Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

പൊതുചര്‍ച്ചായിടം അങ്കത്തട്ടല്ല കേരളത്തിലെ മുസ്‌ലിം ജനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരോട്

ജെ. ദേവിക /പുനര്‍വായന

         കേരളത്തിലെ മുസ്‌ലിംകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ വ്യാപകമായിത്തീര്‍ന്നിരിക്കുന്ന തെറ്റിദ്ധാരണകളെ തിരുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ ലേഖനം.

വിമര്‍ശനാത്മകമായി ചിന്തിക്കുന്നവരും പരന്ന വായനയുള്ളവരും  പൊതുമണ്ഡല ചര്‍ച്ചായിടങ്ങളില്‍ ധാര്‍മികമായ മേല്‍നില സദാ അവകാശപ്പെടുന്നവരുമായ ബുദ്ധിജീവികളുടെ എഴുത്തുകളില്‍പ്പോലും പ്രത്യക്ഷപ്പെടുന്ന വാദങ്ങള്‍ അപകടകരമായിത്തോന്നുന്നതുകൊണ്ടാണ് ഇതെഴുതുന്നത്. കേരളത്തിലെ ജനജീവിതത്തെ സസൂക്ഷ്മം വീക്ഷിക്കാന്‍ നമ്മെ സഹായിക്കുന്ന വസ്തുതാ ശേഖരങ്ങളും ചരിത്രപഠന സാംസ്‌കാരിക പഠന സമ്പത്തും കൈയിലുള്ളപ്പോള്‍ ആത്മനിഷ്ഠനിരീക്ഷണങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ബുദ്ധിജീവികള്‍ നടത്തുന്ന ഇടപെടലുകള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നതില്‍ സംശയം വേണ്ട.

പ്രത്യേകിച്ചും, ഹിന്ദുത്വവാദ ഭീകരത സര്‍വത്തേയും വിഴുങ്ങാന്‍ ഒരുങ്ങിനില്‍ക്കുന്ന നമ്മുടെ കാലങ്ങളില്‍ മുസ്‌ലിം സമുദായത്തെക്കുറിച്ച് പറയുമ്പോള്‍, വിശേഷിച്ചും ഭൂരിപക്ഷ സമുദായത്തിലെ മേല്‍ത്തട്ടുകാര്‍ പറയുമ്പോള്‍, ശ്രദ്ധ ആവശ്യമാണ്. ഭൂരിപക്ഷ താല്‍പര്യങ്ങളാല്‍ രൂപപ്പെട്ടുവരുന്ന സാമാന്യബോധത്തെ കണ്ണുമടച്ച് ആശ്രയിക്കുന്ന രീതിയെ പ്രതിരോധിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത് (മേലാളാവബോധത്തിന്റെ വാഹനമായാണ് സാമാന്യബോധത്തെ മാര്‍ക്‌സ് (Marx) മുതല്‍ Bourdieu വരെയുള്ള സമൂഹശാസ്ത്രജ്ഞന്മാര്‍ കണ്ടത്. അതിനെ വിമര്‍ശിക്കലാണ് സമൂഹശാസ്ത്രത്തിന്റെ മുഖ്യധര്‍മമെന്ന് അവര്‍ അവകാശപ്പെട്ടതും അതുകൊണ്ടു തന്നെ).

അതുകൊണ്ട് ഈ ലേഖനത്തില്‍ പറയുന്ന പല കാര്യങ്ങളും പുതിയ അറിവല്ല. കേരളീയ പൊതുബോധത്തില്‍ നിന്ന് ഭൂരിപക്ഷ മേധാവിത്വം അവയെ മായ്ച്ചുകളഞ്ഞുവെന്ന് തോന്നുന്നതുകൊണ്ടാണ് അവ ഇവിടെ ആവര്‍ത്തിക്കുന്നത്.

ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മാതൃഭൂമി ദിനപത്രത്തില്‍ കുറച്ചുനാള്‍ മുമ്പ് കേരളീയ മുസ്‌ലിം സമുദായത്തെ  പരാമര്‍ശിച്ചുണ്ടായ ഒരു ചര്‍ച്ചയാണ്. അതിനോടുള്ള പ്രതികരണമാണ് ഈ കുറിപ്പ്. പക്ഷേ ആ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കുള്ള 'മറുപടി'യല്ല ഇത്.  സമീപകാല പൊതുമണ്ഡല ചര്‍ച്ചകള്‍ വ്യക്തികളുടെ ഈഗോ പ്രകടനമത്സരങ്ങളായി താണുപോയത് ഇതാദ്യമായല്ല.  ഭിന്നാഭിപ്രായങ്ങളെ യുക്തിയുടെയും വസ്തുതകളുടെയും വെളിച്ചത്തില്‍ പരിശോധിക്കാനും കൂട്ടായി ചിന്തിച്ചുകൊണ്ട് ജനാധിപത്യത്തെ വളര്‍ത്താനുമല്ല അവ പലപ്പോഴും സഹായിക്കുന്നത്.

പൊതുചര്‍ച്ചകള്‍ക്ക് ആ ഒരു ലക്ഷ്യമേ പാടുള്ളൂ എന്ന പക്ഷക്കാരിയാണ് ഞാന്‍. ജനാധിപത്യത്തെയും പരസ്പര ബഹുമാനത്തെയും അവഗണിക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരിയാകാന്‍ പോലുമുള്ള സമയമോ ക്ഷമയോ എനിക്കില്ല. പോര്‍വിദഗ്ധന്മാരായ ചേകവന്മാര്‍ അങ്കംവെട്ടി മരിക്കുന്നതു കണ്ട് രസിക്കാനുള്ള മാനസികാവസ്ഥയും എനിക്കില്ല. രാഷ്ട്രീയ സ്വഭാവമുള്ള, അതിപ്രധാനങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബൗദ്ധിക അങ്കങ്ങളായി ചുരുങ്ങുന്നതിനെയാണ് അരാഷ്ട്രീയവത്കരണമെന്ന് പറയുന്നത്.

വലതുപക്ഷങ്ങള്‍ക്കും പത്രമുതലാളിക്കും പിന്നെ ബുദ്ധിജീവികളുടെ ചില്ലറ ഈഗോയ്ക്കും മാത്രം ഗുണം ചെയ്യുന്ന ഇത്തരം ചര്‍ച്ചകള്‍ക്കായി ഊര്‍ജം കളയാതെ, വലതുപക്ഷങ്ങള്‍ക്കെതിരെ ഇപ്പോഴും പ്രതിരോധമുയര്‍ത്തുന്ന, കേരളത്തിലെ ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഇടപെടാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. പക്ഷേ ഇന്ന് അള മുട്ടിയിരിക്കുന്നു.

മുസ്‌ലിം ബുദ്ധിജീവികള്‍ ഇവിടെ ധാരാളമുണ്ടല്ലോ, അവര്‍ തെറ്റിദ്ധാരണയൊക്കെ തിരുത്തിക്കൊള്ളും, നിങ്ങള്‍ക്കെന്തു കാര്യം- ചിലര്‍ ചോദിച്ചേക്കാം. ഈ വിഷയങ്ങളില്‍ ഇടപെടാന്‍ എന്നെക്കാളേറെ അറിവും അനുഭവവുമുള്ള, ഉന്നത വിദ്യാഭ്യാസമേഖലയില്‍ പൊതുവെയും സാമൂഹിക ശാസ്ത്ര ഗവേഷണത്തില്‍ പ്രത്യേകിച്ചും പ്രവര്‍ത്തിക്കുന്ന മുസ്‌ലിം സുഹൃത്തുക്കള്‍ ഇന്ന് ധാരാളമുണ്ടെന്നും അറിയാം. പക്ഷേ സമുദായ സൗഹൃദം മുസ്‌ലിംകളുടെ മാത്രം താല്‍പര്യമോ ഭാരമോ അല്ല. അതുകൊണ്ടു മാത്രമാണ് ഇത്തരമൊരു ഇടപെടലിന് ഞാന്‍ തയാറാകുന്നത്. തന്നെയുമല്ല, ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്രത്തെക്കുറിച്ച് ഞാന്‍ നടത്തിയ അന്വേഷണത്തിലൂടെ എനിക്ക് ബോധ്യമായ മറ്റൊരു കാര്യമുണ്ട് - പലപ്പോഴും ന്യൂനപക്ഷങ്ങള്‍ കൈക്കൊണ്ട നിലപാടുകളാണ് നമ്മുടെ ജനാധിപത്യത്തെ പരിരക്ഷിച്ചതും പരിപോഷിപ്പിച്ചതും. 1960-കളില്‍ ഇവിടെ ജനങ്ങളെക്കൊണ്ട് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ അംഗീകരിപ്പിക്കാന്‍ സമ്മര്‍ദങ്ങള്‍ ചെലുത്തണമെന്നും അതു നിര്‍ബന്ധിതമാക്കണമെന്നും മറ്റും സാമൂഹിക രംഗത്ത് പുരോഗമനവാദികളായി അറിയപ്പെട്ടിരുന്ന പലരും സാങ്കേതിക വിദഗ്ധരും ശക്തമായി വാദിച്ചപ്പോള്‍ ആ അപകടം മാറിപ്പോയത് ഇവിടത്തെ മതന്യൂനപക്ഷങ്ങളുടെ ഉറച്ച നിലപാടുകള്‍ കൊണ്ടാണ്. നിര്‍ബന്ധിത കുടുംബാസൂത്രണം ജനാധിപത്യത്തെ തകര്‍ത്ത അനുഭവം മാത്രമേ ചരിത്രത്തിലുള്ളൂ..

അപ്പോള്‍, മാതൃഭൂമി ദിനപ്പത്രത്തിന്റെ താളുകളില്‍ അരങ്ങേറിയ അങ്കത്തില്‍ നിന്നുയര്‍ന്ന തീയും പുകയും കെടുത്താനും, അതു പടര്‍ത്തിയ കരിയും ചാരവും വാരിക്കളയാനും ശ്രമിക്കുന്ന ബൗദ്ധിക ശുചീകരണത്തൊഴിലാളി മാത്രമാണ് ഞാനിവിടെ. ചേകവനാകുന്നത് (ചേകവന് സ്ത്രീലിംഗമുണ്ടോ എന്നെനിക്കറിയില്ല) കേമമായിരിക്കാം. പക്ഷേ ചേകവനെക്കാള്‍ ലോകത്തിന് ഗുണം തൂപ്പുകാരിയെക്കൊണ്ടാണെന്ന തോന്നല്‍ എന്നില്‍ അടിയുറച്ചുപോയിരിക്കുന്നു.

