Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

ഇരകളെ വേട്ടക്കാരാക്കുന്ന അക്കാദമിക വ്യവഹാരം

കെ.ടി ഹുസൈന്‍

സ്‌ലാമും ഇസ്‌ലാമിക സമൂഹവും സമകാലിക ലോകത്ത് വിമര്‍ശനത്തിന്റെ മുള്‍മുനയിലാണെന്നത് ഒട്ടും അതിശയോക്തിയില്ലാത്ത പ്രസ്താവനയാണ്. ഈ വിമര്‍ശനങ്ങള്‍ മുഴുവനും ഏതോ ഇസ്‌ലാംവിരുദ്ധ ബാഹ്യശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് വിധിക്കുന്നത് യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ ത്രാണിയില്ലായ്മയായേ ആരും വിലയിരുത്തൂ. ഇസ്‌ലാമിനെ മനസ്സിലാക്കുന്നതിലും അതിനെ കാലോചിതമായി വ്യാഖ്യാനിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഇസ്‌ലാമിക സമൂഹത്തിന് പറ്റുന്ന പാളിച്ചകളും വീഴ്ചകളും കൂടി വിമര്‍ശനങ്ങളെ സാധൂകരിക്കുംവിധം മുസ്‌ലിംകളുടെ സമീപനങ്ങളിലും നിലപാടുകളിലും വൈരുധ്യങ്ങളുണ്ടാകുന്നു എന്നത് വസ്തുതയാണ്. ഇസ്‌ലാമിനെ ശത്രുപക്ഷത്തോ അപരസ്ഥാനത്തോ നിര്‍ത്തിക്കൊണ്ടുള്ള പതിവ് ആഖ്യാനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുറമെ മേല്‍ സൂചിപിച്ച വൈരുധ്യങ്ങളുടെ പേരിലുള്ള വിമര്‍ശനവും ഇന്ന് മാധ്യമങ്ങളില്‍ സജീവമാണ്.
പക്ഷേ, ഇത്തരം വിമര്‍ശനങ്ങളുടെ ഏറ്റവും വലിയ പരിമിതി ഇസ്‌ലാമോഫോബിയയുടെ ഭാഗമായി സാമ്രാജ്യത്വ തിങ്ക് ടാങ്കുകള്‍ സൃഷ്ടിച്ച ഇസ്‌ലാം വിരുദ്ധ പൊതുബോധത്തില്‍നിന്ന് അതിനും മോചനം നേടാന്‍ കഴിയുന്നില്ല എന്നതാണ്. അതിനാല്‍, ഗൗരവതരവും പരിഗണനാര്‍ഹവുമായ ഇത്തരം വിമര്‍ശനങ്ങള്‍ പോലും ഈ പൊതുബോധം കാരണം ഇസ്‌ലാമും മുസ്‌ലിംകളും വേട്ടയാടപ്പെടുന്ന സമകാലിക ലോക, ഇന്ത്യന്‍ അവസ്ഥയില്‍ ഇരകളെ വേട്ടക്കാരാക്കുകയോ ചുരുങ്ങിയപക്ഷം ഇരകളെയും വേട്ടക്കാരെയും സമീകരിക്കുകയോ ചെയ്യുന്ന അക്കാദമിക വ്യവഹാരമായി ഒടുങ്ങിപ്പോവുകയാണ് ചെയ്യുന്നത്. മുസ്‌ലിം ഉദാരവാദികള്‍ എന്ന് സ്വയം സ്ഥാനപ്പെടാന്‍ ആഗ്രഹിക്കുന്ന ചില ബുദ്ധിജീവികളും എഴുത്തുകാരുമാണ് ഇത്തരം വിമര്‍ശനങ്ങളുമായി ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ഒന്നാന്തരം ഉദാഹരണമാണ് മാതൃഭൂമി വാരികയില്‍( ലക്കം 40, 2015 ഡിസംബര്‍ 20, 26) ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ മുഖ്യധാരാ ഇസ്‌ലാമിന്റെ നൈതിക വൈരുധ്യങ്ങള്‍ എന്ന ലേഖനം.
