നിങ്ങളുടെ സന്തോഷം നിങ്ങളുടെ നിര്‍മിതി
ആഗ്രഹിച്ചതെല്ലാം കൈപ്പിടിയില്‍ ഒതുക്കിയിട്ടും ദുഃഖിതനായാണ് അയാളെ ഞാന്‍ കണ്ടത്. അയാളുടെ വാച്ച്, പേന, വസ്ത്രം, ചെരിപ്പ് തുടങ്ങി എല്ലാം വിശ്വോത്തര കമ്പനികള്‍ നിര്‍മിക്കുന്ന 'ബ്രാന്റ്' വസ്തുക്കളാണ്. എന്നിട്ടും അയാളെന്നോടു സംസാരിക്കുന്നത് ദുഃഖത്തോടെയും വിഷാദത്തോടെയും! ഞാന്‍ അയാളോടു ചോദിച്ചു: ''സുഹൃത്തേ, നിങ്ങള്‍ ഈ ധരിച്ചിരിക്കുന്ന ബ്രാന്റ് സാധനങ്ങളൊന്നും നിങ്ങള്‍ക്ക് സന്തോഷം പകരുന്നില്ലെന്നാണോ?'' ഫോണെടുത്ത് കാണിച്ച് അയാള്‍: ''ഇല്ല, ഈ ഫോണിന്റെ കവര്‍ പോലും വിശ്വോത്തര ബ്രാന്റ് ആണ്. എന്നിട്ടും ഒരു സന്തോഷവും തോന്നുന്നില്ല. ജനങ്ങളുടെ വര്‍ത്തമാനങ്ങളാണ് എന്നെ ദുഃഖിപ്പിക്കുന്നത്; എന്നെ സ്വാധീനിക്കുന്നതും.''
ഞാന്‍ അയാളോട് പറഞ്ഞു: ''നിങ്ങള്‍ കൈവശപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു ബ്രാന്റ് സാധനമുണ്ട്. അത് നബി(സ)യുടെ ഒരു ഉപദേശമാണ്: ''സ്വന്തം നിലപാടില്ലാത്ത ഒരു 'അമ്മായി'യുടെ ആളാവരുത് നിങ്ങള്‍. എന്നുവെച്ചാല്‍ 'കൂടെക്കൂടി.' ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഇങ്ങനെ ഒരു നിലപാട്; ജനങ്ങള്‍ നമ്മളോട് നന്നായി നിന്നാല്‍ നമ്മളും അങ്ങനെ. ഇനി ജനങ്ങള്‍ ഇടഞ്ഞാല്‍ പിന്നെ നമ്മളും ഇടഞ്ഞ് തന്നെ. അങ്ങനെയല്ല വേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഉറച്ച നിലപാടുകള്‍ വേണം. ജനങ്ങള്‍ നിങ്ങളോട് നന്നായി ഉദാരമായി പെരുമാറിയാല്‍ നിങ്ങളും അതേ രീതി സ്വീകരിക്കുക. ഇനി അവര്‍ നിങ്ങളോട് മോശമായി പെരുമാറിയെന്നിരിക്കട്ടെ നിങ്ങള്‍ നിങ്ങളുടെ നില മറന്ന് അക്രമത്തിന്റെ രീതി സ്വീകരിക്കരുത്.'' ഇതാണ് ആ വിശിഷ്‌ടോപദേശം. എവിടെയും കിട്ടാത്ത ബ്രാന്റ്. ജനങ്ങളോടുള്ള സമീപനവും പെരുമാറ്റ രീതിയും എങ്ങനെ വേണമെന്ന് വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു ഈ നബി വചനത്തില്‍. ജനങ്ങളില്‍ ഏറെ പേരെയും ദുഃഖിപ്പിക്കുന്നത് ജനങ്ങളുടെ സംസാരങ്ങളും അഭിപ്രായ പ്രകടനങ്ങളുമാണ്. ജനങ്ങള്‍ പൊതുവില്‍ ആരോടും കരുണ കാട്ടുകയില്ല. മിക്ക സന്ദര്‍ഭങ്ങളിലും ജനങ്ങളുടെ സംസാരം നിഷേധാത്മകമാവും. അവരുടെ ഇടപെടലുകള്‍ പലപ്പോഴും സ്വാര്‍ത്ഥ ചിന്തകളില്‍ നിന്ന് ഉടലെടുത്തതായിരിക്കും. അതിനാലാണ് നബി(സ) നാം 'കൂടെക്കൂടി'കളാവരുതെന്ന് പറഞ്ഞത്. 