പ്രാര്‍ഥന ഫലം കണ്ടപ്പോള്‍
അന്ന് അന്തരീക്ഷം മൂടിക്കെട്ടിയിരുന്നു. മഴയുടെ ലക്ഷണവും ഉണ്ട്. ഞാന്‍ പുറത്തിറങ്ങിയില്ല. വീട്ടില്‍ തന്നെ കഴിച്ചു കൂട്ടി. വൈകുന്നേരത്തോടെ ഒരു അതിഥി വന്നു കയറി. അയാള്‍ വാതിലില്‍ മുട്ടി. ചെന്ന് നോക്കുമ്പോള്‍ ഈയിടെ ഇസ്‌ലാമിന്റെ വെളിച്ചം ലഭിച്ച ഒരു സഹോദരന്‍ ഉമ്മറപ്പടിയില്‍ നില്‍ക്കുന്നു. മുഖത്ത് നിരാശയുടെ ലക്ഷണമുണ്ട്. ഭയം അദ്ദേഹത്തെ വേട്ടയാടുന്ന പോലെ. അഭിവാദ്യ പ്രത്യഭിവാദ്യങ്ങള്‍ക്ക് ശേഷം ഞാനദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ചു. എന്തോ പറയാനാനൊരുങ്ങവെ അദ്ദേഹം പൊട്ടിക്കരഞ്ഞു.
ഞാന്‍ നിനച്ചത് തന്നെ കാര്യം. അദ്ദേഹം ആരെയോ ഭയക്കുന്നു. സമാധാനിപ്പിച്ച് കൊണ്ട് ഞാന്‍ സുഖവിവരങ്ങള്‍ ആരാഞ്ഞു. അല്‍പ സമയത്തെ മൗനത്തിന് ശേഷം അദ്ദേഹം ഒരു ഗ്ലാസ് വെള്ളം കുടിച്ചു. താന്‍ അകപ്പെട്ടിട്ടുള്ള ആപല്‍ സന്ധി അദ്ദേഹം വിവരിച്ചു.
ഇസ്‌ലാം സ്വീകരിച്ച ശേഷം ആ സഹോദരന്‍ നേരിടുന്ന തരാതരം പരീക്ഷണങ്ങളാണ് പ്രശ്‌നം. അകത്ത് വീട്ടുകാരുടെ ഉപദ്രവം ലഘുവാെണങ്കിലും പുറത്ത് നിന്നുള്ളവരുടേതാണ് ഗുരുതരം. അല്ലെങ്കിലും നാട്ടുകാര്‍ക്കാണല്ലോ ഇതിലൊക്കെ പൊറുതികേട്. ഏത് കാലത്തും ഏതിടത്തും അതേ നാട്ടുപ്രമാണിമാരുടെ ഒത്താശയോടെ തീവ്രസ്വഭാവത്തിലുള്ള ചില കേന്ദ്രങ്ങള്‍ പോലീസിനെ ഉപയോഗിച്ച് ഉപദ്രവിക്കുന്നു. സ്റ്റേഷനില്‍ വിളിച്ച് വരുത്തി തടഞ്ഞു വെക്കുന്നു. ഇസ്‌ലാം ഉപേക്ഷിക്കാന്‍ പല തരത്തിലുള്ള പ്രലോഭനങ്ങളും മുന്നോട്ട് വെക്കുന്നു. പിതാക്കളുടെയും പ്രപിതാക്കളുടെയും മതം കയ്യൊഴിക്കരുതെന്നും തിരിച്ച് വരണമെന്നും നിര്‍ബന്ധിക്കുന്നു. അതിനൊന്നും തയാറല്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നാണ് പോലീസ് ഭീഷണി! രക്ഷിക്കേണ്ടവര്‍ തന്നെ തല കൊയ്യുക! മ്ലേഛവും അശ്ലീലവുമായ അസഭ്യവര്‍ഷം. അത് പിന്നെ പോലീസിന് പറഞ്ഞതാവാം. എന്നാല്‍ പീഡന മുറകളിലല്ല, മാനസികമായി തളര്‍ത്തുന്നതിലാണ് ഏമാന്‍മാര്‍ മത്സരിക്കുന്നത്. ഇത് പതിവാക്കിയിട്ട് നാളുകളായി. ഈ ദുരിതാവസ്ഥയില്‍ നിന്നൊരു മോചനം ലഭിക്കാന്‍ വഴിയേതും കാണുന്നില്ല. താങ്കള്‍ക്ക് വല്ല മാര്‍ഗവും നിര്‍ദ്ദേശിക്കാനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വന്നത്.
