സഅ്‌യ് പരിശ്രമത്തിന്റെ ഉറവ വറ്റാത്ത രൂപകം
ഹജ്ജിലെയും ഉംറയിലെയും പ്രധാനമായൊരു ചടങ്ങാണ് സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ ഓട്ടം. ഏതനുഷ്ഠാനത്തിലെയും കര്‍മങ്ങളെപ്പോലെ ഇതും പ്രതീക പ്രധാനമാണ്. ഒരുമ്മയുടെ, മകനുവേണ്ടിയുള്ള പരിശ്രമത്തെയാണ് അല്ലാഹു ഹജ്ജിനകത്തേക്ക് ചേര്‍ത്തുവെച്ചത്. ഹജ്ജ് ഒരു വലിയ പ്രാര്‍ഥനയാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന. നിരവധി കര്‍മരൂപങ്ങളുള്ള പ്രാര്‍ഥന. ഒന്നിലധികം സ്ഥലരാശികളിലേക്ക് സഞ്ചരിച്ചുകൊണ്ടുള്ള പ്രാര്‍ഥന. ലക്ഷോപലക്ഷം ഒരുമിച്ചു നടത്തുന്ന പ്രാര്‍ഥന. ഏതാരാധനയും പ്രാര്‍ഥനയാണ്. ആരാധനയുടെ ഏറ്റവും സുപ്രധാനമായ രണ്ടു ഭാവങ്ങള്‍ അനുസരണത്തിന്റെയും പ്രാര്‍ഥനയുടേതുമാണ്. ആ മഹാ പ്രാര്‍ഥനക്കകത്ത് അല്ലാഹു പരിശ്രമത്തിന്റെ ഒരു ഉജ്ജ്വല പ്രതീകത്തെ ചേര്‍ത്തുവെച്ചിരിക്കുകയാണ്. കഅ്ബ ത്വവാഫ് ചെയ്യുന്നതോടൊപ്പം നാം സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടുകയും ചെയ്യണം. പ്രവൃത്തി പ്രാര്‍ഥനക്ക് എതിരല്ലെന്ന് ഹജ്ജും ഉംറയും ഓര്‍മപ്പെടുത്തുകയാണ്. പരിശ്രമമില്ലാത്ത പ്രാര്‍ഥനകള്‍ വെറും വാചോടാപങ്ങളാണ്.
പ്രാര്‍ഥിക്കുന്നവന്റെ ആത്മാര്‍ഥത തെളിയിക്കപ്പെടുന്നത് പ്രാര്‍ഥനയുടെ കണ്ണുനീരിന്റെ നനവുകൊണ്ടുമാത്രമല്ല, പ്രാര്‍ഥനക്ക് പുറത്തെ പരിശ്രമത്തിനുള്ള സന്നദ്ധത കൊണ്ടുകൂടിയാണ്. നിങ്ങള്‍ അല്ലാഹുവിനോട് പറയുന്നതില്‍ നിങ്ങള്‍ ആത്മാര്‍ഥമായും അഗാധമായും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് പുലരാന്‍ വേണ്ടി പരിശ്രമിക്കണം. അതുകൊണ്ട് സംസം ഒരു ദിവ്യാത്ഭുതം മാത്രമല്ല പരിശ്രമത്തിനു ലഭിച്ച സമ്മാനം കൂടിയാണ്. അധ്വാനത്തിനു മുന്നില്‍ നേരത്തേ അറിയാത്ത വാതിലുകള്‍ തുറക്കപ്പെടും എന്ന പാഠമാണ്. ഒരു പെണ്ണിന്റെ മകനുവേണ്ടിയുള്ള, മകന്റെ ജീവ ജലത്തിനു വേണ്ടിയുള്ള മരണപ്പാച്ചിലിനെ അല്ലാഹു അലൗകിക മാനങ്ങളുള്ള ഒരു ആരാധനയുടെ അവയവമാക്കുകയാണ്. നിഷ്‌ക്രിയത്വത്തിലാണ് ആത്മീയത, പരിശ്രമം ഭൗതികമാണ് എന്ന യാഥാസ്ഥിക മത ധാരണയെ ഇസ്‌ലാം ആരാധന കൊണ്ടു തന്നെ തിരുത്തുകയാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും മെലിഞ്ഞ ഒട്ടകങ്ങളില്‍, കടലിനു കുറുകെ പറക്കുന്ന വിമാനങ്ങളില്‍, പഴയതും പുതിയതുമായ പലതരം വാഹനങ്ങളില്‍, കാല്‍നടയായി മഹാ ദൂരങ്ങള്‍ താണ്ടിയെത്തുന്ന ഹാജിക്ക് പരിശ്രമത്തിന്റെ ഈ ഹജ്ജ് ഭാഷ നന്നായി മനസ്സിലാവും. നിഷ്‌ക്രിയത്വമല്ല ആത്മീയതയെന്ന് ഹജ്ജ് പല രീതിയില്‍ അവരെ പഠിപ്പിക്കുന്നു. വട്ടത്തില്‍ ഓടിയും നീളത്തില്‍ ഓടിയും നിന്നും നടന്നും കല്ലെറിഞ്ഞും ബലിയറുത്തും മുടി മുറിച്ചും രാപ്പാര്‍ത്തും അങ്ങനെ കര്‍മങ്ങളുടെ ഒരു ശൃംഖലയാണ് ഹജ്ജ്.
