Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 03

ഇസ്രയേലില്‍ വീണ്ടും നെതന്യാഹു

         ഫെബ്രുവരി മൂന്നാം വാരം നടന്ന ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍, രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകളെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്വുഡ് പാര്‍ട്ടി വിജയം കൊയ്തിരിക്കുന്നു. 120 അംഗ നെസറ്റില്‍ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണമെങ്കിലും പത്തു സീറ്റുള്ള കലാനു പാര്‍ട്ടിയുടെയും എട്ടു സീറ്റുള്ള ജൂയിഷ് പാര്‍ട്ടിയുടെയും ഏഴു സീറ്റുള്ള ഷാസ് പാര്‍ട്ടിയുടെയും ആറു വീതം സീറ്റുകളുള്ള ഇസ്രയേല്‍ ബൈത്തന്യൂവിന്റെയും യുനൈറ്റഡ് തോറ ജൂതായിസ്റ്റുകളുടെയും പിന്തുണ ലഭിക്കുന്ന ബിന്‍യാമിന്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരണം അനായാസമാണ്. ഇടതുപക്ഷ ചായ്‌വുള്ള ഇഷാക്ക് ഹെര്‍സോഗ് നേതൃത്വം നല്‍കുന്ന സയണിസ്റ്റ് യൂനിയനായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റ് നേടുകയെന്നും, അവരും താരതമ്യേന മിതവാദികളായ മറ്റു ചെറു കക്ഷികളും ചേര്‍ന്ന് ഗവണ്‍മെന്റ് രൂപീകരിക്കുമെന്നും പുതുതായി നിലവില്‍ വരുന്ന ഗവണ്‍മെന്റ് ഫലസ്ത്വീന്‍ സമാധാന ചര്‍ച്ച കൂടുതല്‍ സജീവവും സൃഷ്ടിപരവുമായി മുന്നോട്ടുകൊണ്ടുപോകുമെന്നുമായിരുന്നു പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സയണിസ്റ്റ് യൂനിയനു പക്ഷേ 24 സീറ്റേ നേടാനായുള്ളൂ. യോജിച്ചുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് 14 സീറ്റ് നേടിയ അറബ് പാര്‍ട്ടികളുടെ സഖ്യമാണ് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി. പരാജയം മുന്നില്‍ കണ്ട നെതന്യാഹു ഒടുവിലത്തെ അടവായി തന്റെ പ്രഭാഷണ ചാതുരിയിലൂടെ ഇസ്രയേലികളില്‍ അറബ് വിരോധവും ഫലസത്വീന്‍ വിരുദ്ധ വികാരവും ആളിക്കത്തിക്കുകയായിരുന്നു.  ഇസ്രയേലിലെ അറബികള്‍ക്കെതിരെ വംശീയമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു. താന്‍ പ്രധാനമന്ത്രിയായിരിക്കുന്നേടത്തോളം കാലം ഫലസ്ത്വീന്‍ രാഷ്ട്രം അനുവദിക്കുകയില്ലെന്നും അധിനിവിഷ്ട ഭൂമിയില്‍ ജൂത കുടിയേറ്റം നിര്‍ബാധം തുടരുമെന്നും പ്രതിജ്ഞയെടുക്കുകയും ചെയ്തു. നെതന്യാഹുവിന്റെ അടവ് ശരിക്കും ഫലിച്ചു. അധികാരം അദ്ദേഹത്തിന്റെ കൈപ്പിടിയിലൊതുങ്ങുകയും ചെയ്തു.

നെതന്യാഹുവിന്റെ വിജയം സമാധാന പ്രേമികളെ നിരാശപ്പെടുത്തിയത് സ്വാഭാവികം. ഇസ്രയേലിന്റെ സ്രഷ്ടാക്കളും പരിപാലകരുമായ അമേരിക്കയെയും യൂറോപ്പിനെയും കൂടി ഈ തെരഞ്ഞെടുപ്പ് ഫലം അസ്വസ്ഥരാക്കിയിരിക്കുന്നു. ഇസ്രയേലിന്റെ ഹിംസാത്മകത ഇനിയും ശക്തിപ്പെടുമെന്നും പശ്ചിമേഷ്യ കൂടുതല്‍ കലുഷവും രക്തരൂഷിതവുമാകുമെന്നും എല്ലാവരും ആശങ്കപ്പെടുന്നു. സമാധാന പ്രക്രിയയെയും ദ്വിരാഷ്ട്ര സ്വപ്നത്തെയും കുഴിച്ചുമൂടുന്നതിനാണ് ഇസ്രയേലികള്‍ വോട്ടു ചെയ്തിരിക്കുന്നത്, ലോക സമൂഹത്തിന്റെ ശക്തമായ സമ്മര്‍ദം കൊണ്ടു മാത്രമേ ഇനി ക്രിയാത്മകമായ എന്തെങ്കിലും നീക്കമുണ്ടാകൂ എന്നാണ് ഇസ്രയേല്‍-ഫലസ്ത്വീന്‍ ചര്‍ച്ചയിലെ ഫലസ്ത്വീന്‍ മധ്യസ്ഥന്‍ സാഇബ് അരീഖാത്തിന്റെ പ്രതികരണം. ഏപ്രില്‍ ഒന്നിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗത്വം ലഭിക്കുന്നതോടെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ അതില്‍ പരാതി ബോധിപ്പിച്ച് രാഷ്ട്രാന്തരീയ തലത്തില്‍ പ്രശ്‌നം സജീവമാക്കാനാണ് ഫലസ്ത്വീന്റെ തീരുമാനം. വോട്ട് നേടാന്‍ വംശവിരോധത്തിന്റെ ചീട്ടിറക്കിയ നെതന്യാഹുവിന്റെ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നേരിട്ട് വിമര്‍ശിക്കുകയുണ്ടായി. ഇനി ഇസ്രയേലിനോടുള്ള അമേരിക്കന്‍ സമീപനം ഏറെ അവധാനപൂര്‍വമായിരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ആണവ വിഷയത്തില്‍ ഇറാനോടുള്ള അമേരിക്കന്‍ സമീപനം ഒബാമ- നെതന്യാഹു ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഇറാനുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ഒബാമയെ അദ്ദേഹം അമേരിക്കന്‍ സെനറ്റില്‍ നടത്തിയ പ്രഭാഷണത്തില്‍ അപഹസിക്കുക വരെ ചെയ്തു. ഒത്തുതീര്‍പ്പിന്റെ പിന്നാലെ നടക്കാതെ ഇറാഖിനെ ചെയ്തതുപോലെ എത്രയും പെട്ടന്ന് ഇറാനെയും ഒരിക്കലും തലപൊക്കാനാവാത്തവിധം ചതച്ചരക്കണമെന്ന വാശിയിലാണ് നെതന്യാഹു. ഫലസ്ത്വീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കുന്ന കാര്യം ഗൗരവപൂര്‍വം ചിന്തിച്ചുവരികയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ നിഷ്ഠുരമായ നരമേധങ്ങളാണ് ഈ അനുഭാവ ചിന്തയിലേക്ക് യൂറോപ്പിനെ നയിച്ചത്. ഈ ഘട്ടത്തില്‍ ദ്വിരാഷ്ട്ര ധാരണയെ തള്ളിപ്പറഞ്ഞ നെതന്യാഹുവിന്റെ നിലപാടില്‍ കടുത്ത വിയോജിപ്പാണ് യൂറോപ്പിനുള്ളത്.

