Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

രക്തസാക്ഷ്യവും സത്യസാക്ഷ്യവും

സദ്‌റുദ്ദീന്‍ വാഴക്കാട്

നുയായികളിലൊരാള്‍ ഏറെ ആവേശത്തോടെയാണ് പ്രവാചകന്റെ മുമ്പിലെത്തിയത്. പോര്‍ക്കളത്തിലേക്ക് പുറപ്പെടാനിരിക്കുന്ന പടയണിയില്‍ അംഗമാകണം. ഒന്നുകില്‍ രാജ്യത്തിന്റെ വിജയത്തില്‍ പങ്കാളി, അല്ലെങ്കില്‍ വീരമൃത്യു വരിച്ച് രക്തസാക്ഷ്യത്തിന്റെ പവിത്ര പദവിയില്‍ സ്വര്‍ഗയാത്ര! അനുസരണയോടെ അദ്ദേഹം നബിക്കു മുമ്പില്‍ ചെന്നു നിന്നു. ''നിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' -പ്രവാചകന്റെ ചോദ്യം. ''അതെ, ഉണ്ട് പ്രവാചകരേ''-അനുചരന്റെ മറുപടി. ''എങ്കില്‍ നീ വീട്ടിലേക്ക് തിരിച്ചുപോവുക, മാതാപിതാക്കളെ പരിചരിക്കുക, അതാണ് നിന്റെ ജിഹാദ്''- നബിയുടെ നിര്‍ദേശം സ്വീകരിച്ച് അദ്ദേഹം തിരിച്ചുപോയി.
ഹദീസ് ഗ്രന്ഥങ്ങളില്‍ സുവിദിതമായ ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പോര്‍ക്കളത്തിലേക്ക് പോകാന്‍ അനുവദിക്കാതെ നബി തന്റെ അനുചരനെ തിരിച്ചയച്ചത് എന്തിനാണ്? യുദ്ധത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ മഹത്തരമാണോ മാതാപിതാക്കളെ പരിചരിക്കല്‍? ഒരു പക്ഷേ, രക്തസാക്ഷിയാകാനുള്ള അവസരമല്ലേ, തിരിച്ചയക്കുക വഴി നബി അദ്ദേഹത്തിന് നഷ്ടപ്പെടുത്തിയത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സുപ്രധാനമായ ചില തിരിച്ചറിവുകളിലേക്ക് നമ്മെ നയിക്കുന്നു; ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ, വിശേഷിച്ചും ജിഹാദിന്റെ മുന്‍ഗണനാക്രമത്തെ സംബന്ധിച്ച ചില തിരിച്ചറിവുകള്‍. അമിതാവേശ പ്രചോദിതരായി, അവസരവും ആവശ്യവും പരിഗണിക്കാതെ രക്തസാക്ഷ്യം കൊതിച്ചിറങ്ങുന്ന ചില സമകാലിക മുസ്‌ലിം യൗവനത്തിന്റെ തെറ്റിദ്ധാരണകള്‍ തിരുത്താനുതകുന്ന പാഠങ്ങള്‍ ഈ സംഭവത്തിലുണ്ട്; ചില ചാവേറുകള്‍ക്ക് പിന്നില്‍ പറയപ്പെടുന്ന 'രക്തസാക്ഷ്യ' മോഹങ്ങളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

ശ്രേഷ്ഠപദവിയുടെ ആപേക്ഷികത
പുണ്യകര്‍മങ്ങളുടെ നീണ്ട നിര തന്നെ ഇസ്‌ലാമിക പാഠങ്ങളിലുണ്ട്. അവയുടെ ശ്രേഷ്ഠതയും മുന്‍ഗണനാക്രമവും പലപ്പോഴും ആപേക്ഷികമാണ്. സാഹചര്യവും ആവശ്യകതയും, നിര്‍വഹിക്കുന്ന വ്യക്തിയുടെ അവസ്ഥയുമൊക്കെ ഒരു കര്‍മത്തിന്റെ ശ്രേഷ്ഠത തീരുമാനിക്കുന്നതില്‍ പങ്കുവഹിക്കുന്നു. സന്ദര്‍ഭോചിതം ചില സല്‍ക്കര്‍മങ്ങള്‍ക്ക് ശ്രേഷ്ഠത കൂടുകയും കുറയുകയും ചെയ്യും. ഒരേ കര്‍മം തന്നെ സാഹചര്യത്തിനനുസരിച്ച് ആവശ്യവും അത്യാവശ്യവും ഒരുപക്ഷേ, അനാവശ്യവുമാകാം. സ്വര്‍ഗപ്രവേശത്തിന് വഴിയൊരുക്കുന്ന ശ്രേഷ്ഠ കര്‍മത്തെക്കുറിച്ച് പല സന്ദര്‍ഭങ്ങളില്‍ പലരും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നബി(സ) വ്യത്യസ്തങ്ങളായ മറുപടികള്‍ പറഞ്ഞതിന്റെ കാരണമതാണ്. മുഹമ്മദ് നബിയുടെ പ്രബോധന ജീവിതത്തിന്റെ ആദ്യഘട്ടത്തിലെ സ്വഹാബികളുടെ ഇസ്‌ലാം സ്വീകരണവും മക്കാ വിജയവേളയിലും തുടര്‍ന്നുമുള്ള ചില ഗോത്രങ്ങളുടെ ഇസ്‌ലാം പ്രവേശവും തമ്മിലുള്ള വ്യത്യാസം ഖുര്‍ആന്‍ (അല്‍ഹുജുറാത്ത് 14-18) സൂചിപ്പിച്ചിട്ടുണ്ട്. 'രണ്ടു പേരും അംഗീകരിച്ചത് ഒരേ ഇസ്‌ലാമല്ലേ' എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്ന് ചിന്തിച്ചാല്‍ ബോധ്യപ്പെടും. ധനികന്‍ തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പമോ ശേഷമോ അവശര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതും, ദരിദ്രന്‍ തന്റെ ആവശ്യം മാറ്റിവെച്ച് അത്യാവശ്യക്കാരനെ സഹായിക്കുന്നതും തമ്മില്‍ അന്തരമുണ്ടല്ലോ. സന്ദര്‍ഭാനുസാരം കര്‍മത്തിന്റെ മഹത്വത്തില്‍ വ്യത്യാസം വരാം എന്നാണിതിനര്‍ഥം.
