കെ.സിയുടെ കത്ത്
അര നൂറ്റാണ്ടായി പൊതുജീവിതത്തില്‍ റഹീം സാഹിബ് എന്ന പേരില്‍ നിറഞ്ഞുനിന്ന പി.കെ അബ്ദുര്‍റഹീം 1962-ല്‍ തൃശൂരില്‍ ജമാഅത്തെ ഇസ്്‌ലാമി പ്രാദേശിക ഘടകം രൂപവത്കരണം മുതല്‍ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചു. മധ്യകേരളത്തില്‍ ജമാഅത്തെ ഇസ്്‌ലാമി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളായ അദ്ദേഹം ദീര്‍ഘകാലം സംഘടനയുടെ തൃശൂര്‍ ജില്ലാ നാസിമായിരുന്നു. ഏറെക്കാലം സംസ്ഥാന കൂടിയാലോചനാ സമിതിയംഗവും അഖിലേന്ത്യാ പ്രതിനിധി സഭാംഗവുമായിരുന്നു. സംഘടനയുടെ സംസ്ഥാന ഇന്റേണല്‍ ഓഡിറ്റിഗ് ബ്യൂറോയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മാധ്യമം പ്രസാധകരായ ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അന്‍സാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ പ്രധാന പ്രവര്‍ത്തകനും ട്രസ്റ്റ് സെക്രട്ടറിയുമായിരുന്നു. മരണപ്പെടുന്നതിന് മുമ്പ് പ്രബോധനത്തിന് അദ്ദേഹം നല്‍കിയ ഓര്‍മക്കുറിപ്പുകളുടെ രണ്ടാം അധ്യായം.
സി.എന്‍ അഹ്മദ് മൗലവിയെ ചികിത്സക്കായി തൃശൂര്‍ ഡേവിഡ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണം''-ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ കത്ത് വന്നപ്പോഴാണ് ബഹുമാന്യനായ സി.എന്നിന്റെ രോഗാവസ്ഥയെക്കുറിച്ച് ഞാന്‍ ഗൗരവത്തില്‍ മനസ്സിലാക്കിയത്. നീണ്ട വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ പരിക്ഷീണനാക്കിയിരുന്നു.
കെ.സിയുടെ കത്തുമായി മൗലവിയെ സന്ദര്‍ശിച്ചു. ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം എന്നെ സ്വീകരിച്ചു. ഒരിക്കലും മായാത്ത ആ പുഞ്ചിരി മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ചിരിക്കുമ്പോള്‍ സ്...സ്...സ്... എന്ന ഒരു ശബ്ദം ഉണ്ടാകും. ചില പ്രത്യേക ഭക്ഷണങ്ങള്‍ അദ്ദേഹത്തിന് ആവശ്യമുണ്ടായിരുന്നു. അതെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഖുര്‍ആന്‍ പരിഭാഷയെപ്പറ്റിയും അദ്ദേഹം എഴുതിയ മറ്റു ഗ്രന്ഥങ്ങളെക്കുറിച്ചും ഞങ്ങള്‍ ഏറെ സംസാരിച്ചിട്ടുണ്ട്. ഒട്ടേറെ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ സി.എന്‍ തന്റെ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കുമായിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം എന്നെ കോഴിക്കോട്ടേക്ക് ക്ഷണിച്ചിരുന്നു. ''തൃശൂരിന് പുറത്ത് വേറെയും ലോകങ്ങള്‍ ഉണ്ട്. ഒഴിവുണ്ടാകുമ്പോള്‍ വരണം.''- ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
