Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

നമ്മിലെ സ്‌നേഹത്തെ പുതുക്കുന്നു ഈദ്

ഡോ. മുസ്തഫസ്സിബാഈ /കവര്‍‌സ്റ്റോറി

         ഒരു പെരുന്നാളിന്റെ പടിവാതില്‍ക്കലാണ് നാമുള്ളത്.  ബലിയും ദാനധര്‍മങ്ങളും കുടുംബസൗഹൃദ സന്ദര്‍ശനങ്ങളും പുതുപുത്തന്‍ വസ്ത്രങ്ങളുമായി നാമതിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. മനുഷ്യമനസ്സുകളുടെ ഇണക്കം, സ്‌നേഹബന്ധങ്ങളിലെ പുത്തനുണര്‍വ്, കുടുംബ ബന്ധങ്ങള്‍ ചാര്‍ത്തല്‍, ജനങ്ങള്‍ക്കിടയിലെ പരസ്പര സഹകരണം ഊട്ടിയുറപ്പിക്കല്‍ തുടങ്ങിയവയെല്ലാം പെരുന്നാളിന്റെ സാമൂഹിക പ്രസക്തി വിളിച്ചോതുന്നു. പെരുന്നാള്‍ സുദിനത്തില്‍ ഹൃദയങ്ങള്‍ കൂടുതല്‍ അടുക്കുന്നു, വിദ്വേഷവും പകയുമെല്ലാം മറന്നു വീണ്ടും ഒന്നിക്കുകയും പരസ്പരം ആശ്ലേഷിക്കുകയും ചെയ്യുന്നു. അങ്ങനെ സാമൂഹിക ബന്ധങ്ങള്‍ പുതുക്കുന്നതിനും സ്‌നേഹവും സാഹോദര്യവും സുദൃഢമാക്കുന്നതിനും പെരുന്നാള്‍ സഹായകമാകുന്നു.

ദരിദ്രരോടും അശരണരോടുമുള്ള ബാധ്യതകളെക്കുറിച്ച് സമൂഹത്തെ ഉദ്ബുദ്ധമാക്കുന്നു എന്നത് പെരുന്നാളിന്റെ സുപ്രധാന സാമൂഹിക ഫലങ്ങളിലൊന്നാണ്. ചെറിയ പെരുന്നാളിലെ നിര്‍ബന്ധബാധ്യതയായ ഫിത്വ്ര്‍ സകാത്തും ബലിപെരുന്നാള്‍ സുദിനത്തിലെ ബലിമാംസ വിതരണവും, ഈ ദിനത്തില്‍ ഒരാളും പട്ടിണികിടക്കരുതെന്നും എല്ലാ വീടുകളിലും സന്തോഷം കളിയാടണമെന്നുമുള്ള ഉദാത്ത ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. പെരുന്നാള്‍ അമ്പിളി മാനത്തുദിച്ചുയരുമ്പോള്‍ എല്ലാ മനസ്സുകളിലും ആനന്ദപ്പൂത്തിരി അലയടിക്കേണ്ടതുണ്ട്. ഭാഷയും ദേശവും ഭിന്നമാണെങ്കിലും പാശ്ചാത്യരും പൗരസ്ത്യരുമായ മുഴുവന്‍ വിശ്വാസികളും അവരുടെ സന്തോഷത്തിലും സന്താപത്തിലും പെരുന്നാള്‍ സുദിനത്തില്‍ ഭാഗഭാക്കാവുകയാണ്. 

