Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

അവര്‍ മഹര്‍ നല്‍കാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുന്നു

ഡോ:കമറുദ്ദീന്‍ പടിഞ്ഞാറങ്ങാടി /പ്രതികരണം

         ''.....സ്ത്രീകളുമായി നിങ്ങളുടെ ധനം(മഹ്‌റായി)നല്‍കിക്കൊണ്ട് നിങ്ങള്‍(വിവാഹ ബന്ധം)തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു''(അന്നിസാഅ്:24). ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹ മൂല്യം മന:സംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക''(അന്നിസാഅ്: 4).

ഇങ്ങനെ നല്‍കുന്ന ധനം അല്ലെങ്കില്‍ സമ്പത്ത് പ്രസ്തുത സ്ത്രീക്ക് മാത്രം അവകാശപ്പെട്ടതാകുന്നു; ഉഭയകക്ഷി സമ്മതപ്രകാരം അതില്‍ നിന്ന് ഭര്‍ത്താവിന് പങ്കു പറ്റാമെങ്കിലും. സ്ത്രീ പുരുഷ ബന്ധത്തിന് അല്ലാഹു നിഷ്‌കര്‍ഷിക്കുന്ന ഉപാധിയാണ് മഹ്ര്‍. 

''നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍'' (അന്നിസാഅ്: 25) എന്ന ഒരു സാഹചര്യം ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അറേബ്യന്‍ രാജ്യങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ സംഭവിക്കാറുണ്ട്. പക്ഷെ, നമ്മുടെ കേരള സംസ്ഥാനത്തിലെ ജനത ഇത് കേട്ട് ആശ്ചര്യപ്പെടും. വിവാഹ മൂല്യം നല്‍കാന്‍ കഴിയാതെ അവിവാഹിതനായി കഴിയേണ്ട ഗതികേട് സംഭവിച്ചു പോയ ഒരൊറ്റ പുരുഷ പ്രജയെയും നമുക്കിവിടെ കണ്ടെത്താന്‍ കഴിയുകയില്ല. വിവാഹം കഴിയുന്നതോടെ നമ്മുടെ നാട്ടിലെ എല്ലാ പുരുഷ പ്രജകളും, അവന്റെ കുടുംബവും താല്‍ക്കാലിക സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മഹ്ര്‍ സ്ത്രീക്ക് സ്വയം പര്യാപ്തതയും സാമൂഹിക സുരക്ഷിതത്വവും നല്‍കുന്നു. മാതൃത്വം എന്ന മഹത്തായ കര്‍മം നിര്‍വ്വഹിക്കാന്‍ അനുയോജ്യമായ ഹോര്‍മോണ്‍ ഘടനകള്‍ അവളെ ശാരീരികമായി അബലയാക്കുന്നുണ്ട് എന്നത് ശരിയാണ്. ആണ്‍ വര്‍ഗത്തിന്റെ മാംസപേശികള്‍ക്ക് ആന്‍ഡ്രജന്‍ പുരുഷ ഹോര്‍മോണ്‍) കൂടുതല്‍ കരുത്തും, ബലവും, പ്രവര്‍ത്തന ക്ഷമതയും നല്‍കുന്നു. സ്ത്രീ ഹോര്‍മോണുകള്‍ വനിതകളെ ഗര്‍ഭധാരണത്തിനും മുലയൂട്ടലിനും ശിശുപരിപാലനത്തിനും സഹായിക്കുന്നു. സ്വാഭാവികമായും സ്ത്രീകള്‍ക്ക് അദ്ധ്വാന ശേഷിയും സ്വയം പ്രതിരോധ ശേഷിയും കുറവാണ്. സമൂഹജീവിയായ മനുഷ്യ വര്‍ഗത്തിന് പ്രത്യുല്‍പാദനത്തിനും വംശ വര്‍ദ്ധനവിനുമായി അല്ലാഹു നിശ്ചയിച്ച മാര്‍ഗ്ഗമാണ് വിവാഹവും കുടുംബജീവിതവും. സ്ത്രീക്ക് സംരക്ഷണം നല്‍കേണ്ട പുരുഷന്‍ അവളുമായി സഹവസിക്കും മുമ്പെ വിവാഹ മൂല്യം നല്‍കി സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ അല്ലാഹു കല്‍പ്പിച്ചിരിക്കുകയാണ്. സ്വയം വരുമാന-സമ്പാദ്യ മാര്‍ഗങ്ങള്‍ കണ്ടെത്തി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പ്രാപ്തനായ പുരുഷന്‍ താരതമ്യേന അബലകളും തൊഴില്‍ ശേഷി കുറഞ്ഞവരുമായ സ്ത്രീകളെ സാമ്പത്തിക സംരക്ഷണം ഉറപ്പു വരുത്തിയ ശേഷം മാത്രം സ്പര്‍ശിക്കുക എന്ന മഹത്തായ ആദര്‍ശമാണ് മഹ്‌റിന്റെ ലക്ഷ്യം. 

