കാലപ്പഴക്കം നമ്മിലേല്‍പ്പിച്ച വൈകല്യങ്ങളില്‍ നിന്നാണ് രക്ഷ വേണ്ടത്
കാലപ്പഴക്കം നമ്മിലേല്‍പ്പിച്ച വൈകല്യങ്ങളില്‍
നിന്നാണ് രക്ഷ വേണ്ടത്
ലക്കം 2891-ല്‍ ജി.കെ എടത്തനാട്ടുകര എഴുതിയ 'സത്യത്തിന്റെ വീട്ടിലേക്കാണ് തിരിച്ചുപോകേണ്ടത്' എന്ന ലേഖനം മൂല്യവത്തായിരുന്നു. മനുഷ്യനെ പരസ്പരം സ്‌നേഹിക്കാനും ധര്‍മബോധമുള്ളവനാക്കാനും വായിക്കാനും ചിന്തിക്കാനും പഠിപ്പിക്കുന്നു ഖുര്‍ആന്‍. ദൈവം തന്റെ സൃഷ്ടികള്‍ക്കു മേല്‍ പുലര്‍ത്തുന്ന സമഭാവന ഇന്ന് നമ്മള്‍ മനുഷ്യര്‍ക്ക് കൈവന്നിട്ടുണ്ടോ? സഹോദര സമുദായത്തിലെ ഒരു സുഹൃത്ത് പള്ളിയില്‍ വരാന്‍ ആഗ്രഹിച്ചാല്‍ അതിനവനെ അനുവദിക്കുന്ന സ്വതന്ത്ര മനോഭാവം നമുക്കിന്നുണ്ടോ?
ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്ന കുട്ടിയെ തങ്ങളുടെ മതാനുഭാവിയാക്കി മാറ്റുന്ന മാതാപിതാക്കള്‍, ലഭ്യമായ വേദങ്ങളിലൂടെ കടന്നുപോകാനും സ്വതന്ത്രമായി അവനിഷ്ടമുള്ളത് തെരഞ്ഞെടുക്കാനുമുള്ള അവസരം കൊടുക്കാറുണ്ടോ? ഇസ്‌ലാമിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് തുനിയുമ്പോള്‍ അതല്ല ഇസ്‌ലാം, ഇതാണെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍, പ്രകോപനങ്ങളുണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് വഴികാട്ടാന്‍ ഒരു കേന്ദ്രീകൃത നേതൃത്വമുണ്ടോ?
കാലപ്പഴക്കത്താല്‍ കടന്നുകൂടിയ വൈകൃതങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ കാണാം. അവക്കെല്ലാമപ്പുറം ഇസ്‌ലാമിന്റെ ആത്മാവിനെ ഉള്‍ക്കൊണ്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാകണം നമ്മുടെ ശ്രദ്ധയും ജാഗ്രതയും. നമസ്‌കാരത്തിലും പരലോകത്തിലും മാത്രം ഒതുങ്ങിപ്പോകുന്ന പ്രഭാഷണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമപ്പുറം ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിതവ്യവസ്ഥ സ്വായത്തമാക്കി വ്യക്തികള്‍ മാതൃകകളായി മാറിയിരുന്നെങ്കില്‍!
എം.ഐ ഇര്‍ശാദ്, നിലയ്ക്കാമുക്ക്, തിരുവനന്തപുരം
ഞങ്ങളുടെ മഹല്ലിന് വഴിചൂണ്ടിത്തന്ന പ്രബോധനം
കേരളത്തിലെ പല പള്ളികളിലും മത സംഘടനകളിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്ക് തര്‍ക്കങ്ങള്‍ അക്രമങ്ങളില്‍ കലാശിക്കുന്നതായാണ് കാണാറ്. ഒടുവില്‍ കേസും പള്ളികള്‍ക്ക് പോലീസ് കാവലും! ഈ സാഹചര്യത്തില്‍ മാതൃകയായി നിലകൊള്ളുന്നു മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പെറുവഴിക്കുളം ജുമാ മസ്ജിദ് മഹല്ല്. മുജാഹിദ് -ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ സംയുക്തമായും ഐക്യത്തോടും കൂടി നല്ല രീതിയില്‍ 20 വര്‍ഷത്തോളമായി മഹല്ല് സംവിധാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നു.
ഈ ഐക്യത്തിന് കാരണമായ വിട്ടുവീഴ്ച, ക്ഷമ, വിശാല മനസ്‌കത തുടങ്ങിയവക്ക് ഒരു ഉദാഹരണം പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്നി ആശയക്കാരും കൂടി ഉള്‍ക്കൊണ്ടിരുന്ന മഹല്ലായിരുന്നു ഇത്. തറാവീഹ് നമസ്‌കാരത്തിലെ റക്അത്തുകളുടെ തര്‍ക്കം ഏറെ നടന്ന കാലമായിരുന്നു അത്. 8/21 റക്അത്ത് തര്‍ക്കം പള്ളിയില്‍ ഉണ്ടായി. രണ്ട് ജമാഅത്ത് നമസ്‌കാരം വരെ നടക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ മഹല്ലിലെ സെക്രട്ടറിയായിരുന്ന മര്‍ഹൂം ഇ.വി ആലിക്കുട്ടി മൗലവിയുടെ മകന്‍ ഇ.എം മുഹമ്മദ് അമീന്‍ എടുത്ത തീരുമാനം വളരെ വിശാല മനസ്സുള്ള പ്രസ്ഥാന പ്രവര്‍ത്തകന്റേതായിരുന്നു. അദ്ദേഹം 8 റക്അത്തുകാരോടും 21 റക്അത്ത് വേണ്ടവരോടും നീതിപുലര്‍ത്തി വളരെ കലുഷിതമായ ആ സാഹചര്യം രമ്യമായി പരിഹരിച്ചു.
