Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

ഇന്ത്യക്കകത്ത് കാന്‍ഡല എന്ന ഗ്രാമത്തിലൂടെ

സബാഹ് ആലുവ /യാത്ര

         ദല്‍ഹിയിലെ ശാഹ് വലിയ്യുല്ലാഹ് അക്കാദമിയുമായി ബന്ധപ്പെട്ട് ഒരു സെമിനാറില്‍ പങ്കെടുക്കവെയാണ് മുഫ്തി ഇലാഹി ബഖ്ഷ് അക്കാദമിയുടെ എഡിറ്റര്‍ മുഫ്തി നൂറുല്‍ ഹസന്‍ റാശിദ് കാന്‍ഡലവിയെ കാണാന്‍ അവസരം ലഭിച്ചത്. അദ്ദേഹവുമായി അങ്ങനെയുണ്ടായ ആ പരിചയം, തൊട്ടടുത്ത ഭാവിയില്‍ തന്നെ ദല്‍ഹിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ മാത്രം ദൂരമുള്ള കാന്‍ഡല എന്ന കൊച്ചു ഗ്രാമത്തില്‍ ഞങ്ങളെ കൊണ്ടെത്തിച്ചു. സാധാരണ യാത്രകളില്‍ നിന്ന് വ്യത്യസ്തമായി യാതൊരുവിധ തയാറെടുപ്പും കൂടാതെയാണ് യാത്രക്ക് തിരിച്ചത്. അതിനു തക്കതായ കാരണമുണ്ട്. അതിലൊന്നാമത്തേത്, ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ മാത്രം യാത്ര ചെയ്യാവുന്ന ദൂരം. മറ്റൊന്ന് ഒരു ദിവസത്തില്‍ കൂടുതല്‍ ഞങ്ങളവിടെ തങ്ങില്ലെന്ന ദൃഢമായ ബോധ്യവും.

രണ്ട് ലക്ഷ്യങ്ങളോടെയായിരുന്നു കാന്‍ഡല എന്ന ഗ്രാമത്തിലേക്കുള്ള യാത്ര. നൂറുല്‍ ഹസന്‍ റാശിദ് കാന്‍ഡലവി എന്ന പണ്ഡിതനെ കാണുക. അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്കാവശ്യമുള്ള ഗവേഷണ പുസ്തകങ്ങള്‍ ശേഖരിക്കുക. പക്ഷേ, ഇതെല്ലാറ്റിനുമുപരി മറ്റൊന്നായിരുന്നു കാന്‍ഡലയില്‍ പോവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