ഈ ചര്‍ച്ചയെക്കുറിച്ച് എനിക്ക് ചോദ്യങ്ങള്‍ ഇല്ലെന്നല്ല ഇതിന്റെ അര്‍ഥം. ഉണ്ടെന്നതാണ് സത്യം. ഉദാഹരണത്തിന്, സി.ആര്‍ പരമേശ്വരന്‍ ടി.ടി ശ്രീകുമാറിനെതിരെ നടത്തിയ അതിതീവ്രമായ ആക്രമണത്തെക്കുറിച്ച് പല ചോദ്യങ്ങളുണ്ടെനിക്ക് - 'ഉത്തരാധുനികന്‍' എന്നത് ഒരു ചീത്തവാക്കാണോ? ഉത്തരാധുനിക ചിന്തയില്‍ പലപ്പോഴും പരസ്പരം എതിരിടുന്ന അനവധി ധാരകളുള്ള സ്ഥിതിക്ക് ഏത് ഉത്തരാധുനിക ചിന്തയാണ് ചീത്ത? ഇസ്‌ലാമിസത്തെ അടച്ചാക്ഷേപിക്കാത്ത അമുസ്‌ലിംകള്‍ (ശ്രീകുമാര്‍ മാത്രമല്ല ആ കൂട്ടത്തില്‍) ഭൗതികവും അല്ലാത്തതുമായ നേട്ടങ്ങളുണ്ടാക്കുന്നുവെന്ന ആരോപണത്തിന് തെളിവുണ്ടോ? ഹിന്ദുതീവ്രവാദികള്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കുന്നവര്‍ക്ക് സമ്മാനിക്കാറുള്ള പാകിസ്താന്‍ ചാര ബിരുദത്തില്‍ നിന്ന് ഈ ആരോപണത്തിന് എത്ര ദൂരമാണുള്ളത്? ബുദ്ധിജീവികളുടെ അഴിമതിയില്‍ ഇതാണോ ഇന്ന് പ്രധാന ഇനം? ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചുകൊണ്ടോ രാഷ്ട്രീയക്കാര്‍ക്ക് വാലാട്ടിക്കൊടുത്തുകൊണ്ടോ ബൗദ്ധികരംഗത്തെ പ്രമുഖ സ്ഥാപനങ്ങളെയും ശക്തികളെയും സുഖിപ്പിച്ചുകൊണ്ടോ നിലനില്‍ക്കുന്നതിലുള്ള അഴിമതി  ഇന്ന് മാനവും മര്യാദയുമായിക്കഴിഞ്ഞോ? ടി.ടി ശ്രീകുമാര്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ മതേതരത്വത്തെക്കുറിച്ച് ഇന്ത്യയിലും പുറത്തും നടന്നുവരുന്ന ചര്‍ച്ചകളില്‍ കേട്ടുവരുന്നവയാണ്. അവ പെട്ടെന്ന് ഇത്ര പ്രകോപനപരമായിത്തീര്‍ന്നത് എന്തുകൊണ്ട്?

തല്‍ക്കാലം അവയൊന്നും ഞാന്‍ ചര്‍ച്ചചെയ്യുന്നില്ല. കാരണം, ഇന്നത്തെയവസ്ഥയില്‍ ഈ ചോദ്യങ്ങള്‍ താരതമ്യേന അപ്രധാനങ്ങളാണ്. പകരം, മുസ്‌ലിംജനങ്ങളെക്കുറിച്ച് പല പുരോഗമനചിന്താഗതിക്കാരായ ബുദ്ധിജീവികളടക്കം വെച്ചു പുലര്‍ത്തുന്ന ധാരണകളെ വിമര്‍ശിക്കാനാണ് ശ്രമിക്കുന്നത്. മേല്‍സൂചിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന പരാമര്‍ശങ്ങളില്‍ ചിലത് വളരെ അപകടകരങ്ങളാണ്. ഉദാഹരണത്തിന്, കേരളത്തിലെ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രത്യേക പ്രശ്‌നവുമില്ലെന്നും, അവരെ മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കാതിരുന്നാല്‍ മതി എന്നും മറ്റുമുള്ള ആക്രോശങ്ങള്‍. എന്നാല്‍ ഈ ലേഖനത്തില്‍ അവ കൂടാതെ ഇന്നു പ്രചാരമേറുന്ന മറ്റു പല മുസ്‌ലിംവിരുദ്ധ ആശയങ്ങളെയും ചര്‍ച്ചാവിധേയമാക്കുന്നു. അവയെല്ലാം മേല്‍പ്പറഞ്ഞ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ടവയല്ല.

മുസ്‌ലിം ജനസംഖ്യ?

കേരളത്തിലെ മുസ്‌ലിംകളുടെ ഭൗതികാവസ്ഥയെക്കുറിച്ചു പറഞ്ഞാല്‍, പലരുടെയും ഉടനുള്ള പ്രതികരണം മുസ്‌ലിം ജനസംഖ്യാ വര്‍ധനയുടെ നിരക്കിലുള്ള കയറ്റത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. എന്നാല്‍  സമുദായങ്ങള്‍ തമ്മിലുള്ള ഈ താരതമ്യം തെറ്റാണെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നു. സമാന സാഹചര്യങ്ങളോ സ്വഭാവങ്ങളോ പങ്കുവെക്കുന്ന വിഭാഗങ്ങളെ മാത്രമേ താരതമ്യം ചെയ്യാവൂ. ഹിന്ദുവെന്നും ക്രിസ്ത്യന്‍ എന്നും മുസ്‌ലിം എന്നും കൊളോണിയല്‍ അധികാരികള്‍ അവരുടെ സൗകര്യത്തിനായി തട്ടിക്കൂട്ടിയെടുത്ത, പില്‍ക്കാലത്ത് സ്വതന്ത്ര ഇന്ത്യയിലെ മേലാളവര്‍ഗം സ്വന്തം താല്‍പര്യ സംരക്ഷണത്തിനുതകുംവിധം സ്വീകരിച്ച ഈ സംവര്‍ഗങ്ങള്‍ വെളിപ്പെടുത്തുന്നതിലേറെ മറയ്ക്കുന്നവയാണ്. അവ തുല്യനിലയിലുള്ള മൂന്നു സമുദായങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന തോന്നല്‍ ഉളവാക്കിയേക്കാം, എന്നാല്‍ ഇവ യഥാര്‍ഥത്തില്‍ തുല്യരല്ല. ഈ സമുദായങ്ങള്‍ ഏകശിലാ സ്വഭാവമുള്ളവയല്ല. ഹിന്ദുക്കള്‍ക്കുള്ളിലെ സാമൂഹിക വികസനം ഇന്നും ദയനീയ നിലയില്‍ തുടരുന്ന പല വടക്കന്‍ സംസ്ഥാനങ്ങളിലെയും ഹിന്ദു ജനസംഖ്യാ വര്‍ധനനിരക്ക്, ആ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്ന തെക്കന്‍ സംസ്ഥാനങ്ങളിലെ ഹിന്ദു സമുദായ ജനസംഖ്യാ നിരക്കിനെക്കാള്‍ കൂടുതലാണ്. സാമൂഹിക വികസനപക്ഷത്തു നിന്നു നോക്കിക്കൊണ്ട്  കേരളത്തിലെ ഹിന്ദുക്കള്‍ ആശങ്കപ്പെടണോ? വടക്കേ ഇന്ത്യന്‍ ഹിന്ദുക്കള്‍ പെറ്റുപെരുകി സര്‍വതും അടിച്ചെടുക്കാന്‍ പദ്ധതിയിടുന്നുവെന്ന് മുറിവിളി കൂട്ടണോ? അതോ ഈ വ്യത്യാസം ആശാസ്യമല്ലെന്നും, വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളും സാമൂഹിക വികസനമുന്നേറ്റം കൈവരിക്കണമെന്ന് ആവശ്യപ്പെടണോ?

ജനസംഖ്യാ വര്‍ധനയുടെ നിരക്ക് ആദ്യം ഉയര്‍ന്നിട്ടാണ് താഴുന്നതെന്ന് ലോകമെമ്പാടും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, കേരളത്തിലെ ഒരു സമുദായത്തിന്റെയും ചരിത്രാനുഭവം ഇതില്‍ നിന്ന് ഭിന്നമല്ലെന്നും പ്രശസ്ത ജനസംഖ്യാശാസ്ത്രജ്ഞനായ എസ്. ഇരുദയരാജന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ മുസ്‌ലിംജനസംഖ്യാ വളര്‍ച്ചയുടെ നിരക്ക് മറ്റു സമുദായങ്ങളെപ്പോലെ താഴേക്കു തന്നെയാണ്; അതു കുറഞ്ഞു തുടങ്ങാന്‍ താരതമ്യേന കാലം കൂടുതലെടുത്തെങ്കിലും.

മേല്‍പ്പറഞ്ഞ ഭീതികള്‍ നിലനില്‍ക്കുന്നത് ഓരോ സമുദായത്തിനു പിന്നിലും ഏകീകൃതമായ, എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്ന, ഒരു സമുദായ മനസ്സുണ്ടെന്ന സങ്കല്‍പത്തിന്മേലാണ്. ഇത് വെറും ഭാവന മാത്രമാണ്. ഓരോ സമുദായവും കടന്നു വന്ന ചരിത്രസാഹചര്യങ്ങളാണ് അവയുടെ ജനസംഖ്യാപരമായ സ്വഭാവങ്ങളെ നിര്‍ണയിക്കുന്നത്.

