Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

ആത്മകഥയില്‍നിന്ന് ഒരേട്

അബ്ദുല്ല പേരാമ്പ്ര /കവിത

കുന്നിന്റെ എകരത്തില്‍
എനിക്കുമുണ്ടായിരുന്നു ഒരു വീട്.
തെങ്ങോലകളും പനയോലകളും 
ഇണ ചേര്‍ന്നു കിടന്ന മേല്‍ക്കൂര.
ഉഷ്ണച്ചൂടില്‍ 
വേനല്‍ ഉഴുതുമറിച്ചിട്ട മുറിവുകളുമായി 
ഒരു ദൈന്യമുഖം..
രാത്രിയില്‍,
അവിടേക്കിറങ്ങി വന്നു ധ്യാനം ചെയ്തു
നക്ഷത്രങ്ങള്‍.
മഴയത്ത്,
ചേമ്പില കൊണ്ട് ഓട്ടയടച്ച്
വിയര്‍ക്കുന്ന ഉമ്മയുടെ 
കോന്തലയില്‍ പിടിച്ച് 
ഓടി നടന്ന ബാല്യം.
നനയാതെയിരിക്കാനോ, കിടക്കാനോ
ഒരിടം തേടി
അകം നൊന്ത് കരഞ്ഞ പെങ്ങള്‍.
അവളുടെ കരഞ്ഞു കലങ്ങിയ കരിമഷിക്കണ്ണ്.
പാതിരയാവോളം
ഉപ്പയെ കാത്ത് ഉറങ്ങിപ്പോയ അനുജന്മാര്‍.
അക്കരെ കുന്നിറങ്ങി
ഓലച്ചൂട്ട് മിന്നിച്ച്
ആരോ നടന്നു പോകുമ്പോള്‍
'ഉപ്പാ ഉപ്പാ' എന്നു വിളിച്ച്
ഇരുട്ടിലേക്കിറങ്ങിയോടിയ വിശപ്പ്.
ഒടുവില്‍, 
ഉമ്മയുടെ കിസ്സകള്‍ കേട്ട്
തളര്‍ന്നുറങ്ങിപ്പോയ സ്വപ്നങ്ങള്‍.
വെപ്പുപുരയിലെ
ഉപ്പുമാവിന്റെ ഗന്ധമറിഞ്ഞ്
നോട്ടം തെറ്റിയപ്പോള്‍
കൈത്തണ്ടയില്‍ വരഞ്ഞിട്ട
കണക്കു മാഷിന്റെ ചൂരല്‍ വരകള്‍.
ഇതെല്ലാമിപ്പോള്‍
എന്തിനോര്‍ക്കണമെന്നാവും
ഇളയ മകന്‍
വയറ് നിറഞ്ഞ് കരഞ്ഞപ്പോള്‍
ഓര്‍ത്തതാണിത്രയും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