'ബൂക്ക' തടവറ ജന്മം നല്‍കിയ ഭീകരവാദി
ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത്.... -6
അബൂദുആഅ്, ഡോ. ഇബ്‌റാഹീം, അവാദ് ഇബ്‌റാഹീം, ശൈഖ് 'മുഖ്ഫി' - ഇതൊക്കെ ഒരാളുടെ പേരാണ്. ഇയാളെ ജീവനോടെ പിടിച്ചുകൊടുക്കാനോ കൊല്ലാനോ സഹായിക്കുന്നവര്‍ക്ക് അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികം പത്ത് മില്യന്‍ അമേരിക്കന്‍ ഡോളര്‍. അത് മറ്റാരുമല്ല, ഇറാഖിലെയും സിറിയയിലെയും 'ഇസ്‌ലാമിക് സ്റ്റേറ്റി' (ഐ.എസ്)ന്റെ നേതാവും 'ഖലീഫ'യുമായ അബൂബക്കര്‍ അല്‍ബഗ്ദാദി. ഇയാള്‍ക്ക് 'മുഖം മറയ്ക്കുന്ന ശൈഖ്' (ശൈഖ് മുഖ്ഫി) എന്ന് പേര്‍ വീഴാന്‍ കാരണമുണ്ട്. അനുയായികള്‍ക്കൊപ്പമാണെങ്കിലും ഇയാള്‍ മുഖം മറച്ചേ നില്‍ക്കാറുള്ളൂ. ബിന്‍ലാദന്‍, സര്‍ഖാവി തുടങ്ങിയ മുന്‍ഗാമികളെപ്പോലെ തുടരെത്തുടരെ സ്വന്തം വീഡിയോ പ്രസംഗങ്ങള്‍/ഭീഷണികള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന പതിവും ഇല്ല.
അമേരിക്കന്‍ ആക്രമണത്തില്‍ ബിന്‍ലാദന്നും സര്‍ഖാവിക്കും ജീവന്‍ നഷ്ടപ്പെട്ടത് തന്നെയാവാം കാരണം. ഇത്തരം വീഡിയോകള്‍ പകര്‍ത്തിയ പ്രദേശങ്ങള്‍ അരിച്ചുപെറുക്കിയാണ് അമേരിക്കന്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ അവരുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തിയത്. വീഡിയോ പ്രഖ്യാപനങ്ങള്‍ ചുരുക്കുന്നതും മുഖം മറയ്ക്കുന്നതും അനുയായികള്‍ക്കിടയില്‍ പോലും അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്നതും സ്വയം രക്ഷക്ക് തന്നെയാവണം. ആകെയുള്ളത് മൗസ്വില്‍ പിടിച്ചപ്പോഴും 2014 റമദാന്‍ ഒന്നിന് 'മുസ്‌ലിംകളുടെ ഖലീഫ'യായി സ്വയം പ്രഖ്യാപിച്ചപ്പോഴും നടത്തിയ ഒന്നുരണ്ട് പ്രസംഗങ്ങള്‍ മാത്രം. അഫ്ഗാനിലെ മുല്ല ഉമറിനെ പോലെ ഇറാഖിലെ അബൂബക്കര്‍ ബഗ്ദാദിയെയും നിഗൂഢത പൊതിഞ്ഞു നില്‍ക്കുന്നു. ഒപ്പം പഠിച്ചവരും പ്രവര്‍ത്തിച്ചവരും, ജയിലില്‍ ഒന്നിച്ച് കഴിഞ്ഞവരും നല്‍കിയ വിവരങ്ങളാണ് ബഗ്ദാദിയുടെ നിലവിലുള്ള ബയോഡാറ്റ.
