Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 28

ഡോ. വഹബ സുഹൈലി സമകാലിക ഇസ്‌ലാമിക നിയമ ധിഷണ

വി.എ കബീര്‍ /കവര്‍‌സ്റ്റോറി

         ഇക്കഴിഞ്ഞ ആഗസ്റ്റ് 9-ന് ഒരു മഹാ പണ്ഡിതന്‍ മുസ്‌ലിം ലോകത്തിന് നഷ്ടമായി. സിറിയക്കാരനായ ഡോ. വഹബ സുഹൈലി. 2013-ല്‍ കൊല്ലപ്പെട്ട ഡോ. സഈദ് റമദാന്‍ ബൂത്വിക്ക് ശേഷം സിറിയക്ക് നഷ്ടപ്പെടുന്ന രണ്ടാമത്തെ പണ്ഡിത പ്രതിഭ. വിഭാഗീയ ചിന്തകള്‍ക്കതീതമായ നിലപാടുള്ള സുന്നി പണ്ഡിതനായിരുന്നു ബൂത്വി. സലഫിസത്തെക്കുറിച്ച് അദ്ദേഹം എഴുതിയ കൃതിയിലെ മിതവാദപരമായ സമീപനം ഇസ്‌ലാമിക എഴുത്തുകാരനായ ഫഹ്മീ ഹുവൈദിയുടെ പ്രശംസക്ക് പാത്രമായിരുന്നു. ഹാഫിസ് അസദിന്റെ കാലത്ത് സിറിയയിലെ ഗ്രാന്റ് മുഫ്തിയായിരുന്ന അഹ്മദ് കഫ്താരുവിനെ പോലെ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിരുന്നു ബൂത്വിയും. സുന്നീ പണ്ഡിതനായിട്ടും ബശ്ശാര്‍ അസദിന്റെ അലവി ശീഈ ഭരണകൂടത്തിനെതിരെ അറബ് വസന്തകാലത്ത് നടന്ന പ്രക്ഷോഭങ്ങളെ ബൂത്വി അനുകൂലിച്ചില്ല. വിഭാഗീയതക്ക് വശപ്പെടാത്ത അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് നിദര്‍ശനമായി അത് ചൂണ്ടിക്കാണിക്കപ്പെടാമെങ്കിലും സ്ഥാപിത ഭരണകൂടത്തെ അട്ടിമറിക്കാന്‍ പാടില്ലെന്ന സുന്നീ പാരമ്പര്യം തന്നെയായിരുന്നു അതിന്റെ അടിസ്ഥാനം. ഇവിടെ ഭരണകൂടം ശീഈ വിഭാഗമായത് യാദൃഛികം മാത്രം. ഭരണകൂടത്തിന്റെ ആക്രാമിക സ്വഭാവം ഈ പാരമ്പര്യ വീക്ഷണത്തില്‍ പരിഗണനീയ ഘടകമല്ല. ഭരണകൂടം ശീഈയോ സുന്നിയോ എന്ന വിഭാഗീയ പ്രശ്‌നത്തിനും ഇവിടെ പ്രസക്തിയില്ല. ഭരണകൂടത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നല്ലാതെ ഭരണകൂടത്തിന് വേണ്ടി ആയുധമേന്തിയ പോരാളിയായിരുന്നില്ല അദ്ദേഹം. അതിനാല്‍ നിരായുധനായ അദ്ദേഹത്തെ വധിച്ച ഭരണകൂട വിരുദ്ധ ശക്തികളുടെ നടപടി സാധൂകരണമര്‍ഹിക്കുന്നില്ല. പ്രതിപക്ഷ വിപ്ലവകാരികളുടെ അവിവേകത്തിന്റെ ഇരയായിരുന്നു ബൂത്വി.

