Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

ആവേശവും നിരാശയും പടര്‍ത്തി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം

നാസര്‍ ഊരകം /യു.എ.ഇ കത്ത്

         ഇരുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള യു.എ.ഇയില്‍ ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായിട്ടാണ്  ഒരു ഇന്തൃന്‍ പ്രധാനമന്ത്രി കാലു കുത്തുന്നത്  എന്നത് കൊണ്ടു ശ്രദ്ധേയമായ നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനം പ്രവാസി സമൂഹത്തില്‍ ഏറെ ആവേശവും ഒപ്പം നിരാശയും ആശങ്കയും പടര്‍ത്തി. പതിവു പോലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ കൊണ്ട് പരിപാടികള്‍ സംഘടിപ്പിച്ചും പബ്ലിക് റിലേഷന്‍ ഏജന്‍സികളെ കൊണ്ടു പ്രചാരണം നല്‍കിയും തന്റെ കരിഷ്മയെ ജനങ്ങളുടെ മുമ്പില്‍ ഊതി വീര്‍പ്പിക്കാന്‍ യു.എ.ഇയിലും മോദിക്ക് സാധിച്ചു.

അബൂദബിയിലെ ഹൈന്ദവ വിശ്വാസികളായ പ്രവാസികളുടെ ദീര്‍ഘകാല ആഗ്രഹമായ ക്ഷേത്ര നിര്‍മാണത്തിന് അനുമതി ലഭിച്ചത് ഹൈന്ദവ വിശ്വാസികളില്‍ വലിയ ആഹ്ലാദമുണ്ടാക്കിയെങ്കിലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു അന്യ രാജ്യത്ത് പോയി ക്ഷേത്രനിര്‍മാണത്തിന് സ്ഥലം ആവശൃപ്പെട്ടതിലൂടെ അദ്ദേഹം ഹിന്ദുക്കളുടെ മാത്രം പ്രധാന മന്ത്രിയായി ചെറുതാവുകയാണുണ്ടായതെന്നാണ് നിരീക്ഷിക്കപ്പെട്ടത്. മാത്രമല്ല, ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത പാര്‍ട്ടിയുടെ അമരക്കാരന് ഒരു മുസ്‌ലിം രാഷ്ട്രം അമ്പലം നിര്‍മിക്കാന്‍ ഭൂമി നല്‍കുകയും, യു.എ.ഇയിലെ എന്നല്ല മക്കയും മദീനയും കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് മസ്ജിദില്‍ മോദിയെ സ്വീകരിച്ചിരുത്തുകയും ചെയ്തത് ഫാഷിസത്തിന് ഇസ്‌ലാം നല്‍കിയ ശക്തമായ മറുപടിയായിട്ടാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന് സന്തോഷിക്കാന്‍ വക നല്‍കിയ മറ്റൊരു കാര്യം തീവ്രവാദികള്‍ക്കെതിരെ ഇരു രാജ്യങ്ങളും കൈകോര്‍ക്കുമെന്ന തീരുമാനമാണ്. പാകിസ്താനിലെയും കശ്മീരിലെയും തീവ്രവാദികളുടെ ഒളിത്താവളമെന്ന് യു.എ.ഇയെ ഇന്ത്യ പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്. ദാവൂദ് ഇബ്‌റാഹീമും ടൈഗര്‍ മേമനും യു.എ.ഇയില്‍ വരാറുള്ളതായി ഇന്തൃന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും ശത്രുക്കളായ ഈ അധോലോക നായകരെ പിടികൂടാനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനും  തീവ്രവാദത്തിനെതിരെ കൈകോര്‍ക്കാനുമുള്ള തീരുമാനത്തിലൂടെ ഇന്ത്യക്ക് സാധിച്ചു. സാമ്പത്തിക ഇടപാടുകളും സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളുമെല്ലാം നിയന്ത്രിക്കുമെന്ന് ഇരു രാജ്യങ്ങളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലുണ്ട്. ഇതും യു.എ.ഇയെക്കാളും ഇന്ത്യക്കായിരിക്കും ഏറെ ഗുണം ചെയ്യുക. അതേസമയം രണ്ട് വര്‍ഷം മുമ്പ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ച തടവുകാരെ കൈമാറല്‍ കരാര്‍ പ്രകാരം ഇതുവരെ ഒരു ഇന്ത്യന്‍ തടവുകാരനെയും യു.എ.ഇ വിട്ടു കൊടുത്തിട്ടില്ല; ആകെയുള്ള യു.എ.ഇ തടവുകാരനെ ഇന്ത്യ കൈമാറുകയും ചെയ്തു. പത്തോളം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ സംയുക്ത പ്രസ്താവനയില്‍ ഏഴും തീവ്രവാദത്തിനെതിരെ പോരാടുന്നതിനെ കുറിച്ചായിരുന്നു എന്നത് ഇന്ത്യയുടെയും മോദിയുടെയും ഉള്ളിലിരിപ്പ് സ്വയം ബോധ്യപ്പടുത്തുന്നതാണ്. തീവ്രവാദത്തിന് എതിരെ ഒന്നിച്ചു പോരാടാനുള്ള തീരുമാനത്തിന് മാനങ്ങള്‍ ഏറെയാണെന്ന് പ്രവാസികളും മനസ്സിലാക്കേണ്ടതുണ്ട്.  

മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായി തട്ടികൂട്ടിയ യു.എ.ഇ സന്ദര്‍ശനം അറബ് രാജ്യങ്ങളുടെയും ലോകത്തിന്റെ തന്നെയും മുന്നില്‍ മുഖം മിനുക്കാനുള്ള അടവു നയമായിട്ടാണ് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദത്തിനെതിരെ പോരാടാനുള്ള തീരുമാനവും ഒരു ഇസ്രയേല്‍ തന്ത്രമായി കാണുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. 

തീവ്രവാദ പോരാട്ടവും നിക്ഷേപ നിധി രൂപീകരണവും മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളായി എണ്ണിയാല്‍ 25 ലക്ഷം വരുന്ന പ്രവാസികളിലെ 85 ശതമാനം വരുന്ന സാധാരണക്കാരുടെ ആവശ്യങ്ങളെ മോദി സ്പര്‍ശിച്ചതേ ഇല്ല എന്ന് പറയേണ്ടി വരും. അമ്പല നിര്‍മാണാനുമതിയും നിക്ഷേപ വാഗ്ദാനവും കൊണ്ടു സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം പ്രതീക്ഷ നല്‍കിയപ്പോള്‍ രണ്ടാം ദിവസം സാധാരണക്കാര്‍ക്ക് പ്രധാനമന്ത്രി വല്ലതും പ്രഖ്യാപിക്കുമെന്ന് ആശിച്ചവര്‍ക്ക് വലിയ നിരാശ നല്‍കിയാണ് മോദി യു.എ.ഇ വിട്ടത്. 

സന്ദര്‍ശന പരിപാടികളിലെ രണ്ട് പ്രധാന അജണ്ടകളായിരുന്നു ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ സന്ദര്‍ശിക്കലും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതു പരിപാടിയും. സാധാരണ പ്രവാസികള്‍ക്ക് മുന്നില്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രത്യേകതയായി ഉയര്‍ത്തിക്കാട്ടിയത് അദ്ദേഹത്തിന്റെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനമായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായി ഒരു പ്രധാനമന്ത്രി അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ വന്നത് അവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി. മുസഫയിലെ ഐകാര്‍ഡ് ലേബര്‍ ക്യാമ്പിലെത്തിയ മോദി പക്ഷേ 10 മിനിറ്റില്‍ ചടങ്ങ് തീര്‍ത്തു മടങ്ങി. നേരത്തെ പറഞ്ഞുനിര്‍ത്തിയ ഏതാനും തൊഴിലാളികളോട് കുശലാന്വേഷണം നടത്തിയും സെല്‍ഫി എടുത്തും മോദി ലേബര്‍ ക്യാമ്പ് വിട്ടു. ഒരു ദിവസം ലീവെടുത്ത് പ്രധാനമന്ത്രിയെ കാണാന്‍ കാത്തിരുന്ന തൊഴിലാളികള്‍ നിരാശരായി. ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും ഒരു സ്‌പോണ്‍സേര്‍ഡ് ഇവന്റ് മാനേജ്‌മെന്റ് പരിപാടിയായിരുന്നുവത്രെ.

മോദിയുടെ സന്ദര്‍ശനത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതു സമ്മേളനമായിരുന്നു. ഒരു പ്രധാനമന്ത്രിയുടെ പരിപാടി എന്നതിലുപരി ഒരു സിനിമാ താരത്തിന്റെ സ്റ്റേജ് ഷോ പോലെയായിരുന്നു സംഘാടനം. മോദി ഭക്തരുടെ സംഗമത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 34 വര്‍ഷത്തിന് ശേഷം എത്തിയ പ്രധാനമന്ത്രിയെ പ്രവാസ മണ്ണില്‍ വെച്ചു കാണുക എന്ന താല്‍പര്യത്തില്‍ ജനം ഒഴുകി എത്തി. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖൃത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. 

ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണം തുടങ്ങിയത് ജനങ്ങളെ കൊണ്ട് 'ഭാരത മാതാ കീ ജയ്' വിളിപ്പിച്ചു കൊണ്ടാണ്. യു.എ.ഇ ഭരണാധികാരികള്‍ക്ക് നന്ദി പറയിക്കുമ്പോഴും സദസ്സിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. പ്രസംഗത്തില്‍ മോദി കോണ്‍ഗ്രസ് സര്‍ക്കാറുകളെ വരികള്‍ക്കിടയിലൂടെ വിമര്‍ശിച്ചു. ഇന്ത്യയില്‍ നിന്നും ആഴ്ചയില്‍ 600 വിമാനങ്ങള്‍ പറത്തുന്ന യു.എ.ഇയിലേക്ക് ഒരു പ്രധാനമന്ത്രി എത്താന്‍ 34 വര്‍ഷമെടുത്തു എന്നു പറഞ്ഞപ്പോള്‍ ജനങ്ങള്‍ കരഘോഷം മുഴക്കി. നേപ്പാളിലും ഭൂട്ടാനിലും ശ്രീലങ്കയിലും പോയി സഹായങ്ങള്‍ ചെയ്ത കഥകള്‍ പറയുകയും ഈ രാജ്യങ്ങള്‍ തമ്മില്‍ ഒരു കൂട്ടായ്മയുണ്ടാക്കുമെന്ന് അവകാശപ്പെടുകയും ചെയ്ത മോദി സ്വന്തം രാജ്യത്ത് ഒരു വര്‍ഷക്കാലം കൊണ്ട് എന്ത് ചെയ്തുവെന്ന് പറയാന്‍ മനഃപൂര്‍വം മറന്നു.

ദുബൈയില്‍ ഒരു ചെറു ഭാരതത്തെ കാണുന്നുവെന്നും ഇവിടത്തെ ബഹുസ്വരത അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞപ്പോള്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷവും പിന്നാക്ക വിഭാഗങ്ങളും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ഓര്‍മിച്ചിട്ടുണ്ടാവും. 200-ലധികം രാജ്യക്കാര്‍ സാഹോദര്യത്തോടെ വസിക്കുന്ന ദുബൈയെ പുകഴ്ത്തിയ മോദി ജന്മനാട്ടില്‍ ഒരു വലിയ സമൂഹം സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നത് ഓര്‍ക്കാനിടയായിട്ടുണ്ടാകും.

വര്‍ഷങ്ങളായി എംബസിയിലും കോണ്‍സുലേറ്റിലും നിലവിലുള്ള പദ്ധതികളെ പുതിയ പദ്ധതികളായി അവതരിപ്പിക്കുകയാണ് മോദിയുടെ വക മറ്റൊരു തമാശ. ഇന്ത്യക്കാര്‍ മരിച്ചാല്‍ അവരുടെ മൃതദേഹം കൊണ്ടു പോകാനുള്ള പണത്തിനും തടവുകാരുടെ സഹായത്തിനും ഉപയോഗിക്കുന്ന ഐ.സി.ഡബ്ലിയു.എഫ് എന്ന ഫണ്ടിനെയും മദദ് എന്ന വെബ് പോര്‍ട്ടലിനെയും ഓര്‍മിക്കുകയാണ് ഒരു പ്രധാനമന്ത്രി പ്രവാസി സമൂഹത്തിന് വേണ്ടി ചെയ്ത മറ്റൊരു സഹായം! ലേബര്‍ ക്യാമ്പുകളില്‍ കൗണ്‍സല്‍ ക്യാമ്പ് നടത്താനും പുതിയ ഇന്ത്യന്‍ സ്‌കൂളുകള്‍ തുടങ്ങാനും പരിപാടിയുണ്ടെന്ന് പറയാനും മോദി മറന്നില്ല.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് എംബസിയുടെയും കോണ്‍സുലെറ്റിന്റെയും മേല്‍നോട്ടത്തിലായിരുന്നുവെങ്കിലും ചില പിന്‍ ശക്തികളായിരുന്നു എല്ലാം നിയന്ത്രിച്ചിരുന്നത്. ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മകള്‍ ഇതിനെതിരെ ശബ്ദമുതിര്‍ത്തെങ്കിലും കാര്യങ്ങള്‍ മുറ പോലെ നടന്നു. 'നമോ ഇന്‍ ദുബൈ' എന്ന് സന്ദര്‍ശനത്തിന് പേരിട്ടത് തന്നെ മോദിയുടെ സന്ദര്‍ശന ദൗത്യം വിളിച്ചോതുന്നുണ്ട്.

അബൂദബിയില്‍ അമ്പലം പണിയുകയും ഭീകരപ്രവര്‍ത്തനത്തിനെതിരെ കൈ കോര്‍ക്കുകയുമായിരുന്നോ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഏക അജണ്ട എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