Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

ഒരുകാലത്തും മെച്ചപ്പെടാത്ത ഉഭയകക്ഷി ബന്ധങ്ങള്‍

         പാകിസ്താന്‍ സൈന്യം തലയറുത്ത് കൊന്ന ഇന്ത്യന്‍ ജവാന്റെ ശിരസ്സ് തിരിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് മറുപക്ഷത്ത് നിന്ന് പത്ത് തലകളെങ്കിലും കൊണ്ടുവരേണ്ടി വരും-2013ല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ് നടത്തിയതാണ് ഈ പ്രസ്താവന. പാക് സൈനികര്‍ അതിര്‍ത്തി നുഴഞ്ഞ് കയറി രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുകയും ഒരാളുടെ ശിരസ്സ് അറുത്തെടുത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു. അതിനെക്കുറിച്ചായിരുന്നു സുഷമയുടെ പ്രതികരണം. ഇന്ത്യന്‍ സൈനികരെ വകവരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തത് കേന്ദ്രത്തിലെ യു.പി.എ ഗവണ്‍മെന്റ് അത്രമേല്‍ ദുര്‍ബലമായത് കൊണ്ടാണെന്നും അവര്‍ ആരോപിച്ചു. അന്ന് ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു; കോണ്‍ഗ്രസ് ഭരണപക്ഷത്തും. ഇപ്പോള്‍ മറിച്ചാണ് സ്ഥിതി. ബി.ജെ.പി ഭരണപക്ഷത്ത്, കോണ്‍ഗ്രസ് പ്രതിപക്ഷത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ മോസ്‌കോ സന്ദര്‍ശിക്കുന്നു, പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുന്നു, സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തീരുമാനമാകുന്നു. അപ്പോഴാണ് പാക് സൈനികരുടെ വെടിയേറ്റ് ഇന്ത്യന്‍ ജവാന്മാര്‍ വീണ്ടും കൊല്ലപ്പെടുന്നത്. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു: ''കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പാക് സൈനികരുടെ വെടിയേറ്റ് നമ്മുടെ രണ്ട് ജവാന്മാരാണ് മരിച്ചുവീണത്. പാകിസ്താനുമായി സംസാരിക്കാന്‍ ഇത്രയധികം ധൃതി എന്തിന് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.'' പ്രതിപക്ഷത്താണ് ഇരിക്കുന്നതെങ്കില്‍ ബി.ജെ.പി പറയുമായിരുന്ന അതേ വാക്കുകള്‍!

