അഭയാര്‍ഥി പ്രതിസന്ധി പരിഹൃതമാവണമെങ്കില്‍
കടല്‍ക്കരയില്‍ കമഴ്ന്നു കിടക്കുന്ന സിറിയന്‍ ബാലന്‍ അയ്‌ലാന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതദേഹം ലോകത്തിന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു. ഹൃദയ ഭേദകമായ ആ കാഴ്ച ആര്‍ക്കും അവഗണിക്കാന്‍ സാധ്യമല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുതല്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ നേതാക്കന്മാര്‍ വരെ ഇതേ വിഷയത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കുകയുണ്ടായി. ബ്രിട്ടന്‍ അഭയാര്‍ഥികള്‍ക്കുള്ള ഫണ്ട് ഒറ്റയടിക്ക് 100 കോടി പൗണ്ടായി ഉയര്‍ത്തി. 20,000 സിറിയന്‍ അഭയാര്‍ഥികളെ ബ്രിട്ടനും 12,000 സിറിയന്‍/ഇറാഖി അഭയാര്‍ഥികളെ ആസ്‌ട്രേലിയയും സ്വീകരിക്കുമെന്നുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായി. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും കാര്യത്തില്‍ യൂറോപ്പിന് കുറച്ചു കൂടി വ്യക്തമായ ഒരു നയം വേണമെന്ന പൊതു അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു. യൂറോപ്പിലെ ക്രിസ്ത്യന്‍ ഇടവകകളോട് ഓരോ അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍നിന്നുതന്നെ ഇതിന് തുടക്കമിടുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ രണ്ട് ഇടവകകള്‍ ഉടന്‍ രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കുമെന്നും പ്രഖ്യാപിച്ചു.
തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്ഷപ്പെടുന്ന അഭയാര്‍ഥികളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ട് വന്നത്. കടല്‍ക്കരയില്‍ കമഴ്ന്നു കിടക്കുന്ന മൂന്നു വയസ്സുകാരന്‍ ബാലന്‍ സിറിയന്‍ കുര്‍ദിഷ് കുടുംബത്തിലെ അംഗമായിരുന്നു. സിറിയന്‍ യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷതേടി നാടുകടക്കുന്ന 23 പേരില്‍ ഒരംഗമായിരുന്നു ഈ ബാലന്‍. അവന്റെ വസ്ത്രങ്ങള്‍ ഇനി തുര്‍ക്കി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധിനിവേശവും യുദ്ധവും അതിന്റെ പ്രത്യാഘാതങ്ങളും അതിന്റെ ആഴത്തിലും പരപ്പിലുമറിയാന്‍ പ്രായമായിട്ടില്ലാത്ത പിഞ്ചുകുഞ്ഞ്. അതിന്റെ കാരണക്കാരന്‍ ആരായിരുന്നാലും അതിനെല്ലാം മുന്നേ മരണം അവനു വിധിയെഴുതി കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന കാലത്ത് ജീവിതം നിലനിര്‍ത്തുക എന്ന മിനിമം ആവശ്യത്തില്‍ ജീവനും കൊണ്ട് ഇറങ്ങിപ്പുറപ്പെട്ടവരാണ് അഭയാര്‍ഥികള്‍. യുദ്ധത്തില്‍ നിന്നോ കലാപത്തില്‍ നിന്നോ പുതിയ തുറസ്സുകള്‍ തേടി, തങ്ങളുടെ മക്കള്‍ക്ക് നല്ല ഭാവി നല്‍കണമെന്ന് ഉദ്ദേശിച്ചാണ് അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത്. അഭയാര്‍ഥികളാവുകയെന്നത് ആരും ഇഷ്ടപ്പെട്ട് സ്വീകരിക്കുന്ന പദവിയല്ല. ജീവിതത്തിന്റെ നിവൃത്തികേടുകള്‍ കൊണ്ടെത്തിക്കുന്ന ഇടമാണത്. അല്‍പം കൂടി ആശ്വാസം തേടി സ്വയം എടുത്തണിയുന്ന ദുരിതക്കുപ്പായം. കുടിയേറ്റം രക്ഷയും ശിക്ഷയും ഒളിഞ്ഞു കിടക്കുന്ന, യാതൊരു ഗാരന്റിയും ഇല്ലാത്ത ഒരു യാത്രയുടെ തുടക്കമാണ്. ഏതെങ്കിലും ഭരണകൂടങ്ങള്‍ ഒരുക്കിവെച്ച ഇടത്താവളം, ചിലപ്പോള്‍ തുറസ്സായ മൈതാനങ്ങള്‍, മറ്റുചിലപ്പോള്‍ ഇടുങ്ങിയ ഇടങ്ങള്‍.