സഹോദരന്റെ വാക്കുകളില്‍ നിന്ന് എല്ലാം വ്യക്തമായിരുന്നു. ഇക്കാര്യങ്ങള്‍ കുറെയൊക്കെ ഞാനറിഞ്ഞതാണ്. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ ഇത്ര ഗൗരവമുള്ളതാണെന്ന് ഇപ്പോഴാണറിയുന്നത്.
വ്യാജവും സാങ്കല്‍പികവുമായ നടപടികളിലൂടെ ദുര്‍ബലരെ പ്രതിസന്ധിയിലകപ്പെടുത്താനും സത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാനുമാകും പോലീസു ശ്രമം. ചിലരെല്ലാം ഗത്യന്തരമില്ലാതെ വീട് ഉപേക്ഷിക്കാനും നാടുവിടാനും നിര്‍ബന്ധിതരാവും. അങ്ങനെ സ്വന്തം നഗരത്തോടവര്‍ വിട ചൊല്ലും.
ഇവിടെ മറ്റൊരു പ്രശ്‌നമുള്ളത് ഈ വിഷയത്തില്‍ ഇരകളോടൊപ്പം നില്‍ക്കാന്‍ ആരുമില്ലെന്നതാണ്. നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ക്കും മുറകള്‍ക്കുമെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരു കുട്ടിയും ഇല്ലാത്ത സ്ഥിതി. സഹോദര സമുദായങ്ങള്‍ സ്വാഭാവികമായും വിട്ടു നില്‍ക്കും. അത് മനസ്സിലാക്കാം. എന്നാല്‍ മുസ്‌ലിംകളോ? ഒച്ച വെക്കാനോ പ്രതിഷേധിക്കാനോ പറ്റിയ പൊസിഷനിലല്ല അവര്‍. മുസ്‌ലിംകളിലെ പ്രമുഖര്‍ എന്ന് പറയുന്നവര്‍ ഇത്തരം ഘട്ടങ്ങളില്‍ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞു മാറുകയും തങ്ങള്‍ക്ക് എന്തോ നഷ്ടപ്പെടാനുള്ളതു പോലെ പെരുമാറുകയും ചെയ്യുന്നു. ഈ അവസ്ഥ വളരെ സങ്കീര്‍ണമാണ്. അതേ സമയം മുസ്‌ലിം സാമാന്യജനത്തെ കുറ്റപ്പെടുത്താനുമാവില്ല.
അപ്പോള്‍, ഒരു നവമുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം പ്രശ്‌നം ഏറെ ദുഷ്‌കരം തന്നെ. നമ്മുടെ ഈ സഹോദരന്റെ കഥയും മറ്റൊന്നല്ല.
അതിനര്‍ത്ഥം ഈ പ്രശ്‌നത്തിന് ഒരു പരിഹാരമില്ല എന്നല്ല. ഇസ്‌ലാം സ്വീകരിക്കുന്ന ഏതൊരാളും ഏത് ഗുരുതരാവസ്ഥയെയും പ്രതിസന്ധിയെയും നേരിട്ടു ജീവിച്ചു മരിച്ചു കൊള്ളണം, ഇതാണവരുടെയൊക്കെ വിധി എന്ന് പറഞ്ഞൊഴിയാനാവില്ല. അങ്ങനെയെങ്കില്‍ പിന്നെ ഈ സത്യസരണിയെ പുല്‍കാന്‍ ആര് മുന്നോട്ട് വരും? മാത്രമല്ല ഇസ്‌ലാം ഉദിച്ചേടത്ത് തന്നെ വൈകാതെ അസ്തമിക്കുകയും ചെയ്യേണ്ടതായിരുന്നല്ലോ. നവാഗതര്‍ അന്നൊക്കെ അനുഭവിച്ച കിരാത മര്‍ദനങ്ങള്‍ എവ്വിധമായിരുന്നുവെന്ന് ചരിത്ര വിദ്യാര്‍ഥികള്‍ക്കറിയാം.
