Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

നമ്മുടെ ശീലങ്ങളാണ് നമ്മെ രൂപീകരിക്കുന്നത്

അസ്‌ലം വാണിമേല്‍

നമ്മുടെ ശീലങ്ങളാണ് നമ്മെ രൂപീകരിക്കുന്നത്

നുഷ്യന്‍ വളര്‍ത്തിയെടുക്കുന്ന ശീലങ്ങളാണ് അവനെ ആസക്തിയിലേക്കും പിന്നീട് അടിമത്തത്തിലേക്കും നയിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഹൊറാസ്മാന്‍ ശീലങ്ങളെ കുറിച്ചു പറഞ്ഞു: ''നാം ആദ്യം ശീലങ്ങളെ രൂപപ്പെടുത്തുന്നു. പിന്നീട് ശീലങ്ങള്‍ നമ്മെ രൂപപ്പെടുത്തുന്നു.'' പരിശുദ്ധ ഖുര്‍ആനില്‍ മനുഷ്യരെ തെറ്റായ ശീലങ്ങളിലേക്കും ദുഷ്പ്രവൃത്തികളിലേക്കും നയിക്കുന്ന നാലു ശക്തികളെ പരിചയപ്പെടുത്തുന്നതായി കാണാം. നഫ്‌സ് (മനസ്സ്), ഹവാ (ആഗ്രഹം/ദേഹേഛ), ശൈത്വാന്‍ (പിശാച്), ദുന്‍യാവ് (ഭൗതികലോകം) എന്നിവ. ഈ നാലു ശക്തികളില്‍ ഏതെങ്കിലുമൊന്നോ അതല്ലെങ്കില്‍ എല്ലാം ചേര്‍ന്നോ മനുഷ്യനെ നിയന്ത്രിക്കുകയും അടിമയാക്കുകയും ചെയ്യുമ്പോഴാണ് അവന്‍ തിന്മയിലേക്കും തെറ്റായ ശീലങ്ങളിലേക്കും എത്തിപ്പെടുന്നത്. ഇത്തരത്തിലുള്ള എല്ലാത്തരം ശക്തികളുടെയും അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ മാത്രം അടിമത്തത്തിലേക്ക് മനുഷ്യനെ ഉയര്‍ത്താനാണ് ഖുര്‍ആന്‍ അവതരിച്ചതും പ്രവാചകന്‍ ആഗതനായതും.