ഈ ലേഖകന് യോജിപ്പുള്ള ചില നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും ഷാജഹാന്റെ ലേഖനത്തിലുണ്ട്. ആദ്യം അതിനെക്കുറിച്ച് പറഞ്ഞതിനുശേഷം വിയോജിപ്പിലേക്ക് വരാം. മുഅ്തസിലി-അശ്അരി തര്‍ക്കത്തില്‍ തുടങ്ങിയ സംവാദങ്ങളും അവയുടെ നൂറ്റാണ്ടുകളിലൂടെ വികസിച്ച തുടര്‍ച്ചകളുമാണ് വാസ്തവത്തില്‍ ഇസ്‌ലാമിന്റെ മൗലികവും ശ്രദ്ധേയവുമായ ധൈഷണിക സമ്പന്നതയെന്നും, പില്‍ക്കാലത്ത് കര്‍മശാസ്ത്രം ദൈവശാസ്ത്രത്തിനും ദര്‍ശനത്തിനും മേല്‍ ആധിപത്യം സ്ഥാപിച്ചതോടെ ചിന്തയുടെ വിശാലസ്ഥലികള്‍ മുഖ്യധാരാ ഇസ്‌ലാമിന് നഷ്ടമായി എന്നുമുള്ള ലേഖകന്റെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. ലേഖകന്‍ സൂചിപ്പിച്ച ഈ തര്‍ക്കത്തിന്റെയും സംവാദത്തിന്റെയും ഒരു ഘട്ടത്തില്‍ ഇടപെട്ട് തന്റെ ധിഷണാശേഷിയും താര്‍ക്കിക യുക്തിയും കൊണ്ട് ഇമാം ഗസ്സാലി തത്വശാസ്ത്രത്തിനു മേല്‍ നേടിയ വിജയമാണ് യഥാര്‍ഥത്തില്‍ ഈ സ്ഥിതിവിശേഷത്തിന് കാരണമായത് എന്നുകൂടി പറഞ്ഞാലേ മേല്‍ നിരീക്ഷണം പൂര്‍ണമാകു. തത്ത്വശാസ്ത്രത്തിന്റെ അടിത്തറകള്‍ തകര്‍ത്തുകൊണ്ട് ഗസ്സാലി രചിച്ച തത്ത്വശാസ്ത്രത്തിന്റെ വ്യതിചലനങ്ങള്‍ (ഇന്‍കോഹറന്‍സ് ഓഫ് ഫിലോസഫി) എന്ന ഗ്രന്ഥം പുറത്തുവന്നതിന് നൂറു വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് മുസ്‌ലിം ലോകത്തുനിന്ന് അതിനൊരു മറുപടി ഉണ്ടായത് എന്നതില്‍നിന്നുതന്നെ ധൈഷണിക മണ്ഡലത്തില്‍ ഗസ്സാലി സൃഷ്ടിച്ച ഭയവിഹ്വലത ഊഹിക്കാമല്ലോ. ഇബ്‌നു റുശ്ദിന്റെ വ്യതിചലനത്തിന്റെ വ്യതിചലനം (ഇന്‍കോഹറന്‍സ് ഓഫ് ഇന്‍കോഹറന്‍സ്) എന്ന ഗ്രന്ഥം ഗസ്സാലിക്കുള്ള മറുപടിയാണ്. പക്ഷേ, അപ്പോഴേക്കും ഇബ്‌നുറുശ്ദിന്റെ ചിന്തകളെയും ആശയങ്ങളെയും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള ധിഷണാസമ്പന്നത മുസ്‌ലിം ലോകത്തിന് നഷ്ടമായിക്കഴിഞ്ഞിരുന്നു. വിജ്ഞാനത്തിലേക്ക് മെല്ലെ മെല്ലെ കടന്നുകയറാന്‍ തുടങ്ങിയിരുന്ന യൂറോപ്പാകട്ടെ അതിനെ നന്നായി പ്രയോജനപ്പെടുത്തുകയും യൂറോപ്യന്‍ ജ്ഞാനോദയത്തിനു അത് ചാലകമായി മാറുകയും ചെയ്തു.
ഇസ്‌ലാമിക സമൂഹത്തിനകത്ത് വമ്പിച്ച ആഭ്യന്തര അസഹിഷ്ണുതക്ക് വളമായിത്തീര്‍ന്ന ശീഈ-സുന്നി പിളര്‍പ്പിനെക്കറിച്ച് ലേഖകന്‍ പറയുന്നതിലും ശരിയുണ്ട്. ലേഖകന്‍ നിരീക്ഷിച്ചതുപോലെ തികച്ചും രാഷ്ട്രീയമായ കാരണങ്ങളാല്‍ ഉടലെടുത്ത, പില്‍ക്കാലത്ത് മതപരമായ മാനം കൈവന്ന ശീഈ-സുന്നി തര്‍ക്കമാണ്  മുസ്‌ലിംലോകത്ത് ഇന്നും രക്തപ്പുഴ ഒഴുകാന്‍ കാരണമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല കൊളോണിയലിസത്തിന് മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള കളികള്‍ നടത്താന്‍ അത് അവസരം തുറന്നുകൊടുക്കുകയും ഐ. എസ് എന്ന ഭീകര പ്രതിഭാസത്തിന്റെ ജന്മത്തിനു വരെ അത് നിമിത്തമാവുകയും ചെയ്തു.
ഫിലോസഫിക്കുമേല്‍ കര്‍മശാസ്ത്രത്തിന്റെ അപ്രമാദിത്തം സ്ഥാപിതമായതിലൂടെ മരവിച്ചുപോയ ധൈഷണികത വീണ്ടെടുക്കുന്നതിനും ശീഈ- സുന്നി വിള്ളലുകള്‍ പരിഹരിക്കുന്നതിനും മുഖ്യധാരാ ഇസ്‌ലാം ഇതുവരെ വിജയിക്കാത്തതാണ് ഇസ്‌ലാമിക ലോകം ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ മര്‍മം എന്നു പറയാം.
പ്രവാചകന്റെയും ഖിലാഫത്തുര്‍റാശിദയുടെയും കാലശേഷം സ്ത്രീവിരുദ്ധത മുസ്‌ലിം പാരമ്പര്യത്തിന്റെ ഭാഗമായിത്തീര്‍ന്നുവെന്ന് ലേഖകന്‍ പറയുന്നതിലും ശരിയുണ്ട്. മുഖ്യധാരാ ഇസ്‌ലാമിനകത്തുനിന്നുകൊണ്ടുതന്നെ ലിംഗസമത്വത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള മുറവിളികള്‍ ഇന്ന് ശക്തമായിട്ടുണ്ടെങ്കിലും പൂര്‍ണമായും വിജയിച്ചിട്ടില്ല. അതിന്റെ കാരണങ്ങളെ കുറിച്ചും, ലേഖകന്റെ ആശയ സ്രോതസ്സായ കൊളോണിയല്‍ ഉദാരവാദവും ഓറിയന്റല്‍ പഠനങ്ങളും അതില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെ കുറിച്ചും പിന്നീട് പറയാം.