ഞാനെന്റെ സഹോദരന്റെ വിഷയങ്ങള്‍ സവിശദം കേട്ടു. അയാളുടെ വേദനയുടെ തീവ്രത അപ്പടി ഉള്‍ക്കൊണ്ടു. എന്നാല്‍ ഒരു നിമിഷം എന്റെ മനസ്സ് മന്ത്രിച്ചു. പരീക്ഷണങ്ങളെ നേരിടാനാവാതെ ഈ യുവാവ് ഇസ്‌ലാമിനെ തിരസ്‌കരിച്ച് തിരിഞ്ഞ് നടക്കുകയാണോ? വ്യംഗ്യമായെങ്കിലും അതെന്നെ തെര്യപ്പെടുത്തുകയാണോ ഇയാള്‍?
ഞാന്‍ ധൈര്യം അവലംബിച്ച് കൊണ്ട് അദ്ദേഹത്തോട് ചോദിക്കുക തന്നെ ചെയ്തു: ''താങ്കളുടെ ഉള്ളിലെ വിശ്വാസത്തില്‍ വല്ല മാറ്റവും..........?'' ഈ ചോദ്യം കേട്ടപാടെ അയാള്‍ എന്റെ മനോഗതം തിരിച്ചറിഞ്ഞു. ''ദൈവത്തിന് സ്തുതി! ഞാന്‍ എന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു ദുര്‍ഘടാവസ്ഥയിലും അതില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല.''
ഞാന്‍ ആശ്വസിച്ചു. എന്നാലും ഇയാളുടെ പ്രശ്‌നം ബാക്കി നില്‍ക്കുന്നു. ഈ വിഷയത്തില്‍ സ്വന്തമായി എനിക്ക് ഒന്നും ചെയ്യാനാവില്ല. എന്നാല്‍ വിശ്വാസവും തദനുസൃതമായ ജീവിത രീതിയും ഒരുമിച്ച് കൊണ്ട് പോകണമല്ലോ. എനിക്ക് ഈ വിഷയത്തില്‍ പറയാനാവുക, ഈ പ്രദേശം വിട്ട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കുക എന്നാണ്. കാരണം ദൈവത്തിന്റെ ഭൂമി വിശാലമാണല്ലോ. പക്ഷേ ഇദ്ദേഹം തന്റെ ആദര്‍ശത്തില്‍ ഉറച്ച് നില്‍ക്കുമ്പോഴും ദേശത്യാഗത്തിന് തല്‍ക്കാലം തയാറല്ലെന്ന് നേരത്തെ ഞാന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നെ ആ അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചില്ല.
ഒരു പുതിയ പരീക്ഷണത്തിന് തയാറാവാന്‍ ഇയാളെ ഉപദേശിച്ചാലോ - ഞാന്‍ ആലോചിച്ചു. ഒരിക്കലും പാഴാകാനിടയില്ലാത്ത ഒരു അവസാന ശ്രമം.
ഞാന്‍ അയാളോടു പറഞ്ഞു: ''ഇവിടെ നിന്ന് മാറിനില്‍ക്കാന്‍ താങ്കള്‍ക്ക് പ്രയാസമുണ്ടെന്ന് എനിക്കറിയാം. ഇവിടത്തെ മുസ്‌ലിംകള്‍ ഈ പ്രശ്‌നത്തെ ചങ്കൂറ്റത്തോടെ നേരിടാന്‍ പ്രാപ്തരുമല്ല. എന്നാല്‍ ഭഗ്നാശനായി ഒതുങ്ങിക്കൊടുക്കുന്നത് മുസ്‌ലിമിന് പറഞ്ഞതല്ല. ആവലാതിയോ വേവലാതിയോ ഈ ഘട്ടത്തില്‍ ഫലം ചെയ്യില്ല. താങ്കള്‍ അകപ്പെട്ട ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെട്ടേ മതിയാവൂ; അതും എത്രയും പെട്ടെന്ന്. ദൈവാനുഗ്രഹത്താല്‍ താങ്കള്‍ ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടും. തീര്‍ച്ച. അതിന് ഒറ്റ വഴിയേ ഉള്ളൂ. എല്ലാ സങ്കടങ്ങളും ദൈവത്തിങ്കല്‍ സമര്‍പ്പിക്കുക. അകപ്പെട്ടിട്ടുള്ള ആപത്ത് നീക്കിത്തരാന്‍ ഇരുകൈകളും ഉയര്‍ത്തി ഉള്ളുരുകി പ്രാര്‍ഥിക്കുക. പ്രാര്‍ഥനകള്‍ മറ്റു വഴികളുള്ളപ്പോഴും വേണ്ടത് തന്നെ. എന്നാല്‍ മറ്റു മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോഴും ഒരിക്കലും അടഞ്ഞു പോകാത്തതത്രേ പ്രാര്‍ഥനയുടെ വഴി. ഈ യാഥാര്‍ഥ്യം നാം തിരിച്ചറിയണം.''