ദല്‍ഹിയിലെ കശ്മീര്‍ ഗേറ്റ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള ലോനി ഗോല്‍ചക്കറില്‍ നിന്ന് ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. തണുപ്പും ശക്തമായ മഴയും യാത്രക്ക് തടസ്സം തന്നെയായിരുന്നു. ബസ്സില്‍ കയറിയ ഞങ്ങള്‍ അടുത്തിരുന്ന ചെറുപ്പക്കാരനുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. അയാളും കാന്‍ഡലയില്‍ തന്നെയാണ് ബസ്സിറങ്ങുന്നത്. സ്വന്തം പേരു പോലും പറയാന്‍ മടി കാണിച്ച ആ ചെറുപ്പക്കാരന്‍ ആ നാട്ടിലെ സാമൂഹികാന്തരീക്ഷത്തിന്റെ തികഞ്ഞ ഒരു പ്രതിരൂപമാണ്. പോകുന്ന വഴിയില്‍ കാന്‍ഡലയെക്കുറിച്ച് പല വിവരങ്ങളും ഞങ്ങള്‍ ശേഖരിച്ചു. മഴ ശക്തിപ്പെട്ടാല്‍ ഈ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാറാണ് പതിവ്. അത്രക്ക് ശോചനീയമാണ് റോഡുകള്‍. ആ റോഡിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഫെവികോള്‍ പരസ്യത്തില്‍ ആളുകളെയും വഹിച്ച് ഗ്രാമത്തിലൂടെ വരുന്ന ഒരു ട്രക്കാണ് മനസ്സില്‍ മിന്നിമാഞ്ഞത്. കാലത്ത് തുടങ്ങുന്ന ബസ് സര്‍വീസുകളില്‍ പകുതിയിലധികവും ഉച്ചയോടെ സര്‍വീസ് അവസാനിപ്പിക്കാറാണ് പതിവ്.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു ശാമ്‌ലി. 2011-ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശാമ്‌ലിയെ ജില്ലയായി പ്രഖ്യാപിച്ചു. ശാമ്‌ലി ജില്ലയിലെ പ്രധാന പ്രദേശമാണ് കാന്‍ഡല. മുസഫര്‍ നഗര്‍ നമ്മളാരും മറന്നു കാണില്ല. അവിടെ നടന്ന വര്‍ഗീയ കലാപം ഇന്നും പഴുപ്പുമാറാത്ത മുറിവായി ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ നീറി നില്‍ക്കുന്നു. കലാപങ്ങള്‍ ഇന്ത്യയിലെ അധികാരത്തിന്റെ അലങ്കാരങ്ങളായി ഭരണവര്‍ഗങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. വര്‍ഗീയ കലാപങ്ങളുടെ മേമ്പൊടി പൂശാത്ത ഏത് അധികാര ശക്തിയാണ് ഇന്ത്യയിലുള്ളത് എന്ന് ചോദിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സ്ഥലകാല - ഭാഷ - വേഷ ഭേദമന്യേ ഏതൊരു വിഭാഗത്തിനും നിശ്ശേഷം നടത്താവുന്ന ഒരു 'ആഘോഷമായി' ഉത്തരേന്ത്യയില്‍ കലാപങ്ങള്‍ മാറിക്കഴിഞ്ഞു.

ഇന്ത്യയിലെ ചമ്പല്‍ക്കാടുകളിലെ അക്രമി സംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഗുണ്ടാ വിളയാട്ടം. ഗ്രാമപ്രദേശങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം. അതുകൊണ്ടാണ് മൂന്ന് മണിക്ക് മുമ്പേ കാന്‍ഡലയില്‍ എത്തിച്ചേരണം എന്ന് വിനീതനായ ഒരു സഹയാത്രികന്‍ ഞങ്ങളെ ഉപദേശിച്ചത്. ഈ നാട്ടിലൊരു സര്‍ക്കാറില്ലേ എന്ന് അറിയാതെ ചോദിച്ചുപോയ സന്ദര്‍ഭം. ഇതെല്ലാം ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങളാണ് എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ അല്‍പം ബുദ്ധിമുട്ടി. റോഡിലുള്ള ഗട്ടറുകളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നു. അതിലൂടെ വണ്ടി മുരണ്ടു നീങ്ങുമ്പോള്‍ ബസ്സിനുള്ളില്‍ നിന്ന് ചിരിയാരവങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. അവര്‍ക്ക് അതൊരു ആസ്വാദനമാണ്. അവിടത്തെ ആളുകള്‍ അതുമായി പൊരുത്തപ്പെട്ടുപോയിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ സ്വന്തത്തിലേക്ക് ഉള്‍വലിഞ്ഞുപോയിരിക്കുന്നു. ഏകാധിപത്യ ഭരണമോ മിലിട്ടറി ഭരണമോ ആയിരുന്നെങ്കില്‍ ജനാധിപത്യത്തെക്കാള്‍ നല്ലതാകുമായിരുന്നില്ലേ എന്ന് തോന്നിപ്പോയി. ഇരു വശങ്ങളിലും ഇടതിങ്ങി നില്‍ക്കുന്ന കരിമ്പിന്‍ തോട്ടങ്ങളും പച്ചപുതച്ച പാടശേഖരങ്ങളും ബസ് യാത്രയില്‍ ഞങ്ങള്‍ ആസ്വദിച്ച പ്രകൃതി സൗന്ദര്യങ്ങളായിരുന്നു.

