Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

അനുസ്മരണം

കെ.വി സൈനുദ്ദീന്‍ ഹാജി

പൊന്നാനിയിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകനായ കെ.വി സൈനുദ്ദീന്‍ ഹാജി(85), പൊന്നാനിയുടെ മത-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു. പൊന്നാനിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ സി.വി ഉമര്‍ സാഹിബ്, ടി.വി ഹാജി, കുഞ്ഞഹമ്മദ് ഹാജി എന്നിവരോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തെ പൊന്നാനിക്ക് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിക്കുകയുണ്ടായി. 

പഴയ തലമുറയിലെ ജീവിച്ചിരിക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കാരണവര്‍ എം.പി കുഞ്ഞിബാവ സാഹിബ് ഹാജിയെ അനുസ്മരിക്കുന്നത് ഇങ്ങനെ: ''1954-ല്‍ ഞാന്‍ ജമാഅത്തിനെ പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ നേരത്തെ പ്രസ്ഥാനത്തെ ഉള്‍ക്കൊണ്ട സൈനുദ്ദീന്‍ ഹാജി പ്രബോധനവുമായി പൊന്നാനി പുതുപ്പള്ളി മസ്ജിദില്‍ സ്ഥിരമായി വരികയും പള്ളി ഇമാം കുഞ്ഞിബാവ ഹാജിക്ക് പ്രബോധനം ആദ്യാവസാനം വായിച്ച് കൊടുക്കുകയും പതിവായിരുന്നു. അറുപതുകളില്‍ പൊന്നാനിയിലെ പ്രസിദ്ധമായ മൊയ്തീന്‍ പള്ളി നാട്ടുകാര്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഏല്‍പ്പിച്ചപ്പോല്‍ ഏക നിബന്ധനയാണ് മുന്നോട് വെച്ചത്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും നിങ്ങള്‍ ഏറ്റെടുക്കുക. തദടിസ്ഥാനത്തില്‍ സി.വിയും ടി.വി ഹാജിയും സൈനുദ്ദീന്‍ ഹാജിയുമാണ് എല്ലാ സാമ്പത്തിക ബാധ്യതകളും നിര്‍വഹിച്ചിരുന്നത്. കെ.ടിയാണ് ഈ പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിച്ചിരുന്നത്.'' 1969-ല്‍ സൈനുദ്ദീന്‍ ഹാജിയുടെ വീട്ടില്‍ പൊന്നാനിയിലെ വിദ്യാസമ്പന്നരായ ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ സംഘടിപ്പിച്ച് കെ.എന്‍ അബ്ദുല്ല മൗലവി നടത്തിയ 15 ദിന പ്രഭാഷണത്തിന്റെ ഫലമായാണ് പൊന്നാനി ഐ.എസ്.എസ് എന്ന സ്ഥാപനം പിറവിയെടുക്കുന്നത്. മുവ്വായിരത്തോളം വിദ്യാര്‍ഥികള്‍ പഠനം തുടരുന്ന ഐ.എസ്.എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തക സമിതി അംഗമായും, സി.വി ഉമര്‍ സാഹിബിന്റെ വേര്‍പാടിന് ശേഷം ഐ.എസ്.എസ് പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്യുകയുണ്ടായി. മരണം വരെ ശാന്തപുരം കോളേജ് ട്രസ്റ്റ് അംഗമായിരുന്നു 

പ്രബോധനം എടയൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് മുഴുസമയ പ്രവര്‍ത്തകനായി അദ്ദേഹം അതിന്റെ ഓഫീസിലുണ്ടായിരുന്നു. ദഅ്‌വത്ത് നഗര്‍ സമ്മേളനത്തില്‍ സ്റ്റേഷനറി വകുപ്പിന്റെ മേധാവിയായി സേവനം നിര്‍വഹിച്ചത് സൈനുദ്ദീന്‍ ഹാജിയായിരുന്നു.  പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്നതിലും ഹാജി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുകയുണ്ടായി. നരിപ്പറമ്പിലെ അല്‍ബഷീര്‍ ഇംഗ്ലീഷ് സ്‌കൂള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. പടിഞ്ഞാറകം സാറുവാണ് ഭാര്യ. അബ്ദുല്‍ മജീദ്, അബ്ദുല്‍ ജലീല്‍, കബീര്‍ ആണ്‍മക്കളും ഐ.എസ്.എസ് ആദ്യ ബാച്ചിലെ ഏഴ് വിദ്യാര്‍ഥിനികളില്‍ ഒരാളായ സഫിയ മകളുമാണ്. 