ഇരുളിലേക്ക് എറിയപ്പെടുന്ന അഭയാര്‍ഥികളുടെ എണ്ണം ദിനേനയെന്നോണം വര്‍ധിച്ചു വരുന്നു. മ്യാന്മാറിലെ റോഹിങ്ക്യകള്‍, ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍, ഏരിത്രിയയിലെയും എത്യോപ്യയിലെയും ന്യൂനപക്ഷങ്ങള്‍, ഇറാഖിലെയും സിറിയയിലെയും അറബികള്‍, യസീദികള്‍, ഇറാനിലെ പാര്‍സികള്‍, തുര്‍ക്കിയിലെ കുര്‍ദുകള്‍... എന്നാല്‍ നാട്ടില്‍ നിന്നും പുറപ്പെട്ട ശേഷം കുടിയേറ്റത്തിനിടയില്‍ മുങ്ങിമരിക്കുന്നവര്‍, കടലില്‍ എറിയപ്പെടാന്‍ വിധിക്കപ്പെട്ടവര്‍, വെയിലില്‍ ഉരുകി ജീവിതം ഹോമിക്കപ്പെടുന്നവര്‍, മരുഭൂപ്രദേശങ്ങളില്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍, മറ്റു വഴികളില്ലാതെ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെട്ടവര്‍.. അഭയാര്‍ഥികളുടെ പട്ടിക അവസാനിക്കുന്നില്ല.
10 ദശലക്ഷം അഭയാര്‍ഥികളെയാണ് യുഎന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സംരക്ഷിക്കുന്നത്. നാലര ദശലക്ഷത്തോളം പേരെ ജോര്‍ദാനിലും, ലബനാനിലും സിറിയയിലും ഫലസ്ത്വീന്റെ വിവിധ പ്രദേശങ്ങളിലും ഫലസ്ത്വീനികളുള്‍പ്പെടെയുള്ള അഭയാര്‍ഥികളെ ഫലസ്ത്വീനിലുമാണ് പാര്‍പ്പിച്ചിട്ടുള്ളത്. അധിനിവേശാനന്തര ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളാവുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇറാഖും സിറിയയും മാത്രമല്ല ദേശാന്തരഗാമികളുടെ സംഖ്യയില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. യു.എന്‍ മനുഷ്യാവകാശ കണക്കുകള്‍ പ്രകാരം ആഫ്രിക്കന്‍ നാടുകളില്‍നിന്നും ഏഷ്യന്‍ നാടുകളില്‍നിന്നും സമാനമായ കുടിയേറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കുടിയേറ്റക്കാരെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നിലവിലുള്ള നിയമം 1951 മുതല്‍ നിലനില്‍ക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് 43 ദശലക്ഷം ആളുകള്‍ വിവിധ കാരണങ്ങളാല്‍ കുടിയേറ്റത്തിന് കാത്തുകിടക്കുന്നു. അതില്‍ 15 ദശലക്ഷം പേര്‍ ഇപ്പോള്‍ അഭയാര്‍ഥികളായി കഴിയുന്നു. 27 ദശലക്ഷം പേര്‍ തങ്ങളുടെ രാജ്യത്ത് തന്നെ രാജ്യം ഉപേക്ഷിക്കാന്‍ കാരണമായ വ്യത്യസ്ത പ്രശ്‌നങ്ങള്‍ പേറി ജീവിക്കുന്നു.
