Prabodhanm Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

വഖ്ഫ് ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാമോ?

എം.വി മുഹമ്മദ് സലീം

പാരമ്പര്യമായി കൈവശം വെച്ചുപോരുന്ന കുടുംബ വഖ്ഫ് സ്വത്തായ ഹെക്ടര്‍ കണക്കിന് ഭൂമികള്‍ പല സ്ഥലങ്ങളിലായി അന്യാധീനപ്പെട്ട് കിടക്കുകയാണ്. പ്രസ്തുത ഭൂമികള്‍ (കൃഷിയുക്തവും അല്ലാത്തതും) സ്ഥലത്തെ ഭൂരഹിതര്‍ക്ക് നന്നാല് സെന്റ് വീതം വീട് വെക്കാന്‍ സൗജന്യമായി പതിച്ചു കൊടുക്കാന്‍ പറ്റുമോ? ശര്‍ഈ വിധി പ്രകാരമുള്ള മറുപടി പ്രതീക്ഷിക്കുന്നു.

സ്‌ലാമില്‍ വലിയ പ്രാധാന്യമുള്ള ഒരു സാമ്പത്തിക സംവിധാനമാണ് വഖ്ഫ്. ഇതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഒന്നാമതായി പരിശുദ്ധ ഖുര്‍ആനാകുന്നു. 3:92-ല്‍ അല്ലാഹു അരുള്‍ ചെയ്യുന്നു: ''നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുവോളം നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല.'' ദാനം എന്നെന്നും നില നില്‍ക്കാന്‍ വഖ്ഫ് സഹായകമാകുന്നു. മറ്റൊരടിസ്ഥാനം സ്വഹീഹ് മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസാണ്. ''ആദമിന്റെ മകന്‍ മരിച്ചാല്‍ അവന്റെ സുകൃതം നിലച്ചു; മൂന്നു മാര്‍ഗങ്ങളേ പിന്നെ അവശേഷിക്കുന്നുള്ളൂ. തുടര്‍ന്നു പോകുന്ന ദാനം, പ്രയോജനപ്പെടുന്ന ജ്ഞാനം, പിതാവിനു വേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം.'' ഈ തിരു വചനത്തില്‍ ഒന്നാമതായി പറഞ്ഞ 'തുടര്‍ന്നു പോകുന്ന ദാനം' ആണ് വഖ്ഫ്.
വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നത് ഗുരുതരമായ പ്രശ്‌നമാണ്. സമൂഹത്തിലെ അശരണര്‍ക്കും അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും അര്‍ഹതപ്പെട്ട പൊതുസമ്പത്ത് ചില വ്യക്തികള്‍ അധീനപ്പെടുത്തി അനുഭവിക്കുന്നത് ഒരിക്കലും അനുവദിക്കാവതല്ല. ദൗര്‍ഭാഗ്യവശാല്‍ പല സ്ഥാപനങ്ങളുടെയും വിലപ്പെട്ട വരുമാന സ്രോതസ്സ് ഇങ്ങനെ നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇതിന്റെ ധാര്‍മികമായ ഉത്തരവാദിത്തം വഖ്ഫ് സ്വത്തിന്റെ കൈകാര്യ കര്‍ത്താക്കള്‍ (മുതവല്ലികള്‍)ക്കാണ്.
ഇങ്ങനെ നഷ്ടപ്പെട്ടു പോവാതെ വഖ്ഫ് സ്വത്ത് പ്രയോജനപ്പെടുത്താന്‍ അത് ഭൂരഹിതര്‍ക്ക് പതിച്ചു കൊടുക്കാമോ എന്നതാണു ചോദ്യം. ഇതിന്റെ ഉത്തരം കണ്ടെത്താന്‍ ചില കാര്യങ്ങള്‍ പഠിക്കേണ്ടത് അനിവാര്യമാണ്.
ഒന്നാമതായി, വഖ്ഫ് ചെയ്ത വ്യക്തി തയാറാക്കിയ ആധാരത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നുവെന്ന് നോക്കണം. അവയെല്ലാം പരമാവധി പാലിക്കാന്‍ മുതവല്ലി ബാധ്യസ്ഥനായിരിക്കും. ഏതെങ്കിലും പ്രത്യേക കാര്യത്തിനാണ് വഖ്ഫ് എങ്കില്‍ അത് മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഉദാഹരണമായി പള്ളി പരിപാലനത്തിനുള്ള വഖ്ഫ് ആണെങ്കില്‍ അതിനു മാത്രമേ വഖ്ഫിന്റെ വരുമാനം ഉപയോഗിക്കാവൂ. ഇതുപോലെ മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ആരോഗ്യ സംരക്ഷണത്തിനോ ആതുര സേവനത്തിനോ മാറാവ്യാധികള്‍ ബാധിച്ചവരുടെ പരിചരണത്തിനോ, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്കോ എന്തു തന്നെയായാലും വഖ്ഫ് അതേ കാര്യത്തിനു മാത്രമേ ഉപയോഗിക്കാവൂ.