ലേഖകനോടുള്ള യോജിപ്പ് ഇവിടെ അവസാനിച്ചു. വിയോജിപ്പ് പ്രധാനമായും അദ്ദേഹം തന്റെ ആശയങ്ങള്‍ വികസിപ്പിക്കാനായി ചവിട്ടിനില്‍ക്കുന്ന പ്രതലത്തോടും അപകടകരമായ അദ്ദേഹത്തിന്റെ സമീകരണ യുക്തിയോടുമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ വിശ്വാസപരവും ധാര്‍മികവുമായ കരുത്ത് ചോര്‍ത്തി അവരെ മാനസികമായി അടിമകളാക്കാന്‍ വേണ്ടി കൊളോണിയലിസത്തിന്റെ അടുക്കളയില്‍ വേവിച്ചെടുത്ത കൊളോണിയല്‍ ഉദാരവാദമാണ് ലേഖകന്‍ ചവിട്ടിനില്‍ക്കുന്ന പ്രതലം എന്നതിനാല്‍; ഗുഡ് മുസ്‌ലിം, ബാഡ് മുസ്‌ലിം എന്ന കൊളോണിയല്‍ പരികല്‍പനയിലൂടെത്തന്നെയാണ് ലേഖകന്‍ മുഖ്യധാരാ ഇസ്‌ലാമിനെ വിശകലനം ചെയ്യുന്നത്. തന്നെപ്പോലുള്ള ഉദാരവാദികള്‍ മാത്രം നല്ലമുസ്‌ലിമും ബാക്കിയുള്ള എല്ലാ മുസ്‌ലിംകളും ചീത്തയും എന്ന മനോഘടന ലേഖകന്‍ ആന്തരികവത്കരിച്ചതായി ലേഖനത്തിലെ ഓരോ വരിയും സാക്ഷ്യപ്പെടുത്തുന്നു. അറബിപ്പേരുള്ള ആരേയും വേട്ടയാടാന്‍ കൊളോണിയല്‍ ശക്തികള്‍ വികസിപ്പിച്ചതാണ് ഈ പരികല്‍പ്പന എന്ന കാര്യം ലേഖകന് അറിയാത്തതല്ല. മുഖ്യധാരയിലെ മുസ്‌ലിംകള്‍ ഒന്നടങ്കം 'ചീത്ത'യാകാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി എണ്ണുന്നുണ്ടെങ്കിലും ഉദാരവാദിയായ നല്ല മുസ്‌ലിമാകാനുള്ള യോഗ്യത എന്താണെന്നു മാത്രം ലേഖകന്‍ പറയുന്നില്ല. അത് വിശ്വാസം മാത്രമാണോ അതോ ധാര്‍മികതയോ? അതുമല്ല, നീതിബോധമോ?
ധാര്‍മികതയാകാനുള്ള ഒരു വഴിയും ഇല്ല. കാരണം ചുംബനസമരത്തെ കേരളത്തിലെ മുഖ്യധാരയിലെ മുസ്‌ലിംകള്‍ ഒന്നടങ്കം എതിര്‍ത്തത് വലിയ പാതകവും തങ്ങള്‍ക്കുള്ളിലെ ഫാഷിസ്റ്റ് പ്രവണതകളുടെ അടയാളവുമാണെന്നാണല്ലോ ലേഖകന്റെ മനസ്സിലിരിപ്പ്. ഇസ്‌ലാമിലെ ധാര്‍മികത എത്ര ഉദാരമാക്കിയാലും പൊതു ഇടത്തില്‍വെച്ച് സ്ത്രീപുരുഷന്‍മാര്‍ ചുംബിച്ചുകൊണ്ടുള്ള സമരത്തെ അനുകൂലിക്കാന്‍ ഒരു മുസ്‌ലിമിനും കഴിയില്ല. അങ്ങനെ കഴിയാതിരിക്കുന്നത് സ്വന്തം ശരീരത്തിനുമേലുള്ള സ്ത്രീയുടെയും പുരുഷന്റെയും സ്വയം നിര്‍ണയാവകാശത്തിനു നേരെയുള്ള മതത്തിന്റെ കടന്നുകയറ്റമായിട്ടാണ് ഉദാരവാദികള്‍ കാണുന്നത്. സംശയമില്ല, അവരെ സംബന്ധിച്ചിടത്തോളം ചുംബന സമരത്തെ എതിര്‍ക്കുന്നത് മത ഫാഷിസം തന്നെയാണ്. ലേഖകനും ഇത്തരം ചിന്തയുടെ വക്താവാണെന്ന്, ധാര്‍മികതയെയും സദാചാരത്തെയും കുറിച്ച ലേഖനത്തിലെ പല പരാമര്‍ശങ്ങളും അടിവരയിടുന്നുമുണ്ട്. അതിനാല്‍ നിസ്സംശയം ലേഖകന്‍ നല്ല മുസ്‌ലിംതന്നെ! ഇനിയും നല്ല മുസ്‌ലിമാകാന്‍ ലേഖകനെ യോഗ്യമാക്കുന്ന നീതിബോധത്തെക്കുറിച്ചുകൂടി പറയാം. ഇസ്‌ലാമിക ലോകത്ത് ജനാധിപത്യത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെയും ഇല്ലായ്മയെയും, അവിടെ നടക്കുന്ന അസഹിഷ്ണുതാപരമായ കൊലപാതകങ്ങളെയും കുറിച്ച് ലേഖകന്‍ വാചാലമായി സംസാരിക്കുന്നുണ്ട്. അതിന് മുഖ്യധാരാ ഇസ്‌ലാം കൂടി ഉത്തരവാദിയാണെന്ന ലേഖകന്റെ ചാര്‍ജുഷീറ്റിനെക്കുറിച്ച് പിന്നീടു പറയാം. പക്ഷേ ഇസ്‌ലാമിക ലോകത്ത് ജനാധിപത്യം വരാനുള്ള മുഖ്യ തടസ്സം ആരാണെന്നതിനെക്കുറിച്ചും, അറബ് വസന്താനന്തരം തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഈജിപ്തില്‍ അധികാരം പിടിച്ച ഏകാധിപത്യ ഭരണകൂടം അവിടെ നടത്തുന്ന മര്‍ദക വാഴ്ചയെക്കുറിച്ചും, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തി രണ്ടാമതും അധികാരത്തില്‍ വന്ന ബംഗ്ലാദേശിലെ ഹസീന ഭരണകൂടം ഒന്നിനു പിറകെ ഒന്നായി നിരപരാധികളെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ചും ലേഖകന്റെ നീതിബോധം മൗനമാണ്. നീതിബോധത്തിലെ ഈ ഇരട്ടത്താപ്പ് തന്നെയാണ് ലേഖകനെപ്പോലുള്ളവരെ 'നല്ല മുസ്‌ലിമാ'ക്കുന്ന രണ്ടാമത്തെ യോഗ്യത. ഇപ്രകാരം നീതിബോധത്തിലെ ഇരട്ടത്താപ്പിലൂടെ നല്ല മുസ്‌ലിമായി മാറിയ ലേഖകന്‍ മുഖ്യധാരാ ഇസ്‌ലാം പുലര്‍ത്തുന്ന നീതിയിലെ ഇരട്ടത്താപ്പിനെക്കുറിച്ച് വല്ലാതെ വാചാലനാകുന്നത് വിരോധാഭാസമായി തോന്നാം. എന്നാല്‍ ലേഖകനെ നല്ല മുസ്‌ലിമാക്കുന്ന ഒരധിക യോഗ്യതയാണ് ഇതെന്ന് അറിയുന്നതോടെ നമ്മുടെ അത്ഭുതം മാറിക്കിട്ടും.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും നല്ലമുസ്‌ലിമായി സ്വയം അവരോധിതനായ ലേഖകന്‍ മുസ്‌ലിംകള്‍ ഇരയാക്കപ്പെടുന്ന ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ വസ്തുനിഷ്ഠമായി വിവരിച്ചതിനുശേഷം ഞൊടിയിടയില്‍ മുസ്‌ലിംകളില്‍ ചിലരുടെ മതഭ്രാന്തമായ നടപടികള്‍ എടുത്തുകാണിച്ച് അതിന്റെ ഉത്തരവാദിത്തം മുഖ്യധാരാ ഇസ്‌ലാമില്‍ ചുമത്തുകയും അവരെ ഒന്നടങ്കം വേട്ടക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്ന ആഖ്യാന തന്ത്രമാണ് പയറ്റുന്നത്. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ചെല്ലും ചെലവും നല്‍കി തീറ്റിപ്പോറ്റുന്ന ബംഗ്ലാ വംശജനായ എഡ് ഹുസൈന്‍, അയാന്‍ ഹിര്‍സ് അലി, വഫാ സുല്‍ത്താന തുടങ്ങിയ ഇസ്‌ലാമോഫോബുകളായ എഴുത്തുകാര്‍ പയറ്റിയ ആഖ്യാനവും തന്ത്രവും ഇതുതന്നെയായിരുന്നു.
മുസ്‌ലിംകളില്‍ മതഭ്രാന്തന്മാരേയില്ലെന്ന അഭിപ്രായം ഈ ലേഖകനില്ല. പിന്നണിയില്‍ ആരായിരുന്നാലും മതഭ്രാന്തിന്റെ ഏറ്റവും ക്രൂരമായ മുഖത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് ഐസിസ് എന്ന കാര്യത്തിലും സംശയമില്ല. ഗൂഢാലോചന സിദ്ധാന്തം മെനഞ്ഞുണ്ടാക്കി ഐസിസ് പൂര്‍ണമായും സാമ്രാജ്യത്വ സൃഷ്ടിയാണെന്നുള്ള വാദത്തോടും ഈ ലേഖകന് മതിപ്പില്ല. ഏതു മതത്തെയും ഹിംസാത്മകമായി വ്യാഖ്യാനിക്കാമെന്നതുപേലെ ഇസ്‌ലാമിന്റെ ഏറ്റവും ഹിംസാത്മക വ്യഖ്യാനമാണ് ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിലും തര്‍ക്കമില്ല. ലേഖകന്‍ പരാമര്‍ശിച്ച റുശ്ദിക്കെതിരായ 'ഖുമൈനിയുടെ ഫത്‌വ' മുതല്‍ കേരളത്തിലെ കൈവെട്ട് വരെയുള്ള സംഭവങ്ങളില്‍ ഏറിയും കുറഞ്ഞും മതഭ്രാന്തിന്റെ അംശമുണ്ടെന്നാണ് എന്റെയും വിശ്വാസം. പക്ഷേ ഈ മതഭ്രാന്തിനെ മാത്രം കാണുകയും എന്നാല്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി പാശ്ചാത്യലോകത്ത് ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന പ്രവാചകനിന്ദ എന്ന മതഭ്രാന്തിനെ കാണാതിരിക്കുകയും ചെയ്യുന്നതിലെ നീതിബോധത്തിലെ ഇരട്ടത്താപ്പുണ്ടല്ലോ, അതിനെ 'നല്ല മുസ്‌ലിമി'ന്റെ ലക്ഷണമായി തന്നെ കാണേണ്ടിവരും!
