Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

ചരിത്രത്തിലെ ഹജ്ജ് ഓര്‍മിപ്പിക്കുന്നത്

         ''ലോകത്തെ മുഴുവന്‍ മുസ്‌ലിം ഭരണകൂടങ്ങളും അര്‍ഥരഹിതമായിക്കഴിഞ്ഞിരിക്കുന്നു. കാരണം ആ ഭരണകൂടങ്ങള്‍ അന്നാടുകളിലെ ജനങ്ങളുടെ മനസ്സാക്ഷിയുമായും ഹൃദയവികാരങ്ങളുമായും യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഇസ്‌ലാമിലേക്ക് തിരിച്ചുപോകണമെന്നാണ് ആഗ്രഹം. ഭരണാധികാരികളാവട്ടെ അവരെ ബലം പ്രയോഗിച്ച് പാശ്ചാത്യ സംസ്‌കാരത്തിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമെന്താണെന്ന് ചോദിച്ചാല്‍, ഒരിടത്തും മുസ്‌ലിം സമൂഹങ്ങളുടെ മനസ്സ് അവരുടെ ഭരണാധികാരികള്‍ക്കൊപ്പമല്ല. എവിടെയും ഭരണകൂടങ്ങള്‍ ശക്തിപ്പെടണമെങ്കില്‍ ഭരണാധികാരികളുടെ കരങ്ങളും ജനസഞ്ചയങ്ങളുടെ മനസ്സും ഐക്യപ്പെട്ട് നില്‍ക്കണം. അപ്പോഴേ സര്‍വതലങ്ങളിലുമുള്ള പുരോഗതിയിലേക്ക് നാടുകള്‍ക്ക് ചരിക്കാനാവൂ. എന്നാല്‍, എവിടെ 'കരങ്ങളും' 'മനസ്സും' തമ്മില്‍ യുദ്ധത്തിലാണോ, അവിടെ മുഴുവന്‍ കഴിവുകളും വിഭവശേഷികളും പരസ്പര പോരിനായി പാഴാക്കിക്കളയുകയാണ് ചെയ്യുക. വികസന പാതയില്‍ ഒരടിപോലും അവര്‍ക്ക് മുന്നോട്ട് വെക്കാന്‍ കഴിയില്ല. ഈ അവസ്ഥയുടെ സ്വാഭാവിക ഫലമായിട്ട് വേണം, മുസ്‌ലിം നാടുകളില്‍ പിടിമുറുക്കിയ സ്വേഛാധിപത്യങ്ങളെ കാണാന്‍. കൊളോണിയല്‍ ശക്തികള്‍ മുസ്‌ലിം നാടുകളില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ അവര്‍ അവിടങ്ങളിലെ ഭരണാധികാരം ഏല്‍പിച്ചു കൊടുത്തത് എല്ലാ അര്‍ഥത്തിലും പാശ്ചാത്യവത്കരിക്കപ്പെട്ട് കഴിഞ്ഞ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനായിരുന്നു. ഏതു തരം ഭരണകൂടമാണ് വേണ്ടതെന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് വോട്ടിംഗ് വഴി അനുവാദം കൊടുത്താല്‍, തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും ഹൃദയ വികാരങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവരെ മാത്രമേ അവര്‍ തെരഞ്ഞെടുക്കൂ എന്ന് ഈ പാശ്ചാത്യവത്കൃത ന്യൂനപക്ഷത്തിന് ഉറപ്പുണ്ടായിരുന്നു. അതിനാല്‍ ഒരിടത്തും ജനാധിപത്യം പുലരാന്‍ അവര്‍ സമ്മതിക്കില്ല. അവര്‍ ഉണ്ടാക്കുന്നതൊക്കെ സ്വേഛാധിപത്യ ഭരണകൂടങ്ങളായിരിക്കും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി, ആ ഭരണകൂടത്തെ ഏകാധിപത്യം എന്നല്ല, ജനാധിപത്യം എന്നാണ് അവര്‍ വിളിക്കുക എന്നു മാത്രം.''

എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗലാനാ മൗദൂദി കുറിച്ചിട്ട വാക്കുകളാണിത് (തഫ്ഹീമാത്ത്, മൂന്നാം ഭാഗം പേജ് 357,358). മുസ്‌ലിം ലോകം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്ന പ്രവചന സ്വഭാവമുള്ള വാക്കുകള്‍. അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും നിഷേധിക്കപ്പെടുന്നു എന്നതാണ് മുസ്‌ലിം ലോകം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്‌നം. ഭരണകൂട ഭീകരതകളും ഐ.എസ് തേര്‍വാഴ്ചകളും ആഭ്യന്തര കലാപങ്ങളും ജന്മനാട്ടില്‍ നിന്ന് പിഴുതു മാറ്റപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടപ്പലായനങ്ങളുമെല്ലാം ഈ മാരക രോഗത്തിന്റെ ചില അടയാളങ്ങള്‍ മാത്രം.