ഒരു സമൂഹത്തിന്റെ ആഘോഷദിനങ്ങള്‍ അവരുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അവരുടെ ധാര്‍മിക വൈകാരിക ശിക്ഷണങ്ങളുടെ പച്ചയായ പ്രകടനമാണ് ആഘോഷങ്ങളില്‍ തെളിയുന്നത്. ഒരു ഉല്‍കൃഷ്ട സമൂഹത്തിന്റെ ആഘോഷങ്ങള്‍ അവരുടെ സാമൂഹികവും മാനവികവും ധാര്‍മികവുമായ ഔന്നത്യത്തിന്റെ ഉദാത്തമായ പ്രകടനങ്ങളായിരിക്കും. പരസ്പര സ്‌നേഹവും ആഹ്ലാദവും പങ്കുവെക്കുന്നതോടൊപ്പം കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും സദ്‌വികാരങ്ങള്‍ അവരില്‍ അലയടിക്കും. യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും വരള്‍ച്ചയുടെയും കെടുതികള്‍ അനുഭവിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള സഹോദരങ്ങളെക്കുറിച്ചുള്ള സ്മരണകളാല്‍ മുഖരിതമാകും അവരുടെ മനസ്സ്. എന്നാല്‍ ഇന്നത്തെ നമ്മുടെ ആഘോഷവേളകളില്‍ സാമൂഹികവും മാനുഷികവുമായ ഈ വികാരങ്ങള്‍ എത്രത്തോളം പ്രതിഫലിക്കുന്നു എന്ന് നാം ഗൗരവത്തില്‍ ആലോചിക്കണം.

സാമൂഹിക സഹകരണത്തിന്റെ ചില ശേഷിപ്പുകള്‍ നമ്മുടെ ആഘോഷങ്ങള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു എന്നതില്‍ സംശയമില്ല. പക്ഷേ, നാം നമ്മുടെ വിനോദത്തിനും വാഹനങ്ങള്‍ക്കും  വിവാഹങ്ങള്‍ക്കുമായി ചെലവഴിക്കുന്നതു നോക്കുമ്പോള്‍ തുലോം തുഛമാണിത്. സഹായത്തിന് അര്‍ഹര്‍ ആര് എന്ന് ചോദിക്കുന്ന ചിലരെ കാണാം. യഥാര്‍ഥത്തില്‍ പ്രയാസവും പ്രതിസന്ധിയുമനുഭവിക്കുന്ന  സമൂഹത്തിലെ അനേകായിരങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാത്തവരുടെയും ശ്രദ്ധയില്ലാത്തവരുടെയും ഭാഗത്തുനിന്ന് ഉയരുന്ന ചോദ്യമാണിത്. തങ്ങളുടെ പ്രയാസങ്ങള്‍ കടിച്ചൊതുക്കി പുറത്ത് മാന്യമായി നടക്കുന്നവരെ കാണുമ്പോള്‍ അവരുടെ ഉള്ള് കാണാന്‍ കഴിയാത്തവര്‍ വിചാരിക്കും അവര്‍ സമ്പന്നരാണെന്ന്. അഭിമാനബോധത്താല്‍ ആരുടെ മുമ്പിലും കൈനീട്ടാന്‍ ഒരുക്കമല്ലാത്ത ഇക്കൂട്ടരുടെ പെരുന്നാളുകള്‍ ചിലപ്പോള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കും. സമൂഹത്തില്‍ കാരുണ്യത്തിനും സഹായത്തിനും ഏറ്റം അര്‍ഹരായ ഇത്തരക്കാരെ കുടുംബ ബന്ധവും അയല്‍പക്കബന്ധവും അടുത്ത സൗഹൃദവും സൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. 

