Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

ഒളിക്യാമറകളുടെ കാലത്ത് അല്ലാഹുവിന്റെ നിരീക്ഷണം മനസ്സിലാക്കാന്‍ എന്തെളുപ്പം!

ഇബ്‌റാഹീം ശംനാട്

         നമ്മുടെ ജീവിതവും പ്രപഞ്ചമാസകലവും അല്ലാഹുവിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അതിനുള്ള 'സാങ്കേതിക വിദ്യ' ഇവിടെ സംവിധാനിച്ചിട്ടുണ്ടെന്നും പകല്‍ വെളിച്ചം പോലെ ബോധ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം. ഏത് തരത്തിലുള്ള നിരീക്ഷണവും മനുഷ്യര്‍ക്ക് തന്നെ നടത്താന്‍ കഴിയുമാറ് ടെക്‌നോളജി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. നമ്മുടെ ജീവിതം ദൈവിക നിരീക്ഷണത്തിലാണെന്ന് പറഞ്ഞാല്‍ അസാധ്യമാണെന്നായിരുന്നു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പൊതുവെയുളള ചിന്ത. എന്നാല്‍ ഇന്ന് റഡാര്‍-സാറ്റലൈറ്റ് നിരീക്ഷണം, ഒളി ക്യാമറ, വീഡിയോ ക്യാമറ തുടങ്ങിയവയുടെ സജീവ സാന്നിധ്യം മനുഷ്യ പ്രവര്‍ത്തനങ്ങളെ ഒരു പരിധി വരെ നിരീക്ഷിക്കാന്‍ സാധിക്കുമ്പോള്‍, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച ശക്തിയെ സംബന്ധിച്ചേടത്തോളം അത്തരമൊരു നിരീക്ഷണത്തിന് ഒരു പുല്‍ക്കൊടിയുടെ സൃഷ്ടിപ്പിന്റെ പ്രയാസം പോലുമില്ല.

അക്രമം, പീഡനങ്ങള്‍, അധാര്‍മികത എല്ലാം നമ്മുടെ കാലത്ത് അനുദിനം വര്‍ധിക്കുന്നത് എന്തുകൊണ്ടാണ്? ഒരു ലജ്ജയുമില്ലാതെ മനുഷ്യര്‍ കുറ്റകൃത്യങ്ങളില്‍ ആപതിക്കുന്നതിന് എന്താണ് കാരണം? ഉത്തരം വളരെ ലളിതം. താന്‍ എന്തു ചെയ്താലും അത് കാണാനോ ചോദ്യം ചെയ്യാനോ ഒരു ശക്തിയുമില്ല എന്ന വിചാരം തന്നെ.  അഥവാ അങ്ങനെ വല്ലതുമുണ്ടെങ്കില്‍ അത് വരുമ്പോള്‍ കാണാം എന്ന ലാഘവ ബുദ്ധിയും. അതിനപ്പുറം തനിക്ക് ആരോടും യാതൊരു കടപ്പാടും ബാധ്യതയുമില്ല. തന്നെ നിരീക്ഷിക്കുന്ന ഒരു സംവിധാനമോ അതിനനുസരിച്ച ശിക്ഷയോ പ്രതിഫലമോ ഉണ്ടാവില്ല എന്നിങ്ങനെയുള്ള  മിഥ്യാധാരണകളാണ് കുറ്റകൃത്യങ്ങളുടെ വ്യാപനത്തിന് മുഖ്യ കാരണം.

മുറാഖബ

മനുഷ്യരുള്‍പ്പെടെയുള്ള പ്രപഞ്ചത്തിലെ സകല ചലനങ്ങളും അല്ലാഹുവിന്റെ നിരീക്ഷണത്തിന് വിധേയമാവുന്നു എന്നതിനെ കുറിക്കുന്ന അറബി ശബ്ദമാണ് മുറാഖബ.  അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ദൃഢബോധം മനസ്സിന്റെ ആഴത്തിലുണ്ടാവണമെന്ന് വിവക്ഷ. റഖീബ് എന്നാല്‍ നിരീക്ഷിക്കുന്നവന്‍ എന്നാണ് അര്‍ഥം. അര്‍റഖീബ്  എന്ന പദം അല്ലാഹുവിന്റെ വിശേഷണമാണ്. എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നവന്‍ അല്ലാഹു എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

അല്ലാഹു ഏകനാണെന്നും അവന്‍ മാത്രമാണ് നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതെന്നും ഉള്ള വിശ്വാസത്തിന്റെ ഭാഗമാണ് അവന്‍ നമ്മുടെ ഓരോ നിശ്വാസവും സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു എന്ന കാര്യവും. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്ന പലരും ഹൃദയത്തില്‍ വളരെ രൂഢമൂലമായി അവന്‍ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ വിമ്മിട്ടപ്പെടുന്നത് പോലെ. ആ വിശ്വാസം  എത്രമാത്രം ദൃഢതരമാവുന്നുവോ, അതിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് താഴോട്ട് വരുമെന്ന് മാത്രമല്ല അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിച്ച് കൊണ്ടിരിക്കുകയും ചെയ്യും. 

