Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

ആസ്‌ത്രേലിയന്‍ മുസ്‌ലിംകളുടെ ഓണ്‍ലൈന്‍ ചാനല്‍

ആസ്‌ത്രേലിയന്‍ മുസ്‌ലിംകളുടെ ഓണ്‍ലൈന്‍ ചാനല്‍

സ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും ഇസ്‌ലാമിന്റെ ശരിയായ ചിത്രം ജനങ്ങളിലെത്തിക്കാനും വേണ്ടി ആസ്‌ത്രേലിയന്‍ മുസ്‌ലിം കൂട്ടായ്മ പുതിയ ടി.വി സ്റ്റുഡിയോയും ഓണ്‍ലൈന്‍ ചാനലും ആരംഭിച്ചു. ഒരു മില്യന്‍ ഡോളറാണ് സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'One Path Network'ന്റെ ചെലവ്. യൂട്യൂബ് ചാനലിനു വേണ്ടി വീഡിയോകള്‍ തയാറാക്കുക, ഫിലിമുകള്‍ പുറത്തിറക്കുക തുടങ്ങിയവയാണ് ടി.വി സ്റ്റുഡിയോയുടെ ലക്ഷ്യം. ''ഇസ്‌ലാമിനെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കണം; പ്രഫഷണല്‍ സ്വഭാവത്തില്‍ തന്നെ.'' പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മലാസ് മജാന്നി പറയുന്നു. പ്രാദേശിക പ്രമുഖര്‍, മതനേതാക്കള്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങള്‍, ആനുകാലിക സംഭവങ്ങളെക്കുറിച്ച തങ്ങളുടെ നിലപാടുകള്‍ തുടങ്ങിയവയാണ് പ്രധാന ഉള്ളടക്കം. ''സിഡ്‌നി ആക്രമണം പോലുള്ള  സംഭവങ്ങള്‍ ഇസ്‌ലാമികമല്ല എന്ന് തുറന്നു പറയേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അതിലെ പ്രതി ഹാറൂന്‍ മുനീസ് ക്രിമിനലാണെന്ന് അധികാരികള്‍ക്കറിയാം''- മജാന്നി പറയുന്നു.

ജനങ്ങളില്‍ നിന്നുള്ള സംഭാവന വഴിയാണ് ഫണ്ട് ശേഖരണം. 20 വളണ്ടിയര്‍മാര്‍ നെറ്റ് വര്‍ക്കിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ''മാധ്യമങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അനിവാര്യഭാഗമാണ്. മൂല്യങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്താനുള്ള ശക്തമായ ഉപകരണവുമാണത്. ലോകം അതിവേഗം മാറുകയാണ്, നാം മുമ്പത്തേതിലുമേറെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് മീഡിയയെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ധാരാളം സാധ്യതകളാണ്. ഈ പദ്ധതി ഏറ്റെടുക്കുക വഴി സുദീര്‍ഘവും പ്രയാസകരവുമായ യാത്രയാണ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പക്ഷേ, അത് ഏറെ അനിവാര്യവുമാണ്. ഈ പദ്ധതി ഫലപ്രദവും വിജയകരവുമായി മുന്നോട്ടുകൊണ്ടുപോകാന്‍ സ്വദേശത്തും വിദേശത്തുമുള്ള വിദഗ്ധരുടെ സേവനം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്''- വെബ്‌സൈറ്റില്‍ പറയുന്നു. 

ഐസിസ് വിരുദ്ധ കാമ്പയിനുമായി കനേഡിയന്‍ മുസ്‌ലിംകള്‍

നേഡിയന്‍ മുസ്‌ലിംകള്‍ ഐസിസിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പോസ്റ്ററുകളും മറ്റും പുറത്തിറക്കിയിട്ടുണ്ട്. ''കാനഡയെയോ രാജ്യനിവാസികളെയോ ഉപദ്രവിക്കുന്ന മുസ്‌ലിം യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെതന്നെ ശത്രുവാണ്. ഞങ്ങള്‍ കനേഡിയന്‍ മുസ്‌ലിംകള്‍, നിങ്ങളെ പുറകില്‍ നിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിങ്ങളുടെ സുരക്ഷക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്നും കനേഡിയന്‍ ജനത തിരിച്ചറിയണം.'' കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ  പോസ്റ്ററില്‍ പറയുന്നു. ''ഇസ്‌ലാം ഭീകരതയുടെ മതമാണെന്ന മീഡിയാ പ്രചാരണത്തെ പ്രതിരോധിക്കാന്‍ കാമ്പയിന്‍ വഴി സാധിക്കും. ഐസിസും താലിബാനും ബൊക്കോ ഹറാമും ചെയ്യുന്ന അക്രമ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ സെന്‍സേഷണലായി അവതരിപ്പിക്കുകയാണ്. ചില മുസ്‌ലിംകളാകട്ടെ അത്തരം ഗ്രൂപ്പുകളെ അനുകൂലിക്കുകയും അവയില്‍ ചേരുകയും ചെയ്യുന്നുണ്ട്. ഇത് ഇസ്‌ലാമിനെ സംബന്ധിച്ച് തെറ്റായ ചിത്രമാണ് സൃഷ്ടിക്കുന്നത്''- കാമ്പയിന്‍ പ്രവര്‍ത്തകര്‍ പറയുന്നു. 'ആരാണ് ഭീകരതക്കു പിന്നില്‍?' എന്ന ചോദ്യം ഉന്നയിക്കുന്ന പ്ലക്കാര്‍ഡും കാമ്പയിന്‍ റാലിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. 