ഡോ. വഹബ സുഹൈലിയുടെ നിലപാട്  ഈ വിഷയത്തില്‍ സഈദ് റമദാന്‍ ബൂത്വിയുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അദ്ദേഹം ഭരണകൂടത്തിനു വേണ്ടി വക്കാലത്ത് ഏറ്റെടുത്തില്ല. സിറിയയിലെ ഖുര്‍ആന്‍ പാരായണ വിദഗ്ധരുടെ ശൈഖായ കരീം റാജിഹിനെ പോലെ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു അവരുടെ പക്ഷവും ചേര്‍ന്നില്ല. ശൈഖ് വഹബ സുഹൈലി പരസ്യമായി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയുണ്ടായില്ല. എങ്കിലും 2013-ല്‍ ഈജിപ്തിലെ മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി (മെന) അദ്ദേഹത്തിന്റെ ഒരു പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയന്‍ പ്രക്ഷോഭത്തില്‍ നിന്ന് അകന്നു നില്‍ക്കാനും സിറിയന്‍ രാഷ്ട്രീയത്തില്‍ മൗനം ദീക്ഷിക്കാനുമുള്ള കാരണം അദ്ദേഹമതില്‍ വ്യക്തമാക്കുന്നുണ്ട്: ''സിറിയക്കാരെ പീഡിപ്പിക്കുന്ന ഭരണകൂടത്തെ അനുകൂലിക്കുന്നവരും സ്വന്തം നിലപാടില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ മര്‍ദനങ്ങള്‍ക്കും കൊലക്കും വേട്ടയാടലിനും ഇരയായിക്കൊണ്ടിരിക്കുന്നവരുമായി വിഭജിക്കപ്പെട്ടിരിക്കുകയാണ് ജനത.'' സ്ഥിതിഗതികള്‍ ഇത്തരമൊരു പതനത്തിലെത്തിയതില്‍ തന്റെ അഗാധമായ വേദന പ്രകടിപ്പിക്കുകയുണ്ടായി ഈ പ്രസ്താവനയില്‍ അദ്ദേഹം. ഒപ്പം ഒരു കാര്യം ഊന്നിപ്പറയാനും അദ്ദേഹം മടിച്ചില്ല: ''എന്തു തന്നെയായാലും ഞാന്‍ സിറിയ വിട്ടുപോകുന്ന പ്രശ്‌നമില്ല. ഇവിടെ തന്നെ നിന്ന് മതപരവും വൈജ്ഞാനികവുമായ ബാധ്യത നിര്‍വഹിക്കാനാണ് എന്റെ ഉറച്ച തീരുമാനം''- അദ്ദേഹം പറഞ്ഞു. സിറിയന്‍ ജനതക്ക് അവരുടെ സ്വാതന്ത്ര്യം സാക്ഷാത്കൃതമാകുന്നത് വരെ സമുദായത്തിലെ പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും പിന്തുണ തുടരേണ്ട ആവശ്യകതയും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി.

രാഷ്ട്രീയത്തിലുപരി വൈജ്ഞാനിക ലോകമായിരുന്നു ഡോ. സുഹൈലിയുടെ വിഹാര രംഗം. വ്യത്യസ്ത അറബ് ദേശങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ അധ്യാപനവൃത്തിയിലും, വിശ്രമ വേളകളില്‍ ഗ്രന്ഥരചനയിലും മുഴുകിയാണ് അദ്ദേഹം ജീവിതത്തിന്റെ ഗണ്യമായൊരു ഭാഗം കഴിച്ചുകൂട്ടിയത്. ഇസ്‌ലാമിക നിയമമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം. ഈ ലേഖകന്‍ ഡോ. വഹബ സുഹൈലിയെ ആദ്യമായി വായിക്കുന്നത് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍നിര പ്രവര്‍ത്തകനും ഹസനുല്‍ ബന്നായുടെ പുത്രീ ഭര്‍ത്താവുമായ ഡോ. സഈദ് റമദാന്റെ അല്‍മുസ്‌ലിമൂന്‍ അറബി മാസികയിലാണ്. ജനീവയിലെ ഇസ്‌ലാമിക് സെന്ററില്‍ നിന്നായിരുന്നു അല്‍ മുസ്‌ലിമൂന്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നത്. കേണല്‍ നാസിര്‍ ലക്ഷത്തിലേറെ പൗണ്ട് തലക്ക് വിലയിട്ട റമദാന്‍ ജനീവയില്‍ അഭയാര്‍ഥിയായിരുന്നു അന്ന്. കുറച്ച് പേജുകള്‍ ഇംഗ്ലീഷിനും ഫ്രഞ്ചിനും നീക്കിവെച്ച അല്‍ മുസ്‌ലിമൂന്‍ ഈടുറ്റ ലേഖനങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന പ്രൗഢ മാസികയായിരുന്നു.