ഈ മഹല്ല് ഇപ്പോള്‍ സകാത്ത് സെല്‍ രൂപീകരിച്ചു. മഹല്ലിലെ സകാത്ത് ശേഖരിച്ച് മൂന്ന് ലക്ഷത്തോളം രൂപ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചുകൊടുക്കുകയുണ്ടായി. ഇപ്പോള്‍ അതിന്റെ രണ്ടാം ഘട്ടമാണ്. ഇതുമായി സമൂഹത്തില്‍ ഇറങ്ങിയപ്പോഴാണ് കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍ ഉള്ളതായി മനസ്സിലായത്. അതിന് പരിഹാരമായി രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സകാത്ത് സംഖ്യ സ്വരൂപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. മഹല്ലിലെ മദ്‌റസാ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ രൂപീകരിച്ച് അവര്‍ക്ക് വേണ്ടി സണ്‍ഡേ മദ്‌റസ വളരെ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്നു. 50-ഓളം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ഖുര്‍ആന്‍, ഹദീസ് തുടങ്ങി എല്ലാ ഇസ്‌ലാമിക പൊതു വിജ്ഞാനങ്ങളും ഈ ഐക്യ മഹല്ലില്‍ യാതൊരു സംഘടനാ പക്ഷപാതിത്വവുമില്ലാതെ ആര്‍ജിച്ചുകൊണ്ടിരിക്കുന്നു. മഹല്ല് ലൈബ്രറിയുടെ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.
ഇത്തരമൊരു സംവിധാനത്തിന് പ്രബോധനം നല്‍കിയ ഉത്തേജനം വളരെ വലുതാണ്. ഒരു മഹല്ല് സംവിധാനം എങ്ങനെയാവണം എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് പ്രബോധനം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിപ്രായ നിര്‍ദേശങ്ങള്‍ എല്ലാം ഇതിന് പ്രേരണയായിട്ടുണ്ട്. പ്രബോധനത്തിന്റെ ഇത്തരം ലേഖനങ്ങള്‍ എല്ലാ മഹല്ലുകള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
എം.സി ഹസ്സന്‍, പുറങ്ങ് (മഹല്ല് ജോയിന്റ് സെക്രട്ടറി)
ഐസിസിനെക്കുറിച്ച തിരിച്ചറിവ്
ഐസിസ് തീവ്രവാദത്തെപ്പറ്റിയുള്ള ലക്കം (2892) എന്തുകൊണ്ടും പ്രശംസാര്‍ഹവും ചിന്തനീയവുമാണ്. ഭീകരവാദത്തിന്റെ പേരില്‍ ആരോപണ വിധേയമായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മാത്രമല്ല, ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ മതിയായതാണ് ലേഖനങ്ങള്‍. 'ഭീകരതയുടെ ഉറവിടം വഹാബിസമാണോ?' എന്ന ചോദ്യത്തിനുള്ള മുജീബിന്റെ മറുപടിയാണ് എന്നെ ഏറെ ഇരുത്തി ചിന്തിപ്പിച്ചത്. നവോത്ഥാന നായകനും പരിഷ്‌കര്‍ത്താവുമായ മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിന്റെ 'ശുദ്ധ ഇസ്‌ലാം' ചിന്തകളില്‍ നിന്നാണ് പ്രത്യയശാസ്ത്രപരമായ ഊര്‍ജം തീവ്രവാദികള്‍ വലിച്ചെടുക്കുന്നതെന്ന് ഹമീദ് ചേന്ദമംഗല്ലൂര്‍ ആരോപിച്ചിരുന്നു(മാതൃഭൂമി 2015 മാര്‍ച്ച് 1). ഇതിനുള്ള മറുപടി ഏറെ ശ്രദ്ധേയമാണ്. ഇത് അംഗീകരിച്ച് കിട്ടിയ ചാന്‍സില്‍ സലഫികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആ മഹാന്മാരെ ഭര്‍ത്സിക്കാമായിരുന്നു. എന്നാല്‍, മുജീബ് എഴുതിയത് വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിഞ്ഞു. ആ മഹാന്മാരുടെ (ഇബ്‌നു തൈമിയ്യ, ഇബ്‌നു അബ്ദില്‍ വഹാബ്) മുതലായവരുടെ കൃതികളില്‍ എവിടെയും അന്യ മതസ്ഥരെ കൊലപ്പെടുത്താനോ, ആശയപരമായി ഭിന്നാഭിപ്രായം പുലര്‍ത്തിയവരെ ഉന്മൂലനം ചെയ്യാനോ ആഹ്വാനം നടത്തിയിട്ടില്ലെന്നും, അവര്‍ തീവ്രവാദമോ ഭീകരവാദമോ പ്രോത്സാഹിപ്പിച്ചവരായിരുന്നില്ലെന്നുമുള്ള സമര്‍ഥനം ജമാഅത്തെ ഇസ്‌ലാമിയുടെ സഹിഷ്ണുതയുടെയും ഇസ്‌ലാമിക മൗലിക ആശയങ്ങളോടുള്ള താല്‍പര്യത്തിന്റെയും നിദര്‍ശനമാണ്. അതുപോലെ തന്നെയായിരുന്നു എം.എന്‍ കാരശ്ശേരിയുടെ പിടക്കോഴി കൂവരുത് എന്ന പുസ്തകത്തെ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയും. കൂട്ടത്തില്‍ ഒരുകാര്യം ഉണര്‍ത്തുകയാണ്. 'അക്ഷരപൂജയുടെ ആളുകള്‍' എന്ന ശൈലി മാറ്റി 'പശ്ചാത്തല പഠനം' നടത്താത്തവര്‍ എന്ന് പറയുകയല്ലേ ഭംഗി?
