Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

സാംസ്‌കാരിക ഫാഷിസം ഫണം വിടര്‍ത്തിയ കാലത്തെ ഓണം

അബ്ദുല്‍ ഹകീം നദ്‌വി /കവര്‍‌സ്റ്റോറി

         ''ആഘോഷം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. അതൊരു പുനര്‍നിര്‍മാണമാണ്''- മെക്‌സിക്കന്‍ കവി ഒക്‌ടോവിയോ പാസിന്റെ വാക്കുകള്‍ ആഘോഷങ്ങളുടെയും വിനോദങ്ങളുടെയും അര്‍ഥം നഷ്ടപ്പെട്ട പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. ആഘോഷങ്ങളുടെ ഭാഷയും താളവും പൊലിമയും ബിംബാവലിയും ഉപചാരങ്ങളും മുദ്രകളുമെല്ലാം ഇന്ന് അടിമുടി മാറിയിരിക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വന്‍ ലാഭം കൊയ്‌തെടുക്കുന്ന ദിവസങ്ങളാണ് മലയാളത്തിന്റെ ഉത്സവനാളുകള്‍. എല്ലാം കച്ചവടമയമായ ഉത്തരാധുനിക കാലത്തെ ആഘോഷങ്ങളും ഉത്സവങ്ങളും ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് രസതന്ത്രമാണ്. ആഘോഷങ്ങള്‍ വാണിജ്യ ഭീമന്മാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സീസണ്‍ മാത്രമാണ്. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഭരണം നിലനിര്‍ത്താനും പിടിച്ചടക്കാനുമുള്ള ഉപകരണവും. 

ജീവിത നൗക തുഴഞ്ഞ് അക്കരെയെത്താന്‍ പാടുപെട്ടിരുന്ന പഴമക്കാര്‍ക്ക് വര്‍ഷത്തില്‍ അപൂര്‍വമായി വീണുകിട്ടിയിരുന്ന ഉത്സവനാളുകള്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അനര്‍ഘനിമിഷങ്ങളായിരുന്നു. പകലന്തിയോളം പണിയില്‍ മുഴുകുന്ന കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മനംനിറഞ്ഞ് സന്തോഷിക്കാനും കൂട്ടുകുടുംബങ്ങളോടൊപ്പം ഒത്തുകൂടാനുമുള്ള അപൂര്‍വ നിമിഷങ്ങളായിരുന്നു പഴയകാലത്തെ ആഘോഷ നാളുകള്‍. പക്ഷേ, ഇന്ന് രാവും പകലും നാം ഉത്സവ ലഹരിയിലാണ്. ദൃശ്യ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും ഈ പെരുമഴക്കാലത്ത് ആഘോഷങ്ങള്‍ ആത്മാവില്ലാത്ത ചടങ്ങുകള്‍ മാത്രമായി ഒതുങ്ങുകയാണ്. ആഘോഷങ്ങള്‍ക്ക് പഴമയുടെ ത്രില്ല് കിട്ടുന്നില്ലെന്ന പരിഭവം എല്ലാവരും പങ്ക് വെക്കുന്നത് അതുകൊണ്ടാണ്. 

ആഘോഷങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിലും, അതിനെ അധികാര കേന്ദ്രങ്ങളില്‍ എത്തിപ്പെടാനുള്ള ഉല്‍പന്നമായി ഉപയോഗിക്കുന്നതിലും എക്കാലത്തും മുന്‍ പന്തിയിലുള്ളത് സംഘ്പരിവാരങ്ങള്‍ തന്നെയാണ്. ബ്രാഹ്മണ സവര്‍ണ ഹിന്ദുത്വത്തിന്റെ കാര്‍മികത്വമുള്ള സംഘ്പരിവാരം ഉത്തരേന്ത്യക്ക് ശേഷം ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ നേരത്തെയുള്ളതിനേക്കാള്‍ ശക്തമായും ആസൂത്രിതമായും നടപ്പിലാക്കുന്നുണ്ട്. കേരളത്തിലെ മതനിരപേക്ഷ മനസ്സുകളെ വര്‍ഗീയവത്കരിക്കാനും വിദ്വേഷവും ശത്രുതയും വിതച്ച് അധികാരം കൊയ്യാനും അവര്‍ കിണഞ്ഞ് ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളത്തിന് പരിചയമില്ലാത്ത മതാചാരങ്ങളും പുത്തന്‍ ആഘോഷങ്ങളും ഇറക്കുമതി ചെയ്ത് അതിലൂടെ രാഷ്ട്രീയ വിളവെടുപ്പ് നടത്താനുള്ള തന്ത്രങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രക്ഷാബന്ധന്‍, ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രകള്‍, ഗണേഷോത്സവങ്ങള്‍, വിവേകാനന്ദ ജയന്തി തുടങ്ങിയ ഇറക്കുമതി ആഘോഷങ്ങളെല്ലാം സംഘടിതമായും ആസൂത്രിതമായും സംഘ്പരിവാരം വിവിധ പോഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയവയാണ്. ആദ്യഘട്ടങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെട്ടതും പരിവാറുകളുടെ മാത്രം സാന്നിധ്യം കൊണ്ട് ശുഷ്‌കവുമായിരുന്ന ഇത്തരം ആഘോഷങ്ങള്‍ ഇന്ന് ജനകീയ മുഖമുള്ള, ആള്‍ബലവും സ്വാധീനവും അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉത്സവങ്ങളും ആചാരങ്ങളുമാണ്.

മത ജാതി വൈകാരികതകളെ കത്തിക്കുകയും ആഘോഷങ്ങള്‍ അതിനായി ആസൂത്രിതമായി ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍, അതില്‍ തുടക്കത്തില്‍ നിഷ്‌കളങ്കരായി പങ്കാളികളാവുന്നവരുടെ മനസ്സുകളെ പോലും ഹിന്ദുത്വ ആശയങ്ങള്‍ സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യും. കാവിത്തുണിയും വെള്ള ഷര്‍ട്ടും ധരിച്ച സ്വയം സേവകരാണ് ഇത്തരം ആഘോഷപരിപാടികളുടെ മുന്നിലും പിന്നിലും അണിനിരന്നിട്ടുണ്ടാവുക. ശ്രീകൃഷ്ണ, നാരായണ, വിവേകാനന്ദ ജപത്തിനൊപ്പം തന്നെ ഭാരത് മാതാ കീ ജയ് വിളിയും അകമ്പടിയുണ്ടായിരിക്കും. ചുരുക്കത്തില്‍ തീര്‍ത്തും മതാചാരം എന്ന നിലക്കോ പുണ്യം ലഭിക്കുന്ന മത ഘോഷയാത്ര എന്ന നിലക്കോ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലെങ്കിലും പങ്കാളികളാകുന്നവരില്‍ അറിഞ്ഞോ അറിയാതെയോ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ചില ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും തന്ത്രപരമായി നിക്ഷേപിക്കാന്‍ സാധിക്കുന്നു. ആഘോഷങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായി വര്‍ഗീയശക്തികള്‍ കാണുന്നതും ഇതു തന്നെയാണ്. 

ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കുറിക്കുകൊണ്ടതിന്റെ ഉദാഹരണങ്ങള്‍ ഇന്ന് കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ പുതിയ സമവാക്യങ്ങളിലൂടെയും ഇടപാടുകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംഘ്പരിവാറിന് നല്‍കിയത് കേവല ആഹ്ലാദമല്ല. മറിച്ച് അത്യാഹ്ലാദമോ പരിധിവിട്ട പ്രതീക്ഷകളോ ആണ്. ഹിന്ദുത്വ രാഷ്ട്രീയത്തോട് സമരസപ്പെടാന്‍ കഴിയുന്ന പൊതുബോധ നിര്‍മിതിയില്‍ തങ്ങള്‍ വിജയം വരിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഫാഷിസ്റ്റുകളുടെ അവകാശവാദമായി തള്ളിക്കളയാന്‍ ഇനിയാവില്ല. അതൊരു യാഥാര്‍ഥ്യമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. നിലവിളക്കും മഫ്തയുമൊക്കെ വിവാദ വിഷയങ്ങളാകുമ്പോള്‍ സാമുദായിക രാഷ്ട്രീയത്തിന്റെ കളത്തില്‍ അഭ്യാസം കാണിക്കുന്നവര്‍ പോലും ഈ പൊതുബോധത്തോടൊപ്പം നില്‍ക്കാന്‍ തത്രപ്പെടുന്നത് ഇതിന്റെ ആഴവും പരപ്പും കാണിച്ച് തരുന്നുണ്ട്. നിലവിളക്ക് കത്തിക്കാന്‍ വിസമ്മതിക്കുന്ന മന്ത്രിക്കെതിരെ നിലവിളക്ക് തന്നെ കത്തിച്ച് ഡി.വൈ.എഫ്.ഐ സമരം നടത്താന്‍ രംഗത്ത് വരുന്നതിനെ പ്രാദേശിക നേതാക്കളുടെ വിവേകമില്ലാത്ത അപക്വമായ ഇടപെടല്‍ എന്ന നിലയില്‍ നിസ്സാരവത്കരിക്കാനാവുകയില്ല. കാനം രാജേന്ദ്രന്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നും ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നുവെന്നും പറഞ്ഞ് അസ്വസ്ഥനാകുന്നതും, ഹൈന്ദവത മതമല്ലെന്നും അതൊരു സംസ്‌കാരമാണെന്നും പരസ്യമായി പറയുന്നതും ഈ പൊതുബോധം എത്രമേല്‍ സ്വധീനം ചെലുത്തുന്നുണ്ടെന്നതിന്റെ തെളിവുകളാണ്. 

ഇവ്വിധം സാംസ്‌കാരിക ഫാഷിസം ഫണം വിടര്‍ത്തിയ സന്ദര്‍ഭത്തിലാണ് മലയാളികളുടെ ദേശീയോത്സവമായി പരിചയപ്പെടുത്തപ്പെട്ട ഓണനാളുകള്‍ വരാനിരിക്കുന്നത്. സത്യത്തില്‍ ഓണം മറ്റു പല ആഘോഷങ്ങളെയും പോലെ മത പശ്ചാത്തലമുള്ളതും പല മിത്തുകളിലും കെട്ടുപിണഞ്ഞ് കിടക്കുന്നതുമായ ഒന്നാണ്. അതിനാല്‍ തന്നെ കേരളത്തിന്റെ ദേശീയവും മതേതരവുമായ ഉത്സവമാണ് ഓണം എന്ന് പറയുന്നതിനോട് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ല. കെ.ഇ.എന്‍ ഉള്‍പ്പെടെ പലരും ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ വലിയ വാദങ്ങളും പ്രതിവാദങ്ങളും ആ വിഷയത്തില്‍ നടന്നിട്ടുമുണ്ട്. 

ഓണത്തിന് രണ്ട് തലങ്ങളുണ്ട്. കൃഷിയും വിളവെടുപ്പുമാണ് അതിന്റെ ഒന്നാമത്തെ തലം. പെരുമഴക്ക് ശേഷമുള്ള തെളിവിന്റെ പെരുന്നാളാണ് ഓണം. വറുതിയില്ലാത്ത സമൃദ്ധിയുടെ നാളുകളെയാണ് അത് ഓര്‍മിപ്പിക്കുന്നത്. രണ്ടാമത്തേത് അതിന്റെ മതപരവും ആചാരപരവുമായ പാരമ്പര്യമാണ്. ഇതിലേതാണ് കൂടുതല്‍ പരിഗണനീയം എന്നതിലെ തര്‍ക്കം കാലങ്ങള്‍ പഴക്കമുള്ളതും തീര്‍പ്പിലെത്താത്തതുമാണ്. സനാതന മതം കേരളത്തില്‍ എത്തുന്നതിനും മുമ്പ് ഓണമുണ്ടായിരുന്നെന്നും മഹാബലിയും വാമനനും പിന്നീട് മിത്തുകളായി അതിലേക്ക് കടന്നു വന്നതാണെന്നും  നിരീക്ഷിക്കുന്നവരുണ്ട്.