ഇസ്‌ലാമിക പാഠങ്ങളനുസരിച്ച് അതീവ ശ്രേഷ്ഠതയുണ്ട് രക്തസാക്ഷ്യത്തിന്. ഇസ്‌ലാമിക മാര്‍ഗത്തിലെ യുദ്ധത്തില്‍ വധിക്കപ്പെടുകയോ സത്യവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നവനാണ് രക്തസാക്ഷി(ശഹീദ്). മഹത്തായ പദവിയും പ്രതിഫലവുമാണ് രക്തസാക്ഷിക്ക് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്. ''ദൈവസരണിയില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരെന്ന് വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാകുന്നു; അവര്‍ക്കവിടെ വിഭവം ലഭിക്കുന്നുണ്ട്. അല്ലാഹു അവര്‍ക്കേകിയ അനുഗ്രഹങ്ങളില്‍ അവര്‍ സംതൃപ്തരാകുന്നു... അല്ലാഹുവില്‍ നിന്നുള്ള ഔദാര്യത്തിലും അനുഗ്രഹത്തിലും അവര്‍ ആഹ്ലാദം കൊള്ളുന്നു. വിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ലെന്ന് അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞു...'' (ആലുഇംറാന്‍ 169-171). സമാന സ്വഭാവമുള്ള വര്‍ത്തമാനം അല്‍ബഖറ(154)യിലും കാണാം. ''രക്തസാക്ഷികളുടെ ആത്മാക്കള്‍ പക്ഷികളുടെ മേടകളില്‍ സ്വര്‍ഗത്തില്‍ വസിക്കും, അവര്‍ അവിടെ യഥേഷ്ടം പാറി നടക്കും'' തുടങ്ങിയ നബിവചനങ്ങള്‍ സത്യമാര്‍ഗത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മഹത്വം വിളംബരം ചെയ്യുന്നതാണ്.
രക്തസാക്ഷ്യം പലവിധത്തില്‍ സംഭവിക്കും. അതിനനുസരിച്ച് ശ്രേഷ്ഠതയിലും വ്യത്യാസം വരാം. ദൈവിക മാര്‍ഗത്തിലെ ധര്‍മയുദ്ധത്തില്‍ വധിക്കപ്പെടുന്നവരാണ് രക്തസാക്ഷികളില്‍ ഒരു വിഭാഗം. യുദ്ധത്തിലല്ലാതെ, ദൈവിക മാര്‍ഗത്തിലെ പ്രവര്‍ത്തനങ്ങളില്‍ മരിച്ചുവീഴുന്നവരാണ് രക്തസാക്ഷ്യ പദവിക്ക് അര്‍ഹരാകുന്ന മറ്റൊരു വിഭാഗം. യുദ്ധഭൂമിയില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ പദവിയില്‍ ഒട്ടും താഴ്ന്നവരല്ല അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ മരിച്ചുവീഴുന്നവര്‍ എന്നാണ് ഖുര്‍ആനില്‍ നിന്ന് (അല്‍ഹജ്ജ് 58) മനസ്സിലാകുന്നത്. ''വീട് വെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന്‍ വഴിയില്‍ വെച്ച് മരണപ്പെട്ടാല്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്'' (അന്നിസാഅ് 100).
സ്വഹാബികളില്‍ ഒരാള്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടു. മറ്റൊരു സ്വഹാബി ശത്രുഭടന്റെ കൈകളാലല്ലാതെ മരണപ്പെടുകയും ചെയ്തു. രണ്ടുപേരുടെയും ജനാസകള്‍ കൊണ്ടുവന്നപ്പോള്‍ ആളുകള്‍ വധിക്കപ്പെട്ട 'രക്തസാക്ഷി'യുടെ ജനാസയുടെ അടുത്ത് തിരക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ, സ്വഹാബിവര്യന്മാരിലൊരാള്‍ -ഫദാലത്തുബ്‌നു ഉബൈദ്-അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിച്ച സ്വഹാബിയുടെ ജനാസയുടെ അടുത്തേക്കാണ് പോയത്. 'രക്തസാക്ഷിയുടെ ജനാസ വിട്ട് താങ്കള്‍ മറ്റേ ജനാസയിലേക്ക് പോവുകയാണോ?' എന്ന് ആളുകള്‍ ചോദിച്ചു. 'മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താല്‍' എന്ന ആയത്ത് (ഖുര്‍ആന്‍ അല്‍ഹജ്ജ് 58) ഓതിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ''ഈ രണ്ടു പേരില്‍ ആരുടെ ഖബ്‌റില്‍ നിന്ന് പുനരുജ്ജീവിപ്പിക്കപ്പെട്ടാലും എനിക്ക് പ്രശ്‌നമില്ല!''(അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍). ഒരാള്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിച്ചവന്‍; മറ്റേയാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവന്‍. ഇരുവര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കുന്നത് ശരിയല്ലെന്നാണ് സ്വഹാബി പഠിപ്പിച്ചത്.

രക്തസാക്ഷ്യത്തിന്റെ ഇനങ്ങള്‍
വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും പേരില്‍ വധിക്കപ്പെട്ടവന്‍ മാത്രമല്ല, ജീവന്‍, അഭിമാനം, സമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിന്റെ പേരില്‍ കൊല്ലപ്പെട്ടവനും 'ശഹീദ്' ആണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ''ദീനിന്റെ പേരില്‍ വധിക്കപ്പെട്ടവന്‍ രക്തസാക്ഷിയാണ്, ധനത്തിന്റെ പേരില്‍ വധിക്കപ്പെട്ടവന്‍ രക്തസാക്ഷിയാണ്. ജീവന്‍ രക്ഷിക്കവെ കൊല്ലപ്പെട്ടവനും കുടുംബത്തെ രക്ഷിക്കുമ്പോള്‍ വധിക്കപ്പെട്ടവനും രക്തസാക്ഷി തന്നെ'' (തിര്‍മിദി- 1421). നബി(സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു: ''നിങ്ങള്‍ ശഹീദ് ആയി പരിഗണിക്കുന്നത് ആരെയാണ്?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുന്നവനാണ് ശഹീദ്''. 'എങ്കില്‍ എന്റെ ഉമ്മത്തില്‍ രക്തസാക്ഷികള്‍ കുറവായിരിക്കുമല്ലോ' എന്നായിരുന്നു നബിയുടെ മറുപടി. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിക്കുന്നവനും രക്തസാക്ഷിയാണ്' എന്ന് പറഞ്ഞുകൊണ്ട് നബി(സ) സ്വഹാബികളുടെ സങ്കല്‍പത്തെ തിരുത്തുകയും ചെയ്തു. സായുധ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടാല്‍ മാത്രമേ രക്തസാക്ഷിയാവുകയുള്ളൂ എന്ന ധാരണയെ തിരുത്തുക മാത്രമല്ല, ഇസ്‌ലാമിക മാര്‍ഗത്തില്‍ കഠിന പ്രയത്‌നങ്ങള്‍ക്കിടയില്‍ മരിച്ചുവീഴുന്നവനും രക്തസാക്ഷിയാണെന്ന് പഠിപ്പിക്കുക വഴി വലിയൊരു സന്ദേശമാണ് നബി(സ) വിശ്വാസികള്‍ക്ക് നല്‍കിയത്. രക്തസാക്ഷ്യത്തിന്റെ മറ്റു ചില ഇനങ്ങളെക്കുറിച്ച് ഹദീസുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതനുസരിച്ച്, പ്ലേഗ് ബാധിച്ച് മരിച്ചവന്‍, മരണപ്പെടുന്ന ഗര്‍ഭിണി, മുങ്ങിമരിക്കുന്നവന്‍, വയറിന് രോഗം ബാധിച്ചു മരിച്ചവന്‍ (മബ്ത്വൂന്‍) തുടങ്ങിയവര്‍ 'ശഹീദി'ന്റെ ഗണത്തില്‍ എണ്ണപ്പെടും (ത്വബ്‌റാനി-ഔസത്വ് 1243).ആദ്യം വിവരിച്ച രണ്ട് രക്തസാക്ഷികളുമായി ഇവര്‍ക്ക് പദവിയിലും പ്രതിഫലത്തിലും വ്യത്യാസമുണ്ടാവാം. രണ്ടും ഒരുപോലെയാണെന്ന് ധരിക്കാവതല്ല.