കാന്‍ഡലയില്‍ വണ്ടിയിറങ്ങി. ദല്‍ഹിയിലനുഭവപ്പെട്ടതിനേക്കാള്‍ ശക്തമായ തണുപ്പും മഴയും. വിരലിലെണ്ണാവുന്ന കടകള്‍ മാത്രമേ ഞങ്ങള്‍ക്കവിടെ കാണാന്‍ കഴിഞ്ഞുള്ളൂ. ഗ്രാമവാസികളില്‍ ഭൂരിഭാഗവും കരിമ്പു വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. പ്രധാന വരുമാന മാര്‍ഗവും അതുതന്നെ. റിക്ഷയിലായിരുന്നു നൂറുല്‍ ഹസന്‍ റാശിദ് ഖാസിമിയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഈദ്ഗാഹ് മദ്‌റസ എന്ന സ്ഥലത്തേക്ക് പോയത്. ഗ്രാമത്തിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇനിയും എത്ര ദൂരം എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. ബസ് യാത്ര ഞങ്ങള്‍ക്ക് നല്‍കിയത് അത്ര 'നല്ല' അനുഭവങ്ങളായിരുന്നു. ശക്തമായ മഴ ആ ഗ്രാമത്തെ വൃത്തിഹീനമാക്കിയിരിക്കുന്നു.

ഈദ്ഗാഹ് മദ്‌റസ- ഗ്രാമത്തില്‍ അറിയപ്പെടുന്നതും പ്രധാനപ്പെട്ടതുമായ പ്രദേശം. നൂറുല്‍ ഹസന്‍ റാശിദ് കാന്‍ഡലവിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ ഒരു പൊതുപരിപാടി (ജല്‍സ) നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈദ്ഗാഹുകള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതിയ കാര്യമൊന്നുമല്ല. പള്ളിയോട് ചേര്‍ത്ത് ഈദുഗാഹുകള്‍ ഉത്തരേന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും കാണുക പ്രയാസമായിരിക്കും.

ഹിന്ദിയിലും ഉര്‍ദുവിലും എഴുതിയ ബാനറുകളില്‍ നിന്ന് അവിടെ നടക്കുന്ന ജല്‍സയുടെ മര്‍മം ഞങ്ങള്‍ക്ക് മനസ്സിലായി. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം സഹോദരന്മാരുടെയും മറ്റു വ്യത്യസ്ത മത രാഷ്ട്രീയ സാമൂഹിക തലങ്ങളില്‍ നിന്നുള്ള ആളുകളുടെയും ഒരു കൂടിച്ചേരലായിരുന്നു ആ പരിപാടി. സ്വന്തം നാടിന്റെ പുരോഗതിക്ക് വേണ്ടി മുസ്്‌ലിം - ഹിന്ദു സഹോദരന്മാര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആ പരിപാടി ഉണര്‍ത്തുന്നുണ്ടായിരുന്നു.

ആ പരിപാടിക്ക് നേതൃത്വം നല്‍കിയതും അതിലെ മുഖ്യ പ്രഭാഷകനും നൂറുല്‍ ഹസന്‍ റാശിദ് കാന്‍ഡലവി എന്ന പണ്ഡിതന്‍ തന്നെ. വ്യത്യസ്ത മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ വ്യക്തികള്‍ ആ പള്ളിയില്‍ ഒരുമിച്ചുകൂടിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഒരുപിടി നല്ല പണ്ഡിതന്മാരെ സമൂഹത്തിന് സമര്‍പ്പിച്ച ചരിത്ര പാരമ്പര്യമുള്ള സ്ഥലമാണ് കാന്‍ഡല എന്ന് അറിയാന്‍ പരിപാടി ഞങ്ങളെ സഹായിച്ചു.