എത്രയോ കാലമായി നടന്നുവരുന്ന നാടകമാണിത്. കേന്ദ്രത്തില്‍ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും പാകിസ്താനുമായി അവര്‍ നടത്താന്‍ പോകുന്ന ചര്‍ച്ചകളെ പ്രതിപക്ഷത്തിരിക്കുന്നവര്‍ രൂക്ഷമായി എതിര്‍ക്കും. എതിര്‍പ്പിന്റെ സ്വരം പോലും ഒരുപോലെയായിരിക്കും. പാകിസ്താനുമായി നടത്തുന്ന എന്ത് ഇടപാടും രാഷ്ട്രീയ മുതലെടുപ്പിന് നല്ല സാധ്യതയുള്ളതായതിനാല്‍ ഭരണപക്ഷത്തെ കുരുക്കിലാക്കുക എന്നത് മാത്രമായിരിക്കും പ്രതിപക്ഷത്തിന്റെ തന്ത്രം. ഭരണപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതും ചെയ്തതുമൊന്നും അവര്‍ ഓര്‍ക്കുകയില്ല. പാകിസ്താന്‍ രാഷ്ട്രീയത്തില്‍ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാണ്. ഇവിടെ പ്രതിപക്ഷ കക്ഷികളെ പേടിച്ചാല്‍ മതി. അവിടെ പ്രതിപക്ഷത്തിന് പുറമെ സൈന്യത്തെയും തീവ്രവാദി ഗ്രൂപ്പുകളെയും പേടിക്കണം. ഇന്ത്യ-പാകിസ്താന്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ഒട്ടും മെച്ചപ്പെടാതിരിക്കാനും പലപ്പോഴും സംഘര്‍ഷത്തിലേക്ക് വഴുതിവീഴാനും ഒരു പ്രധാന കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായ നിലപാടുകളില്ലാതെ തീര്‍ത്തും വൈകാരികമായി പ്രതികരിക്കുന്നു എന്നതാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാതിരിക്കാന്‍ തീവ്രവാദവും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. സെക്രട്ടറിതല ചര്‍ച്ച നടക്കാന്‍ പോകുന്നു എന്ന സൂചന കിട്ടിയാല്‍ മതി, പിറ്റേന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ എവിടെയെങ്കിലും വെടിപൊട്ടിച്ചിരിക്കും. അല്ലെങ്കില്‍ തീവ്രവാദി ആക്രമണം നടന്നിരിക്കും. മന്ത്രിതലത്തിലും അതിന് മുകളിലുമുള്ള ചര്‍ച്ചകള്‍ അതോടെ വഴിമുട്ടും. കഴിഞ്ഞ ജൂലൈ അവസാന വാരത്തില്‍ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ മൂന്നു തോക്കുധാരികള്‍ നടത്തിയ ആക്രമണവും ഇത്തരം സമാധാന ചര്‍ച്ചകള്‍ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെ കാണണം. പോലീസ് സ്റ്റേഷനായിരുന്നു തീവ്രവാദികളുടെ ഉന്നം. നാല് പോലീസുകാരും മൂന്ന് സിവിലിയന്മാരും കൊല്ലപ്പെട്ടു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഓപറേഷനില്‍ തീവ്രവാദികളും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇന്റലിജന്‍സിന്റെ പിടിപ്പുകേടുകൊണ്ടാണ് ആക്രമണം നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചതോടെ ബി.ജെ.പി പ്രതിരോധത്തിലായി. ഇസ്‌ലാമാബാദില്‍ നിശ്ചയിച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികള്‍ക്കും വേണ്ടിയിരുന്നത് അതാണല്ലോ. 

അടുത്ത കാലത്തായി പാക് തീവ്രവാദി സംഘടനകള്‍ കൗമാരക്കാരായ ചാവേറുകളെ അതിര്‍ത്തി കടത്തിവിടുന്നുണ്ട്. രക്തസാക്ഷ്യത്വത്തെക്കുറിച്ച് വികലധാരണകള്‍ സൃഷ്ടിച്ച് ബ്രെയ്ന്‍ വാഷ് ചെയ്താണ് ചാവേറുകളെ അയക്കുന്നത്. ഇത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും. ഇത്തരം തീവ്രവാദി ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ പാക് ഗവണ്‍മെന്റിന് കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതിര്‍ത്തിയില്‍ വെടിപൊട്ടുന്നത് തടയാനും നവാസ് ശരീഫ് ഗവണ്‍മെന്റിന് കഴിയില്ല. കാരണം സൈന്യത്തിന്റെ ദയാദാക്ഷിണ്യത്തിലാണ് ഇപ്പോഴും അവിടത്തെ ജനാധിപത്യവും സിവില്‍ ഭരണവുമൊക്കെ. കുറേക്കൂടി ക്രിയാത്മകമായ ചുവടുവെപ്പുകള്‍ നടത്താന്‍ കഴിയുക ഇന്ത്യക്കാണ്. അതിന് ആദ്യം വേണ്ടത്, പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷം അതിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാതിരിക്കുക എന്നതാണ്. അല്ലാത്ത പക്ഷം, തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇരു രാജ്യങ്ങളിലുമായി ജീവിക്കേണ്ടി വന്ന ബന്ധുക്കളെ കാണാന്‍ അവസരമൊരുക്കുന്ന ഇന്ത്യ-പാക് ബസ് സര്‍വീസ് വരെ നിര്‍ത്തലാക്കേണ്ടിവന്നേക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