ആരുണ്ട് ഈദിനെ സല്‍ക്കരിക്കാന്‍?
'എങ്ങു മുസ്‌ലിം? ആരുടെയാ-
തിഥ്യമീ ഞാന്‍ സ്വീകരിപ്പാന്‍?
എങ്ങു മുഅ്മിന്‍? ആരെ ഞാനീ
വേളയില്‍ പുല്‍കി രസിപ്പാന്‍?'
(ഈദിന്റെ ഖേദം- ടി.ഉബൈദ്)
ഏറ്റവും വലിയ ദുഃഖം നമ്മള്‍ ഒരുകാലത്ത് കഴിച്ചുകൂട്ടിയ സന്തോഷങ്ങളെക്കുറിച്ചുള്ള സ്മരണകളാണ്. ആഘോഷവേളകളില്‍ പൊതുവെ നാം പ്രതീക്ഷിക്കുന്നത് ആഹ്ലാദങ്ങളാണ്. ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ട രണ്ട് ആഘോഷങ്ങളാണല്ലോ ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും. എന്നാല്‍ ഈ സന്തോഷത്തിന്റെ തരംഗങ്ങള്‍ കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നുണ്ട്; ദുരന്തത്തിന്റെ നിഴലുകള്‍ പിന്തുടരുന്ന സമകാലാവസ്ഥകളില്‍ പ്രത്യേകിച്ചും. ഈ പരിസരത്തെ ആസ്പദമാക്കി സന്തോഷവേളയെ ദുഃഖമെന്നും വിളിക്കാനാവും. അങ്ങനെ ഈദ് എന്ന നിര്‍വൃതിദായകമായ മുഹൂര്‍ത്തം ദുഃഖത്തിന്റെ നിമിഷങ്ങളായി തരം മാറുന്നു. ഏത് കവിക്കും സന്തോഷത്തിന്റെ അവസ്ഥയില്‍ സങ്കടത്തിന്റെ കണ്ണാടിപ്പൊട്ടുകള്‍ പെറുക്കി അതില്‍ തന്റെ മുഖം കണ്ടെത്താനാകും. ഒരുപക്ഷേ, അതാണ് ആത്യന്തികമായി ദുഃഖമെന്ന് കവി തിരിച്ചറിയുന്നു.
മുസ്‌ലിം സമുദായത്തിനു വന്നുചേര്‍ന്ന സമകാലികമായ അവസ്ഥകള്‍ നമ്മുടെ പെരുന്നാളിനെ ദുഃഖമയമാക്കുന്നുണ്ടോ? ആഗോള ഉമ്മത്ത് ദുരന്തത്തിന്റെ മുനമ്പുകളിലാണോ? അതോ ഉമ്മത്തിനെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കാണോ ദുരന്തഛായ? സിറിയയിലെ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്ക മുഖങ്ങള്‍ ഈ പെരുന്നാളിനെ ദുഃഖത്തിലാഴ്ത്തുന്നുണ്ടോ? ഇന്ത്യയിലെ നിശ്ശബ്ദമായ ഏകാധിപത്യം ഒരു തണുത്ത ഭീതിയായി നമ്മെ ചൂഴുന്നുണ്ടോ? ഈ അന്തരീക്ഷത്തിലാണ് കവി ടി. ഉബൈദിന്റെ ഈദിന്റെ ഖേദം എന്ന കവിത ഞാന്‍ വായിക്കാനിരിക്കുന്നത്.
മുസ്‌ലിംകള്‍ യഥാര്‍ഥത്തില്‍ സന്തോഷത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നും അതാണവരുടെ ദുഃഖത്തിന് കാരണമെന്നും കവി കണ്ടെത്തുന്നു. യഥാര്‍ഥത്തില്‍ ഇബ്‌റാഹീമി(അ)നെ നമുക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ത്യാഗ സന്നദ്ധനായ ഇസ്മാഈലിനെയും കാണുന്നില്ല. 'ധീരനായ ഒരു നേതാവില്ല, ത്യാഗികളായ തലമുറയില്ല' എന്നത് യഥാര്‍ഥത്തില്‍ ആധുനിക ദേശീയതയുടെ വാഴ്ചക്കാലത്ത് ഒരു ഇന്ത്യന്‍ മുസ്്‌ലിമിന്റെ പരിവേദനമായിട്ടാണ് മനസ്സിലാക്കേണ്ടത്.
'പൂതമാം ത്യാഗത്തിനുറ്റപൂമ്പതാകേ വെല്‍ക വെല്‍ക!