നഫ്‌സ് (മനസ്സ്) എന്ന നിയന്ത്രണശക്തിയെ മൂന്ന് തരത്തിലാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. നഫ്‌സ് അമ്മാറ-തിന്മക്ക് പ്രേരണ നല്‍കുന്ന മനസ്സ് (യൂസുഫ് 53), നഫ്‌സ് ലവ്വാമ-കുറ്റപ്പെടുത്തുന്ന മനസ്സ് (അല്‍ഖിയാമ 2), നഫ്‌സ് മുത്വ്മഇന്ന-സമാധാനം പ്രാപിക്കുന്ന മനസ്സ് (അല്‍ഫജ്ര്‍ 27,30). ദുശ്ശീലങ്ങളിലേക്കും ചീത്ത പ്രവര്‍ത്തനങ്ങളിലേക്കും മനുഷ്യനെ പ്രേരിപ്പിക്കുന്നത് 'നഫ്‌സ് അമ്മാറ' എന്ന ഏറ്റവും താഴെ തട്ടിലുള്ള മാനസികാവസ്ഥയാണ്. നഫ്‌സ് അമ്മാറയില്‍ നിന്ന് 'നഫ്‌സ് ലവ്വാമ'യിലേക്കും അവിടെ നിന്ന് 'നഫ്‌സ് മുത്വ്മഇന്ന'യിലേക്കും മനസ്സിനെ സംസ്‌കരിച്ച് മാറ്റിയെടുക്കുന്ന വിശ്വാസിക്ക് എല്ലാതരം ദുശ്ശീലങ്ങളില്‍ നിന്നും തെറ്റായ ആസക്തികളില്‍ നിന്നും മനസ്സിനെ മോചിപ്പിക്കാന്‍ സാധിക്കും. രണ്ടാമതായി ഖുര്‍ആന്‍ പരാമര്‍ശിച്ച, മനുഷ്യന് മേല്‍ നിയന്ത്രണം ചെലുത്തുന്ന ശക്തി ദേഹേഛയാണ്. ഇതിനടിമപ്പെടുന്ന വ്യക്തി തന്റെ എല്ലാ ആഗ്രഹങ്ങളും, ശരിയായാലും തെറ്റായാലും നിറവേറ്റാന്‍ ശ്രമിക്കും. അതിന് ഏതു മാര്‍ഗവും സ്വീകരിക്കും. ദേഹേഛകളുടെ അടിമത്തത്തില്‍ നിന്ന് മോചിതനാവാന്‍ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ നമ്മെ ഉണര്‍ത്തുന്നു (അന്നാസിആത്ത് 40,41). മനുഷ്യനെ നിയന്ത്രിക്കുന്ന മൂന്നാമത്തെ ദുശ്ശക്തി പിശാചാണ്. മനുഷ്യ മനസ്സുകളില്‍ ദുര്‍ബോധനം നടത്തി തെറ്റിലേക്കും ദുശ്ശീലങ്ങളിലേക്കും മനുഷ്യനെ കൊണ്ടുപോകുന്ന പിശാച് മനുഷ്യന്റെ കഠിന ശത്രുവാണെന്ന് ഖുര്‍ആന്‍ നമ്മെ അടിക്കടി ഉണര്‍ത്തുന്നു (അല്‍ബഖറ 168,169). നാലാമതായി, മനുഷ്യനെ ഭൗതികാസക്തികളിലേക്കും നൈമിഷികമായ അനുഭൂതികളിലേക്കും നയിക്കുന്നത് ഭൗതിക ലോകത്തിന്റെ പളപളപ്പുകളും വര്‍ണാഭമായ കാഴ്ചകളുമാണ്. ഈ ലോകത്തെ സുഖം തേടിപ്പോകുന്ന മനുഷ്യന്‍ താല്‍ക്കാലികമായി സുഖവും ആനന്ദവും നല്‍കുന്ന ദുശ്ശീലങ്ങള്‍ക്കും ആസക്തികള്‍ക്കും അടിമയാകുന്നു.