ഓണം മലയാള സ്വത്വത്തിന്റെ ഭാഗമായും സംസ്‌കാരത്തിന്റെ പ്രതീകമായുമാണ് പരിചയപ്പെടുത്തി വരുന്നത്. എന്നാല്‍ പെരുന്നാളും ക്രിസ്മസും പോലെ മതപരമായ ചട്ടക്കൂട് ഓണത്തിനുമുണ്ട്. 1960-ല്‍ പട്ടം താണുപ്പിള്ളയുടെ സര്‍ക്കാറാണ് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയമാനമുള്ള ആഘോഷങ്ങളുടെ കൂട്ടത്തില്‍ ഓണത്തെയും  ഉള്‍പ്പെടുത്തിയത്. വിളവെടുപ്പുമായി ബന്ധപ്പെട്ടതാണെന്നതും സമത്വവും സമൃദ്ധിയും കളിയാടുന്ന മോഹനമായ സാമൂഹികാവസ്ഥയുടെ പ്രതീകമായ മഹാബലി എന്ന മിത്ത് അനുസ്മരിക്കപ്പെടുന്നുവെന്നതുമാണ്  ദേശീയോത്സവമായി ഉയര്‍ത്തിക്കാണിക്കുന്നതിന് ഉന്നയിക്കപ്പെടാറുള്ള ന്യായം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലെ തെളിച്ചത്തിലേക്കുള്ള കാല്‍വെപ്പ്. മാനസികമായും സാമ്പത്തികമായും വരുന്ന മാറ്റങ്ങള്‍ കൊണ്ടും വസന്തത്തിന്റെ വരവറിയിക്കല്‍ കൊണ്ടും സമൃദ്ധമാകുന്ന കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യപ്പെടുന്നതാണ് ഓണനാളുകളെന്ന് വിശ്വസിച്ച് വരുന്നു. പ്രകൃതിയോടിണക്കമുള്ള ആഘോഷം എന്ന നിലക്കും അതിനെ പരിചയപ്പെടുത്താറുണ്ട്. പ്രകൃതിയുടെ സമൃദ്ധിയിലാണ് ഓണ സങ്കല്‍പം പൊലിയുന്നത്. പത്തായം നിറയുകയും വറുതി മാറുകയും ചെയ്യുന്ന കാലം. വിതച്ചത് കൊയ്‌തെടുക്കുന്ന നാളുകള്‍. ഇങ്ങനെയൊക്കെയാണ് ഓണം. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും ഓണത്തല്ലും മുതല്‍ വള്ളംകളി വരെ അതിന്റെ ഭാഗമാണ്. 

ഇങ്ങനെയൊക്കെയാണെങ്കിലും ഓണം മതപരിസരത്തില്‍ രൂപപ്പെട്ട ഒരു ആഘോഷം തന്നെയാണ്. ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മിത്ത് വാമനനും മഹാബലിയുമാണ്. ദൈവികമാനങ്ങളുള്ള ചില  വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ആ മിത്ത് രൂപം കൊള്ളുന്നത്. ദശാവതാരങ്ങളില്‍ ഒന്നായ വാമനന്‍ എത്ര വിശദീകരിച്ചാലും ഒരു മതേതര സങ്കല്‍പം ആവില്ല. ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യ രൂപമാണ് വാമനന്റേത് എന്നത് കലര്‍പ്പില്ലാത്ത ഹൈന്ദവ വിശ്വാസമാണ്. മഹാബലി എന്ന ദ്രാവിഡ രാജാവിന്റെ ഐതിഹ്യ കഥകളാണ് ഓണത്തിന്റെ പിന്നാമ്പുറങ്ങളില്‍ ഏറ്റവും പ്രബലം. പ്രജാ സ്‌നേഹിയായ മഹാബലിയുടെ ഭരണകീര്‍ത്തിയില്‍ അസൂയപൂണ്ട ദേവന്മാര്‍ വാമനാവതാരത്തെ അയച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും, എല്ലാ വര്‍ഷവും തന്റെ പ്രജകളെ കാണാന്‍ ഓണനാളുകളില്‍ മഹാബലി എത്തുമെന്നുമാണ് ഐതിഹ്യം. ഓണത്തിലെ ഏറ്റവും പ്രധാനമായ ചടങ്ങാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. തിരുവോണ പുലരിയില്‍ കുളിച്ച് ഓണക്കോടിയണിഞ്ഞ് പൂക്കളത്തിന് മുന്നിലെ ആവണിപ്പലകയിലിരുന്ന് ഓണത്തപ്പന് മുന്നില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിച്ച് കൊണ്ടാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്.