ഇസ്‌ലാമിലെ വിധി വിശ്വാസം നിഷ്‌ക്രിയത്വത്തിനുള്ള ആശയാടിത്തറയാണ് എന്ന് ആരോപിക്കാറുണ്ട്. എന്നാല്‍ ഖുര്‍ആന്‍ വിധിയെ തിരിച്ചിടുകയാണ് ചെയ്യുന്നത്. ഖുര്‍ആനില്‍ കര്‍മപ്രേരണയാണ് വിധിവിശ്വാസം. കര്‍മത്തിനുള്ള കാരണമാണത്. സാഹസികമായ പ്രവൃത്തികളെ തടഞ്ഞുനിര്‍ത്തുന്ന ഭയപ്പാടുകളെ തകര്‍ത്തെറിയുന്ന ആശയമാണ് ഖുര്‍ആനിലെ വിധിവിശ്വാസം. ഖുര്‍ആന്‍ മനുഷ്യനോട് ആവശ്യപ്പെടുന്ന ഏറ്റവും ഭീതിപ്പെടുത്തുന്ന കര്‍മം യുദ്ധമാണ്. അത് കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കര്‍മഭൂമിയാണ്. മര്‍ദനത്തിനും ചൂഷണത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ ഈ രംഗവേദിയെ വിശ്വാസികള്‍ പോലും ഭയപ്പെടുന്നത് മരണ ഭീതി കാരണമാണ്. എന്നാല്‍ ഖുര്‍ആന്‍ വിധിവിശ്വാസംകൊണ്ട് ഈ ഭീതിയെ ചികിത്സിക്കുകയാണ്. ആരുടെ മരണവും ദൈവത്തിന്റെ കൈകളിലാണ്. അവന്‍ അതിന് കണക്കും നാഴികയും നിശ്ചയിച്ചുവെച്ചിട്ടുണ്ട്. നിങ്ങള്‍ യുദ്ധത്തിനു പോയാലും ഇല്ലെങ്കിലും സമയമെത്തുമ്പോള്‍ അതു വന്നു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും; മരണഭീതി കാരണം നിങ്ങള്‍ അടച്ചുറപ്പുള്ള കോട്ടകളില്‍ അഭയം പ്രാപിച്ചാലും. പിന്നെന്തിന് സാഹസികമായ കര്‍മങ്ങള്‍ ഏറ്റെടുക്കാതിരിക്കണം! അകര്‍മണ്യതക്ക് ഏറ്റവും കാരണമാകുന്നു എന്നാരോപിക്കപ്പെടുന്ന വിധിവിശ്വാസം വരെ ഖുര്‍ആനില്‍ കര്‍മപ്രേരണയുടെ കാരണമാണ്. വിശ്വാസി മരണത്തെക്കുറിച്ച ആലോചനകള്‍ അല്ലാഹുവിനെയേല്‍പ്പിച്ച് സത്യത്തിന്റെ അതിജീവനത്തെക്കുറിച്ചും തന്റെ മരണാനന്തര ജീവിതത്തെക്കുറിച്ചും മാത്രമാലോചിച്ചുകൊണ്ട് കര്‍മോത്സുകനാകുന്നു.
''നിങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അവര്‍ക്ക് നാം വഴികള്‍ കാണിച്ചുകൊടുക്കും'' (സൂറഃ അല്‍അന്‍കബൂത്ത് 69). ഉണ്ടാക്കിവെച്ച വഴികളില്‍ മാത്രം സഞ്ചരിക്കുന്നതിന്റെ മാത്രം പേരല്ല ജിഹാദ്, മറിച്ച് ഇല്ലാത്ത വഴികള്‍ വെട്ടിത്തുറന്ന് അതിലൂടെ മുന്നേറുന്നതിന്റെ പേരാണ്. അത് അജ്ഞാതവും അപ്രതീക്ഷിതവുമായ വഴികള്‍ തുറന്നുകിട്ടുന്ന ഒരാത്മീയ അനുഭവമാണ്. വീട്ടിലിരിക്കുന്നവനെ വഴി അങ്ങോട്ടു തേടിച്ചെല്ലാറില്ല. ഉത്സാഹിയുടെ ഉത്സാഹംകൊണ്ട് തെളിഞ്ഞുകിട്ടുന്നതാണത്. നമ്മള്‍ ഇപ്പോള്‍ അനായാസം സഞ്ചരിക്കുന്ന മൂര്‍ത്തവും അമൂര്‍ത്തവുമായ ഏതെങ്കിലും വഴികളുണ്ടെങ്കില്‍, അതെല്ലാം മുമ്പൊരിക്കല്‍ ത്യാഗികള്‍ ഒരുപാട് നോമ്പുനോറ്റു, ഒരുപാട് നോവുകളനുഭവിച്ച് വെട്ടിയുണ്ടാക്കിയവയും നടന്നു പാകപ്പെടുത്തിയവയുമാണ്.
കര്‍മങ്ങള്‍ സത്ഫലങ്ങള്‍ മാത്രമല്ല തിരിച്ചടികളും നല്‍കും. പക്ഷേ തിരിച്ചടികളെ ഭയപ്പെട്ട് കര്‍മം ചെയ്യാതിരിക്കാന്‍ തീരുമാനിച്ചാല്‍ നമുക്കൊരു കാര്യവും ചെയ്യാന്‍ കഴിയില്ല, പുതിയ കാര്യങ്ങള്‍ പ്രത്യേകിച്ചും. നങ്കൂരമിട്ട കപ്പല്‍ ഒരിക്കലും തകരുകയില്ല. പക്ഷേ കപ്പലുണ്ടാക്കിയത് നങ്കൂരമിടാനല്ല എന്നുപറയാറുണ്ട്. കര്‍മം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ പരിഹാരം കര്‍മം തന്നെയാണ്. ഇത് മൂസാ നബിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ചെറുപ്പക്കാരനായി വളര്‍ന്ന മൂസാ (അ) വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കോപ്റ്റിക് വംശജന്‍ ഒരു ഇസ്രാഈല്‍ സന്തതിയെ അക്രമിക്കുന്നതിനു സാക്ഷിയായി. തീക്ഷ്ണതയുള്ള മൂസയുടെ യൗവ്വനം അവിടെ നിസ്സംഗനാകാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. പക്ഷേ ആ ഇടപെടലിന്റെ പ്രഹരശേഷി കുറച്ചു കൂടിപ്പോയി. മൂസയുടെ ഇടപെടലിന്റെ ഫലമായി ആ ഭരണവംശജന്‍ കഥാവശേഷനായി. യഥാര്‍ഥത്തില്‍ അത് ഒരു കടന്നല്‍കൂട്ടിലേക്കുള്ള കല്ലേറായിരുന്നു. സ്വന്തം സുരക്ഷിതത്വത്തിന് തീക്കൊടുക്കല്‍.
