മുസ്‌ലിം നവോത്ഥാനം കോട്ടയം ജില്ല മധ്യകേരളത്തിലല്ലേ?
മധ്യകേരളത്തിലെ മുസ്‌ലിം നവോത്ഥാനം വിഷയമാക്കി പ്രബോധനം വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ചിന്തോദ്ദീപകമായിരുന്നു. വാമൊഴികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന നവോത്ഥാന മുന്നേറ്റങ്ങളെ വരമൊഴികളിലൂടെ അടയാളപ്പെടുത്തുന്നത് ഈ രംഗത്ത് നവ തലമുറക്ക് പ്രചോദനവും ദിശാബോധവും പകരുമെന്നതില്‍ തര്‍ക്കമില്ല. ഈ വിഷയം തെരഞ്ഞെടുത്തതില്‍ പ്രബോധനത്തെ അഭിനന്ദിക്കുന്നു. അതോടൊപ്പം മധ്യകേരളത്തിന്റെ ഭാഗമായ കോട്ടയം ജില്ലയെ ഒഴിവാക്കിയുള്ള പ്രതിപാദനങ്ങള്‍ അപൂര്‍ണമാണ് എന്നതുകൊണ്ട് ചില അനുബന്ധങ്ങള്‍ കൂടി പരാമര്‍ശിക്കാനാണ് കോട്ടയം ജില്ലക്കാരനായ ഈ കുറിപ്പുകാരന്‍ ശ്രമിക്കുന്നത്.
ഇതര ജില്ലകളെ അപേക്ഷിച്ച് പരിമിതമായ തോതില്‍ മാത്രം മുസ്‌ലിം സാന്നിധ്യമുള്ളതും മധ്യ വര്‍ഗ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ളതുമായ ജില്ല എന്ന നിലക്ക് പരിമിതമായ സാഹചര്യങ്ങളില്‍, പ്രതികൂലമായ പരിതസ്ഥിതിയില്‍ നടത്തപ്പെടുന്ന പ്രബോധന-സംസ്‌കരണ-വിദ്യാഭ്യാസ രംഗത്തെ ചെറു ചുവടുവെപ്പുകള്‍ പോലും അനുസ്മരിക്കുന്നത് ഏറെ പ്രസക്തമാണ്. തികച്ചും പ്രയാസകരമായ സാഹചര്യങ്ങളെ അകംനിറഞ്ഞ പ്രസ്ഥാന സ്‌നേഹത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ നേരിട്ട് നവോത്ഥാന പാതയില്‍ വഴിവെട്ടിയ മണ്‍മറഞ്ഞുപോയ ചിലരുടെയെങ്കിലും ജീവിതങ്ങള്‍ പുതുതലമുറക്ക് ദിശബോധം നല്‍കുംവിധം എവിടെയെങ്കിലും അടയാളപ്പെടുത്തപ്പെടണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ജില്ലയിലെ ജമാഅത്തംഗമായിരുന്ന ചങ്ങനാശ്ശേരിയിലെ മുഹമ്മദലി ഹാജി, ശരീഫ് അണ്ണന്‍, കോട്ടയം നീലിമംഗലത്തെ അബ്ദുര്‍റസ്സാഖ് സാഹിബ്, കുമ്മനത്തെ എ.കെ അബ്ദുല്‍ ഖാദര്‍ സാഹിബ്, പൗരപ്രമുഖനും പ്രസ്ഥാനത്തിന്റെ സഹകാരിയുമായിരുന്ന കെ.എ.കെ മേത്തര്‍ തുടങ്ങിയവര്‍ ഓര്‍മയില്‍ തെളിഞ്ഞുവരുന്ന പേരുകളാണ്.
നാട്ടുകാര്‍ 'ഹാജി സാഹിബ്' എന്ന് വിളിച്ചിരുന്ന മുഹമ്മദലി ഹാജി പണ്ഡിതനും അധ്യാപകനുമായിരുന്നു. യാഥാസ്ഥിതികരില്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകളെ തന്റെ സൗമ്യ പെരുമാറ്റത്തിലൂടെ നേരിട്ട അദ്ദേഹത്തിന് നാട്ടുകാരുടെ മുഴുവന്‍ ആദരവും പിടിച്ചുപറ്റാന്‍ കഴിഞ്ഞു. യാഥാസ്ഥിതിക പക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ തുടരുമ്പോള്‍ തന്നെ, സംഘടിത ഉദുഹിയ്യത്ത് ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് മഹല്ലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്നതിലും, മഹല്ല് സംസ്‌കരണ-ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ കണ്ണിചേര്‍ത്ത് മഹല്ലിനെ പ്രസ്ഥാന സൗഹൃദപരമാക്കുന്നതിലും അദ്ദേഹത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനായി. പ്രസ്ഥാനത്തിന്റെ വിമര്‍ശകര്‍ പോലും ഹാജി ഉസ്താദിന്റെ ഈ പരിശ്രമത്തെ മൗനമായി സമ്മതിക്കുന്നവരത്രെ.