പുണ്യ തക്ബീര്‍ ചിറകടിച്ച്
പാറും പൈങ്കിളി വെല്‍ക വെല്‍ക!
ആതപത്തില്‍ ശാന്തിയേകും
നീല മുകിലേ സ്വാഗതം തേ
അദ്വിതീയ മഹിമയാര്‍ന്നോ-
രീദുല്‍ അദ്ഹാ സ്വാഗതം തേ'
എന്നിങ്ങനെ ആഹ്ലാദം പെയ്യുന്ന മനസ്സുമായി ഈദിനെ സ്വാഗതം ചെയ്യാനിരിക്കുന്ന കവിയെയാണ് നാം ആദ്യം കാണുന്നത്. 'വിശുദ്ധമായ ത്യാഗത്തിനുറ്റ പതാക' എന്നാണ് ഇവിടെ പ്രയോഗം. ദേശീയതയുടെ ചിഹ്നമായി നിലകൊള്ളുന്ന 'പതാക'യെ ബോധപൂര്‍വം ഈദുമായി ബന്ധിപ്പിക്കുകയാണ് കവി. ദേശീയതയുടെ അടയാളങ്ങള്‍ പലയിടങ്ങളിലായി കവിതയില്‍ കണ്ടെത്താം. ഈദ് മനുഷ്യന്റെ മാത്രം ആഘോഷമല്ല, പ്രകൃതിയുടെ കൂടിയാണ്. ഇസ്മാഈലി(അ)ന്റെ കഴുത്തില്‍ കത്തിവെക്കാന്‍ തുനിയുമ്പോള്‍ പ്രകൃതിയാകെ പരിഭ്രമിച്ചു എന്നും ഇടിമിന്നലുമുണ്ടായി എന്നും ചില കാവ്യകല്‍പനകളില്‍ കണ്ടിട്ടുണ്ട്. ഇസ്മാഈലിനു പകരം ഒരു ആടിനെ ബലിയറുക്കുമ്പോള്‍ പ്രകൃതി സന്തോഷിക്കുകയും ചെയ്തു. ഈ കവിതയിലും പെരുന്നാളിനെ വരവേല്‍ക്കാന്‍ പ്രകൃതി ഒരുങ്ങിനില്‍ക്കുന്നത് കാണാം.
'ഭൂതലം നിന്‍ വരവ് കാണാന്കൗതുകാല് ചമഞ്ഞൊരുങ്ങി
ഭൂരിശോഭ പൊഴിക്കുമീമാന്‍
ദിനമണിയുദിച്ചു പൊങ്ങി
വീര കൈതവ സാര്‍വലൗകിക
സോദരത്വപ്പൂ ലസിപ്പൂ
വിണ്‍ സുഗന്ധം വീശി സൗഹൃദ
മാരുതന്‍ തത്തിക്കളിപ്പൂ'
എന്നാണ് കവിക്ക് തോന്നുന്നത്. പാവന സമത്വ തത്ത്വമോതുവാന്‍ വന്നുചേര്‍ന്ന ഈദിന്റെ ആഗമനത്തില്‍ പാരിടം രോമഹര്‍ഷാധിക്യമാര്‍ന്നതായി കവി കാണുന്നു. 'സമത്വ തത്വം' എന്നതിന് സോഷ്യലിസത്തിന്റെ ഛായയുണ്ട്. നെഹ്‌റുവിയന്‍ സോഷ്യലിസവും ആധുനീകരണവും ദേശീയതലത്തില്‍ സംഭവിക്കുന്ന കാലമാണിതെന്നോര്‍ക്കണം. എല്ലാ സമൂഹങ്ങളും ദേശീയബോധത്തോട് ചേര്‍ന്നു കഴിഞ്ഞു. മുസ്‌ലിംകളും ഉടനെത്തന്നെ ഈ ധാരയില്‍ യോജിപ്പോടെ നിലകൊണ്ട് തുല്യാവകാശം ആര്‍ജിക്കണമെന്നാവും കവി അഭിലഷിക്കുന്നത്.