അല്ലാഹുവിങ്കല്‍ അത്യുന്നത പദവിക്കും സ്വര്‍ഗ പ്രവേശത്തിനും അവസരമൊരുക്കുന്നത് രക്തസാക്ഷ്യം മാത്രമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അത്തരം മഹദ് കര്‍മങ്ങളില്‍ ഒന്നാണ് രക്തസാക്ഷ്യം എന്നാണ് ഇസ്‌ലാമിക അധ്യാപനം. 'രക്തസാക്ഷ്യമാണ് ശ്രേഷ്ഠ കര്‍മം' എന്ന് പറയുന്നതും 'രക്തസാക്ഷ്യം ശ്രേഷ്ഠ കര്‍മമാണ്' എന്ന വാക്യവും തമ്മില്‍ ആശയത്തില്‍ അന്തരമുണ്ട്. ഒന്നാമത്തേതില്‍ മറ്റുള്ളതൊന്നും ശ്രേഷ്ഠ കര്‍മമല്ല എന്ന ധ്വനിയാണുള്ളത്. രണ്ടാമത്തെ വാക്യത്തിലാവട്ടെ, രക്തസാക്ഷ്യത്തോടൊപ്പം മറ്റു കര്‍മങ്ങള്‍ക്കും ശ്രേഷ്ഠതയുണ്ട് എന്ന ആശയമുണ്ട്. സാഹചര്യമാണ് അതിന്റെ മുന്‍ഗണനാക്രമം തീരുമാനിക്കുന്നത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പ്രവാചകനോട് ചോദിച്ചു: ''അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മം ഏതാണ്?'' നബി പറഞ്ഞു: ''സമയനിഷ്ഠ പാലിക്കുന്ന നമസ്‌കാരം.'' ''പിന്നെ ഏതാണ് പ്രവാചകരേ?'' നബി പറഞ്ഞു: ''മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍.'' ഇബ്‌നു മസ്ഊദ് ചോദിച്ചു: ''ഇനി ഏതാണ്?'' നബി വിശദീകരിച്ചു: ''അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദ്.'' ജിഹാദിന്റെ ഒരു ഭാഗം മാത്രമാണല്ലോ രക്തസാക്ഷ്യത്തിന് വഴിതുറക്കാവുന്ന സായുധ സമരം (ഖിതാല്‍). അങ്ങനെയുള്ള ജിഹാദിന് മൂന്നാമത്തെ സ്ഥാനമാണ് ഇവിടെ നബി(സ) നല്‍കിയത്. എല്ലായ്‌പ്പോഴും ജിഹാദ് മൂന്നാം സ്ഥാനത്താണെന്നല്ല അതിനര്‍ഥം. സന്ദര്‍ഭാനുസാരം വ്യത്യാസം വരാം. നമസ്‌കാരം വെട്ടിച്ചുരുക്കേണ്ട യുദ്ധവേളകളും, കുടുംബത്തെ വിട്ട് യാത്ര പോകേണ്ട ധര്‍മസമര സന്ദര്‍ഭങ്ങളും ഉണ്ടാകും. ഓരോ കാലത്തും ദേശത്തും സാഹചര്യം ആവശ്യപ്പെടുന്ന കര്‍മം ചെയ്യുമ്പോഴാണ് അതിന് മഹത്വം കൈവരുന്നത്. യുദ്ധ സന്ദര്‍ഭത്തില്‍ പടക്കളത്തിലേക്ക് പോകാന്‍ ഖുര്‍ആനും നബിയും പ്രോത്സാഹിപ്പിച്ചതും അതിലെ രക്തസാക്ഷിയുടെ മഹത്വം വാഴ്ത്തിയതും സംശയരഹിതമാണ്.