ജനനവും വിദ്യാഭ്യാസവും

സിറിയയിലെ 'ദീര്‍ അത്വിയ്യ' നഗരത്തില്‍ 1932-ലാണ് സുഹൈലിയുടെ ജനനം. വ്യാപാരിയും കര്‍ഷകനുമായ മുസ്ത്വഫയാണ് പിതാവ്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഭക്തനായിരുന്നു അദ്ദേഹം. എല്ലാ ഈരണ്ട് ദിവസങ്ങളിലും ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്തിരുന്ന, സദാ ദിക്‌റുകളും തസ്ബീഹുകളുമായി കഴിയുന്ന പിതാവിന്റെ ചിത്രം ഒരു അഭിമുഖത്തില്‍ സുഹൈലി ഓര്‍ക്കുന്നുണ്ട്. അസ്ഹറില്‍ പഠിച്ചശൈഖ് അബ്ദുല്‍ ഖാദിര്‍ ഖസ്സാബിന്റെ ശിഷ്യനായിരുന്നു പിതാവ്. ദീര്‍ അത്വിയ്യയിലും പരിസര പ്രദേശങ്ങളിലും മതബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു അദ്ദേഹത്തിന്.

1952-ല്‍ ശരീഅ വിഷയത്തില്‍ ഒന്നാം റാങ്കോടെ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വഹബ സാഹിത്യ വിഷയത്തിലും പാസ്സാവുകയുണ്ടായി. പിന്നീട് 1956-ല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശരീഅ വിഷയത്തില്‍ തന്നെ ഒന്നാം റാങ്കോടെ ആലിയ ബിരുദം നേടി. തുടര്‍ന്ന് അധ്യാപക ബിരുദം കൂടി നേടിയ വഹബ അസ്ഹറിലെ അറബി ഭാഷാ ഫാക്കല്‍ട്ടിയില്‍ അധ്യാപകനായി ചേര്‍ന്നു. വിവിധ വിജ്ഞാനങ്ങളില്‍ തല്‍പരനായ അദ്ദേഹം അധ്യാപന  ജോലിയില്‍ ഒതുങ്ങിക്കൂടിയില്ല. അധ്യാപകനായിരിക്കെ തന്നെ അദ്ദേഹം പഠനവും തുടര്‍ന്നു. അങ്ങനെ 1957-ല്‍ ഐന്‍ ശംസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ലിസന്‍സെ ബിരുദവും 1959-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ലോ ഫാക്കല്‍ട്ടിയില്‍ നിന്ന് ശരീഅ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. 1963-ല്‍ ഇസ്‌ലാമിക ശരീഅയില്‍ പ്രഥമ ശ്രേഷ്ഠ പദവിയോടെ ഡോക്ടറേറ്റ് നേടി. തീസിസ് വിദേശ സര്‍വകലാശാലകളുമായി കൈമാറ്റം ചെയ്യാനുള്ള ശിപാര്‍ശയോടെയാണ് അംഗീകരിക്കപ്പെട്ടത്. 'ഇസ്‌ലാമിക നിയമത്തില്‍ യുദ്ധം ചെലുത്തിയ സ്വാധീനം' എന്നതായിരുന്നു ഡോക്‌റേറ്റിനുള്ള അദ്ദേഹത്തിന്റെ വിഷയം. ഈ വിഷയകമായുള്ള എട്ട് നിയമസരണി(മദ്ഹബ്)കളും അന്താരാഷ്ട്ര നിയമവും തമ്മിലുള്ള താരതമ്യ പഠനമാണത്. 1963-ല്‍ ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. 1969-ല്‍ അസി. പ്രഫസറും 1975-ല്‍ പ്രഫസറുമായി. ദിവസവും 16 മണിക്കൂര്‍ ജോലി ചെയ്ത അദ്ദേഹം ക്ലാസ്സുകളിലെ ലക്ചറുകള്‍ക്ക് പുറമെ പൊതു പ്രഭാഷണങ്ങളും നടത്തിപ്പോന്നു. ഒപ്പം ഗ്രന്ഥരചനക്കും സമയം കണ്ടെത്തി.