1953 ലാണ് സി.എന്‍ അഹ്മദ് മൗലവി ഖുര്‍ആന്‍ പരിഭാഷയുടെ ഒന്നാം വാള്യം പുറത്തിറക്കിയത്. 6 വാല്യങ്ങളില്‍ പരിഭാഷ പൂര്‍ത്തിയായി. അപ്പോഴേക്കും അദ്ദേഹം രോഗിയായി തീര്‍ന്നിരുന്നു. ആസ്ത്മയും പ്രമേഹവും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. പരിഭാഷയുടെ അവസാന വാള്യം കിടന്നുകൊണ്ടാണ് അദ്ദേഹം എഴുതിയത്. ഖുര്‍ആന്‍ പരിഭാഷക്ക് പുറമെ ഇസ്‌ലാം ഒരു സമഗ്രപഠനം, സ്വഹീഹുല്‍ ബുഖാരി, ഇസ്‌ലാമിക ചരിത്രം, മുഹമ്മദ് നബിയും മുന്‍പ്രവാചകന്മാരും, ഇസ്‌ലാമിലെ ധനവിതരണ പദ്ധതി, ഖുര്‍ആന്‍ ഇന്‍ഡക്‌സ് എന്നീ ഗ്രന്ഥങ്ങള്‍ 1972 നകം അദ്ദേഹം എഴുതി തീര്‍ത്തവയാണ്. ഖുര്‍ആന്‍ പരിഭാഷയുടെ മുഖവുര തന്നെ 232 പേജുണ്ട്. ഇസ്‌ലാമിനെ സംക്ഷിപ്തമായി മനസ്സിലാക്കാന്‍ ആ മുഖവുര മതിയാകും. ഖുലഫാഉര്‍റാഷിദുകളുടെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. റോമാ ചക്രവര്‍ത്തിക്കും മറ്റു ഭരണാധികാരികള്‍ക്കും പ്രവാചകന്‍ എഴുതിയ കത്തുകള്‍ അറബി മൂലത്തോടെ തന്നെ ചേര്‍ത്തിരുന്നു. 'ഇസ്‌ലാമിക ചരിത്ര'ത്തിലാണ് ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗം പൂര്‍ണമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആ കാലത്ത് ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ഏറെ സഹായകമായ ഗ്രന്ഥങ്ങളായിരുന്നു സി.എന്നിന്റേത്.
1976-നു ശേഷം, ഖുര്‍ആന്‍ പരിഭാഷ രണ്ട് വാള്യങ്ങളിലായി, വ്യാഖ്യാനങ്ങള്‍ ഇല്ലാതെ എന്‍.ബി.എസ് (നാഷ്‌നല്‍ ബുക്ക് സ്റ്റാള്‍) പ്രസിദ്ധീകരിച്ചു. അമുസ്‌ലിംകളെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അത്. 7500 കോപ്പികള്‍ പെട്ടെന്നുതന്നെ വിറ്റുതീര്‍ന്നു. പിന്നീട് കുറേക്കാലം പ്രസാധനം നടക്കുകയുണ്ടായില്ല.
കെ.സിയുടെ രണ്ടാമത്തെ കത്ത് ഹസ്സന്‍ രിദായെക്കുറിച്ചായിരുന്നു. താനൂര്‍ക്കാരനായിരുന്ന ഹസ്സന്‍ രിദാ കൊച്ചിയില്‍ വന്നു താമസമാക്കിയതാണ്. ''ഹസന്‍ രിദാ സുഖമില്ലാതെ തൃശൂര്‍ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന് പ്രബോധനം എത്തിച്ചുകൊടുക്കണം''-ഇതായിരുന്നു കെ.സിയുടെ രണ്ടാമത്തെ കത്ത്. പ്രബോധനവുമായി ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി. ടൗണില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ ഒരു മലമ്പ്രദേശത്തായിരുന്നു ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട്. ഇരുനൂറോളം ഏക്കറില്‍ തെങ്ങിന്‍ തോപ്പുകളും മരങ്ങളും നിറഞ്ഞ ഉള്‍പ്രദേശം. ഗേറ്റ് കടന്ന് മുന്നൂറ് മീറ്റര്‍ അകെല ഓഫീസ് കെട്ടിടം. കോണ്‍വെന്റ്, മഠം, ചികിത്സാലയങ്ങള്‍, രോഗികള്‍ക്കായുള്ള കെട്ടിടങ്ങള്‍, സ്ത്രീ വാര്‍ഡുകള്‍, പ്രാര്‍ഥനാ ഹാള്‍ എന്നിവയടങ്ങുന്ന വലിയ സമുച്ചയം. ലപ്രസി ആശുപത്രിയായിരുന്നു അത്. മുന്നൂറോളം രോഗികള്‍ ആശുപത്രിയെ ആശ്രയിച്ച് ജീവിക്കുന്നു. കുടുംബനാഥന് ലപ്രസി ബാധിച്ചാല്‍ ഭാര്യയോടൊപ്പം താമസിക്കാനുള്ള കോട്ടേജുകളും അവിടെയുണ്ട്. സ്ത്രീക്കാണ് ബാധിച്ചതെങ്കില്‍ കൂടെ ആരും ഉണ്ടാവുകയില്ല.