നാട്ടുകാര്‍ 'അബത്ത' എന്ന് വിളിച്ചിരുന്ന ശരീഫ് അണ്ണന്‍ പണ്ഡിതനോ പ്രഭാഷകനോ ആയിരുന്നില്ല. പാത്രക്കെട്ട് തലയിലേറ്റി ജീവിതം നയിച്ച അദ്ദേഹം പക്ഷേ, സ്വയം പഠിച്ചും പ്രസ്ഥാന നേതൃത്വത്തോടും പണ്ഡിതരോടും ഇടപഴകിയും ബന്ധപ്പെട്ടും ലക്ഷണമൊത്തൊരു പ്രബോധകനും ഉള്‍ക്കരുത്തുള്ള പ്രവര്‍ത്തകനുമായി മാറുകയായിരുന്നു. പ്രസ്ഥാന സാഹിത്യങ്ങളും ലഘുലേഖകളും സ്വയം വായിക്കുകയും മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന് ആവേശമായിരുന്നു. കച്ചവടാവശ്യാര്‍ഥം കുറ്റിയാടിയിലെത്തുമ്പോഴൊക്കെ തന്നെ കാണാനെത്തുമായിരുന്ന ശരീഫ് അണ്ണന്റെ പാത്രക്കെട്ടിന്നടിയില്‍ ഐ.പി.എച്ച് പുസ്തകങ്ങളും ലഘുലേഖകളും ശ്രദ്ധയില്‍ പെട്ട ടി.കെ അബ്ദുല്ല സാഹിബ് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ യാത്രക്കിടെ പരിചയപ്പെടുന്നവര്‍ക്കും കച്ചവട ബന്ധുക്കള്‍ക്കും വായിക്കാന്‍ കൊടുക്കാനാണെന്ന് മറുപടി പറഞ്ഞ കാര്യം ജില്ലയിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ടി.കെ പറഞ്ഞത് ഇപ്പോള്‍ ഓര്‍ത്തുപോവുകയാണ്. ഒരിക്കല്‍ പ്രസ്ഥാന സാഹിത്യങ്ങളും പ്രബോധനവും പ്രദേശത്തെ മഹല്ല് പള്ളിയില്‍ പരിചയപ്പെടുത്താന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ പുസ്തകക്കെട്ട് ഒരു കമ്മിറ്റിയംഗം പള്ളി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, ഒട്ടും പ്രകോപിതനാവാതെ ഇദ്ദേഹം ചിതറിക്കിടന്ന പുസ്തകങ്ങള്‍ വാരിക്കൂട്ടി തിരികെ പോയതും, പിറ്റേ ആഴ്ചയും പുഞ്ചിരിക്കുന്ന മുഖവുമായി നേരിട്ട ശരീഫ് അണ്ണനോട് ഇതേ പള്ളി ഭാരവാഹി കുറ്റബോധത്താല്‍ ക്ഷമ ചോദിച്ചതും, പള്ളി കവാടത്തില്‍ പുസ്തകം നിരത്താന്‍ അനുവാദം കൊടുത്തതുമൊക്കെ ചരിത്രം.