ഓണമാഘോഷിക്കാത്തവര്‍ മലയാളമണ്ണില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരാണെന്ന മതേതര തീവ്രവാദമോ, ഓണനാളില്‍ ഓണമാഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ കൈമാറാനോ സമ്മാനം നല്‍കാനോ അവരൊരുക്കുന്ന ഓണസദ്യയില്‍ പങ്കെടുക്കാന്‍ പോലുമോ പാടില്ലെന്ന മത തീവ്രവാദമോ അല്ല ഒരു ബഹുസ്വര സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ച് ധാരണയുള്ളവര്‍ സ്വീകരിക്കേണ്ട നിലപാട്. ഓണം മതാഘോഷമാണെന്ന് പറയുന്ന വിമര്‍ശകര്‍ പോലും ഉന്നയിക്കുന്ന പ്രശ്‌നം, മതേതര ലേബല്‍ ചാര്‍ത്തി അതിനെ മലയാളത്തിന്റെ പൊതു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നു എന്നതും അതിന് ദേശീയ പരിവേഷം നല്‍കുന്നു എന്നതുമാണ്.

സാംസ്‌കാരിക ഫാഷിസം ഉറഞ്ഞു തുള്ളുന്ന ഇക്കാലത്ത് ഓണം ആഘോഷിക്കപ്പെടേണ്ടതെങ്ങനെയെന്നും, ആഘോഷിക്കുന്നവരോടുള്ള സമീപനം എന്തായിരിക്കണമെന്നുമുള്ള ചോദ്യം പ്രസക്തമാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വിധത്തില്‍ നിരീക്ഷണങ്ങളുണ്ട്. ഫാഷിസ്റ്റുകള്‍ക്ക് വേണ്ടത് ഓണം ഉള്‍പ്പെടെ ആഘോഷങ്ങള്‍ പൂര്‍ണമായും ഹൈന്ദവവത്കരിക്കുക എന്നതാണ് അതിലൊന്ന്. ദേശീയ മതേതര മാനം നല്‍കുന്നതിലൂടെ ഹിന്ദുക്കളല്ലാത്തവര്‍ കൂടി ഓണം ആഘോഷിക്കേണ്ടവരാണെന്നും അല്ലാത്തവര്‍ രാജ്യത്തിന്റെ പൊതു വികാരത്തിനെതിര് നില്‍ക്കുന്നവരാണെന്നും പ്രചരിപ്പിക്കുകയും അതിലൂടെ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തേത്. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാകാന്‍ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുന്നതിലൂടെ തങ്ങള്‍ സ്വപ്നം കാണുന്ന ഏകശിലാ സംസ്‌കാരം ഹൈന്ദവതയിലൂന്നി നിര്‍മിക്കാന്‍ എളുപ്പമാണെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഈ രണ്ട് നിരീക്ഷണങ്ങള്‍ തമ്മില്‍ വൈരുധ്യം തോന്നുമെങ്കിലും രണ്ടിലും ശരിയുണ്ട്.

ഇന്ത്യ എണ്ണമറ്റ വൈവിധ്യങ്ങളുടെ അസാധാരണമായ സംഗമ സ്ഥലമാണ്. കേരളം ആ വൈവിധ്യങ്ങളെ സന്തുലിതമാക്കി നിലനിര്‍ത്തുന്നതിലും, നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ പൈതൃകത്തെ സംരക്ഷിക്കുന്നതിലും എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. അതിനാല്‍ തന്നെ മലയാളിയുടെ പൊതുബോധത്തെ സവര്‍ണ ബിംബങ്ങളുടെ തണലില്‍ ഏകശിലാത്മകമാക്കി തീര്‍ക്കാന്‍ ഫാഷിസം കാലങ്ങളായി അടവുകള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, മതേതര കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ അത്രമേല്‍ മലീമസമാക്കാന്‍ ഇക്കാലമത്രയും കിണഞ്ഞു ശ്രമിച്ചിട്ടും സവര്‍ണ പക്ഷത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ അടുത്തകാലത്തായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ കാവിവത്കരണവും സവര്‍ണ പൊതുബോധ നിര്‍മിതിയും വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വൈവിധ്യങ്ങള്‍ ഇല്ലാതാക്കി ഏകശിലാത്മകമായ സാമൂഹിക നിര്‍മിതി എന്നത് ഫാഷിസ്റ്റ് ചേരിയുടെ മുഖ്യ അജണ്ടയായിരിക്കുന്നു. നിലവിളക്ക്, ശിരോവസ്ത്രം എന്നീ വിഷയങ്ങളില്‍ ഒടുവിലുണ്ടായ വിവാദങ്ങളും അരുവിക്കര ഉപതെരഞ്ഞെടുപ്പും വെള്ളാപ്പള്ളിയുടെ കരണംമറിച്ചിലും എല്ലാം വിരല്‍ ചൂണ്ടുന്നത് ഈ വസ്തുതയിലേക്ക് തന്നെയാണ്.