ബഗ്ദാദിന് 50 കി.മീ. വടക്ക് മാറി സ്ഥിതി ചെയ്യുന്ന സാമര്‍റയില്‍ 1971-ലാണ് അബൂബക്കര്‍ ബഗ്ദാദിയുടെ ജനനം. ഇയാളുടെ യഥാര്‍ഥ പേര് ഇബ്‌റാഹീമുബ്‌നു അവാദ് ബ്‌നി ഇബ്‌റാഹീം അല്‍ ബദ്‌രി അല്‍ഖുറശി എന്നാണ്. സാമര്‍റയുടെയും ദിയാലയുടെയും ഇടയ്ക്ക് അധിവസിക്കുന്ന ബൂബദ്‌രി ഗോത്ര സമുച്ചയത്തിലേക്ക് ചേര്‍ത്താണ് 'ബദ്‌രി' എന്ന വിശേഷണം. റാദിവിയ്യ, ഹസീനിയ്യ, ഖുറശിയ്യ (ഖുറൈശി) തുടങ്ങിയവയാണ് ഈ സമുച്ചയത്തില്‍ ഉള്‍പ്പെടുന്ന ഗോത്രങ്ങള്‍. പ്രവാചകന്റെ ഗോത്രമാണല്ലോ ഖുറൈശി. 'നേതാക്കള്‍ ഖുറൈശികളില്‍ നിന്ന്' എന്നൊരു നബി വചനമുണ്ട്. അതിന് പല വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും, വംശീയമായി ഖുറൈശിയായിരിക്കുക എന്ന് തന്നെയാണ് ഐ.എസിന്റെ സൈദ്ധാന്തികര്‍ നല്‍കുന്ന വിശദീകരണം. പ്രവാചകവംശത്തില്‍ പിറന്നത് കൊണ്ട് ഖലീഫ ആയിരിക്കാനുള്ള 'യോഗ്യത' ജന്മ സിദ്ധമാണെന്നര്‍ഥം. 2014 ജൂലൈ 5-ന് ഖലീഫയായി സ്വയം പ്രഖ്യാപിച്ചുകൊണ്ട് മൗസ്വിലിലെ നൂരി കബീര്‍ പള്ളിയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റപ്പോള്‍ ബഗ്ദാദി 'മിസ്‌വാക്' എടുത്ത് പല്ല് തേച്ചിരുന്നു. പ്രവാചകന്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നെന്നും, പ്രവാചകനിലേക്ക് ചേര്‍ത്ത് നിര്‍ത്താനാണ് ബഗ്ദാദി അത് അനുകരിച്ചതെന്നും നിരീക്ഷണമുണ്ട്. ഖുര്‍ആന്‍ മനഃപാഠമുള്ള നിരവധി പണ്ഡിന്മാര്‍ക്ക് ജന്മം നല്‍കിയ കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് ബഗ്ദാദി അവകാശപ്പെടുന്നുണ്ട്. ബൂബദ്‌രി ഗോത്രത്തിലെ ഒരു വരേണ്യകുടുംബത്തിലെ അംഗമാണ് ബഗ്ദാദിയുടെ മാതാവ്.
പഠനം ബഗ്ദാദിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലായിരുന്നു. ഫിഖ്ഹും ഇസ്‌ലാമിക ചരിത്രവുമൊക്കെയായിരുന്നു പഠന വിഷയം. ശരീഅത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍, ഇതൊരു അധിക യോഗ്യതയായി ഐ.എസ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അല്‍ഖാഇദ നേതാക്കളായ ബിന്‍ലാദന്നും അയ്മന്‍ ളവാഹിരിക്കും 'പ്രഫഷനല്‍' പശ്ചാത്തലമേയുള്ളൂ. ആദ്യത്തെയാള്‍ കോണ്‍ട്രാക്ടറും രണ്ടാമത്തെയാള്‍ ഡോക്ടറുമായിരുന്നു. 'ദീനി പശ്ചാത്തലം' തങ്ങളുടെ നേതാവിനാണുള്ളത് എന്ന് ഐ.എസ് അവകാശപ്പെടുന്നു. തന്നോടൊപ്പം ജയിലില്‍ കഴിഞ്ഞ ബഗ്ദാദി ശാന്തപ്രകൃതക്കാരനായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ധൈര്യമില്ലാത്ത ഒരു സഹതടവുകാരന്‍ പറഞ്ഞതായി അബ്ദുല്‍ ബാരി അത്വ്‌വാന്‍ തന്റെ കൃതിയില്‍ അനുസ്മരിക്കുന്നുണ്ട്:1 ''അയാള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നാല്‍ നിങ്ങളതില്‍ വീണുപോകും. അത്രക്ക് കരിസ്മാറ്റിക്കാണ്.'' സംസാരത്തില്‍ വശ്യതയും ഹാവഭാവങ്ങളില്‍ ആകര്‍ഷണീയതയും ഉണ്ടായേക്കാം. പക്ഷെ, മറ്റനേകം വിവരണങ്ങളില്‍ പാരുഷ്യവും പ്രതികാര ചിന്തയും മുറ്റി നില്‍ക്കുന്ന ഒരു ബഗ്ദാദിയെയാണ് കാണാന്‍ കഴിയുക. ബഗ്ദാദി 'ഖലീഫ'യായി സ്വയം അവരോധിതനായ മൗസ്വിലിലെ നൂരി കബീര്‍ എന്ന പള്ളിയില്‍ സഈദ് മുബാറക് എന്നൊരാളായിരുന്നു ഇമാം. ഐ.