സയ്യിദ് ഖുത്വ്ബ് ഭീകരതയുടെ താത്ത്വികാചാര്യനോ?
ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത്.... -2
''ദാഇശ് വന്നത് സയ്യിദ് ഖുത്വ്ബിന്റെ ചിന്തകള്‍ നടപ്പാക്കാന്‍...'' അലി ജുമുഅയുടെതാണ് കമന്റ്. ഇദ്ദേഹം ഈജിപ്തിലെ മുന്‍ ഔദ്യോഗിക മുഫ്തിയാണ്. ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ സ്വന്തം ആള്‍. ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ കഠിന വിരോധി. മധ്യ പൗരസ്ത്യ ദേശത്ത് ഭീകരത വിതച്ചുകൊണ്ടിരിക്കുന്ന ഐസിസിനെ സയ്യിദ് ഖുത്വ്ബുമായി ബന്ധിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഏതൊരാള്‍ക്കും തിരിച്ചറിയാം. ഈ പ്രചാരണം ഏറ്റുപിടിക്കാന്‍ പൗരാണിക സര്‍വകലാശാലയായ അല്‍ അസ്ഹറിലെ പണ്ഡിത സമിതികള്‍വരെ രംഗത്തുണ്ട്.
തീവ്രവാദ ചിന്താഗതികള്‍ക്ക് ജന്മം നല്‍കുന്നതില്‍ സയ്യിദ് ഖുത്വ്ബിന്റെ രചനകള്‍ക്ക് വല്ല പങ്കുമുണ്ടോ? അല്ലെങ്കില്‍ വെറും പ്രൊപഗണ്ട മാത്രമാണോ അത്? കുറെ കാലമായി അറബ് ലോകത്ത് നടക്കുന്ന ചര്‍ച്ചയാണിത്. ഡോ. യൂസുഫുല്‍ ഖറദാവിയുടെ ആത്മകഥയിലെ ചില പരാമര്‍ശങ്ങള്‍ ഇഖ്‌വാന്‍ വിരുദ്ധ മതവൃത്തങ്ങളും സെക്യുലറിസ്റ്റുകളും ഇപ്പോള്‍ നന്നായി ആഘോഷിക്കുന്നുണ്ട്. ഇന്നത്തെ മുസ്‌ലിം സമൂഹങ്ങളെ നിഷേധികളായി (തക്ഫീര്‍) ചിത്രീകരിക്കുന്ന വരികള്‍ സയ്യിദ് ഖുത്വ്ബിന്റെ അവസാന കാല രചനകളില്‍, പ്രത്യേകിച്ച് ഖുര്‍ആന്‍ വ്യാഖ്യാന കൃതിയായ ഫീളിലാലിലും, സ്വേഛാധിപത്യത്തെ അതിനിശിതമായി വിമര്‍ശിക്കുന്ന മആലിമുന്‍ ഫിത്ത്വരീഖി (വഴിയടയാളങ്ങള്‍)ലും ഉണ്ടെന്നാണ് ഖറദാവി എഴുതിയിരിക്കുന്നത്. പല കോണുകളില്‍ നിന്നും ഇതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. തെളിവുകള്‍ ഹാജരാക്കണമെന്ന് ഖറദാവിയുടെ അടുത്ത സുഹൃത്തുക്കള്‍ വരെ ആവശ്യപ്പെട്ടു.
താന്‍ എഴുതിയ കാര്യങ്ങളൊന്നും നിഷേധിക്കുന്നില്ല എന്ന് തന്നെയായിരുന്നു ഖറദാവിയുടെ മറുപടി. ഇഖ്‌വാന്റെ അകത്ത് തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിവെച്ച കാര്യമാണിതെന്നും താന്‍ പുതുതായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്നത്തെ ഇഖ്‌വാന്റെ കാര്യദര്‍ശി ഹസനുല്‍ ഹുദൈബി 'പ്രബോധകരാണ്, വിധികര്‍ത്താക്കളല്ല' (ദുആതുന്‍ ലാ ഖുദാത്തുന്‍) എന്ന പുസ്തകമെഴുതാനുണ്ടായ പശ്ചാത്തലവും അതാണ്. സയ്യിദ് ഖുത്വ്ബിനോടുള്ള എല്ലാ ബഹുമാനാദരങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെ അദ്ദേഹത്തിന് സംഭവിച്ച ചില പിഴവുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്.
