ഹിജാബ് ധാരണം -യുവതികളുടെ ധാരണകള്‍
ഏതാനും യുവതികളുമൊന്നിച്ചുള്ള ഒരു സിറ്റിംഗില്‍, അവരാരും ഹിജാബ് ധരിക്കാത്തതിന്റെ കാരണം ഞാന്‍ ആരാഞ്ഞു. ഓരോരുത്തരും തങ്ങള്‍ ഹിജാബ് ധരിക്കാത്തതിന്റെ കാരണം നിരത്തി.
ഒന്നാമത്തവള്‍: വിശ്വാസം ഹൃദയത്തിലാണ് വേണ്ടത്. വേഷത്തിലല്ല.
രണ്ടാമത്തവള്‍: അല്‍പം തടിച്ചതാണ് എന്റെ ശരീരം. ഹിജാബ് കൂടി ധരിച്ചാല്‍ ഞാന്‍ ആകെ കോലം കെടും.
മൂന്നാമത്തവള്‍: ഞാന്‍ ചെറുപ്പമാണ്. കുറെക്കൂടി പ്രായമായാല്‍ ഹിജാബ് ധരിച്ചുതുടങ്ങും.
നാലാമത്തവള്‍: എന്റെ കൂട്ടുകാരികളൊന്നും പര്‍ദാ ധാരിണികളല്ല. പിന്നെ ഞാനായിട്ട് എന്തിന്? ഞാന്‍ ഒറ്റപ്പെട്ടുപോകും.
അഞ്ചാമത്തവള്‍: ഞാന്‍ ഹിജാബ് ധരിച്ചാല്‍ വിദേശക്കാരിയായി എന്നെ മുദ്രകുത്തും.
ആറാമത്തവള്‍: ഹിജാബിലേക്ക് അല്ലാഹു വഴി കാണിക്കുമായിരിക്കും
ഏഴാമത്തവള്‍: ഹിജാബ് ധരിച്ചാല്‍ എന്റെ വിവാഹം വൈകും.
എട്ടാമത്തവള്‍: ഇപ്പോള്‍ ഹിജാബ് ധരിച്ചാലും പിന്നീട് അത് ഒഴിവാക്കിയേക്കുമോ എന്ന ഭയമാണ്.
ഒമ്പതാമത്തവള്‍: ഭയങ്കര ചൂടാണ്. ഹിജാബ് നമ്മുടെ കാലാവസ്ഥക്ക് ചേരില്ല.
പത്താമത്തവള്‍: എന്റെ വില പിടിച്ച വസ്ത്രങ്ങളൊക്കെ ഞാനെന്ത് ചെയ്യും? അത് പലതും ഹിജാബ് ധാരിണികള്‍ക്ക് പറ്റാത്തതാണ്.
പതിനൊന്നാമത്തവള്‍: ഹിജാബ് ധരിച്ച് ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമാണ്. സഞ്ചാരം, വ്യായാമം, നീന്തല്‍, സ്‌പോര്‍ട്‌സ് അങ്ങനെയങ്ങനെ...
ഇതൊക്കെയാണ് അവര്‍ നിരത്തിയ കാരണങ്ങള്‍. അതിനെക്കാള്‍ രസകരമായ ചില കാരണങ്ങളും ഞാന്‍ കേള്‍ക്കുകയുണ്ടായിട്ടുണ്ട്. തലയില്‍ പേന്‍ പെരുകുമെന്നതിനാലാണ് ഒരു സ്ത്രീ ഹിജാബ് ധരിക്കാത്തത്! മറ്റൊരു യുവതി പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്: ''എനിക്ക് ഹിജാബ് ധരിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, എന്റെ ഉമ്മ സമ്മതിക്കുന്നില്ല. ഉമ്മയോടുള്ള അനുസരണത്തിന് ഞാന്‍ മുന്‍ഗണന നല്‍കി. അവരെ വെറുപ്പിക്കരുതല്ലോ.'' മറ്റൊരുവളുടെ കാരണമാണ് ഏറെ രസകരം: ''ഞാന്‍ ഹിജാബ് ധരിക്കുന്നില്ല. നേര് തന്നെ. എന്നാല്‍ എന്റെ ഹൃദയം ശുദ്ധമാണ്. എന്റെ സ്വഭാവമാകട്ടെ ഹിജാബ് ധരിക്കുന്ന പല സ്ത്രീകളെക്കാള്‍ മെച്ചപ്പെട്ടതുമാണ്.''