മുസ്‌ലിം സമുദായത്തില്‍ പെട്ട അശരണരുടെ ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്തതാണെങ്കില്‍ അവരില്‍ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തണം. പൊതുവായി ജനക്ഷേമ കാര്യങ്ങള്‍ക്ക് വഖ്ഫ് ചെയ്തതാണെങ്കില്‍ തതനുസാരം മുതവല്ലി വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യണം. വാഖിഫിന്റെ ഉദ്ദേശ്യം മനസ്സിലാക്കി പൊതുവായ വഖ്ഫ് ആണെന്ന് ഉറപ്പാക്കിയാല്‍ സ്വീകരിക്കാവുന്ന പരിഹാരമാണ് നാമിവിടെ വിവരിക്കുന്നത്.
വഖ്ഫ് സ്വത്ത് ദാനം ചെയ്യാനോ വില്‍ക്കാനോ അനുവാദമില്ല എന്നതാണ് പൊതുതത്ത്വം. എന്നാല്‍, വഖ്ഫിന്റെ ഉദ്ദേശ്യം സാധിക്കുന്നതിനു തടസ്സമുണ്ടായാല്‍ അത് ദൂരീകരിച്ച് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഉദാഹരണമായി, നിലവിലുള്ള സ്വത്തിനു വരുമാനം നന്നേ കുറവാണെങ്കില്‍ അത് വില്‍ക്കുകയും പകരം നല്ല വരുമാനമുള്ള സ്വത്ത് വാങ്ങുകയും ചെയ്യാം. ഇവിടെ വില്‍പന അനുവദിച്ചത് വഖ്ഫിന്റെ ലക്ഷ്യം സാധിക്കാന്‍ അത് സഹായകമായതിനാലാണ്.
വഖ്ഫ് സ്വത്തിന്റെ ഉടമാവകാശം മറ്റാര്‍ക്കും നല്‍കാവതല്ല. ഇതാണ് ദാനം ചെയ്യരുത് എന്നതിന്റെ പൊരുള്‍. എന്നാല്‍ നമ്മുടെ മുമ്പിലുള്ള പ്രശ്‌നത്തില്‍ വഖ്ഫിന്റെ ലക്ഷ്യം നേടാനാവുന്നില്ല. അങ്ങനെ വരുമ്പോള്‍ പ്രശ്‌നം ഉടനെ പരിഹരിക്കണം. ചോദ്യത്തില്‍ നിര്‍ദേശിച്ച പോലെ ഭൂമി ചെറിയ അളവില്‍ ദരിദ്രര്‍ക്ക് പതിച്ചു നല്‍കുമ്പോള്‍ അവര്‍ക്ക് പ്രയോജനം ലഭിക്കാനും അതേസമയം ഭാവിയില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനം തടയപ്പെടാതിരിക്കാനും സ്വീകരിക്കാവുന്ന ഒരു രീതി ഇനി പറയുന്നതാണ്:
വഖ്ഫ് ഭൂമി ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് ദീര്‍ഘ കാലത്തേക്ക് ലീസിനു നല്‍കുക. ലീസ് കാലാവധി സാഹചര്യം പഠിച്ച് നിര്‍ണയിക്കാവുന്നതാണ്. ഇങ്ങനെ ഭൂമി ലീസിനു വാങ്ങി  അതില്‍ കെട്ടിടം പണിതാല്‍ കെട്ടിടത്തിന്റെ ഉടമ പണിത ആള്‍ തന്നെ ആയിരിക്കും. എന്നാല്‍ വഖ്ഫ് സ്വത്തിന്റെ ഉടമ അയാള്‍ ആവുകയില്ല. ലീസ് കാലം കഴിഞ്ഞാല്‍ എന്തു വേണമെന്നതും സാഹചര്യം പഠിച്ച് തീരുമാനിക്കാം. മറ്റൊരു രീതിയും ചിന്തിക്കാം. ലീസിനു കൊടുക്കുമ്പോള്‍ ദരിദ്രര്‍ക്ക് ഭാരമാവാത്ത ഒരു ലീസ് വില ഈടാക്കുക. ഈ വരുമാനം വഖ്ഫിന്റെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താം. ഇതില്‍ ചോദ്യ കര്‍ത്താവ് സൂചിപ്പിച്ച സാഹചര്യത്തില്‍ ഏറ്റവും നന്നായി തോന്നുന്ന രീതി സ്വീകരിച്ച് വഖ്ഫ് സ്വത്തിന്റെ സംരക്ഷണം സാധ്യമാക്കാം.