തുനീഷ്യ, ഭീകരതക്കെതിരെ ഐക്യനിര

നാധിപത്യത്തിന്റെ യൗവനം പൂത്തു തുടങ്ങിയ പൗരാണിക നാഗരികതയുടെ ഇടമാണ് തുനീഷ്യ. ദേശീയ മ്യൂസിയവും പാര്‍ലമെന്റും സ്ഥിതി ചെയ്യുന്ന ബര്‍ദോ (Bardo) ഇവ രണ്ടിന്റെയും അടയാളക്കുറിയാണ്. 21 പേര്‍ കൊല്ലപ്പെട്ട മ്യൂസിയം ആക്രമണം അതുകൊണ്ടുതന്നെ ജനാധിപത്യത്തിനും പൗരാണിക നാഗരികതക്കുമെതിരിലുള്ള ഭീകര കൃത്യമായാണ് തുനീഷ്യ കാണുന്നത്. രാജ്യത്തെ നടുക്കിയ ആക്രമണത്തിനും അതിനു പിന്നിലെ ഭീകര കരങ്ങള്‍ക്കുമെതിരെ രാജ്യനിവാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ചയാണ് തുനീഷ്യയില്‍. പ്രസിഡന്റ് അസബ്‌സി ഭീകരതക്കെതിരായ യുദ്ധത്തിന് ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മനോഹരമായ റോമന്‍ മൊസൈക്കും അതിപുരാതനവും അമൂല്യവുമായ ശേഖരങ്ങളുമുണ്ട് തുനീഷ്യന്‍ മ്യൂസിയത്തില്‍. അവിടെയാണ് സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. 2002-ല്‍ 19 പേരുടെ മരണത്തിനിടയാക്കിയ ഗ്രിബ സിനഗോഗ് (Ghiriba Synagogue) ചാവേര്‍ ബോംബാക്രമണമാണ് സമാന സ്വഭാവത്തില്‍ സിവിലയന്മാര്‍ക്കെതിരെ മുമ്പ് തുനീഷ്യയില്‍ നടന്നത്. 

വിദേശ ടൂറിസ്റ്റുകളെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല ഈ ആക്രമണം എന്നാണ് വിലയിരുത്തപ്പെടുന്നത്. തുനീഷ്യയില്‍ വളര്‍ച്ച നേടുന്ന പുതിയ ജനാധിപത്യത്തെ അട്ടിമറിക്കലും രാജ്യത്തെ അസ്ഥിരപ്പെടുത്തലുമാണ് യഥാര്‍ഥ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നടന്ന സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് തുനീഷ്യന്‍ ജനാധിപത്യത്തെ ശാക്തീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. ഇതില്‍ അസ്വസ്ഥരായവരുടെ കൈകളാണ് ആക്രമണത്തിനു പിന്നിലുള്ളത്. ഈ പുതിയ വെല്ലുവിളിയെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നാണ് പ്രസിഡന്റ് അസബ്‌സി പ്രഖ്യാപിച്ചത്. അതേസമയം ആക്രമണത്തില്‍ പങ്കാളിയായ മൂന്നാമന്‍ മഹര്‍ ബിന്‍ അല്‍ മൗലിദി അല്‍ഖാഇദിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 

ഹസ്രത്ത് ബിലാലിനെക്കുറിച്ച് അനിമേഷന്‍ ചിത്രം

പ്രവാചക അനുചരന്മാരില്‍ പ്രമുഖന്‍ ബിലാലുബ്‌നു റബാഹിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള അനിമേഷന്‍ ചലിച്ചിത്രം 'ബിലാലി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ്, ചരിത്രം തിരുത്തിക്കുറിച്ച ധീരനായ ബിലാലിന്റെ വീരേതിഹാസമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ഒരു സംഘം സുഊദി പ്രഫഷണലുകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അമേരിക്കന്‍ പ്രേക്ഷകരെ മുഖ്യമായും മുമ്പില്‍ കണ്ടുകൊണ്ട് ഇംഗ്ലീഷിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. 

അക്വിനോയ് അബജെ പോലുള്ള പ്രമുഖരായ ചില അമേരിക്കന്‍ ആര്‍ട്ടിസ്റ്റുകളും പിന്നണിയിലുണ്ട്. 'യഥാര്‍ഥ സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് അറേബ്യയിലെത്തി, തന്റെ സ്വാതന്ത്ര്യം കണ്ടെത്തിയ ഒരാളുടെ ജീവിതം. നൂറ്റാണ്ടുകളായി ഒട്ടനവധി തലമുറകള്‍ക്ക് അദ്ദേഹം പ്രചോദനമായി നിലകൊള്ളുന്നു'- അബജെ  പറയുന്നു. അമേരിക്കന്‍ താരം വില്‍സ്മിത്തും ചിത്രത്തെ പിന്തുണക്കുന്നു. ഈ വര്‍ഷം ഖത്തറില്‍ ചിത്രം പുറത്തിറക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍: youtube.com/wathch?v=wp-7Gdf2blE 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