എന്നാല്‍ ഇഖ്‌വാനികളോ അല്ലാത്തവരോ ആയ വലിയൊരു വിഭാഗം പണ്ഡിതന്മാരും നേതാക്കളും, പില്‍ക്കാലക്കാര്‍ സയ്യിദ് ഖുത്വ്ബിനെ തെറ്റായി വായിക്കുകയായിരുന്നു എന്ന അഭിപ്രായക്കാരാണ്. അവരില്‍ പ്രമുഖനാണ് ഇസ്‌ലാമിക പണ്ഡിതനും നിയമജ്ഞനുമായിരുന്ന സാലിം അല്‍ ബഹന്‍സാവി (1932-2006). ഈ വിഷയകമായി മാത്രം നാല് പുസ്തകങ്ങളെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ട്.1 തക്ഫീരി തീവ്രചിന്തകളെ പ്രമാണബദ്ധമായി ചെറുക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. 'പ്രബോധകരാണ്, വിധികര്‍ത്താക്കളല്ല' എന്ന പുസ്തകമെഴുതാന്‍ ഹസനുല്‍ ഹുദൈബിയെ വൈജ്ഞാനികമായി സഹായിച്ചതും അദ്ദേഹം തന്നെ. അതിനാല്‍, ഹുദൈബിയുടെ ഈ പുസ്തകത്തെ സയ്യിദ് ഖുത്വ്ബിനുള്ള മറുപടിയായിട്ടല്ല, അദ്ദേഹത്തെ തെറ്റായി വായിച്ചവര്‍ക്കുള്ള മറുപടിയായിട്ടാണ് കാണേണ്ടത്. 'തക്ഫീറിനും ഹിംസാത്മക പ്രവൃത്തികള്‍ക്കും ഖുത്വ്ബ് എത്രത്തോളം ഉത്തരവാദിയാണ്?' എന്ന ലേഖനത്തില്‍ തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാന നായകനായ റാശിദുല്‍ ഗനൂശി ഇക്കാര്യം പരിശോധിക്കുന്നുണ്ട്.2 കാലഘട്ടത്തെ ഇളക്കി മറിക്കുന്ന ഏതൊരു ചിന്തകനും പില്‍ക്കാലത്ത് ഉണ്ടാവാനിടയുള്ള ഒരു പരിണാമത്തെ കുറിച്ചാണ് ഗനൂശി എഴുതുന്നത്. വ്യക്തി എന്ന തലം വിട്ട് അത്തരം ചിന്തകന്മാര്‍ ഒരു വലിയ ചിന്താപ്രസ്ഥാനമായി വളരും. പലതരം വ്യാഖ്യാനങ്ങള്‍ അതിനുണ്ടാവും. ചിലത് ശരിയായ വായനയായിരിക്കും, ചിലത് അതി വായനയായിരിക്കും. മാര്‍ക്‌സിസത്തിനും ഗാന്ധിസത്തിനുമൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. യൂറോപ്പിലെ സോഷ്യല്‍ ഡമോക്രാറ്റുകളും നമ്മുടെ നാട്ടിലെ മുഖ്യധാരാ ഇടത് പക്ഷമായ സിപിഎമ്മും സായുധ പോരാട്ടത്തില്‍ വിശ്വസിക്കുന്ന നക്‌സലൈറ്റുകളും മാവോയിസ്റ്റുകളുമെല്ലാം വായിക്കുന്നത് ഒരേ മാര്‍ക്‌സിനെ തന്നെയാണല്ലോ. ഓരോ ചിന്തകനും ജീവിച്ച കാലഘട്ടത്തെയും അദ്ദേഹത്തിന്റെ മാനസിക ബൗദ്ധിക സംഘര്‍ഷങ്ങളെയുമെല്ലാം ചേര്‍ത്ത് വെച്ച് ആ കൃതികളെ വിലയിരുത്തുന്നതായിരിക്കും ഏറക്കുറെ ശരിയായ വായന. സയ്യിദ് ഖുത്വ്ബിനെ കുറിച്ച് അത്തരമൊരു വായന നടത്തുന്നത് അദ്ദേഹത്തെ വലിയൊരളവില്‍ കുറ്റ വിമുക്തനാക്കുന്നതിന് ഉപകരിക്കും.