പ്രവാചകനിന്ദയോടുള്ള മുസ്‌ലിം ലോകത്തിന്റെ അസഹിഷ്ണുതയെക്കുറിച്ച് പറയുമ്പോള്‍ നിന്ദയും വിമര്‍ശനവും തമ്മിലുള്ള വ്യത്യാസവും കണക്കിലെടുക്കണം. പ്രവാചകനിന്ദയുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെ ന്യായീകരിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്. പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഏറ്റവും വലിയ പ്രവാചകനിന്ദയാണെന്ന ലേഖകന്റെ അഭിപ്രായം തന്നെയാണ് ഈ കുറിപ്പുകാരനും ഉള്ളത്. ഇന്ത്യയടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനയെ ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ അതിനെ നിന്ദിക്കാന്‍ ആര്‍ക്കെങ്കിലും അനുവാദമുണ്ടോ? പല മുസ്‌ലിം രാജ്യങ്ങളിലും പ്രവാചകന്റെ വ്യക്തിത്വത്തിന് ഭരണഘടനാപരമായ പദവിയുണ്ട് എന്ന കാര്യവും മനസ്സിലാക്കേണ്ടതുണ്ട്. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് ഈ നിയമങ്ങളെ അസ്ഹിഷ്ണുതയായി മുദ്രകുത്തുന്നത് ഈ കാര്യങ്ങള്‍ കൂടി പരിഗണിച്ചിട്ടുവേണം. മുസ്‌ലിമേതര രാജ്യങ്ങളിലെ പ്രവാചകനിന്ദക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇതൊന്നും ന്യായീകരണമല്ല. പക്ഷേ അവിടെയും നിന്ദയെയും വിമര്‍ശനത്തെയും വെവ്വേറെത്തന്നെ കാണണം. ഇന്ത്യയില്‍ രാഷ്ട്രപിതാവിനെ ആര്‍ക്കും വിമര്‍ശിക്കാം, പക്ഷേ അദ്ദേഹത്തെ നിന്ദിക്കാന്‍ പറ്റുമോ? എല്ലാ രാജ്യങ്ങളിലും വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ഇത്തരം ഔചിത്യങ്ങളും പെരുമാറ്റ ശീലങ്ങളുമുണ്ട്. പക്ഷേ പ്രവാചകന്‍ മുഹമ്മദിനെ വിമര്‍ശിക്കുമ്പോള്‍ മാത്രം ഇത്തരം ഔചിത്യങ്ങളും പെരുമാറ്റ ശീലങ്ങളും പാലിക്കേണ്ടതില്ല എന്നത് ഇന്ന് ഒരു പൊതുബോധമായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പാശ്ചാത്യലോകത്തെ ഇസ്‌ലാമോഫോബുകള്‍ ആസൂത്രിതമായി വളര്‍ത്തിയെടുത്തതാണ് ഈ പൊതുബോധം. മുസ്‌ലിംകളിലെ മതഭ്രാന്തന്മാരെ പ്രകോപിപ്പിക്കുന്നതില്‍ ഈ പൊതുബോധത്തിനും പങ്കുണ്ട് എന്നത് കാണാതിരുന്നുകൂടാ.