സൃഷ്ടിക്കേണ്ടതല്ല, സംഭവിക്കേണ്ടത്
സാഹചര്യത്തിന്റെ അനിവാര്യതയില്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണ് രക്തസാക്ഷ്യം. ആവശ്യമാണ് അതിന്റെ അനിവാര്യത തീരുമാനിക്കുന്നത്. സന്ദര്‍ഭം ആവശ്യപ്പെട്ടാല്‍ അതില്‍ നിന്ന് ഒളിച്ചോടാവതല്ല. എന്നാല്‍, അവസരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുക്കേണ്ടതല്ല രക്തസാക്ഷ്യം എന്നാണ് ഇസ്‌ലാമിക അധ്യാപനങ്ങളും ചരിത്രവും പഠിപ്പിക്കുന്നത്. രക്തസാക്ഷ്യം അനിവാര്യമാണെന്നും അതുകൊണ്ട് എങ്ങനെയെങ്കിലും അത് സൃഷ്ടിച്ചെടുക്കണമെന്നും ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. ആ വിധത്തില്‍ രക്തസാക്ഷ്യം കൊതിക്കുന്ന വ്യക്തികളും സംഘങ്ങളും എപ്പോഴും സംഘര്‍ഷം കാത്തിരിക്കുന്നവരും സംഘട്ടനം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കാം. ഇത് ഇസ്‌ലാമിന്റെ ആത്മാവിന് ചേരുന്നതല്ല. രക്തസാക്ഷ്യം പവിത്രം തന്നെ. യുദ്ധമുഖത്ത് അത് മോഹിക്കാം. പക്ഷേ, അതിന് വേണ്ടി യുദ്ധം സൃഷ്ടിക്കാവതല്ലല്ലോ. യുദ്ധമുഖത്താകട്ടെ, എതിര്‍ സൈന്യത്തിനു മുന്നില്‍ ചെന്നു നിന്ന് എങ്ങനെയെങ്കിലും രക്തസാക്ഷിയാകാനല്ല, അവരെ തോല്‍പിച്ച് വിജയം നേടാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. എല്ലാവരും മഹത്തരമായ പ്രതിഫലം മോഹിച്ച് രക്തസാക്ഷികളാകാന്‍ തീരുമാനിച്ചാല്‍ യുദ്ധത്തിന്റെ ഗതിയെന്താകും? അത്തരം വികല വികാരങ്ങളിലേക്ക് ഒറ്റപ്പെട്ട യുവാക്കള്‍ വശീകരിക്കപ്പെട്ടുവോ എന്ന സംശയം കൂടി സമീപകാലത്തെ  ചില ആക്രമണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 'സത്യസാക്ഷ്യ' നിര്‍വഹണത്തിന്റെ അനന്ത സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് രക്തസാക്ഷ്യം തേടി മറുനാടുകളില്‍ പോകുന്നതിന്റെ ഇസ്‌ലാമിക  വിധി പണ്ഡിതന്മാര്‍ വിശദീകരിക്കേണ്ടതാണ്. ഇത്തരം അമിതാവേശ പ്രകടനങ്ങള്‍ക്ക് ദീനീ പ്രമാണങ്ങളുടെയോ ചരിത്രത്തിന്റെയോ പിന്‍ബലം ഉണ്ടോ?
വിമോചന പോരാട്ടങ്ങളുടെ പ്രതീകവും ആവേശവുമായ ഹുസൈന്‍ ബ്‌നു അലി(റ)യുടെ രക്തസാക്ഷ്യത്തെക്കുറിച്ചുതന്നെ ചിന്തിക്കുക. രക്തസാക്ഷ്യം അദ്ദേഹത്തിന്റെ മോഹമോ തെരഞ്ഞെടുപ്പോ ആയിരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. അദ്ദേഹം ഇറാഖിലേക്ക് പുറപ്പെട്ടത് സംഘട്ടനം ആഗ്രഹിച്ചോ, രക്തസാക്ഷ്യം കൊതിച്ചോ ആയിരുന്നില്ല. കര്‍ബലയില്‍ ഇബ്‌നു സിയാദിന്റെ സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ട ഹുസൈന്‍ മൂന്ന് ആവശ്യങ്ങളാണ് അവരുടെ മുമ്പില്‍ വെച്ചത്: 1. ഞങ്ങളെ വന്നിടത്തേക്ക് തിരിച്ചുപോകാന്‍ അനുവദിക്കുക. 2. അമവി ഭരണാധികാരി യസീദിനെ കണ്ട് ചര്‍ച്ച നടത്താന്‍ അവസരമുണ്ടാക്കുക. 3. രാജ്യാതിര്‍ത്തിയിലെ സൈനിക നീക്കത്തില്‍ പങ്കാളിയാകാന്‍ അയക്കുക. ഹുസൈന്‍ കൈക്കൊണ്ട നിലപാട് ഉള്‍പ്പെടെ കര്‍ബലാ ചരിത്രം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. 'നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞേക്കൂ, ഞാന്‍ രക്തസാക്ഷിയാകാന്‍ കൊതിക്കുന്നു'വെന്ന് ഹുസൈന്‍(റ) പ്രഖ്യാപിക്കാതിരുന്നതിന്റെ കാരണമെന്ത്? രക്തസാക്ഷ്യം എങ്ങനെയും നേടിയെടുക്കേണ്ട അനിവാര്യതയായിരുന്നെങ്കില്‍ തിരിച്ചുപോകാന്‍ അനുവാദം ചോദിക്കുകയോ, യസീദിനോട് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് അവസരം ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നില്ലല്ലോ.
ചില സ്വഹാബികള്‍ രക്തസാക്ഷ്യം കൊതിച്ചിരുന്നു, യുദ്ധത്തില്‍ പങ്കാളിയാവുകയും ശഹാദത്ത് വരിക്കുകയും ചെയ്തു. അത് തെറ്റല്ല, ഈമാനിന്റെ പ്രതിഫലനം തന്നെയാണ്. ശഹീദാകാന്‍ വേണ്ടി അവരൊരിക്കലും ശരിയല്ലാത്ത വഴി തെരഞ്ഞെടുത്തിരുന്നില്ല. പ്രബോധന ബാധ്യതകള്‍ വിട്ട് സംഘട്ടനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നുമില്ല.
ഒട്ടേറെ യുദ്ധങ്ങളില്‍ നായകനായിരുന്ന, അല്ലാഹുവിന്റെ ഊരിപ്പിടിച്ച വാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബ്‌നുല്‍ വലീദ് വീട്ടില്‍ കിടന്ന് വാര്‍ധക്യകാലത്ത് സ്വാഭാവിക മരണമാണ് വരിച്ചത്. രക്തസാക്ഷിയാകാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നു. ഇത്രയേറെ യുദ്ധങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് എങ്ങനെയെങ്കിലും രക്തസാക്ഷ്യം ഉണ്ടാക്കിയെടുക്കാമായിരുന്നില്ലേ. അദ്ദേഹം എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല? സ്വാഭാവികമായി സംഭവിക്കേണ്ടതാണ്, സൃഷ്ടിച്ചെടുക്കേണ്ടതല്ല രക്തസാക്ഷ്യം എന്നര്‍ഥം.