ഹസ്സന്‍ രിദാ സാഹിബിന് എല്ലാ ആഴ്ചകളിലും പ്രബോധനം എത്തിക്കാമെന്നേറ്റു. ആ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ പ്രസ്തുത സ്ഥാപനത്തെക്കുറിച്ച് പഠിക്കാന്‍ ഞാനൊരു ശ്രമം നടത്തി. പ്രാര്‍ഥനാ വേളകളില്‍ ഹാളില്‍ ഹാജരാകണം. ശുശ്രൂഷിക്കുന്നത് മുഴുവന്‍ കന്യാസ്ത്രീകളാണ്. ഏതാനും മുസ്‌ലിം സ്ത്രീകളെയും പരിചയപ്പെട്ടു. കാലുകളിലും കൈകളിലും കുഷ്ഠരോഗം ബാധിച്ചവരായിരുന്നു അധികപേരും. അവര്‍ക്കെല്ലാം ഓരോ കഥകളുണ്ട് പറയാന്‍. ഇങ്ങനെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചാല്‍ പിന്നെ ആരും തിരിഞ്ഞുനോക്കാറില്ല. അതിനിടെ ഓണവും ക്രിസ്മസ്സും പെരുന്നാളുകളും മറ്റു പലതും കടന്നുപോകും. രോഗികള്‍ക്ക് പ്രത്യേക ഭക്ഷണവും കേക്കുകളും ഉണ്ടാകും. പക്ഷേ സന്ദര്‍ശകര്‍ മാത്രം വരില്ല! ''നിങ്ങളെ സംരക്ഷിക്കുന്നതും ശുശ്രൂഷിക്കുന്നതും ഞങ്ങളല്ലേ. വ്രണങ്ങള്‍ കഴുകി വൃത്തിയാക്കുന്നതും ഞങ്ങളല്ലേ. പെരുന്നാളായാലും ഓണമായാലും കല്യാണമായാല്‍ പോലും നിങ്ങളെ ആരും വീട്ടില്‍ കൊണ്ടുപോകാറില്ലല്ലോ. പിന്നെന്താ പ്രാര്‍ഥനയില്‍ പങ്കെടുത്താല്‍-'' ഈ ന്യായവാദം അവര്‍ നിരന്തരം രോഗികളോട് പറയാറുണ്ട്. അവിടത്തെ ഒരു സിസ്റ്റര്‍ എനിക്ക് ഖബ്ര്‍സ്ഥാന്‍ കാട്ടിത്തന്നു. മുസ്‌ലിം രോഗികള്‍ മരിച്ചാല്‍ ഇവിടെയാണ് അടക്കം ചെയ്യാറുള്ളത്. മരണ വിവരം അറിയിച്ചാല്‍ പോലും ആരും അവരെ വീട്ടില്‍ കൊണ്ടുപോവാറില്ലെന്ന് അവര്‍ പറയുകയുണ്ടായി.
ഞാനവിടെ സ്ഥിരം സന്ദര്‍ശകനായി മാറി. പലരുമായി പരിചയപ്പെട്ടു. പട്ടാമ്പിയിലെ എ. ആഇശ, കൊച്ചന്നൂരിലെ ഒ.എ ആഇശ, എറണാകുളത്തെ ആബിദ, ദീപ തുടങ്ങി ഒരുപാട് പേര്‍. കോഴിക്കോട്ടെ വട്ടക്കിണര്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വരെ ചികിത്സക്കായി ഡാമിയനില്‍ എത്തിയിരുന്നു.
ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ബിന്ദുവിനെയും ദീപയെയും പരിചയപ്പെടുന്നത്. ബിന്ദുവിന് അന്ന് പന്ത്രണ്ട് വയസ്സാണ്. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളര്‍ന്നിരിക്കുന്നു. എങ്ങനെയെങ്കിലും നടക്കാന്‍ സാധിക്കണം; അതിനുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് അവിടെ പ്രവേശിപ്പിച്ചത്. പക്ഷേ, ചികിത്സ തുടങ്ങിയിരുന്നില്ല. പരിചയപ്പെട്ടപ്പോള്‍ അവളുടെ ഏറ്റവും വലിയ ആഗ്രഹം പഠിക്കണമെന്നതായിരുന്നു. പക്ഷേ, അതുവരെ അവള്‍ സ്‌കൂളില്‍ പോയിട്ടില്ല. അമ്മയും മൂന്ന് സഹോദരിമാരും വീട്ടിലുണ്ട്. ബിന്ദു മൂന്നാമത്തെ കുട്ടിയാണ്. ബിന്ദുവിന് ഏഴ് വയസ്സുണ്ടായിരുന്നപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ കൂലിവേല ചെയ്താണ് മക്കളെ പോറ്റിയിരുന്നത്.