ഖുത്വ്ബിന്റെ രചനകളും വൈയക്തിക സംഘര്‍ഷങ്ങളും
സയ്യിദ് ഖുത്വ്ബിന്റെ കൃതികളെ അവയുടെ രചനാ പശ്ചാത്തലമറിയാതെ വായിക്കുന്നത് വലിയ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തും. തൊള്ളായിരത്തി നാല്‍പ്പതുകളില്‍ സാഹിത്യരചനകള്‍ നടത്തിക്കൊണ്ടാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഖുര്‍ആനിലെ കലാവിഷ്‌കാരത്തെക്കുറിച്ച പഠനങ്ങള്‍ പുറത്ത് വരുന്നത് ഇക്കാലത്താണ്.3 നാല്‍പതുകളുടെ അന്ത്യത്തിലും അമ്പതുകളുടെ ആദ്യത്തിലുമായി കലാനിരൂപണ മേഖല വിട്ട് അദ്ദേഹം സാമൂഹിക പരിഷ്‌കരണ ചിന്തകളിലേക്ക് വഴി മാറുന്നുണ്ട്. മനുഷ്യ ജീവിതത്തെ ഇസ്‌ലാമിക തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റിപ്പണിയുക എന്നതായിരുന്നു ആ ചിന്തകളുടെ ആധാരം. ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധപ്പെടാന്‍ ഇടയായതാണ് അതിന് കാരണം. 'അല്‍ ഫിക്‌റുല്‍ ജദീദ്' എന്ന മാഗസിന്‍ പുറത്തിറക്കുന്നത് ഇക്കാലത്താണ്. മുഹമ്മദ് ഹില്‍മി അല്‍ മന്‍യാവി എന്ന ഇഖ്‌വാന്‍ പ്രവര്‍ത്തകനായിരുന്നു പത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ്. നാടുവാഴികളെയും പ്രഭുക്കന്‍മാരെയും പാഷമാരെയും പത്രം കടന്നാക്രമിച്ചു. പതിനൊന്ന് ലക്കങ്ങള്‍ ഇറങ്ങിയപ്പോഴേക്കും ഭരണകൂടം പത്രം അടച്ചു പൂട്ടുകയും ചെയ്തു. 'ഇസ്‌ലാമിലെ സാമൂഹിക നീതി', 'ഇസ്‌ലാമും ലോക സമാധാനവും', 'മുതലാളിത്തവും ഇസ്‌ലാമും തമ്മിലെ പോരാട്ടം' തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിക്കുന്നത് ഇക്കാലത്താണ്. കൂടാതെ 'ഫീളിലാലില്‍ ഖുര്‍ആന്‍' എന്ന പേരില്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ ആസ്വാദനം 'അല്‍ മുസ്‌ലിമൂന്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ച് തുടങ്ങുകയും ചെയ്തിരുന്നു.
ഇക്കാലയളവില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസ്വിറുമായി സയ്യിദ് ഖുത്വ്ബ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1952ല്‍ നാസ്വിര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സൈനിക വിപ്ലവത്തിന് ബൗദ്ധിക പശ്ചാത്തലമൊരുക്കിയത് പോലും സയ്യിദ് ഖുത്വ്ബാണെന്ന് പറയാം. തങ്ങളുടെ മുഖ്യ ഉപദേശകനായിട്ടാണ് വിപ്ലവത്തിന് നേതൃത്വം കൊടുത്തവര്‍ അദ്ദേഹത്തെ കണ്ടിരുന്നത്. പുതിയ ഭരണത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വരെ സയ്യിദ് ഖുത്വ്ബിന് നാസ്വിര്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ സയ്യിദ് അത് നിരസിച്ചു. അതിനേക്കാള്‍ വലിയ ഓഫറുകളും നല്‍കിയിരുന്നു. അതില്‍ ഏതെങ്കിലുമൊന്ന് സ്വീകരിച്ചിരുന്നെങ്കില്‍ ഭരണകക്ഷിയില്‍ നാസ്വിര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരനാവാന്‍ വരെ സയ്യിദിന് കഴിയുമായിരുന്നുവെന്ന് രണ്ട് പേരെയും അടുത്തറിയുന്ന ചില പ്രമുഖര്‍ തങ്ങളുടെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അപ്പോഴേക്കും നാസ്വിറിന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തനായിക്കഴിഞ്ഞിരുന്ന സയ്യിദ് അദ്ദേഹവുമായി മാനസികമായി വളരെയധികം അകന്നു. ഈ അകല്‍ച്ചയാണ് പില്‍ക്കാലത്ത് സയ്യിദിന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ക്ക് നിമിത്തമായത്. 1954 ല്‍ തന്നെ അട്ടിമറിക്കാന്‍ സയ്യിദ് ഖുത്വ്ബിന്റെ നേതൃത്വത്തില്‍ ഇഖ്‌വാന്‍ ശ്രമിച്ചു എന്നാരോപിച്ച് ആയിരക്കണക്കിന് ഇഖ്‌വാന്‍ പ്രവര്‍ത്തകരെ നാസ്വിര്‍ വേട്ടയാടാനാരംഭിച്ചത് ഇതിനെ തുടര്‍ന്നാണ്. പതിനഞ്ച് വര്‍ഷത്തെ കഠിന തടവാണ് സയ്യിദിന് വിധിച്ചത്. ഒട്ടേറെ പീഡനപര്‍വങ്ങളിലൂടെ അദ്ദേഹം കടന്നു പോയി. സ്വാഭാവികമായും പിന്നീടെഴുതിയ കൃതികളിലെല്ലാം ഈ സ്വേഛാധിപത്യ ദുര്‍ഭരണത്തെ സയ്യിദ് അതിനിശിതമായി കൈകാര്യം ചെയ്യുന്നുണ്ട്. എന്നല്ല, നേരത്തെ എഴുതിയ ഫീളിലാലില്‍ ഖുര്‍ആന്‍ വ്യാഖ്യാനക്കുറിപ്പുകള്‍ പോലും നാസ്വിര്‍ ഭരണകൂടത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി അദ്ദേഹം മാറ്റിയെഴുതി; ആ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും.
