രോഹിത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്
പേര്: രോഹിത് വെമുല. വയസ്സ് 25. പട്ടിക ജാതി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍. സംഘ്പരിവാര്‍ അസഹിഷ്ണുതക്കും വര്‍ഗീയ ഫാഷിസത്തിനുമെതിരെ ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കാമ്പസില്‍ അരങ്ങേറിയ വ്യത്യസ്ത സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച വിദ്യാര്‍ഥി നേതാവ്.
രോഹിത് വെമുലയുടെ ഈ പ്രൊഫൈല്‍ തന്നെയാണ് അവന്റെ ജീവന്‍ കവര്‍ന്നത്. മോദി ഭരിക്കുന്ന കാലത്ത് സവര്‍ണ മേല്‍ക്കോയ്മക്കും അവരുടെ കലാപ രാഷ്ട്രീയത്തിനുമെതിരെ വിരല്‍ പൊക്കിയാല്‍ ഭരണകൂട മെഷിനറി അവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്റെ ഇനിയും തുടരുന്ന ഉദാഹരണമാണ് രോഹിത് വെമുല. മുസഫര്‍ നഗര്‍ വംശഹത്യയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പങ്ക് വെളിപ്പെടുത്തുന്ന നകുല്‍സിംഹയുടെ 'മുസഫര്‍ നഗര്‍ ബാക്കി ഹെ' എന്ന ഡോക്യുമെന്ററി രോഹിത് കൂടി ഉള്‍പ്പെടുന്ന അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കാമ്പസില്‍ പ്രദര്‍ശിപ്പിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഡോക്യുമെന്ററി പ്രദര്‍ശനം എ.ബി.വി.പിക്കാര്‍ തടസ്സപ്പെടുത്തുകയും ദലിത് വിദ്യാര്‍ഥികളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ അതിനെ ചോദ്യം ചെയ്തു. ഒടുവില്‍ എ.ബി.വി.പി നേതാവിന് കാമ്പസില്‍ പരസ്യമായി മാപ്പു പറയേണ്ടിവന്നു. കാമ്പസില്‍ ശക്തിപ്പെടുന്ന ദലിത്-പിന്നാക്ക വിദ്യാര്‍ഥി രാഷ്ട്രീയത്തെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന പ്രതികാര രാഷ്ട്രീയത്തിലേക്ക് അതോടെ എ.ബി.വി.പി മാറി. അതിനവര്‍ തങ്ങളുടെ പാര്‍ട്ടിയുടെ അധികാരം ഉപയോഗിച്ചു. അങ്ങനെയാണ് സ്ഥലം എം.എല്‍.എയുടെയും കേന്ദ്രമന്ത്രിയുടെയും സമ്മര്‍ദപ്രകാരം രോഹിത് അടക്കമുള്ള ദലിതരായ അഞ്ച് ഗവേഷക വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്യുന്നത്. സമരംകൊണ്ട് തന്നെ സസ്‌പെന്‍ഷനെ നേരിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ 'തീവ്രവാദ-ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി പരിപാടികള്‍ നടത്തുന്നു'വെന്ന ആരോപണമാണ് തുടര്‍ന്ന് ഭരണകൂടം പുറത്തെടുത്തത്. യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് കാമ്പസില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫോട്ടോയാണവര്‍ അതിന് തെളിവായി പൊക്കിപ്പിടിച്ചത്. സസ്‌പെന്റ് ചെയ്യപ്പെട്ടവരുടെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ അധികാരികള്‍ ഉത്തരവുമിറക്കി. ഇല്ലായ്മകളെയും ജാതി അയിത്തങ്ങളെയും അതിജീവിച്ച് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി ഘട്ടം വരെയെത്തിയ ഒരു ദലിത് വിദ്യാര്‍ഥിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ഈ ആരോപണങ്ങള്‍ സൃഷ്ടിച്ച ആഘാതം. 'തന്റെ ജനനം തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അപകട'മെന്ന് മരണക്കുറിപ്പ് എഴുതി രോഹിത് മരണത്തിലേക്ക് നടന്നുപോയത് അങ്ങനെയാണ്.