വഴികേടിന്റെയും അധര്‍മ്മത്തിന്റെയും  ചുറ്റും കറങ്ങുകയാണല്ലോ ലോകം. ശാന്തിയും സമാധാനവും അന്യം നിന്ന് പോയ കാലം. അക്രമം, കൊള്ള, കൊല, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവ ഒരു വശത്ത്. മറുവശത്ത് സാമ്രാജ്യത്വ ശക്തികള്‍ രൂപപ്പെടുത്തുന്ന നിലയ്ക്കാത്ത യുദ്ധങ്ങള്‍. നിര്‍ലജ്ജമായ രതി വൈകൃതങ്ങള്‍. തിന്മയുടെ അച്ചുതണ്ടായി മാറിയിരിക്കുന്ന മീഡിയ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍. ഈ അവസ്ഥക്ക് വല്ല മാറ്റവും വരുത്താന്‍ അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ല. ഓരോ വ്യക്തിയുടെയും ഹൃദയത്തില്‍ നിന്ന് അദൃശ്യമായ ഒരു ബന്ധം അല്ലാഹുവിലേക്ക് ഉണ്ട് എന്ന ബോധം സൃഷ്ടിക്കാന്‍ കഴിയലാണ്  രക്ഷാമാര്‍ഗം. 

ഖുര്‍ആനില്‍ 

ഇന്ന് മനുഷ്യരില്‍ നിന്ന് ഏറ്റവും കൂടുതല്‍ നിഷ്‌കാസിതമായ മൂല്യം അല്ലാഹുവിന്റെ നിരീക്ഷണത്തെ കുറിച്ച ബോധ്യവും ബോധവുമാണ്. ഭൗതികതയോടുള്ള ആസക്തി,പാരത്രിക ജീവിതത്തെ കുറിച്ച ചിന്തയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ അല്ലാഹുവിന്റെ നിരീക്ഷണത്തെ പലര്‍ക്കും വേണ്ട വിധം ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.  ഖുര്‍ആനില്‍ പല രൂപത്തില്‍ ആവര്‍ത്തിച്ച് പ്രതിപാദിച്ച ഒരു വിഷയമാണിത്.  നമ്മുടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം അല്ലാഹു നിരീക്ഷിക്കുന്നു. ഈ അണ്ഡകടാഹത്തില്‍ ഒരു എള്ളിന്റെ സ്ഥാനം നമുക്ക് അറിയാം. അത്  പോലും അല്ലാഹുവിന്റെ നീരീക്ഷണ പരിധിയില്‍ നിന്ന് പുറത്തല്ല. മഹാനായ ലുഖ്മാന്‍ തന്റെ പുത്രന് നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്ന് ഇങ്ങനെ: 

''(ലുഖ്മാന്‍ പറഞ്ഞു:) മകനേ, യാതൊരു സംഗതിയും, അത് ഒരു കടുകുമണിയോളമേയുള്ളൂവെങ്കില്‍ പോലും, അതുതന്നെ വല്ല പാറക്കെട്ടിലോ വാനലോകത്തോ ഭൂമിയിലോ എവിടെയെങ്കിലും ഒളിഞ്ഞുകിടന്നാലും അല്ലാഹു അതിനെ ഹാജരാക്കുന്നതാകുന്നു.  അവന്‍ സൂക്ഷ്മമായി കാണുന്നവനും അഗാധജ്ഞനുമല്ലോ''(31:16). ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടായിരിക്കണം കുട്ടികളെ നാം വളര്‍ത്തേണ്ടത്.

''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്'' (4:1).

''കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും'' (6:103).

''ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയില്‍പെടാതെയില്ല'' (10:61).

ഫലങ്ങള്‍ നിരവധി 

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന വിശ്വാസം നിരവധി ഫലങ്ങള്‍ സമ്മാനിക്കുന്നു. ആ ബോധം ശക്തമാവുന്നതിനനുസരിച്ച് മനുഷ്യ ഹൃദയം വിശുദ്ധി പ്രാപിക്കുന്നു. കുറ്റകൃത്യങ്ങളില്‍ വിഹരിക്കുന്ന മനസ്സ് ഇല്ലാതാവുകയും മരണാനന്തര ജീവിതത്തെക്കുറിച്ച ചിന്തയാല്‍ മനസ്സ് ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്നതാണ് ഏറ്റവും വലിയ നേട്ടം.  മനുഷ്യ മനസ്സ് ശുദ്ധീകരിക്കാനുള്ള മെക്കാനിസമാണ് ഇസ്‌ലാമിലെ ആരാധനകള്‍. ജീവിതത്തിലുടനീളം അല്ലാഹുവിനെ കുറിച്ച ബോധമുണ്ടാക്കുകയാണ് നമസ്‌കാരമുള്‍െപ്പടെയുളള എല്ലാ ആരാധനകളും. 