'ഇമ്മഅഃ' എന്നാണ് റസൂല്‍ പറഞ്ഞത്. എല്ലാറ്റിലും മറ്റുള്ളവരെ അനുകരിക്കുകയും അവരെ പിന്‍പറ്റുകയും ചെയ്യുന്ന സ്വഭാവം; അതാണ് ഈ വാക്കിന്റെ അര്‍ഥം. തുടര്‍ന്ന് ഞാന്‍ അയാളോട് തിരക്കി: ''നിങ്ങള്‍ ഈ 'ബ്രാന്റു'കളൊക്കെ ഇത്ര നിര്‍ബന്ധബുദ്ധിയോടെ ധരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണോ?'' നിശ്ശബ്ദമായി എന്നെ ഒന്ന് നോക്കി അയാള്‍: ''അതെ, എനിക്ക് ചുറ്റുമുള്ളവരെല്ലാം അതാണ് ധരിക്കുന്നത്. ഞാനും അവരെപ്പോലെ ഇവയെല്ലാം ധരിക്കുന്നില്ലെങ്കില്‍ ഞാന്‍ അവരുടെ മുന്നില്‍ ചെറുതായിപ്പോകും.'' ഞാന്‍: ''അപ്പോള്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് നിങ്ങളുടെ ജീവിതം രൂപകല്‍പന ചെയ്യുന്നത്. എന്നിട്ട് സന്തോഷവാനും സൗഭാഗ്യവാനുമൊക്കെ ആവാന്‍ ആഗ്രഹിക്കുകയും! കൊള്ളാം! നല്ല രീതികള്‍!''
''അപ്പോള്‍ ഞാനെന്ത് ചെയ്യണമെന്നാണ്?'' അയാള്‍ ആകാംക്ഷയോടെ ആരാഞ്ഞു. ഞാന്‍: ''നിങ്ങള്‍ നിങ്ങളാവണം. നിങ്ങള്‍ മറ്റുള്ളവരെ അനുകരിക്കരുത്. വസ്ത്രധാരണത്തിലാവട്ടെ, മറ്റ് വസ്തുക്കളുടെ ഉപയോഗത്തിലാവട്ടെ മറ്റുള്ളവരോട് മത്സരിക്കുന്നതാവരുത് നിങ്ങളുടെ രീതി. നിങ്ങള്‍ എങ്ങനെയാണോ അങ്ങനെ ആയിത്തീരണം നിങ്ങള്‍. നിങ്ങള്‍ ഒരിക്കലും നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. അങ്ങനെ ഒരു നിലപാടു സ്വീകരിച്ചാല്‍ നിങ്ങള്‍ ശക്തനായിത്തീരും. ജനങ്ങളുടെ വര്‍ത്തമാനങ്ങളൊന്നും നിങ്ങളെ അലോസരപ്പെടുത്തുകയുമില്ല. മറ്റുള്ളവരില്‍ നിന്ന് വേര്‍പെട്ട വ്യതിരിക്തമായ ഒരു സ്വത്വം വേണം നിങ്ങള്‍ക്ക്. അല്ലെങ്കില്‍ ജനങ്ങളായിരിക്കും നിങ്ങളുടെ ജീവിതത്തിന്റെ രൂപകല്‍പന നടത്തുക. പിന്നെ ഒരിക്കലും നിങ്ങള്‍ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ ആവില്ല. മൂന്ന് നിയമങ്ങള്‍ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷവാനായി ജീവിക്കാം.