നമ്മുടെ പൂര്‍വികര്‍ ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു പെരുന്നാളിന്റെ രാവില്‍ തന്റെ ആവശ്യങ്ങളേക്കാള്‍ സഹോദരന്റെ ആവശ്യത്തിനും തന്റെ മക്കളേക്കാള്‍ സഹോദരന്റെ മക്കളുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതായി കാണാം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വിശ്രുത പണ്ഡിതനായ ഇമാം വാഖിദി തന്റെ ശ്രദ്ധേയമായ ഒരനുഭവം വിവരിക്കുന്നുണ്ട്. ''എനിക്ക് ആത്മബന്ധമുള്ള രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അവരിലൊരാള്‍ ഹാശിമി ആയിരുന്നു. ഞാന്‍ കടുത്ത സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരു പെരുന്നാള്‍ വരുന്നത്. എന്റെ സഹധര്‍മിണി എന്റെയടുത്ത് വന്നു പറഞ്ഞു: 'നമുക്ക് ഇപ്പോള്‍ ഏത് പ്രയാസങ്ങളെയും ക്ഷമയോടെ അതിജീവിക്കാന്‍ കഴിയും. എന്നാല്‍ നമ്മുടെ അരുമമക്കള്‍.... അവര്‍ നമ്മുടെ കരളിന്റെ കഷ്ണങ്ങളാണ്.. എല്ലാ കുട്ടികളും പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍ വസ്ത്രങ്ങളുമായി  വരുമ്പോള്‍ അവര്‍ മാത്രം കീറിത്തുടങ്ങിയ വസ്ത്രങ്ങളുമായി പെരുന്നാള്‍ കഴിച്ചുകൂട്ടുന്നത് നമുക്ക് സഹിക്കാനാവുമോ? അതിനൊരു  പരിഹാരം കാണാനുള്ള മാര്‍ഗം താങ്കള്‍ അന്വേഷിക്കൂ...' ഞാന്‍ സമ്മതിച്ചു. ഞാന്‍ എന്റെ ഹാശിമീ ആയ സുഹൃത്തിന് ഒരു കത്തെഴുതി. താമസിയാതെ ആയിരം ദിര്‍ഹമടങ്ങുന്ന ഒരു കവര്‍ അദ്ദേഹം എന്നെ ഏല്‍പിച്ചു. അതേ സമയത്താണ് എന്റെ മറ്റൊരു സുഹൃത്തിന്റെ ഇതേ ആവശ്യം ഉന്നയിച്ചുള്ള ഒരു കത്ത് എന്നെ തേടിയെത്തുന്നത്. എനിക്ക് ലഭിച്ച ആ കവര്‍ അതേ പോലെ അവന് നല്‍കുകയും കാര്യങ്ങളെല്ലാം എന്റെ സഹധര്‍മിണിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ചെയ്തതില്‍ അവള്‍ എന്നെ ആക്ഷേപിച്ചുമില്ല. അടുത്തദിവസം ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ ഹാശിമീ ആയ സുഹൃത്ത് ആ കവറുമായി എന്റെയടുത്ത് വന്നിട്ട് എന്നോട് ചോദിച്ചു: 'സഹോദരാ, താങ്കള്‍ എന്താണ് ചെയ്തത്! ഞാന്‍ താങ്കള്‍ക്ക് ദാനമായി തന്ന ഈ പണം എനിക്ക് തന്നെ തിരിച്ചുതരികയോ?!' എന്നിട്ട് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. 'താങ്കള്‍ എന്നോട് ഒരു ആവശ്യം ഉന്നയിച്ചപ്പോള്‍ എന്റെയടുത്ത് ഉണ്ടായിരുന്ന ആയിരം ദിര്‍ഹം മുഴുവനായി താങ്കള്‍ക്ക് നല്‍കുകയായിരുന്നു. പിന്നീട് ഞാന്‍ സഹായത്തിനായി നമ്മുടെ മറ്റേ സുഹൃത്തിന്റെയടുത്ത് എത്തിയപ്പോള്‍ ഞാന്‍ താങ്കള്‍ക്ക് നല്‍കിയ ആ ആയിരം ദിര്‍ഹമിന്റെ കവര്‍ അദ്ദേഹം എനിക്ക് അതേപടി നല്‍കുകയാണുണ്ടായത്.' മൂന്നു പേരുടെയും അവസ്ഥ തിരിച്ചറിഞ്ഞ ഞങ്ങള്‍ ആ ആയിരം ദിര്‍ഹം വീതിച്ചു മുന്നൂറ് ദിര്‍ഹം വീതം ഓരോരുത്തരും എടുക്കുകയും നൂറ് ദിര്‍ഹം പ്രയാസമനുഭവിക്കുന്ന ഒരു സ്ത്രീക്ക് നല്‍കുകയും ചെയ്തു. ഈ സംഭവം ആരോ ഖലീഫ മഅ്മൂന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും ഏഴായിരം ദീനാര്‍ കൊടുത്തയക്കുകയും ചെയ്തു. രണ്ടായിരം ദീനാര്‍ വീതം ഞങ്ങളോരോരുത്തരും വീതിച്ചെടുത്തു. ആയിരം ദീനാര്‍ ആ സ്ത്രീക്ക് നല്‍കി.'' നമ്മുടെ പൂര്‍വികര്‍ നമുക്ക് പകര്‍ന്നു നല്‍കിയ സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഉദാത്തമായ മാതൃകയാണിത്.