കെ.വി മുഹമ്മദ് കോക്കൂര്‍ (ഖത്വീബ് ബിയ്യം സലഫി മസ്ജിദ്)
ഹദീസ് പഠനം
പ്രബോധനത്തില്‍ വരുന്ന ഹദീസുകളിലെ അറബി വാക്കുകള്‍ വായിക്കാറില്ല. അര്‍ഥവും വിശദീകരണവുമാണ് വായിക്കാറ്. ചില ഹദീസുകള്‍ വായിക്കാന്‍ ശ്രമിക്കും. പ്രയാസം തോന്നുമ്പോള്‍ പിന്നെ കൂടുതല്‍ വായിക്കാന്‍ ശ്രമിക്കാറില്ല. ഖുര്‍ആന്‍ ബോധനം പോലെത്തന്നെ. ഹദീസിന് വാക്കര്‍ഥങ്ങള്‍ കൊടുക്കുന്നത് ഹദീസ് പഠിക്കാന്‍ പ്രയോജനമാകും. അതുപോലെ ഖുര്‍ആന്‍ ബോധനത്തിലേതു പോലെ പ്രധാനപ്പെട്ട വാക്കുകളുടെ വിശദീകരണവും, വിശദീകരണത്തില്‍ വരുന്ന പ്രധാനപ്പെട്ട ഹദീസുകളുടെ അറബി ടെക്സ്റ്റുകളും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഹദീസ് വിശദീകരണം വായിച്ച് മനസ്സിലാക്കുന്നത് പോലെത്തന്നെ അറബി ടെക്സ്റ്റ് പഠിക്കുന്നതിനും അത് പ്രോത്സാഹനമാകും.
സക്കീര്‍ കാര്യവട്ടം, തബൂക്ക്
ലാളിത്യവും ആദര്‍ശ ശുദ്ധിയും
ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി പേരിനും പ്രശസ്തിക്കും വേണ്ടി താന്‍ ചെയ്യുന്നതൊക്കെ വിളിച്ചുപറയുന്ന അല്‍പന്മാര്‍ ധാരാളമുണ്ട്. അതിനിടയില്‍ ലാളിത്യവും ആദര്‍ശശുദ്ധിയും കാത്തുസൂക്ഷിച്ച ബഹുമാന്യനായ നിക് അബ്ദുല്‍ അസീസിനെ പോലെയുള്ള നേതാക്കള്‍ ഇനിയും വരേണ്ടിയിരിക്കുന്നു. ഖലീഫമാരുടെ ഭരണത്തെ ഓര്‍മിപ്പിക്കുമാറ് അദ്ദേഹം പിന്തുടര്‍ന്ന ഭരണരീതി സമുദായ നേതൃത്വവും കൈക്കൊണ്ടിരുന്നെങ്കില്‍!
സുനില അബ്ദുല്‍ ജബ്ബാര്‍, ഖത്തര്‍
അഴിമതി ജയിച്ചു, പ്രതിഷേധം തോറ്റു
രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും എളുപ്പത്തില്‍ കോഴ, കൈക്കൂലി കേസുകളുടെ പേരില്‍ പിടികൂടാന്‍ സാധിക്കില്ല. കാരണം, രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും പണമാണ് കളിക്കുന്നത്. ചില പത്രങ്ങളും ചാനലുകളും ഇതില്‍ ഭാഗഭാക്കാണ്. പൊതുജനം 'കഴുത'കളാണല്ലോ. എന്ത് തെമ്മാടിത്തങ്ങളുടെ പേരിലും ബന്ദ്, ഹര്‍ത്താല്‍ എന്നീ ശിക്ഷകളില്‍ പെട്ട് നട്ടം തിരിയുന്നത് പൊതുജനം.
രാജ്‌മോഹന്‍ കമലേശ്വരം, തിരുവനന്തപുരം
Comments