സാംസ്‌കാരിക സൗഹൃദം കേരളത്തിന്റെ എക്കാലത്തെയും സവിശേഷതകളിലൊന്നാണ്. സൗഹൃദം കൃത്രിമമാകുന്ന ഇക്കാലത്ത് തനിമയാര്‍ന്ന സൗഹൃദത്തിന്റെ നനവുകള്‍ വറ്റുകയാണെന്ന ആശങ്കള്‍ അസ്ഥാനത്തല്ല. കേരളീയ ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന നിഷ്‌കളങ്കമായ സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതക്ക് മങ്ങലേറ്റിരിക്കുന്നു എന്നത് സത്യസന്ധമായ വിലയിരുത്തലാണ്. ചായക്കടകളിലും ക്ലബ്ബുകളിലും പാടവരമ്പത്തും മറ്റുമുണ്ടായിരുന്ന സൗഹൃദ കൂട്ടായ്മകള്‍ സോഷ്യല്‍ മീഡിയക്ക് വഴിമാറിയപ്പോള്‍ സൗഹൃദങ്ങള്‍ ഊഷരമായി. ശബരിമലക്ക് പോകുന്ന ഭക്ത സംഘത്തിന് ദാഹജലം നല്‍കുന്ന മുസ്‌ലിം ചെറുപ്പക്കാരുടെയും, കാവി വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച രണ്ട് പേര്‍ ബൈക്കില്‍ ഒന്നിച്ച് പോകുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന, നനവും പശിമയുമില്ലാത്ത സൗഹൃദത്തിന്റെ ഊഷരതയിലേക്ക്  നാം മുഖം കുത്തി വീണിരിക്കുന്നു. 

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രധാന വേദി മലയാളിയുടെ വ്യത്യസ്തമായ ആഘോഷങ്ങളാണ്. ഏതാഘോഷത്തിലും പൊതുവായി പങ്ക് വെക്കാവുന്ന കുറെ ഘടകങ്ങളുണ്ട്. ആശംസകള്‍, സമ്മാനങ്ങള്‍, കൂടിക്കാഴ്ചകള്‍, സദ്യകള്‍ തുടങ്ങി മാനവിക സാഹോദര്യത്തിന്റെ അടയാളങ്ങള്‍ ഏതാഘോഷ വേളയിലും പരസ്പരം പങ്കുവെക്കാവുന്നതാണ്. 