വിജ്ഞാന പാരംഗതന്‍

ഡോ. വഹബ സുഹൈലിയുടെ വിജ്ഞാന താല്‍പര്യം ഇസ്‌ലാമിക വിഷയങ്ങളില്‍ മാത്രം പരിമിതമായിരുന്നില്ല. ഇസ്‌ലാമിക വിജ്ഞാനീയത്തില്‍ തന്നെ വിവിധ ശാഖകള്‍ക്കൊപ്പം കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയ ഭൗതിക വിഷയങ്ങളിലേക്കും അദ്ദേഹത്തിന്റെ ജ്ഞാന പിപാസ വ്യാപരിച്ചു. അടിസ്ഥാനപരമായി നിയമവിശാരദനായിരുന്നെങ്കിലും ഫിഖ്ഹിനും ഉസ്വൂലുല്‍ ഫിഖ്ഹിനും പുറമെ ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഖുര്‍ആന്‍ പാരായണകല, സദാചാര ശാസ്ത്രം, വ്യാകരണം എന്നീ വിഷയങ്ങളിലും അഗാധ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. ശാഫിഈ, ഹനഫി, മാലികി, ഹമ്പലി തുടങ്ങിയ ഓരോ നിയമശാസ്ത്ര സരണിയിലും പ്രാവീണ്യം നേടിയവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്മാര്‍. ഈ ഗുരുവര്യന്മാരില്‍ അസ്ഹര്‍ റെക്ടറായിരുന്ന ശൈഖ് മഹ്മൂദ് ശല്‍ത്തൂത്ത്, ശൈഖ് മുഹമ്മദ് അബൂ സഹ്‌റ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ പാണ്ഡിത്യ ഗരിമയുടെ അടയാളമാകുന്നു.

അധ്യാപകന്‍

ഡോ. വഹബയുടെ പ്രധാന ദൗത്യം അദ്ദേഹം തന്നെ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയപോലെ അധ്യാപനമായിരുന്നു. ദമസ്‌കസ് യൂനിവേഴ്‌സിറ്റിക്ക് പുറമെ നിരവധി അറബ് രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളിലും അധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലിബിയ, സുഡാന്‍, യു.എ.ഇ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളില്‍ പഠിപ്പിച്ച അദ്ദേഹം ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു. വിദ്യാര്‍ഥികളുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. ഗവേഷക വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ഗൈഡായി അദ്ദേഹത്തെ കിട്ടണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അദ്ദേഹമാണ് ഗൈഡ് എന്ന് അറിഞ്ഞാല്‍ തന്നെ അതിന്റെ ആധികാരികത ഉറപ്പിക്കപ്പെടും എന്നതായിരുന്നു കാരണം. ഗവേഷണ വിഷയത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ വിഷയത്തിന്റെ ശീര്‍ഷകമോ യൂനിവേഴ്‌സിറ്റിയുടെ പേരോ പറയുന്നതിന് മുമ്പ് ഡോ. സുഹൈലിയായിരുന്നു തന്റെ ഗൈഡ് എന്നാണ് അക്കാദമിക ജീവിതത്തിലുടനീളം പറയാറുണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്‍ ഡോ. മുഹമ്മദ് ഹബശ് അനുസ്മരിക്കുന്നു. ഖര്‍ത്തൂമിലെ ഖുര്‍ആന്‍ യൂനിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റിന് പേര്‍ രജിസ്റ്റര്‍ ചെയ്ത ഹബശ് ഗൈഡായി തെരഞ്ഞെടുത്തത് ഡോ. വഹബയെയായിരുന്നു. തീസിസ് സമര്‍പ്പിച്ചപ്പോള്‍ ഡോ. വഹബ സുഹൈലി നേരിട്ട് സുഡാനിലെത്തി. സുഡാനിലെ യൂനിവേഴ്‌സിറ്റി വൃത്തങ്ങളെ അമ്പരിപ്പിച്ച സംഭവമായിരുന്നു അത്. കാരണം ദമസ്‌കസില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് അയച്ചാല്‍ മതിയായിരുന്നു അദ്ദേഹത്തിന്. പക്ഷേ വിശദമായ ചര്‍ച്ചക്കും ചോദ്യോത്തരങ്ങള്‍ക്കും ശേഷമാണ് നിബന്ധത്തിന് അദ്ദേഹം അംഗീകാരം നല്‍കിയത്. ചുട്ടുപൊള്ളുന്ന ആഗസ്റ്റ് മാസത്തില്‍ ഖര്‍ത്തൂം, കസ്‌ലാ, വദ് മദനീ തുടങ്ങി പലയിടങ്ങളിലും അന്ന് ഡോ. സുഹൈലിക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത് ഡോ. ഹബശ് ഓര്‍ക്കുന്നു. ഖുര്‍ആന്‍ യൂനിവേഴ്‌സിറ്റിയുടെ ചാന്‍സലറായ ഡോ. അഹ്മദ് ഉമര്‍ ഇമാമിന്റെ സഹകരണത്തോടെ ആഫ്രിക്കന്‍ വന്‍കരാ തലത്തില്‍ ഒരു ഇസ്‌ലാമിക ഫിഖ്ഹ് അക്കാദമി സ്ഥാപിക്കുന്നതിലാണ് ഡോ. സുഹൈലിയുടെ പര്യടനം കലാശിച്ചത്.