ട്രാഫിക് സിഗ്‌നലുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെില്‍,വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുമല്ലോ. നിയമ നടപടികളെ ഭയന്ന്‌കൊണ്ടാണ് ഇത് ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടുന്നു എന്ന തിരിച്ചറിവുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ നിന്ന്  അന്യംനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്, കാണുന്നവനാണ്,അറിയുന്നവനാണ് എന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ, കുറ്റമറ്റ രീതിയില്‍  നമ്മെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയതായി പറയുന്നുണ്ട്.  ''നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാണ് നാം.'' (50:16) ''അവനോടൊപ്പം ഒരുങ്ങി നില്‍ക്കുന്ന നിരീക്ഷകരില്ലാതെ (റഖീബ,് അതീദ് എന്നീ മലക്കുകള്‍) അവനൊരു വാക്കും ഉച്ചരിക്കുന്നില്ല.'' (50:18)

ഒരുവന്‍ ഒരു പ്രവൃത്തി ചെയ്യുന്നതിന് മുമ്പായി അല്ലാഹുവിന്റെ നിരീക്ഷണം ഉണ്ട് എന്ന ബോധം തെറ്റുകളിലേക്ക് വഴുതുന്നതില്‍ നിന്ന് അവനെ സംരക്ഷിക്കുന്നു. ഇബ്‌നു മുബാറക് പറഞ്ഞു: ''മഹോന്നതനായ അല്ലാഹുവിനെ എപ്പോഴും കാണുന്നവനെ പോലെയാവണം നീ ജീവിക്കുന്നത്.   നമ്മുടെ ഓരോ നിമിഷവും അല്ലാഹു നിരീക്ഷിച്ച് കൊണ്ടിരിക്കുന്നു എന്നത് ഇസ്‌ലാമിക ജീവിത വീക്ഷണത്തിന്റെ അച്ചുതണ്ടാണ്. ഈ നിരീക്ഷണ സ്വഭാവം അറിയുന്ന മുസ്‌ലിം കൂടുതല്‍ ഇഖ്‌ലാസ്വ് ഉള്ളവനായിത്തീരും.''

ചരിത്രത്തില്‍ 

അല്ലാഹുവിന്റെ നിരീക്ഷണം കേന്ദ്ര പ്രമേയമായ ഒരു ഒരു അധ്യായമാണ് സൂറത്ത് യൂസുഫ്. ഈ ബോധത്തിന്റെ അഭാവത്തില്‍ യൂസുഫിന്റെ സഹോദരന്മാര്‍ തുല്യതയില്ലാത്ത ക്രൂരതയാണ് ചെയ്യുന്നത്. പിന്നീട് അല്ലാഹുവിന്റെ ഇംഗിതമെന്നോണം പ്രഭുകൊട്ടാരത്തില്‍ എത്തിപ്പെടുന്ന യൂസുഫിനെ യജമാനത്തിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും ഇതേ നിരീക്ഷണ ബോധമായിരുന്നു. അല്ലാഹു അദ്ദേഹത്തെ ഈജിപ്തിന്റെ ഭരണാധികാരിയായി അവരോധിക്കുകയായിരുന്നു ഇതിന്റെ ഫലം.

അല്ലാഹു നിരീക്ഷിക്കുന്നു എന്ന ബോധം പ്രവാചകന്റെ ആദ്യകാല അനുചരന്മാരില്‍ സൃഷ്ടിച്ച അനുരണനം ചില്ലറയല്ല. ഒരു സംഭവം മാത്രം ഇവിടെ കുറിക്കാം. അബ്ദുല്ലാഹിബ്‌നു ദീനാര്‍ ഒരിക്കല്‍ ഖലീഫ ഉമറി(റ)നോടൊപ്പം മക്കയിലേക്ക് യാത്ര ചെയ്തു. അവര്‍ ഒരു സ്ഥലത്ത് ആട്ടിടയനോടൊപ്പം കുറേ ആട്ടിന്‍കൂട്ടങ്ങളെ കണ്ടു. ഉമര്‍ അവനെ പരീക്ഷിക്കാനെന്നോണം ചോദിച്ചു: ''നിന്റെ ഒരു ആടിനെ വില്‍ക്കാമോ?'' 