ഈഴവരുടെ കാര്യം തന്നെ എടുക്കുക. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അവര്‍ക്കു ലഭിച്ച വാണിജ്യപരമായ ചില അവസരങ്ങളാണ് പില്‍ക്കാലത്ത് സാമുദായിക ഉണര്‍വിന് വഴിയൊരുക്കിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സമുദായത്തിനുള്ളില്‍ സാമുദായിക പ്രസ്ഥാനം വഴിയും അല്ലാതെയും ആധുനിക വിദ്യാഭ്യാസവും ജീവിതശൈലികളും ലിംഗനിയമങ്ങളും മറ്റും മറ്റും വ്യാപകമായി. അക്കാലത്തേ അവര്‍ക്കു ലഭ്യമായിരുന്ന വിശാല രാഷ്ട്രീയ സാംസ്‌കാരിക ചക്രവാളങ്ങള്‍ ഇന്ത്യന്‍ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ വിഭാവനം ചെയ്ത ഹിന്ദു സമുദായത്തിന്റെയും ഇന്ത്യന്‍ ദേശീയതയുടേതുമായിരുന്നു. അവയില്‍ ഉള്‍ച്ചേര്‍ന്ന് ജാതിക്കപ്പുറമുള്ള ഇടം കണ്ടെത്താനാണ് സമുദായത്തിന്റെ മുഖ്യധാരാനേതാക്കള്‍ ശ്രമിച്ചത്. ഈ സമുദായക്കാര്‍ക്കിടയില്‍ അണുകുടുംബത്തെക്കുറിച്ചുള്ള ആധുനിക ധാരണകളുടെ പ്രചാരം, വിവാഹപ്രായത്തിലുണ്ടാകുന്ന മാറ്റം (കേവലം സാംസ്‌കാരിക വിശ്വാസങ്ങള്‍ മാത്രമല്ല, തൊഴില്‍ സാധ്യതകളും വിദ്യാഭ്യാസവും ഇതിനെ നിര്‍ണയിച്ചു), കുട്ടികളെ ആധുനികവിദ്യാഭ്യാസം ചെയ്യിക്കാനുള്ള താല്‍പര്യം, ആരോഗ്യപരമായ നേട്ടങ്ങള്‍, ബാലമരണങ്ങളിലുണ്ടായ കുറവ് മുതലായ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിക്കഴിഞ്ഞാണ് ജനസംഖ്യാപരമായ മാറ്റങ്ങളും ചെറിയകുടുംബത്തെ തെരെഞ്ഞെടുക്കാനുള്ള പ്രവണതയും അവര്‍ക്കിടയില്‍ ദര്‍ശിച്ചു തുടങ്ങിയത്.

നേരെ മറിച്ച്, കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ബ്രിട്ടീഷ് ഭരണകാലം വന്‍ നഷ്ടങ്ങളുടെ കാലമായിരുന്നു. കച്ചവടത്തിലേര്‍പ്പെട്ടിരുന്ന ഈ സമുദായത്തിന്റെ സമ്പദ്ശക്തി ഇക്കാലത്ത് പലവിധത്തില്‍ ക്ഷയിച്ചു (ചില അപവാദങ്ങള്‍ ഒഴിച്ചാല്‍). മലബാറിലെ കര്‍ഷകരായ മാപ്പിളമാര്‍ നേരിട്ട പാര്‍ശ്വവത്കരണത്തെ എം. ഗംഗാധരന്‍, കെ.എന്‍ പണിക്കര്‍ തുടങ്ങിയ ചരിത്ര പണ്ഡിതര്‍ വിശദമായി പഠിച്ചിട്ടുമുണ്ട്. കൊച്ചിയിലും തിരുവിതാകൂറിലും കച്ചവടത്തിലൂടെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ഈ സമുദായക്കാര്‍ക്ക് തീരെ അനുകൂലമല്ലായിരുന്നു ബ്രിട്ടിഷ് ഭരണത്തിന്റെ നയങ്ങള്‍. മാത്രമല്ല, 1929-ലെ മഹാ മാന്ദ്യകാലത്ത് വീണ്ടും ഈ സമുദായക്കാര്‍ വന്‍ നഷ്ടമനുഭവിച്ചു. 1857-നു ശേഷം എല്ലാ അധികാരസ്ഥാനങ്ങളില്‍ നിന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ അവരെ ഒഴിച്ചു നിര്‍ത്തിയതിന്റെ അലയൊലി ഇവിടെയും എത്തി. ആധുനികവിദ്യാഭ്യാസത്തിനായി മുന്നോട്ടു വന്ന മുന്നാക്ക സമുദായക്കാര്‍ പ്രധാനമായും സര്‍ക്കാര്‍ ജോലികളെയാണ് കണ്ണുവെച്ചതെന്ന് എത്ര വേണമെങ്കിലും തെളിവുമുണ്ട്. തിരുവിതാംകൂറില്‍ 1918-ല്‍ സിവില്‍ അവകാശ ലീഗ് സ്ഥാപിക്കപ്പെട്ടതിനു ശേഷമാണ് മുസ്‌ലിം സമുദായക്കാര്‍ക്ക് സര്‍ക്കാരുദ്യോഗം കിട്ടിയത്. അതിനുശേഷമാണ് സാമുദായിക പ്രസ്ഥാനങ്ങള്‍ തിരുവിതാംകൂറിലും സജീവമായത്.

1970-കള്‍ വരെ ഒരു സാമൂഹിക വിഭാഗമെന്ന നിലയ്ക്ക് ദരിദ്രരായിരുന്നു കേരളത്തിലെ മുസ്‌ലിംകള്‍. 1970-നു ശേഷമുണ്ടായ മാറ്റങ്ങള്‍ സമുദായത്തിനുള്ളില്‍ സമത്വമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ആധുനിക സ്വഭാവമുള്ള തെരഞ്ഞെടുക്കലുകള്‍ക്ക് വഴിയൊരുക്കിയെന്നതിനു തെളിവാണ് അവരുടെ താണുവരുന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക്. ഈഴവര്‍ക്കിടയില്‍ ഈ മാറ്റമുണ്ടായത് ഞൊടിയിട കൊണ്ടല്ല. അവര്‍ക്കനുവദിച്ച സമയമെങ്കിലും മുസ്‌ലിം സമുദായത്തിന് അനുവദിക്കുന്നതല്ലേ ന്യായം, പ്രത്യേകിച്ച്, നാമെല്ലാം സമുദായവാദങ്ങള്‍ക്കതീതരാണെന്ന് അവകാശപ്പെടുമ്പോള്‍?

മുസ്‌ലിം സമുദായത്തിന്റെ സമകാലികാവസ്ഥ

ഇവിടെയാണ് മുസ്‌ലിം സമുദായത്തില്‍ അധികവുമുള്ളത് ദരിദ്രരായ മനുഷ്യരാണെന്ന നഗ്‌നസത്യം നമ്മെ തുറിച്ചുനോക്കുന്നത്. ഗള്‍ഫ് പണത്തിന്റെ പളപളപ്പു കണ്ട് ബുദ്ധിജീവികളടക്കം പലരും മറന്നുപോകുന്ന കാര്യമാണിത്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന് 'പ്രത്യേകിച്ചൊരു പ്രശ്‌നവുമില്ലെ'ന്നു പറയുന്നവര്‍ കാണാന്‍ വിസമ്മതിക്കുന്ന കാര്യവുമാണിത്. എന്നാല്‍, ഡോ. എം. കബീറിനെപ്പോലെ മുഖ്യധാരയുമായി സദാ സംവദിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞര്‍ ഇത്തരം ധാരണകളുടെ ഉപരിപ്ലവതയെ വെളിപ്പെടുത്തുന്ന പഠനങ്ങള്‍ മുമ്പു തന്നെ നടത്തിയിട്ടുണ്ട്.

മതേതര ബുദ്ധിജീവികള്‍ക്ക് വിശ്വാസമുണ്ടാകാനിടയുള്ള ഒരു സര്‍വേയില്‍ നിന്ന് ചില വിവരങ്ങള്‍ ഇതാ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006-ല്‍ പ്രസിദ്ധീകരിച്ച കേരള പഠനം നല്‍കുന്ന വിവരങ്ങളനുസരിച്ച് (2004-ല്‍ 6000 വീടുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍) ഹിന്ദു ഉന്നത ജാതിക്കാരും ക്രിസ്ത്യന്‍ സമുദായവും മാത്രമാണ് പ്രതിശീര്‍ഷവരുമാനത്തിന്റെ സംസ്ഥാന ശരാശരിക്കു (11,250 രൂപ) മുകളില്‍ വരുമാനം നേടുന്നത്. മുസ്‌ലിം സമുദായക്കാരുടെ പ്രതിശീര്‍ഷ വരുമാനം മുന്നാക്കക്കാരുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു മാത്രമാണ് -9600 രൂപ- പട്ടികജാതിക്കാരുടേതില്‍ (9000 രൂപ) നിന്ന് അല്‍പം മാത്രം അകലത്തില്‍. ഗള്‍ഫ് കുടിയേറ്റക്കാരില്‍ നല്ലൊരു പങ്ക് മുസ്‌ലിംകളായിട്ടും ഇതാണ് സ്ഥിതി. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ പ്രവാസ സര്‍വേ (2011) പ്രകാരം 36.8 ശതമാനം മുസ്‌ലിം വീടുകളിലും ഒന്നോ അതിലധികമോ പ്രവാസികളുണ്ട്. ഹിന്ദുക്കളില്‍ ആ സംഖ്യ 12.4 ആണ് (K.C Zachariah, S. Irudaya Rajan, Kerala's Gulf Connection 1998-2011,  2012, പുറം 48). മുസ്‌ലിംപ്രവാസികള്‍ക്ക് ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമാണുള്ളതെന്നും അവരുടെ ജീവിതനിലവാരം വളരെ ഉയര്‍ന്നതാണെന്നും ഈ പഠനം പറയുന്നു. എന്നാല്‍ ഇതുകൊണ്ട് സമുദായത്തിലെ ദരിദ്രരുടെ എണ്ണം ചെറുതാണെന്നു പറയാനാവില്ല. പരിഷത്തിന്റെ കണക്കു പ്രകാരം കേരളത്തിലെ പാവപ്പെട്ടവരില്‍ ഏകദേശം മൂന്നിലൊന്ന് മുസ്‌ലിംകളാണ്. ഹിന്ദു-ക്രിസ്ത്യന്‍ സമുദായക്കാര്‍ക്കിടയിലെ ദരിദ്രരുടെ ശതമാനത്തിന്റെ രണ്ടിരട്ടിയോളം വരും മുസ്‌ലിം സമുദായത്തിനുള്ളിലെ ദരിദ്രരുടെ ശതമാനക്കണക്ക്.