വേദം കേള്‍ക്കുന്ന കീഴാളന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന മനുധര്‍മം ഇന്ത്യയില്‍ നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിറക് വെട്ടുകാരും വെള്ളംകോരികളുമൊക്കെയായി സവര്‍ണര്‍ക്ക് വിധേയരായി ജീവിക്കേണ്ട ദലിതരും മുസ്‌ലിംകളുമൊക്കെ സുഖകരമായി ഗവേഷണ പഠനം നടത്തുന്നത് അപ്പോള്‍ ചിലര്‍ക്ക് പിടിക്കുന്നില്ലെന്നത് സ്വാഭാവികം. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ സംവരണം നടപ്പാക്കിയിട്ട് കുറഞ്ഞ വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അതിന് മുമ്പ് മെറിറ്റ്‌ലി യോഗ്യതയുള്ള പിന്നാക്കക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും അപ്രഖ്യാപിത വിലക്കുകള്‍ ഇത്തരം കാമ്പസുകളിലുണ്ടായിരുന്നു. സംവരണം നടപ്പാക്കിയതോടെ ആ സീറ്റുകളിലേക്കെങ്കിലും പിന്നാക്കക്കാര്‍ക്ക് പ്രവേശനം നല്‍കാന്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികള്‍ നിര്‍ബന്ധിതരായി. അതുവരെ തങ്ങള്‍ക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന വൈജ്ഞാനിക ശ്രീകോവിലുകളില്‍ പിന്നാക്കക്കാര്‍ പ്രവേശിച്ചത് സവര്‍ണ വിദ്യാര്‍ഥി കൂട്ടായ്മകളെയും അവരുടെ മനസ്സ് പങ്കിടുന്ന അക്കാദമിക മേധാവികളെയും പലതരത്തില്‍ അസ്വസ്ഥപ്പെടുത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ മാത്രം 10 ദലിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തുവെന്ന വെളിപ്പെടുത്തല്‍ ഈ ജാതി പീഡനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
ഇതിനെയെല്ലാം മറികടക്കുന്ന വിധത്തില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളില്‍ പിന്നാക്ക മുസ്‌ലിം സംഘടിത വിദ്യാര്‍ഥി രാഷ്ട്രീയം ദിനംപ്രതി ശക്തിപ്പെട്ടുവരികയാണ്. ഇതിനെ ഭരണകൂട മെഷിനറി ഉപയോഗിച്ച് ദേശദ്രോഹ പ്രവര്‍ത്തനമെന്ന് ചാപ്പകുത്തി മറികടക്കാനുള്ള സവര്‍ണ രാഷ്ട്രീയ കുത്സിത നീക്കം കൂടി രോഹിതിന്റെ ആത്മഹത്യാ കൊലപാതകത്തിന് പിന്നിലുണ്ട്. അതുപക്ഷേ, വെറും വ്യാമോഹം മാത്രമെന്നാണ് രോഹിതിന്റെ മരണശേഷം ഇന്ത്യയിലുടനീളമുള്ള കാമ്പസുകളില്‍ ശക്തിപ്പെട്ടുവരുന്ന ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങള്‍ തെളിയിക്കുന്നത്. പല വിഷയത്തിലും വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത കൂട്ടായ്മകള്‍ ഒരുമിച്ച് ഫാഷിസ്റ്റ് അസഹിഷ്ണുതക്കെതിരെ സമരവുമായി മുന്നോട്ട് വരുന്നത് പ്രതീക്ഷാനിര്‍ഭരമായ വിദ്യാര്‍ഥി രാഷ്ട്രീയ ശാക്തീകരണത്തെയാണ് അടയാളപ്പെടുത്തുന്നത്. അതിന് നിമിത്തമായ രോഹിത് വെമുല ഒരു സമര പ്രതീകമായി ഇനിയും ജീവിക്കുക തന്നെ ചെയ്യും.
Comments