പ്രമാണ സാക്ഷ്യങ്ങള്‍
'ശഹീദി'ന്റെ ഉന്നത പദവിയും പ്രതിഫലവും വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളുമുണ്ട്. അനിവാര്യമായ യുദ്ധസന്ദര്‍ഭങ്ങളില്‍ മരണഭീതി ഇല്ലാതാക്കി, പോരാട്ടത്തിനിറങ്ങാന്‍ പ്രോത്സാഹനം നല്‍കുകയാണ് അവയുടെ ലക്ഷ്യം. ദൈവിക മാര്‍ഗത്തിലെ സായുധ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍, കേവല മരണമല്ല, പവിത്രമായ രക്തസാക്ഷ്യ പദവിയാണുള്ളതെന്നും അവ പഠിപ്പിക്കുന്നു. ആ പവിത്രതയുടെ നിഷേധമല്ല ഈ ലേഖനം. മറിച്ച്, ഇത്തരം ആയത്ത്-ഹദീസുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉദ്ധരിച്ച്, തെറ്റായി വ്യാഖ്യാനിച്ച് ഉപയോഗിക്കുന്നത് അപകടകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ഈ ഗണത്തില്‍ വിവേകത്തോടെ മനസ്സിലാക്കേണ്ട ഒരു ആയത്തുണ്ട് വിശുദ്ധ ഖുര്‍ആന്‍ മൂന്നാം അധ്യായത്തില്‍: ''ഇപ്പോള്‍ നിങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ മറ്റൊരു ജനതക്കും ഇതിനു മുമ്പ് ക്ഷതമേറ്റിട്ടുണ്ട്. ജനത്തിനിടയില്‍ നാം മാറി മാറി കൊണ്ടുവരുന്ന വിജയപരാജയങ്ങളുടെ നാളുകളത്രേ അത്. നിങ്ങളില്‍ സത്യത്തില്‍ വിശ്വസിച്ചവരാരെന്ന് അല്ലാഹു കാണേണ്ടതിനും യഥാര്‍ഥ സന്മാര്‍ഗ സാക്ഷികളെ തെരഞ്ഞെടുക്കേണ്ടതിനുമാകുന്നു അവന്‍ ഇപ്പോള്‍ അത് നിങ്ങളില്‍ സംഭവിപ്പിച്ചിട്ടുള്ളത്. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (ആലുഇംറാന്‍ 140).
ഉഹുദു യുദ്ധത്തിന്റെ അവലോകനമാണ് ഈ സൂക്തങ്ങളുടെ പശ്ചാത്തലം. ബദ്‌റിനെ അപേക്ഷിച്ച് ഉഹുദു യുദ്ധത്തില്‍ കുറച്ചധികം മുസ്‌ലിംകള്‍ വധിക്കപ്പെടുകയും മുസ്‌ലിം സൈന്യത്തിന് ഒരു ഘട്ടത്തില്‍ പരാജയം സംഭവിക്കുകയും ചെയ്തു. ഇതിന്റെ പേരിലുണ്ടായ മാനസിക പ്രയാസത്തിന് ആശ്വാസം പകരുകയാണ് ഈ സൂക്തം. മരിക്കാനുള്ള പ്രോത്സാഹനമല്ല, മരണഭീതി ഉന്മൂലനം ചെയ്യുകയാണ് ഇത്തരം സൂക്തങ്ങളുടെ ലക്ഷ്യം. തൊട്ടടുത്തുള്ള സൂക്തങ്ങള്‍ (ആലുഇംറാന്‍ 139-145) പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ''ദൈവിക സരണിയില്‍ വധിക്കപ്പെട്ടരെ മരിച്ചുപോയവരെന്ന് വിചാരിക്കരുത്. വാസ്തവത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നവരാകുന്നു...'' (ആലുഇംറാന്‍ 169-171). ഈ ആയത്തും ചേര്‍ത്തു വായിക്കണം. ഇത്തരം ആയത്തുകള്‍ മൊത്തത്തില്‍ പരിശോധിച്ചു വേണം ആശയം ഗ്രഹിക്കാനും ഒരു തത്ത്വം ഉരുത്തിരിച്ചെടുക്കാനും. ഒരു ആയത്തോ അതിന്റെ ചെറു ഭാഗമോ മാത്രമെടുത്ത് വ്യാഖ്യാനിക്കുന്നത് ഖുര്‍ആനോട് ചെയ്യുന്ന അനീതിയായിത്തീരും.
നിങ്ങളിലെ കുറച്ചധികം പേര്‍ കൊല്ലപ്പെട്ടത് ഒരു നഷ്ടമായി കാണേണ്ടതില്ല, 'അവരെ അല്ലാഹു രക്തസാക്ഷികളുടെ പദവി നല്‍കി സ്വീകരിച്ചിരിക്കുന്നു' എന്ന് ആശ്വസിപ്പിക്കുന്നതാണ് സൂക്തത്തിലെ ഒരു ഭാഗം. പടക്കളത്തില്‍ പോയി പോരാടി ശഹാദത്ത് വരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യുദ്ധത്തിന് മുമ്പ് ഇറങ്ങിയതല്ല ഈ ആയത്ത്. യുദ്ധത്തിന് ശേഷമാണിത് അവതീര്‍ണമാകുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സത്യവിശ്വാസികള്‍ക്ക് പൊതുവിലും സാന്ത്വനവും പ്രതീക്ഷയും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഒന്നാമതായി മനസ്സിലാക്കണം. യുദ്ധത്തിന് മുമ്പും ശേഷവും ഇറങ്ങുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. രണ്ടാമതായി, 'നിങ്ങളില്‍ നിന്നുള്ള രക്തസാക്ഷികളെ സ്വീകരിക്കാനും' എന്നാണ് രക്തസാക്ഷ്യവുമായി ബന്ധപ്പെട്ട ഇതിലെ പ്രയോഗം. 'രക്തസാക്ഷ്യം മുഖേന നിങ്ങളെ ആദരിക്കുന്നതിന്' എന്നാണ് ഇമാം ഖുര്‍തുബി ഇതിന് നല്‍കിയ വ്യാഖ്യാനം (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, അബൂഅബ്ദില്ല മുഹമ്മദ് ബ്‌നു അഹ്മദുല്‍ അസ്ഹരി അല്‍ഖുര്‍ത്വുബി- 4/218). ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാവായ ശൈഖ് മുഹമ്മദ് ത്വാഹിര്‍ ബ്‌നു ആശൂര്‍ ഇതിനു നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്: ''ഉഹുദു ദിനത്തില്‍ മുസ്‌ലിംകള്‍ വധിക്കപ്പെട്ടത് പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നായി അല്ലാഹു പരിഗണിച്ചിരിക്കുന്നു. കൊല്ലപ്പെട്ടവരെ ശുഹദാക്കളായി സ്വീകരിച്ചിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ ആധിക്യം കാരണമാണ് പരാജയം സംഭവിച്ചത്. ഉഹുദില്‍ വധിക്കപ്പെട്ടവര്‍ രക്തസാക്ഷികളാണ്. ശഹാദത്ത് അല്ലാഹുവിന്റെ ഔദാര്യവും അവന്റെ തൃപ്തിയുമാണ്. അതുകൊണ്ട് അവരുടെ ശഹാദത്ത് അല്ലാഹു സ്വീകരിച്ചിരിക്കുന്നു'' (തഫ്‌സീറു ഇബ്‌നി ആശൂര്‍, 3/232,233). ഇബ്‌നു ആശൂറിന്റെ വിശദീകരണമനുസരിച്ച് ഉഹുദില്‍ കൂടുതല്‍ മുസ്‌ലിംകള്‍ വധിക്കപ്പെട്ടത് പരാജയത്തിന്റെ കാരണമായി എന്ന് വിലയിരുത്തുകയാണ്. മരണ സംഖ്യ കൂടിയതിനാല്‍ ധാരാളം രക്തസാക്ഷികള്‍ ഉണ്ടായി എന്ന് അഭിമാനിക്കുകയോ, ആഹ്ലാദിക്കുകയോ അല്ല ചെയ്യുന്നത്. അതേസമയം വധിക്കപ്പെട്ടവരെ രക്തസാക്ഷികളായി സ്വീകരിച്ച് ഉന്നത സ്ഥാനം നല്‍കുകയും ചെയ്തിരിക്കുന്നു. അനൈക്യവും അച്ചടക്കരാഹിത്യവുമായിരുന്നു ഉഹുദിലെ തിരിച്ചടിക്ക് കാരണം. അതിനെ ഖുര്‍ആന്‍ വിമര്‍ശിച്ചു. 'ശുഹദാക്കളെ ഉണ്ടാക്കല്‍' ലക്ഷ്യമാണെന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കിയാല്‍ ഉഹുദിലെ അനൈക്യവും അച്ചടക്ക രാഹിത്യവും അതുവഴി ഉണ്ടായ പരാജയവും ശരിയായിരുന്നുവെന്ന് പറയേണ്ടിവരും.