ഈ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ നാസ്വിറിന്റെ ദുര്‍ഭരണത്തെയാണ് സയ്യിദ് ലക്ഷ്യം വെക്കുന്നതെന്ന് ആര്‍ക്കും വ്യക്തമാകും. ഈ ദുര്‍ഭരണത്തെയാണ് അദ്ദേഹം 'കാഫിറാ'ക്കിയത് (ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുക എന്ന അര്‍ഥത്തിലല്ല അദ്ദേഹം ആ പദം പ്രയോഗിച്ചിട്ടുള്ളതും. അതെക്കുറിച്ച് പിന്നീട് പറയാം). പക്ഷെ, തന്റെ കൃതികളില്‍ നാസ്വിറിന്റെ പേരെടുത്ത് പറയാറില്ല സയ്യിദ്. ഇത് അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകതയാണ്. ഈ പൊതു പ്രയോഗങ്ങളാണ് സയ്യിദ് കൃതികളെ തെറ്റായി വായിക്കാന്‍ ഇടയാക്കിയതെന്ന് സാലിം ബഹന്‍സാവി എഴുതിയിട്ടുണ്ട്. ഖറദാവി ഉള്‍പ്പെടെയുള്ളവര്‍ അത് മുസ്‌ലിം സമൂഹത്തെ കാഫിറാക്കുകയാണെന്ന് തെറ്റിദ്ധരിച്ചു. അല്‍ ഖാഇദ, ദാഇശാദികളുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. 'ദ പ്രൊഫറ്റ് ആന്റ് ഫറോവ' എന്ന പുസ്തകമെഴുതിയ ഗില്‍ കെപല്‍ ഇത് കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ''ജാഹിലിയ്യത്തിന് ഒരു മാതൃകയായി ത്തീരുക സ്വേഛാധിപത്യ ഭരണമായിരിക്കും. സയ്യിദ് ഖുത്വ്ബിന്റെ ദൃഷ്ടിയില്‍, ജാഹിലിയത്ത് എന്നാല്‍ അതിക്രമിയായ ഭരണാധികാരിയുടെ ദുര്‍ഭരണമാണ്. തന്റെ താല്‍പര്യങ്ങള്‍ക്കും ദേഹേഛകള്‍ക്കുമൊത്താണ് അയാള്‍ ഭരിക്കുന്നത്. ദൈവത്തിനോ ദൈവിക ഗ്രന്ഥത്തിലെ തത്ത്വങ്ങള്‍ക്കോ അവിടെ യാതൊരു സ്ഥാനവുമില്ല.'' ഇത്തരം പരാമര്‍ശങ്ങള്‍ പില്‍ക്കാലക്കാര്‍ തെറ്റായി വായിച്ചിട്ടുണ്ടെന്നും കെപല്‍ തുടര്‍ന്ന് എഴുതുന്നുണ്ട്. ''കൃത്യമായി ആശയ വ്യക്തത വരുത്താത്ത ഇത്തരം പരാമര്‍ശങ്ങള്‍, സയ്യിദ് ഖുത്വ്ബ് ചെറുപ്പത്തിലേ തൂക്കിലേറ്റപ്പെട്ടതോടെ, പില്‍ക്കാലക്കാരുടെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായി. 'കാഫിറാക്കല്‍' ഒരു ആയുധമായി കണ്ടെടുക്കുന്നത് അങ്ങനെയാണ്. സ്വേഛാധിപത്യം കൊടികുത്തി വാഴുന്ന കാലമായതിനാല്‍ അക്കാലത്തെ എഴുത്തുകാരെല്ലാം തന്നെ സൂചനകളിലുടെയും പ്രതീകങ്ങളിലൂടെയുമാണ് ആശയ പ്രകാശനം നടത്തിയിരുന്നത്. പലപ്പോഴും തെളിച്ച് പറയുകയില്ല. ഇത് മനസ്സിലാക്കാത്തവര്‍ സയ്യിദ് ഖുത്വ്ബിന്റെ ചിന്തകളെ തെറ്റായി വായിക്കും.''4
കുഫ്‌റും ജാഹിലിയ്യത്തും