യൂറോപ്പ് ലക്ഷ്യം വെക്കുന്ന അഭയാര്‍ഥികള്‍
സിറിയന്‍-ഇറാഖ് അതിര്‍ത്തി പ്രദേശമാണ് തുര്‍ക്കി. യൂറോപ്പിന്റെ ഏതാനും ഭാഗങ്ങളില്‍ തുര്‍ക്കിയും ഉള്‍പ്പെടുന്നുവെന്നതിനാലാകാം തുര്‍ക്കി ലക്ഷ്യമാക്കി കുടിയേറ്റക്കാര്‍ പോകുന്നത്. നാറ്റോ അംഗീകരിച്ച രാജ്യമായതിനാല്‍ മനുഷ്യാവകാശ വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ ഇടപെടലും തുര്‍ക്കിക്കുണ്ട്. തുര്‍ക്കിയില്‍ മാത്രം ഇപ്പോള്‍ പത്ത് ലക്ഷത്തോളം അഭയാര്‍ഥികള്‍ വസിക്കുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 44000 കുടിയേറ്റക്കാരെ കഴിഞ്ഞ ഏതാനും മാസങ്ങളായി കടലില്‍നിന്ന് തുര്‍ക്കിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു.
ജര്‍മനിയും ഹംഗറിയും തമ്മില്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ നീണ്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇറാഖ്, സിറിയ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, തുടങ്ങിയിടങ്ങളില്‍നിന്നാണ് അവിടെയെത്തുന്ന കുടിയേറ്റക്കാരധികവും. ജര്‍മനിയിലേക്കുള്ള വഴിയിലാണ് ഹംഗറിയില്‍ എത്തിപ്പെടുന്നത്. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായി ആസ്ട്രിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തിപ്പെടുന്നവരും, വിയന്നയിലേക്കുള്ള വഴിയില്‍ ഹംഗറിയില്‍ എത്തുന്നവരുമുണ്ട്. ആരെയും സ്വീകരിക്കാന്‍ പക്ഷെ ഹംഗറി ഭരണകൂടം തയ്യാറല്ല എന്ന് അവര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ജര്‍മനി ലക്ഷ്യമാക്കി വന്നവര്‍ ജര്‍മനിയിലേക്ക് പോകണം എന്നതാണു അവരുടെ നിലപാട്. സ്വന്തം സാംസ്‌കാരിക തനിമയെ മറ്റുള്ളവര്‍ കളങ്കപ്പെടുത്തുമെന്ന ആശങ്കയാണവര്‍ക്ക്.
യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി യൂറോപ്യന്‍ യൂണിയന്‍ കണക്കുകള്‍ നിരത്തുന്നു. ജര്‍മനി ഈ വര്‍ഷം എട്ടു ലക്ഷം കുടിയേറ്റക്കാരെ തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലിരട്ടിയാണിത്. ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ 32,000 കുടിയേറ്റക്കാര്‍ ഈയിടെ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ലോവാക്യ, പോളണ്ട്, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരും ഈ വര്‍ഷം വര്‍ധിച്ചിരിക്കുന്നു. ബാള്‍ട്ടിക് മേഖലയിലെ ഏഴു രാജ്യങ്ങള്‍ മൊത്തം 30,000 അഭയാര്‍ഥികളെ സ്വീകരിക്കേണ്ടിവരുമെന്നാണ് പുതിയ കണക്കുകള്‍. വാഴ്‌സാ, പ്രാഗ്, ബുഡാപെസ്റ്റ് പോലുള്ള രാജ്യാന്തര നഗരങ്ങളില്‍ ഇവരെ താമസിപ്പിക്കുന്നത് പ്രയാസമാകില്ലെന്നാണ് യൂറോപ്യന്‍ യൂനിയന്റെ വിലയിരുത്തല്‍. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തുല്യമായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വീതിക്കണമെന്ന വാദവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നു. ജര്‍മനിയാണ് ഇപ്പോള്‍ ഈ വാദം ഉന്നയിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളും എതിരഭിപ്രായവും ഉയര്‍ത്തിയിട്ടുണ്ട്.