യമന്റെ കാര്യമെടുക്കാം. അല്‍പമൊക്കെ ജനാധിപത്യ സംവിധാനങ്ങള്‍ നിലനിന്ന രാജ്യമായിരുന്നു അത്. അതിനനുസരിച്ച് കുറെയൊക്കെ പുരോഗതി നേടാന്‍ അതിന് സാധിക്കുകയും ചെയ്തു. അപ്പോഴും തെക്കന്‍ യമന്‍ നിവാസികള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന പരാതിയുണ്ടായിരുന്നു. അത് ആഭ്യന്തര കലാപത്തിലും രാഷ്ട്ര വിഭജനത്തിലും വരെ എത്തി. ഹൂഥി വിഭാഗത്തിനും തങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നായിരുന്നു പരാതി.  സാങ്കേതികമായി ഇവര്‍ ശീഈ വിഭാഗമാണെങ്കിലും, വിശ്വാസ-കര്‍മങ്ങളിലും അനുഷ്ഠാന രീതികളിലും അവര്‍ക്ക് അഹ്‌ലുസ്സുന്നയുമായായിരുന്നു കൂടുതല്‍ അടുപ്പം. ഹൂഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അവരെ അടിച്ചമര്‍ത്തുന്ന നയമാണ് ഭരണാധികാരികള്‍ സ്വീകരിച്ചത്. ഇറാനുമായി അകലം പാലിച്ചിരുന്ന ഹൂഥികള്‍ ഗത്യന്തരമില്ലാതെ അവരുടെ സഹായം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. അങ്ങനെയാണത് 'സുന്നി-ശീഈ' പ്രശ്‌നമായി വഷളാവുന്നത്. ഇന്ന് ആ രാഷ്ട്രത്തിന്റെ അവസ്ഥയെന്താണ്? അടിസ്ഥാന സംവിധാനങ്ങളൊക്കെയും മാസങ്ങളായി തുടരുന്ന കനത്ത ബോംബേറില്‍ തകര്‍ന്നിരിക്കുന്നു. തിരിച്ചു വരവ് സാധ്യമാവാത്ത വിധം ആ നാട് ശിഥിലമായിക്കഴിഞ്ഞു. ഇങ്ങനെ അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യമോ ഇല്ലാത്തതാണ് മുസ്‌ലിം നാടുകളുടെ ശിഥിലീകരണത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ന് കണ്ടെത്താന്‍ കഴിയും.

അസ്വാതന്ത്ര്യവും അസഹിഷ്ണുതയും സൃഷ്ടിച്ചുവിട്ട ആഭ്യന്തര യുദ്ധങ്ങളുടെയും കൂട്ടപ്പലായനങ്ങളുടെയും പെരുമഴക്കാലത്തിലേക്കാണ് ഒരു ബലിപെരുന്നാള്‍ കൂടി വിരുന്നെത്തുന്നത്. അയ്‌ലാന്‍ കുര്‍ദി എന്ന മൂന്ന് വയസ്സുകാരന്റെ മൃതദേഹം കടല്‍ത്തീരത്ത് മുഖം കുത്തി കിടക്കുന്ന ചിത്രം മനസ്സില്‍ നീറിപ്പിടിക്കുന്ന ഒരു സമൂഹത്തിന് എങ്ങനെയാണ് ആഹ്ലാദിക്കാനാവുക? അയ്‌ലാന്‍ കുര്‍ദിയില്‍ മുസ്‌ലിം സമൂഹം കാണുന്നത്, കാണേണ്ടത് തങ്ങള്‍ എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ നേര്‍ ചിത്രമാണ്.

ഈ ദുസ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ ഹജ്ജ് എന്ന  ആഗോള മുസ്‌ലിം സമ്മേളനത്തിന് കഴിയുമോ? ചരിത്രമറിയാത്തവര്‍ക്ക് വിചിത്രമായിത്തോന്നാം ഈ ചോദ്യം. സച്ചരിതരായ നാല് ഖലീഫമാരും അവരുടെ കാലത്തെ വിശ്വാസി സമൂഹവും ഹജ്ജ് കാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. വിശ്വാസി സമൂഹത്തിന് തങ്ങളുടെ പരാതികള്‍ ഭരണാധികാരിയുടെ മുമ്പില്‍ സമര്‍പ്പിക്കാനുള്ള അവസരം കൂടിയായിരുന്നു അത്. താന്‍ നിശ്ചയിച്ച ഗവര്‍ണര്‍ അനീതി ചെയ്തു എന്ന് ആരെങ്കിലും പരാതിപ്പെട്ടാല്‍ അദ്ദേഹത്തിനെതിരെ ഖലീഫ നടപടിയെടുത്തിരിക്കും. പൊതു പ്രശ്‌നങ്ങളും മുസ്‌ലിം സമൂഹത്തിന്റെ ഭാവിയുമൊക്കെ ആ മഹാ സമ്മേളനത്തില്‍ ചര്‍ച്ചയാവുമായിരുന്നു. പില്‍ക്കാലത്ത് രാഷ്ട്രീയ ഘടന രാജഭരണത്തിന് വഴിമാറിയെങ്കിലും ഈ കൂടിയാലോചനയും അന്വേഷണവും തുടര്‍ന്നു വന്നിരുന്നു. ഇന്ന് അങ്ങനെയെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? മുസ്‌ലിം പ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുന്ന എത്ര നേതാക്കളെയും ഭരണാധികാരികളെയും തൊട്ടു കാണിക്കാന്‍ കഴിയും? അഹ്മദ് ജാവേദ് എന്ന എഴുത്തുകാരന്റെ വാക്കുകള്‍ കടമെടുക്കട്ടെ: ''അയ്‌ലാന്‍, എന്റെ കുഞ്ഞു മോനേ! ഞങ്ങള്‍ നിന്നെയോര്‍ത്ത് എന്തിന് കരയുന്നു? ഞങ്ങളുടെ കണ്ണുനീര്‍ പോലും പരിശുദ്ധമല്ലല്ലോ.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