പെണ്‍കുട്ടികളുമായുള്ള സംസാരത്തില്‍ 'സഹര്‍' എന്ന കുമാരിയുടെ വര്‍ത്തമാനമാണ് എനിക്ക് ഏറെ നന്നായി തോന്നിയത്. ''എന്റെ രക്ഷിതാവിനോടുള്ള കടമ നിറവേറ്റുന്നതില്‍ എനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വളച്ചുകെട്ടില്ലാതെ ഞാന്‍ സമ്മതിക്കുന്നു. ഹിജാബ് ധരിക്കണമെന്ന് തന്നെയാണ് എന്റെ മോഹം. അതിന് ഇപ്പോള്‍ പാകമായിട്ടില്ലെന്നാണ് ഞാന്‍ എന്നെ സംബന്ധിച്ച് കരുതുന്നത്. ഹിജാബ് ധരിക്കാന്‍ പാകത്തില്‍ ഹൃദയം വിശാലമാക്കിത്തരാന്‍ ഞാന്‍ അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീയുടെ അടയാളമുദ്രയാണ് ഹിജാബ്. അത് അവളില്‍ അഭിമാനബോധം വളര്‍ത്തും. അവളുടെ തലയിലെ കിരീടമാണത്. ഹിജാബ് ധരിക്കുന്നവര്‍ക്കുള്ള പ്രതിഫലം മഹത്തരമായിരിക്കും. പ്രത്യേകിച്ച് ഹിജാബിനോട് യുദ്ധം പ്രഖ്യാപിക്കുകയും ഹിജാബ് ധാരിണികളെ വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ പ്രതിബദ്ധതയോടെ ഇസ്‌ലാമിക വേഷവിധാനം സ്വീകരിക്കുന്നവരുടെ മനോദാര്‍ഢ്യത്തെ പുകഴ്ത്തിയേ മതിയാവൂ.''
അവളോട് ഞാന്‍ പറഞ്ഞു: ''നീ ഹിജാബ് ധരിക്കുന്നില്ലെങ്കിലും നിന്നോടും നിന്റെ നാഥനോടുമുള്ള നിന്റെ നിലപാടില്‍ നീ സത്യസന്ധയാണ്. തെറ്റ് സമ്മതിക്കുന്നത് തന്നെ വിശിഷ്ട സ്വഭാവമാണ്, മാന്യതയുമാണ്.'' മറ്റു പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു ഞാന്‍: ''വിശ്വാസം ഹൃദയത്തിലാണ്. വേഷത്തിലല്ല എന്ന് പറഞ്ഞവളുടെ വാക്കുകള്‍ ശരിയാണെങ്കിലും അവളോട് ഞാന്‍ പറഞ്ഞത് വിശ്വാസം ശക്തമാണെങ്കില്‍ അത് ശരീരത്തിലും പ്രതിഫലിക്കുമെന്നാണ്. ഹിജാബ് അതില്‍ പെട്ടതാണ്. താന്‍ തടിച്ചിട്ടാണെന്ന് ഒരുവള്‍ പറഞ്ഞല്ലോ. തടി കുറക്കാന്‍ ഒരു ഹേതുവാകട്ടെ ഹിജാബ്. അപ്പോള്‍ നീ സ്ലിം ബ്യൂട്ടിയാകുമല്ലോ.'' താന്‍ ഇപ്പോഴും ചെറുപ്പമാണെന്ന് പറഞ്ഞവളോട്: ''ഹിജാബ് ഒരു ശര്‍ഈ കല്‍പനയാണ്. അതിന് പ്രായവുമായി ബന്ധമില്ല. പ്രായപൂര്‍ത്തി ആവുന്നതോടെ ധരിച്ചു തുടങ്ങേണ്ടതാണ് ഹിജാബ്.''
കൂട്ടുകാരികള്‍ ഹിജാബ് ധരിക്കുന്നവരല്ല എന്നൊരുവള്‍ പറഞ്ഞിരുന്നല്ലോ. ''ഇഛാശക്തിയോടെ നിങ്ങള്‍ ഹിജാബ് ധരിച്ചുതുടങ്ങൂ. അവിടെയാണ് നിങ്ങളുടെ ശക്തമായ വ്യക്തിത്വം പ്രകടമാവേണ്ടത്. നിങ്ങളുടെ കൂട്ടുകാരികള്‍ക്കും ഹിജാബ് ധരിക്കാന്‍ നിങ്ങളുടെ തീരുമാനം പ്രേരണയാകും.''