മൂസാ പിറ്റേന്നും നാട്ടില്‍ ചുറ്റിനടന്നു. ഇന്നലെ കണ്ടതുപോലെ ഭരണവംശജനും അടിമവംശജനും തമ്മിലുള്ള പോരുകണ്ടു. ആപത്തിന്റെ കാര്‍മേഘങ്ങളെല്ലാം ആകാശത്തുണ്ടായിട്ടും മൂസ അടങ്ങിയിരുന്നില്ല. വീണ്ടും ഇടപെടാന്‍ ശ്രമിച്ചു. ആര്‍ക്കുവേണ്ടി ഇടപെട്ടോ അവന്‍ തന്നെ ഒറ്റുകൊടുത്തു, ഗൂഢാലോചനകള്‍ കൊട്ടാരത്തില്‍ നിന്നു മൂസയെ അന്വേഷിച്ചു പുറപ്പെടാന്‍ തുടങ്ങി. അഭയം മാത്രമല്ല ജീവനും നഷ്ടപ്പെടാന്‍ പോകുന്നു. പട്ടണത്തിന്റെ ഏതോ അറ്റത്തുനിന്ന് ഒരു ഗുണകാംക്ഷി ഈ വാര്‍ത്ത അദ്ദേഹത്തോടു വന്നു പറഞ്ഞു. മൂസ ഈജിപ്തില്‍ നിന്ന് അജ്ഞാതമായ താഴ്‌വാരങ്ങളിലൂടെ സഞ്ചരിച്ചു. ശത്രുവില്‍ നിന്ന് അകന്ന ഒരു തണലിലിരുന്ന് പ്രാര്‍ഥിച്ചു: 'ഞാന്‍ എല്ലാറ്റിനും ആവശ്യക്കാരനാണ്.' ഖുര്‍ആനിലെ മനോഹരമായ പ്രാര്‍ഥനകളിലൊന്നാണിത്. കര്‍മോത്സുകതയില്‍ കൈയബദ്ധം പറ്റിയതായിരുന്നു അദ്ദേഹത്തിന്. ആര്‍ക്കുവേണ്ടി ഇടപെട്ടോ അവര്‍ കൈയൊഴിയുകയും ചെയ്തു.
പക്ഷേ അദ്ദേഹം ആ പ്രതിസന്ധിയെ മറികടന്നത് മറ്റൊരിടപെടലിലൂടെയാണ്. അദ്ദേഹം ചുറ്റും നോക്കിയപ്പോള്‍ ഒരു മനുഷ്യക്കൂട്ടത്തെ കണ്ടു. ഏതു മനുഷ്യക്കൂട്ടവും ഇടപെടുന്നവരുടെ മുമ്പില്‍ ചില സാധ്യതകള്‍ തുറന്നു നല്‍കുന്നുണ്ടാവും. ഏത് മനുഷ്യക്കൂട്ടവും ഇടപെടുന്നവന്റെ കൃഷിയിടങ്ങളാണ്. എന്തെങ്കിലും വിതയ്ക്കാനും കൊയ്യാനുമുള്ള സാധ്യതകള്‍ അതെപ്പോഴും തുറന്നുവെക്കുന്നുണ്ടാവും. ഹൃദയം നൊന്ത് പ്രാര്‍ഥിച്ച മൂസ ആകാശമന്നയെ കാത്തിരുന്നില്ല. അദ്ദേഹം ഭൂമിയിലെ യാഥാര്‍ഥ്യങ്ങളില്‍ മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ അവരുടെയും തന്റെയും സാധ്യതകള്‍ അന്വേഷിച്ചിറങ്ങി. ഇടയന്മാര്‍ കാലികള്‍ക്ക് വെള്ളം കൊടുക്കുന്ന കൂട്ടമായിരുന്നു അത്. രണ്ടു ചെറുപ്പക്കാരികള്‍ അവിടെ മാറിനില്‍ക്കുന്നുണ്ടായിരുന്നു. മൂസാ അവരോട് കാര്യമന്വേഷിച്ചു. ലഭിച്ച വിവരത്തെ ഉടനെ ഒരു പ്രവൃത്തിയാക്കി മാറ്റി. അവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടു. അവരെ സംബന്ധിച്ചേടത്തോളം അപ്പോള്‍ മൂസയുടെ ഇടപെടല്‍ താല്‍ക്കാലിക പരിഹാരം മാത്രമായിരുന്നു. ആണുങ്ങളെല്ലാം വെള്ളമെടുത്തുപോയിട്ടേ ഞങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ കഴിയൂ. പിതാവാകട്ടെ വയോ വൃദ്ധനും. ഇതായിരുന്നു ആ പെണ്‍കുട്ടികള്‍ മൂസയോട് പറഞ്ഞത്. ദൃഢഗാത്രനായ മൂസ ഇടയക്കൂട്ടത്തെ വകഞ്ഞുമാറ്റി അവര്‍ക്ക് വെള്ളം എടുത്തുകൊടുത്തു. വീണ്ടും അദ്ദേഹം തന്റെ നിസ്സഹായതയിലേക്കും പ്രാര്‍ഥനയിലേക്കും തിരിച്ചുപോയിരിക്കണം.
