Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

പി.കെ റഹീം നന്മകളുടെ തണല്‍ മരം

എന്‍.എ മുഹമ്മദ്

1960കളില്‍ അന്ധവിശ്വാസ-അനാചാരങ്ങളുടെ കൂത്തരങ്ങായിരുന്നു തൃശൂര്‍ നഗര ഹൃദയത്തിലെ മുസ്‌ലിം കേന്ദ്രമായ കൊക്കാലെ. അവിടെ ജനിച്ചുവളര്‍ന്ന ഞാന്‍ അയല്‍വാസിയായ പി.കെ റഹീം എന്ന റഹീംക്കയെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ മുതല്‍ കണ്ടു തുടങ്ങിയതാണ്. തൃശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എം.ടി.ഐ) വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം ഞങ്ങള്‍ക്ക് ട്യൂഷന്‍ എടുത്തുതുടങ്ങി. വി.എ അബ്ദുല്ലത്വീഫ് (സബീന) അടക്കം ഞങ്ങള്‍ എട്ടു പേര്‍ക്കാണ് റഹീംക്ക ട്യൂഷന്‍ എടുത്തത്. അന്ന് ഞങ്ങള്‍ ഏഴാം ക്ലാസ്സിലായിരുന്നു. അതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം.
പത്തൊമ്പതുകാരനായിരുന്ന റഹീംക്ക അന്ന് പ്രസ്ഥാന പ്രവര്‍ത്തന പാതയില്‍ പ്രവേശിച്ചിരുന്നു. ട്യൂഷന് ശേഷം അദ്ദേഹം ഞങ്ങളെ ഇസ്‌ലാമിക കാര്യങ്ങള്‍ പഠിപ്പിച്ചു. 'ഇസ്‌ലാം' എന്ന വിഷയം എടുത്തുകൊണ്ടായിരുന്നു തുടക്കം. 1962 ഒക്‌ടോബര്‍ 28-നായിരുന്നു ആദ്യ ക്ലാസ്. ഇത് അല്‍പാല്‍പമായി പ്രാസ്ഥാനിക ചിന്തകളിലേക്ക് വളര്‍ന്നു. റഹീംക്കയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒമ്പതംഗ സംഘം ഫീല്‍ഡില്‍ ഇറങ്ങി. പ്രത്യേകം തയാറാക്കിയ തൊപ്പി ധരിച്ചായിരുന്നു അത്.
'തൊപ്പി സംഘ'ത്തിന്റെ സ്‌നേഹബന്ധവും സംഘബോധവും വളര്‍ത്താന്‍ ഇടക്കിടെ സമീപ പ്രദേശങ്ങളിലേക്ക് ടൂര്‍ പോകുമായിരുന്നു. ടൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് റഹീംക്ക ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തു. പ്രാസ്ഥാനിക ബോധം വളരാന്‍ ഇത് സഹായിച്ചു. ആയിടെ, കോഴിക്കോട് മൂഴിക്കലില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ റഹീംക്ക പങ്കെടുത്തു. അതോടെ 'രഹസ്യ പ്രവര്‍ത്തനം' പുറത്തായി. വന്‍ 'ഭൂകമ്പ'മായി. തിരിച്ചുവരാന്‍ ആവാത്തവണ്ണം എതിര്‍പ്പ് ശക്തമായി. നാടെങ്ങും പോസ്റ്റര്‍ പ്രചാരണം നടന്നു. കൊക്കാലെ മുസ്‌ലിം സ്‌കൂളിനോട് (ഇന്ന് ആ സ്‌കൂള്‍ ഇല്ല) ചേര്‍ന്നുള്ള മദ്‌റസയിലെ അധ്യാപകനായിരുന്ന അലി ഉസ്താദിന്റെ മകന്‍ അടക്കമുള്ളവര്‍-അതായത് ഞാന്‍- 'വഹാബി'യുടെ കൂടെ ചേര്‍ന്നത് യാഥാസ്ഥിതികര്‍ക്ക് സഹിക്കാനായില്ല. അതോടെ ട്യൂഷന്‍ നിലച്ചു. എട്ടു പേരില്‍ പലരുടെയും തൊപ്പികള്‍ അവരുടെ രക്ഷിതാക്കളുടെ രോഷാഗ്നിക്ക് ഇരയായി.
നാട്ടിലേക്ക് തിരിച്ചെത്താന്‍ പറ്റാതായതോടെ റഹീംക്ക പാലക്കാട്ടെ സഹോദരന്‍ മര്‍ഹൂം പി.കെ മീരാസയുടെ വീട്ടിലേക്ക് പോയി. ക്രമേണ അന്തരീക്ഷം തണുത്തതോടെ അദ്ദേഹം തിരിച്ചെത്തി. നാട്ടിലെത്തിയ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാനും അബ്ദുല്ലത്വീഫും മാത്രം.