ഒരുവള്‍ പറഞ്ഞത്, താന്‍ പ്രത്യേക വിഭാഗക്കാരിയായി മുദ്ര കുത്തപ്പെടുമെന്നാണ്. ''നിങ്ങളുടെ പ്രവൃത്തിയില്‍ നിങ്ങള്‍ക്ക് ശരിയായ ബോധ്യവും സംതൃപ്തിയുമുണ്ടെങ്കില്‍ ജനങ്ങളും സമൂഹവും എന്ത് ധരിക്കും എന്നത് പ്രശ്‌നമാക്കേണ്ടതില്ല. നിങ്ങളുടെ നാഥന്‍ നിങ്ങളെക്കുറിച്ച് തൃപ്തനാണോ എന്നതാണ് മുഖ്യ വിഷയം.'' അല്ലാഹു ഹിജാബിലേക്ക് വഴി കാണിക്കട്ടെ എന്ന് പറഞ്ഞവളോട്: ''നിന്റെ വാക്കുകള്‍ ശരി തന്നെ. ഹിദായത്തിന് നാം വഴിയൊരുക്കണം. നിന്റെ ഹിജാബ് ധാരണം നിനക്ക് കൂടുതല്‍ ഹിദായത്തിനുള്ള കാരണമായിത്തീരും.''
ഒരുവളുടെ ഭയം ഹിജാബ് ധരിച്ചിട്ട് പിന്നെ അതൊഴിവാക്കിയേക്കും എന്നാണല്ലോ. ''ഇത് ഏതു കാര്യത്തിനും ബാധകമാണ്. നമസ്‌കാരം, നോമ്പ്, മാതാപിതാക്കള്‍ക്കുള്ള സേവനവും ശുശ്രൂഷയും പരിചരണവും അങ്ങനെ പലതും... ഈ കാര്യങ്ങളും നാം ഒരിക്കല്‍ ചെയ്ത് പിന്നെ ഒഴിവാക്കുമോ?'' ഹിജാബ് തന്റെ സഞ്ചാര സ്വാതന്ത്ര്യം തടയും എന്ന് ന്യായം പറഞ്ഞവളോട്: ''ഹിജാബ് നിങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കും. മാത്രമല്ല, ഇഷ്ടം പോലെ മെയ്യനക്കാനും ഹിജാബ് തടസ്സമാവില്ല. ഒരു ഹിജാബ് ധാരിണിയെ എനിക്കറിയാം. ഭിന്ന ശേഷിയുള്ള ആ പെണ്‍കുട്ടി ബാസ്‌കറ്റ് ബോള്‍ താരമാണ്. വികലാംഗയാണെന്നതോ ഹിജാബ് ധരിച്ചിട്ടുണ്ടെന്നതോ അവളുടെ മികവിന് തടസ്സമായിത്തീര്‍ന്നില്ല.''
ഹിജാബ് ധരിച്ചാല്‍ വിവാഹം വൈകിപ്പോകുമെന്നാണ് ഒരുവളുടെ പേടി. ''അവിവാഹിതകളായി കഴിയുന്നവരില്‍ ഏറിയ പങ്കും ഹിജാബ് ധരിക്കാത്തവരാണെന്നാണ് അനുഭവം. മത നിഷ്ഠയില്ലാത്ത യുവാവിന് പോലും ഇണയായി വേണ്ടത് ഹിജാബ് ധരിച്ച മതനിഷ്ഠയുള്ള പെണ്‍കുട്ടിയെയാണ്.''
മാതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയവളോട് പറയാനുള്ളത്: ''മാതാവിന്റെ വാക്കുകള്‍ കേള്‍ക്കുന്നതും അനുസരിക്കുന്നതും നല്ലതു തന്നെ. എന്നാല്‍ അല്ലാഹുവിന്റെ വാക്കുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഹിജാബ് ധരിച്ച് ഉമ്മയെ ബോധ്യപ്പെടുത്തൂ. ക്രമേണ ഉമ്മയും നിങ്ങളുടെ വഴിയേ വന്നുകൊള്ളും.''