പക്ഷേ ഈ ഇടപെടല്‍ പുതിയ വാതിലുകള്‍ തുറക്കുകയായായിരുന്നു. മൂസാ അപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ പ്രതിസന്ധിക്കുമുള്ള പരിഹാരമായിരുന്നു ഈ പുതിയ തുറവി. അഭയവും അന്നവും ജോലിയും ഇണയും എല്ലാം അതിലൂടെ മൂസക്ക് ലഭിച്ചു. പെണ്‍കുട്ടികളുടെ കുടുംബത്തിന് വിശ്വസ്തനും കരുത്തനുമായ ഒരു ജോലിക്കാരനെയും, പിന്നെ എല്ലാം തികഞ്ഞ ഒരു ഭര്‍ത്താവിനെയും. ഒരു സാന്ദര്‍ഭികമായ ഇടപെടല്‍ മൂസയുടെയും പെണ്‍കുട്ടികളുടെ കുടുംബത്തിന്റെയും ജീവിതത്തില്‍ പുതിയൊരുപാട് വഴികള്‍ തുറക്കുകയായിരുന്നു. മൂസ സുരക്ഷിതനായി.
ഇടപെടലുകള്‍ പ്രതിസന്ധികള്‍ സൃഷ്്ടിച്ചേക്കും. കര്‍മത്തില്‍ എപ്പോഴും അപകടത്തിന്റെ ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്. കയറിയ വാഹനം സുരക്ഷിതമായി നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ മാത്രമല്ല ഇടയുള്ളത്. അത് അപകടത്തില്‍ പെടാനും നമുക്ക് മാരകമായി പരിക്കു പറ്റാനും ജീവഹാനി സംഭവിക്കാനുമുള്ള സാധ്യതകളെ ഓരോ വാഹനവും വഹിക്കുന്നുണ്ട്. ഏത് കര്‍മത്തിനും ഈ കാര്യം ബാധകമാണ്. പക്ഷേ കര്‍മത്തിന്റെ അപകടത്തെ സൂക്ഷ്മതകൊണ്ടും, സൂക്ഷിച്ചാലുമുണ്ടാകുന്ന അപകടങ്ങളെ തുടര്‍ന്നും സൃഷ്്ടിക്കുന്ന കര്‍മങ്ങള്‍ കൊണ്ടും മാത്രമേ മറികടക്കാനാകൂ. സൂക്ഷ്മത കര്‍മം ചെയ്യാതിരിക്കാനുള്ള ന്യായമല്ല. കര്‍മത്തെ കുറ്റമറ്റതാക്കാനുള്ള വഴിയാണ്. കര്‍മരാഹിത്യത്തിന് സൂക്ഷ്മത എന്ന് പേരില്ല. അപകടത്തില്‍ നിന്നു രക്ഷപ്പെട്ട മൂസയെ അല്ലാഹു അവന്റേതായ എല്ലാ കരുതലുകളോടും കൂടി വീണ്ടും അതേ 'അപകട'ത്തിലേക്കു തന്നെ അയക്കുകയാണ്. അങ്ങനെയാണ് മൂസ പ്രവാചകനായി ഫറോവയുടെയും ഖിബ്ത്വികളുടെയും അടുക്കലേക്കുതന്നെ നിയോഗിക്കപ്പെടുന്നത്.