ജീവിച്ചിരിക്കെ സ്വത്ത്

മക്കള്‍ക്ക് എഴുതിക്കൊടുക്കാമോ?

ഏഴു പെണ്‍മക്കളുള്ള ഒരു റിട്ടയര്‍ഡ് സ്‌കൂള്‍ അധ്യാപകനാണ് ഞാന്‍. എനിക്ക് സ്വന്തമായി 17 സെന്റ് സ്ഥലവും ഒരു വീടുമാണുള്ളത്. ഭാര്യ മരണപ്പെട്ട ഞാന്‍ മക്കളുടെ സഹായത്തിലും സംരക്ഷണത്തിലുമാണ് കഴിയുന്നത്. മക്കളില്‍ പലര്‍ക്കും വീടു നിര്‍മാണത്തിനും മറ്റുമായി ബാധ്യതകള്‍ വന്നപ്പോള്‍ എന്റെ ആവശ്യത്തിനുള്ള ഒരു പങ്ക് ഒഴിവാക്കി ബാക്കി സ്വത്ത് മക്കളുടെ പേരില്‍ തീരാധാരം ചെയ്തു കൊടുത്തു. ഈ നടപടി ഇസ്‌ലാമിക ദൃഷ്ട്യാ ശരിയാണോ?

സ്‌ലാമിക നിയമമനുസരിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിയുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള പൂര്‍ണാധികാരം അയാള്‍ക്കാണ്. ഇതില്‍ ധാര്‍മിക തത്ത്വങ്ങള്‍ പാലിക്കാന്‍ പ്രസ്തുത വ്യക്തിക്ക് ബാധ്യതയുണ്ട്.
സഅ്ദുബ്‌നു അബീവഖാസ് (റ) സ്വത്ത് മുഴുവനും ദൈവിക മാര്‍ഗത്തില്‍ ദാനം ചെയ്യാന്‍ നബി(സ)യോടു അനുവാദം ചോദിച്ചു. അത് നിരുത്സാഹപ്പെടുത്തി, കുറച്ച് മാത്രം ദാനം ചെയ്താല്‍ മതിയെന്ന് നബി പഠിപ്പിച്ചു. സ്വത്തിന്റെ പാതി ദാനം ചെയ്‌തോട്ടേ എന്നായി അദ്ദേഹം. അതും അധികമാണെന്ന് നബി. എങ്കില്‍ മൂന്നിലൊന്ന് ദാനം ചെയ്യാം എന്നദ്ദേഹം. ആവട്ടെ, അത് തന്നെ ധാരാളമാണ് എന്ന് നബി. തുടര്‍ന്നവിടുന്ന് അരുളി: ''നിന്റെ അനന്തരാവകാശികളെ ഐശ്വര്യവാന്മാരായി വിടുന്നതാണ് അവരെ ജനങ്ങളുടെ മുമ്പില്‍ കൈനീട്ടുന്ന ദരിദ്രരായി വിടുന്നതിനേക്കാള്‍ എത്രയോ ഉത്തമം'' (ബുഖാരി).
ഇവിടെ ദൈവിക മാര്‍ഗത്തില്‍ വ്യയം ചെയ്യുകയെന്ന മഹത്തായ കര്‍മത്തില്‍ നിയന്ത്രണം വരുത്തി അനന്തരാവകാശികളുടെ സാമ്പത്തിക സുസ്ഥിതിക്ക് പ്രാധാന്യം കല്‍പിച്ചിരിക്കുകയാണ് നബി(സ). അങ്ങനെ ചെയ്യുന്നത് പുണ്യത്തില്‍ ഒരു കുറവും വരുത്തുകയില്ലെന്നും കൂട്ടത്തില്‍ പഠിപ്പിക്കുന്നു.