എസിനെ എതിര്‍ത്തിരുന്നു അദ്ദഹം. ഐ.എസുകാര്‍ അദ്ദേഹത്തെ ഏതോ അജ്ഞാത കേന്ദ്രത്തില്‍ തടവിലിട്ടിരിക്കുകയാണ്. കൊലപ്പെടുത്തിയെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ഐ.എസ് നേതാവായിരുന്ന അബൂ ഉമറിനെ 2010 ല്‍ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംഘത്തിന്റെ ഉന്നതാധികാര സമിതി (മജ്‌ലിസ്സുശ്ശൂറ) ചേര്‍ന്നാണ് അബൂബക്കര്‍ ബഗ്ദാദിയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. ശൂറയില്‍ രണ്ട് പേര്‍ ബഗ്ദാദിയെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. അവരിലൊരാളായ ജമാല്‍ ഹമദാനി, അബൂബക്കര്‍ ബഗ്ദാദി ചുമതലയേറ്റയുടനെ വധിക്കപ്പെടുകയാണുണ്ടായത്. സ്വന്തം അണികളില്‍, അവര്‍ എത്ര വലിയ നേതാക്കളായാലും, യാതൊരു വിധ എതിര്‍ശബ്ദവും ബഗ്ദാദി പൊറുപ്പിച്ചിരുന്നില്ല.
അതേസമയം വളരെ സമര്‍ഥമായി കരുനീക്കങ്ങള്‍ നടത്താനുള്ള പാടവവും പരിചയവും ബഗ്ദാദിക്ക് ഉണ്ടായിരുന്നു താനും. ഇറാഖിന് പുറത്ത് ഒരിടത്തും ബഗ്ദാദി സായുധപ്പോരാട്ടം നടത്തിയിട്ടില്ലെങ്കിലും, അല്‍ഖാഇദയുടെയും ത്വാലിബാന്റെയും വിജയകരമായ ഓപ്പറേഷനുകളെ അയാള്‍ സൂക്ഷ്മമായി പഠിച്ചിരുന്നു. തിരിച്ചടിയേല്‍ക്കുമെന്ന് സൂചന കിട്ടിയാല്‍ മതി അവിടെ നിന്ന് ഐ.എസ് പിന്‍വാങ്ങിയിരിക്കും; സൈനികരെ നഷ്ടമാവാതെയും ആയുധങ്ങള്‍ കൈമോശം വരാതെയും. ഈ പിന്‍വാങ്ങല്‍ തന്ത്രം മനസ്സിലാക്കാതെ പ്രതിയോഗികള്‍ 'വിജയം' ആഘോഷിച്ച സന്ദര്‍ഭങ്ങളുണ്ട്.
ബഗ്ദാദിക്ക് രണ്ട് ഭാര്യമാരെങ്കിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒന്നാം ഭാര്യയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. സജാ ഹാമിദ് ദുലൈമി എന്നാണ് രണ്ടാം ഭാര്യയുടെ പേര്. ഈ വിവാഹം നടന്നത് 2011-ലാണ്. ബഗ്ദാദിയുടെ രാഷ്ട്രീയ നില ഭദ്രമാക്കിയ വിവാഹമായിരുന്നു അത്. സജാ ഹാമിദ് വിധവയായിരുന്നു. അവരുടെ ഭര്‍ത്താവ് അന്‍ബാര്‍ പ്രവിശ്യയിലെ 'ജൈശുര്‍റാശിദീന്‍' എന്ന പോരാളി സംഘത്തിലാണുണ്ടായിരുന്നത്. 2010-ല്‍ അദ്ദേഹം വധിക്കപ്പെട്ടു. സജയുടെ കുടുംബം മുഴുവന്‍ ഇത്തരം സായുധ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. സജയുടെ പിതാവ് സിറിയയില്‍ ഐ.എസ് കമാണ്ടറായിരിക്കെ 2013-ലാണ് വധിക്കപ്പെട്ടത്. ഇവരുള്‍പ്പെടുന്ന ദുലൈം ഗോത്രം അറബ് ലോകത്തെ തന്നെ ഏറ്റവും വലിയ ഗോത്രങ്ങളിലൊന്നാണത്രേ. ഏഴ് ദശലക്ഷം അംഗങ്ങളുള്ള ഗോത്രം! വിവാഹ ബന്ധത്തിലൂടെ ഈ ഗോത്രത്തിന്റെ ഏതാണ്ടെല്ലാ ഉപശാഖകളുടെയും പിന്തുണ ഉറപ്പിക്കാന്‍ ബഗ്ദാദിക്ക് സാധ്യമായി. അമേരിക്ക ധനസഹായം നല്‍കിയിരുന്ന സുന്നി സഖ്യമായ 'സ്വഹ്‌വാത്ത്' ഐ.എസിനെ ചെറുക്കുന്നതില്‍ തോറ്റ് പോയത് ഈ ഗോത്ര പിന്‍ബലം കൊണ്ടായിരുന്നു.