ദുന്‍യാവിലെ സുഖത്തിന് മാത്രം പ്രാധാന്യം നല്‍കുന്നവരെ അല്ലാഹു ഖുര്‍ആനില്‍ പല സ്ഥലങ്ങളിലും താക്കീത് ചെയ്യുന്നതായി കാണാം (അന്നാസിആത്ത് 38,39). ഇതോടൊപ്പം തന്നെ മനുഷ്യന്റെ പ്രകൃതിയെക്കുറിച്ചും അല്ലാഹു നമ്മെ ഉണര്‍ത്തുന്നുണ്ട്: ''ഏറെ ദുര്‍ബലനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്'' (അന്നിസാഅ് 28). അതിനാല്‍ തന്നെ സാഹചര്യവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ പലപ്പോഴും അവന്‍ മേല്‍ പ്രസ്താവിച്ച ശക്തികളുടെ നിയന്ത്രണത്തിലേക്ക് വഴുതിപ്പോകുന്നു. പല തിന്മകളുടെയും ശീലങ്ങളുടെയും തുടക്കം പലപ്പോഴും ഉദ്ദേശ്യപൂര്‍വമോ കരുതിക്കൂട്ടിയോ ആയിരിക്കണമെന്നില്ല. അശ്ലീല ചിത്രങ്ങളിലേക്കുള്ള ഒരു നോട്ടം, കമ്പനിക്ക് വേണ്ടി ഒരു സിപ്പ് മദ്യം, മയക്ക് മരുന്നിന്റെ പ്രവര്‍ത്തനം അറിയാനുള്ള കൗതുകത്താല്‍ ഒരു നുള്ള് ബ്രൗണ്‍ ഷുഗര്‍, കഞ്ചാവിന്റെ ഒരു പുക, സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഒരു സിഗരറ്റ് ഇങ്ങനെ പോകുന്നു തുടക്കം. ചിലപ്പോള്‍ മാത്രം സംഭവിക്കുന്ന ഇത്തരം 'കമ്പനി സെയിക്കു'കള്‍ ഇടക്കിടെ സംഭവിക്കുന്ന ശീലങ്ങളാവുന്നു. അത് പിന്നീട് ആസക്തിയിലേക്കും അടിമത്തത്തിലേക്കുമെത്തുന്നു. ആള്‍ക്കഹോള്‍, മയക്കുമരുന്ന്, നിക്കോട്ടിന്‍ മുതലായ ലഹരി വസ്തുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ പെട്ടെന്ന് തന്നെ ശരീരം അതിനോട് ഇണങ്ങിച്ചേരുന്നു. പിന്നീട് ഇവയുടെ ഉപയോഗം ശീലമാകാന്‍ ശരീരം പ്രേരിപ്പിക്കുന്നു. ഒരു നിശ്ചിത അളവില്‍ ഇത്തരം ലഹരി വസ്തുക്കളുടെ സാന്നിധ്യം രക്തത്തില്‍ നിലനിര്‍ത്താന്‍ ശരീരം തലച്ചോറിന് നല്‍കുന്ന സന്ദേശങ്ങളിലൂടെ നമ്മോടാവശ്യപ്പെടുന്നു. ഈയൊരു ശാരീരിക സവിശേഷതയാണ് മനുഷ്യരില്‍ ആസക്തിയും അടിമത്തവും ജനിപ്പിക്കുന്നത്. ഈ ആപത് സാധ്യതകള്‍ മുന്‍കൂട്ടി കണ്ട ഇസ്‌ലാം ചെറിയ അളവില്‍ പോലും ലഹരി ഉപയോഗിക്കുന്നത് വിലക്കുകയും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മദ്യം വിളമ്പുന്ന തീന്മേശകളില്‍ പോലും പങ്കെടുക്കരുതെന്ന് കല്‍പിക്കുകയും ചെയ്തു. ഈ നിരോധം മദ്യത്തില്‍ മാത്രം പരിമിതപ്പെടുത്താവുന്നതല്ല. പുകവലിയടക്കമുള്ള ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കള്‍ക്കും ഇത് ബാധകമാണ്.

അസ്‌ലം വാണിമേല്‍

സദ്ദാം അണുബോംബ് പ്രയോഗിച്ചിരുന്നോ?

കീം പെരുമ്പിലാവ് എഴുതിയ (ലക്കം 2913) കുര്‍ദുകളെ കുറിച്ച ലേഖനത്തില്‍ ഒരു പിശക് വന്നിട്ടുണ്ട്. സദ്ദാം ഹുസൈന്‍ അണുബോംബ് വര്‍ഷിച്ച് കുര്‍ദു ഗ്രാമങ്ങളെ ഒന്നടങ്കം നശിപ്പിച്ചുവെന്ന പരാമര്‍ശം തെറ്റാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ഒരു രാജ്യവും ആണവായുധം ഉപയോഗിച്ചിട്ടില്ല. രാസായുധം പ്രയോഗിച്ചുവെന്നായിരുന്നു സദ്ദാമിനെതിരെ ഉണ്ടായിരുന്ന ആരോപണം. രാസായുധം എന്നതിന് പകരം ലേഖകന്‍ ആണവായുധം എന്ന് തെറ്റായി എഴുതിയതായിരിക്കും. സദ്ദാം ആണവായുധമടക്കമുള്ള കൂട്ട നശീകരണ ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്നു എന്ന ആരോപണമുന്നയിച്ചായിരുന്നല്ലോ അമേരിക്ക ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ചിരുന്നത്. അത് തെറ്റായിരുന്നുവെന്നും സദ്ദാം ആണവായുധം വികസിപ്പിച്ചിട്ടില്ലെന്നും അവര്‍ തന്നെ പിന്നീട് തിരുത്തി. എന്നിരിക്കെ സദ്ദാം ആണവായുധം ഉപയോഗിച്ചു എന്ന പ്രയോഗം സാമ്രാജ്യത്വ ആരോപണങ്ങളെ ശരിവെക്കുന്ന 'അബദ്ധം' കൂടിയാണെന്ന് സൂചിപ്പിക്കട്ടെ.