എന്തായാലും ഇയാളുടെ മനോവിഷമം നീക്കി, പിടിച്ച് നില്‍ക്കാനുള്ള കരുത്ത് പകരുകയാണ് അടിയന്തരാവശ്യം. അപകട മുനമ്പില്‍ നിന്ന് എത്രയും പെട്ടെന്ന് ഈ സഹോദരനെ രക്ഷപ്പെടുത്തണം. ഞാന്‍ പറഞ്ഞു: ''താങ്കള്‍ അല്ലാഹുവിനോടു സങ്കടം ബോധിപ്പിക്കുക. ഞാനും പ്രാര്‍ഥിക്കാം.'' ചരിത്രത്തിലെ അനേകം സംഭവങ്ങളില്‍ നിന്ന് ചിലത് ചികഞ്ഞെടുത്ത് ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ഇത്തരം അപകടസാനുക്കളില്‍ നിന്ന് ശാന്തിയുടെ താഴ്‌വരയിലേക്ക് ദൈവം തമ്പുരാന്‍ എത്തിച്ച മഹാ സംഭവങ്ങളുടെ അനുഭവ വിവരണം ശ്രദ്ധിച്ചു കേട്ട അയാളെ അത് അത്ഭുതപ്പെടുത്തി.
അല്ലാഹു അവന്റെ ദീന്‍ പുല്‍കാന്‍ താങ്കള്‍ക്ക് ഉതവി നല്‍കിയെങ്കില്‍ ആ മാര്‍ഗത്തിലെ പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടുത്താനും അവന്ന് സാധിക്കും. ഒരു സംശയവും വേണ്ട. ദൈവം സദാ നമ്മോടൊപ്പമുണ്ട്. അനുനിമിഷം നമ്മുടെ അവസ്ഥ അവന്‍ വീക്ഷിക്കുന്നു. ഒന്നും അവനില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല, മാറി നില്‍ക്കുന്നില്ല. ഇമ വെട്ടുന്ന സമയം കൊണ്ട് അവന്‍ ഏത് വിപത്തില്‍ നിന്നും നമ്മെ രക്ഷിക്കും. ഇത് അവകാശവാദങ്ങളോ തത്വം പറച്ചിലോ അല്ല. ഭാവനാ വിലാസമോ വാഗ്വിലാസമോ അല്ല. ജീവിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മാത്രം. ഇതിന്റെ സാക്ഷ്യം ഭൂതകാലത്തുണ്ടായിട്ടുണ്ട്. ഇന്നും ദൈവസാന്നിധ്യവും ഇടപെടലും അത്ഭുതകരമാം വിധം സംഭവിക്കുന്നു.
ഞങ്ങള്‍ ഇരുവരും ആകാശത്തേക്ക് കൈകളുയര്‍ത്തി അല്ലാഹുവിനോട് സന്മാര്‍ഗവും സ്ഥൈര്യവും (ഹിദായത്തും ഇസ്തിഖാമത്തും) ചോദിച്ചു. അല്ലാഹുവിന്റെ സഹായത്തിനായി ഞങ്ങള്‍ അര്‍ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഭാരം ഇറക്കി വെച്ച പ്രതീതി അയാളുടെ വദനത്തില്‍ തെളിഞ്ഞു. അല്‍പ നേരം കൂടി ഇരുന്ന ശേഷം ആ സഹോദരന്‍ യാത്ര ചോദിച്ചു. പുറപ്പെടുമ്പോള്‍ ഞാന്‍ പറഞ്ഞു: ''പ്രതീക്ഷ ഒരിക്കലും കൈവിടരുത്. അല്ലാഹുവാണ! എനിക്കുറപ്പുണ്ട്. ഇന്നത്തേതിനേക്കാള്‍ നല്ല ഒരു ദിനമായിരിക്കും നാളെ പുലരുക.''