വൈകാതെ മൂന്ന്, മുപ്പതായി. അതങ്ങനെ ഇരട്ടികളായി വര്‍ധിച്ചു. ഇന്ന് തൃശൂരില്‍ അവഗണിക്കാനാവാത്ത സ്വാധീനശക്തിയോടെ പ്രസ്ഥാനം പടര്‍ന്നു നില്‍ക്കുന്നത് പി.കെ റഹീം എന്ന ഒറ്റയാളുടെ നേതൃപരവും ബുദ്ധിപരവുമായ പ്രവര്‍ത്തന ഫലമായാണ്. റഹീം സാഹിബിന്റെ കൂടെ പല സ്ഥലങ്ങളിലും ക്ലാസ്സെടുക്കാന്‍ ഞാനും പോകുമായിരുന്നു. മുല്ലക്കര, കാളത്തോട്, കൂര്‍ക്കഞ്ചേരി, വടക്കാഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ രാത്രി ക്ലാസ്സുകള്‍ ക്രമേണ ഹല്‍ഖകളായി രൂപാന്തരപ്പെട്ടു. പ്രവര്‍ത്തകരെ പ്രാസ്ഥാനിക മൂശയില്‍ വാര്‍ത്തെടുക്കാന്‍ റഹീം സാഹിബ് ഏറെ ശ്രദ്ധിച്ചു. വൈജ്ഞാനിക വളര്‍ച്ചക്കായി ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിള്‍ രൂപവത്കരിച്ചത് അതിനു വേണ്ടിയായിരുന്നു.
ഇതിനിടെ കൊക്കാലെ ലക്കി ഹോട്ടല്‍ വാടകക്കെടുത്തു. മുസ്‌ലിം ഹോസ്റ്റല്‍ സ്ഥാപിച്ചു. പ്രസ്ഥാന പ്രവര്‍ത്തനം പിന്നീട് മുസ്‌ലിം ഹോസ്റ്റല്‍ കേന്ദ്രീകരിച്ചായി (ഇത് പിന്നീട് കൊടുങ്ങല്ലൂര്‍ എം.ഐ.ടി വാങ്ങി). എതിര്‍പ്പുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. ഒരിക്കല്‍ ഞങ്ങളെ ചോദ്യം ചെയ്യാന്‍ ഫുട്പാത്ത് കച്ചവടക്കാരായ 15-ഓളം പേര്‍ മുസ്‌ലിം ഹോസ്റ്റലില്‍ കയറിവന്നു. റഹീം സാഹിബിന്റെ അവസരോചിതമായ വിശദീകരണം അവരില്‍ ആകാംക്ഷയുളവാക്കി. അവരുടെ 'വരവ്' തുടര്‍ന്നു. പിന്നീട് അവരും പ്രസ്ഥാന പ്രവര്‍ത്തകരാവുകയായിരുന്നു.
തുടര്‍ന്ന്, തൃശൂരും പരിസരത്തും പ്രസ്ഥാനം വേരുപിടിച്ചു. നിരവധി യുവാക്കള്‍ പ്രവര്‍ത്തന രംഗത്തെത്തി. തൃശൂരിലെ മുസ്‌ലിം ഉദ്യോഗസ്ഥരെയും കച്ചവടക്കാരെയും ലക്ഷ്യം വെച്ച് ഫ്രൈഡേ ക്ലബ്ബ് രൂപവത്കരിച്ചത് റഹീം സാഹിബിന്റെ ചിന്തയില്‍ നിന്നായിരുന്നു. ഇതിന്റെ കീഴിലാണ് അയ്യന്തോള്‍ ജുമാ മസ്ജിദ് സ്ഥാപിച്ചത്. പിന്നീട് ഹിറാ മസ്ജിദ് അടക്കം പലയിടത്തും പള്ളികള്‍ ഉയര്‍ന്നു. അയ്യന്തോള്‍ ജുമാ മസ്ജിദ്, ഹിറാ മസ്ജിദ് എന്നിവ പിടിച്ചെടുക്കാന്‍ ഒരു കൂട്ടര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത് റഹീം സാഹിബിന്റെ ബുദ്ധിപൂര്‍വകമായ നീക്കത്തിലൂടെയായിരുന്നു.