അതേസമയം, ഗള്‍ഫ്പ്രവാസത്തിന്റെ ഗുണമത്രയും മുസ്‌ലിംകള്‍ക്കാണെന്ന ധാരണ സമീപകാലത്തെങ്കിലും തെറ്റാണെന്നും ഈ പഠനം പറയുന്നു. 2003-'08 കാലത്തെ കണക്കു പ്രകാരം ഹിന്ദുക്കള്‍ക്കാണ് ഏറ്റവും വലിയ നേട്ടം- കേരളത്തിലേക്ക് ഹിന്ദുപ്രവാസികള്‍ ഒഴുക്കിയ പണം 201 ശതമാനം വര്‍ധിച്ചുവെന്നും മുസ്‌ലിംകളുടെ കാര്യത്തില്‍ ഈ സംഖ്യ 129 ശതമാനവും ക്രിസ്ത്യാനികള്‍ക്ക് 67 ശതമാനവുമാണെന്നും പറയുന്നു (പുറം 79,80).

ഉന്നത വിദ്യാഭ്യാസത്തിലേക്കു കടക്കുന്നവരിലും മുസ്‌ലിം സമുദായം പിന്നിലാണ്. ഗള്‍ഫ്കുടിയേറ്റ സാധ്യതയാണിതിനു കാരണമെന്ന് സാധാരണ പറയാറുണ്ടെങ്കിലും ഇന്നത്തെ അവസ്ഥയില്‍ ഭൂസ്വത്തുക്കള്‍ കുറവായ ഒരു കുടുംബത്തിന് തൊഴിലിലേയ്ക്ക് നേരിട്ടു നയിക്കുന്ന ഉന്നത വിദ്യാഭ്യാസം കൂടുതല്‍ക്കൂടുതല്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണല്ലോ. ഡോ. കബീറിന്റെ പഠനപ്രകാരം, 2004-ല്‍ കേരളത്തില്‍ പട്ടികജാതിക്കാര്‍ കഴിഞ്ഞാല്‍ ഭൂരഹിതര്‍ ഏറ്റവുമധികമുള്ള വിഭാഗം മുസ്‌ലിംകളാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്കുകളെയാണ് അദ്ദേഹം അപഗ്രഥിച്ചിട്ടുള്ളത്. ഭൂസ്വത്തെന്നു വിശേഷിപ്പിക്കാവുന്നത് (കേരളത്തില്‍ തീരദേശത്തോ ഇടനാട്ടിലോ മലനാട്ടില്‍ പോലുമോ ഒരേക്കറില്‍ കൂടുതലുള്ളവര്‍ ഇന്ന് സാമ്പത്തികശേഷിയുള്ളവരാണ്) കൈവശമുള്ളവരില്‍ ക്രിസ്ത്യന്‍-ഹിന്ദു വിഭാഗക്കാരാണ് മുന്നില്‍ - 23.24 ശതമാനം ക്രിസ്ത്യാനി വീടുകളും 16 ശതമാനം മുന്നാക്ക ഹിന്ദു വീടുകളും. മുസ്‌ലിംകളില്‍ ഇക്കൂട്ടര്‍ വെറും 9.67 ശതമാനം മാത്രം. ഭൂസ്വത്തു കഴിഞ്ഞാല്‍ സാമൂഹിക സ്വാധീനത്തിന്റെ അളവുകോലായി എണ്ണാവുന്നത് സ്ഥിരം ഉദ്യോഗമാണ്. ഇവിടെയും നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്കുകള്‍ കാണിച്ചു തരുന്നത് മറ്റൊന്നാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരില്‍ ഏറ്റവും വലിയ വിഭാഗം മുസ്‌ലിംകളാണ്. സ്ഥിരശമ്പളം കിട്ടുന്ന ജോലികളില്‍ അവര്‍ വെറും 16.72 ശതമാനം മാത്രം. പട്ടിക വര്‍ഗക്കാരുടെ തൊട്ടുമുകളിലാണവര്‍ - ഹിന്ദു മേല്‍ജാതിക്കാരാണ് 34.85 ശതമാനവും. കേന്ദ്ര-കേരള സര്‍ക്കാര്‍ ജോലികളില്‍ ബഹുഭൂരിപക്ഷവും നായര്‍ -ഈഴവ വിഭാഗക്കാരാണെന്ന് പരിഷത്തിന്റെ പഠനം വെളിപ്പെടുത്തുന്നു - മൊത്തം 43.7 ശതമാനം. മുസ്‌ലിംകള്‍ വെറും 11.4 ശതമാനമാണ് (പുറം 71). ജനസംഖ്യയുടെ കാല്‍ഭാഗം വരുന്ന ജനതയാണവരെന്നോര്‍ക്കണം.

ഈ അനീതി നിലനില്‍ക്കുമ്പോഴും ഗള്‍ഫ്കുടിയേറ്റത്തിന്റെ ഫലമായി വളരെ ശക്തമായ ബൗദ്ധിക മുന്നേറ്റം ചെറുപ്പക്കാരിലൂടെ ഈ സമുദായം നേടിയെടുത്തുവെന്ന വസ്തുതയാണ് പലപ്പോഴും അംഗീകരിക്കപ്പെടാതിരിക്കുന്നത്.

മുസ്‌ലിംകള്‍ക്ക് സ്വയംസഹായമായാലെന്താ?

സച്ചാര്‍ കമ്മിറ്റി എടുത്തു പറഞ്ഞ ഈ കാര്യം വീണ്ടും ഓര്‍മപ്പെടുത്തേണ്ടി വരുന്നത് കഷ്ടമാണ്. ഇനി, ധനികരായ മുസ്‌ലിംകള്‍ക്ക് ദരിദ്രരായവരെ സഹായിച്ചുകൂടേ എന്നാണ് ചോദ്യമെങ്കില്‍, ഭരണകൂടമേര്‍പ്പെടുത്തുന്ന ശക്തമായ പുനര്‍വിതരണത്തിലൂടെയല്ലാതെ കാര്യമായ മാറ്റം സാമൂഹികാസമത്വത്തില്‍ ഉണ്ടായതായി തെളിവുകളൊന്നുമില്ല. ഇന്ന് പല സമുദായ സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നല്ല - അവ സമുദായത്തിലെ ആന്തരികസമത്വം ഉറപ്പാക്കുന്നില്ലെന്നു മാത്രം. മാത്രമല്ല, ഇതൊരു പൊതു യുക്തിയാണെങ്കില്‍, അത് എല്ലാ സമുദായക്കാര്‍ക്കും ബാധകമായിരിക്കുമല്ലോ. അപ്പോള്‍ 'മുന്നാക്ക വികസന കോര്‍പ്പറേഷന്‍' മുതലായ വിചിത്ര നാമധാരികളായ സ്ഥാപനങ്ങള്‍ ആവശ്യമില്ല എന്നും വരുമല്ലോ (മുന്നാക്കമെന്ന് സ്വയം സമ്മതിക്കുന്നവര്‍ക്ക് വീണ്ടും സര്‍ക്കാര്‍ ചെലവില്‍ വികസനമോ? ആ സമുദായങ്ങള്‍ക്ക് മുന്നാക്കമെന്ന പദവി നേടാന്‍ കാരണമായ വരേണ്യര്‍ക്ക് മറ്റുള്ളവരെക്കൂടി സഹായിച്ചാലെന്താ? ജനസംഖ്യാ കണക്കു പ്രകാരം താരതമ്യേന ചെറുതായ മുന്നാക്ക സമുദായങ്ങളില്‍ ചെറുതല്ലാത്ത സാന്നിധ്യമുണ്ടാകാനിടയുള്ള വരേണ്യര്‍ക്ക് കാര്യമായി പലതും ചെയ്യാന്‍ കഴിയേണ്ടതല്ലേ?).

അതു പോലെ തിരിച്ചറിയേണ്ട ചരിത്ര യാഥാര്‍ഥ്യം ഇതാണ് - ഉദാരവത്കരണത്തിനു ശേഷം കേരളത്തിലെ സമുദായ പരിഷ്‌ക്കരണത്തില്‍ മുഖ്യപങ്കു വഹിക്കുകയും പില്‍ക്കാലത്ത് സമുദായത്തിലെ മേലാള പുരുഷന്മാരുടെ താല്‍പര്യങ്ങളെ മുന്നോട്ടു വെക്കുകയും ചെയ്ത നവ വരേണ്യ സാമൂഹിക സംഘടനകള്‍ കോര്‍പ്പറേറ്റുകള്‍ ആയി മാറാനുള്ള സാഹചര്യമാണ് സംജാതമായത്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍ക്ക് സാമൂഹിക മേഖലയില്‍ നിന്ന് വിപണിയിലേക്ക് സ്ഥാനമാറ്റമുണ്ടായതോടെ ഇവ മിക്കവാറും ലാഭത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയാണ്. സങ്കീര്‍ണതകളും അപവാദങ്ങളും ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഉണ്ട് (സൂസാപാക്കിയം തിരുമേനിയുടെ നേതൃത്വത്തിലുള്ള ലത്തീന്‍ കത്തോലിക്കാസഭയെപ്പോലെ). ഇതൊരു പൊതുപ്രവണതയാണ്, മുസ്‌ലിം ലീഗിനു മാത്രമുള്ളതല്ല.

ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ ആ സംഘടന എക്കാലത്തും അങ്ങനെയായിരുന്നില്ലെന്നു കാണാം. സി. എച്ച് മുഹമ്മദ് കോയയുടെ തലമുറ മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം അനുഭവിക്കുന്ന ദാരിദ്ര്യത്തെയും പിന്‍നിലയെയും പറ്റി സദാ ഓര്‍മപ്പെടുത്തുന്ന രാഷ്ട്രീയവ്യവഹാര ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. അത് മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യത്തിന്റെ പ്രശ്‌നത്തെ പൊതുവെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളോട് ചേര്‍ത്തു വായിക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷ ആശയങ്ങള്‍ക്ക് അധീശത്വമുണ്ടായിരുന്ന കാലത്തായിരുന്നു. ഇന്നാകട്ടെ ദരിദ്രരെ മറക്കുന്ന, അല്ലെങ്കില്‍ അദൃശ്യരാക്കുന്ന, രീതി സമുദായത്തിനുള്ളില്‍ത്തന്നെ, പലപ്പോഴും ഉന്നത വിദ്യാഭ്യാസത്തിലൂടെ സമുദായത്തെക്കുറിച്ചുള്ള പുതിയ ഭാവനകള്‍ ചമയ്ക്കാന്‍ ഉത്സാഹിക്കുന്നവരുമായ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും, അധീശത്വം നേടുകയല്ലേ എന്ന് ചിലപ്പോഴെങ്കിലും സംശയം തോന്നിപ്പോകുന്നു. പക്ഷേ, മുമ്പു പറഞ്ഞതു പോലെ, ഇത് ലീഗിന്റെയോ മുസ്‌ലിം ധനിക വിഭാഗത്തിന്റെയോ മാത്രം പ്രശ്‌നമല്ല.