സയ്യിദ് ഖുത്വ്ബിന്റെ അവസാന കാല കൃതികളിലാണ് ഈ രണ്ട് സംജ്ഞകളും കൂടുതലായി കടന്നു വരുന്നത്. അതിന്റെ പശ്ചാത്തലം എന്താണെന്ന് നാം വിവരിച്ചു. ഇസ്‌ലാമേതര ഭൗതിക ദര്‍ശനങ്ങളെ കുറിക്കാനാണ് അദ്ദേഹം സാധാരണ ജാഹിലിയ്യത്ത് എന്ന് പ്രയോഗിക്കാറുള്ളത്. ഇസ്‌ലാം ഒരു ആദര്‍ശ പ്രസ്ഥാനമാണെന്ന് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. കുഫ്‌റും ജാഹിലിയ്യത്തും സയ്യിദ് ഖുത്വ്ബ് പര്യായ പദങ്ങള്‍ പോലെ പ്രയോഗിച്ചതാണെന്ന് ചിലരെങ്കിലും പില്‍ക്കാലത്ത് തെറ്റായി വായിച്ചു. മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തെയും സയ്യിദ് ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണെന്ന് അവര്‍ വാദിച്ചു.
ഖുര്‍ആനിലും നബി വചനങ്ങളിലും വന്ന വാക്കാണ് ജാഹിലിയ്യത്ത്. സന്ദര്‍ഭത്തിനനുസരിച്ച് അതിന്റെ അര്‍ഥത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ബിലാലി(റ)നെ ആക്ഷേപിച്ച പ്രമുഖ സ്വഹാബി അബൂദര്‍റി(റ)നോട് ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ''ജാഹിലിയ്യത്തിനെ പേറുന്ന ഒരാളാണ് താങ്കള്‍.''5 ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ബുഖാരി എഴുതുന്നു: ''ജാഹിലീ കാലത്തെ തെറ്റുകള്‍ എന്നാണ് ഇവിടെ ഉദ്ദേശിച്ചത്. അത് ചെയ്തത് കൊണ്ട് ഒരാള്‍ സത്യനിഷേധി ആവുകയില്ല.'' ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇങ്ങനെയാണ്: ''ആരെങ്കിലും സംഘടന (അല്‍ജമാഅഃ)യില്‍ നിന്ന് ഒരു ചാണ്‍ അകന്നാല്‍ അവന്റെത് ജാഹിലീ മരണമാണ്.'' ഇതൊരു വിധിപ്രസ്താവ(ഹുക്മ്)മല്ലെന്നും ഉപമാലങ്കാര പ്രയോഗം മാത്രമാണെന്നും ശൗകാനി പറഞ്ഞിട്ടുണ്ട്. അതായത്, ഇത് ചെയ്തവന്‍ സത്യനിഷേധിയായി എന്നല്ല, അവന്റെ പ്രവൃത്തി സത്യനിഷേധികളുടേതിന് സാദൃശ്യമായി എന്നര്‍ഥം. അത്‌പോലെ, 'നമ്മില്‍ പെട്ടവനല്ല' (ലൈസ മിന്നാ) എന്ന് തുടങ്ങുന്ന നിരവധി നബിവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന്‍, വലിയവരെ ആദരിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും ചെയ്യാത്തവന്‍, അയല്‍വാസികളെ ഉപദ്രവിക്കുന്നവന്‍... ഇത്തരക്കാരെ കുറിച്ചാണ് നബി(സ) 'നമ്മില്‍ പെട്ടവനല്ല' എന്ന് പറഞ്ഞത്. അതിനര്‍ഥം അവരൊക്കെ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് പുറത്താണ് എന്നാണോ?
