Prabodhanm Weekly

Pages

Search

2015 സെപ്റ്റംബര്‍ 25

ഇത്ര ധൃതിയില്‍ എങ്ങോട്ടാണ്?

മജീദ് കുട്ടമ്പൂര്‍ /ലൈക് പേജ്

         എല്ലാവരും തിരക്കിലാണിന്ന്. കൃത്യമായ പണിയൊന്നുമില്ലാത്തവനും വലിയ തിരക്കിലാണെന്നാണ് പറയുക. മരണ വീട്ടിലായാലും കല്യാണ വീട്ടിലായാലും തന്റെ സാന്നിധ്യം ഒന്നറിയിച്ച് മുഖം കാണിച്ച് തടിതപ്പാനാെണല്ലാവര്‍ക്കും വെമ്പല്‍.

തിരക്കിന്റെ ഒരു ഓളം മിക്കവരിലുമുണ്ട്; ആരും കാഴ്ചക്കാരല്ലാത്ത എല്ലാവരും പങ്കെടുക്കുന്ന ഒരു മത്സരം പോലെ. ഏതൊരാളെ നിരീക്ഷിച്ചാലും അവരുടെ പ്രവൃത്തികള്‍ക്ക് പിന്നില്‍ താനും ഒരു മത്സരത്തില്‍ പങ്കെടുക്കുകയാണെന്ന ഭാവം കാണാം.

യഥാര്‍ഥത്തില്‍ പോയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ ആളുകള്‍ക്ക് ധാരാളം സമയം ബാക്കിയാവേണ്ടതാണ്. മുമ്പ് ദിവസങ്ങള്‍ കൊണ്ടും മണിക്കൂറുകള്‍ കൊണ്ടും ചെയ്തിരുന്ന ജോലികള്‍ മിക്കതും മിനിറ്റുകള്‍ കൊണ്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. മണിക്കൂറുകള്‍ കൊണ്ട് നടന്നെത്തേണ്ടിയിരുന്ന ദൂരം മിനിറ്റുകള്‍ കൊണ്ടെത്താനുള്ള സൗകര്യങ്ങളുമുണ്ട്. ദിവസങ്ങളോളം സഞ്ചരിച്ചെത്താമായിരുന്ന ഇടങ്ങളില്‍ മണിക്കൂറുകള്‍കൊണ്ടെത്താം. ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം അവരുടെ സകല പ്രവര്‍ത്തന മേഖലകളിലും ആധുനിക യന്ത്ര സൗകര്യങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. അലക്കാനും അരക്കാനും ഇടിക്കാനും പൊടിക്കാനും പാകം ചെയ്യാനും എന്നുവേണ്ട എല്ലാറ്റിനും യന്ത്രങ്ങള്‍! പണ്ടൊക്കെ അടുക്കളയില്‍ ചെലവഴിച്ചിരുന്ന സമയത്തിന്റെയും അധ്വാനത്തിന്റെയും ക്ലേശത്തിന്റെയും നൂറിലൊരംശം പോലും ഇന്നനുഭവിക്കുകയോ സഹിക്കുകയോ ചെയ്യേണ്ടതില്ല. 

പുറം ലോകത്തെ സ്ഥിതിയും വ്യത്യസ്തമല്ല. വിതയ്ക്കാനും കൊയ്യാനും കള പറിക്കാനും യന്ത്രങ്ങള്‍.. ദിവസങ്ങളോളം തല പുകഞ്ഞാലോചിച്ച് ഗുണിച്ചും ഗണിച്ചും കൂട്ടിയിരുന്ന കാര്യങ്ങള്‍ നിമിഷങ്ങള്‍ക്കകം കമ്പ്യൂട്ടറിലോ, ഇന്റര്‍നെറ്റിലോ റെഡി... ദിവസങ്ങള്‍ കാത്തിരുന്ന് കിട്ടുമായിരുന്ന എഴുത്തോ സന്ദേശമോ നിമിഷങ്ങള്‍ കൊണ്ട് കിട്ടുന്നു. എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കാര്യങ്ങളെല്ലാം ചെയ്തിട്ടും ആര്‍ക്കും സമയമില്ലത്രേ! സമയമില്ലായ്മയുടെയും ധൃതിയുടെയും പരാതിയാണ് പലര്‍ക്കും. 

സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സമയ ലാഭം ഉണ്ടാക്കിയിട്ടും അതെല്ലാം എവിടെയോ ചോര്‍ന്ന് പോകുന്നു. ഒട്ടേറെ സമയം കിട്ടിയിട്ടും പല നന്മകളും ഇന്നില്ലാതാവുകയാണ് ചെയ്തത്. ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പായിരുന്ന അയല്‍പ്പക്ക ബന്ധങ്ങളോ കുടുംബ ബന്ധങ്ങളോ ഇന്നില്ലാതായി. വേലിക്കരികിലെയും കിണറ്റിന്‍കരയിലെയും നാട്ടുവര്‍ത്തമാനങ്ങള്‍ സമയമില്ലാത്തതിന്റെ പേരില്‍ കേള്‍ക്കാതായിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങളെല്ലാം നാട്യങ്ങളായി മാറുന്നതിന്റെയും പിന്നില്‍ ആര്‍ക്കും 'സമയമില്ല' എന്നതു തന്നെ. 

ഓരോ കാര്യത്തിനും തന്നോട് ആരോ മത്സരിക്കുന്നുണ്ട് എന്ന തെറ്റായ ചിന്തയാണ് അധിക പേര്‍ക്കും. നാഗരിക സംസ്‌കാരങ്ങളും മുതലാളിത്ത ജീവിത ശൈലിയുടെ സ്വാധീനവും കിടമത്സരത്തിലേക്കും തിരക്കാര്‍ന്ന യാന്ത്രിക ജീവിതത്തിലേക്കും നമ്മെ തള്ളി വിടുകയാണ്. ധൃതിക്കും തിരക്കിനുമനുസരിച്ച ജീവിത സാഹചര്യങ്ങളും കമ്പോളവുമാണ് എവിടെയും ആധിപത്യം പുലര്‍ത്തുന്നത്. ഡിസ്‌പോസബ്ള്‍ വസ്തുക്കള്‍, ഫാസ്റ്റ് ഫുഡ്, മിനറല്‍ വാട്ടര്‍... തുടങ്ങി സമയ ലാഭത്തിന് വേണ്ടിയുള്ള സൗകര്യങ്ങളും സാമഗ്രികളും വ്യാപകമായി. തനിക്കാവശ്യമുള്ളത് അന്വേഷിച്ച് കണ്ടെത്തുന്ന സുഖകരമായ ഒരനുഭൂതി ആരും ഇന്നനുഭവിക്കുന്നില്ല. ഓരോരുത്തര്‍ക്കും ആവശ്യമുള്ള വസ്തുക്കള്‍ ലഭിക്കാന്‍ ക്ഷമയുടെയും നിര്‍വൃതിയുടേതുമായ ഒരു കാത്തിരിപ്പ് മുമ്പ് ഉണ്ടായിരുന്നു... വീട്ടുപകരണങ്ങളും, ഭക്ഷണങ്ങളും എന്തിനേറെ, വിദേശത്ത് നിന്നുള്ള ഒരു കത്തിന് വരെ ആഹ്ലാദകരമായ കാത്തിരിപ്പിന്റെ സുഖമുണ്ടായിരുന്നു... രുചികരമായ വിഭവങ്ങള്‍ കിട്ടാന്‍ പണ്ട് ഓണവും പെരുന്നാളും കാത്തിരിക്കണമായിരുന്നു... എന്നാല്‍ കാത്തിരുന്ന് അനുഭവിക്കുക എന്ന ആത്മസംതൃപ്തി അനുഭവിക്കാന്‍ സമ്മതിക്കാത്ത വിധമുള്ള ഒരു ജീവിത സംസ്‌കാരം ഇന്ന് നമ്മെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു.

മനുഷ്യപ്രകൃതിയിലുളള സ്വാഭാവികമായ താളത്തിലും വേഗതയിലുമുള്ള ജീവിതമേ ശരീരത്തിനും മനസ്സിനും ജീവശക്തി പ്രദാനം ചെയ്യുകയുള്ളൂ. ആരാധനകളിലും പ്രാര്‍ഥനകളിലും ശാന്തതയും സാവകാശവും അവധാനതയും നിഷ്‌കര്‍ഷിക്കപ്പെട്ടത്, മുഴുവന്‍ ജീവിത മേഖലകളിലും അതിന്റെ സ്വാധീനമുണ്ടാവാനാണ്.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 75-77
എ.വൈ.ആര്‍