മുസ്‌ലിംകളിലെ മതഭ്രാന്തന്മാരുടെ ചെയ്തികള്‍ ഓരോന്നായി എടുത്തുപറഞ്ഞ് മുഖ്യധാരാ ഇസ്‌ലാമിനെക്കൂടി അതില്‍ ഉത്തരവാദി ആക്കുന്നുവെന്നതാണ് ഷാജഹാന്റെ ലേഖനത്തിലെ ഏറ്റവും അപകടകരമായ വശം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേട്ടയാടാന്‍ വേണ്ടി കൊളോണിയല്‍ തിങ്ക്ടാങ്കുകള്‍ ഇസ്‌ലാമിനെ മൂന്നായി വിഭജിച്ചതുപോലെ ഷാജഹാനും ഇസ്‌ലാമിനെ മൂന്നായി വിഭജിക്കുന്നു. ജനകീയ ഇസ്‌ലാം, പ്രാമാണിക ഇസ്‌ലാം, രാഷ്ട്രീയ ഇസ്‌ലാം എന്നിങ്ങനെ. ജനകീയ ഇസ്‌ലാമിനെ അഥവാ സ്വൂഫീ ഇസ്‌ലാമിനെ കൊളോണിയല്‍ തിങ്ക് ടാങ്കുകള്‍ കുറ്റവാളികളുടെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രാമാണിക ഇസ്‌ലാമിന്റെയും രാഷ്ട്രീയ ഇസ്‌ലാമിന്റെയും ആധികാരിക യുക്തിയെ ആന്തരികവത്കരിച്ചു എന്ന പുതിയൊരു ന്യായം ചമച്ചുണ്ടാക്കി കേരളത്തിലെ ജനകീയ ഇസ്‌ലാമിനെയും ഷാജഹാന്‍ കുറ്റവാളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തന്റേത് പൂര്‍ണമായും കോപ്പിയടിയല്ല എന്ന് വായനക്കാര്‍ കരുതിക്കോട്ടെ എന്നതുകൊണ്ടായിരിക്കാം ഇത്. ഏതായാലും ഇതിലൂടെ ഫാഷിസത്തിനെതിരെ ശബ്ദിക്കാനുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകളുടെയെല്ലാം അവകാശം ലേഖകന്‍ ഒറ്റയടിക്ക് റദ്ദു ചെയ്തിരിക്കുകയാണ്. ചില സ്വത്വ വിഭാഗങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടില്‍ മനുഷ്യരല്ലാത്തതിനാല്‍ അവരെ കൂടെ കൂട്ടാതെ ലിബറലുകള്‍ എറണാകുളത്ത് മനുഷ്യ സംഗമം നടത്തിയതും ഷാജഹാന്റെ ലേഖനം വന്നതും ഒരേ കാലത്തായത് യാദൃഛികമായിരിക്കും എന്നു കരുതട്ടെ. ഇരകളെ ഒന്നാകെ വേട്ടക്കാരാക്കുന്ന ഈ വ്യാഖ്യാന ശാസ്ത്രം ലേഖകന്‍ സാഹിത്യകാരനായ ആനന്ദിന്റെ സ്‌കൂളില്‍ നിന്ന് പഠിച്ചതായിരിക്കാനാണ് സാധ്യത. അതിനിടയില്‍ അപകടകരമായ ചില സമീകരണയുക്തികളും ലേഖകന്‍ പ്രയോഗിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയെ ചില വിവര ദോഷികള്‍ തെറിപറഞ്ഞതും മാട്ടിറച്ചി സൂക്ഷിച്ചു എന്ന കള്ളം പ്രചരിപ്പിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം അടിച്ചുകൊന്നതും ലേഖകന്റെ കണ്ണില്‍ ഫാഷിസ്റ്റ് നടപടികളാണ്. ഫാഷിസ്റ്റുകള്‍ ഇതു വായിച്ച് കുലുങ്ങിച്ചിരിക്കുന്നുണ്ടാകും.
ജനകീയ ഇസ്‌ലാമിനെയും പ്രാമാണിക ഇസ്‌ലാമിനെയും ലേഖകന്‍ വേട്ടക്കാരാക്കുന്നുണ്ടെങ്കിലും പ്രധാന ഉന്നം രാഷ്ട്രീയ ഇസ്‌ലാംതന്നെയാണ്. കൊളോണിയലിസത്തിനെതിരെ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ട പശ്ചാത്തലത്തില്‍ മൂന്നാംലോക രാജ്യങ്ങളില്‍ നടന്ന പ്രത്യയശാസ്ത്ര ചര്‍ച്ചകളിലും, അതിനുശേഷം കോളനിയാനന്തര ഘട്ടത്തില്‍ മുസ്‌ലിം രാജ്യങ്ങളില്‍ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ പിടിമുറുക്കിയ ഏകാധിപത്യ മര്‍ദക വാഴ്ചക്കെതിരെയുള്ള രാഷ്ട്രീയ സമരങ്ങളിലും ഇടപെട്ടുകൊണ്ട് ഇസ്‌ലാമികമായ ഒരു നൈതിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ജമാഅത്തെ ഇസ്‌ലാമി, അന്നഹ്ദ, തുര്‍ക്കിയിലെ ഇസ്‌ലാമിക പാര്‍ട്ടികള്‍ തുടങ്ങിയവയാണ് രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായി വ്യവഹരിക്കപ്പെടുന്നത്. സുഊദി അറേബ്യ, ഈജിപ്ത്, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മുസ്‌ലിം രാജ്യങ്ങളില്‍ നടക്കുന്നതായി പറയപ്പെടുന്ന ഔദ്യോഗികമോ അല്ലാത്തതോ ആയ അസഹിഷ്ണുതാ പ്രകടനങ്ങളുമായി ഈ പാര്‍ട്ടികള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല ഈ പാര്‍ട്ടികളില്‍ പലതും അവിടങ്ങളില്‍ നടക്കുന്ന അസഹിഷ്ണുതയുടെ ഇരകള്‍ കൂടിയാണ്. അവരുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഇതിനകം കൊല്ലപ്പെടുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്. ആയിരങ്ങള്‍ ഇപ്പോഴും ജയിലറകളിലാണ്. എന്നിട്ടും ഇന്നേവരേ നിയമാനുസൃതവും ജനാധിപത്യപരവുമല്ലാത്ത ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിനും അവര്‍ നേതൃത്വം നല്‍കിയിട്ടില്ല. എന്നിരിക്കെ അവരെ വേട്ടക്കാരായി ചിത്രീകരിക്കുന്നത് ഇസ്‌ലാമിന്റെ രാഷ്ട്രീയ കര്‍തൃത്വം തന്നെയാണ് തീവ്രവാദവും ഭീകരവാദവും എന്ന കൊളോണിയല്‍ യുക്തിക്ക് ലേഖകന്‍ അടിമപ്പെട്ടതുകൊണ്ടുമാത്രമാണ്.