അപ്രതീക്ഷിത സ്ഥാനക്കയറ്റം
തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ ബഗ്ദാദിലെ ദരിദ്രത്തെരുവുകളിലൊന്നായ ത്വബ്ശിലെ പള്ളിയിലാണ് ബഗ്ദാദിയെ കാണാറുണ്ടായിരുന്നത്. പ്രസംഗവൈഭവം മിനുക്കിയെടുക്കുന്നത് ഇവിടെവെച്ചാണ്. പള്ളിയില്‍ ഇമാമില്ലെങ്കില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാനും ആവശ്യമെന്ന് വന്നാല്‍ വെള്ളിയാഴ്ച ഖുത്വ്ബ പറയാനുമൊക്കെ അയാള്‍ ഉണ്ടാകും. കായിക വിനോദത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. ബിന്‍ലാദന്റേത് ബാസ്‌കറ്റ് ബോളായിരുന്നെങ്കില്‍, ബഗ്ദാദിയുടേത് ഫുട്‌ബോളായിരുന്നു; സ്‌ട്രൈക്കറുടെ പൊസിഷനില്‍. 'മെസ്സി'യുടെ കളിയായിരുന്നുവത്രേ. പക്ഷെ, പെട്ടെന്ന് തന്നെ കായിക രംഗമൊക്കെ വിട്ട് മതഗ്രന്ഥങ്ങളിലും മറ്റും മുഴുശ്രദ്ധയും കേന്ദ്രീകരിച്ചു. സാമര്‍റയിലെ പള്ളിയില്‍ ബഗ്ദാദി നടത്തിയിരുന്ന 'തീപ്പൊരി ജുമുഅ' പ്രസംഗം കേള്‍ക്കാന്‍ തീവ്രചിന്താഗതിക്കാര്‍ ഒത്തുകൂടാറുണ്ടായിരുന്നു. 2003-ലെ അമേരിക്കന്‍ അധിനിവേശം നടക്കുമ്പോള്‍ സര്‍ഖാവിയുടെ 'അത്തൗഹീദു വല്‍ ജിഹാദു'മായി ബഗ്ദാദി ബന്ധം സ്ഥാപിച്ചിട്ടുണ്ടാവണം. പക്ഷെ, സര്‍ഖാവിക്ക് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തിരിക്കാനിടയില്ല.
