Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

ലാത്തയും ഉസ്സയും

അബ്ദുല്‍ കബീര്‍

ലാത്തയും 
ഉസ്സയും 

ലാത്തയേയും ഉസ്സയേയും 
ഉണ്ടാക്കിയ ശില്‍പി മരിച്ചു 
മണ്ണടിഞ്ഞുപോയി.
എന്നിട്ടും അവനുണ്ടാക്കിയ
ശില്‍പങ്ങള്‍ മരിച്ചില്ല.
ഒട്ടിയ വയറുള്ളവളെയോ 
മെലിഞ്ഞ കര്‍ഷകനെയോ ആണ്  നിങ്ങള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍
അവര്‍ വീണു പൊട്ടിയപ്പോള്‍ 
തന്നെ മരിച്ചിട്ടുണ്ടാകും.
എന്നാല്‍ പണം കായ്ക്കുന്ന മരങ്ങള്‍
വെറും ശില്‍പങ്ങളല്ല 
ദൈവങ്ങളാണ്.
വയറിനെ വിശപ്പിന് 
തിന്നാന്‍ കൊടുത്ത് 
അവശേഷിച്ച നാണയത്തുട്ടും 
ഈ ദൈവങ്ങളുടെ 
ഭണ്ഡാരത്തില്‍ 
എത്തിച്ചു കൊടുക്കും ജനം.
ഒരു ചെറിയ സംഘം 
ബിംബങ്ങള്‍ 
എറിഞ്ഞുടച്ചുകൊണ്ടിരുന്നപ്പോള്‍
പൗരോഹിത്യത്തിന്റെ 
നവശില്‍പങ്ങള്‍
പുതിയത് 
ഉണ്ടാക്കിക്കൊണ്ടേയിരിക്കും.

അബ്ദുല്‍ കബീര്‍

 

സാമ്രാജ്യം

ഓരോ ശവക്കുഴിയും
ഓരോ സാമ്രാജ്യമാണ്
വിധിയുടെ കാവലാളര്‍
അണിനിരന്ന സാമ്രാജ്യം.
വിശ്വസ്തര്‍ക്ക് പോലും
നുഴഞ്ഞുകയറാനാകാത്ത
ദുര്‍ഗ്ഗത്തിനകത്തെ കുടീരം
അവിടെ
ചക്രവര്‍ത്തി നീരാട്ടുകഴിഞ്ഞ്
വെള്ളപ്പുടവയില്‍
തല്‍പ്പത്തില്‍ മലര്‍ന്നുകിടക്കുന്നു.
വിലാപവീചികള്‍ അകന്നുപോകുന്നു.
കറുത്തൊരു വിഷപ്പാമ്പ്
എത്തിനോക്കി തിരിച്ചുപോകുന്നു
മണല്‍ച്ചൂടില്‍ വെന്തുപോയ
രണ്ട് കുറുക്കന്‍ഞണ്ടുകള്‍
മൗനമായി കണ്ണില്‍ കണ്ണില്‍ നോക്കുന്നു.
മുന്നിലെ തിരശ്ശീല
മെല്ലെ മെല്ലെ നീങ്ങിമറയുന്നു
ആവൃത്തി അളക്കാനാവാത്ത
ഒരു മൂളക്കം
പശ്ചാത്തലത്തില്‍ പരക്കുന്നു.
ഇനി,
പിന്‍കാഴ്ചകളുടെ ഉത്സവം
കുരുതികളുടെ രോദനം
പിന്നേക്ക് നീക്കിവെച്ച
സുകൃതങ്ങളുടെ ഖേദവായ്പ്.

ബി. ആദര്‍ശ്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