അബൂ ശമീം പൊന്നാനി

പി.എ മുഹമ്മദ് സാഹിബ്

ടവനക്കാട് പള്ളിപ്പുറം പി.എ മുഹമ്മദ് സാഹിബ് (86) വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവസാനം വരെ നിലനിര്‍ത്തി. സമുദായ സ്‌േനഹത്തില്‍ കുതിര്‍ത്തിയെടുത്ത അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ മനുഷ്യസ്‌നേഹത്തില്‍ ഒരു പടി മുന്നിട്ടുനിന്നു. ദലിത്-പിന്നാക്ക വര്‍ഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള ദലിത് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ വീട് സ്വന്തം വീട് പോലെയായിരുന്നു. അവര്‍ക്ക് അഭയവും ആവേശവും പ്രോത്സാഹനവും ആ വീട്ടില്‍ നിന്ന് ആവോളം ലഭിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി ഡിപ്പാര്‍ട്‌മെന്റില്‍ ഉയര്‍ന്ന സ്ഥാനത്തു നിന്ന് വിരമിച്ച മുഹമ്മദ് സാഹിബ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ജാതി-മത ചിന്തകള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമതീതനായി വ്യത്യസ്ത തലത്തിലുള്ള ആളുകളുമായി സുഹൃദ് ബന്ധങ്ങള്‍ നിലനിര്‍ത്തി. സവര്‍ണ ചിന്താഗതികളോടും അന്ധവിശ്വാസങ്ങളോടുമുള്ള എതിര്‍പ്പ് അദ്ദേഹത്തെ നിരീശ്വരവാദത്തിലെത്തിച്ചു.; പിന്നീട് തുടര്‍വായന ഇസ്‌ലാമിക പ്രസ്ഥാനത്തിലും. പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സവിശേഷമായ ശൈലി പുലര്‍ത്തിയിരുന്ന അദ്ദേഹം എടവനക്കാട് പഴങ്ങാട് പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു.

ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ പ്രായാഗികതയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ച കാലത്തുതന്നെ എടവനക്കാട് മര്‍ഹൂം വി.കെ .അലിക്കുഞ്ഞി മാസ്റ്റര്‍, കെ.എം അബ്ദുല്ല സാഹിബ് എന്നിവരോടൊപ്പം കേരളത്തിലെ തന്നെ ആദ്യത്തെ സകാത്ത് സംഘടിത ശേഖരണ വിതരണ സംവിധാനങ്ങളിലൊന്നായ 'അല്ലജ്‌നത്തു ലി ബൈത്തില്‍ മാലി'ന്റെ സ്ഥാപകരിലൊരാളായി.

മാധ്യമം പത്രത്തിന്റെ ആരംഭകാലത്ത് അതിന്റെ വിതരണക്കാരനും പ്രാദേശിക ലേഖകനുമായി പ്രവര്‍ത്തിച്ചു. ഒരു സൈക്കിളിന്റെ പോലും സഹായമില്ലാതെ മറ്റു പത്രങ്ങള്‍ എത്തുന്നതിനു മുമ്പായി മാധ്യമം വീടുകളില്‍ എത്തിച്ചു.അതിനുവേണ്ടിയുള്ള ത്യാഗപരിശ്രമങ്ങള്‍ തന്റെ ഉത്തരവാദിത്തമായി കണക്കാക്കി. പ്രബോധനത്തിന്റെ ഏജന്റായിരുന്ന അദ്ദേഹം പലപ്പോഴും തന്റെ ശമ്പളത്തില്‍ നിന്നുള്ള വിഹിതം കൂട്ടിച്ചേര്‍ത്താണ് അത് മുന്നോട്ടുകൊണ്ടുപോയത്. മാഹിന്‍ (വ്യവസായ വകുപ്പ്), ഹാരിസ് (കേരള പോലീസ്), അബ്ദുറഹ്മാന്‍ (എച്ച്.എസ്.എ), അഹ്മദ് (എച്ച്, ഐ. എച്ച്.എസ്.എസ് എടവനക്കാട്), മഹ്മൂദ് (കേരള ഫയര്‍ഫോഴ്‌സ്), സ്വബീഹ (സെക്രട്ടറിയേറ്റ്) എന്നിവര്‍ ആണ്‍ മക്കളാണ്. ഭാര്യ പാനായിക്കുളം സ്വദേശി നഫീസ.