ലോക ഫിഖ്ഹ് വേദികളില്‍

അറബ്-മുസ്‌ലിം രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെട്ട 170-ല്‍ പരം അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സുകളില്‍ ഡോ. സുഹൈലി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മക്ക, ജിദ്ദ, സുദാന്‍, അമേരിക്ക, ഇന്ത്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ഫിഖ്ഹ് അക്കാദമികളില്‍ അംഗമായിരുന്നു അദ്ദേഹം. എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മജല്ലത്തുശ്ശരീഅ വല്‍ ഖാനൂന്‍ എന്ന മാഗസിന്റെ സ്ഥാപകന്‍ അദ്ദേഹമാണ്. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയിലെ ശരീഅ ഫാക്കല്‍റ്റി കരിക്കുലം പരിഷ്‌കരിക്കുന്നതില്‍ അദ്ദേഹം സക്രിയമായ പങ്കുവഹിക്കുകയുണ്ടായി. ദമസ്‌കസ് റേഡിയോവിലും ടി.വിയിലും ആഴ്ചതോറും പൊതു ജനങ്ങള്‍ക്കായി അദ്ദേഹം സ്ഥിരം പരിപാടികള്‍ നടത്താറുണ്ടായിരുന്നു. 1988-ല്‍ കുവൈത്ത് യൂനിവേഴ്‌സിറ്റിയുടെ മജല്ല അശ്ശരീഅ വദ്ദിറാസാത്തില്‍ ഇസ്‌ലാമിയ്യ എന്ന മാഗസിനുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