മുഹമ്മദ് സകരിയ്യ കാന്‍ഡലവി, മുഹമ്മദ് യൂസുഫ് കാന്‍ഡലവി, മുഹമ്മദ് ഇല്‍യാസ് കാന്‍ഡലവി, ഹബീബുര്‍റഹ്്മാന്‍ കാന്‍ഡലവി, മൗലാനാ സാദ് സാഹിബ് കാന്‍ഡലവി, ഇനാമുല്‍ ഹസന്‍ കാന്‍ഡലവി തുടങ്ങി ഒരുപാട് പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കാന്‍ഡല. ചരിത്രത്തില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടില്ലാത്തവര്‍ വേറെയും ഒരുപാട് പേര്‍. ഇവരിലെ പ്രമുഖ പണ്ഡിതനായിരുന്നു മുഹമ്മദ് സകരിയ്യ കാന്‍ഡലവി. അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് വേറെ തന്നെ പഠിക്കേണ്ടതാണെന്ന് പറയേണ്ടിവരും. ഔജസുല്‍ മസാലിക് ഇലാ മുവത്വഅ് മാലിക്, അല്‍ അബ്‌വാബു വത്തറാജും ലി സ്വഹീഹില്‍ ബുഖാരി ഇതെല്ലാം അദ്ദേഹത്തിന്റെ അറബി ഭാഷാ  കൃതികളാണ്. ഫദാഇലുല്‍ ഖുര്‍ആന്‍ (virtues of the Quran) ആണ് ഉര്‍ദു ഗ്രന്ഥങ്ങളിലെ പ്രധാനപ്പെട്ടത്. പതിനൊന്ന് ഭാഷകളിലേക്കാണ് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഇമാം അഹ്മദുബ്‌നു മുഹമ്മദ് അത്ത്വഹാവിയുടെ പ്രധാന പുസ്തകമായ മആനി അല്‍ ആസാറിന്റെ വ്യാഖ്യാനം എഴുതിയതും കാന്‍ഡല എന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്ന മുഹമ്മദ് യൂസുഫ് കാന്‍ഡലവിയാണ്. അമാനി അല്‍ അഹ്ബാര്‍ ഫീ ഹല്ലി ശറഹി മആനി അല്‍ ആസാര്‍ എന്നാണ് വ്യാഖ്യാന കൃതിയുടെ പേര്.

ഇസ്മാഈല്‍ കാന്‍ഡലവി ദഹ്‌ലവി, കാന്‍ഡലവിയില്‍ നിന്നുള്ള പണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ്. കാരണം തബ്്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകനെന്ന നിലയില്‍ പ്രസിദ്ധനാണിദ്ദേഹം. കാന്‍ഡല എന്ന ഗ്രാമത്തെ പഠിക്കുന്നവര്‍ക്ക് ഇദ്ദേഹമടക്കമുള്ള പണ്ഡിതന്മാരെ അനുസ്മരിക്കാതെ മുന്നോട്ടു പോവുക വയ്യ. ഒരു നാടിന്റെ അല്ലെങ്കില്‍ ഒരു നാഗരികതയുടെ നിലനില്‍പിന് വൈജ്ഞാനികവും സാംസ്‌കാരികവുമായ അവബോധം നല്‍കിയ മഹാരഥന്മാരാണ് ഈ പണ്ഡിത സമൂഹം. ഇന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. കലാപങ്ങളും രാഷ്ട്രീയ അക്രമ പരമ്പരകളും, ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരതയെ കുറച്ചൊന്നുമല്ല ബാധിച്ചത്.

ഉര്‍ദു ഭാഷയുടെ സൗന്ദര്യം ഒട്ടും ചോരാതെ സംസാരിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന പണ്ഡിതന്മാരെ നമുക്കവിടെ കാണാം. ഇന്ത്യയിലെ മറ്റേത് ഭാഷകളെക്കാളും ഉര്‍ദു ഭാഷ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വൈജ്ഞാനിക ബോധത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കാനും കഴിഞ്ഞു. അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ പൊതുവെ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ലഹരിയാണെങ്കിലും ഇഖ്ബാലിയാത്തുകളെ ഇത്രയധികം നെഞ്ചോട് ചേര്‍ത്ത ഒരു ഗ്രാമത്തെയും പണ്ഡിതരെയും കാണുക വിരളം. അവരുടെ രചനകളിലും സംസാരങ്ങളില്‍ പോലും നമുക്കതനുഭവിക്കാന്‍ കഴിയും. അറുപത് വയസ്സിനടുത്ത് പ്രായം വരുന്ന ഇസ്മാഈല്‍ കാന്‍ഡലവി സ്വന്തം ആരോഗ്യ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് കാര്യങ്ങള്‍ എത്ര വൃത്തിയോടെയാണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു.