പക്ഷെ, ഇന്ന് നമ്മുടെ ജനത(ഖൈര്‍ ഉമ്മത്ത്!) ഈ നിയമത്തെ പല സൂത്രങ്ങള്‍ കൊണ്ട് മറികടക്കുകയാണ്.  സ്ത്രീക്ക് കൊടുക്കേണ്ട സ്ത്രീധനത്തെ സ്ത്രീ നല്‍കേണ്ട ധനമായി മാറ്റിയിരിക്കുന്നു. സമൂഹത്തിലെ ഭൂരിഭാഗം നേതൃത്വവും പണ്ഡിതന്മാരും കണ്ണടച്ചും തുറന്നും അതിനെ അനുകൂലിക്കുകയോ വിമര്‍ശിക്കാതിരിക്കുകയോ ചെയ്യുന്നു. കുറഞ്ഞ അളവ് മഹ്ര്‍ കൊടുത്ത് കൂടുതല്‍ തുകയും സ്വര്‍ണ്ണവും സ്ത്രീധനമായി സ്വീകരിക്കുമ്പോള്‍ ഫലത്തില്‍ വിവാഹമൂല്യം നല്‍കാത്ത വൈവാഹിക ബന്ധം സംജാതമാവുകയല്ലേ സംഭവിക്കുന്നത്?

സ്ത്രീധനമല്ല, സമ്മാനം -അതിനാല്‍ അനുവദനീയം!

സമൂഹത്തിലെ പല നേതാക്കളും പണ്ഡിതന്മാരും 'സ്ത്രീധന'ത്തെ അനുവദനീയമാക്കുന്നത് അതിന്റെ പേരു മാറ്റിക്കൊണ്ടാണ്. സമ്പന്നനായ പിതാവിന് മകളുടെ വിവാഹ സമയത്ത് സമ്മാനം നല്‍കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് വിലക്കാന്‍ പറ്റുകയില്ല എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്‌ലിം സമുദായത്തിലെ ഒരു സമുന്നത(രാഷ്ട്രീയ)നേതാവ് പ്രസ്താവിച്ചതോടെ സ്ത്രീധനത്തിനെതിരായ ചിന്താധാരകള്‍ തന്നെ നിലക്കുകയുണ്ടായി. വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍, പക്ഷെ, ഈ ന്യായം നിലനില്‍ക്കുകയില്ല എന്ന് കാണാം. 

1. സമ്മാനം പെണ്‍കുട്ടികള്‍ക്ക് മാത്രമോ!

എത്ര സമ്പന്നനായ പിതാവും വിവാഹ സമയത്ത് മകന് ഒരു സമ്മാനവും നല്‍കുന്നില്ല. പെണ്‍കുട്ടികള്‍ക്കാകട്ടെ കണക്കില്ലാത്ത സ്വര്‍ണ്ണവും വാഹനങ്ങളും നല്‍കുകയും ചെയ്യുന്നു. സ്വന്തം മക്കള്‍ക്കിടയില്‍ വിവേചനം കാണിക്കുക എന്ന ഒരു അനിസ്‌ലാമികത കൂടി ഇതില്‍ അടങ്ങിയിട്ടില്ലേ?

2. സമ്മാനം പണമായോ? 

സമ്പന്ന പിതാക്കള്‍ കണക്കില്ലാത്ത പണം വിവാഹ സമയത്ത് നല്‍കുന്നു. അത് വരന്റെ വീട്ടുകാരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്.

3. അതി വര്‍ദ്ധിത മൂല്യം: 

പല കാര്യങ്ങള്‍ക്ക് നമ്മള്‍ മക്കള്‍ക്ക് സമ്മാനം നല്‍കാറുണ്ട്. പക്ഷെ പെണ്‍കുട്ടികളുടെ വിവാഹ സമയത്ത് നല്‍കുന്ന 'സമ്മാനം' മറ്റേതൊരു സമ്മാനം കൊടുക്കുന്നതുമായും താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തത്ര വിലയേറിയതാണ്. 

4. സമ്മാനങ്ങളുടെ സാമ്പത്തിക സ്രോതസ്സ്: 

സ്വന്തം സാമ്പത്തിക സ്ഥിതിക്കനുസരിച്ച സമ്മാനങ്ങളാണ് ഒരാള്‍ നല്‍കുക. പക്ഷെ, പെണ്‍കുട്ടികള്‍ക്ക് വിവാഹ സമ്മാനം നല്‍കുന്നവര്‍ അതിസമ്പന്നരല്ലെങ്കില്‍ കടം വാങ്ങുക പതിവാണ്; അതും താങ്ങാവുന്നതിലുമപ്പുറം. നാടുനീളെ ഭിക്ഷ യാചിച്ച് നടന്ന് 'സമ്മാനം' കൊടുക്കുന്നവരും ധാരാളം. മഹല്ലു ഭാരവാഹികള്‍ ഇത്തരം സമ്മാനാവശ്യാര്‍ഥം പിരിവിനിറങ്ങുകയും, യാചനാ പത്രങ്ങള്‍ തയ്യാറാക്കി നല്‍കുകയും ചെയ്യുന്നതും പതിവാണ്.

5. സമ്മാനം വരന്റെ വീട്ടുകാര്‍ക്കോ ?