'ധനിക മുസ്‌ലിംഭീതി'?

ഞാനിവിടെപ്പറഞ്ഞ ഒരൊറ്റക്കാര്യം പോലും പുതിയതോ, നമ്മുടെ ആസൂത്രണ വിദഗ്ധര്‍ക്ക് മാത്രം അറിവുള്ളവയോ അല്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം, സച്ചാര്‍ കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ മുതലായവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. എങ്കിലും ഇവിടത്തെ പൊതുമണ്ഡലത്തില്‍ ഈ അറിവ് ഈവിധം അപ്രത്യക്ഷമാകുന്നതെന്തുകൊണ്ട്? പൊതുവെ മുസ്‌ലിംകളെ ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ നിശ്ശബ്ദരാക്കാനുള്ള പ്രവണതകള്‍ സജീവമാണെങ്കിലും, കേരളത്തിലെ ഹിന്ദുത്വവാദ വലതുപക്ഷം അതിനു കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും, ആരുടെയെങ്കിലും മനപ്പൂര്‍വമുള്ള ഗൂഢാലോചനയാണിതിനു പിന്നില്‍ എന്നു പറയാന്‍ കഴിയില്ല; വെറും ഇസ്‌ലാംഭീതിയാണിതെന്നു തോന്നുന്നില്ല. മറിച്ച്, സമീപകാലത്ത് ഗള്‍ഫ് കുടിയേറ്റത്തിലൂടെ മുസ്‌ലിംകളുണ്ടാക്കിയ നേട്ടങ്ങള്‍ പലതും മറ്റുള്ളവരുടെയുള്ളില്‍ ഒരു തരം 'ധനിക മുസ്‌ലിംപേടി' വളരാനിടവരുത്തുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിന് സാധാരണ ഇസ്‌ലാംഭീതിയില്‍ നിന്ന് അല്‍പം വ്യത്യാസമുണ്ട്. യുക്തിക്കു നിരക്കാത്ത ഭയമാണ് ഇസ്‌ലാംഭീതിയുടെ കാതലെങ്കില്‍, യുക്തിക്കു നിരക്കാത്ത അസൂയയാണ് ധനിക ഇസ്‌ലാംഭീതിയുടെ ഹൃദയത്തില്‍.

ലൗ ജിഹാദ് എന്ന പേരില്‍ നടന്ന ഹിന്ദു, ക്രിസ്ത്യന്‍ വര്‍ഗീയ പ്രചാരണത്തെ സൃഷ്ടിച്ചത് മേല്‍പ്പറഞ്ഞ വികാരമാണ് - പണഭീതിയും മതഭീതിയും സംഗമിക്കുന്നിടത്തു നിന്ന് പൊട്ടിപ്പുറപ്പെടുന്ന ആ അധമവികാരം. മുസ്‌ലിം ചെറുപ്പക്കാര്‍ ധനത്തിന്റെയും സുഖജീവിതത്തിന്റെയും പളപളപ്പു കാട്ടി ഹിന്ദു,ക്രിസ്ത്യന്‍ യുവതികളെ ആകര്‍ഷിച്ച് മതം മാറ്റുന്നുവെന്നുള്ള ആരോപണമായിരുന്നല്ലോ അതില്‍. കേരളത്തിലെ കോടതികള്‍ തന്നെ ഇതിനു വളംവെച്ചു കൊടുക്കുകയും ചെയ്തു. ആ പ്രചാരണം തെറ്റാണെന്ന് കേരളാ പോലീസ് തന്നെ സമ്മതിച്ചിട്ടും മുസ്‌ലിം പുരുഷന്മാരെ വിവാഹം ചെയ്യാന്‍ സ്വയം തീരുമാനിച്ച അഭ്യസ്ത വിദ്യരും പ്രായപൂര്‍ത്തിയായവരുമായ യുവതികളെപ്പോലും വിവാഹത്തെ എതിര്‍ത്ത മാതാപിതാക്കളെ ഏല്‍പ്പിച്ച ന്യായാധിപരും ഈ കേരളത്തില്‍ തന്നെയാണുള്ളത്. എന്നിട്ടും മുസ്‌ലിംകള്‍ക്ക് ഇവിടെ 'എല്ലാവിധത്തിലും തുല്യ പരിഗണന' ലഭിക്കുന്നുവെന്ന് പറയുന്നവരോട് എന്തു പറയാനാണ്? സദാചാരപ്പോലീസുകാര്‍ എല്ലാ സമുദായത്തിലുമുള്ളതുപോലെ മുസ്‌ലിം സമുദായത്തിലുമുണ്ട്. എന്നാല്‍ അത് എല്ലാ വ്യവസ്ഥാപിത സമുദായക്കാരുടെയും ആവശ്യമായതുകൊണ്ടായിരിക്കാം, ഇസ്‌ലാംഭീതിക്കാരുടെ രോഗം വര്‍ധിപ്പിക്കുന്നതായി കാണുന്നില്ല.

ഈ വികാരം കേരളത്തില്‍ സാര്‍വത്രികമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. പരിസ്ഥിതിനാശം മുതല്‍ അമിതമായ കോഴിതീറ്റ വരെയുള്ള ഇവിടത്തെ പൊതു പ്രശ്‌നങ്ങള്‍ അവരുടെ (മാത്രം) തലയില്‍ കെട്ടിവെക്കുന്ന രീതി സ്വകാര്യസംഭാഷണങ്ങളിലെങ്കിലും വളര്‍ന്നു വരുന്നതായിക്കാണുന്നു. ചില സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ കടുത്ത ദാരിദ്ര്യത്തില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും കരകയറിയാല്‍ അവിടത്തെ മത സൗഹാര്‍ദം തകര്‍ന്നു എന്ന മുറവിളി ഭൂരിപക്ഷക്കാരില്‍ നിന്നു കേള്‍ക്കുന്നു. മലയാള സിനിമാക്കാര്‍ പഴയകാല ജന്മിയെയും പുതിയകാല തെമ്മാടി/അധികാരിയെയും സകലകാല പിതൃമേധാവിയെയും കൂട്ടിയിണക്കി 1990-കളിലും ശേഷവും സൃഷ്ടിച്ച നായക കഥാപാത്രങ്ങള്‍ തകര്‍ത്താടിയ സിനിമകളില്‍ ആ അസൂയ ചീഞ്ഞുനാറുണ്ടായിരിന്നു.

അതിന്ന് സാമാന്യ ജനജീവിതത്തിലേക്കും പകരുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ വ്യാപ്തിയെപ്പറ്റിയോ രൂക്ഷതയെപ്പറ്റിയോ ഒന്നും പറയുന്നില്ല. എന്തായാലും അതിനെ വളര്‍ത്താന്‍ സമാധാനപൂര്‍ണമായ ജനജീവിതത്തിലും ജനാധിപത്യത്തിലും വിശ്വാസമുള്ളവര്‍ തുനിയരുത്. കാരണം, നമ്മുടെ പ്രത്യേക ഇസ്‌ലാംഭീതിയുമായി മേല്‍വിവരിച്ച അസൂയാകലുഷിതമായ ധനിക മുസ്‌ലിംപേടി കലരുമ്പോള്‍ കേരളത്തില്‍ പ്രത്യേകമായി ഉണ്ടാകാനിടയുള്ള സാമൂഹിക ഫാഷിസം പൂര്‍ണമാകും.

കേരളത്തിന്റെ സവിശേഷ ഇസ്‌ലാംഭീതി

മുകളില്‍ പറഞ്ഞതെല്ലാം അംഗീകരിച്ചാലും മുസ്‌ലിംകള്‍ക്ക് ഇവിടെ യാതൊരു രാഷ്ട്രീയ പ്രശ്‌നവുമില്ലെന്നും നിയമ സമാധാന സംവിധാനങ്ങള്‍ അവര്‍ക്ക് തുല്യപരിരക്ഷ നല്‍കുന്നുവെന്നും വാദിക്കുന്നവരുണ്ട്. ഇതിനെ സഹായിക്കുന്ന തെളിവുകളും അവര്‍ നിരത്തിയേക്കാം. ഉദാഹരണത്തിന്, കേരളത്തില്‍ പോലീസ് സേനയില്‍ ജനസംഖ്യാനുപാതികമായ സംഖ്യയിലല്ലെങ്കിലും, മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് കൂടുതല്‍ മുസ്‌ലിം പോലീസുകാരുണ്ട് - പതിമൂന്ന് ശതമാനത്തോളം.

ഗുജറാത്തിലും അങ്ങനെതന്നെ എന്നതാണിതിനു മറുപടി. അധികാര കേന്ദ്രത്തില്‍ സ്വാധീനം കുറവായ സമുദായക്കാരെ നിയമപാലകരാക്കുന്നത് പലപ്പോഴും അപ്രതീക്ഷിത ഫലങ്ങളാണുളവാക്കുന്നത്. ഗുജറാത്തിലെ മുസ്‌ലിംകള്‍ക്ക് മുസ്‌ലിം പോലീസുകാരുടെ സാന്നിധ്യം പ്രത്യേകിച്ച് ഗുണം ചെയ്യുന്നതായി കാണുന്നില്ല. കേരളത്തില്‍ മുസ്‌ലിംകള്‍ ധനിക സമുദായമല്ലാത്ത സ്ഥിതിക്ക്, സര്‍ക്കാര്‍ സ്ഥിരജോലികളിലേക്ക് അവരുടെ പ്രവേശം കുറവായ സ്ഥിതിക്ക്, ഇത് ദരിദ്രരായ മുസ്‌ലിം പൗരജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഉതകണമെന്നില്ല. കാരണം, മുസ്‌ലിമായ പോലീസുകാരന്‍/ പോലീസുകാരി സ്വസമുദായക്കാര്‍ക്കു നീതി നേടിക്കൊടുക്കാന്‍ ശ്രമിച്ചാല്‍ അത് സ്വസമുദായ പ്രീണനമായി എളുപ്പം എണ്ണപ്പെടുമെന്നതു തന്നെ. പഞ്ചായത്ത് ഭരണാധികാരികളെക്കുറിച്ചു ഞാന്‍ നടത്തിയ പഠനത്തില്‍ ഇതേക്കുറിച്ചുള്ള ഭയം ദലിത് വനിതകളും മുസ്‌ലിം സ്ത്രീകളും പലപ്പോഴും പ്രകടിപ്പിച്ചു കണ്ടു.  ഉന്നത വിദ്യാഭ്യാസം നേടിയവരായ, അധികവും മധ്യവര്‍ഗാംഗങ്ങളായ, പഞ്ചായത്ത് അധ്യക്ഷപദവി പോലുള്ള ഉന്നത നിലയിലെത്തിയവര്‍ക്കു പോലും ഈ ഭീതിയില്‍ നിന്ന് ഒഴിവാകാന്‍ കഴിയുന്നില്ല.