ഫാഷിസം വളരുന്നത് ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ടാണ്. ശത്രുവില്ലെങ്കില്‍ ഫാഷിസത്തിനും തീവ്ര നിലപാടുകള്‍ വെച്ച് പുലര്‍ത്തുന്നവര്‍ക്കും വളര്‍ച്ചയുടെ ഗ്രാഫ് ഉയര്‍ത്താന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ഫാഷിസം ശത്രുക്കളെ നിര്‍മിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ഇന്ത്യയിലും അങ്ങനെ തന്നെയാണ്. ഹൈന്ദവതയില്‍ ഊന്നി വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ അവര്‍ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഹൈന്ദവതയെ മുന്നില്‍നിര്‍ത്തി ഫാഷിസ്റ്റ് ബെല്‍റ്റിന്റെ വ്യാപ്തി വികസിപ്പിക്കാന്‍ സംഘ്പരിവാറുകള്‍ കൊണ്ട്പിടിച്ച ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മതവും ഭാഷയും ജാതിയും സംസ്‌കാരവും ആഘോഷങ്ങളുമെല്ലാം വര്‍ഗീയ ചേരിവിരിവിന് ഉപയോഗപ്പെടുത്തുമ്പോള്‍ ഫാഷിസത്തിനെതിരെ പ്രതിരോധം പണിയേണ്ടത് മാനവികതയിലൂന്നിയ സൗഹൃദത്തിന്റെ ഉരുക്ക് കോട്ടകള്‍ തീര്‍ത്ത് തന്നെയാണ്. വരാനിരിക്കുന്ന ഓണനാളുകളില്‍  സൗഹൃദ കൂട്ടായ്മകള്‍ ധാരാളമായി സംഘടിപ്പിക്കുകയും ഓണമാഘോഷിക്കാന്‍ പ്രയാസപ്പെടുന്ന പാവങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുക, ഓണസദസ്സുകള്‍ സംഘടിപ്പിക്കുകയും അവര്‍ക്ക് ആശംസകള്‍ കൈമാറുകയും അവരുടെ സദ്യകളില്‍ പങ്കെടുക്കുകയും ചെയ്യുക എന്നത് മതേതര ഇന്ത്യയുടെ തനിമയും അന്തസ്സും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന ഏതൊരാളുടെയും കടമയാണ്. ഇക്കാലത്തെ ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തനം കൂടിയായിരിക്കും അത്.

വൈവിധ്യങ്ങള്‍ മേളിക്കുന്ന ബഹുസ്വരതയില്‍ ആഘോഷങ്ങളും വൈവിധ്യപൂര്‍ണമായിരിക്കും. അത്തരം ആഘോഷങ്ങളുടെ പൊരുളും മികവും തികവും പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനും സാധിക്കുമ്പോഴാണ് ബഹുസ്വരത സൗന്ദര്യമുള്ളതാവുന്നത്. രാജ്യം ഒന്നടങ്കം ഫാഷിസ്റ്റ് കരങ്ങളില്‍ ഞെരിഞ്ഞമരാനിരിക്കുമ്പോള്‍, വിവിധ മതസ്ഥരുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടവരാണെന്നും അല്ലാത്തവര്‍ മതത്തിന്റെ പടിക്ക് പുറത്താണെന്നും ധ്വനിപ്പിക്കുന്ന പ്രതിലോമപരമായ ഫത്‌വകളില്‍ അഭിരമിക്കുന്നവരാകരുത് നാം. നബിയുടെ സമീപനങ്ങളെ അക്ഷര വായന നടത്താതെ,  ആശയങ്ങള്‍ ഉള്‍ക്കൊണ്ടും സന്ദര്‍ഭങ്ങള്‍ പരിഗണിച്ചും വായിക്കാനും പകര്‍ത്താനും നമുക്കാകണം. മതങ്ങളെ വെള്ളം കടക്കാത്ത അറകളാക്കി നിലനിര്‍ത്തുക എന്നതാണ് ഇക്കാലത്ത് മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവിന് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഗുണം ലഭിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് വ്യക്തം. ആദര്‍ശം പണയം വെക്കാതെ തന്നെ മാനവിക സൗഹാര്‍ദത്തിന്റെ പുതിയ ആകാശങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സവിശേഷതകളില്‍ ഒന്ന്.

സാംസ്‌കാരിക രംഗത്തെ ഫാഷിസ്റ്റ് കൈയേറ്റങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്നത് ഇക്കാലത്തെ കരുത്തേറിയ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. എല്ലാ ആഘോഷങ്ങള്‍ക്കും ഏറിയോ കുറഞ്ഞോ അളവില്‍ രാഷ്ട്രീയ ഉള്ളടക്കം കൂടി ഉണ്ടായിരിക്കും. ഓണം പടുത്തുയര്‍ത്തപ്പെട്ടത് മിത്തുകള്‍ക്ക് പുറത്താണെങ്കിലും പ്രസ്തുത മിത്തുകള്‍ക്ക് പോലും കരുത്തുറ്റ രാഷ്ട്രീയ ഉള്ളടക്കമുണ്ട്. പ്രജാ ക്ഷേമം സ്വധര്‍മമായി കാണുന്ന ഭരണാധികാരിക്ക് മേലാളന്മാരെ ഭയമുണ്ടാവുകയില്ല. മഹാബലിയുടെ കീര്‍ത്തി അധീശത്വം പുലര്‍ത്തുന്നവരെയും സാമ്രാജ്യത്വ മേല്‍ക്കോയ്മകളെയും അധികാര സഖ്യങ്ങളെയും ചൊടിപ്പിച്ചത് തികച്ചും സ്വാഭാവികമെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുണ്ട്. കള്ളക്കഥകളുണ്ടാക്കി ഭരണകൂടങ്ങളെ മറിച്ചിട്ട ശേഷം അത് ലോക നന്മക്കായിരുന്നുവെന്ന അഭിപ്രായ സമന്വയമുണ്ടാക്കാന്‍ എത്ര എളുപ്പമാണെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. 