ഇന്നും പ്രബോധനം അടക്കമുള്ള പ്രസ്ഥാന പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്ന വെള്ളിയാഴ്ച ദിവസത്തെ ഈ താല്‍ക്കാലിക പുസ്തകശാലയെ നോക്കി 'ശരീഫ് അണ്ണന്‍ നേടിത്തന്നതാണീയിടം' എന്ന് പ്രവര്‍ത്തകര്‍ പരസ്പരം പറയാറുണ്ട്. ജാതി, മത ഭേദമന്യേ ശരീഫണ്ണന്‍ നേടിയെടുത്ത വിപുലമായ സൗഹൃദ വലയത്തിന്റെ നേര്‍ സാക്ഷ്യമായിരുന്നു മരണാനന്തരം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വൈദികരടക്കമുള്ളവരുടെ സാന്നിധ്യം. ഇവരെ കൂടാതെ പ്രസ്ഥാന പ്രവര്‍ത്തനവുമായി കോട്ടയത്തെത്തിയ ടി.കെ മുഹമ്മദ് സാഹിബിന് എല്ലാവിധ ഒത്താശകളും നല്‍കിയ പൗരപ്രമുഖനായ കുമ്മനത്തെ കെ.എ.കെ മേത്തര്‍ സാഹിബ് (ഇദ്ദേഹത്തെക്കുറിച്ച് പ്രബോധനം വാര്‍ഷികപ്പതിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്). പ്രബോധനരംഗത്ത് പലപ്പോഴും ഒറ്റയാള്‍ മുന്നേറ്റം തന്നെ നടത്തിയ ഇ.കെ അബ്ദുല്‍ ഖാദര്‍ സാഹിബ്, പഠനത്തിന്റെ ഭാഗമായി ഇസ്‌ലാമിനെ അറിയാനാഗ്രഹിച്ച് നല്ലൊരു പ്രഭാഷകനെ അന്വേഷിച്ച വൈദിക വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട്ടെ പ്രസ്ഥാന പണ്ഡിതന്മാരെ പരിചയപ്പെടുത്തി കൊടുത്ത കച്ചവടക്കാരനായിരുന്ന അബ്ദുര്‍റസ്സാഖ് സാഹിബ്, മുസ്‌ലിം സാഹിത്യങ്ങളുടെ പ്രസിദ്ധീകരണവും വില്‍പനയും നടത്തിയിരുന്ന താഴത്തങ്ങാടിയിലെ പി.പി പരീത് മുസ്‌ലിയാര്‍ (പി.പി.എം ബുക്സ്റ്റാള്‍) തുടങ്ങിയ വ്യക്തിത്വങ്ങളും ഇസ്‌ലാമിന്റെ ആഗമനകാലത്തുതന്നെ സ്ഥാപിതമായ താഴത്തങ്ങാടി ജുമുഅ മസ്ജിദ്, പൊതു വിദ്യാഭ്യാസത്തിന് അടിത്തറ പാകിയ ഈരാട്ടുപേട്ടയിലെ എം.ജി.എച്ച്.ബി.എസ്, ഗൈഡന്‍സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിം മാനേജ്‌മെന്റിനു കീഴില്‍ ജില്ലയില്‍ ആദ്യമായി നിലവില്‍ വന്ന അല്‍മനാര്‍ പബ്ലിക് സ്‌കൂള്‍, കോട്ടയത്തെ എം.ജി യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയവയൊക്കെ ജില്ലയിലെ നവോത്ഥാന രംഗത്തെ ചുവടുവെപ്പുകളാണ്.
ഫാഷിസത്തിനെതിരായ നിയമാവലി
ഹൈദരാബാദില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സംഗമത്തില്‍ ഡോ. ഹസന്‍ രിദ ചെയ്ത പ്രസംഗം, 'ഇന്ത്യന്‍ സാമൂഹിക ജീവിതവും ഇസ്‌ലാമിക പ്രസ്ഥാനവും' എന്ന തലക്കെട്ടില്‍ പ്രബോധനം (ലക്കം 2933) എടുത്ത് ചേര്‍ത്തത് ഏറെ പഠനാര്‍ഹമായി. ഇന്ത്യയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള രാജ്യത്തിന്റെ വിശാലത, ഇന്ത്യന്‍ നവോത്ഥാനത്തിന് വിവിധ മേഖലകളില്‍ നിന്നുള്ള സംഭാവനകള്‍, അവസാനം ഇന്ന് കാണുന്ന പോലെ വിഭാഗീയതയിലേക്കും അസഹിഷ്ണുതയിലേക്കും എത്തപ്പെട്ടത്, അതിനെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനം പുലര്‍ത്തേണ്ട സാമൂഹിക നയം എല്ലാം കുറഞ്ഞ വാക്കുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം വര്‍ഗീയതക്ക് പകരം സാഹോദര്യവും ഫാഷിസത്തിന് പകരം ജനാധിപത്യവും ഇടറാതിരിക്കാനുള്ള ഒരു നിയമാവലി തന്നെയാണ് ആ പ്രസംഗം.