ഈടുറ്റ രചനകള്‍

ചെറുതും വലുതുമായി 75-ല്‍ പരം കൃതികളുടെ കര്‍ത്താവാണ് ഡോ. സുഹൈലി. 120 വാള്യങ്ങളിലായി 50,000 പേജുകളില്‍ പരന്ന് കിടക്കുന്നു അവ. ഒരു മനുഷ്യായുസ്സില്‍ സാധ്യമായതിനുമപ്പുറമാണ് ആ സംഭാവനകളെന്ന് അവയുടെ വിഷയ സ്വഭാവവും ഗവേഷണ പ്രാധാന്യവും കണക്കിലെടുത്താല്‍ മനസ്സിലാക്കാവുന്നതാണ്. 11 വാള്യങ്ങളുള്ള അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വഅദില്ലത്തുഹു (ഇസ്‌ലാമിക നിയമമീമാംസയും തെളിവുകളും), എട്ട് വാള്യങ്ങളുള്ള മൗസൂഅത്തുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി അല്‍ മുആസ്വറ (സമകാലിക ഇസ്‌ലാമിക നിയമ സര്‍വ വിജ്ഞാന കോശം), 14 വാള്യങ്ങളുള്ള അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വല്‍ ഖദായാ അല്‍ മുആസ്വറ (ഇസ്‌ലാമിക നിയമ വിജ്ഞാനവും സമകാലിക പ്രശ്‌നങ്ങളും) തുടങ്ങിയ വിജ്ഞാന കോശങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഒരു മനുഷ്യന്‍ ഒറ്റക്കാണ് ഇത്രയും കൃതികള്‍ പൂര്‍ത്തിയാക്കിയതെന്നോര്‍ക്കണം. കുവൈത്ത് സര്‍ക്കാറിന്റെ മുന്‍കൈയില്‍ പുറത്തിറങ്ങിയ ഫിഖ്ഹ് വിജ്ഞാന കോശം (അല്‍ ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ) പലരുടെയും കൂട്ടായ സംരംഭത്തിന്റെ ഫലമാണ്. അത് നാല് മദ്ഹബു(നിയമസരണി)കളിലൊതുങ്ങുന്നു. ഡോ. സുഹൈലിയുടെ വിജ്ഞാനകോശമാകട്ടെ ലുപ്ത പ്രചാരമായ ളാഹിരി മദ്ഹബടക്കം എട്ട് മദ്ഹബുകള്‍ ഉള്‍ക്കൊള്ളുന്നു. ഇസ്‌ലാമിക നിയമത്തിലും നിയമ നിദാന ശാസ്ത്രങ്ങളിലുമുള്ള വിസ്തൃത പഠനങ്ങള്‍ക്ക് പുറമെ അവയുടെ സംഗൃഹീതപ്പതിപ്പുകളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഹിവാറുന്‍ ഹൗല തജ്ദീദില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി (ഇസ്‌ലാമിക നിയമത്തിന്റെ നവീകരണം-ഒരു സംവാദം), അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി ഫീ ഉസ്‌ലൂബിഹില്‍ ജദീദ് (ഇസ്‌ലാമിക നിയമം പുതിയ ശൈലിയില്‍) തുടങ്ങി ഇസ്‌ലാമിക നിയമത്തില്‍ ഒട്ടനവധി രചനകള്‍ വേറെയും അദ്ദേഹത്തിനുണ്ട്. അംഗപരിമിതരുടെ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൃതിയാണ് അല്‍ ഇസ്‌ലാം വല്‍ ഇആഖ. അല്‍ ഇസ്തിന്‍സാഖ് ജദലുല്‍ ഇല്‍മി വദ്ദീനി വല്‍ അഖ്‌ലാഖ് ക്ലോണിംഗിന്റെ മതപരവും ശാസ്ത്രീയവും ധാര്‍മികവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.

ഇസ്‌ലാമിക നിയമത്തിന് പുറമെ ഖുര്‍ആന്‍ വ്യാഖ്യാനം, സാമ്പത്തിക ശാസ്ത്രം, ജീവചരിത്രം എന്നീ വിഷയങ്ങളിലും ഡോ. സുഹൈലിയുടെ സംഭാവനകള്‍ അമൂല്യങ്ങളാണ്. 1995-ല്‍ ഇസ്‌ലാമിക ലോകത്തിലെ അതിശ്രേഷ്ഠ കൃതിക്കുള്ള പുരസ്‌കാരം നേടിയ, 17 വാള്യങ്ങളുള്ള അത്തഫ്‌സീറുല്‍ മുനീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനം, സംഗൃഹീത ഖുര്‍ആന്‍ വ്യാഖ്യാനമായ അത്തഫ്‌സീറുല്‍ വജീസ്, മൂന്ന് വാള്യങ്ങളുള്ള അത്തഫ്‌സീറുല്‍ വസീത്വ്, അല്‍ മൗസൂഅത്തുല്‍ ഖുര്‍ആനിയ്യ അല്‍ മുയസ്സറ (ലളിത ഖുര്‍ആന്‍ വിജ്ഞാന കോശം) എന്നിവ ഖുര്‍ആന്‍ വിഷയകമായുള്ള അദ്ദേഹത്തിന്റെ സംഭാവനകളിലുള്‍പ്പെടുന്നു. അല്‍ മസ്വാരിഫുല്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക ബാങ്കുകള്‍), അല്‍ മുആമലാത്തുല്‍ മാലിയ്യ അല്‍ മുആസറ (സമകാലിക സാമ്പത്തിക ഇടപാടുകള്‍), അല്‍ ഇഖ്തിസാദുല്‍ ഇസ്‌ലാമി എന്നീ കൃതികള്‍ സാമ്പത്തിക വിഷയങ്ങളുടെ ഇസ്‌ലാമിക വീക്ഷണം അവതരിപ്പിക്കുന്നു. ശമാഇലുല്‍ മുസ്ത്വഫാ, അല്‍ ഇമാം അശ്ശാഫിഈ, അല്‍ മുജദ്ദിദു ജമാലുദ്ദീന്‍ അല്‍ അഫ്ഗാനി, ഉബാദത്ത്ബ്‌നു സാമിത്, ഉസാമ ഇബ്‌നു സൈദ്, സഈദ് ഇബ്‌നുല്‍ മുസയ്യബ്, ഉമര്‍ ഇബ്‌നു അബ്ദില്‍ അസീസ് എന്നിവ ജീവചരിത്ര കൃതികളില്‍ ഉള്‍പ്പെടുന്നു.