പ്രജകളെ സ്‌നേഹിച്ച ഭരണാധികാരി പരാജിതനാവുന്നുവെങ്കില്‍ പ്രജകളുടെ കൂറ് എവിടെയായിരിക്കുമെന്ന് മഹാബലിയുടെ കഥ വ്യക്തമാക്കുന്നുണ്ട്. നാടുകടത്തലിന്റെ കര്‍ശന നിബന്ധനകളില്‍ ഇളവ് തേടേണ്ടത് പ്രജാ സമാഗമത്തിന് വേണ്ടിയായിരിക്കണമെന്ന ഭരണാധിപന്റെ നിഷ്‌കര്‍ഷത നമ്മുടെ മനസ്സിന്റെ ഇളം മണ്ണില്‍ കൃതാര്‍ഥതയുടെ നനവുകള്‍ തീര്‍ക്കുന്നുണ്ട്. ഈ ബന്ധത്തിന്റെ നനുത്ത ഇഴകള്‍ കൊണ്ട് നെയ്‌തെടുത്താണ് ഓണം കൊണ്ടാടുന്നതെങ്കില്‍ അത് ഒരു ജനതയുടെ രാഷ്ട്രീയ നവോത്ഥാനത്തിന് കരുത്ത് പകര്‍ന്നേക്കാം. ഓണം ഒരു ഉത്സവമാകുന്നതോടൊപ്പം തന്നെ പരിചിത ബിംബങ്ങളിലും പുതിയ ശീലങ്ങളിലും തടവിലായ ആഘോഷമായി ചുരുങ്ങാതിരിക്കണം. മലയാളിയുടെ ബോധാബോധ മനസ്സിനെയും സാമൂഹിക വ്യക്തിത്വത്തെയും ദൈനംദിന ജീവിത മനോഭാവങ്ങളെയും രാഷ്ട്രീയ മൂല്യങ്ങളെയും സ്വാധീനിച്ചുകൊണ്ടേയിരിക്കുന്ന, നമ്മെ നിര്‍വചിക്കുന്ന നന്മയുടെ രൂപമായി ഓണം മാറേണ്ടതുണ്ട്. അപ്പോഴേ പുതിയ കാലത്തെ ഓണം സര്‍ഗാത്മകവും നനവുള്ളതുമാകൂ. 

കലണ്ടറില്‍ ഏറ്റവും കൂടുതല്‍ ചുവപ്പക്കങ്ങളാല്‍ രേഖപ്പെടുത്തിയ നാളുകള്‍ മാത്രമാണ് ഇന്ന് മലയാളിക്ക് ഓണം. ലോകം വെട്ടിപ്പിടിക്കാനുള്ള തിരക്കിനിടയില്‍ നാം കേരളക്കാര്‍ സമ്പത്തിന്റെ അടിമകളും സംസ്‌കാരത്തിന്റെ നിഷേധികളുമായിരിക്കുന്നു. സ്വന്തം മതക്കാരും സംഘടനക്കകത്തുള്ളവരും സ്വജാതിക്കാരും മാത്രം പരസ്പരം സ്‌നേഹിക്കുന്ന കപട മതേതരത്വത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തകരേണ്ടത് പുതിയ കാലത്തെ അനിവാര്യതയാണ്. അതിനായി ഓണവും മറ്റു ആഘോഷങ്ങളും ഉപയോഗപ്പെടുത്തുക എന്നതാകട്ടെ നമ്മുടെ ആഘോഷങ്ങളുടെ ആന്തരിക കരുത്ത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