ദൈവത്തിന്റെ കാരുണ്യാതിരേകം എല്ലായിടത്തും വര്‍ഷിച്ചിടുമ്പോള്‍ ലോകം ദൈന്യഭാവത്തോടു കൂടി റബ്ബിനെ സ്തുതിക്കുകയാണ്. 'ഞങ്ങള്‍ക്കായി ഒരു സന്ദേശം തന്നിട്ടു പോകണേ' എന്നാണ് തുടര്‍ന്ന് കവി ഈദിനോടാവശ്യപ്പെടുന്നത്. പക്ഷേ, ദുഃഖം ഇരച്ചുകയറി കണ്ണീര്‍ പൊഴിച്ചുകൊണ്ടായിരുന്നു ഈദിന്റെ മറുപടി:
'ആരൊടെന്‍ സന്ദേശമിപ്പോളോതിടും ഞാന്‍! ആരു കേള്‍പ്പൂ?
ആരുവാന്‍ ബന്ധുക്കളിസ്‌ലാം
ധര്‍മവര്‍ത്തികളെങ്ങിരിപ്പൂ?'
ഇസ്‌ലാമിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യം ഏറ്റുപാടാന്‍ ഇന്ത്യയില്‍ വാനമ്പാടികളില്ലേ? വിഭജനാനന്തരം നട്ടെല്ലൊടിഞ്ഞുപോയ മുസ്‌ലിം ജീവിതത്തില്‍ എന്തൊക്കെയാണ് ഇനി ഓര്‍മിപ്പിക്കേണ്ടത് എന്ന് കവി നിരൂപിക്കുകയാവാം.
1908 മുതല്‍ 1972 വരെയായിരുന്നു കവി ടി. ഉബൈദിന്റെ ജീവിതകാലം. 1940-'50 കാലത്താണ് ദേശീയതയും ഇന്ത്യന്‍ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റവും വലിയ വിചിന്തനങ്ങള്‍ നടക്കുന്നത്. ദീര്‍ഘകാലം ബ്രിട്ടീഷുകാരോടും സവര്‍ണ ജന്മിമാരോടും പൊരുതിത്തകര്‍ന്ന കേരള മുസ്‌ലിംകളെ 1921-നു ശേഷം ദേശീയ പ്രസ്ഥാനവും കൈയൊഴിഞ്ഞു. സമുദായം അനാഥത്വവും അവഗണനയും പേറിക്കഴിയുന്ന 1940-കളിലാണ് ഈ കവിത രചിക്കപ്പെടുന്നത്. ഈ കാലത്തെ മുസ്്‌ലിംകളുടെ സാംസ്‌കാരിക അപചയമാണ് കവിയെ ഏറെ അസ്വസ്ഥനാക്കുന്നത്.
ഇക്കാലത്തെ മുസ്‌ലിം എഴുത്തുകാര്‍ സമുദായത്തെ 'അപരിഷ്‌കൃതത്വ'ത്തില്‍ നിന്ന് ആധുനികതയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാം. ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' പോലുള്ള കൃതികള്‍ ഉദാഹരണം. 'തീപിടിച്ച പള്ളി' എന്ന കവിതയില്‍ ഉബൈദ് ഈ അവസ്ഥകളെ ചിത്രീകരിക്കുന്നുണ്ട്.
'പള്ളിക്ക് തീ പിടിച്ചള്ളാ ഈ-ചെന്തീകെടുത്തുവാനാരുമില്ലേ?'
എന്നാണ് ചോദ്യം. സമുദായത്തിന്റെ എടുത്തുചാട്ടങ്ങളെയും അനാചാരങ്ങളെയും ഒരുപോലെ തല്ലിക്കെടുത്താന്‍ യോഗ്യനായ ഒരു നേതാവിനെയാണ് കവി ആഗ്രഹിക്കുന്നത്. സലഫീ ആഭിമുഖ്യമുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങളും മുസ്്‌ലിംകള്‍ക്കിടയില്‍ ശക്തിപ്രാപിച്ചു തുടങ്ങുന്ന കാലത്താണിത്. കാസര്‍കോട്ടുകാരനായ ഉബൈദ് സുന്നീ മഹല്ലിന്റെ കാര്യദര്‍ശിത്വം വഹിക്കുന്നതോടൊപ്പം സലഫീ വീക്ഷണം വെച്ചുപുലര്‍ത്തുകയും ചെയ്തിരുന്നു.