'യഥാര്‍ഥ സന്മാര്‍ഗ സാക്ഷികളെ തെരഞ്ഞെടുക്കേണ്ടതിന്' എന്ന് ഈ ഭാഗത്തിന് അര്‍ഥം നല്‍കിയ മൗലാനാ മൗദൂദി, 'നിങ്ങളില്‍ നിന്ന് ഉണ്ടാകുന്ന രക്തസാക്ഷികളെ സ്വീകരിക്കാന്‍, അതായത് രക്തസാക്ഷിത്വത്തിന്റെ മഹത്തായ പദവി നല്‍കാന്‍' എന്നാണ് അതിനെ വ്യാഖ്യാനിച്ചത് (തഫ്ഹീമുല്‍ ഖുര്‍ആന്‍, ഉര്‍ദു 1/290). അനിവാര്യമായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും അതിലുണ്ടാകുന്ന രക്തസാക്ഷികളെ സ്വീകരിക്കുന്നതും, അതേസമയം രക്തസാക്ഷികളെ ഉണ്ടാക്കാനായി യുദ്ധങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കുന്നതും ഭിന്ന വിരുദ്ധമായ കാര്യങ്ങളാണല്ലോ. ഈ സൂക്തത്തില്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടവരുടെ ഫലം (നതീജഃ) പറയുകയാണ്, അതൊരു ലക്ഷ്യമായി അവതരിപ്പിക്കുകയല്ല ചെയ്യുന്നത്.

പ്രവാചകന്റെ രാഷ്ട്രീയം
രക്തസാക്ഷികളെ സൃഷ്ടിക്കുകയെന്നത് ഭൗതിക വിപ്ലവ പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും രീതിയാണ്. രക്തസാക്ഷികള്‍ അവര്‍ക്ക് ഉപകരണവും ചിലപ്പോള്‍ ഉപജീവന മാര്‍ഗവുമാണ്. എന്നാല്‍, മഹത്തായ സ്ഥാനം നല്‍കിയപ്പോഴും ഇസ്‌ലാം രക്തസാക്ഷ്യത്തെ ഉപകരണമാക്കിയിട്ടില്ല. രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുകയോ, നബി അതിന് ശ്രമിക്കുകയോ ചെയ്തിട്ടില്ല. അത് പ്രവാചക ദൗത്യത്തിന്റെ ലക്ഷ്യമോ, പ്രവാചക രാഷ്ട്രീയത്തിന്റെ സ്വഭാവമോ ആയിരുന്നില്ല.
1. സമാധാനമാണ് ഇസ്‌ലാമിന്റെ കാമ്പും പ്രവാചക ദൗത്യത്തിന്റെ കാതലും. സംഭാഷണങ്ങള്‍ വഴി സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും കരാറുകളുണ്ടാക്കി സന്ധി ചെയ്യുന്നതിനുമാണ് നബി എപ്പോഴും മുന്‍ഗണന നല്‍കിയത്. യുദ്ധം നബിയുടെ ചോയ്‌സ് ആയിരുന്നില്ല, സന്ധിയായിരുന്നു നബിയുടെ തെരഞ്ഞെടുപ്പ്. 'അപമാനിതനായി കീഴടങ്ങുന്നു' എന്ന് അനുയായികള്‍ ആക്ഷേപം ചൊരിയുവോളം നബി സന്ധി ചെയ്തു. ഹുദൈബിയ സന്ധി ഇതിന്റെ അര്‍ഥപൂര്‍ണമായ ചരിത്രാനുഭവമാണ്. ആളും അവസരവും ഉണ്ടായിട്ടും ഹുദൈബിയയില്‍ എന്തുകൊണ്ട് നബി(സ) യുദ്ധം തെരഞ്ഞെടുത്തില്ല? അനുചരന്മാര്‍ക്ക് രക്തസാക്ഷ്യത്തിന്റെ ശ്രേഷ്ഠ പദവി ലഭിക്കാനുള്ള അവസരമൊരുക്കാന്‍ നബിക്ക് യുദ്ധം ചെയ്യാമായിരുന്നില്ലേ?
2. സമാധാനത്തിനു വേണ്ടിയുള്ളതായിരുന്നു നബിയുടെ യുദ്ധങ്ങള്‍. ആ യുദ്ധങ്ങള്‍ തന്നെ മിക്കപ്പോഴും നബിക്കുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടതായിരുന്നു താനും. എതിരാളികള്‍ സന്ധി ചെയ്യാന്‍ തയാറായാല്‍, യുദ്ധം നിര്‍ത്തി സമാധാനത്തിലേക്ക് നീങ്ങാന്‍ ഖുര്‍ആന്‍ നബിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ വഞ്ചന ഭയന്നാലും അതാകണം നബിയുടെ നയം എന്നും ഖുര്‍ആന്‍ പറയുന്നു: ''അഥവാ അവര്‍ സന്ധിക്ക് സന്നദ്ധരായാല്‍ നീയും അതിലേക്ക് മാറുക. അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക... ഇനി നിന്നെ വഞ്ചിക്കാനാണ് അവരുടെ ഉദ്ദേശ്യമെങ്കില്‍ തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് തന്റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് കരുത്തേകിയത്'' (അല്‍അന്‍ഫാല്‍ 62).