സലീം പെരിമ്പലം, മലപ്പുറം

ഉംറയില്‍ കണ്ട ഫക്കീര്‍

ക്കം 2913-ലെ നജീബ് കുറ്റിപ്പുറത്തിന്റെ 'ഉംറയില്‍ കണ്ട ഫക്കീര്‍' എന്ന ലൈക്ക് പേജ് ഒട്ടേറെ ചിന്തകള്‍ക്ക് ഇടം നല്‍കുന്നതായിരുന്നു. റമദാന്‍ പകുതിയോടെ ഈ വര്‍ഷം ഈയുള്ളവനും ഉംറക്കുണ്ടായിരുന്നു. സമാനമായ ചിലതെല്ലാം അനുഭവിച്ചറിയാനും ഭാഗ്യമുണ്ടായി.

ഒരു ഇശാ നമസ്‌കാരത്തിന് പള്ളിയില്‍ എത്തും മുമ്പേ ജമാഅത്ത് തുടങ്ങിയത് കാരണം ഫുട്ട്പാത്തിലെ വെറും നിലത്ത് ഞങ്ങള്‍ക്ക് നമസ്‌കരിക്കേണ്ടിവന്നു. നമസ്‌കാരം കഴിഞ്ഞ ശേഷം ഒരാള്‍ ഒരു പുതിയ മുസല്ല എനിക്ക് ഹദ്‌യ നല്‍കി.

സംസം പോലെ തന്നെ ഒരത്ഭുതം തന്നെയാണ് ഇരു ഹറമുകളിലെയും  ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നോമ്പ് തുറയും. ഒച്ചപ്പാടോ ബഹളമോ ഇല്ലാതെ നമസ്‌കാരത്തിലെ അച്ചടക്കം പോലെ പത്ത് മിനിറ്റിനകം അവസാനിക്കുന്ന ആ അത്ഭുത കാഴ്ച.

മദീനക്കാരുടെ കാര്യം കുറിപ്പുകാരന്‍ ഊന്നിപ്പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നില്ല. അതനുഭവിച്ചറിയുക തന്നെ വേണം. നമ്മുടെ കണ്ണിനും കാതിനും വയറിനെന്ന പോലെ നല്ല ഭക്ഷണം (വിഭവം) ഒരുക്കണമെന്ന കുറിപ്പുകാരന്റെ ഉപദേശം ഒരു വലിയ അറിവാണ് പകര്‍ന്നു തന്നത്.

മമ്മൂട്ടി കവിയൂര്‍

ഇന്ത്യ എന്ന ആശയത്തിന് സംഭവിക്കുന്നത്

'ഇന്ത്യ എന്ന ആശയത്തിന് എന്ത് സംഭവിക്കുന്നു?' (ലക്കം 2913) എന്ന മുഖക്കുറിപ്പ് വളരെ ഭീതിയോടെയാണ് വായിച്ചത്. എല്ലാ വഴികളുമടഞ്ഞ ദലിത്, പിന്നാക്ക, ന്യൂനപക്ഷ പീഡിത വിഭാഗത്തിന് ഏക പ്രതീക്ഷ ജുഡീഷ്യറി മാത്രമാണ്. അവിടെയും കൂടി നീതിയുടെ കവാടത്തിന് താഴ് വീണാല്‍ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതാകും.