മലയാളത്തിന്റെ ആധുനിക കാവ്യ ഭാവുകത്വത്തിലേക്ക് ഇസ്്‌ലാമിന്റെ ചിഹ്നങ്ങള്‍ ആനയിച്ച കവി കൂടിയാണ് ഉബൈദ്. മറ്റൊരിടത്ത്, പാര്‍ശ്വവത്കരിക്കപ്പെട്ട മാപ്പിളപ്പാട്ടിനെ പൊതു കാവ്യധാരയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു അദ്ദേഹം. എന്‍.ബി.എസ് പുറത്തിറക്കിയ ഉബൈദിന്റെ കൃതികളുടെ എഡിറ്ററും അവതാരികകാരനുമായ പി.പി ശ്രീധരന്‍ രണ്ട് ഭാഗങ്ങളായിട്ടാണ് കവിതകളെ തിരിച്ചിരിക്കുന്നത്. ഒന്നാം ഭാഗം 'ഗൗരവപ്പെട്ട കാവ്യ രചനകള്‍' എന്ന അര്‍ഥത്തില്‍ കവിതകളും, രണ്ടാം ഭാഗം 'അത്ര തന്നെ ഗൗരവമില്ലാത്തവ' എന്ന അര്‍ഥത്തില്‍ മാപ്പിളപ്പാട്ടുകളുമാണ് ഈ കൃതിയില്‍ കൊടുത്തിരിക്കുന്നത്. ഈ വിഭജനം പോലും കേരളീയ കാവ്യമണ്ഡലത്തിലെ പൊതു ബോധത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍വഹിച്ചിരിക്കുന്നതെന്ന് പറയാനാവും.
ഭാഷാടിസ്ഥാനത്തിലുള്ള കേരള രൂപീകരണത്തോടെയാണ് കാസര്‍കോട് കേരളത്തിന്റെ ഭാഗമാവുന്നത്. 'വിട തരികമ്മേ കന്നട ധാത്രീ, കേരള ജനനി വിളിക്കുന്നൂ' എന്ന ഉബൈദിന്റെ അക്കാലത്തെ കവിത, കേരളത്തോടും മലയാളത്തോടുമുള്ള തന്റെ മമതയാണ് പ്രഖ്യാപിക്കുന്നത്. ഉത്കര്‍ഷേഛുവായ മുസ്‌ലിം, മുഖ്യധാരയില്‍ തന്നെയാണ് പരിലസിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പം. ഈദിന്റെ സന്ദേശം ആ അളവില്‍ ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ മുസല്‍മാന്‍ പ്രാപ്തി നേടിയിട്ടുണ്ടോ എന്നാണ് ഈദിന്റെ ഖേദത്തില്‍ അദ്ദേഹം ഉന്നയിക്കുന്നത്. ഭൂതകാലത്തില്‍ അഭിരമിക്കുകയല്ല വേണ്ടത്. പഴയ മാതൃകാ വ്യക്തിത്വങ്ങളെ വര്‍ത്തമാനകാലത്തിലേക്ക് പുനരാനയിക്കുകയാണ് വേണ്ടത്. ആരും ഇവരെയൊന്നും ഓര്‍ക്കുന്നില്ല എന്ന് ഈദ് ദുഃഖത്തോടെ പറയുന്നു.
'ആരു താന്‍ വന്ദ്യന്‍ ഖലീലിന്ത്യാഗവ്യത്തമോര്ത്തിടുന്നു
ആരഹോ ത്വാഹാ റസൂലിന്‍
ചേവടി തുടര്‍ന്നിടുന്നു
വീരസിദ്ദീഖിന്‍ വിശിഷ്ട
ഭക്തിയിന്നു കാണ്‍മതാരില്‍?
വിശ്രുതന്‍ ഫാറൂഖ് തന്‍ ഈ-
മാന്‍ ലസിപ്പതെങ്ങു പാരില്‍?'
എന്നാണ് ചോദ്യം. 'ഉസ്മാന്റെ ദാനാസക്തിയെവിടെ, അലിയുടെ ധീരതയെവിടെ' എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ സര്‍ഗാത്മകമായി വര്‍ത്തമാനകാലത്തെ നേരിടാന്‍ മുസ്‌ലിമിനെ സജ്ജമാക്കുകയാണ് കവി. നൂറ്റാണ്ടുകളുടെ അടിമജീവിതത്തിന്റെ കറുത്ത ചരിത്രത്തില്‍ നിന്ന് കുതറിയെഴുന്നേറ്റ ബിലാല്‍, ഇന്ത്യയെക്കൂടി അഭിമുഖീകരിക്കുന്നതായി നമുക്ക് വായിച്ചെടുക്കാം. അവര്‍ണരുടെ വിയര്‍പ്പും ചോരയുമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ഈ ആര്‍ഷസംസ്‌കൃതി എന്നും, ഇസ്്‌ലാമിന്റെ മാനവൈക്യം ഇന്ത്യക്ക് മാതൃകയാണ് എന്നുമായിരിക്കാം ബിലാലിനെപ്പറ്റിയുള്ള വരികളില്‍ ഉറങ്ങുന്നത്.