സകാത്ത് കമ്മിറ്റി രൂപവത്കരണമാണ് അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങളിലൊന്ന്. കൂര്‍ക്കഞ്ചേരി, അയ്യന്തോള്‍, കൊക്കാലെ, കാളത്തോട്, മുല്ലക്കര തുടങ്ങി എട്ട് മഹല്ല് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണത് പ്രവര്‍ത്തിച്ചത്. തുഛമായ തുകയില്‍ നിന്നാണ് തുടങ്ങിയത്. ഇന്നത് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ മാതൃകയില്‍ തൃശൂരില്‍ മൂന്ന് സകാത്ത് സംരംഭങ്ങള്‍ കൂടി നിലവില്‍ വന്നു.
കാജാ സ്റ്റോഴ്‌സ് മാനേജറായിരുന്ന റഹീം സാഹിബിനെ ഉടമ അബ്ദുക്കയും സഹോദരന്‍ കരീംക്കയും ആവോളം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവിടം കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തന നിരതനായി. അക്കാലത്താണ് അനാഥ മയ്യിത്ത് പരിപാലന സംഘം, ആതുര ശുശ്രൂഷാ സമിതി എന്നിവ രൂപവത്കരിച്ചത്. ജില്ലാ ആശുപത്രിയിലും മനോരോഗ ചികിത്സാ കേന്ദ്രത്തിലും അനാഥരായ മുസ്‌ലിംകള്‍ മരിക്കുകയോ മയ്യിത്ത് എത്തുകയോ ചെയ്താല്‍ കാജാ സ്റ്റോഴ്‌സിലേക്ക് അധികൃതരുടെ വിളി വരുമായിരുന്നു. ഇതോടൊപ്പമാണ് രക്തദാന ഫോറം രൂപവത്കരിച്ചതും. തൃശൂരില്‍ തുടങ്ങിയ പല സംരംഭങ്ങളും പ്രസ്ഥാന രംഗത്ത് സംസ്ഥാന തലത്തില്‍ തന്നെ മാതൃകയായി.
കൊക്കാലെ പൂത്തോളില്‍ ഇസ്‌ലാമിക് പ്രീച്ചിംഗ് സെന്റര്‍ തുറന്നു. അതിന്റെ കീഴില്‍ ഇസ്‌ലാമിക് നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററും ആരംഭിച്ചു. 15 ബാച്ച് പുറത്തിറങ്ങി. 300-ഓളം യുവതികള്‍ ഇസ്‌ലാമിക് നഴ്‌സറി അധ്യാപികമാരായത് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായി. സമ്മേളനങ്ങളോടനുബന്ധിച്ച് എക്‌സിബിഷനുകളുടെ ചുമതല പ്രസ്ഥാനം ഏല്‍പിക്കാറുള്ളത് റഹീം സാഹിബിനെയാണ്. മിക്കപ്പോഴും അദ്ദേഹത്തിന്റെ സഹായിയാകാന്‍ എനിക്ക് അവസരമുണ്ടായി.  മനോഹരമായ കൈപ്പടയുള്ള റഹീം സാഹിബ് നല്ലൊരു കലാകാരന്‍ കൂടിയായിരുന്നു. തൃശൂരില്‍ ആദ്യമായി ബഹുവര്‍ണ ചുമരെഴുത്ത് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. നല്ല ചിത്രകാരനും ഗായകനും ഗാനരചയിതാവുമായിരുന്നു.
പ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടറിയുകയും ആ മേഖലയില്‍ അവരെ വളര്‍ത്തിയെടുക്കുകയും ചെയ്തുവെന്നതാണ് റഹീം സാഹിബിന്റെ മറ്റൊരു പ്രത്യേകത. ലളിതമായ പദങ്ങള്‍ കൊണ്ടും ശൈലികള്‍ കൊണ്ടും അദ്ദേഹം ആബാലവൃദ്ധത്തെ കൈയിലെടുത്തു. സ്വപ്രയത്‌നം കൊണ്ട് വളര്‍ത്തിയെടുത്തതായിരുന്നു കഴിവുകള്‍. മികച്ച വാഗ്മിയായിത്തീര്‍ന്നത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ ക്ലാസ്സുകളും പ്രഭാഷണങ്ങളും തൃശൂരിലെ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിച്ചു. തൃശൂരിലെ പല വേദികളിലും അദ്ദേഹം പ്രത്യേകം ക്ഷണിതാവായി. തൃശൂര്‍ അതിരൂപതയുമായുള്ള ബന്ധം മരിക്കുവോളം അദ്ദേഹം നിലനിര്‍ത്തി.
സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, കല്‍ദായ സഭ ഇന്ത്യന്‍ അധിപന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്, ഫാ. പന്തല്ലൂക്കാരന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. എം. മാധവന്‍കുട്ടി, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരുമായി നല്ല ബന്ധത്തിലായിരുന്നു അദ്ദേഹം.
മുസ്‌ലിം സമുദായത്തിനകത്ത് സാഹസികമായി നടത്തിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. 'ചന്ദനക്കുട'ത്തിനെതിരെ നടത്തിയ സന്ധിയില്ലാ സമരമാണ് അതില്‍ എടുത്തു പറയേണ്ടത്. കൊക്കാലെയില്‍ ചന്ദനക്കുടം ഇല്ലാതാക്കാന്‍ അത് സഹായിച്ചു. ചെട്ടിയങ്ങാടി ഹനഫി മഹല്ലും പരിഷ്‌കരണത്തിന് വിധേയമായി. ഒരു കാലത്ത് ചേലാകര്‍മം നടത്താതിരുന്ന സമൂഹത്തെ ഇസ്‌ലാമികമായി ബോധവത്കരിക്കുകയും മുതിര്‍ന്നവര്‍ക്കു പോലും ചേലാകര്‍മം നടത്തി കൊടുക്കുകയും ചെയ്തത് ഈ രംഗത്തൊരു വിപ്ലവമാണ്. മധ്യവേനല്‍ അവധിയില്‍ രൂപവത്കരിക്കുന്ന ചേലാകര്‍മ സ്‌ക്വാഡിലൂടെ നൂറ് കണക്കിനു പേരെയാണ് ചേലാകര്‍മം ചെയ്തത്.
വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി കൊടുത്തു അദ്ദേഹം. മാധ്യമം തുടങ്ങും മുമ്പ് തൃശൂരില്‍ നിന്നിറങ്ങിയ ടിറ്റ് ഫോര്‍ ടാറ്റിന്റെ പ്രസാധകനായിരുന്നു റഹീം സാഹിബ്. മര്‍ഹൂം വി.എം വീരാവു സാഹിബും ഭാര്യ ആഇശയും വഖ്ഫ് ചെയ്ത സ്ഥലവും വീടും ഉപയോഗപ്പെടുത്തി ആരംഭിച്ച വി.എം.വി ഓര്‍ഫനേജ് ഇന്ന് സമൂഹത്തിനാകെ 'തണല്‍' വിരിച്ച് നില്‍ക്കുകയാണ്.
അന്‍സാര്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് ഉള്‍പ്പെടെ നിരവധി ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും അമരക്കാരനായത് റഹീം സാഹിബിന്റെ നേതൃ പാടവമാണ് തെളിയിക്കുന്നത്. സങ്കീര്‍ണ പ്രശ്‌നങ്ങളെ പോലും എളുപ്പം കുരുക്കഴിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കണക്കുകളുടെ ലോകത്ത് പകരം വെക്കാനാവാത്ത വിധമായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌ന പരിഹാര ശ്രമങ്ങള്‍.
കൊക്കാലെ മഹല്ല് അസി. സെക്രട്ടറിയായിരുന്ന അദ്ദേഹം കൂര്‍ക്കഞ്ചേരി മഹല്ലില്‍ ദീര്‍ഘകാലം സെക്രട്ടറിയായിരുന്നു. ചെറിയൊരു ഓത്തുപള്ളിയില്‍ നിന്ന് വലിയൊരു മഹല്ലായി കൂര്‍ക്കഞ്ചേരിയെ വികസിപ്പിച്ചതും ഇന്നു കാണുന്ന സൗകര്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃപരമായ പങ്കുവഹിച്ചതും അദ്ദേഹമാണെന്നത് നിസ്തര്‍ക്കമാണ്. കടുത്ത എതിരാളികളെ പോലും സൗമനസ്യത്തോടെയുള്ള പെരുമാറ്റം മൂലം സൗഹൃദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അനുകരണീയമായ ഒട്ടേറെ മാതൃകകള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം യാത്രയായത്.
മാധ്യമം ഐഡിയല്‍ ട്രസ്റ്റ് സെക്രട്ടറി, പബ്ലിഷര്‍, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം, അഖിലേന്ത്യാ പ്രതിനിധി സഭാംഗം, ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് തൃശൂര്‍ ജില്ലയില്‍ നിന്ന് ജയിലില്‍ അടക്കപ്പെട്ട നാലു പേരില്‍ ഒരാളായിരുന്നു അദ്ദേഹം.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗത്തില്‍ ഉന്നത പദവിയും നല്‍കി അനുഗ്രഹിക്കട്ടെ - ആമീന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