ആട്ടിടയന്‍: ''ഞാന്‍ ഒരാളുടെ അടിമയാണ്. ഈ ആട്ടിന്‍പറ്റങ്ങള്‍ എന്റേതല്ല. അത് എന്റെ യജമാനന്‍േറതാണ്.'' 

ഉമര്‍: ''ഒരെണ്ണത്തെ ചെന്നായ പിടിച്ചു എന്ന് പറഞ്ഞാല്‍ മതി.''

ആട്ടിടയന്‍: ''അപ്പോള്‍ അല്ലാഹു ഉണ്ടല്ലോ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവനായി?'' 

ആട്ടിടയന്റെ ഉത്തരം കേട്ടപ്പോള്‍ ഉമറിന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി. മദീനയില്‍ തിരിച്ചത്തെിയ ഉമര്‍ ആ ആട്ടിടയന്റെ യജമാനന്‍ ആരാണെന്ന് കണ്ടെത്തി അവനെ വിലയ്ക്ക് വാങ്ങി മോചിപ്പിച്ചത് പില്‍ക്കാല ചരിത്രം. 

എങ്ങനെ നട്ടു വളര്‍ത്താം?

നമ്മുടെ മനസ്സില്‍ രൂഢമൂലമാവേണ്ട ഏറ്റവും ശക്തമായ മൂല്യങ്ങളിലൊന്നാണ് മുറാഖബ. മരണ ചിന്ത, പരലോക വിചാരണ,അല്ലാഹുവിനെ കുറിച്ച നിതാന്ത ജാഗ്രത, ഖുര്‍ആനും പ്രവാചക വചനങ്ങളുമായുള്ള നിരന്തര ബന്ധം തുടങ്ങിയവയാണ് അതിനുള്ള ഏറ്റവും നല്ല വഴി. അബൂമൂസല്‍ അശ്അരി (റ) നിവേദനം. നബി (സ) അരുളി: ''ഈ ഖുര്‍ആനുമായി സദാ ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുവീന്‍. കയര്‍ മുറിച്ച് ചാടിപ്പോകുന്ന ഒട്ടകത്തേക്കാള്‍ വേഗതയില്‍ ചാടിപ്പോകുന്നതാണ് ഖുര്‍ആന്‍'' (രിയാളുസ്സ്വാലിഹീന്‍ 1002). ഖുര്‍ആന്‍ പഠനത്തിന്റെ അഭാവം ഏറ്റവും കുടുതല്‍ ബാധിച്ചതും, നിരീക്ഷിക്കപ്പെടുന്നു എന്ന ഈ ബോധത്തെ തന്നെയാണ്.  ഇസ്‌ലാമിക ചരിത്രത്തിലെ ഇത്തരം സംഭവങ്ങള്‍ നിരന്തരമായി മനനം ചെയ്യല്‍ മുറാഖബ മനസ്സില്‍ രൂഢമൂലമാവാന്‍ സഹായിക്കും. 

ഒരു മഹാത്മാവിന്റെ കഥ ഇങ്ങനെ. അദ്ദേഹത്തിന് ഒരു അമ്മാവനുണ്ടായിരുന്നു. നല്ല ഭക്തന്‍. അല്ലാഹുവിനെ സദാ കാണുന്നത് പോലെ അദ്ദേഹം ജീവിച്ചു.  ഒരു ദിവസം അദ്ദേഹം അമ്മാവനോട് ചോദിച്ചു: ''താങ്കളെ പോലെയായിത്തീരാന്‍ അതിയായ ആഗ്രഹമുണ്ട്. എന്ത് ചെയ്യണമെന്ന് ഉപദേശിച്ചാലും.'' ''അല്ലാഹു എന്നെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന് നീ ദിനേന മൂന്ന് പ്രാവശ്യം പറയുക. ഇങ്ങനെ ഒരാഴ്ച തുടരുക. പിന്നീട് ഓരോ നമസ്‌കാര ശേഷവും ഇത് മൂന്ന് തവണ ഉരുവിടുക.'' അമ്മാവന്റെ നിര്‍ദ്ദേശം. അത് അദ്ദേഹം നിറവേറ്റി. നാവ്‌കൊണ്ട് ഉരിയാടാതെ മനസ്സില്‍ കരുതാനായിരുന്നു അടുത്ത കല്‍പന. അങ്ങനെ അതൊരു ശീലമാക്കി വളര്‍ത്തിയെടുത്ത അദ്ദേഹത്തിന് പിന്നീട് അല്ലാഹുവിന്റെ നിരീക്ഷണത്തെ കുറിച്ച് സദാ ബോധമുണ്ടായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