പുതിയ തലമുറയെ സജ്ജമാക്കുന്നതിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഉന്നം വൈജ്ഞാനിക നിര്‍മാണത്തിന്റേതാണെന്ന് കവിക്കറിയാമായിരുന്നു. ഇമാം ഗസ്സാലിയെയാണ് കവി മാതൃകയായി ഉയര്‍ത്തുന്നത്. അന്വേഷണങ്ങളുടെ നീണ്ട യാത്രാ പഥങ്ങളിലൊക്കെയും ഇസ്‌ലാമിന്റെ പാശം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
'എങ്ങുവാന്‍ ഗസ്സാലി താന്‍ ദീന്‍-പ്രേമമുറ്റ പണ്ഡിതന്മാര്‍?' എന്നാണ് ചോദ്യം.
'നിങ്ങളില്‍ ബാഹ്യങ്ങളാം ആ-
ചാരമേ്രത കാണ്‍മു ഞാനും
നിര്‍മല വിശ്വാസമില്ല
നാമമാത്രമാണ് ദീനും'
എന്ന വരികളില്‍ അക്കാലഘട്ടത്തിലെ അപചയപ്പെട്ട സമുദായ സ്ഥിതിയാണ് കാണിക്കുന്നത്. അക്കാലത്തെ മുസ്്‌ലിം എഴുത്തുകാര്‍ പൊതുവെ പുലര്‍ത്തിയിരുന്ന പരിഷ്‌കരണ മനസ്സാണ് ഉബൈദിലും പ്രത്യക്ഷമാവുന്നത്. മുമ്പു പറഞ്ഞ, സ്വഹാബികളുടെ ഗുണഗണങ്ങളെ തിരിച്ചെടുക്കണമെന്ന ആഹ്വാനവും അതിന്റെ ഭാഗമാണ്. യു.കെ അബൂസഹ്്‌ലയെപ്പോലുള്ളവരുടെ വരികള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. മുസ്്‌ലിം ജനസാമാന്യമപ്പാടെ അപരിഷ്‌കൃതിയിലാണെന്ന വായന ഒരു മിഷനറി വീക്ഷണം മട്ടില്‍ അക്കാലത്തെ എഴുത്തുകാരെ ഭരിച്ചിരുന്നതായി കാണാം. അപ്പോള്‍ ഈദിനു പോലും സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മുസ്്‌ലിംകള്‍ തരം താണിരിക്കുന്നു എന്ന വാദം അല്‍പം ഉപരിപ്ലവമാണെന്നുവരുന്നു. അനുഭവങ്ങളിലൂടെ നീന്തിക്കയറുന്ന ഒരു ജനവിഭാഗത്തെ ഭാഗികമായി വീക്ഷിക്കുന്നതിന്റെ പരിമിതി ആധുനികരിലുണ്ടെന്നത് പുതിയ കാലത്തെ വായനകളിലും അപനിര്‍മാണ പഠനങ്ങളിലും നാം മനസ്സിലാക്കിയെടുക്കുന്നുണ്ട്.