പുല്ലേപ്പടിയിലെ എയ്ഡഡ് സ്‌കൂളില്‍ പരീക്ഷക്ക് ഇരിക്കാന്‍ ബിന്ദുവിന് പ്രത്യേക അനുവാദം വാങ്ങി. ആറാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കോടെ അവള്‍ പരീക്ഷ പാസ്സായി. തുടര്‍പഠനത്തിന് മുളയം കോണ്‍വെന്റിന്റെ കീഴിലുള്ള ശാന്തിഭവനില്‍ ചേര്‍ത്തു. ഏഴും എട്ടും ക്ലാസുകളില്‍ അവിടെ പഠിച്ചു. പിന്നീട് വി.എം.വി ഓര്‍ഫനേജ് മുഖേന തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ചേര്‍ത്തു. എസ്.എസ്.എല്‍.സി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പ്ലസ്ടു. ബി.കോമും അവിടെത്തന്നെ പൂര്‍ത്തിയാക്കി. ശേഷം തൃശൂരിലെ സെന്റ് തോമസ് കോളേജില്‍ എം.കോമിന് ചേര്‍ന്നു. യാത്രക്കും സ്‌കൂളില്‍ കയറി ഇറങ്ങുന്നതിനും ബിന്ദുവിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വന്നിരുന്നു. സെന്റ് തോമസ് കോളേജില്‍ മൂന്നാം നിലയിലായിരുന്നു ക്ലാസ്. കൈയില്‍ ചെരുപ്പിട്ട്, മുട്ടുകുത്തി ഇഴയുമ്പോഴും ചവിട്ടുപടി കയറുമ്പോഴും സഹപാഠികള്‍ അവരെ സഹായിച്ചു. ദീര്‍ഘമായ ഒഴിവു ദിവസങ്ങളിലെല്ലാം ബിന്ദു ഓര്‍ഫനേജില്‍ വരുമായിരുന്നു. സാമാന്യം ഉയര്‍ന്ന തസ്തികയില്‍ തന്നെയാണ് ബിന്ദു ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ജമാഅത്ത് പ്രവര്‍ത്തകരായ അബ്ബാസ്, അബു, ഷഹീദ്, കെ.വി ഹംസ, ലത്വീഫ്, എന്‍.എ മുഹമ്മദ് എന്നിവര്‍ ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ നിത്യസന്ദര്‍ശകരായി മാറി. ഗള്‍ഫാര്‍ മുഹമ്മദലിയുടെ പിതാവ് സെയ്തു മുഹമ്മദ് പെരുന്നാളുകള്‍ക്കും വിശേഷ ദിവസങ്ങള്‍ക്കും കാറില്‍ നിറയെ പഴങ്ങളും പലഹാരങ്ങളുമായി എത്തുമായിരുന്നു. പെരുന്നാളുകളിലും മറ്റു വിശേഷ ദിവസങ്ങളിലും ഞാന്‍, മക്കളായ ത്വാഹിറ, റഫീഖ്, സാജിദ, ഷഹീദ്, റിയാസ് തുടങ്ങിയവരെ ലപ്രസി ആശുപത്രികളിലും കുഷ്ഠരോഗ കോളനികളിലും കൊണ്ടുപോകുമായിരുന്നു. ജയിലുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തി. പെരുന്നാളിന് കലാപരിപാടികള്‍ സംഘടിപ്പിച്ചു. ആണ്‍മക്കളെയും സഹപ്രവര്‍ത്തകരായ ലത്വീഫ്, എന്‍.എ മുഹമ്മദ്, കെ.കെ അബ്ബാസ്, ടി.എ അബു, പി.എച്ച് ഉസ്മാന്‍, ബദ്‌റുദ്ദീന്‍ എന്നിവരെയും കൂട്ടി മോര്‍ച്ചറികളിലും പോകാറുണ്ടായിരുന്നു. അതിന്റെയെല്ലാം ഗുണങ്ങള്‍ വ്യക്തി ജീവിതത്തിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും ഉണ്ടെന്നാണ് വിശ്വാസം. ഈ സേവനവഴികളിലൂടെ മുന്നോട്ടു പോകാന്‍ എന്റെ കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും സാധിക്കുമെന്നാണ് പ്രതീക്ഷ. അതിനെല്ലാമുള്ള പ്രതിഫലം നാളെ അല്ലാഹുവിങ്കല്‍ ലഭിക്കണേ എന്നാണ് പ്രാര്‍ഥന.
(തുടരും)
Comments