ലെറ്റര്‍പാഡില്‍ വധശിക്ഷ വിധിക്കുന്നവര്‍
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ മോദി കാലത്തെ അനന്തകോടി ആസുരതകളില്‍ ഒന്നു മാത്രമായി ചുരുങ്ങുകയല്ലേ ചെയ്യുക? അമാനവരെന്ന് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം തരം തിരിക്കുന്ന വിഭാഗങ്ങള്‍ക്കെതിരെ 'സ്‌കോര്‍' ചെയ്യുന്നവരാണ് നരേന്ദ്ര മോദിക്കു കീഴില്‍ ഏറ്റവുമധികം സംരക്ഷിക്കപ്പെട്ട വിഭാഗം. മുസഫര്‍ നഗറിന്റെ പ്രതിഫലം കിട്ടിയത് ബാലിയന്, ബിഹാറിലും യു.പിയിലുമൊക്കെ ഓരോ തെരഞ്ഞെടുപ്പു കാലത്തും വര്‍ഗീയ വിഷം ചീറ്റി കുളം കലക്കി കൊടുത്ത വി.കെ സിംഗിനും ഗിരിരാജ് സിംഗിനും യോഗി ആദിത്യനാഥിനും നിരഞ്ജനക്കുമൊക്കെ തരാതരം പദവികള്‍.... ബീഫ് കഴിച്ചുവെന്നാരോപിച്ച് സവര്‍ണ ഫാഷിസ്റ്റുകള്‍ അഖ്‌ലാഖ് എന്ന ഗ്രാമീണനെ തല്ലിക്കൊന്ന സംഭവം ഭരണകൂടത്തിനകത്ത് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കാത്തതു കൊണ്ടായിരുന്നല്ലോ അതിന്റെ തുടര്‍ച്ചയായി ഹിമാചല്‍ പ്രദേശിലും ഹരിയാനയിലുമൊക്കെ വീണ്ടും സംഘ്പരിവാറിന്റെ വിളയാട്ടം നടന്നത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടും ഒരു പ്രസ്താവന പോലും മോദിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. രാജ്യത്തിനു വേണ്ടി സൈനിക സേവനം അനുഷ്ഠിക്കുന്ന മുഹമ്മദ് സര്‍താജിന്റെ പിതാവായിരുന്നു അഖ്‌ലാഖ് എങ്കില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ അനുജനെ പോലും ബീഫ് കേസില്‍ കുടുക്കുന്ന സാഹചര്യമുണ്ടായി. 'രാജാവിന്റെ നയങ്ങളുമായി' ആലോചിച്ചുറപ്പിച്ച ബന്ധം ഈ സംഭവങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്ന് സാഹചര്യ തെളിവുകള്‍ വിരല്‍ ചൂണ്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പലതരം ന്യായവാദങ്ങള്‍ നിരത്തി സംഭവത്തിലുള്‍പ്പെട്ട സ്വന്തം നേതാക്കളെ രക്ഷിച്ചു. അതുകൊണ്ടു തന്നെ ബന്ദരു ദത്താത്രേയയെയോ സ്മൃതി ഇറാനിയെയോ രോഹിത് വെമുല എന്ന ദലിതനു വേണ്ടി ബലികൊടുക്കാന്‍ മാത്രം ബി.ജെ.പി തളര്‍ന്നുവെന്ന് കരുതുന്നതില്‍ അര്‍ഥമില്ല.