കുഫ്ര്‍ എന്ന പ്രയോഗവും ഇത് പോലെ വന്നിട്ടുണ്ട്. ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം ബോധ്യപ്പെടുത്താനേ അത്‌കൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. ''മുസ്‌ലിമിനെ ചീത്ത പറയുന്നത് അതിക്രമമാണ്; അവനോട് യുദ്ധം ചെയ്യുന്നത് കുഫ്‌റും.''6 എന്നാണ് ഒരു നബി വചനം. അക്ഷരാര്‍ഥത്തില്‍ എടുത്താല്‍ മുസ്‌ലിമിനോട് യുദ്ധം ചെയ്യുന്നവന്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്തായി. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് എന്താണ്? ''മുസ്‌ലിംകളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കണം'' (അല്‍ ഹുജുറാത്ത്: 9). അന്നിസാഅ് അധ്യായത്തിലും (59) ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഖിലാഫത്ത് റാശിദയുടെ കാലത്ത് തന്നെ മുസ്‌ലിംകളിലെ രണ്ട് പ്രബല വിഭാഗങ്ങള്‍ തമ്മില്‍ - ഇരുപക്ഷത്തും പ്രമുഖ സ്വഹാബിമാര്‍ വരെ അണിനിരന്നിരുന്നു - ഏറ്റു മുട്ടിയിട്ടുണ്ട്. അവരെയാരും ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്ത് പോയവരായി കണ്ടിട്ടില്ല. അപ്പോള്‍ ഹദീസില്‍ പറഞ്ഞ 'കുഫ്‌റി'ന്റെ അര്‍ഥമെന്താണ്? 'കുഫ്‌റിന് താഴെയുള്ള കുഫ്ര്‍' എന്നാണ് പ്രമുഖ പണ്ഡിതരായ ഇബ്‌നു അബ്ബാസും ത്വാഊസും ഇതിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. അതായത് ആ പ്രവൃത്തിയുടെ - യുദ്ധത്തിന്റെ - ഗൗരവം കാണിക്കാനാണ് കുഫ്ര്‍ എന്ന് പ്രയോഗിച്ചിട്ടുള്ളത്. ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാകുന്ന 'കുഫ്ര്‍' അല്ല അത്.
ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വരെ ഈ വ്യാഖ്യാനം ആകാമെങ്കില്‍ സയ്യിദ് ഖുത്വ്ബിന്റെ കുഫ്ര്‍ പ്രയോഗങ്ങള്‍ക്ക് മാത്രം അതിന്റെ ആത്യന്തികമായ അര്‍ഥം നല്‍കിയേ തീരൂ എന്ന് വാശിപിടിക്കുന്നത് എന്തിനാണ്? അദ്ദേഹത്തിന്റെ രചനകളെ ഏകാധിപത്യ വിമര്‍ശനവും മറ്റുമായി കാണുന്നതിന് പകരം ഫത്‌വകളായി കാണുന്നതാണ് പ്രശ്‌നം. സാമൂഹിക വിമര്‍ശനമെന്ന നിലയില്‍ അവയില്‍ തള്ളാവുന്നതും കൊള്ളാവുന്നതും ഉണ്ടാകും. അക്കാലത്ത് മാത്രം പ്രസക്തമായ പരാമര്‍ശങ്ങളും ഉണ്ടാകും. സയ്യിദ് ഖുത്വ്ബ് ഇടക്കിടെ തന്റെ വായനക്കാരെയും സഹപ്രവര്‍ത്തകരെയും ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: ''നാം പ്രബോധകരാണ്, വിധി കര്‍ത്താക്കളല്ല. സത്യം തുറന്ന് പറയുക. പക്ഷേ ഒരാളെക്കുറിച്ചും വിധി പറയാന്‍ നമുക്ക് അര്‍ഹതയില്ല.'' അങ്ങനെയുള്ള ഒരാള്‍ക്ക് മുസ്‌ലിംകളില്‍ ഏതെങ്കിലും വിഭാഗത്തെ കാഫിറാക്കാന്‍ എങ്ങനെ കഴിയും? സയ്യിദ് ഖുത്വുബ് ജീവിച്ചിരിക്കെ തന്നെ ചില യുവസംഘങ്ങള്‍ അദ്ദേഹത്തിന്റെ രചനകളെ തെറ്റായി വായിക്കാന്‍ തുടങ്ങിയിരുന്നു. അത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തടവറയിലായിരുന്ന സയ്യിദ് ഖുത്വ്ബ് പറഞ്ഞത് ഇങ്ങനെയാണ്: ''നാം ജനങ്ങളില്‍ ഒരാളെയും കാഫിറാക്കിയിട്ടില്ല. ഇത് വികൃതമാക്കി അവതരിപ്പിക്കലാണ്. നാം അവരോട് പറയുന്നത് ഇതാണ്: ഇസ്‌ലാമിക ആദര്‍ശത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചോ പൊരുളിനെക്കുറിച്ചോ ജനത്തിന് അറിവ് നഷ്ടപ്പെട്ടിരിക്കുന്നു. അത് കാരണം അവരുടെ അവസ്ഥ ജാഹിലീ സമൂഹങ്ങളുടെ അവസ്ഥകളോട് സാദൃശ്യമുള്ളതായി കാണപ്പെടുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമിക ഭരണകൂടം സ്ഥാപിച്ചുകൊണ്ടല്ല ഇതിന് തുടക്കമിടേണ്ടത്; ഇസ്‌ലാമിക വിശ്വാസവും ധാര്‍മിക മൂല്യങ്ങളും ജനമനസ്സുകളില്‍ നട്ടുപിടിപ്പിച്ചു കൊണ്ടാണ്. ജനങ്ങളെക്കുറിച്ച വിധിപ്രസ്താവവുമായല്ല പ്രശ്‌നം ബന്ധപ്പെട്ടിരിക്കുന്നത് എന്നര്‍ഥം.''7
യുവാക്കള്‍ തന്റെ ചിന്തകളെ തെറ്റായി വായിക്കുകയാണ് എന്ന് സയ്യിദ് ഖുത്വ്ബ് തന്നെ സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് വേറെ തെളിവുകള്‍ നാം പരതേണ്ട കാര്യമില്ല. പക്ഷെ, തെറ്റിദ്ധാരണകള്‍ക്കിടം നല്‍കുന്ന പരാമര്‍ശങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ജയില്‍ ജീവിത കാലത്ത് അദ്ദേഹത്തിന് അവസരം ലഭിക്കുകയുണ്ടായില്ല. തക്ഫീര്‍ വല്‍ ഹിജ്‌റ, ഖുത്വ്ബിയ്യൂന്‍, അല്‍ജമാഅ അല്‍ഇസ്‌ലാമിയ്യ എന്നിവയാണ് സയ്യിദ് ഖുത്വ്ബിനെ തെറ്റായി വായിച്ച് സായുധപ്പോരാട്ടത്തിന്റെ പാത സ്വീകരിച്ചിരുന്നവര്‍. ഇതില്‍ ആദ്യം പറഞ്ഞ രണ്ട് വിഭാഗങ്ങള്‍ വളരെ ചെറിയ ഗ്രൂപ്പുകളാണ്. ഇഖ്‌വാനെ കരിവാരിത്തേക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അവക്ക് ധനസഹായം നല്‍കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അവയില്‍ കുറെയൊക്കെ ജനസ്വാധീനം നേടിയത് അല്‍ജമാഅ അല്‍ഇസ്‌ലാമിയ്യയാണ്. തങ്ങള്‍ തെരഞ്ഞെടുത്ത ഹിംസയുടെ വഴി തെറ്റായിരുന്നു എന്ന് ഈയിടെ അവര്‍ കുമ്പസാരം നടത്തിയിരുന്നു. സയ്യിദ് ഖുത്വ്ബിനെയല്ല, ഇസ്‌ലാമിക പ്രമാണങ്ങളെയാണ് തങ്ങള്‍ തെറ്റായി വായിച്ചത് എന്നതായിരുന്നു അവരുടെ 'പുനരാലോചനകളുടെ' (മുറാജആത്ത്) മര്‍മം.