എന്നാല്‍ അവകാശികള്‍ക്കിടയില്‍ തുല്യത പാലിക്കണമെന്നും അവര്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും ഉണ്ടാകാന്‍ കാരണമാകരുതെന്നും നബി(സ) പഠിപ്പിക്കുന്നു. നുഅ്മാനുബ്‌നു ബശീര്‍(റ) നബി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഒരടിമയുണ്ടായിരുന്നു. അതാരാണെന്ന് നബി ചോദിച്ചു. 'പിതാവ് എനിക്കു തന്ന ഭൃത്യനാണ്' എന്ന് അദ്ദേഹം പറഞ്ഞു. 'നിന്റെ സഹോദരന്മാര്‍ക്കും ഇങ്ങനെ കൊടുത്തിട്ടുണ്ടോ' എന്നായി നബി. 'ഇല്ല' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നബി അടിമയെ മടക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു (ബുഖാരി, മുസ്‌ലിം).
മക്കള്‍ക്ക് സ്വത്ത് കൊടുക്കുന്നതല്ല ഇവിടെ വിരോധിച്ചത്, മക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നതിനെയാണ്. എല്ലാവര്‍ക്കും കൊടുക്കുന്നെങ്കില്‍ വിരോധമില്ലെന്നും പഠിപ്പിച്ചു.
ചോദ്യകര്‍ത്താവ് മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കാണിച്ചതായി പറഞ്ഞിട്ടില്ല. അതിനാല്‍ ശര്‍ഇന്റെ വെളിച്ചത്തില്‍ കുറ്റമുള്ള ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. അനുവദനീയമായത് മാത്രമേ ചെയ്തിട്ടുള്ളൂ.
ഇവിടെ ഒരു സംശയത്തിനു പഴുതുണ്ട്. ഒരാള്‍ക്ക് പെണ്‍കുട്ടികള്‍ മാത്രമാണുള്ളതെങ്കില്‍ അയാളുടെ മരണശേഷം  അവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗം സ്വത്ത് മാത്രമേ ലഭിക്കൂ. ബാക്കി മൂന്നിലൊന്ന് അടുത്ത ബന്ധുക്കള്‍ക്കാണ് ലഭിക്കുക. ഇത് തടയാനുള്ള ഒരു സൂത്രമായി സ്വത്ത് മക്കളുടെ പേരില്‍ എഴുതിവെക്കുന്നവരുണ്ട്. നിയമത്തിന്റെ ഭാഷയില്‍ ഇത് തടയാനാവില്ല. അടുത്ത ബന്ധുക്കള്‍ ഇല്ലാതിരിക്കുകയോ, ഉള്ള ബന്ധുക്കള്‍ സാമ്പത്തിക സുസ്ഥിതി ഉള്ളവരായിരിക്കുകയോ ആണെങ്കില്‍ ഈ സംശയത്തിനു പഴുതില്ലതാനും.
ആരോഗ്യമുള്ള സമയത്ത് അനന്തരാവകാശികള്‍ക്ക് വിവേചനമില്ലാതെ ദാനം ചെയ്യുന്നതിനു ശര്‍ഇല്‍  നിയമപരമായി വിലക്കില്ല. എന്നാല്‍ ആസന്ന മരണനായി കിടക്കുമ്പോള്‍ സ്വത്ത് ബന്ധുക്കളില്‍ ചിലര്‍ക്ക് മാത്രമായി മരണപത്രം തയാറാക്കിയാല്‍ അത് സാധുവല്ല.