പരിപാടി കഴിഞ്ഞതിനു ശേഷം അദ്ദേഹം തന്റെ വീട്ടിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഉത്തരേന്ത്യയില്‍ പൊതുവെ അതിഥികള്‍ക്ക് കൊടുക്കുന്ന പ്രാധാന്യവും ബഹുമാനവും എത്രത്തോളമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. ഏറ്റവും മാന്യമായും സന്തോഷത്തോടു കൂടിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. കേരളത്തിലെ പി.കെ കുട്ടിയെ (കുഞ്ഞാലിക്കുട്ടി) അദ്ദേഹം അറിയുമെന്ന് പറഞ്ഞു. ഉമ്മന്‍ ചാണ്ടി എന്ന് ഉച്ചരിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചലനങ്ങളെ വീക്ഷിക്കുന്ന ആളാണദ്ദേഹമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഞങ്ങളോട് പങ്കുവെക്കുകയും ചെയ്തു. കേരളത്തെക്കുറിച്ചറിയാനും സംസാരിക്കാനുമുള്ള താല്‍പര്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

രാത്രി ഏറെ വൈകിയതിനാല്‍ അവിടെ തങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. ജനിച്ചുവളര്‍ന്ന നാടിന്റെ ദുരവസ്ഥ ഞങ്ങളോട് പറയാനുള്ള ലജ്ജ അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. പിറ്റേന്ന് രാവിലെ മടങ്ങിക്കൊള്ളാന്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. സ്വന്തം ജീവനെക്കുറിച്ച് ഭയമില്ലാത്തവരായി ആരുമില്ല, ഞങ്ങള്‍ അന്ന് രാത്രി അവിടെ തങ്ങി. ആ ഗ്രാമത്തിലെ ഇരുട്ടിന് ഇന്നും ചോരയുടെ മണമുണ്ട്.

ഞങ്ങളെ അത്ഭുതപ്പെടുത്തിയ മറ്റൊരു പ്രധാന കാര്യം, അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് പഠിക്കുകയും സേവനം നടത്തുകയും ചെയ്യുന്ന പെണ്‍കുട്ടികളാണ്. ആറ്/ഏഴ് വയസ്സുകാരായ കൊച്ചു മക്കനയിട്ട മിടുക്കി കുട്ടികള്‍. അവരെങ്ങനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി? അധികം തല പുകക്കേണ്ടിവന്നില്ല. ഈ കുട്ടികളുടെ മാതാപിതാക്കള്‍ അവിടെ നിര്‍ത്തിയിട്ട് പോയതാണ്. സ്‌കൂള്‍, മദ്‌റസ, ഹോസ്റ്റല്‍, വീട് എല്ലാം അവര്‍ക്കദ്ദേഹത്തിന്റെ വീടാണ്. അവരാണ് അതിഥികള്‍ക്കുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതും. പെണ്‍കുട്ടികള്‍ വലുതായതിനു ശേഷം ഇദ്ദേഹം തന്നെ അവരെ വിവാഹം കഴിച്ചയക്കുകയും ചെയ്യും. സ്വന്തം വീട്ടിലെ പ്രയാസങ്ങളും ദുരിതങ്ങളുമാണ് ഈ കൊച്ചു മക്കളെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. ഉത്തരേന്ത്യയിലെ ഒരു രീതിയാണിതെന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് മതിപ്പ് വര്‍ധിച്ചു. അവരവരുടെ സുഖങ്ങള്‍ മാത്രം അന്വേഷിച്ചു നടക്കുന്ന ഈ കാലത്ത് പ്രായോഗിക ഇസ്‌ലാമിന്റെ മറുവശമാണല്ലോ അദ്ദേഹം നമ്മുടെ മുന്നില്‍ തുറന്നുകാണിക്കുന്നത്.