ആ സ്‌നേഹിതന്‍ പോയി മൂന്നാം പക്കം രാവിലെ 10 മണിയായിട്ടുണ്ടാവും. ഒരു പോലീസ് വണ്ടി എന്റെ വീടിന്റെ മുന്നില്‍ വന്ന് ബ്രേക്കിട്ടു. ദൃഢഗാത്രരായ രണ്ട് പോലീസുകാര്‍ വീടിന് നേരെ നടന്നു വരുന്നു. അവര്‍ വരുന്നത് കണ്ട് ഞാന്‍ വാതില്‍ തുറന്നു. എന്നെ കണ്ട പാടെ അവരിരുവരും ശബ്ദം ഉയര്‍ത്തി 'അസ്സലാമു അലൈക്കും' എന്ന് അഭിവാദ്യം ചെയ്തു. എന്റെ കൈ പിടിച്ചു കുലുക്കി കൊണ്ട് ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഞാനവരെ സ്വീകരണമുറിയിലേക്ക് ആനയിച്ചു. 'ഈ ഏമാന്‍മാര്‍ എന്തിന് വന്നതാവും' എന്ന് ചിന്തിക്കുകയായിരുന്നു ഞാനപ്പോള്‍. എന്നാല്‍, അവര്‍ നേരെ വിഷയത്തിലേക്ക് കടന്നു. ഞങ്ങള്‍ രണ്ട് മുസ്‌ലിം പോലീസുദേ്യാഗസ്ഥരാണ്. കഴിഞ്ഞ ദിവസമാണ് ഇവിടത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറിവന്നത്. ഇരുവരും തങ്ങളുടെ പേരും പദവിയും പരിചയപ്പെടുത്തി. ഉന്നത സ്ഥാനത്തിരിക്കുന്ന രണ്ട് പോലീസുദ്യോഗസ്ഥര്‍. അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ഇവിടെ വന്ന ഉടനെ ചില ഫയലുകള്‍ പരിശോധിച്ചു. അതിലൊന്ന് താങ്കളുമായി ബന്ധപ്പെട്ടതാണ്. ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്നതാണ് പ്രശ്‌നം! ഞങ്ങള്‍ക്കതില്‍ വലിയ കൗതുകം തോന്നി. അപ്പോള്‍ ആദ്യ അവസരത്തില്‍ തന്നെ താങ്കളെ കണ്ട് സംസാരിക്കാമെന്ന് വെച്ചു. ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതിന്റെ പേരില്‍ നിങ്ങള്‍ക്കോ കുടുംബത്തിനോ വല്ല ഭയവുമുണ്ടെങ്കില്‍ അത് ഇനി വേണ്ട.'' പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് അവര്‍ ഒരിക്കല്‍ കൂടി ഹസ്തദാനം ചെയ്തു. എല്ലാവിധ സഹായവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവും. അവര്‍ ഉറപ്പ് നല്‍കി. ''ഞങ്ങള്‍ ഇടക്കിടെ വരാം, സൗഹൃദ പോലീസ് ആയിട്ട്.'' പ്രസ്ഥാന സാഹിത്യം ധാരാളം വായിച്ചിട്ടുള്ള വ്യക്തിയാണ് അവരില്‍ ഒരാളെന്ന് സംസാരത്തിനിടയില്‍ മനസ്സിലായി. പരേതനായ മാഇല്‍ ഖൈറാബാദിയുടെ രചനകളാണ് അയാളെ ഏറെ സ്വാധീനിച്ചിട്ടുള്ളതത്രേ. ഈ ഉദ്യോഗസ്ഥരുടെ സഹകരണത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു: ''അല്ലാഹുവിന് സ്തുതി. ഞങ്ങള്‍ക്കിപ്പോള്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ഞങ്ങളുടെ ഒരു സഹോദരന്‍ ഈയിടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അദ്ദേഹത്തെ ചില കേന്ദ്രങ്ങള്‍ അലോസരപ്പെടുത്തുന്നു. നിങ്ങളുടെ പോലീസ് സ്റ്റേഷനില്‍ രാവിലെയും വൈകീട്ടും അയാളെ വിളിച്ച് വരുത്തി പീഡിപ്പിക്കുന്നു. അയാള്‍ കണ്ടെത്തിയ സത്യം കൈയൊഴിക്കണമെന്നാണ് ഏക ആവശ്യം.''