അത് എന്തായാലും ശരി, മുസ്‌ലിം സമുദായതാല്‍പര്യങ്ങളുയര്‍ത്തുന്ന മുസ്‌ലിംകളെ- അവര്‍ എത്ര തന്നെ മതേതരജീവിതം നയിക്കുന്നവരാണെങ്കിലും- സംശയത്തോടെ നോക്കുന്ന പ്രവണത കേരളത്തിലിന്ന് വ്യാപകമാണ്. കെ.കെ ഷാഹിനയെപ്പോലെ മതേതര ജീവിതം നയിക്കുന്ന ഒരു വ്യക്തി പോലീസ് വേട്ടക്കിരയായപ്പോള്‍ അവര്‍ക്കൊപ്പം പരസ്യമായി നില്‍ക്കാന്‍ തുടക്കത്തിലെങ്കിലും പലരും മടിച്ചു. ഇസ്‌ലാമിനെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകളില്‍ വിമര്‍ശനാത്മകവും മതാതീത നൈതികതയ്ക്കനുസൃതവുമായ നിലപാടുകള്‍ സ്വീകരിക്കുന്ന അവര്‍ പോലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ മനുഷ്യാവകാശലംഘനത്തിന്റെ പ്രശ്‌നം ഉയര്‍ത്തിയാല്‍ അത് ന്യൂനപക്ഷപ്രീണനം തന്നെയായി കണക്കാക്കപ്പെടുന്നു. തീവ്ര ഇസ്‌ലാമിന്റെ വക്താക്കളെന്നു മുദ്രകുത്തിക്കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ക്കു നീതി നിഷേധിക്കാമെന്നും പോലീസതിക്രമത്തിനു നേരെ കണ്ണടയ്ക്കാമെന്നുമുള്ള മേലാളസമ്മതം രൂപപ്പെടുന്ന കാഴ്ചയാണ് ബീമാപ്പള്ളി വെടിവെപ്പിനെത്തുടര്‍ന്ന് നാം കണ്ടത്. കൈവെട്ടുകേസില്‍ ഇസ്‌ലാമിന്റെ പേരില്‍ നടന്ന ആ അതിക്രമത്തെക്കുറിച്ചന്വേഷിക്കുന്നു എന്ന പേരില്‍ തികച്ചും അഹിംസാപരമായി പ്രവര്‍ത്തിച്ചുവരുന്ന മുസ്‌ലിം സംഘടനകളെ അടച്ചപമാനിക്കാനും അവരെ പോലീസ് നടപടികള്‍ക്ക് വിധേയമാക്കാനും ഇവിടത്തെ പൊതുമണ്ഡലവും ഭരണകൂടവും ഒരുപോലെ കൂട്ടുനില്‍ക്കുകയും ചെയ്തു. അതിന്റെ മൂര്‍ധന്യമെത്തിയത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലായിരുന്നു- അദ്ദേഹത്തിനെ കൊന്നത് മുസ്‌ലിം തീവ്രവാദികളോ മുസ്‌ലിം സദാചാരപ്പോലീസോ ആകാമെന്ന കിംവദന്തിയില്‍. മറുവശത്ത്, മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അത്ര പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാണിക്കപ്പെടുന്നുമില്ല. അങ്ങനെ ഒച്ചപ്പാടധികമുണ്ടാകാതെ പോയ കേസുകളില്‍ മതം മാറിയതിന്റെ പേരില്‍ ഹിന്ദുതീവ്രവാദികളാല്‍ പരസ്യമായി കൊലചെയ്യപ്പെട്ട പാവപ്പെട്ടവരുടേതു മുതല്‍ തൂണേരിയില്‍ നടന്ന, പരസ്യമായ ആക്രമണത്തിനിരയായ കുടുംബങ്ങളുടേതു വരെയുണ്ട്.

എന്തുകൊണ്ടാണ് ഈ അനീതികള്‍ പൊതുവേ അനീതിയായി തിരിച്ചറിയപ്പെടാത്തത്? ഇവിടെയും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആവശ്യമില്ല. കേരളത്തില്‍ ധനിക മുസ്‌ലിംപേടിയില്‍ നിന്നു വേറിട്ട് തന്നെ ഇസ്‌ലാംഭീതിയുമുണ്ട് - എന്നാല്‍ അതിന് അമേരിക്കന്‍ ഇസ്‌ലാംഭീതിയെ അപേക്ഷിച്ച് ചില സവിശേഷതകളുമുണ്ട്. ഇവിടത്തെ ഇസ്‌ലാംഭീതി ഇന്നത്തെ ഏകധ്രുവ ആഗോളരാഷ്ട്രീയവ്യവസ്ഥയുടെ അലയൊലി മാത്രമല്ല. അത് തീര്‍ച്ചയായും ഉണ്ട്, എന്നാല്‍ അതില്‍ ദരിദ്രരെക്കുറിച്ച് ഇന്നത്തെ പുതിയ മധ്യധനികവര്‍ഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഭീതി കൂടി കലരുന്നുണ്ട്. ഈ ഭീതിയും ആഗോളപ്രതിഭാസം തന്നെ. ജനക്ഷേമ ഭരണകൂടമവസാനിച്ച യൂറോപ്യന്‍രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന പുതുധനികര്‍ക്കിടയില്‍ ഇത് വളര്‍ന്നു വരുന്നതയായി സിഗ്മണ്ട് ബോമാനെപ്പോലുള്ള സമൂഹശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ദരിദ്രര്‍ തങ്ങളെ ആക്രമിക്കാന്‍ സദാ തക്കം പാര്‍ത്തിരിക്കുന്നുവെന്ന അബോധഭീതി മൂലം സ്വന്തം ദൈനംദിന ജീവിതത്തെ കൂടുതല്‍ക്കൂടുതല്‍ സുരക്ഷാവത്കരിക്കാന്‍ ധനികര്‍ ശ്രമിക്കുന്ന പ്രക്രിയ ഇസ്‌ലാംഭീതിയുമായി സംഗമിക്കുന്നുണ്ടിവിടെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ധനിക മുസ്‌ലിംപേടി പണഭീതിയുടെയും മതഭീതിയുടെയും സംഗമസ്ഥാനത്തു നിന്നാണ് ഉത്ഭവിക്കുന്നതെങ്കില്‍, കേരളീയ ഇസ്‌ലാംഭീതി ഉണ്ടാകുന്നത് പണമില്ലാത്തവരെക്കുറിച്ചുള്ള ഭീതിയുടെയും മതഭീതിയുടെയും സംഗമത്തില്‍ നിന്നാണ്. ദരിദ്രരില്‍ സഹജമെന്ന് ഇന്നത്തെ മേലാളവ്യവഹാരങ്ങള്‍ തിരിച്ചറിയുന്ന ഹിംസാത്മകതയെ ദരിദ്രരരായ മുസ്‌ലിംകളുടെ പൊതുവിടത്തില്‍ പ്രതിഷേധങ്ങളുടെ മേല്‍ എത്രയെളുപ്പം പ്രക്ഷേപിക്കാന്‍ കഴിയുമെന്ന് ബീമാപ്പള്ളി വെടിവെപ് നമ്മെ ബോധ്യപ്പെടുത്തിയതാണല്ലോ. ഭൗതികജീവിതപ്രശ്‌നങ്ങളുടെ പേരില്‍ സമരങ്ങളിലും പ്രതിഷേധത്തിലുമേര്‍പ്പെട്ട മാപ്പിളമാരെ കേവലം മതാന്ധരായി ചിത്രീകരിക്കുന്ന രീതി ബ്രിട്ടീഷ്‌കാലം മുതല്‍ പരിചിതമാണ്. എന്നാല്‍ ഇവിടെ മതാന്ധതാരോപണത്തെ  ക്രിമിനല്‍ സ്വഭാവങ്ങള്‍ ഉള്‍വഹിക്കുന്ന ദാരിദ്ര്യത്തിനോടു ചേര്‍ക്കുകയാണുണ്ടായത്.

കേരളീയ ഇസ്‌ലാംഭീതിയുടെ മറ്റൊരു സ്വഭാവം വെളിപ്പെടുന്നത് മുസ്‌ലിംസ്ത്രീകളുടെ വസ്ത്രധാരണത്തോടു പലരും പുലര്‍ത്തുന്ന അസഹിഷ്ണുതയിലാണ്. സത്യത്തില്‍ ബുര്‍ഖാഭീതി മുസ്‌ലിംസമുദായം മറ്റൊരു പൊതു ദൃശ്യത കൈവരിക്കുന്നതിനെക്കുറിച്ചുകൂടിയുള്ളതാണ്. ഇവിടെ മുസ്‌ലിംകളുടെ വര്‍ധിച്ച പൊതുവിട സാന്നിധ്യത്തെപ്പറ്റിയുള്ള ഭീതിയും, അതിന്റെ മുഖ്യാധാരാ വ്യവസ്ഥകള്‍ക്കുള്ളില്‍ അവര്‍ അലിഞ്ഞുചേരാത്തതിലുള്ള അസ്വാസ്ഥ്യവുമാണ് മഫ്ത പോലുള്ള സങ്കര വസ്ത്രത്തെപ്പോലും ചിലര്‍ ഭയക്കാന്‍ ഇടവരുത്തുന്നത്. സാമൂഹികശാസ്ത്ര സാംസ്‌കാരിക പഠനരംഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരായ മുസ്‌ലിംയുവജനങ്ങളുടെ പഠന നിരീക്ഷണങ്ങള്‍ മുഖ്യധാരയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്തതും ഇതിനു സമാനമായ ഭീതി മൂലമാകാം.