ദലിതനും മുസ്‌ലിമും ക്രിസ്ത്യാനിയുമൊക്കെ സ്വന്തം ഇടങ്ങള്‍ പുനര്‍ നിശ്ചയിക്കേണ്ട കാലമെത്തിയെന്ന് ചില മാതൃകകളിലൂടെ ഭരണമേറ്റതിന്റെ രണ്ടാം പക്കം മുതല്‍ മോദി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംകളെ ലക്ഷ്യമിട്ട് വര്‍ഗീയ കലാപം നടത്തിയവര്‍ ആദരിക്കപ്പെടുന്ന കാഴ്ച ഈ ഭരണകൂടത്തിന്റെ മുഖമുദ്രയായി മാറുന്നുണ്ട്. ഷംലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്ന് വ്യാജ ആരോപണമുന്നയിച്ച് ഒരു മുസ്‌ലിം യുവാവിനെ തെരുവിലൂടെ മൃഗീയമായി മര്‍ദിച്ചു നടത്തിച്ച ബജ്‌റംഗ്ദള്‍ നേതാവ് വിവേക് പ്രേമിയെ വിട്ടയക്കാന്‍ ആഭ്യന്തരമന്ത്രാലയം നേരിട്ടാണ് കത്തയച്ചത്. ഹിന്ദുത്വ ഭീകരാക്രമണങ്ങളിലെ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്നിറക്കാന്‍ അഹോരാത്രം പണിപ്പെടുകയാണ് രാജ്‌നാഥ് സിംഗ്. പിഞ്ചു കുഞ്ഞുങ്ങളെയടക്കം ചുട്ടു കൊന്നിട്ട് സംഭവത്തിലുള്‍പ്പെട്ട മേല്‍ജാതിക്കാരെ അന്വേഷണ കമീഷന്‍ നിയമിച്ച് 'സഹായിച്ച' ബി.ജെ.പി ഗവണ്‍മെന്റായിരുന്നു ഹരിയാനയിലേത്. എന്നാല്‍ തത്ത്വത്തില്‍ അതേ അന്വേഷണ ക്രമങ്ങളുടെ ഭാഗമായി ഹൈദരാബാദ് യുനിവേഴ്‌സിറ്റി കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിട്ടും രോഹിത് വെമൂല അടക്കമുള്ള ദലിത് വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ചെയ്തത്. ശിക്ഷിക്കണമെന്ന് ദത്താത്രേയ തീരുമാനിച്ചവര്‍ക്കു വേണ്ടി കുറ്റം കണ്ടെത്താനായിരുന്നു ഇറാനി പുതിയ കമീഷനെ നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടത്. കല്ലുവിന്റെ മതില്‍ വീണ് ആട് ചത്ത കേസില്‍ ഗോവര്‍ധനെ തൂക്കാന്‍ നടക്കുന്ന, ആനന്ദിന്റെ നോവലിലെ ആരാച്ചാരെയാണ് ഈ മന്ത്രിമാര്‍ ഓര്‍മിപ്പിച്ചത്. കുരുക്ക് നേരത്തെ തയാറായി പോയതു കൊണ്ട് കഴുത്തിന് തടിയില്ലാത്ത ഒരാളെ തൂക്കാന്‍ വേണമായിരുന്നു.