''ഞങ്ങള്‍ ഇന്നലെ രാവിലെ വന്നതില്‍ പിന്നെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഇനി അത്തരം ഒരു പേടി വേണ്ട. താങ്കളുടെ സ്‌നേഹിതനെ ഈ വിവരം അറിയിക്കുക''- അവര്‍ പറഞ്ഞു.
പോലീസുദ്യോഗസ്ഥര്‍ പോകും മുമ്പെ വീട്ടിലെ എല്ലാവരെയും പരിചയപ്പെട്ടു. ഞങ്ങള്‍ ചായയും പലഹാരവും നല്‍കി അവരെ യാത്രയാക്കി. ആ പോലീസുദ്യോഗസ്ഥര്‍ അവിടെ ഉള്ള സമയത്തെല്ലാം എന്റെ വീടുമായി നല്ല ബന്ധം പുലര്‍ത്തി. ആ ബന്ധം തുടരുന്നതില്‍ അവര്‍ക്ക് പ്രതേ്യക താല്‍പര്യമുണ്ടായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനവും മറ്റു സാഹിത്യ കൃതികളും സമ്മാനമായി നല്‍കി.
മനുഷ്യന്‍ ആപത്തില്‍ അകപ്പെടുമ്പോഴെല്ലാം രക്ഷപ്പെടാനുള്ള വഴിയാണ് പ്രാര്‍ഥന. അപ്പോള്‍ ദൈവം കൈത്താങ്ങ് നല്‍കും. കണ്ടില്ലേ, പിടി വള്ളിയറ്റ് ഭഗ്നാശനായി വന്ന എന്റെ സ്‌നേഹിതന്‍ വിജയശ്രീലാളിതനായത്. 'അലാ ഇന്ന നസ്‌റല്ലാഹി ഖരീബ്', 'ഇന്നഹു ഖരീബുന്‍ മുജീബ്' എന്നീ സൂക്ത ഭാഗങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചപ്പോള്‍ ഒന്നല്ല, രണ്ട് മാന്യന്മാരായ പോലീസുദ്യോഗസ്ഥരാണ് ഈ സ്റ്റേഷനിലെത്തിയത്. അവരെ അവിടെ എത്തിക്കാനുള്ള സംവിധാനം ദൈവം ഇടപെട്ട് ചെയ്തു എന്നര്‍ഥം. പിന്നീട് അവിടെ ആ തരത്തിലുള്ള ഭര്‍ത്സനം ഉണ്ടായിട്ടില്ല. പ്രാര്‍ഥനയാണ് പ്രധാന കവചകമായത്; അണയാത്ത പ്രതീക്ഷയും.
ഓര്‍ക്കുന്നില്ലേ, ഹിറാ ഗുഹയിലിരുന്ന് അബൂബക്ര്‍ സ്വിദ്ദീഖ് (റ) വേപഥു പൂണ്ടത്? അപ്പോള്‍ നബി (സ) ആശ്വസിപ്പിച്ചതോ, ''അബൂബക്ര്‍! നമ്മള്‍ രണ്ടു പേരല്ല, മൂന്നാമനായി അല്ലാഹു നമ്മുടെ കൂടെയുണ്ട്. ഭയപ്പെടരുത്.'' അടിമ പരാതിയുമായി എപ്പോള്‍ ദൈവത്തെ സമീപിച്ചാലും അതിനൊരു പരിഹാരം ഉണ്ടാകും. അത് ചിലപ്പോള്‍ ഉടന്‍ ഉണ്ടായെന്ന് വരും. എന്റെയും ‘കഥാപുരുഷന്റെയും’ കാര്യത്തിലും അതാണ് സംഭവിച്ചത്.
(ദഅ്‌വത്തീ തജുറുബാത്തില്‍ നിന്ന്)
വിവ: സഈദ് മുത്തനൂര്‍
Comments