ഗവേഷണ പ്രധാനമായ കൃതികളുടെ രചനയില്‍ മുഴുകുമ്പോഴും സാധാരണ വായനക്കാരെ അദ്ദേഹം മറന്നില്ല. സംഗൃഹീത ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും പുതുതലമുറക്ക് വേണ്ടിയുള്ള ഹദീസുകളും (അല്‍ അഹാദീസുന്നബവിയ്യ ലിന്നാശിഅ), ലളിത മാലികി നിയമങ്ങള്‍ (അല്‍ഫിഖ്ഹുല്‍ മാലികി അല്‍ മുയസ്സര്‍) തുടങ്ങിയ കൃതികള്‍ ഈ ഇനത്തില്‍ വരുന്നവയാണ്. ഇതിനൊക്കെ പുറമെയാണ് ഇബ്‌നു ഖുദാമ, ഇബ്‌നു റജബ്, ബഗവി, നവവി, ശൗകാനി തുടങ്ങിയ പൂര്‍വിക പണ്ഡിതന്മാരുടെ രചനകള്‍ക്ക് അദ്ദേഹം നിര്‍വഹിച്ച പാഠ പരിശോധനയും ടിപ്പണികളും.

ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ടര്‍ക്കിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലേക്ക് ഡോ. സുഹൈലിയുടെ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായേണ പൊതു വായനയില്‍ കടന്നുവരാത്ത, അക്കാദമിക വൃത്തങ്ങളില്‍ മാത്രം താല്‍പര്യമുണര്‍ത്തുന്ന സുഹൈലിയുടെ കൃതികളുടെ പ്രസാധന സാഹസം ഏറ്റെടുത്ത അദ്‌നാന്‍ സാലിമിന്റെ പേര് കൂടി അനുസ്മരിക്കാതെ പരേതനെക്കുറിച്ചുള്ള അനുസ്മരണം പൂര്‍ത്തിയാവുകയില്ല. 2008-ല്‍ ഹിജ്‌റാബ്ദത്തോടനുബന്ധിച്ച് 'പുത്രജാ'യില്‍ മലേഷ്യന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച ആഘോഷത്തില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള പുരസ്‌കാരം നല്‍കിക്കൊണ്ട് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഡോ. സുഹൈലി കേരളം സന്ദര്‍ശിച്ച വിവരം എത്ര പേര്‍ക്കറിയുമോ ആവോ? 1970-കളില്‍ കോഴിക്കോട് കടപ്പുറത്ത് നടന്ന ഒരു സുന്നീ മഹാ സമ്മേളനത്തെ അഭിസംബോധന  ചെയ്ത അറബികളില്‍ ഡോ. വഹബ സുഹൈലിയുമുണ്ടായിന്നു. അല്‍ ഐനിലെ എമിറേറ്റ് സര്‍വകലാശാലയിലെ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം. യു.എ.ഇ സര്‍ക്കാറിന്റെ പ്രതിനിധി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യം അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പാണ്ഡിത്യ ഗരിമയെ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതിനാലോ എന്തോ സംഘാടകരുടെ മീഡിയയില്‍ പോലും ആ വ്യക്തിത്വത്തെ അര്‍ഹമായ അളവില്‍ മലയാള വായനക്കാര്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും നിര്‍ഭാഗ്യവശാല്‍ സംഭവിക്കുകയുണ്ടായില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /61-64
എ.വൈ.ആര്‍