ഇപ്പറഞ്ഞ രണ്ടുതരം അരക്ഷിതത്വങ്ങളും ഒരുമിച്ചു സഹിക്കേണ്ടിവരുന്നുവെന്നതാണ് മലയാളിമുസ്‌ലിംകളുടെ ദുര്യോഗം. ഇവ രണ്ടും ഒരുമിച്ചു വരുന്ന അവസരങ്ങളില്‍ മുസ്‌ലിംവിരുദ്ധ വികാരം എല്ലാ അതിരുകളും കടക്കും - മാറാട് കലാപത്തെത്തുടര്‍ന്നുണ്ടായ മുസ്‌ലിംവിരുദ്ധ പ്രചാരണം ഉദാഹരണമാണ്. മാറാടിന്റെ പ്രാദേശിക രാഷ്ട്രീയ ചരിത്രത്തില്‍ തീവ്ര ഹൈന്ദവ സാന്നിധ്യം അടുത്തകാലത്തുണ്ടായതൊന്നുമല്ല. എന്നിട്ടും മത സമാധാന പ്രിയരായ ഹിന്ദുക്കളും മതത്തിന്റെയും പണത്തിന്റെയും ഹുങ്ക് കയറിയ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലായി അതിനെ പലരും ചിത്രീകരിച്ചു. അതിദരിദ്രരായ മുസ്‌ലിംകള്‍ക്കിടയില്‍ ഗള്‍ഫ്കുടിയേറ്റ നേട്ടങ്ങള്‍ ഉണ്ടാക്കിയതായി കരുതപ്പെട്ട നേട്ടങ്ങള്‍ മറ്റുള്ളവരില്‍ സൃഷ്ടിച്ച പേടികള്‍ക്ക് സംഘര്‍ഷത്തില്‍ വലിയ പങ്കുണ്ടായിരുന്നു; ഈ സംഭവത്തിന്റെ മാധ്യമ ചിത്രീകരണങ്ങളില്‍ ദരിദ്രമുസ്‌ലിംകളെക്കുറിച്ചുള്ള ഭീതിക്കും.

ആഗോളപ്രവണതകളെ കാണാതിരിക്കുക?

'ഇസ്‌ലാമിസം ആഗോള പ്രതിഭാസമാണ്, അതിനെ കേരളമെന്ന ഇടത്തില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടിയവരായ മലയാളി മുസ്‌ലിംകള്‍ അവഗണിക്കുകയാണ് വേണ്ടത്' എന്ന വാദത്തിന്റെ പൊള്ളത്തരം വെളിവാകുന്നതിവിടെയാണ്.

വസ്തുതാപരമായിത്തന്നെ അതു തെറ്റാണ് -– ഉറങ്ങുന്നുവെന്ന് നടിക്കുന്നവരെ നമുക്ക് ഉണര്‍ത്താന്‍ കഴിയില്ലെങ്കിലും. മലയാളി മുസ്‌ലിംകള്‍ക്ക് മലയാളി ഹിന്ദുസമുദായങ്ങളെക്കാള്‍ എത്രയോ മടങ്ങ് ശക്തമായ അന്യദേശ പരിചയം നൂറ്റാണ്ടുകളായിത്തന്നെയുണ്ടായിരുന്നുവെന്നത് ചരിത്ര വസ്തുത മാത്രമാണ്. പോര്‍ച്ചുഗീസുകാരെ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ മലാക്കയില്‍ ആദ്യമായി കൊണ്ടുപോയത് കൊച്ചിക്കാരായ മുസ്‌ലിം കച്ചവടക്കാരായിരുന്നു. ഇന്ത്യന്‍ മഹാസമുദ്ര വാണിജ്യത്തില്‍ മുഖ്യപങ്കാളികളായിരുന്നു അവര്‍, പിന്നീട് പല നൂറ്റാണ്ടുകളോളം, സമീപകാലം വരെയും. അതേക്കുറിച്ച് എങ്‌സങ് ഹോയെപ്പോലുള്ള (Engseng Ho) പണ്ഡിതരും മലയാളികളായ ഗവേഷണവിദ്യാര്‍ഥികളില്‍ പലരും പുതിയ അറിവ് സൃഷ്ടിക്കുന്നുണ്ട് (അതേക്കുറിച്ചറിയണമെങ്കില്‍ ദാറുല്‍ ഹുദാ സര്‍വകലാശാലയുടെ പ്രസിദ്ധീകരണമായ തെളിച്ചത്തിന്റെ പതിനഞ്ചാം വാര്‍ഷികപ്പതിപ്പ് കാണുക, ജനുവരി 2014). ഇതൊക്കെ പുതിയ അറിവല്ലേ എന്നു പറയുന്നവരോട് ഞാന്‍ പറയുന്നു- ശരിതന്നെ, പക്ഷേ എസ്.കെ പൊറ്റക്കാട്ടിന്റെ 1940-'50കളിലെ തെക്കുകിഴക്കേഷ്യന്‍ യാത്രാ വിവരണങ്ങള്‍ വായിച്ചാല്‍ മതിയായിരുന്നു ഇത്തരം തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇസ്‌ലാം സ്വീകരിച്ച് ജാതിമേലാളരില്‍ നിന്ന് രക്ഷപ്പെട്ട് സിലോണിലേക്കും മലയായിലേക്കും കുടിയേറി മലബാറികളായ കുടിയേറ്റക്കാരുടെ സംഖ്യ ചെറുതായിരുന്നില്ലെന്ന് ദിലീപ് മേനോന്‍ വാദിക്കുന്നു (മലബാറി ഗവേഷകരുടെ പുതു തലമുറയും ഈ കുടിയേറ്റത്തെക്കുറിച്ച് കൂടുതലായി അന്വേഷിച്ചുവരുന്നു).

ഇന്നത്തെയവസ്ഥയില്‍ ആലോചിക്കുമ്പോള്‍, ആഗോള ഇസ്‌ലാം തരംഗങ്ങള്‍, അവയുടെ ആന്തരികവൈജാത്യം എത്രതന്നെ പ്രത്യക്ഷമായാലും, ഇവിടത്തെ മുസ്‌ലിംകളെ ബാധിച്ചുകൂടാ എന്ന ശാഠ്യം ന്യായപൂര്‍ണമോ എന്നു ചിന്തിക്കേണ്ടതുണ്ട്. 9/11 നു ശേഷമുള്ള ആഗോള സാഹചര്യങ്ങള്‍ ഇന്ത്യന്‍ വിദേശനയത്തെത്തന്നെ മാറ്റിത്തീര്‍ത്തു കഴിഞ്ഞിരിക്കെ, ഹിന്ദുത്വവാദശക്തികള്‍ ആഗോള ഹിന്ദുസ്വത്വനിര്‍മാണത്തിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കേ, കേരളീയ മുസ്‌ലിംകളുടെ സാമ്പത്തികമുന്നേറ്റം ഇടവരുത്തിയ സാമുദായിക മാറ്റങ്ങള്‍ ചുരുളഴിയുന്നത് ആഗോള ഏകധ്രുവലോകവും അതിനെ പല വിധത്തിലെതിര്‍ക്കുന്ന ഇസ്‌ലാമിക പ്രതിരോധങ്ങളും അടങ്ങിയ വിശാല രാഷ്ട്രീയ സാഹചര്യത്തിലാണെന്നിരിക്കെ, കേരളീയ മുസ്‌ലിംകള്‍ കേരളത്തിനപ്പുറത്തെ കാര്യങ്ങള്‍ അധികമൊന്നും ചിന്തിക്കണ്ട എന്നു പറയുന്നത് എന്തുതരം ന്യായമാണ്?

മാത്രമല്ല, പുതിയ മുസ്‌ലിംചിന്തക്കും പ്രവൃത്തിക്കും അപ്പടി ആഗോളസ്വഭാവമാണെന്നു പരിതപിക്കുന്നവര്‍ ഓര്‍ക്കണം, 'ശുദ്ധഭാരതീയ' ഹിന്ദുചിന്ത, പ്രവൃത്തി എന്നിവയല്ല എല്ലായ്‌പ്പോഴും പരിഷ്‌കൃത ഹിന്ദുവിശ്വാസവും പ്രവൃത്തിയുമായി സ്വീകരിക്കപ്പെട്ടത്. ഇന്ന് ദേശീയ വസ്ത്രമായി നാം അംഗീകരിക്കുന്ന സാരി ഹിന്ദുസ്ത്രീകളുടെ പരമ്പരാഗത ഒറ്റവസ്ത്രത്തെ (പല പേരുകളിലാണ് ഇന്ത്യയുടെ പലഭാഗങ്ങളില്‍ അതറിയപ്പെട്ടിരുന്നത്) പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളില്‍ പ്രവര്‍ത്തിച്ചിരുന്ന വെള്ളക്കാരിയായ ഒരു മിഷണറി വനിത അന്നത്തെ മദാമ്മമാരുടെ ഗൗണിന്റെ മാതൃകയില്‍ പരിഷ്‌ക്കരിച്ചെടുത്തതാണ്. പാതി നാടനും പാതി വിദേശിയുമായ അതിനെ ഹൈന്ദവ ദേശീയ വസ്ത്രമായി എണ്ണാമെങ്കില്‍, തനി വിദേശികളായ ജീന്‍സിനെയും മറ്റും സുരക്ഷാ ഭീഷണിയായി എണ്ണാതിരിക്കാമെങ്കില്‍, മഫ്തയെയും ബുര്‍ഖയെയും എന്തിനു പഴിക്കുന്നു? ഇന്നത്തെ സാരിധാരണ രീതി അധിനിവേശസംസ്‌ക്കാരത്തില്‍ നിന്ന് കടംകൊണ്ടാണ് രൂപപ്പെട്ടതെങ്കില്‍ ഇന്നത്തെ മഫ്താധാരണരീതി അമേരിക്കന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന സമൂഹങ്ങളില്‍ നിന്നും, ഇസ്‌ലാമിനെ നവീകരിക്കാന്‍ ശ്രമിക്കുന്ന തെക്കുകിഴക്കേഷ്യന്‍ സമൂഹങ്ങളില്‍ നിന്നും കടംകൊണ്ടതാണ്. മഫ്ത ചുരിദാര്‍/ പാവാട/ സാരി എന്ന ഇന്ത്യന്‍ വേഷത്തിനു മേല്‍ ധരിക്കാനാണ് ഇന്ന് അധികം മുസ്‌ലിംവനിതകളും ശ്രമിക്കുന്നത്. ഇതൊന്നും കാണാനുള്ള കണ്ണ് നമുക്കില്ലാതെ പോകുന്നതെന്തുകൊണ്ട്?

