ചില മരണങ്ങള്‍ ജീവിക്കുന്നവരോട് സംസാരിച്ചുകൊണ്ടേയിരിക്കും
ചിലരുടെ മയ്യിത്തുകള്‍ മണ്ണിലടക്കി നാളുകള്‍ പിന്നിട്ടാലും ഖബ്‌റിന് പുറത്ത് നട്ട മൈലാഞ്ചിച്ചെടിയെപ്പോലെ അവരുടെ ഓര്‍മകള്‍ പച്ച തളിരിട്ട് തലയാട്ടി നില്‍ക്കും. കഫന്‍ പുടവയില്‍ പുരട്ടിയ സുഗന്ധം പോലെ നോവുകള്‍ക്കിടയിലും അവരുടെ ഓര്‍മകള്‍ സുഗന്ധം പടര്‍ത്തിക്കൊണ്ടിരിക്കും. അത്തരം ഒരുപിടി നനവാര്‍ന്ന ഓര്‍മകളും ഒട്ടേറെ പാഠങ്ങളും ബാക്കിവെച്ചാണ് കഴിഞ്ഞ ഫെബ്രുവരി 23-ന് സുഊദി അറേബ്യയിലെ ഹുറൈമലയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ് അഞ്ച് സഹോദരങ്ങള്‍ നമ്മോട് വിടപറഞ്ഞത്. കെ.ഐ.ജിയുടെ സജീവ പ്രവര്‍ത്തകരായ കൊല്ലം ജില്ലയിലെ കടപ്പാക്കട സ്വദേശി മുഹമ്മദ് ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, ഷരീഫ്, ഇവരുടെ കുടുംബ സുഹൃത്ത് ചൊവ്വല്ലൂര്‍ സ്വദേശി സലീം, യാത്രയില്‍ കൂടെയുണ്ടായിരുന്ന ബിഹാര്‍ സ്വദേശി റൗനക് ഹയാത്ത് എന്നിവരാണ് രിയാദ് - ശഖ്‌റ ഹൈവേയില്‍ അപകടത്തില്‍ മരണപ്പെട്ടത്.
രിയാദ് പ്രവിശ്യയില്‍നിന്ന് 200 കിലോമീറ്റര്‍ മാറിയുള്ള ഗ്രാമപ്രദേശമായ ശഖ്‌റയിലും പരിസരങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വങ്ങളായിരുന്നു മരിച്ച മലയാളികളായ നാലു പേരും. കെ.ഐ.ജി ശഖ്‌റ യൂനിറ്റ് പ്രസിഡന്റ് കൂടിയായിരുന്ന മുഹമ്മദ് ഹനീഫും ഭാര്യ നൂര്‍ജഹാനും സേവനം ആഘോഷമാക്കിയവരായിരുന്നു. ഇവരുടെ സ്‌നേഹ സാന്ത്വനമേല്‍ക്കാത്ത പ്രവാസികള്‍ ശഖ്‌റയില്‍ അപൂര്‍വമായിരിക്കും. കാല്‍നൂറ്റാണ്ടിലെ പ്രവാസ ജീവിതത്തിനിടയിലെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രദേശങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ഈ കുടുംബം ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിരുന്നു. ജനസേവന രംഗത്തും പ്രസ്ഥാന പ്രവര്‍ത്തന മേഖലയിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നിരുന്ന ആത്മ സുഹൃത്തുക്കളായ ഷരീഫും സലീമും മരണത്തിലും ഒപ്പം ചേര്‍ന്നു. നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ സലീമിനെ സ്വീകരിക്കാന്‍ ഹനീഫ് കുടുംബവുമായി സുഹൃത്ത് ഷരീഫിനൊപ്പം രിയാദിലെത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഈത്തപ്പഴ കടയായിരുന്നു ഹനീഫ് സാഹിബിന്റേത്. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ അവിടെ എത്തിയിരുന്നത് സാന്ത്വനത്തിന്റെ ഒരല്‍പ്പം മധുരം തേടിയായിരുന്നു. പരിചിതരോടും അല്ലാത്തവരോടും 'സഹോദരാ' എന്നതായിരുന്നു ഹനീഫ് സാഹിബിന്റെ അഭിസംബോധന. ഹൃദയത്തിന്റെ ഉള്ളില്‍ തട്ടിയുള്ളതായിരുന്നു ആ വിളിയെന്ന് പിന്നീട് ഇടപെടുമ്പോള്‍ ബോധ്യമാകും. പ്രശ്‌നങ്ങളും പ്രയാസങ്ങളും കേട്ടാല്‍ പിന്നീട് കടയുടെ ഷട്ടര്‍ താഴ്ത്തി അവരോടൊപ്പം പുറപ്പെടുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യ ഹൃദയങ്ങളില്‍ കടന്നു ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ ഹനീഫ് കുടുംബത്തിന് വഴികള്‍ പലതായിരുന്നു. അപകടത്തില്‍ പെട്ട പലര്‍ക്കും ആഴ്ചകളോളം കൂട്ടുനില്‍ക്കാറുള്ള അവര്‍ പിന്നീട് വീടുകളിലെത്തി അവര്‍ക്ക് ശുശ്രൂഷയും ആശ്വാസവും പകരും. പ്രവാസത്തിന്റെ മുഴുവന്‍ ആസ്വാദ്യതകളും ചുറ്റുമുള്ളപ്പോഴും ബന്ധുക്കള്‍ കൂടെയില്ലാതെപോകുന്ന പ്രവാസി കുടുംബങ്ങളില്‍ ഒരു പരിചാരികയെപ്പോലെയായിരുന്നു പലപ്പോഴും നൂര്‍ജഹാന്‍ പ്രസവാനന്തര ശുശ്രൂഷകള്‍ പോലും നല്‍കിയിരുന്നത്. ഭക്ഷണവും പലഹാരവുമുണ്ടാക്കി അവര്‍ നിരവധി പേരെ ഹൃദ്യമായി വിരുന്നൂട്ടി. എന്തെങ്കിലുമൊക്കെ എല്ലാവര്‍ക്കും എന്നതായിരുന്നു കാഴ്ചപ്പാട്. ജനകീയ വത്കരണത്തിന്റെ ലളിത ജീവിത പാഠങ്ങളാണ് ആ കുടുംബം പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വിട്ടേച്ച് പോയത്. മരണവാര്‍ത്തയറിഞ്ഞപ്പോള്‍ എനിക്ക് പപ്പയും മമ്മിയുമാണ് നഷ്ടപ്പെട്ടതെന്ന് വിലപിച്ച റെനി സിസ്റ്ററും, എന്റെ അമ്മയാണ് പോയതെന്ന് പൊട്ടിക്കരഞ്ഞ ഹില്‍ഡ ബിജുവും, കരഞ്ഞ് കൊണ്ട് സുഹൃത്തുക്കളിലേക്ക് ഓടിവന്ന മാത്യൂച്ചായനുമൊക്കെ ആ സാഹോദര്യ ബന്ധത്തിന്റെ ആഴമറിഞ്ഞവരില്‍ ചിലര്‍ മാത്രമായിരുന്നു. കലവറയില്ലാത്ത മനുഷ്യസ്‌നേഹത്തിലൂടെയാണ് ഇസ്‌ലാമിക മൂല്യങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതെന്ന് ജീവിതത്തിലുടനീളം മുഹമ്മദ് ഹനീഫും കുടുംബവും നിശ്ശബ്ദമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
പലപ്പോഴും ഹനീഫ് സാഹിബിന്റെ ഒറ്റയാള്‍ ശ്രമങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വിസ്മയിപ്പിക്കുന്ന ഫലങ്ങളുണ്ടാക്കി. ഇഫ്ത്വാര്‍ കലക്ഷനും പ്രബോധനം കാമ്പയിനുമൊക്കെ റെക്കോര്‍ഡുകള്‍ തിരുത്തി. എതാനും മിനിറ്റുകള്‍ സംസാരിച്ചുകൊണ്ട് ഒരാളില്‍നിന്ന് 50 പ്രബോധനം വാരികക്കും ഉത്തരേന്ത്യയിലേക്ക് 75 പുതപ്പുകള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നേടിയത് കണ്ട് ഈ കുറിപ്പുകാരന്‍ വിസ്മയിച്ചുപോയിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മാതൃകാപരമായ സമീപനമായിരുന്നു പുലര്‍ത്തിയത്. വിഷന്‍ 2016-ന്റെ ഭാഗമായുള്ള പ്രോജക്ടിന് വാഗ്ദാനം ചെയ്ത വലിയ തുക സാമ്പത്തിക ഞെരുക്കം നേരിടുന്നതിനിടയിലാണ് കാലാവധി എത്തുന്നതിന് മുമ്പേ അദ്ദേഹം കൊടുത്തുവീട്ടിയത്. കാലാവധി എത്തുമെന്ന് എന്തുറപ്പുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം.