ഇസ്‌ലാമിനകത്തുതന്നെയുള്ള അവാന്തര വിഭാഗങ്ങള്‍ക്കും മറ്റു മതവിഭാഗങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം മാത്രമല്ല രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടാനുള്ള തുല്യ അവകാശം വരെ നല്‍കുന്ന മഴവില്‍ ലോകമാണ് ഈ  പ്രസ്ഥാനങ്ങള്‍ വിഭാവന ചെയ്യുന്നത്. അതിനായി പഴയകാല പ്രമാണ ഗ്രന്ഥങ്ങള്‍ മത്രമല്ല, ഈ പ്രസ്ഥാനങ്ങളുടെ ചില ആദ്യകാല നിലപാടുകളെപ്പോലും അവര്‍ നിരന്തരം പുനര്‍വായന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ ഒന്നും അറിയാത്ത ആളല്ല ലേഖകന്‍. എന്നിട്ടും 'നല്ല മുസ്‌ലിമാ'യി മാറാനുള്ള വ്യഗ്രതയില്‍ ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന മതഭ്രാന്തിന്റെ ഉത്തരവാദിത്തം ഈ പ്രസ്ഥാനങ്ങളില്‍ ചുമത്തുന്നത് മിതമായിപ്പറഞ്ഞാല്‍ അനീതിയാണ്. പക്ഷെ ജനാധിപത്യത്തിന്റെ അടിത്തറയില്‍ നൈതിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പാര്‍ട്ടികളൊരിക്കലും മുസ്‌ലിം രാജ്യങ്ങളില്‍ അധികാരത്തില്‍ വരരുതെന്നത് കൊളോണിയല്‍ താല്‍പര്യമാണ്. വന്നേടത്തൊക്കെ അതിനെ അട്ടിമറിച്ച് ഏകാധിപത്യ മര്‍ദക വാഴ്ച്ചയെ പുനഃസ്ഥാപിക്കുകയാണ് കൊളോണിയല്‍ ശക്തികള്‍ ചെയ്തത്. ഈ ജനാധിപത്യ വിരുദ്ധമായ കൊളോണിയല്‍ അജണ്ടയാണ് മുസ്‌ലിം രാജ്യങ്ങളില്‍ ഇന്ന് കാണുന്ന എല്ലാ അസഹഷ്ണുതയുടെയും മൂല കാരണമെന്ന് കാണാന്‍ കൊളോണിയല്‍ കണ്ണട എടുത്തുമാറ്റിയാല്‍ ലേഖകന് നിഷ്പ്രയാസം സാധിക്കും.
മുഖ്യധാരയുടെ നിലപാടെന്തായാലും ഇസ്‌ലാമിനെക്കുറിച്ച് നവീനമായ വ്യാഖ്യാനവും പഠനവും നടത്തിക്കൊണ്ടിരിക്കുന്ന പുതിയൊരു തലമുറയെ കുറിച്ച് ലേഖകന്‍ ഊറ്റം കൊള്ളുന്നുണ്ട്. എന്നാല്‍ ഏതാണ് ഈ പുതിയ തലമുറ എന്നു മാത്രം ലേഖകന്‍ വ്യക്തമാക്കുന്നില്ല. ചീത്ത മുസ്‌ലിമായി ചാപ്പയടിക്കപ്പെട്ട, രാഷ്ട്രീയ ഇസ്‌ലാമുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധമുള്ളവരാണ് ഈ പുതിയ തലമുറയെന്ന വസ്തുത ലേഖകന് അറിയാതിരിക്കാന്‍ വഴിയില്ല. അക്കാദമിക് കോണ്‍ഫറന്‍സും മുഖദ്ദിമ സമ്മിറ്റുമെല്ലാം അവരുടെ സംഭാവനയാണ്. ഫാഷിസത്തോട് മാത്രമല്ല ആവശ്യമെങ്കില്‍ ലേഖകന്‍ പ്രതിനിധാനം ചെയ്യുന്ന ഉദാരവാദത്തോടും അവര്‍ ആത്മവിശ്വാസത്തോടെ സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്നുണ്ട്. എന്‍.എസ് മാധവന്റെ തിരുത്തിലെ ചുല്ല്യാറ്റ് എന്ന പത്രാധിപരുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കുന്ന സുഹ്‌റയല്ല പുതിയ തലമുറയിലെ സുഹ്‌റമാര്‍ എന്ന് പഴയ സുഹ്‌റയുടെ ഹാങ്‌ഹോവര്‍ വിട്ടുമാറാത്ത ലേഖകനെ ഓര്‍മപ്പെടുത്തട്ടെ.