ഈ പെരുന്നാള്‍ സുദിനത്തില്‍ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ച് ദീനിന്റെ സംരക്ഷണത്തിനായി ജീവന്മരണപോരാട്ടത്തിലേര്‍പ്പെട്ടുകഴിയുന്ന നമ്മുടെ സഹോദരന്മാരെ ഓര്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? പലവിധ ജീവിത പ്രയാസങ്ങള്‍ കാരണം ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പലായനം ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ക്ക് വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമുണ്ടാകണം. മാന്യമായ ജോലികള്‍ ലഭിക്കണം. എന്നാല്‍ അവരെ കുറിച്ച് ഓര്‍ക്കാനും സഹായിക്കാനും ഇന്ന് നാം സമയം കണ്ടെത്തുന്നുണ്ടോ? അധിനിവേശ ശക്തികള്‍ക്കെതിരെ കനത്ത പോരാട്ടങ്ങള്‍ അറേബ്യയുടെ നാനാഭാഗത്തും അലയടിച്ചുകൊണ്ടിരിക്കുന്നു. ശത്രുക്കള്‍ ആയിരക്കണക്കിന് ഭവനങ്ങള്‍ തകര്‍ത്തു.... പതിനായിരങ്ങളെ കൊന്നൊടുക്കി.... സര്‍വായുധസജ്ജരായ വൈദേശിക ശക്തികളോട് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യവും അഭിമാനവും തിരിച്ചുപിടിക്കാന്‍ വേണ്ടി ആയിരക്കണക്കിന് സഹോദരന്മാര്‍ ഇപ്പോഴും ജീവന്‍ മരണ പോരാട്ടങ്ങളിലാണ്. അവര്‍ക്ക് വേണ്ടി നാം എന്താണ് സമര്‍പ്പിച്ചിട്ടുള്ളത്? ഈ പെരുന്നാള്‍ ദിനത്തില്‍ അവര്‍ക്കായി എന്താണ് നാം കരുതിവെച്ചിട്ടുള്ളത്?

നമ്മുടെ ആഘോഷങ്ങള്‍ കേവലം പൊങ്ങച്ച പ്രകടനങ്ങളായി പരിണമിക്കുകയാണോ? വീടിന്റെ നെടും തൂണായ പിതാക്കളെ നഷ്ടപ്പെട്ടവര്‍, എല്ലാമെല്ലാമായ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട വിധവകള്‍, പോരാട്ട ഭൂമിയില്‍ പരിക്കുപറ്റി കഴിയുന്നവര്‍ ഇവരെക്കുറിച്ചോര്‍ത്ത്  ഒരു തേങ്ങലുമില്ലാതെ പുത്തനുടുപ്പുകളും ധരിച്ച് കൂട്ടുകുടുംബക്കാരോടൊപ്പം ഇസ്‌ലാമിന്റെ സുന്ദരമായ ഗതകാല സ്മരണകള്‍ അയവിറക്കി കഴിഞ്ഞുകൂടുകയാണോ നാം?... അതിനാല്‍ തന്നെ നമ്മുടെ ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ നാം സ്വയം ഏര്‍പ്പെടുത്തേണ്ടതുണ്ട്. പോരാട്ടത്തിന്റെ രണഭൂമിയില്‍ കഴിയുന്ന സഹോദരന്മാരെ  ഓര്‍ക്കാനും കൈമെയ്മറന്നു അവരെ സഹായിച്ചുകൊണ്ട് സാഹോദര്യബന്ധം ഊഷ്മളമാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. നമ്മുടെ മുഖത്ത് ഈ ദുഃഖഭാരം ദൃശ്യമാകേണ്ടതുണ്ട്. ലോകമനസ്സാക്ഷിയുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായ ഫലസ്ത്വീനെ നാം ഒരിക്കലും വിസ്മരിക്കരുത്.  നമ്മുടെ മണ്ണും വിണ്ണും അധീനപ്പെടുത്തി സ്വാതന്ത്ര്യവും അഭിമാനവും കൊള്ളയടിച്ച് തടിച്ചുകൊഴുക്കുന്ന രാക്ഷസവീരന്മാരായ വൈദേശിക ശക്തികളുടെ ഗൂഢ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