ബാഹ്യമായ ആചാരങ്ങളും നാമമാത്രമായ ദീനുമായി നിങ്ങളെന്താണ് നേടാന്‍ പോവുന്നത്? ഒരു മുസ്‌ലിമിന്റെ ആതിഥ്യം സ്വീകരിക്കണമെന്നു കരുതിയാണ് ഈദ് വന്നിരിക്കുന്നത്. പക്ഷേ, എവിടെ മുസ്്‌ലിം? ഒരു മുഅ്മിനിനെപ്പുല്‍കി ആഹ്ലാദിക്കാനാണ് ഈദ് കുതിച്ചെത്തിയത്. പക്ഷേ എവിടെ മുഅ്മിന്‍? തന്റെ യാത്ര നിഷ്ഫലമായതില്‍ ഈദിനു ഖേദമുണ്ട്. അല്ലാഹുവിന്റെ സന്നിധിയിലെത്തി ഈ വിഷാദത്തെക്കുറിച്ച് താന്‍ അറിയിക്കട്ടെ എന്നാണ് 'ഈദ്' മടങ്ങുമ്പോള്‍ വിലപിക്കുന്നത്. ഈദിന്റെ അര്‍ഥം തന്നെ മടക്കം എന്നാണല്ലോ. അല്ലാഹുവിലേക്കുള്ള മടക്കം. ഇവിടെയാണ് യഥാര്‍ഥത്തില്‍ ഈദ് അതിന്റെ അര്‍ഥം പോലും സാക്ഷാത്കരിക്കുന്നത്. തനിക്കു താങ്ങാനാവാത്ത ഭാരങ്ങള്‍, വിഷാദങ്ങള്‍, ഖേദങ്ങള്‍ എന്നിവയെല്ലാം അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ടു കുതിക്കണമെന്നു കൂടിയാവാം ഈദിന്റെ ഖേദിച്ചുള്ള മടക്കത്തിലൂടെ കവി ഉന്നയിക്കുന്നത്. പ്രകൃതി സന്തുഷ്ടയാണ്. പക്ഷേ, മനുഷ്യന്‍ അസ്വസ്ഥനാണ്. പ്രകൃതിയുടെ സന്തുഷ്ടി എത്തിപ്പിടിക്കാനുള്ള യാത്രയാണ് മനുഷ്യന്റെ ജീവിതം. ഓരോ ആഘോഷങ്ങളും അതവനെ ഓര്‍മിപ്പിക്കുന്നു. അപ്പോള്‍ ഓര്‍മകളിലേക്കുള്ള മടക്കമായി ഈദ് നിലകൊള്ളുന്നു എന്നു വേണം പറയാന്‍.
ബാല്യകാലത്താണ് ആഘോഷങ്ങള്‍ക്ക് പൊലിമയുള്ളത് എന്നത് കവികളെപ്പോലെ നമ്മെയും ഗൃഹാതുരപ്പെടുത്തുന്നുണ്ട്. വളര്‍ന്നു മുതിരുന്തോറും കാര്യങ്ങളൊക്കെ യാന്ത്രികമായിപ്പോകുന്നതിനാലാവാം അത്. ഉള്ളു തുറന്ന് ആഘോഷിക്കാനും ആഹ്ലാദത്തില്‍ സമ്പൂര്‍ണമായി പങ്കെടുക്കാനും പ്രായം ചെല്ലുന്തോറും തടസ്സങ്ങളുണ്ടാവുന്നു. മുതിര്‍ന്നവരാണല്ലോ പെരുന്നാളോര്‍മ എഴുതുക. അവര്‍ തങ്ങളുടെ ബാല്യത്തെ ഏറ്റവും മഹനീയമായ പെരുന്നാള്‍ക്കാലമായി ഓര്‍ത്തെടുക്കുന്നു. പുതിയ കാലം ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റതായി പരിതപിക്കുന്നു. ഇന്ന് ആഘോഷങ്ങളില്‍ സത്യസന്ധമായി നിര്‍വൃതി കൊള്ളുന്നവര്‍ കുട്ടികളായിരിക്കും. എന്നാല്‍ അവരും മുതിര്‍ന്നാല്‍ ഇന്നത്തെ അവരുടെ കുട്ടിക്കാലത്തെപ്പറ്റി എഴുതാന്‍ തുനിയും. ഗൃഹാതുരസ്മൃതികളുടെ മുദ്രണങ്ങള്‍ എന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരു കളിയാണ് എന്നര്‍ഥം. ഏത് ആഘോഷവേളയിലും നഷ്ടങ്ങളെപ്പറ്റി ഓര്‍ക്കുന്ന ഒരു കവി മനസ്സാണ് ഉബൈദിന്റെ കാലത്തിന്റെ പ്രത്യേകത. ഏതു ദുഃഖവും സന്തോഷമാക്കി മാറ്റുന്ന ഒരു ആന്തരിക ഘടന ഈദിനുണ്ട്. ആ ഘടന കണ്ടെത്താന്‍ കൂടി മടക്കത്തെപ്പറ്റിയുള്ള ഈ ചിന്തകള്‍ ഉപകരിക്കേണ്ടതുണ്ട്. ഈദിനെ മനസ്സറിഞ്ഞു സല്‍ക്കരിക്കാന്‍ കുട്ടികളെപ്പോലെ തുറന്ന മനസ്സുമായി ഒരുങ്ങിനില്‍ക്കുകയാണ് വഴി എന്ന് 'ഈദിന്റെ ഖേദം' നമ്മെ ഓര്‍മിപ്പിക്കുന്നു.
Comments