3. ആള്‍നാശം ഏറ്റവും കുറയ്ക്കുക എന്നതായിരുന്നു അനിവാര്യമായ യുദ്ധങ്ങളില്‍ തന്നെ നബിയുടെ സമീപനം. പ്രവാചകന്റെ കാലത്തെ യുദ്ധങ്ങളിലെല്ലാം കൂടി ആകെ രക്തസാക്ഷികളായത്, കൂടിയ കണക്കനുസരിച്ച് 239 പേരാണ് (കുറഞ്ഞ എണ്ണം 159). രക്തസാക്ഷ്യത്തിന്റെ ശ്രേഷ്ഠ പദവി എങ്ങനെയെങ്കിലും നേടിയെടുക്കല്‍ സ്വഹാബികളുടെ നയമായിരുന്നെങ്കില്‍ 239-ല്‍ അത് പരിമിതപ്പെടുമായിരുന്നില്ലല്ലോ. പ്രവാചകന്റെ വിടവാങ്ങല്‍ ഹജ്ജില്‍ ഒരു ലക്ഷത്തിലേറെ സ്വഹാബികള്‍ ഒരുമിച്ചുചേര്‍ന്നിരുന്നുവെന്ന് ഓര്‍ക്കണം. എന്നിട്ടും രക്തസാക്ഷികള്‍ 239!
4. മക്കയില്‍ നിന്ന് നബി സ്വഹാബികളെ എത്യോപ്യയിലേക്ക് ഹിജ്‌റക്ക് അയച്ചു. 'പീഡനം സഹിച്ച് രക്തസാക്ഷികളാകാന്‍' നബി അവരോട് പറഞ്ഞില്ല. മദീനാ പലായനം ഒറ്റക്കൊറ്റക്കും ചെറുസംഘങ്ങളായും മതിയെന്നാണ് നബി നിര്‍ദേശിച്ചത്. കൂട്ടത്തോടെയുള്ള പലായനം ഖുറൈശികളെ പ്രകോപിതരാക്കാനും അക്രമം ക്ഷണിച്ചുവരുത്താനും കാരണമാകും എന്ന് നബി തിരിച്ചറിഞ്ഞു. ഖുറൈശികളെ വെല്ലുവിളിച്ച് ഹിജ്‌റ നടത്തുകയും അതുവഴി കൊല്ലപ്പെടുന്നവര്‍ രക്തസാക്ഷികളാവുകയും ചെയ്യട്ടെ എന്നല്ല നബി തീരുമാനിച്ചത്. തന്റെ അനുചരന്മാരുടെ ജീവനും സുരക്ഷക്കും നബി(സ) വലിയ വില കല്‍പിച്ചിരുന്നുവെന്നാണിതിനര്‍ഥം.
5. അഹ്‌സാബ് യുദ്ധത്തില്‍ നബി(സ) മദീനക്ക് സംരക്ഷണ വലയം തീര്‍ത്തത് 'കിടങ്ങ്' (ഖന്‍ദഖ്) കുഴിച്ചുകൊണ്ടായിരുന്നു. ഏറ്റുമുട്ടല്‍ ഒഴിവാക്കാനും ശത്രുസൈന്യം മദീനയിലേക്ക് കടക്കുന്നത് തടയാനുമാണ് നബി(സ) ശ്രമിച്ചത്. അതൊരു പേര്‍ഷ്യന്‍ യുദ്ധതന്ത്രം ആയിരുന്നു. മുസ്‌ലിംകളെല്ലാം കൂട്ടത്തോടെ എതിര്‍ സൈന്യത്തെ നേരിട്ട് ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ കൂട്ട രക്തസാക്ഷ്യം എന്ന നയം നബി(സ) സ്വീകരിക്കാതിരുന്നതിന്റെ കാരണമെന്ത്?
6. മരണാനന്തരം സ്വര്‍ഗം ലഭിക്കുമെന്ന്, ഭൂമിയില്‍ ജീവിച്ചിരിക്കെ തന്നെ സന്തോഷ വാര്‍ത്ത ലഭിച്ച സ്വഹാബികളെ (അശ്‌റത്തുല്‍ മുബശ്ശരീന്‍) പരിശോധിക്കുക. അവരില്‍ അഞ്ചു പേര്‍- അബൂബക്ര്‍, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, സഅ്ദുബ്‌നു അബീവഖ്ഖാസ്, സഈദുബ്‌നു സൈദ്, അബൂ ഉബൈദത്തുല്‍ ജര്‍റാഹ്(റ) എന്നിവര്‍- സ്വാഭാവിക മരണം വരിച്ചവരാണ്. ശേഷിക്കുന്ന അഞ്ചു പേര്‍ രക്തസാക്ഷികളാണ്. പക്ഷേ, അവര്‍ കൊല്ലപ്പെട്ടത് രക്തസാക്ഷ്യം മോഹിച്ച് യുദ്ധത്തിനിറങ്ങിയപ്പോഴോ, സംഘട്ടനം ഉണ്ടാക്കിയെടുത്തോ ആയിരുന്നില്ല. ആഭ്യന്തര കലാപത്തിലും വ്യക്തിവിരോധത്താല്‍ ആക്രമിക്കപ്പെട്ടപ്പോഴുമായിരുന്നു. 'രക്തസാക്ഷ്യം' ഇല്ലാതെ തന്നെ സ്വഹാബികള്‍ ഭൂമിയില്‍ വെച്ച് സ്വര്‍ഗാവകാശികളായിത്തീര്‍ന്നത് എന്തൊക്കെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ കാരണമായിരുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്.
ഇസ്‌ലാം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആരെങ്കിലും ചിന്തിക്കുന്നുവെങ്കില്‍, അതിനര്‍ഥം സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും സാഹചര്യം നിലനില്‍ക്കലാണ് ദീനിന്റെ താല്‍പര്യം എന്നായിരിക്കും. ഇത് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കും നബിയുടെ നടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണ്. എന്നാല്‍, ഇസ്‌ലാമിക ചരിത്രത്തിന്റെ മുഖ്യ ഭാഗമെന്ന് തോന്നുംവിധത്തില്‍  യുദ്ധ വിവരണങ്ങളും യോദ്ധാക്കളുടെ വീരേതിഹാസങ്ങളും അവതരിപ്പിക്കപ്പെട്ടാല്‍ ചിലരുടെയെങ്കിലും മനസ്സിനെ അത് നിഷേധാത്മകമായി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇതേക്കുറിച്ച് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്.