2004-ല്‍ സായുധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ബഗ്ദാദിയെയും ഒരുപറ്റം സഹപ്രവര്‍ത്തകരെയും അമേരിക്കന്‍ സൈന്യം പിടികൂടി ഇറാഖി മരുഭൂമിയിലെ 'ബൂക്ക' തടവറയില്‍ പാര്‍പ്പിച്ചു. ബഗ്ദാദിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ തടവ് ജീവിതം. ഐ.എസിനെക്കുറിച്ച ഇംഗ്ലീഷ് പുസ്തങ്ങളില്‍ പറയുന്നത് ബഗ്ദാദി എന്ന ഭീകരവാദി ജനിക്കുന്നത് ഇവിടെ വെച്ചാണെന്നാണ്. ഈ തടവ് ജീവിതകാലത്ത് എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. തങ്ങളുടെ പ്രതിയോഗികളെ നേരിടാന്‍ അമേരിക്ക ബഗ്ദാദിക്കും കൂട്ടര്‍ക്കും പരിശീലനം നല്‍കുകയായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുന്നു. അങ്ങനെയാണ് ഐ.എസ് അമേരിക്കന്‍ സൃഷ്ടിയാണെന്ന അഭിപ്രായമുയര്‍ന്നത്. ഏതായാലും, വിചാരണകളോ കാര്യമായ ശിക്ഷകളോ ഇവിടെ ഉണ്ടായിരുന്നില്ല. തടവുകാര്‍ക്ക് പരസ്പരം ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. ഇറാഖികളും വിദേശികളുമായ തടവുകാര്‍ക്ക് ബഗ്ദാദി ഇവിടെ വെച്ച് ക്ലാസുകള്‍ എടുത്തിരിക്കണം. തന്റെ തീവ്ര ആശയങ്ങള്‍ അവരിലേക്ക് പകര്‍ന്നിരിക്കണം. അങ്ങനെ 2006-ല്‍ ഈ തടവുകാരോടൊപ്പം ബഗ്ദാദി മോചിതനാവുമ്പോള്‍ അവരുടെ നേതാവായി മാറിക്കഴിഞ്ഞിരുന്നു അയാള്‍. ഈ മുന്‍ തടവുകാരെ സംഘടിപ്പിച്ച് 'ജയ്ശു അഹ്‌ലിസ്സുന്ന വല്‍ ജമാഅ' എന്ന സായുധ സംഘത്തിന്റെ രൂപവല്‍ക്കരണത്തില്‍ ബഗ്ദാദി പങ്കാളിയാവുകയും ചെയ്തു. മുമ്പ് താന്‍ ഖുത്വ്ബ നടത്തിയിരുന്ന ദിയാല, ബഗ്ദാദ്, സാമര്‍റ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ഈ സമയത്ത് സര്‍ഖാവിയുടെ വലംകൈയായി ഉണ്ടായിരുന്നത് അബൂഹംസ അല്‍ മുഹാജിര്‍ എന്നൊരാളായിരുന്നു. അബൂഹംസയുമായി ബഗ്ദാദിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.
2006-ല്‍ സര്‍ഖാവി വധിക്കപ്പെട്ടപ്പോള്‍, ചിതറിക്കിടക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ ഒരേ കുടക്കീഴില്‍ കൊണ്ടുവന്നില്ലെങ്കില്‍ അതിജീവനം സാധ്യമാകില്ലെന്ന് അബൂഹംസക്ക് ബോധ്യമായി. അങ്ങനെ, സര്‍ഖാവി നേരത്തെ നേതൃത്വം നല്‍കിയിരുന്ന തന്‍ളീമു ഖാഇദതില്‍ ജിഹാദ് ഫീ ബിലാദിര്‍റാഫിദീനെയും, ത്വാഇഫതുല്‍ മന്‍സ്വൂറ, സറായാ അന്‍സ്വാര്‍ അത്തൗഹീദ്, സറായല്‍ ഗുറബാ, കതാഇബുല്‍ അഹ്‌വാല്‍ തുടങ്ങിയ ചെറുഗ്രൂപ്പുകളെയും ഒന്നിപ്പിച്ചു. അതിലേക്ക് അബൂഹംസ, ബഗ്ദാദിയുടെ 'അഹ്‌ലുസ്സുന്ന വല്‍ ജമാഅ'യെയും ക്ഷണിച്ചു. അത് ബാഗ്ദാദി സ്വീകരിച്ചതോടെയാണ് സര്‍ഖാവിയുടെ ഭീകരധാരയിലേക്ക് ബഗ്ദാദി എത്തുന്നത്. ഈ സംഘങ്ങള്‍ക്കെല്ലാം പ്രാതിനിധ്യമുള്ള 'മജ്‌ലിസ് ശൂറല്‍ മുജാഹിദീന്‍' എന്ന വേദി രൂപീകരിക്കുകയും ചെയ്തു. ആ ഉന്നത സമിതിയില്‍ ബഗ്ദാദിയും അംഗമായി. ഏറെ താമസിയാതെ അത് 'ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ്' എന്ന പേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ഉന്നത സമിതിയെ അതേപടി നിലനിര്‍ത്തി. ഇതിന്റെ തലപ്പത്ത് ഇറാഖി പൗരന്‍ തന്നെ വരണമെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന്, സര്‍ഖാവിയുടെ പിന്‍ഗാമിയായി അബൂഉമര്‍ അല്‍ബഗ്ദാദി തെരഞ്ഞെടുക്കപ്പെട്ടു. വിദേശികള്‍ നേതൃസ്ഥാനത്ത് വരുന്നത് സ്വദേശികള്‍ക്ക് നീരസമുണ്ടാക്കും എന്നായിരുന്നു ന്യായം. ഖുറൈശി ഗോത്രശാഖകളിലേതോ ഒന്നായിരുന്നു അബൂഉമറിന്റെതും.