പെണ്‍കുട്ടികളുടെ വിവാഹ സമയത്ത് ബന്ധുക്കള്‍ രക്ഷിതാക്കളെ 'സമ്മാനം' നല്‍കാനായി ഉദാരമായി സഹായിക്കുന്ന സമ്പ്രദായം നാട്ടുനടപ്പാണ്.  ബന്ധുക്കള്‍ നല്‍കുന്ന ഈ സമ്മാന(സഹായ)ങ്ങള്‍ വധുവിന് നേരിട്ട് നല്‍കുകയില്ല. വധുവിന്റെ രക്ഷിതാക്കള്‍ക്കാണ് നല്‍കുക. 'സമ്മാനദാനം' നമ്മുടെ പെണ്‍കിടാങ്ങളുടെ വിവാഹ വേളയിലെ നിര്‍ബന്ധിതാവസ്ഥ ആണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്?

6. സമ്മാനങ്ങളുടെ ഉപയോഗികത: 

സാധാരണയായി നമ്മള്‍ സമ്മാനം നല്‍കുന്നത് ഉപയോഗയോഗ്യമായ വസ്തുക്കളോ സ്മരണികളോ ആണല്ലോ, വിവാഹ വേളയിലെ പല സമ്മാന ആഭരണങ്ങളും ആ ഒരൊറ്റ ദിവസം കഴിഞ്ഞാല്‍ സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയാത്തത്ര ഭാരമേറിയതാണ്. 

7. സമ്മാന പ്രദര്‍ശനം: 

സാധാരണയായി നമ്മള്‍ സമ്മാനങ്ങള്‍ മനോഹരമായി പൊതിഞ്ഞ് നല്‍കുകയാണ് ചെയ്യുക. വിവാഹ വേളയിലെ സമ്മാനങ്ങള്‍ പൊതുജനമദ്ധ്യേ പ്രദര്‍ശിപ്പിക്കുകയാണ് പതിവ്-കാറും, ആഭരണങ്ങളും

8. സമ്മാനത്തിന്റെ ഉടമ: 

ഒരാള്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ ഉടമസ്ഥ എക്കാലത്തും ആ മകള്‍ തന്നെ ആയിരിക്കണമല്ലോ. പക്ഷെ നമ്മുടെ നാട്ടുനടപ്പനുസരിച്ച് 'വിവാഹ സമ്മാന' ത്തിന്റെ ഉടമസ്ഥാവകാശം മകളുടെ ഭര്‍ത്താവിനും ഭര്‍തൃ മാതാപിതാക്കള്‍ക്കുമാണ്. ഈ സമ്മാന ആഭരണങ്ങളില്‍ നിന്ന് ആ പെണ്‍കുട്ടിക്ക് എന്തെങ്കിലും സ്വന്തമായി ക്രയവിക്രയം ചെയ്യാനോ ആര്‍ക്കെങ്കിലും(സ്വന്തം കുടുംബാംഗങ്ങള്‍ക്കു പോലും)കൊടുക്കാനോ ഭര്‍തൃ കുടുംബത്തിന്റെ സമ്മതം വേണ്ടിവരും. 

അതോ! ഈ സമ്മാനങ്ങള്‍ വരനു വേണ്ടി നല്‍കുന്നതാണോ? എങ്കില്‍ ആഭരണങ്ങള്‍ അണിയേണ്ടത് അയാളല്ലേ?

9. തിരിച്ചു കൊടുക്കുന്ന സമ്മാനങ്ങള്‍: 

സര്‍ക്കാറിനോട് പ്രതിഷേധം പ്രകടിപ്പിക്കാനായി അവാര്‍ഡ് വിന്നര്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്നതു പോലെ... എന്തെങ്കിലും കാരണവശാല്‍ വിവാഹം വേര്‍പ്പിരിയേണ്ട അവസ്ഥ വന്നാല്‍ ''സമ്മാനങ്ങള്‍'' കണക്കു പറഞ്ഞ് തിരിച്ചു വാങ്ങുന്നതും നമ്മുടെ സമ്പ്രദായമാണല്ലോ. സമൂഹ നേതൃത്വവും നിയമപരിപാലന വ്യവസ്ഥയും ഈ 'കടം വീട്ടല്‍' വിവാഹ മോചിതയാകുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിനുള്ള അവകാശമായി അംഗീകരിച്ചിട്ടുണ്ട്. 

അല്ലേ അല്ല!! നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹ സമയത്ത് നല്‍കുന്ന ആഭരണങ്ങളും വാഹനവും ധനവും പിതാവിന്റെ സന്തോഷ സൂചകമായ പാരിതോഷികങ്ങള്‍ അല്ല. 'വേഷ പ്രച്ഛന്നമായ' സ്ത്രീധന സമ്പ്രദായം തന്നെയാണ്. അത് സ്വീകരിക്കുന്ന രക്ഷിതാക്കളും സ്ത്രീധനം വാങ്ങുന്നവരും ഫലത്തില്‍ മഹ്ര്‍ നല്‍കാത്ത വിവാഹത്തിന് കൂട്ടു നില്‍ക്കുന്നവരും തന്നെയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