ലേഖകന്‍ പ്രശ്‌നവത്കരിച്ച ലിംഗനീതിയുടെയും ലിംഗ സമത്വത്തിന്റെയും കാര്യത്തിലും ഈ രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കള്‍ മറ്റെല്ലാ വിഭാഗങ്ങളെക്കാളും പുരോഗമന വീക്ഷണമുള്ളവരാണ്. അതിനായി തങ്ങളുടെതന്നെ  മുന്‍ നിലപാടുകള്‍ വരെ അവര്‍ പുനര്‍ വായന നടത്തിക്കൊണ്ടിരിക്കുന്നതായി നേരത്തെ പറഞ്ഞുവല്ലോ. ലിംഗനീതിയും അവസര സമത്വം എന്ന അര്‍ഥത്തില്‍ ലിംഗ സമത്വവും അംഗീകരിക്കാന്‍ അവര്‍ക്കൊരു പ്രയാസവും ഇല്ല. കേരളത്തിലടക്കം അവരുടെ രാഷ്ട്രീയ സാമൂഹിക ഇടപെടലുകള്‍ ഇതിനകം അത് തെളിയിച്ചുകഴിഞ്ഞതാണ്. ഇസ്‌ലാമിക സ്ത്രീവാദത്തിലെ ഒരു പ്രധാന കണ്ണിയായ ഫാത്തിമാ മെര്‍നീസി ഈയിടെ മരണപ്പെട്ടപ്പോള്‍ അവരുടെ ചിന്തകളെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ചര്‍ച്ച നടത്തിയത് ജമാഅത്തെ  ഇസ്‌ലാമിയുടെ വിദ്യാര്‍ഥിനി വിഭാഗമായ ജി.ഐ.ഒ ആണെന്ന കാര്യം ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ. അതേസമയം സ്ത്രീ തന്റെ ഉടയാടകള്‍ പൂര്‍ണമായും വലിച്ചെറിയുകയും തന്റെ ശരീരത്തിനുമേല്‍ തനിക്കല്ലാതെ ഒരു ധാര്‍മികതക്കും യാതൊരു നിയന്ത്രണവും ഇല്ലെന്ന് കരുതുകയും ചെയ്താല്‍ മാത്രമേ പുരോഗമനവാദികളും ഫാഷിസ്റ്റ് അസഹിഷ്ണുതക്കെതിരെ ശബ്ദിക്കാന്‍ യോഗ്യരും ആവുകയുള്ളൂവെന്ന് അവര്‍ കരുതുന്നില്ല.

മുഖ്യധാരാ ഇസ്‌ലാമില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് പുരോഗമനപരമായ വലിയ മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പല കാരണങ്ങളിലൊന്ന് കൊളോണിയലിസം ഇറക്കുമതി ചെയ്ത സ്ത്രീ വാദ ചിന്തകള്‍കൂടിയാണെന്ന് പറയേണ്ടതുണ്ട്. 'ഭീകരനാ'യ മുസ്‌ലിം ആണില്‍നിന്ന് മുസ്‌ലിം പെണ്ണിനെ വിമോചിപ്പിക്കേണ്ടത് തങ്ങളുടെ ദൗത്യമാണെന്ന മട്ടിലുള്ള രക്ഷാ കര്‍തൃത്വ ഭാവത്തോടുകൂടിയാണ് ഇസ്‌ലാമിക് ഫെമിനിസം എന്ന ഓമനപ്പേരില്‍ പലതരം ഇസ്‌ലാമിക വിരുദ്ധ ചിന്തകള്‍ മുസ്‌ലിം രാജ്യങ്ങളില്‍ കൊളോണിയലിസം ഇറക്കുമതി ചെയ്യുന്നത്. ആണ്‍ മുസ്‌ലിം, പെണ്‍ മുസ്‌ലിം, പെണ്ണിസ്‌ലാം തുടങ്ങിയ വ്യവഹാരങ്ങള്‍ കേരളത്തിലടക്കം പ്രചാരം നേടുന്നതിനു പിന്നില്‍ യാതൊരു അജണ്ടയും ഇല്ലെന്നു വിശ്വസിക്കാന്‍ മാത്രം മൂഢരല്ല മുഖ്യധാരയിലെ മുസ്‌ലിംകള്‍. അജണ്ടകളോടുകൂടിയ ഇത്തരം റാഡിക്കല്‍ ഫെമിനിസ്റ്റ് ചിന്തകള്‍ ഇസ്‌ലാമിന്റെ പേരില്‍ സമൂഹത്തില്‍ പ്രചരിക്കുന്നത് മുഖ്യധാരയിലെ ഇസ്‌ലാമിനെ പ്രതിരോധത്തിലാക്കുകയും അവരെ പ്രതിലോമപരമായ നിലപാടില്‍ തളച്ചിടുകയും ചെയ്യുന്നു എന്നതും വസ്തുതയാണ്.
ചുരുക്കത്തില്‍, ഇന്നത്തെ ലോകത്തിന്റെയും രാജ്യത്തിന്റെയും മുഖ്യ രാഷ്ട്രീയ പ്രശ്‌നമായ കൊളോണിയലിസത്തിനും ഫാഷിസത്തിനുമെതിരെ പൊരുതാനുള്ള അതിന്റെ ഏറ്റവും വലിയ ഇരകളുടെ അവകാശം റദ്ദുചെയ്യുകയും അവരെക്കൂടി വേട്ടക്കാരാക്കുകയും ചെയ്യുന്ന അക്കാദമിക വ്യവഹാരമാണ് ഷാജഹാന്‍ മാടമ്പാട്ടിന്റെ ലേഖനം എന്നു പറയാതെ വയ്യ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