ഹിജാബ് ആരോഗ്യകരമല്ല എന്നാണ് ഒരുവള്‍ക്ക് പറയാനുള്ളത്. ''ഒന്നു ചോദിച്ചോട്ടെ, ഹിജാബ് ധരിച്ചതുമൂലം തലയാകെ പേന്‍ നിറഞ്ഞെന്ന പരാതി പറയുന്ന ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?'' അവള്‍ ഒന്ന് ചിരിച്ചതേയുള്ളൂ. ഞാനവളോട് തുടര്‍ന്നു: ''സമാധാനിക്ക്. അങ്ങനെ ഒരു രോഗം വന്നാല്‍ ശരീഅത്ത് നിങ്ങള്‍ക്ക് ഇളവ് തന്നിട്ടുണ്ട്. പേടിക്കേണ്ട.''
സംഭാഷണത്തിനിടയില്‍ ചാടിവീണ് ഒരുവള്‍ പറഞ്ഞുതുടങ്ങി: ''തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ പത്‌നിയുടേത് പോലുള്ള ഹിജാബാണ് എനിക്ക് ചേരുക. അത് കാണാന്‍ കൊള്ളാവുന്ന മനോഹരമായ ഹിജാബാണ്.'' ഞാന്‍ പറഞ്ഞു: ''ശരി നീ അതുപോലുള്ള ഹിജാബ് വാങ്ങി ധരിച്ചുകൊള്ളൂ. ശരീരം മറയ്ക്കുന്നതും, അടക്കവും ഒതുക്കവും ഉള്ളതുമാവണം എന്നതാണ് പ്രധാനം.''
മഹാ പണ്ഡിതനായ ശൈഖ് അലി ത്വന്‍ത്വാവിയുമായി ബന്ധപ്പെട്ട സംഭവം അപ്പോള്‍ എന്റെ ഓര്‍മയില്‍ വന്നു. തന്റെ ചെറിയ മകള്‍ ഹിജാബ് ധരിക്കില്ലേ എന്ന ഉള്‍ഭയമുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹം ഭാര്യയോട് പറഞ്ഞു: ''നീ ടൗണില്‍ പോയി അവള്‍ക്ക് നന്നായി ചേരുന്ന ഹിജാബ് വാങ്ങി കൊടുക്കൂ. മേത്തരം പട്ടിന്റെ ഒരു ഹിജാബാണ് അവള്‍ തെരഞ്ഞെടുത്തത്. 40 ലീറയാണ് അതിന്റെ വില. അന്ന് ഒരു സാധാരണ ഹിജാബിന് ഒരു ലീറയേ വിലയുണ്ടായിരുന്നുള്ളൂ. ത്വന്‍ത്വാവി പറയുകയാണ്: ''എന്റെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വരും ആ ഹിജാബിന്റെ വില. മോള്‍ക്ക് ഹിജാബ് ധരിക്കുന്നത് ഇഷ്ടമാവട്ടെ എന്ന് കരുതി ഞാന്‍ അത് വാങ്ങാന്‍ സമ്മതം മൂളി.''
ഹിജാബിനോട് നമ്മുടെ പെണ്‍മക്കള്‍ക്ക് താല്‍പര്യമുണ്ടാവാന്‍ നാം സമര്‍ഥമായ സമീപനങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. അതിന് അഞ്ച് അടിസ്ഥാനങ്ങള്‍ ഞാന്‍ എണ്ണി പറയാം:
1. നാം അവരോട് ഇതേ കുറിച്ച് സൗമ്യമായി മാത്രമേ സംസാരിക്കാവൂ.
2. അവരോടുള്ള സ്‌നേഹം നാം പ്രകടിപ്പിക്കുക.
3. ഹിജാബ് ധരിക്കാന്‍ നാം അവരെ പ്രോത്സാഹിപ്പിക്കുക.
4. ഹിജാബ് ധാരണത്തില്‍ നാം അവര്‍ക്ക് മാതൃകയാവുക.
5. ഹിജാബിലാണ് അവരുടെ അന്തസ്സും മാന്യതയും എന്ന് അവരെ ബോധ്യപ്പെടുത്തുക. ഹിജാബിലേക്കുള്ള ക്ഷണം തടവറയിലേക്കുള്ള വിളിയല്ലെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക.
വിവ: പി.കെ ജമാല്‍
Comments