സഫുവാന്‍ എടവനക്കാട്                                                                                          

മുട്ടത്തില്‍ മുഹമ്മദ്

സ്‌ലാമിക പ്രസ്ഥാനത്തെ ആശയും ആവേശവുമായി കൊണ്ടു നടന്ന പ്രവര്‍ത്തകനായിരുന്നു രാമപുരം കാര്‍കുന്‍ ഹല്‍ഖയിലെ മുട്ടത്തില്‍ മുഹമ്മദ് സാഹിബ് (75). മീഡിയാ വണ്‍ ഉള്‍പ്പെടെ പ്രസ്ഥാനത്തിന്റെ ഓരോ പുതിയ സംരംഭങ്ങളും അദ്ദേഹത്തിന് ആവേശമായിരുന്നു. രാമപുരത്തെ ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകനായിരുന്ന കെ.പി അബ്ദുര്‍റഹ്മാന്‍ സാഹിബു(കുഞ്ഞുട്ടികാക്ക)മായുള്ള സൗഹൃദം വഴി പ്രസ്ഥാന പ്രവര്‍ത്തകനായിത്തീര്‍ന്ന മുഹമ്മദ് സാഹിബ് ഇതര പ്രദേശങ്ങളില്‍ നിന്ന് എത്തിപ്പെടുന്ന പ്രസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും സല്‍ക്കരിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. രാമപുരത്തെ ബര്‍ക്കത്ത് ട്രസ്റ്റിന്റെ രൂപീകരണത്തിലും അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ സ്ഥാപിക്കുന്നതിലും അവയുടെ നടത്തിപ്പിലും വലിയ പങ്കുവഹിച്ചു. തന്റെ മക്കളെയും കുടുംബങ്ങളെയും ഇസ്‌ലാമികാവബോധമുള്ളവരാക്കുന്നതില്‍ വിജയിച്ച അദ്ദേഹം കുടുംബ സംസ്‌കരണ രംഗത്ത് മാതൃകയായിരുന്നു. മാരകരോഗത്തിനടിപ്പെട്ട് ശയ്യാവലംബിയായിട്ടും ഓരോ പ്രവര്‍ത്തകനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അദ്ദേഹം അവസാന നാള്‍വരെ പ്രസ്ഥാന ബന്ധം നിലനിര്‍ത്തി.

പി. അബ്ദുര്‍റഹീം വറ്റലൂര്‍

പി.എ അബ്ദുല്‍ ഖാദിര്‍ കളമശ്ശേരി 

'കളമശ്ശേരി' എന്ന് പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പി.എ അബ്ദുല്‍ ഖാദിര്‍ കളമശ്ശേരി (55) വാഹനാപകടത്തെ തുടര്‍ന്ന് അല്ലാഹുവിലേക്ക് യാത്രയായി. പുഞ്ചിരി തൂകുന്ന മുഖം, നര്‍മത്തില്‍ ചാലിച്ച സംസാരം, സ്‌നേഹവും കാരുണ്യവും മുറ്റിയ പെരുമാറ്റം, ലളിതവും സരളവുമായ ജീവിത ശൈലി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം, വിപുലമായ സൗഹൃദ ബന്ധങ്ങള്‍, പ്രവര്‍ത്തകരെ പരസ്പരം കണ്ണിചേര്‍ക്കുന്നതില്‍ അത്യുല്‍സാഹം, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിരന്തര ശ്രദ്ധ, അധ്വാനശീലന്‍ തുടങ്ങി നിരവധി സവിശേഷതകളാണ് അബ്ദുല്‍ ഖാദിര്‍ സാഹിബിനെ അനുസ്മരിക്കുമ്പോള്‍ മനസ്സിലോടിവരുന്നത്. സഹോദര സമുദായ അംഗങ്ങളുമായും വിശാലമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ദഅ്‌വ പരിപാടികളില്‍ അത്തരം സുഹൃത്തുക്കളെ പങ്കെടുപ്പിക്കുന്നതില്‍ അദ്ദേഹം അതീവ താല്‍പര്യം കാണിച്ചു. ജനസേവന പ്രവര്‍ത്തനങ്ങള്‍ ആവേശമായിരുന്നു അദ്ദേഹത്തിന്. പാവപ്പെട്ടവരോടും പ്രയാസം അനുഭവിക്കുന്നവരോടും ആര്‍ദ്രതയോടെ പെരുമാറുകയും അവരുടെ പ്രയാസങ്ങളകറ്റാന്‍ തന്നാലാകുന്ന സഹായങ്ങള്‍ നല്‍കുകയും ചെയ്തു. പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും പുതിയ സ്വപ്‌നങ്ങള്‍ മെനയുകയും അവ നേതൃത്വവുമായും സഹപ്രവര്‍ത്തകരുമായും പങ്കുവെക്കുകയും ചെയ്തിരുന്നു. യൂനിറ്റ് പ്രസിഡന്റ്, ഏരിയ ഓര്‍ഗനൈസര്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവം നിമിത്തം വലിയ ഉത്തരവാദിത്തങ്ങള്‍ ഏറെറടുക്കുക സാധ്യമായിരുന്നില്ല. നിരവധി കച്ചവട സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം രിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി സുഊദിയുടെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ചരക്ക് കടത്ത് ജോലിയാണ് അവസാനം ചെയ്തിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട കണക്കുകള്‍ പ്രത്യേകം എഴുതി സൂക്ഷിച്ചിരുന്നു. ആഗസ്റ്റ് 25-ന് വെളുപ്പിന് രിയാദില്‍നിന്ന് ദമ്മാമിലേക്ക് ബിസിനസ് ആവശ്യാര്‍ഥം സഹപ്രവര്‍ത്തകന്‍ മുജീബ് കക്കോടിയോടൊപ്പമുള്ള യാത്രക്കിടയില്‍ വാഹനം നിര്‍ത്തി ഹൈവേ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ച അദ്ദേഹത്തിന്റെ മയ്യിത്ത് അല്‍ഹസ്സയില്‍ ഖബ്‌റടക്കി. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ്. 

കെ.കെ.എ അസീസ്, രിയാദ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