ഇന്നു കാണുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭീഷണി താല്‍ക്കാലിക പ്രതിഭാസമാണ് എന്ന് നമുക്ക് ആശ്വസിക്കാമെങ്കിലും അത് മനസ്സുകള്‍ക്കിടയില്‍ ഉണ്ടാക്കുന്ന വിടവ് വലുതാണ്. അത് മാറ്റിയെടുക്കണമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമൂഹിക നയങ്ങള്‍ നാം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. മുസ്‌ലിംകള്‍ മാത്രമല്ല ഫാഷിസത്തിന്റെ ഭീഷണി നേരിടുന്നത്. ഇതര ന്യൂനപക്ഷങ്ങളും ദലിതുകളുമടക്കം പരസ്പര സാഹോദര്യത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും ഭീഷണിയാണത്. ഇന്ന് അധികാരത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് 31 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബാക്കി 69 ശതമാനം വോട്ടും മതേതര സര്‍ക്കാര്‍ നിലവില്‍ വരണമെന്ന ആഗ്രഹമുള്ള ജനത്തിന്റേതാണ്. അപ്പോള്‍ ഈ 69 ശതമാനം ജനങ്ങളെ ഒരുമിപ്പിച്ച് ഫാഷിസത്തെ നേരിടാന്‍ ഒരു പ്രതിരോധനിര ഉണ്ടാക്കിയെടുക്കുക എന്നത് തന്നെയാണ് ആദ്യം നടക്കേണ്ടത്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം അതിന്റെ ഉദാഹരണമാണല്ലോ.
അബൂ ആമില്‍ തിരുത്തിയാട്
അല്‍ഐന്‍
ചാനല്‍, സിനിമ
വേണ്ടത് രചനാത്മകമായ സമീപനം
നാട്ടുനടപ്പനുസരിച്ച് നമ്മുടെ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പഞ്ഞമില്ല. ഫിഖ്ഹീ മസ്അലകള്‍ തലനാരിഴ കീറി നടത്തുന്ന ചര്‍ച്ചകളാകുമ്പോള്‍ പ്രത്യേകിച്ചും. ചാനല്‍, സിനിമ തുടങ്ങി കേരളീയ മത പണ്ഡിത പരിസരത്ത് ചര്‍ച്ചകള്‍ മുറുകിയിട്ട് കാലമേറെയായി. ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും നവ സാമൂഹിക സാഹചര്യങ്ങളോട് സമരസപ്പെടുന്നതിലും മാറ്റങ്ങളെ രചനാത്മകമായി സമീപിക്കുന്നതിലും പരാജയം തന്നെയാണ്. ദീനീ വിജ്ഞാനീയങ്ങളില്‍ തങ്ങളാര്‍ജിച്ച അറിവ്, ജീവിക്കുന്ന കാലവുമായി കൂട്ടിയോജിപ്പിക്കുന്നതില്‍ സംഭവിച്ച പിഴവ് സ്വയം സമ്മതിച്ചുകൊണ്ടേ ഇനിയൊരു സംവാദത്തിന് തന്നെ പ്രസക്തിയുള്ളൂ. കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ അപ്പോഴേക്കും മറ്റു സമുദായങ്ങള്‍ ഏറെ മുന്നിലെത്തിയ ചരിത്രമാണ് നാം വായിക്കുന്നത്.
സിനിമ ഇന്ന് ഒഴിച്ചുകൂടാനാവാത്ത മാധ്യമം തന്നെയാണ്. ഇന്ന് സിനിമക്ക് പല മാനങ്ങളും കൈവന്നിരിക്കുന്നു. സിനിമ ആശയ കൈമാറ്റത്തിനുള്ള ഉപാധിയായും രാഷ്ട്രീയ ആയുധമായുമൊക്കെ ഉപയോഗപ്പെടുത്താനാവും. ഇസ്രയേലും അമേരിക്കയും പാശ്ചാത്യ ശക്തികളും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കരുത്ത് പകരാന്‍ സിനിമയെ ഉപയോഗിക്കാറുണ്ട്.
കേരളീയ പരിസരത്തും കച്ചവട കണ്ണോടെയാണെങ്കിലും, സംഘീ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അകക്കാമ്പുള്ള ചില സംവിധായകരും നിര്‍മാതാക്കളും തങ്ങളുടെ നിലപാടുകള്‍ സിനിമയിലൂടെയാണ് വെളിച്ചം കാണിക്കുന്നത്. മുസ്‌ലിം സമുദായത്തെ വെറും 'ബിരിയാണി'യിലും 'ഇശ്ക്കി'ലും ഒതുക്കി സിനിമകള്‍ പണം വാരുമ്പോള്‍, ദൃശ്യാവിഷ്‌കാരങ്ങളിലൂടെയുള്ള ഇസ്‌ലാംവിരുദ്ധതയെ അതേ നാണയത്തിലൂടെ പ്രതിരോധിക്കാന്‍ സിനിമയെ നമുക്ക് എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ?
എന്‍.പി അബ്ദുല്‍ കരീം
ചേന്ദമംഗല്ലൂര്‍
Comments