പ്രിയ സഹോദരന്മാരേ, 

ഈ സന്ദര്‍ഭത്തില്‍ അല്ലാഹുവിന് ഏറ്റം പ്രിയപ്പെട്ട, മാനുഷിക മര്യാദയനുസരിച്ചുള്ള ചില കരുതലുകള്‍ കൂടി നാം സ്വീകരിക്കണം. നിങ്ങളുടെ ചുറ്റുമുള്ള അശരണരെയും ആലംബഹീനരെയും കണ്ടെത്തുക. അവര്‍ക്ക് നിങ്ങള്‍ തണലായിത്തീരുക. സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാന്ത്വനത്തിന്റെ വര്‍ത്തമാനങ്ങളുമായി അവരുടെ മനസ്സുകളില്‍ ആശ്വാസത്തിന്റെ കുളിനീര്‍ പെയ്യിക്കുക. നിങ്ങളുടെ അരുമമക്കളെ ആശ്ലേഷിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുക... ഇണകളോട് കൂടുതല്‍ ഐക്യപ്പെടുക. അതേസമയം മാതാപിതാക്കളുടെ സംരക്ഷണവും വാത്സല്യവും ലഭിക്കാത്ത അനാഥ ബാല്യങ്ങളെ കുറിച്ചോര്‍ക്കുക. വേദനകള്‍ കടിച്ചിറക്കുന്ന വിധവകളെ കുറിച്ചുമോര്‍ക്കുക. നാടിന്റെ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സ്വസ്ഥതയും വീണ്ടെടുക്കാന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ പോലും പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന നിങ്ങളുടെ സഹോദരന്മാരെ കുറിച്ചോര്‍ക്കുക. നിങ്ങളുടെ സഹോദരനേല്‍ക്കുന്ന ഓരോ മുറിവും നിങ്ങളുടെ കൂടി മുറിവാകണം. സഹോദരന്റെ ഒരാവശ്യം പൂര്‍ത്തീകരിക്കുന്നത് സ്വന്തം ആവശ്യം പൂര്‍ത്തീകരിച്ചുകൊടുക്കുന്നത് പോലെയാണ്. നന്മയുടെ മാര്‍ഗത്തില്‍ നിങ്ങള്‍ വ്യയം ചെയ്യുന്നതും മറ്റു സല്‍കര്‍മങ്ങളില്‍ വ്യാപൃതരാകുന്നതുമെല്ലാം നിങ്ങള്‍ക്കു തന്നെ വേണ്ടിയാണ് (അല്‍ബഖറ 272, ഫുസ്സ്വിലത്ത് 46) എന്നാണ് ഖുര്‍ആന്റെ അധ്യാപനം. പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അത്യുദാരമായ കാഴ്ചപ്പാടുകളാണ് പ്രവാചകന്‍ സമര്‍പ്പിച്ചത്. 'ഒരു വിശ്വാസിയുടെ പ്രയാസം ലഘൂകരിച്ചുകൊടുക്കാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ അല്ലാഹു പരലോകത്ത് അവന്റെ പ്രയാസങ്ങള്‍ ദൂരീകരിച്ചുകൊടുക്കും', 'ഒരു അടിമ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അല്ലാഹു അവനെ സഹായിച്ചുകൊണ്ടിരിക്കും'. മാത്രമല്ല, 'വിശ്വാസികളുടെ കാര്യങ്ങളില്‍ ശ്രദ്ധയോ താല്‍പര്യമോ ഇല്ലാത്തവന്‍ വിശ്വാസികളുടെ ഗണത്തില്‍ ഉള്‍പ്പെടുകയില്ല ' എന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. അതിനാല്‍ ഒറ്റ മനസ്സോടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരാവുക നാം. ഇതു തന്നെയാണ് പെരുന്നാളിന്റെ പൊരുളും. 

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട് 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