ഈ സംഭവത്തെ സൂക്ഷ്മമായി വായിക്കുമ്പോള്‍ അതിനകത്ത് ആരാച്ചാരുടെ സാമാന്യബോധമില്ലായ്മ പല രീതിയില്‍ പ്രകടമാകുന്നുണ്ട്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ജാതീയ ശക്തികളുടെയും ദേശവിരുദ്ധരുടെയും കേന്ദ്രമായി മാറുന്നുണ്ടെന്ന് ഒരു കേന്ദ്രമന്ത്രി വിലയിരുത്തുന്നതിന്റെ അടിസ്ഥാനം എന്താണ്? എ.ബി.വി.പിക്കാര്‍ ആക്രമിക്കപ്പെടുന്നു എന്നതാണോ? അതോ ഹോസ്റ്റലില്‍ ബീഫ് കഴിച്ചതോ? ഇവയൊക്കെ ജാതീയവും ദേശവിരുദ്ധവുമാണെന്ന് ബന്ദരു ദത്താത്രേയ ലെറ്റര്‍ പാഡെടുത്ത് സ്വയം തീരുമാനിക്കുവോളം ദുര്‍ബലമായ ഭരണഘടനയാണോ നമ്മുടേത്? അങ്ങനെ തീരുമാനിക്കുന്ന മന്ത്രിയും ദാദ്രിയിലെ ബി.ജെ.പിക്കാരനും തമ്മില്‍ എന്ത് വ്യത്യാസമാണ് പിന്നെ ബാക്കിയുള്ളത്? മേമനെ തൂക്കിക്കൊന്ന സംഭവത്തില്‍ നീതിവാഴ്ചയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതൊരു ചര്‍ച്ചയുടെ വിഷയമാകുമെന്നല്ലാതെ ഏതര്‍ഥത്തിലാണ് ദേശവിരുദ്ധമാവുക? രോഹിതിന്റെ കത്തില്‍ അടങ്ങിയിട്ടുള്ള ചില വാചകങ്ങള്‍ ഭരണകൂടം എന്താണ് ദലിതരോട് ചെയ്തു കൊണ്ടിരുന്നതെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മോദി അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകം തന്നെ പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പ് വിതരണം അവസാനിപ്പിച്ചിരുന്നു. പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് പുതിയ നിബന്ധനകള്‍ നിശ്ചയിച്ച മാനവ വിഭവശേഷി വകുപ്പിനെതിരെ ദല്‍ഹിയില്‍ നടന്ന സമരത്തിന്റെ ആഴം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു ആ ആത്മഹത്യാ കുറിപ്പ്.
നാലു വര്‍ഷം മുമ്പെ നടന്ന മറ്റൊരു ആത്മഹത്യ ഓര്‍മയില്‍ എത്തുകയാണ്. 2011 ജൂലൈ 21-ന് ഇന്ത്യന്‍ പാര്‍ലമെന്റിനു സമീപം ശാസ്ത്രിഭവനിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച യാദി റെഡ്ഡിയുടെ ശവസംസ്‌കാര ചടങ്ങില്‍ കവിത ചൊല്ലിയും ഉച്ചത്തില്‍ പ്രസംഗിച്ചുമൊക്കെയാണ് പേഡമംഗലാരത്തേക്ക് ഗ്രാമീണര്‍ എത്തിക്കൊണ്ടിരുന്നത്. അവിഭക്ത ആന്ധ്രയില്‍ സവര്‍ണരുടെ കള്ളക്കളികളെ മറികടന്ന് ഒരിക്കലും ജോലി ലഭിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച യുവാക്കള്‍ വിഷം കഴിച്ചും കഴുത്തില്‍ കയറിട്ട് മുറുക്കിയും ഇലക്ട്രിക് പോസ്റ്റുകളില്‍ കയറി കമ്പികളില്‍ പിടിച്ചു തൂങ്ങിയും തെലങ്കാനക്കു വേണ്ടി ജീവന്‍ വെടിഞ്ഞ പട്ടികയില്‍ അന്ന് 634-ാമത്തെ ആളായിരുന്നു യാദി റെഡ്ഡി. അധഃകൃത ജീവിതത്തിന്റെ ഇഛാഭംഗങ്ങളെ ഒരു മുഴം കയറില്‍ തൂക്കി അവസാനിപ്പിക്കാനല്ല അയാള്‍ ശ്രമിച്ചത്, തനിക്കു പറയാനുള്ളത് ആന്ധ്രക്കു പുറത്തെ രാജ്യത്തോടു ഉച്ചത്തില്‍ പറയാനാണ് പാര്‍ലമെന്റിനു സമീപത്തേക്ക് തൂക്കുകയറുമായി വന്നത്. ആരെയും കുറ്റപ്പെടുത്താത്ത ഒരു മരണക്കുറിപ്പിലും പക്ഷേ മുഴുവന്‍ ഇന്ത്യയെയും ലജ്ജിപ്പിച്ച രോഹിത് വെമൂലയും അതാണ് ചെയ്തത്.
Comments