സിറിയന്‍ സംഭവങ്ങള്‍ മാത്രം ഏതാണ്ട് നാല് മില്യന്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുകയുണ്ടായി. ഇതിന്റെ മൂന്നിരട്ടിയോളം വരും ഇറാഖ് യുദ്ധത്തിലൂടെ അഭയാര്‍ഥികളായവര്‍. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 20 ലക്ഷമാളുകള്‍ ഇറാഖി കുര്‍ദിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. സംഖ്യകള്‍ ഇനിയും ഉയരുകയല്ലാതെ കുറയുന്നില്ല. യമനില്‍ ജീവിക്കുന്ന 80 ശതമാനം ആളുകളും അത്യാവശ്യ സഹായം ആവശ്യമുള്ളവരാണ്. അഫ്ഗാനിസ്താനില്‍ നിന്നും സോമാലിയയില്‍ നിന്നും ഇപ്പോഴും കുടിയേറ്റം നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
അഭയം നഷ്ടപ്പെടുന്ന അഭയാര്‍ഥികള്‍
'ഇതിലും ഭേദം ഞങ്ങളുടെ നാട്ടിലെ ജയിലാണ്' എന്ന് ഒരു കുര്‍ദിഷ് യുവതി ബള്‍ഗേറിയയില്‍ നിന്ന് കുര്‍ദിസ്താന്‍ ടിവി സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ബള്‍ഗേറിയയില്‍ നൂറുകണക്കിന് കുര്‍ദുകളായ കുടിയേറ്റക്കാരെ വിദൂര ദിക്കിലുള്ള താല്‍കാലിക അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത് ഒരാഴ്ച മുമ്പാണ്. ആയിരക്കണക്കിനു ആളുകള്‍ പാര്‍ക്കാന്‍ ഇടം ലഭിക്കാതെ, രാജ്യത്തിനകത്തേക്ക് പോലും പ്രവേശനാനുമതിയില്ലാതെ, പുറം ലോകം കാണാന്‍ കഴിയാതെ ഭരണകൂട ഭീകരതയ്ക്ക് കീഴില്‍ ഞെരിഞ്ഞമരുന്നു. അവരെ പിന്നീട് കുറ്റവാളികളായി നാടുകടത്തുന്നു.
ഐസിസ് കാപാലികരെ ഭയന്ന് സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇറാഖി കുര്‍ദിസ്താനിലെ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീകള്‍ ബലാല്‍സംഗത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുവെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് അധികം നാളായിട്ടില്ല. പതിമൂന്നു ക്യാമ്പുകളിലായി ഇരുപതു ലക്ഷത്തോളം അഭയാര്‍ഥികള്‍ വസിക്കുന്ന ഈ ക്യാമ്പുകളില്‍, ഏതാണ്ട് നാല്‍പത്തിയഞ്ച് ശതമാനത്തോളം സ്ത്രീകളാണ്. നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍, യു.എന്‍ മനുഷ്യാവകാശ സംഘടന, അവരുടെ വനിതാ അന്വേഷണ വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ബലാല്‍സംഗങ്ങളുടെയും സ്ത്രീ പീഡനങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇറാഖിലെ അഭയാര്‍ഥികള്‍ നരകയാതന അനുഭവിക്കുന്നുവെന്നും, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടെന്നും, പതിനാറിനും അതിനു മുകളിലും പ്രായമുള്ള പെണ്‍കുട്ടികളെ മനുഷ്യ കടത്ത് സംഘങ്ങള്‍ക്ക് കൈമാറുന്നുണ്ടെന്നുമുള്ള വിവരങ്ങളാണ് (പഠനത്തിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്നു) പുറത്ത് വന്നിട്ടുള്ളത്.