ബാങ്കിലെ

പലിശ എന്തു ചെയ്യണം?

അടുത്ത ദിവസം നാട്ടില്‍ പോയപ്പോള്‍ നാട്ടിലെ മഹല്ല് കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാണാന്‍ ഇടയായി. അതില്‍ മോശമല്ലാത്ത ഒരു സംഖ്യ സഹകരണ ബാങ്കില്‍ പലിശരഹിത അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കണ്ടു. അന്വേഷിച്ചപ്പോള്‍ പലിശ വേണ്ടെന്ന് എഴുതി കൊടുക്കുന്നതാണ് പലിശ രഹിത അക്കൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. ഈയൊരു രീതിയാണ് സമീപ മഹല്ലുകള്‍ കൈക്കൊള്ളുന്നത് എന്നാണ് കമ്മിറ്റി ഭാരവാഹികളില്‍ നിന്ന് മനസ്സിലായത്. ഇതൊരു ശരിയായ രീതിയാണോ? ഇതുമായി ബന്ധപ്പെട്ട് കാലത്തിനനുസരിച്ച് ഇന്ത്യന്‍ ചുറ്റുപാടില്‍ പ്രായോഗികവും പ്രമാണങ്ങളുടെ പിന്‍ബലമുള്ളതുമായ, ഇതേ പോലുള്ള മഹല്ല് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവലംബിക്കാന്‍ കഴിയുന്ന മാര്‍ഗമേതാണ്?