യൂറോപ്പിന്റെയും അമേരിക്കയുടെയും അന്ധമായ ഇസ്രയേല്‍ പ്രേമം ക്ഷയിച്ചുവരുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ നെതന്യാഹു തെരഞ്ഞെടുപ്പിനു ശേഷം തന്റെ നിലപാട് മയപ്പെടുത്തി സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തെ താന്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് പറഞ്ഞതോടൊപ്പം അറബികള്‍ക്കെതിരെ നടത്തിയ വംശീയാധിക്ഷേപത്തില്‍ ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി. ആഗോള സമൂഹത്തിനു തന്നോടുണ്ടായ നീരസമകറ്റാനുള്ള തന്ത്രം എന്നതില്‍ കവിഞ്ഞ അര്‍ഥമൊന്നും അതിനില്ല. നെതന്യാഹു പറയുന്ന ഫലസ്ത്വീന്‍ രാഷ്ട്രം സ്വന്തമായ  സൈന്യമോ വിദേശനയമോ ഒന്നുമില്ലാതെ ഇസ്രയേലിന്റെ ചൊല്‍പടിയില്‍ നില്‍ക്കുന്ന ഒരു തുണ്ട് ഭൂമിയാണ്. അവിടെ ഇസ്രയേലിന്റെ താല്‍പര്യമനുസരിച്ച് ഫലസ്ത്വീനികള്‍ക്ക് വസിക്കാം. അതിനു തന്നെ അവര്‍ ഇസ്രയേലിനെ യഹൂദ രാഷ്ട്രമായി അംഗീകരിക്കണം. എന്നുവെച്ചാല്‍ ഇസ്രയേല്‍ ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബികള്‍ക്ക് അവിടെ പൗരാവകാശമില്ലെന്ന് സമ്മതിക്കണം. അമേരിക്കയുടെ നീരസം നെതന്യാഹു കാര്യമാക്കുന്നില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ  പിന്തുണ ഇപ്പോള്‍ തന്നെ അദ്ദേഹത്തിനുണ്ട്. അടുത്ത ടേമില്‍ മിക്കവാറും അധികാരത്തില്‍ വരുന്നത് റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രസിഡന്റായിരിക്കും. ഇനി മറിച്ചായാലും അമേരിക്കയിലെ ശക്തമായ ജൂത ലോബി നിര്‍ണായക ഘട്ടങ്ങളില്‍ ഇസ്രയേലിന്റെ താല്‍പര്യം സംരക്ഷിച്ചുകൊള്ളും.

നെതന്യാഹു അധികാരത്തില്‍ നിന്ന് നിഷ്‌കാസിതനായാലും, കിരാതമായ അറബ് വംശനശീകരണത്തിന് അല്‍പം ശക്തി കുറയുമെന്നല്ലാതെ ഫലസ്ത്വീന്‍ പ്രശ്‌നം മാന്യമായി പരിഹരിക്കപ്പെടുകയൊന്നുമില്ല. അമേരിക്കയുടെയോ യൂറോപ്പിന്റെയോ മറ്റു രാജ്യങ്ങളുടെയോ അജണ്ടയിലില്ലാത്ത കാര്യമാണ് ഫലസ്ത്വീനികള്‍ക്ക് അവരുടെ ജന്മദേശം തിരിച്ചു കൊടുക്കുക എന്നത്. മുസ്‌ലിം ലോകത്തിനു മാത്രമേ ഫലസ്ത്വീന്‍ പ്രശ്‌നം മാന്യമായി പരിഹരിക്കാനാകൂ. പക്ഷേ, അറബ് രാജ്യങ്ങളുടെ അജണ്ടയില്‍ നിന്നു പോലും ഈ ആശയം മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഒരുപിടി ഫലസ്ത്വീനികളുടെ ഇഛാശക്തി മാത്രമാണ് ഫലസ്ത്വീന്‍ വിമോചന സമരത്തെ മുന്നോട്ടു നയിക്കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 3,4
എ.വൈ.ആര്‍