അഭയാര്‍ഥി പ്രതിസന്ധിക്കുള്ള പരിഹാരം
'നിങ്ങളുടെ ഒരു ദ്വീപ് എനിക്ക് തരൂ, ലോകത്തുള്ള എല്ലാ അഭയാര്‍ഥികളെയും ഞാന്‍ സ്വീകരിച്ചുകൊള്ളാം, അവര്‍ക്ക് തൊഴിലും ജീവിതവും ഞാന്‍ പകരമായി നല്‍കാം.' ഒരു ഈജിപ്ഷ്യന്‍ വ്യവസായി കുറച്ചു മുമ്പ് ലോകത്തോട് വിളിച്ചു പറയുകയുണ്ടായി. അന്ന് ഇതാരും ചെവിക്കൊണ്ടില്ല. അഭയാര്‍ഥികളാകുന്നവരില്‍ 40 ശതമാനത്തോളമെങ്കിലും യുവാക്കളും പത്ത് ശതമാനത്തോളമെങ്കിലും യുവതികളുമാണ്. യുവതി-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയാല്‍ ഏതൊരു രാജ്യത്തിന്റെയും ക്രിയാത്മകമായ പുരോഗതിക്കു വേണ്ടി അവരെ ഉപയോഗപ്പെടുത്താം. വെറും 15 ശതമാനം മാത്രമാണ് കുട്ടികളും വയോജനങ്ങളുമുണ്ടാകാറുള്ളത്. ബാക്കിയുള്ളവരെല്ലാം ജീവിക്കാന്‍ ഒരു തൊഴിലും സ്വസ്ഥമായി താമസിക്കാന്‍ ഒരിടവും കിട്ടിയാല്‍ അത് വഴി ജീവിതം സന്തോഷപ്രദമാക്കാമെന്ന് കരുതുന്നവരാണ്. ഈ മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ ഓരോ രാജ്യത്തെയും മുഴുവന്‍ അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും അതതു രാജ്യങ്ങള്‍ക്ക് പരിഹരിക്കാവുന്നതാണ്.
അഭയാര്‍ഥികളായി എത്തുന്നവരെ യു.എന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘങ്ങളും വിവിധ ഭരണകൂടങ്ങളും ജയില്‍പുള്ളികളെ പോലെ രാജ്യത്തിന്റെ ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ വലിയ കൂടാരങ്ങള്‍ ഒരുക്കി പാര്‍പ്പിക്കുകയാണ് പതിവ്. അവര്‍ക്ക് ഭക്ഷണവും വെളളവുമെല്ലം ഇറക്കുമതി ചെയ്ത് കാലങ്ങളോളം അവിടെ അടച്ചിടുന്നത് കൂടുതല്‍ കുറ്റവാളികളെ ഉണ്ടാക്കാനേ സഹായിക്കൂ.
അഭയാര്‍ഥികളോട് അനുകമ്പയോ ദയാവായ്‌പോ അധിക ഭരണകൂടങ്ങള്‍ക്കുമില്ല. അല്‍പം ത്യാഗ സന്നദ്ധത കാണിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് കാലങ്ങളായി അപരിഹൃതമായി നീണ്ടു പോകുന്നത്. ഒരു രാജ്യത്ത് എത്തിപ്പെടുന്ന ഊര്‍ജ്ജസ്വലരായ ആളുകള്‍ക്ക് പൗരത്വം നല്കി രാജ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഈ രീതിയിലുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് ഇനിയുള്ള കാലം ഉണ്ടാവേണ്ടത്.
അഭയാര്‍ഥികളെ ജാതി തിരിച്ച് സ്വീകരിച്ചാല്‍
'മുസ്‌ലിംകളെ ഞങ്ങള്‍ക്ക് വേണ്ട, ക്രിസ്ത്യാനികളെ മാത്രമേ ഇവിടേക്ക് അയക്കേണ്ടതുള്ളൂ' എന്ന് പരസ്യമായി സ്ലോവാക്യന്‍ ഭരണകൂടം യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിച്ചിരിക്കുന്നു. എന്നാല്‍ അഭയാര്‍ഥികളുടെ ജാതിയും മതവും വര്‍ണവും നോക്കി മാത്രമേ അവരെ സ്വീകരിക്കുകയുള്ളൂ എന്ന് പച്ചയായി പറഞ്ഞിട്ടും ലോക മാധ്യമങ്ങളൊന്നും അത് വലിയ പ്രശ്‌നമാക്കി എടുക്കുകയുണ്ടായില്ല. അത് ഏതെങ്കിലും മുസ്‌ലിം രാഷ്ട്ര നേതാക്കളാണ് പറഞ്ഞിരുന്നതെങ്കില്‍ ലോക മാധ്യമങ്ങളുടെ എഡിറ്റ് പേജുകള്‍ ഈ വിഷയത്തിലുള്ള കുറിപ്പുകള്‍ കൊണ്ട് നിറഞ്ഞു കവിയുമായിരുന്നു.
(കുര്‍ദിസ്ഥാനിലെ എര്‍ബിലില്‍ ജോലി ചെയ്യുകയാണ് ലേഖകന്‍)
Comments