ലിശ സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനമായി അംഗീകരിച്ച നാടാണ് നമ്മുടേത്. ഔദ്യോഗിക രേഖകളിലെല്ലാം പണമിടപാടില്‍ പലിശ ഒരു ഭാഗമാണ്. അതിനാല്‍ പലിശാധിഷ്ഠിത ബാങ്കുകള്‍ക്കേ റിസര്‍വ് ബാങ്ക് അംഗീകാരം കൊടുക്കുകയുള്ളൂ. പലിശ രഹിത ബാങ്കിംഗിനു അംഗീകാരം ലഭ്യമാക്കാന്‍ ചില ഏജന്‍സികള്‍ വര്‍ഷങ്ങളായി പരിശ്രമിച്ചുപോരുന്നു.
അംഗീകാരമുള്ള ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനു പ്രധാനമായും മൂന്നു രൂപങ്ങളാണുള്ളത്. ഒന്ന്, കറന്റ് അക്കൗണ്ട്. പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും വളരെ എളുപ്പമുള്ള രൂപമാണിത്. ഇതിനു ബാങ്ക് പലിശ നല്‍കുന്നില്ല. ഇതാണ് യഥാര്‍ഥ പലിശ രഹിത അക്കൗണ്ട്.
രണ്ടാമത്തെ രൂപം സേവിംഗ്‌സ് അക്കൗണ്ട് ആണ്. ഇതിനു ബാങ്കുകള്‍ പലിശ കണക്കാക്കി നല്‍കുന്നു. സമ്പാദ്യം ലക്ഷ്യം വെച്ചുള്ളതാണ് ഇതെങ്കിലും ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം.
മൂന്നാമത്തെ രൂപം ഫിക്‌സഡ് അക്കൗണ്ടാണ്. ഒരു നിശ്ചിത കാലം വരെ പണം പിന്‍വലിക്കാതെ ബാങ്കില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ഇതില്‍ പലിശ നിരക്ക് കൂടുതലായിരിക്കും.
ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ പാടുണ്ടോ? അത് പലിശ വ്യവസ്ഥയെ സഹായിക്കലാണെന്നും പാടില്ലെന്നുമാണ് ഒരഭിപ്രായം. എന്നാല്‍ ഇക്കാലത്ത് ബാങ്കിംഗിനു സാമ്പത്തിക മേഖലയിലുള്ള സ്വാധീനം വിശദമായി പഠിച്ചാല്‍, ബാങ്കുകളില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നാല്‍ പല സാമ്പത്തിക ഇടപാടുകളും നടത്താന്‍ സാധിക്കാതെ വരുമെന്നു ബോധ്യമാകും. അതിനാല്‍ ആധുനിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും ബാങ്കിടപാടുകള്‍ അനുവദനീയമാണെന്നും, പലിശ സ്വന്തമാക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്നും അഭിപ്രായപ്പെടുന്നു.
ഇവിടെയാണു ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്‌നം ഉദിക്കുന്നത്. നാട്ടിലുള്ള സ്ഥാപനങ്ങള്‍ക്ക് കറന്റ് അക്കൗണ്ട് തുറന്ന് പലിശയില്‍ നിന്നൊഴിവാകാം. എന്നാല്‍, അക്കൗണ്ടില്‍ വലിയ തുകയുണ്ടാകുമെങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാനാണ് ബാങ്കുകള്‍ പ്രേരിപ്പിക്കുക. വിശിഷ്യ നിക്ഷേപം കൂടുകയും പണം പിന്‍വലിക്കല്‍ കുറയുകയും ചെയ്യുമ്പോള്‍.
ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്ക് പലിശ കണക്കാക്കും. വിദേശത്തുനിന്ന് അക്കൗണ്ട് തുറന്നാല്‍ അതും സേവിംഗ്‌സ് ഇനത്തില്‍ പെടും. ഇതിനു ലഭിക്കുന്ന പലിശ വേണ്ടാ എന്നെഴുതിക്കൊടുത്താല്‍ ഓരോ തവണയും കണക്കില്‍ വരുന്ന പലിശ ബാങ്ക് അതിന്റെ അക്കൗണ്ടിലേക്ക് മാറ്റും. സാധാരണ കൊല്ലത്തില്‍ രണ്ടു തവണയാണ് പലിശ കണക്കു കൂട്ടുക.
ഇങ്ങനെ പലിശ ബാങ്കിനു തന്നെ കൊടുക്കുന്നത് പലിശ വ്യവസ്ഥയെ സഹായിക്കലാണെന്നതില്‍ സംശയമില്ല. അതിനാല്‍ അത് അപ്പപ്പോള്‍ പിന്‍വലിച്ച് പാവങ്ങള്‍ക്ക് നല്‍കിയോ പൊതു ആവശ്യങ്ങള്‍ക്കോ ചെലവാക്കുന്നതാണ് ഉത്തമം എന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. നിക്ഷേപകര്‍ സ്വയം അനുഭവിക്കുന്നത് മാത്രമാണ് നിരോധിക്കപ്പെട്ടത്. മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ വിധി മാറുന്നു.   ഈ കാഴ്ചപ്പാടാണ് കൂടുതല്‍ ശരിയായിത്തോന്നുന്നത്.
ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ പലിശ അനുവദനീയമാക്കാന്‍ ചില തന്ത്രങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. അവയിലെല്ലാം പണമുടമ തന്നെയാണ് പലിശ അനുഭവിക്കുന്നത്. അതിനാല്‍ അവ നിഷിദ്ധമാണ്. വിശുദ്ധ ഖുര്‍ആനില്‍ പലിശ പണമുടമ തിന്നുന്നതാണ് നിരോധിച്ചിട്ടുള്ളത് (3:130).
പലിശ ഒരു സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാണ്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പൂര്‍ണമായി നടപ്പാക്കിയാല്‍ മാത്രമേ പലിശ സൃഷ്ടിക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂ. പലിശ മുതല്‍ ചിലര്‍ ബാങ്കിനു തിരിച്ചു കൊടുക്കുന്നത് ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ആ സംഖ്യ പാവങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് അത് ഒരളവോളം പരിഹാരമായേക്കും. ആധുനിക പണ്ഡിതന്മാര്‍ ഈ അഭിപ്രായം സ്വീകരിച്ചതിന്റെ ന്യായം അതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