സത്യസാക്ഷ്യത്തിന്റെ പ്രാധാന്യവും പ്രതിഫലവും
ഖുര്‍ആന്‍ പേരു പറഞ്ഞ 25 പ്രവാചകന്മാര്‍ രക്തസാക്ഷികളായിരുന്നില്ല, സത്യസാക്ഷികളായിരുന്നു. അവരില്‍ പ്രമുഖരായ അഞ്ചു പേര്‍ രക്തസാക്ഷ്യം കൊണ്ടല്ല ചരിത്രത്തില്‍ സവിശേഷം അടയാളപ്പെടുത്തപ്പെട്ടത്. മനക്കരുത്തും നിശ്ചയദാര്‍ഢ്യവും കൊണ്ട് സത്യസാക്ഷികളായി പ്രബോധക ജീവിതം നയിച്ചതിനാലാണ്. അതുകൊണ്ടാണവര്‍ക്ക് 'ഉലുല്‍ അസ്മ്' എന്ന വിശേഷണം (ഖുര്‍ആന്‍ 46:35) ലഭിച്ചത്. രക്തസാക്ഷ്യം ലഭിച്ചില്ല എന്നത് അവരുടെ പദവിയും ശ്രേഷ്ഠതയും ഒട്ടും കുറച്ചിട്ടില്ല. മറിച്ച്, അര്‍പ്പിതമായ ഉത്തരവാദിത്തം ഓരോ പ്രദേശത്തും നിര്‍വഹിച്ച് അവര്‍ മഹത്വമുള്ളവരായിത്തീര്‍ന്നു.
ഇസ്‌ലാം ഒരു ആദര്‍ശ സംഹിതയാണ്. മനുഷ്യ മനസ്സും മസ്തിഷ്‌കവും നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കുംവിധം ആശയ പ്രചാരണം നടത്തലാണ് ഇസ്‌ലാമിക സമൂഹത്തിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം. ഇസ്‌ലാമിനെ തൊട്ടറിയാവുന്ന മാതൃകകളായി ഭൂമിയില്‍ ജീവിക്കുകയെന്നതാണ് സത്യസാക്ഷ്യ നിര്‍വഹണത്തിന്റെ മേന്മയാര്‍ന്ന രീതി. ആശയ പ്രചാരണത്തിന്റെയും ആദര്‍ശ സമരത്തിന്റെയും സാധ്യതകള്‍ നിലനില്‍ക്കുവോളം അതില്‍ സധീരം മുന്നോട്ടു പോവുകയാണ് വേണ്ടത്. ആ മാര്‍ഗത്തില്‍ സഹനവും സ്ഥൈര്യവും കൈമുതലാക്കണം. അതായിരുന്നു 'ഉലുല്‍ അസ്മി'ന്റെ സവിശേഷത. വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള 'സത്യസാക്ഷ്യ' നിര്‍വഹണമെന്ന ആദര്‍ശ സമരത്തെയാണ് അല്ലാഹു 'വലിയ ജിഹാദ്' എന്ന് വിശേഷിപ്പിച്ചത്, കൊല്ലപ്പെടുക വഴി രക്തസാക്ഷ്യം ലഭിക്കാന്‍ സാധ്യതയുള്ള യുദ്ധത്തെയല്ല എന്നത് അടിവരയിട്ടു വായിക്കേണ്ടതാണ്. ''താങ്കള്‍ സത്യനിഷേധികള്‍ക്ക് വഴങ്ങരുത്, ഈ ഖുര്‍ആന്‍ കൊണ്ട് അവരോട് ജിഹാദ് ചെയ്യുക; വലിയ ജിഹാദ്'' (അല്‍ഫുര്‍ഖാന്‍ 52).
ഇസ്‌ലാമിക പ്രബോധനമെന്ന 'സത്യസാക്ഷ്യം' നിര്‍വഹിക്കുന്നവന് ഖുര്‍ആന്‍ നല്‍കിയ പേര് 'ശഹീദ്' എന്നുതന്നെയാണ്. യുദ്ധം വഴി കരഗതമാകുന്ന,  രക്തസാക്ഷിക്കുള്ള അതേ വിശേഷണം! 'സത്യസാക്ഷ്യ' നിര്‍വഹണത്തിന്റെ പവിത്ര പദവിയെയാണിത് അടയാളപ്പെടുത്തുന്നത്. ''ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷി(ശഹീദ്) ആകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികള്‍ (ശുഹദാഅ്) ആകാനും'' (അല്‍ഹജ്ജ് 78).
ആശയ പ്രചാരണത്തിലൂടെയുള്ള ആദര്‍ശ സമരത്തിന്റെ അനന്ത സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും 'രക്തസാക്ഷ്യം' മോഹിച്ച് ഇറങ്ങിത്തിരിക്കുകയും, 'സംഘട്ടന'ങ്ങള്‍ സൃഷ്ടിച്ച് ആ മോഹം സഫലമാക്കാന്‍ ആക്രമണോത്സുകരാവുകയും ചെയ്യുന്നവര്‍ ആവര്‍ത്തിച്ച് മനനം ചെയ്യേണ്ടതാണ് ഈ ഖുര്‍ആനിക പാഠം. യുദ്ധത്തിന് ആഹ്വാനം ചെയ്തപ്പോഴും, എല്ലാവരും പോര്‍ക്കളത്തിലേക്ക് പോകേണ്ടതില്ല, ഒരു സംഘം വൈജ്ഞാനിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കട്ടെ എന്ന് ഖുര്‍ആന്‍ കല്‍പിച്ചിട്ടുണ്ട് (9:122). 'പണ്ഡിതന്റെ മഷിത്തുള്ളിക്ക് രക്തസാക്ഷിയുടെ നിണകണങ്ങളെക്കാള്‍ മഹത്വമുണ്ട്' എന്ന നബിവചനം ചേര്‍ത്തുവെച്ചാല്‍ ആശയം വ്യക്തം. ജിഹാദിനെ തെറ്റിദ്ധരിച്ച് അസ്ഥാനത്തും അക്രമപരമായും ആയുധമേന്തി ഇറങ്ങുന്നവര്‍ 'നീ മുഖേന ഒരാള്‍ സത്യസന്ദേശം സ്വീകരിക്കുന്നതാണ് ഭൗതിക ലോകവും അതിലുള്ളതെല്ലാം കൂടിയും ലഭിക്കുന്നതിനേക്കാള്‍ ഉത്തമം' എന്ന പ്രവാചക വചനം മറന്നുപോകരുത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