നാസികള്‍ക്ക് അവരല്ലാത്തവര്‍ ജീവിക്കാന്‍ അവകാശമില്ലാത്തവരും കൊല്ലപ്പെടേണ്ടവരുമായിരുന്നു. അതായിരുന്നു നാസി ജര്‍മനിയിലെ പൊതു മനസ്സാക്ഷി. ന്യായവിധിയില്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെതിരെ തെളിവുകള്‍ ഇല്ലായിരുന്നു. എന്നാല്‍ പൊതു മനസ്സാക്ഷിയെ സുഖിപ്പിക്കാന്‍ അഫ്‌സലിനെ തൂക്കിലേറ്റിയത് ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ കളങ്കമായി.

മുംബൈ സ്‌ഫോടനത്തിന്റെ പിന്നാമ്പുറ ശക്തികളെ അറിയാതെ ഇന്ത്യന്‍ അധികൃതര്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ സി.ബി.ഐക്ക് എല്ലാ സഹായവും ചെയ്ത യാഖൂബ് മേമന് തൂക്ക് കയര്‍ നല്‍കിയത് ഭാവിയില്‍ ആ സാഹസത്തിന് ആരും സന്നദ്ധരാകാതിരിക്കാന്‍ കാരണമാകും. 

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

റമദാന്‍ പ്രശ്‌നോത്തരി

പ്രബോധനം വാരിക വീട്ടില്‍ വരുന്നുണ്ടെങ്കിലും മുഴുവനായി വായിക്കാറില്ലായിരുന്നു. പെട്ടെന്ന് ആകര്‍ഷിച്ചിരുന്ന ചില എഴുത്തുകള്‍ മാത്രമേ ഞാന്‍ വായിച്ചിരുന്നുള്ളൂ. പ്രബോധനം ക്വിസ് ആണ് എന്നെ പ്രബോധനം മുഴുവനായി വായിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ഇനി ഞാന്‍ പ്രബോധനത്തിന്റെ സമ്പൂര്‍ണ വായനക്കാരിയായിരിക്കും.

ജസീറ മനാഫ് അഷ്ടമിച്ചിറ

ഹിജാബ് വിരുദ്ധരോട് രണ്ട് വാക്ക്

മീന്‍ ഹസന്‍ മോങ്ങം എഴുതിയ 'എന്‍ട്രന്‍സ് കടക്കണമെങ്കില്‍ ശിരോവസ്ത്രം ഊരണം? എന്ന ലേഖനം (ലക്കം 2912) മുസ്‌ലിം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ നേര്‍കാഴ്ചയായിരുന്നു.

'വെറും മൂന്ന് മണിക്കൂര്‍ തട്ടമിടാതിരുന്നാല്‍ തകരുന്നതാണോ വിശ്വാസം?' അത് നിങ്ങളുടെ ഈഗോ ആണെന്ന് പറഞ്ഞ് അധിക്ഷേപിച്ച ന്യായാധിപന്‍ ആര്‍.എസ് ദത്തുവിനോടും ഹിജാബും പര്‍ദയുമിട്ടതിന്റെ പേരില്‍ ഞങ്ങളെ നോക്കി സഹതപിക്കുന്നവരോടും രണ്ട് വാക്ക്: മതത്തിന്റെ വാതില്‍ക്കല്‍ കുനിഞ്ഞിരിക്കുന്ന അഭയാര്‍ഥികളല്ല ഞങ്ങള്‍. മതമെന്ന സൗന്ദര്യത്തില്‍ മുഖമാഴ്ത്തിയവരാണ്. അതിനാല്‍ ഞങ്ങളുടെ നേരെയുള്ള നിങ്ങളുടെ സഹതാപ നോട്ടങ്ങള്‍ പിന്‍വലിക്കുക.

എന്‍.പി നശ്‌വ കരീം, ചേന്ദമംഗല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