റിക്ഷയോടിക്കുന്ന ആറ് വയസ്സുള്ള ഒരാണ്‍കുട്ടി. ആ ഗ്രാമത്തില്‍ ഇവനെപ്പോലെ ഒരുപാട് കുട്ടികള്‍ 'കുടുംബനാഥ'ന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉത്തരേന്ത്യയില്‍ കുട്ടികള്‍ റിക്ഷയോടിക്കുമെങ്കിലും ഇത്രയും ചെറുപ്പത്തില്‍ 'കുടുംബനാഥ'ന്മാരായവര്‍ ഈ ഗ്രാമ പ്രദേശങ്ങളിലേ ഉണ്ടാവൂ. ഭയം മൂലം കുട്ടികളെ പുറത്ത് വിടാനാവാത്തതും ആ നാടിന്റെ ദുരവസ്ഥയാണ്.

ഫോട്ടോസ്റ്റാറ്റ് എവിടെ നിന്നെടുക്കും എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ലഭിച്ച ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു. ഏതോ വലിയ സംഗതിയെക്കുറിച്ച് പറയുന്നത് പോലെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ആ സഹോദരന്‍. ആ ഗ്രാമത്തിലൊരു ഫോട്ടോസ്റ്റാറ്റ് കട ഇല്ല എന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസ്സിലായി.

ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനെ പറ്റി പറയാതെ ഗ്രാമത്തെക്കുറിച്ച വിവരണം പൂര്‍ത്തിയാവില്ല. ഗ്രാമത്തിലേക്ക് വന്നുപോയിക്കൊണ്ടിരിക്കുന്ന ട്രെയിനുകളില്‍ അധികവും പാസഞ്ചര്‍ വണ്ടികളാണ്. കുറച്ചകലെയാണ് റെയില്‍വേ സ്റ്റേഷന്‍. കൃത്യസമയത്തേക്കാളും അര മണിക്കൂറെങ്കിലും വൈകിയേ ട്രെയിന്‍ സ്റ്റേഷനില്‍ എത്താറുള്ളൂ. ഗ്രാമത്തിലെ ഏറ്റവും വലിയ കെട്ടിടവും  ആ റെയില്‍വേ സ്റ്റേഷന്‍ തന്നെ. പുറംലോകവുമായി അവരെ ബന്ധപ്പെടുത്തുന്ന പ്രധാന കണ്ണി. അത് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഏറ്റവും മഹത്തരവും എടുത്തു പറയത്തക്കതുമായ 'സേവന'മാണ്.

ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എന്ന പണ്ഡിതനെ പഠിച്ചുകൊണ്ടിരിക്കുന്ന പണ്ഡിത കൂട്ടമുണ്ടിവിടെ. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എന്ന നവോത്ഥാന നായകനെ അടുത്തറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് കാന്‍ഡല ഒരു തുറന്ന പുസ്തകമാണ്. അത്രയധികം ആ ഗ്രാമത്തിലെ മുസ്‌ലിം പണ്ഡിത സമൂഹം അദ്ദേഹത്തെ പഠിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ ഹൃദയഭാഗമായ ദല്‍ഹിയില്‍ നിന്ന് വെറും മൂന്ന് മണിക്കൂര്‍ കൊണ്ടെത്താവുന്ന- ഏകദേശം 100 കിലോമീറ്റര്‍ മാത്രം ദൂരമുള്ള- കാന്‍ഡല എന്ന ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇത്രയുമാണെങ്കില്‍ കുറച്ചുകൂടി മണിക്കൂറുകള്‍ ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ നമുക്ക് കാണാനായി ഒരുക്കിവെച്ച ഉത്തരേന്ത്യന്‍ ഗ്രാമദൃശ്യങ്ങളും അനുഭവങ്ങളും എന്തൊക്കെയായിരിക്കുമെന്ന് ഭാവനയില്‍ കാണുക പ്രയാസമായിരിക്കും.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്ത്യയുടെ ഭാഗം തന്നെയല്ലേ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മാറിവരുന്ന ഭരണവര്‍ഗത്തിന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ രാഷ്ട്രീയം കളിച്ചു പഠിക്കാനുള്ള കളരി മാത്രമാണ്. വികസനത്തെ നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുന്ന ബുദ്ധിജീവികള്‍ക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ നല്‍കുന്നത് നിര്‍വചനത്തിന്റെ പുതിയ അധ്യായങ്ങളായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