ഒന്ന്, നിങ്ങള്‍ നിങ്ങളോടു സത്യസന്ധനാവണം. രണ്ട്, നിങ്ങള്‍ നിങ്ങളായി ജീവിക്കണം. നിങ്ങള്‍ മറ്റുള്ളവരായി ജീവിക്കരുത്. മൂന്ന്, നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്.''
ജനങ്ങളുടെ അഭിപ്രായത്തിന് വില കല്‍പിക്കേണ്ട എന്നല്ല. അതും കണക്കിലെടുക്കണം. അതിന്ന് രണ്ടാം സ്ഥാനമേ നല്‍കാവൂ. അത് ജീവിതത്തിന്റെ അടിസ്ഥാനമാക്കരുത്. നിങ്ങളുടെ മുന്‍ഗണനാ ക്രമങ്ങള്‍ നിങ്ങളാണ് നിശ്ചയിക്കേണ്ടത്. ഏറ്റവും പ്രധാനം നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുകയാണ്; ജനങ്ങളെ തൃപ്തിപ്പെടുത്തുകയല്ല. സന്തോഷവും ആനന്ദവും മനഃസംതൃപ്തിയുമൊന്നും കേളികേട്ട 'ബ്രാന്റു'കളുടെ മുദ്രയോടെ കമ്പോളത്തിലെത്തുന്ന ഉടയാടകളോ വസ്തുവകകളോ സ്വന്തമാക്കുന്നതിലൂടെ ലഭിക്കുന്നതല്ല. ഇതൊക്കെ താത്കാലിക സന്തോഷം നല്‍കുന്നവയാണ്. അതൊക്കെ നൊടിയിടയില്‍ ഇല്ലാതാവുകയും ചെയ്യും.
നിങ്ങളുടെ രചനാത്മക ചിന്തകള്‍ ഉല്‍പാദിപ്പിക്കുന്നതാണ് നിങ്ങളുടെ സന്തോഷവും സൗഭാഗ്യമെല്ലാം. ജനങ്ങള്‍ക്കതില്‍ പങ്കില്ല. ജനങ്ങളെ നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. അവരോടൊത്തുണ്ടാവേണ്ട സമയം നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങള്‍ നിങ്ങളുടെ ധാരണക്കൊത്തല്ലെങ്കില്‍, അതിനെചൊല്ലി നിങ്ങള്‍ ദുഃഖിക്കരുത്. തന്റെ വചനങ്ങള്‍ക്ക് കാതോര്‍ക്കാത്ത ജനങ്ങളുടെ നിലപാടില്‍ ദുഃഖാര്‍ത്തനായി കഴിഞ്ഞ നബി(സ)യെ ഉപദേശിച്ച് അല്ലാഹു പറഞ്ഞതോര്‍ക്കുക: ''നീ അവരെയോര്‍ത്ത് ദുഃഖ നിമഗ്‌നനാവരുത്.'' നിഷേധാത്മക നിലപാടുപുലര്‍ത്തുന്ന ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ നിങ്ങളുടെ ഭാവി തുലക്കരുത് എന്നര്‍ഥം.
നിങ്ങള്‍ നിങ്ങളെക്കുറിച്ച് സംതൃപ്തനാവുക. അതാണ് മുഖ്യം. നിങ്ങളുടെ കടമകള്‍ നിറവേറ്റുന്ന വേളയില്‍ നിങ്ങള്‍ക്ക് ആത്മസംതൃപ്തി ഉണ്ടാവുക. അതാണ് പ്രധാനം. നിങ്ങള്‍ക്ക് നല്‍കാനുള്ള ഏറ്റവും വിശിഷ്ടമായ 'ബ്രാന്റ്' സമ്മാനമാണ് ഈ ഉപദേശം.''
വിവ: പി.കെ ജമാല്‍
Comments