ആഗോള ഇസ്‌ലാമിന്റെ സന്നിവേശത്തെക്കുറിച്ചുള്ള പേടിയുടെ മുന്‍പതിപ്പ് വാസ്തവത്തില്‍ 9/11നും മുമ്പു തന്നെ പ്രചാരത്തില്‍ വന്നതാണ്. കേരളത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞുകൊണ്ടിരിക്കുന്ന മുസ്‌ലിംകളെ മഅ്ദനി ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് ബേജാറാക്കുന്നുവെന്ന ആരോപണം അന്നേ പരിചിതമായിരുന്നല്ലോ.

കേരളീയ ഹിന്ദുമതത്തിലേക്ക് വടക്കേയിന്ത്യന്‍ ബ്രാഹ്മണ മതത്തിന്റെ അംശങ്ങള്‍ -–ഹിന്ദു കോഡ് ബില്‍ മുതല്‍ വരവില സമ്പ്രദായവും സീമന്തരേഖയില്‍ സിന്ദൂരം വരച്ച് legitimately and legally penetrated ആണ് താന്‍ എന്നു പ്രഖ്യാപിക്കുന്ന രീതിയും വരെ - കടന്നുവരാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അതിനെ ആരും ഒരു പ്രശ്‌നമായി കണ്ടിട്ടുമില്ല. മുസ്‌ലിം എന്ന താരതമ്യേന പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായത്തെ ഹിന്ദു എന്ന പ്രബല സമുദായവുമായി ഇക്കാര്യത്തില്‍ തട്ടിച്ചുനോക്കുന്നതും എത്രത്തോളം ന്യായമാണ്? പ്രബല സമുദായങ്ങള്‍ക്ക് പുറംബന്ധം ആവശ്യമാകണമെന്നില്ല, എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമുദായങ്ങളുടെ സ്ഥിതി അതല്ല - പ്രത്യേകിച്ചും രണ്ടാമത്തെ കൂട്ടരുടെ ചരിത്രപരമായ പിന്നാക്കാവസ്ഥ തുടര്‍ന്നും നിലനില്‍ക്കുന്ന നാട്ടില്‍.

മുസ്‌ലിംസമുദായത്തെ ശിശുവത്കരിക്കാതിരിക്കുക

ഏറ്റവും അരോചകവും അപകടകരവുമായിത്തോന്നുന്നത്, മുസ്‌ലിംകളെ ശിശുവത്കരിക്കാനുള്ള ശ്രമമാണ്. അമുസ്‌ലിം ബുദ്ധിജീവികള്‍ അവരെ വഴിതെറ്റിച്ചുകളയാന്‍ മാത്രം ലോകമറിയാത്ത പാവങ്ങളായി ആ സമുദായത്തെ ചിത്രീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന് എല്ലാവരും പിന്തിരിയുക തന്നെ വേണം. മുസ്‌ലിംസമുദായത്തിനുള്ളില്‍ ഇന്ന് സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും പോംവഴികളെക്കുറിച്ചും മറ്റും വളരെ സജീവമായ ചര്‍ച്ചയാണ് നടക്കുന്നത്. അതില്‍ പല വ്യത്യസ്ത നിലപാടുകളും ഉയര്‍ന്നുവരുന്നുണ്ട്.

ആ ചര്‍ച്ചയില്‍ അമുസ്‌ലിംകളുടെ ഇടപെടല്‍ വെറും പക്ഷംപിടിക്കലല്ല- അവര്‍ വാദങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ഇപ്പറഞ്ഞ വ്യത്യസ്തപക്ഷങ്ങളോട് യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താറാണ് പതിവ്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്കു ശേഷം ശക്തിപ്രാപിച്ച മുസ്‌ലിം സാംസ്‌കാരികരൂപീകരണങ്ങളോട് പലപ്പോഴും വിയോജിച്ചും ചിലപ്പോഴെങ്കിലും കലഹിച്ചുമൊക്കെ തന്നെയാണ് ഞാനുള്‍പ്പെടെയുള്ളവര്‍ഇത്രദൂരവും മുസ്‌ലിംസമുദായത്തോടൊപ്പം നിലകൊണ്ടത്. മുസ്‌ലിംസ്ത്രീകളുടെ പുതിയ വസ്ത്രധാരണത്തെ സുരക്ഷാപ്രശ്‌നമായി കാണുന്നതിനെ എതിര്‍ക്കാനും, എന്നാല്‍ അതിന്റെ വിമോചകസാധ്യതകളെ ചോദ്യംചെയ്യാനും, മുസ്‌ലിം ഫെമിനിസത്തെക്കുറിച്ചുള്ള ആഗോളചര്‍ച്ചകളെ പരിചയപ്പെടുത്താനും, മലയാളി മുസ്‌ലിംബുദ്ധിജീവിവൃത്തങ്ങള്‍ അധിനിവേശാനന്തര ചിന്തയെ തദ്ദേശ ഇടങ്ങളിലേക്ക് പരിഭാഷ കൂടാതെ സ്വീകരിക്കുന്ന ഇന്നത്തെ രീതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാനും, ലൈംഗികത്തൊഴിലാളികളുടെ പൂര്‍ണ പൗരത്വം അംഗീകരിക്കാന്‍ വിസമ്മതിച്ച ചില നവമുസ്‌ലിം ശക്തികള്‍ക്കെതിരെ പ്രതിഷേധിക്കാനും മറ്റുമാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. സമുദായത്തിനുള്ളില്‍ നടക്കുന്ന ചര്‍ച്ചയെ കറുപ്പും വെളുപ്പുമായി വേര്‍തിരിച്ച് എല്ലാവരും ഏതെങ്കിലും ഒരു ധ്രുവത്തിനു ചുറ്റും അണിചേര്‍ന്നുകൊള്ളണമെന്നാണ് ഉത്തരവെങ്കില്‍ അത് സ്വീകരിക്കാന്‍ എനിക്ക് നിവൃത്തിയില്ല. കാരണം, സാമൂഹികശാസ്ത്രപഠനം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് കറുപ്പോ വെളുപ്പോ മാത്രമല്ലാത്ത, സങ്കീര്‍ണവും മൂര്‍ത്തവുമായ, സാമൂഹിക പ്രക്രിയകളെയാണ്.

മുസ്‌ലിംസമുദായത്തിനുള്ളില്‍ നിന്ന് ഉയര്‍ന്നുവന്ന ചില ശബ്ദങ്ങളെ ഇവിടെ ഇസ്‌ലാംഭീതി പരസ്യമായിത്തുടങ്ങിയ നാളുകളില്‍ തള്ളിക്കളയാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അഴിമതിയാരോപണത്തിന്റെ പല വകഭേദങ്ങള്‍ കേട്ട പലരില്‍ ഒരാള്‍ മാത്രമാണ് ഞാനും. സ്ത്രീകള്‍ക്കായി പ്രത്യേകം തയാറാക്കപ്പെട്ട അതിന്റെ ഒരു വകഭേദപ്രകാരം എനിക്കു മുസ്‌ലിംജാരന്മാരുണ്ടെന്നും അവരെ പ്രീതിപ്പെടുത്താനാണ് ഞാനെഴുതുന്നതെന്നും പ്രഖ്യാപിക്കപ്പെട്ടു. അതൊന്നും ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല, അതൊന്നും മറുപടിയും അര്‍ഹിക്കുന്നില്ല. പക്ഷേ, എന്റെ നിലപാട് ദേശസ്‌നേഹത്തിനെതിരാണെന്ന വാദത്തെ ഞാന്‍ തള്ളിക്കളയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ വിശേഷിച്ചും ദേശീയവാദത്തെയും ദേശസ്‌നേഹത്തെയും രണ്ടായിത്തന്നെ കാണണമെന്ന് ഞാന്‍ കരുതുന്നു. രാജ്യത്ത് മാറിവരുന്ന പ്രബലസാമ്പത്തിക സാമൂഹിക സാംസ്‌കാരികശക്തികളുടെ ഏറ്റക്കുറച്ചിലനുസരിച്ച് ദേശീയവാദത്തിന്റെ കെട്ടും മട്ടും മാറും. പക്ഷേ ദേശസ്‌നേഹമെന്നാല്‍ ഈ നാട് എന്ന മൂര്‍ത്തമായ ഇടത്തോടും, അതില്‍ നമ്മോടൊപ്പം ജീവിക്കുന്ന എല്ലാ കൂടപ്പിറപ്പുകളോടും നാം പുലര്‍ത്തുന്ന ഉപാധികളില്ലാത്ത സ്‌നേഹവും പ്രതിബദ്ധതയുമാണ്. ഈ നാട്ടില്‍ നമ്മോടൊപ്പം ജനിച്ചുവളര്‍ന്ന, നമ്മോടൊപ്പം ജീവിക്കുന്ന എല്ലാ കൂടപ്പിറപ്പുകളും തമ്മില്‍ സമത്വവും സമാധാനവും തുല്യതയും വേണമെന്ന ആഗ്രഹം എല്ലാ ദേശീയവാദങ്ങളിലും അനുവദിക്കണമെന്നില്ല.

പക്ഷേ, അതാണ് ദേശസ്‌നേഹത്തിന്റെ കാതല്‍. അതുകൊണ്ടാണ് പല ദേശീയവാദങ്ങളും ദേശസ്‌നേഹത്തിനെതിരായിത്തീരുന്നത്. ഇങ്ങനെ നോക്കിയാല്‍ ഇന്ന് മാളികമുകളിലേറി നില്‍ക്കുന്ന ഹിന്ദുത്വ സാംസ്‌ക്കാരിക ദേശീയവാദം ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നു കാണാം. എങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന ആ കാളകൂടത്തെ ശമിപ്പിക്കാനുള്ള ബൗദ്ധികശുചീകരണത്തില്‍ ഏര്‍പ്പെടുന്നതിനു പകരം  അങ്കംവെട്ടി ഊര്‍ജം കളയരുതെന്ന് കേരളത്തിലെ (അധികപക്ഷവും പുരുഷന്മാരായ) മതേതര ബുദ്ധിജീവികളോട് അഭ്യര്‍ഥിച്ചുകൊള്ളട്ടെ. 

കടപ്പാട്: kafila.org(18-8-2015)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