മനുഷ്യന്റെ കര്‍മഭൂമിയില്‍ പ്രത്യേകിച്ച് സത്യാസത്യ സംഘട്ടനങ്ങളില്‍ അല്ലാഹുവിന്റെ ഇടപെടലുകളുടെ വിസ്മയിപ്പിക്കുന്ന നിരവധി ചരിത്രങ്ങള്‍ ഖുര്‍ആന്‍ പറയുന്നുണ്ട്. പ്രവാചകന്മാരിലൂടെ വെളിപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്തുകള്‍) എന്നുവിളിക്കപ്പെടുന്ന വിസ്മയ ചരിത്രങ്ങള്‍. അല്ലാഹുവിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മനുഷ്യനെ ആവശ്യമില്ല. അവന്‍ സൃഷ്ടികളില്‍ നിന്ന് സ്വാശ്രയനാണ്. എന്നിട്ടും മനുഷ്യകര്‍മത്തിന്റെ അംശങ്ങളില്ലാതെ അവന്‍ മനുഷ്യലോകത്ത് ദിവ്യാത്ഭുതങ്ങള്‍ പോലും സൃഷ്ടിക്കാറില്ല. കടല്‍ പിളര്‍ന്ന് ഫറോവയെ മുക്കിക്കൊല്ലാന്‍ ദൈവത്തിന് മൂസയുടെ വടി ആവശ്യമില്ല. പക്ഷേ മുന്നില്‍ അലയടിക്കുന്ന സമുദ്രവും പിന്നില്‍ ആര്‍ത്തിരമ്പുന്ന ശത്രുവും വന്നുനിന്നപ്പോള്‍ അല്ലാഹു മൂസാ നബിയോട് പറഞ്ഞു, 'കടലിനുമേല്‍ വടിയടിക്കുക.' കടല്‍ പിളര്‍ന്ന് ഒരു ജനസമൂഹത്തിന്റെ മോചനമാര്‍ഗം പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ ആജ്ഞയുണ്ടെങ്കില്‍ ഒരു വടി സ്പര്‍ശവുമില്ലാതെ കടല്‍ വെറുതെയും പിളരുമായിരുന്നു. പക്ഷേ അല്ലാഹുവിന്റെ തീരുമാനം അങ്ങനെയല്ലായിരുന്നു. ഒരു മനുഷ്യാധ്വാനം കൂടി നിമിത്തമായിട്ടുവേണം കടല്‍ പിളരാന്‍, ശത്രു തകരാന്‍, ജനത രക്ഷപ്പെടാന്‍. ആ അധ്വാനം അവിടെ യഥാര്‍ഥത്തില്‍ എത്ര നിസ്സാരമാണെങ്കിലും.
മക്കയിലെ ശത്രുക്കളെ തകര്‍ത്തു തരിപ്പണമാക്കാന്‍ അല്ലാഹുവിന് ബദ്ര്‍ ഒരുക്കേണ്ടതൊന്നുമുണ്ടായിരുന്നില്ല. അല്ലാഹു തീരുമാനിച്ചപ്പോള്‍ പ്രപഞ്ചം ഉണ്ടായതുപോലെ അവന്റെ മറ്റൊരു തീരുമാനം കൊണ്ട് ശത്രു ഇല്ലാതാകുമായിരുന്നു. പക്ഷേ അല്ലാഹു പറയുന്നത് 'നിങ്ങളുടെ കൈകളിലൂടെ അവരെ നിഗ്രഹിക്കാനാണ് നാം തീരുമാനിച്ചത്' എന്നാണ്. ആ ശത്രു നിഗ്രഹം കാഠിന്യത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും കൊടുമുടി താണ്ടുന്ന പരിശ്രമമായിരുന്നു. നംറൂദിനെ തോല്‍പ്പിക്കാന്‍, ഇബ്‌റാഹീമിനെ ജയിപ്പിക്കാന്‍ അല്ലാഹുവിന് അഗ്നികുണ്ഡങ്ങള്‍ ആവശ്യമില്ലായിരുന്നു. ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും സമര്‍പ്പണം അവനു ബോധ്യപ്പെടാന്‍ പുത്രബലിയുടെ ഒരു സന്ദര്‍ഭമേ വേണ്ടായിരുന്നു. പക്ഷേ ആ പുത്രബലിയും അതിലെ അറുക്കപ്പെടാത്ത ഇസ്മാഈലിന്റെ കഴുത്തും അഗ്നികുണ്ഡവും പോറല്‍പോലും ഏല്‍ക്കാത്ത ഇബ്‌റാഹീമും ഒക്കെയാണ് മനുഷ്യരാശിയെ ഇന്നും പ്രചോദിപ്പിക്കുന്നത്, അവന്റെ സംസ്‌കാരത്തിന്റെ കലവറയില്‍ അമൂല്യരത്‌നങ്ങളായി പ്രശോഭിക്കുന്നത്, മൃഗത്തെക്കാള്‍ ഒരുപാടുയര്‍ന്ന സംസ്‌കൃതനാക്കി അവനെ മാറ്റുന്നത്. പരിശ്രമവും പ്രാര്‍ഥനയും സമന്വയിക്കുന്ന സുവര്‍ണ ബിന്ദുവില്‍ വെച്ചാണ് ഇസ്‌ലാം മനോഹരമാവുന്നത്; അതേപോലെ കാര്യ-കാരണ ബന്ധത്തിന്റെയും അതിന് അതീതമായ ദൈവികമായ ഇടപെടലിന്റെയും.
Comments