കേരളത്തില്‍ പ്രസ്ഥാനത്തിന്റെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഹനീഫ് സാഹിബ് പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുതിയ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കും. കൊല്ലം യതീംഖാനയുടെ കലക്ഷനില്‍ ഹനീഫ് സാഹിബും ഭാര്യയും സജീവമായിരുന്നു. ആകര്‍ഷകമായ ഭാഷയില്‍ ദീര്‍ഘമായി സംസാരിക്കുന്ന ഹനീഫ് സാഹിബ് നല്ല ദഅ്‌വ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ജനസേനവ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ബാല സംഘാടനത്തിലും ഖുര്‍ആന്‍ അധ്യാപനത്തിലുമൊക്കെ നേതൃപാടവം നേടിയ നൂര്‍ജഹാന്‍ ഭര്‍ത്താവിനോടുള്ള മത്സരമെന്നോണം പ്രസ്ഥാന പ്രവര്‍ത്തനത്തിലെ മറ്റു മേഖലകളിലും സജീവമായി നിലകൊണ്ടു.
സ്‌നേഹനിധികളായ മാതാവും പിതാവും ഒന്നിച്ച് ഒരുനിമിഷം ഇല്ലാതാകുന്നത് നമ്മുടെ സങ്കല്‍പങ്ങള്‍ക്ക് പോലും അന്യമാണ്. പക്ഷേ ഹനീഫ് സാഹിബിന്റെ മക്കള്‍ക്ക് സംഭവിച്ചത് അതാണ്. അടിയുറച്ച ആത്മവിശ്വാസവും ഈമാനിന്റെ കരുത്തും പകര്‍ന്നായിരുന്നു മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്തിയതെന്ന് മക്കള്‍ ജീവിതം കൊണ്ട് തെളിയിച്ചു. അസാമാന്യമായ ആത്മനിയന്ത്രണവും ക്ഷമയുമാണ് അവര്‍ പുലര്‍ത്തിയത്. കണ്ണ് നിറഞ്ഞതും കണ്ഠമിടറിയതും ആശ്വാസിപ്പിക്കാന്‍ ചെന്നവര്‍ക്കായിരുന്നു. ഉറ്റവരുടെ മരണത്തില്‍ ക്ഷമിക്കുന്നവര്‍ക്ക് സ്വര്‍ഗമെന്ന പ്രവാചക വചനം അവര്‍ നെഞ്ചേറ്റിയിരുന്നു. മരണവാര്‍ത്തയറിഞ്ഞ് ചൈനയില്‍നിന്ന് നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഇളയ മകള്‍ സുല്‍ത്താന എയര്‍പോര്‍ട്ടില്‍നിന്ന് നേരെ പോയത് മരണപ്പെട്ട കുടുംബ സുഹൃത്ത് ഷരീഫിന്റെ കുടുംബത്തെയും മക്കളെയും ആശ്വസിപ്പിക്കാനായിരുന്നു. ബി.ഡി.എസ് വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ സുമയ്യയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഏക മകന്‍ അനസും വ്യത്യസ്തരല്ല.
ഷരീഫ് ഹൃദ്യമായ പെരുമാറ്റം കൊണ്ടും സേവന സന്നദ്ധതകൊണ്ടും സ്വദേശികള്‍ക്കിടയിലടക്കം വലിയൊരു സൗഹൃദ വലയം സൃഷ്ടിച്ചിരുന്നു. ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ട് മക്കളുമുണ്ട്. അടുത്ത കാലത്തായി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരുന്ന സലീം വിനയത്തിന്റെ ആള്‍ രൂപമായിരുന്നു. കഠിനാധ്വാനത്തിലൂടെ ജോലിയില്‍ പുതിയ മുന്നേറ്റങ്ങള്‍ നടത്തി മാനേജര്‍ തസ്തികയിലെത്തിയപ്പോഴാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ വിട്ട് സലീം വിട പറഞ്ഞത്. സുഊദിയില്‍ നടന്ന ഖബ്‌റടക്കത്തില്‍ സ്വദേശികളും വിദേശികളുമടക്കം വലിയയൊരു ജനക്കൂട്ടം പങ്കെടുത്തിരുന്നു. തനിമ അഖില സുഊദി രക്ഷാധികാരി സി.കെ നജീബ് ഉള്‍പ്പെടെ നിരവധി സംഘടനാ നേതാക്കളും ഖബ്‌റടക്കത്തിലും തുടര്‍ന്ന് നടന്ന അനുശോചന യോഗത്തിലും സംബന്ധിച്ചു. ഒരു ചെറിയ ലോകത്ത് ജീവിച്ച് വലിയ പാഠങ്ങള്‍ പകര്‍ന്നു പോയ ആ സഹോദരങ്ങളുടെ ജീവിതവും മരണവും അല്ലാഹു സ്വീകരിച്ച് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ. അവരുടെ കുടുംബത്തിന് ശാന്തിയും സാമാധാനവും സ്ഥൈര്യവും ലഭിക്കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.
Comments