2010-ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ അബൂഉമറും വധിക്കപ്പെട്ടതോടെ, ഇനിയാര് നേതൃത്വം നല്‍കും എന്ന ചോദ്യമുയര്‍ന്നു. 'ഇസ്‌ലാമിക് സ്റ്റേറ്റി'ന്റെ 80 ശതമാനം നേതാക്കളെയും തങ്ങള്‍ വകവരുത്തി എന്നായിരുന്നു അന്ന് അമേരിക്ക ഊറ്റം കൊണ്ടിരുന്നത്. ഐ.എസിന്റെ ഉന്നതാധികാര സമിതി ചേര്‍ന്നപ്പോള്‍ പതിനൊന്ന് അംഗങ്ങളില്‍ ഒമ്പത് പേരും അബൂബക്കര്‍ ബഗ്ദാദിക്ക് വോട്ട് ചെയ്തു. പ്രായവും പരിചയവുമുള്ള നിരവധി പേരെ മറികടന്നാണ് അബൂബക്കര്‍ ബഗ്ദാദി 'ഇസ്‌ലാമിക് സ്റ്റേറ്റി'ന്റെ തലപ്പത്തെത്തുന്നത്.
ഇറാഖില്‍ മാത്രമല്ല തൊട്ടടുത്ത സിറിയയിലും സര്‍വത്ര അരാജകത്വമായിരുന്നു. അവിടേക്കും തന്റെ സ്വാധീന മേഖല നീട്ടാന്‍ കുശാഗ്ര ബുദ്ധിയായ ബഗ്ദാദിക്ക് ഏറെ ആലോചിക്കേണ്ടി വന്നില്ല. സിറിയയിലെ റഖ്ഖ കൈവശപ്പെടുത്തി അവിടെയും ഒരു ബ്രാഞ്ച് തുടങ്ങി. സംഘടനയുടെ പേരിലും വന്നു ചെറിയ മാറ്റം-ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ (ഐ.എസ്.ഐ.എസ്). സിറിയയില്‍ ബ്രാഞ്ചിടുന്നതിനെ അല്‍ഖാഇദ സുപ്രീമോ അയ്മന്‍ ളവാഹിരി എതിര്‍ത്തു നോക്കിയെങ്കിലും ബഗ്ദാദി പുല്ലുവില കല്‍പ്പിച്ചില്ല. അല്‍ഖാഇദ ചിത്രത്തിലേ ഇല്ലെന്നായി. ലക്ഷ്യം ഇറാഖും സിറിയയും പിടിക്കുന്നതില്‍ ഒതുങ്ങില്ലെന്നും ബഗ്ദാദി വ്യക്തമാക്കിക്കഴിഞ്ഞു. പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനും ഇസ്‌ലാമിന്റെ വിശുദ്ധ ഭൂമികളായ മക്കയും മദീനയുമൊക്കെ ലിസ്റ്റില്‍ ഉണ്ടത്രേ. പല കാരണങ്ങളാല്‍ പാശ്ചാത്യ ശക്തികളോടും അവരുടെ പിണിയാളുകളായ തദ്ദേശീയ അറബ് ഭരണകൂടങ്ങളോടും മുസ്‌ലിം ജനസാമാന്യത്തിനുള്ള വെറുപ്പും രോഷവും മുതലെടുക്കാന്‍ തന്നെയാണ് ഐ.എസ് അതിഭീകര നരഹത്യകള്‍ നടത്തുന്നതും അതിതീവ്രപ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നതും. മുസ്‌ലിം മുഖ്യധാര അവയെ തള്ളുമെങ്കിലും, ഇത് വഴി അറബ് ക്ഷുഭിത യൗവനത്തിന്റെ ഒരു ഭാഗമെങ്കിലും അടര്‍ത്തിയെടുത്ത് തങ്ങളോടൊപ്പം ചേര്‍ക്കാമെന്ന് ഐ.എസ് സ്വപ്നം കാണുന്നുണ്ടാവണം.
(തുടരും)
കുറിപ്പ്:
1. അദ്ദൗല അല്‍ ഇസ്‌ലാമിയ്യ: അല്‍ജുദൂര്‍, തവഹ്ഹുശ്, മുസ്തഖ്ബല്‍, പേജ് 46
Comments