അത് തന്നെയാണ് ഐസിസിനെക്കുറിച്ചും പറയാനുള്ളത്. അവര്‍ തെറ്റായി വായിക്കുന്നത് യഥാര്‍ഥത്തില്‍ സയ്യിദ് ഖുത്വ്ബിനെയല്ല, ഇസ്‌ലാമിക പ്രമാണങ്ങളെത്തന്നെയാണ്. ഖുര്‍ആനിലുള്ളത് മാത്രമാണ് തങ്ങള്‍ നടപ്പാക്കുന്നത് എന്ന് അവര്‍ ഇടക്കിടെ പ്രസ്താവനയിറക്കുന്നുണ്ടല്ലോ. അവര്‍ ഖുര്‍ആനെ ശരിയായാണ് മനസ്സിലാക്കുന്നതെന്ന് മതപണ്ഡിതന്മാര്‍ പോയിട്ട് അള്‍ട്രാസെക്യുലറിസ്റ്റുകള്‍ക്ക് വരെ അഭിപ്രായവുമില്ല. ഖുര്‍ആനികാശയങ്ങളെ വികൃതമാക്കുന്നവര്‍ക്ക് സയ്യിദ് ഖുത്വ്ബിനെ തലതിരിച്ച് വായിക്കാനാണോ പ്രയാസം! ളവാഹിരിയും അബൂബക്ര്‍ ബഗ്ദാദിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് സയ്യിദ് ഖുത്വ്ബിന്റെ ചിന്തകളാല്‍ പ്രചോദിതരായിട്ടാണ് തങ്ങള്‍ ഇതൊക്കെയും ചെയ്യുന്നത് എന്ന വാദമുണ്ടെങ്കില്‍ ലോകസമാധാനത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും കനപ്പെട്ട ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട് സയ്യിദ് ഖുത്വ്ബ്. അത്തരം ഇസ്‌ലാമികമായ മാനവിക മൂല്യങ്ങള്‍ അല്‍ഖാഇദയുടെയും ഐസിസിന്റെയും പ്രവര്‍ത്തനങ്ങളില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയാത്തത് എന്ത്‌കൊണ്ടാണ്? അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ചേരുന്ന പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിക്കുകയാണ് ഐസിസിന്റെ രീതി. അത് ഖുര്‍ആനില്‍ നിന്നായാലും ശരി, സയ്യിദ് ഖുത്വ്ബിന്റെ കൃതികളില്‍ നിന്നായാലും ശരി. ജീവിച്ചിരിക്കുന്ന ഒരു പണ്ഡിതനും അനുകൂലിക്കാനില്ലാത്ത സ്ഥിതിക്ക്, അവര്‍ സയ്യിദ് ഖുത്വ്ബിനെ പിടികൂടുന്നു എന്ന് മാത്രം. അദ്ദേഹം ഖബ്‌റില്‍ നിന്ന് എഴുന്നേറ്റ് വരില്ലല്ലോ.
(തുടരും)
കുറിപ്പുകള്‍
1. അദ്‌വാഉന്‍ അലാ മആലിമുന്‍ ഫിത്ത്വരീഖ്, അല്‍ ഹുക്മു വ ഖദിയ്യതു തക്ഫീരില്‍ മുസ്‌ലിം, ഫിക്ര്‍ സയ്യിദ് ഖുത്വ്ബ് ഫില്‍ മീസാന്‍, സയ്യിദ് ഖുത്വ് ബൈനല്‍ ആത്വിഫതി വല്‍ മൗദൂഇയ്യ എന്നിവ ഉദാഹരണം.
2. മാ മദാ ഉസ്ഊലിയ്യത്തി ഖുത്വ്ബ് അന്‍ ഹറകാത്തി തക്ഫീര്‍ വല്‍ ഉന്‍ഫ്, aljazeera.net 29.10.2006
3. അത്തഫ്‌സീറുല്‍ ഫന്നി ഫില്‍ ഖുര്‍ആന്‍, മശാഹിദുല്‍ ഖിയാമ ഫില്‍ ഖുര്‍ആന്‍, അല്‍ ഖിസ്സതു ബൈനത്തൗറാതി വല്‍ ഇന്‍ഞ്ചീല്‍, അന്നമാദിജുല്‍ ഇന്‍സാനിയ്യ ഫില്‍ ഖുര്‍ആന്‍, അസാലീബുല്‍ അറദി ഫില്‍ ഖുര്‍ആന്‍ തുടങ്ങിയവ.
4. Gilles Kepel-Muslim Extremism in Egypt, the Prophet and Pharaoh (1985) സാലിം ബഹന്‍സാവിയുടെ 'ഫിക്ര്‍ സയ്യിദ് ഖുത്വ്ബ് ഫീ മീസാനിശ്ശര്‍അ്' എന്ന പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചത്.
5. ഇന്നക ഇംറുഉന്‍ ഫീക ജാഹിലിയ്യ.
6. സിബാബുല്‍ മുസ്‌ലിമി ഫുസൂഖുന്‍, വ ഖിതാലുഹു കുഫ്‌റുന്‍
7. അശ്ശഹീദ് സയ്യിദ് ഖുത്വ്ബ്.... ഖിറാഅത്തുന്‍ ഫിക്‌രിയ്യ. Ikhwanwiki.com
Comments