൃദയത്തില്‍ പോരാട്ട വീര്യത്തിന്റെ കനവുകള്‍ വിതച്ച ദേശീയ കവി മഹ്മൂദ് ദര്‍വേശിന്റെ കവിതകളുടെ മലയാള വിവര്‍ത്തനത്തിന്റെ ദൃശ്യാവിഷ്‌കാരത്തോടു കൂടിയാണ്.
പൊതുവെ നാടക കലാപ്രവര്‍ത്തനങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന അറബ്‌ലോക സമീപനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കലാ-നാടക പ്രവര്‍ത്തനങ്ങളുമായി ലോക ജനതയിലേക്കിറങ്ങി വന്ന് തങ്ങളുടെ പ്രശ്‌ന സങ്കീര്‍ണതകള്‍ക്കിടയിലും യോജിപ്പിന്റെയും സംവാദത്തിന്റെയും വേദികള്‍ സൃഷ്ടിക്കുകയാണ് ഫലസ്ത്വീന്‍ ഫ്രീഡം തിയേറ്റര്‍ പ്രവര്‍ത്തകര്‍. സമഹ്ടാബെ, റെനിന്‍ ഓഡ, ഇഹാബ് തലാമഹ്, ഇബ്‌റാഹീം മെക്ബില്‍, ഒസാമ അല്‍ അസ, അമീര്‍ അബുറോബ്, യൂസുഫ് മുഹമ്മദ് അബു, ഫൈസല്‍ അബു തുടങ്ങിയ ഫലസ്ത്വീന്‍ കലാകാരന്മാരും കലാകാരികളുമാണ് സംഘത്തിലുണ്ടായിരുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